തേക്കിൻകാടിന്റെ തെക്കേ അറ്റത്തെത്തിയപ്പോൾ അൽഫോൺസോ ഡി കൊള്ളക്കാരൻ കുതിരയുടെ കടിഞ്ഞാൺ ഒന്നുമുറുക്കി. കടിച്ചു പിടിച്ച വെർജീനിയൻ ചുരുട്ടെടുത്ത് അതിന്റെ ചാരം വിരലുകൊണ്ട് തട്ടി. തൃശ്ശിവപേരൂർ പട്ടണത്തെ ഒന്നു നോക്കി. കട്ടിയുള്ള ലിനൻ കുപ്പായത്തിനു മേലെ ധരിച്ച ലെതർ കോട്ടിനകത്ത് കൈയ്യിട്ട് തോക്ക് അവിടെ തന്നെയില്ലേയെന്ന് ഉറപ്പുവരുത്തി. ഡിസംബര്‍ മഞ്ഞിൻ തണുപ്പിലേക്ക് കൊള്ളക്കാരൻ ചുരുട്ടു പുക അലക്ഷ്യമായി ഊതി. അപ്പോൾ സാൽവേഷൻ ആർമിയുടെ ഏതാനും ആത്മീയഭടന്മാർ ഹാൻഡ് ക്രാങ്കർ കൊണ്ട് പാതയോരത്തെ അവരുടെ ഷെവർലെ ബസ് സ്റ്റാർട്ടാക്കുന്നത് കണ്ടു. കുറച്ചുനേരത്തെ ശ്രമത്തിനു ശേഷം അത് സ്റ്റാർട്ടായി. അവർ ശക്തൻ തമ്പുരാൻ കൊട്ടാരത്തിന് അഭിമുഖമായുള്ള പാതയിലേക്ക് തിരിഞ്ഞു പോയി. അതിന്റെ പുക തണുപ്പിൽ പടർന്നു. തുടർന്ന് മൂന്നു കൈവലി റിക്ഷകൾ വരിയായി പുത്തൻപള്ളി പാതയിലേക്ക് തിരക്കിട്ടു പോയി. ഏതോ കരപ്രമാണിയും റെസിഡന്റ് ഉദ്യോഗസ്ഥരുമായിരുന്നു ആ റിക്ഷകളിൽ. വിളക്കുകാലിനോട് ചേർന്നുനിന്ന ബ്യൂക് കാറും പുകപരത്തി അതേ ദിശയിലേക്ക് പോയതോടെ കൊള്ളക്കാരൻ കുതിരപ്പുറത്തുനിന്നിറങ്ങി. അയാൾ കുതിരയെ ഒരു വിളക്കുകാലിനോടു ചേർത്ത്  കെട്ടി. മുനിസിപ്പാലിറ്റിയുടെ വൈദ്യുതി വിളക്കുകൾ ഏതാണ്ട് എല്ലായിടത്തും അണഞ്ഞിരിക്കുന്നു. ഉക്രു ആന്റ് ഇട്ടി ജുവല്ലേഴ്സ് എന്ന് അവ്യക്തമായി കാണുന്ന ബോഡിനു താഴെയുള്ള പൊന്നുപീടികയുടെ വലിയ ചതുരത്തിൽ മാത്രം അതേ വെളിച്ചമുണ്ട്.

ശക്തൻ തമ്പുരാൻ പണിയിച്ച കോൺക്രീറ്റ് റോഡിൽ കൊള്ളക്കാരന്റെ ലെതർ ഷൂസ് ടപ്, ടപ്, ടപ് എന്ന ശബ്ദമുണ്ടാക്കി. ഒരു പതിവു നടത്തം പോലെ പാത മുറിച്ചു കടന്ന് അയാൾ സ്വാഭാവികമായി ഉക്രു ആന്റ് ഇട്ടി ജുവല്ലേഴ്സിൽ പ്രവേശിച്ചു.

പിച്ചള പ്രതലങ്ങളിൽ പ്രതിഫലിച്ച് വൈദ്യുതി വെളിച്ചം ചുറ്റും ഒരു സ്വർണലോകം തീർത്തിരുന്നു. ചില്ലലമാരകളിൽ തിളങ്ങിയിരുന്ന ആഭരണങ്ങൾ ആ പ്രഭയിൽ കൂടുതൽ പുഞ്ചിരിച്ചു. തട്ടാന്മാരായ ശങ്കുണ്ണിയും അയാളുടെ മകൻ അപ്പുക്കുട്ടനും ഇരുട്ടു വീഴും മുമ്പേ അവരുടെ ഇംഗ്ലണ്ട് റാലി സൈക്കിളിൽ ഒല്ലൂർക്ക് പോയിക്കഴിഞ്ഞിരുന്നു. അതിനാൽ ഇപ്പോൾ ജുവല്ലേഴ്സിൽ മൂന്നുപേരാണുള്ളത്. മധുരയിൽ നിന്ന് വന്ന ചില സ്വർണവ്യാപാരികൾക്ക് വിറ്റ ആഭരണങ്ങളുടെ ബില്ലിലെ ഏങ്കോണിച്ച കണക്കുകൾ പറഞ്ഞുതീർക്കാൻ ഇട്ടിമാണിയെ പിടിച്ചിരുത്തിയിരിക്കുകയാണ് മരുമകനായ ദേവസി ഉക്രു.

എന്തായാലും അവിടെ നടക്കാൻ പോകുന്ന സംഭവത്തെ കുറിച്ച് ഒരു ധാരണ എല്ലാവർക്കും ഇപ്പോൾ തന്നെ ഉണ്ടായിരിക്കെ ഈ മൂന്നുപേരുടേയും അവശ്യം വേണ്ട ലഘുചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. ഇനി എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കിൽ പറയട്ടെ, അവിടെ നടക്കാൻ പോകുന്നത് ലളിതമായ ഒരു കൊലപാതകം തന്നെയാണ്. ആ സസ്പെൻസ് അങ്ങട്ട് പൊളിക്കുന്നതുകൊണ്ട് ഈ സംഭവ കഥയ്ക്ക് ഒരു കോട്ടവും തട്ടുകയില്ല. നമുക്ക് അതിന്റെ പിന്നാമ്പുറം ഒന്നു നോക്കാം. കൊള്ളക്കാരൻ സ്വർണ്ണക്കടയിലേക്ക് പ്രവേശിക്കുന്നതും അത് ഇട്ടിമാണിയും ദേവസിയും കാണുന്നതും ഒരു നിശ്ചലച്ചിത്രമാക്കി നിർത്തി നമുക്ക് ഗൂഗിളിൽ ഇവരുടെ ലഘുജീവചരിത്രം തിരയാം.  m faisal,story, malayalam story, iemalayalam

അൽഫോൺസോ ഡി കൊള്ളക്കാരന്റെ ഭൂതകാലവഴി ഏതാണ്ട് ഇതാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആ വഴി ഒരു ചരിത്രമുക്കവലയിൽ എത്തുന്നുണ്ട്. അതിങ്ങനെ: പതിനാലാം നൂറ്റാണ്ടിൽ പെരിയാർ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മുസിരിസ് എന്ന പട്ടണം ഇല്ലാതായതോടെ കുറേ കുടുംബങ്ങൾ പലവഴിക്ക് നീങ്ങി. അതിൽ ചില ക്രൈസ്തവ കുടുംബങ്ങൾ അരണാട്ടുകരയിൽ വന്ന് താമസമാക്കി. സുമാറ് രണ്ട് നൂറ്റാണ്ടിനുള്ളിൽ അതായത് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പോർച്ചുഗീസുകാരുടെ ആറാം ആർമഡ തൃശ്ശിവപേരൂരിലെത്തുന്നത്. അതിന്റെ തലവനായിരുന്ന ലോപോ സോറസ് ഡി അൽബെർഗേറിയക്ക് ഒരു മോഹമുദിച്ചു. മലബാറിന്റെ മണ്ണിൽ മാമോദീസ മുങ്ങിയിട്ടുള്ള ഒരു പെണ്ണിനെ കെട്ടണം. മുസിരിസിൽ നിന്ന് കുടിയേറിയ ഒരു കുടുംബത്തിലെ ലയോണി എന്ന സുന്ദരിയെയാണ് അതിനായി തെരഞ്ഞെടുത്തത്. തുടർന്ന് ലോപോ സോറസിന്റെ സഹനാവികരും അവർക്കിഷ്ടപ്പെട്ട ചില സുന്ദരിമാരെ കുടിയേറ്റ കുടുംബങ്ങളിൽ നിന്ന് വേട്ടതായി പറയുന്നു. അങ്ങനെ മുസിരിസിൽ നിന്നുവന്ന മുച്ചിരിക്കാരും പോർച്ചുഗീസുകാരും ഒന്നുചേർന്ന ഒരു വംശാവലി തൃശ്ശിവപ്പേരൂരിൽ ആരംഭിക്കുകയുണ്ടായി. പറങ്കികൾ തിരിച്ചു പോയി. എന്നാൽ അവരുടെ അനന്തര തലമുറ പോർച്ചുഗീസ് രക്തമഹിമയിൽ ഊറ്റംകൊണ്ട് വളർന്നുവന്നു ആ പരമ്പരയിലെ ഇരുപതാം നൂറ്റാണ്ടിലെ ഒരു കണ്ണിയാണ് അൽഫോൺസോ ഡി കൊള്ളക്കാരൻ. അപ്പോൾ ഉയരുന്ന സംശയം കൊള്ളക്കാരൻ എന്ന വാൽ എന്തിനാണ് എന്നതാണ്. പറയാം. തൃശ്ശിവപ്പേരൂർ വ്യാപാരമത്സരത്തിന്റെയും വംശമഹിമയുടേയും നേരിന്റേയും നെറിയുടേയും നെറികേടിന്റെയും പട്ടണമാണ്. ശാന്തമായി ഒഴുകുന്ന നദി ചിലപ്പോഴൊക്കെ ചതിയുടെ അടിയൊഴുക്കോ, മലരിയോ സൂക്ഷിക്കുന്നുണ്ടാവുമല്ലോ പട്ടണത്തിലെ അടിയൊഴുക്കിന്റെ ഒരു ഉപകരണമാണ് കൊള്ളക്കാരൻ. അയാൾ ഇടപെടുന്ന ഓരോ സംഭവവും അയാളുടെ പോർച്ചുഗീസ് പാരമ്പര്യത്തിന്റെ മുദ്ര വ്യക്തമാക്കിയിരുന്നു. ദേവസി ഉക്രുവിന്റെ അപ്പൻ ജെ എഫ് ഉക്രുവിനെ പതിനെട്ട് വർഷം മുമ്പ് ശീമമദ്യത്തിൽ സൾഫ്യൂറിക്കാസിഡ് കലർത്തിക്കൊടുത്ത് കൊല്ലുന്നത് കൊള്ളക്കാരനായിരുന്നു. അങ്ങനെയാണ് ജെ എഫ് ഉക്രു ബന്ധുവായ ഇട്ടിമാണിയോടൊപ്പം തുടങ്ങിയ ഉക്രു ആന്റ് ഇട്ടി ജുവല്ലേഴ്സ് ഇട്ടിമാണിയുടേത് മാത്രമായി മാറുന്നത്.

ഇട്ടിമാണിക്ക് ഇത്ര സങ്കീർണമായ ചരിത്രമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ എന്ത് ചരിത്രം? അതിലൊക്കെ എന്തിരിക്ക്‌ണു എന്നൊക്കെ ചിന്തിക്കുന്ന ഇട്ടിമാണിടെ ജീവിതം തന്നെ ചരിത്രം. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ കടുവയായിരുന്ന ടിപ്പു സുൽത്താൻ പാലയൂർ തോമാശ്ലീഹാ പള്ളി അക്രമിച്ചതോടെ തൃശൂരിലെ ഊരകത്തേക്ക് കുടിയേറിയവരാണ് അയാളുടെ പൂർവികർ. കുരുമുളകും നാളികേരവും അടക്കയും കച്ചവടം ചെയ്ത് ഇട്ടിമാണിയുടെ അപ്പൻ തൃശ്ശിവപേരൂർ കിഴക്കേ കോട്ടയിൽ താമസമാക്കി. അപ്പന്റെ മരണശേഷം കുരുമുളകും നാളികേരവും അടക്കയുമെല്ലാം കെട്ടിവെച്ച് ഉള്ള പണമെല്ലാം സ്വരുക്കൂട്ടി സ്വർണവ്യാപാരത്തിലേക്ക് കടന്നു. തുല്യ പങ്കാളിത്തത്തോടെ ജെ എഫ് ഉക്രുവും ഉണ്ടായിരുന്നു. വ്യാപാരം കൊഴുത്തു. ലാഭം കൊയ്തു. അങ്ങിനെയിരിക്കുമ്പോഴാണ് അൽഫോൺസോ ഡി കൊള്ളക്കാരനുമായി പരിചയത്തിലാകുന്നത്. അയാൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരത്തിലെ വൃത്തപാത ചുറ്റി കടന്നുപോകും. ചില നേരങ്ങളിൽ ചില കടകളിലോ, പാണ്ടികശാലകളിലോ കയറും. ചില സന്ധികൾ ഒപ്പുവെക്കും. ചില കോഡുകൾ കൈമാറും. ചില സമ്മാനങ്ങൾ സ്വീകരിക്കും. തൃപ്തിയോടെ അരണാട്ടുകരയിലേക്ക് കുതിരസവാരി നടത്തും.

