കടലെടുത്ത കര തിരയുന്നു എന്നെ… തണുത്ത കാറ്റിന്റെ കൊഴിഞ്ഞ വിരലുകൾ തൊട്ടുനോക്കുന്നു അലിയുന്ന ചുമരുകളുടെ വടിവുകളെ, വഴികളെ…

ഏങ്കോണിച്ച കസേരകൾ മണംപിടിക്കുന്നു… അദൃശ്യതകൾ അമർന്നിരിക്കുമ്പോൾ തെളിയുന്ന ഓളങ്ങളിൽ പെട്ടുപോകുന്ന തുമ്പിച്ചിറകുകൾ പെയ്യുന്ന ഇളംചൂടാർന്ന നിറങ്ങൾ താഴ്ന്നുതാഴ്ന്ന് പടർത്തുന്നുവോ ഒരു പുതുമണം… വിരലുകൾ വേർപെട്ടുകൊണ്ടേയിരിക്കുമ്പോൾ

കുതിർന്നു പൊന്തിയ തലയിണകൾ ചെവിയോർക്കുന്നു… ഉറങ്ങാത്ത ഉറക്കത്തിന്റെ നീറും നിഴലുകൾ തമ്മിൽ കലരും സ്വരങ്ങളെ, ആ സ്വരങ്ങൾ വരയ്ക്കും ഇനിയും വരാത്ത സമയത്തെ

യോജിപ്പുകൾ ഇളകിമറിഞ്ഞ ഗോവണി താഴേയ്ക്ക് ഇറങ്ങിയിറങ്ങി നോക്കുകയാണ്… തെളിയുന്ന ആകാശത്തിൽ മാംസത്തിൽനിന്ന് ഊർന്നുപോയ സ്വപ്നത്തിന്റെ നാരുകളെ, കുറ്റിയറ്റുപോയ കണ്ണുകളുടെ അവിരാമമായ പറക്കലുകൾ കൊഴിച്ചിട്ട അവസാനശ്വാസങ്ങൾ വാക്കുകളായി മാറുന്ന ഈ അണയാത്ത നെരിപ്പൊടിനെ

ഉടലുകളുടെ ചൂട് ഇപ്പോഴും തങ്ങിനിൽക്കുന്ന മുറിഞ്ഞുമുറിഞ്ഞുപോയ തെരുവ് വാക്കുകളുടെ രുചിക്കായി കടലിൽ മീനുകളുടെ കണ്ണുകളെ നക്ഷത്രവെളിച്ചം പൊട്ടുവോളം കലക്കിക്കൊണ്ടേയിരിക്കുന്നു…

പായലും ചിപ്പികളും പിടിച്ച വാതിൽപ്പാളികൾ പറയുന്ന കഥകൾ തുറന്നുതുറന്നു വരുന്ന രാത്രികൾ എടുക്കുന്ന രക്തരാജ്യങ്ങളടെ പടങ്ങൾ ഞാനെന്നു കരുതി തിരകൾ ഉള്ളിലേയ്ക്ക്  വലിച്ചടുപ്പിക്കുന്നതും പിന്നെ ചക്രവാളത്തോളം കൊണ്ടുപോയി വീശിയെറിയുന്നതും അപാരതയിൽ താരകൾ മരിക്കുന്നനേരം അണയുന്നതുംgeorge ,poem,malayalam poem

മറവിയിലേക്ക് മറഞ്ഞതൊന്നും മടങ്ങിവരാത്തതെന്തെന്ന് പായകൾ നിവർത്തി നിവർത്തി വരുകയാണ് കാറ്റിന്റെ അലകൾ.. ജലരേഖകളാൽ നെയ്തൊരീ പുതപ്പുകൾ മാറ്റി എഴുന്നേൽക്കേ ഉടലായിരുന്നതിൽ പതിയും അടയാളം ഹൃദയാകാരം

കട പുഴുകിയ സ്മാരകങ്ങൾ തുവലുകൾ കിളിർത്ത ചില്ലകൾ ഒതുക്കി രുചിയ്ക്കുകയാണ് ആഴങ്ങളെ, രതിനീരുകളുടെ ഇരുണ്ട തുറസ്സുകളിൽ വിരിയാൻ തുടങ്ങിയ വിടവുകളിലൂടെ ഉരുകിയൊലിയ്ക്കും കണ്ണാടികളെ…

കടലെടുത്ത നടത്തങ്ങൾ തെരുവുവിളക്കുകൾ കത്തിക്കേ ഉണരുന്ന നിഴലുകൾ ചിന്തകളെ മണത്തുമണത്തു പിൻതുടരുന്നു, വളവുകളിൽ പെട്ടെന്നു തെളിയുന്ന അനന്തവിസ്തൃതികൾ ഏകാന്തസ്മാരകങ്ങളിൽ നിന്ന് നിറങ്ങളൊക്കെ തുടച്ചുമാറ്റുന്നു. തണുത്തു വിറുങ്ങലിച്ച നിറങ്ങൾ കടൽച്ചുഴികളിൽ അലിയാതെ എന്നെ ഓർക്കുവാൻ ശ്രമിക്കുന്നു. ഉലഞ്ഞുലഞ്ഞു വീഴും ആകാശത്തിന്റെ കിളിമൊഴികൾ കൂടെ കൂടുന്നു.

കടലിന്റെ രാത്രി കരയുടെ രാത്രിയെ പുണർന്നു മറിയുമ്പോൾ തണുപ്പിന്റെ കാട്ടുതീ വരച്ചിട്ട വരകൾ മായ്ക്കുവാൻ കാറ്റുകളൊന്നുമെത്തിയില്ല, ഒരു നേർത്ത നിശ്വാസംപോലും. നീന്തിയെത്തിയ സ്വപ്നങ്ങൾ തെരുവുകളിൽ കൂട്ടംകൂടിയ ഉറക്കങ്ങളിൽ പതിയെ മുട്ടുന്നുണ്ടായിരുന്നു. ഒഴിഞ്ഞ ഇടങ്ങളുടെ നൃത്തച്ചുവടുകളിൽ മേഘങ്ങളുടെ കണ്ണുകൾ ചിമ്മി… അലിഞ്ഞലിഞ്ഞ് മഴമുനകളിൽ കോർത്ത നിറങ്ങൾ ഉടലുകളായിരുന്ന ഇടങ്ങളെ തിരഞ്ഞു…

മിടിച്ചുകൊണ്ടേയിരിക്കുന്ന ഇത്രയേറെ ഒഴിവുകൾ… ഹാ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook