തിരിച്ചറിയല്‍ കാര്‍ഡ്- വി ടി ജയദേവൻ എഴുതിയ കവിത

“ഒരു വികൃതിക്കൂട്ടി അവളെയിറുത്തെടുത്ത് കുന്നിൻ ചെരിവിലൂടെയോടുന്നു” വി ടി ജയദേവൻ എഴുതുന്നു

v t jayadevan,poem

v t jayadevan,poem

ഒരേ കട്ടിലില്‍
അങ്ങോട്ടുമിങ്ങോട്ടും
നോക്കിക്കിടന്ന്
ഒരുവനും ഒരുവളും
ഒരേ സ്വപ്നം കാണുകയാണ്.

ഒരേ സ്വപ്നമല്ല.
രണ്ടാള്‍ക്കെങ്ങനെ
ഒരേ സ്വപ്നം കാണാന്‍പറ്റും!
പക്ഷെ ഒറ്റനോട്ടത്തില്‍
ഒരേ സ്വപ്നം.
ഒരേ കുന്നിന്‍ ചെരിവ്.
ഒരേ നീളന്‍ പുല്ല്.v t jayadevan,poem

അവന്റെ സ്വപ്നത്തില്‍
മഞ്ഞച്ചിറകുള്ള ഒരു പൂമ്പാറ്റ,
ആ പൂമ്പാറ്റ അവനാണ്,
കുറച്ചു നേരത്തെ ചെന്നിരുന്ന
ഒരു കരിനീല പൂവിനെ തെരയുകയാണ്.
ആ പൂവിന്റെ ഇതളില്‍
അവന്റെ തിരിച്ചറിയല്‍ കാര്‍ഡ്
വെച്ചു മറന്നിട്ടുണ്ട്,
അതിലാണ് അവന്റെ പേരുള്ളത്.
അവന്‍ ഏതു ദേശക്കാരനാണ്,
ഏതു മതക്കാരന്‍,
ഏതു ദൈവത്തിന്റെ വിശ്വാസി
എന്നൊക്കെയുള്ളത്
അവന്റെ വീടെവിടെയാണെന്നുള്ളത്,
അതു നഷ്ടപ്പെട്ടുപോയാല്‍ പിന്നെ
വലിയ മറവിക്കാരനായ അവന്
അവനാരെന്ന് അറിയാനാവില്ല.
എങ്ങോട്ടും പോകാനാവില്ല.
ജീവിക്കാന്‍ തന്നെ പറ്റിയേക്കില്ല.

അവളുടെ സ്വപ്നത്തില്‍
അവളൊരു കരിനീലപ്പൂവാണ്,
ഒരു വികൃതിക്കൂട്ടി
അവളെയിറുത്തെടുത്ത്
കുന്നിന്‍ ചെരിവിലൂടെയോടുന്നു.
അവള്‍ നിസ്സാഹായയായി
തന്റെ ശലഭ കാമുകനുനേരെ
അവന്റെ വെച്ചു മറന്നു പോയ
തിരിച്ചറിയല്‍കാര്‍ഡ്
ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്…

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Thirichariyal card poem vt jayadevan

Next Story
ഈവിൾ ഡെഡ് ..Evil Dead, Laju G L, Poem
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express