ഒരിക്കൽ അൽഫോൺസോ ഡി കൊള്ളക്കാരൻ ഇട്ടിമാണിയുടെ ചെവിയിൽ ചോദിച്ചു, കൂടുതൽ ലാഭം മോഹിക്കുന്നെങ്കീ ഉക്രൂനങ്ങട്ട് ഒഴിവാക്യാ പോരേ?’

ചുണ്ടുകൾ ഇരുവശത്തേക്കും കോട്ടി ഇട്ടിമാണി കൊള്ളക്കാരനെ ഒരു അഞ്ചെട്ട് സെക്കൻഡ് നോക്കിയ ശേഷം പറഞ്ഞു, ‘അതൊഴിവാകില്ല.’

അലമാരയിൽ നിന്നെടുത്ത ഒരു സ്വർണമോതിരം വിരലിൽ ഇട്ടും ഊരിയും കൊള്ളക്കാരൻ പറഞ്ഞു,

‘ഒഴിവാകും. ഒഴിവാക്കാം. വഴീണ്ട്.’

‘എന്ത് വഴി?’ ഇട്ടിമാണിയുടെ കണ്ണുകളിൽ ഔത്സുക്യം.

‘അനൈലേഷൻ!’

‘എന്തൂട്ടാദ്?’

‘ഇപ്പൊ ഈ കാൺഗ്രസും ഗാന്ധീം ഒക്കെ പറേണ ക്വിറ്റിന്ത്യ തന്നെ.’ അൽഫോൺസോയുടെ വർത്തമാനകാല രാഷ്ട്രീയ പരാമർശം ഇട്ടിമാണിക്ക് പിടികിട്ടിയില്ല.

‘അയാളെ തട്ടാം.’ അൽഫോൺസോ ഡി കൊള്ളക്കാരൻ വ്യക്തമാക്കി.

m faisal,story, malayalam story, iemalayalam

സന്ധിയായി. വിരലിൽ അണിഞ്ഞ മോതിരത്തോടെ കൊള്ളക്കാരൻ സ്വർണക്കടയിൽ നിന്ന് പുറത്തിറങ്ങി.

രണ്ടു ദിവസത്തിനു ശേഷം വടക്കേ ചിറയുടെയും ശക്തൻ തമ്പുരാൻ കൊട്ടരവാതിലിന്റേയും ഇടക്കുള്ള ഒരിടത്ത് പാർക്ക് ചെയ്ത കോൾഗ്യാസ് ബസിന്റെ മറവിൽ നിന്ന് ഇട്ടിമാണിയും കൊള്ളക്കാരനും പദ്ധതി ചർച്ചചെയ്തു. ഇട്ടിമാണിയുടെ സംശയങ്ങൾ ദൂരീകരിച്ചു.

ശീമമദ്യത്തിൽ സൽഫ്യൂരിക്കാസിഡ്!

അഞ്ചലാപ്പീസിന് എതിർവശത്തെ പുതിയ കെട്ടിടത്തിലെ ഒന്നാം നിലയിൽ റപ്പായിമാപ്ല കുടനിർമ്മാണത്തിനായി എടുത്ത ഒരുവരി മുറികളിലൊന്ന് അന്ന് ഉക്രു മേൽവാടകക്കെടുത്തിരുന്നു. ശനിയാഴ്ചകളിലെ വൈകുന്നേരങ്ങളിൽ അല്പം മദ്യപാനം, ചെറിയ ചീട്ടുകളി എന്നിവ അവിടെ അരങ്ങേറിയിരുന്നു. ഒരു ഈസ്റ്റർ ദിനത്തിന്റെ നാലാം നാളിൽ, ആ മുറിയിൽ പതിനാലാം നമ്പർ വിളക്കിന്റെ വെട്ടത്തിൽ ഉക്രുവും കൊള്ളക്കാരനും ഇരുന്നു.

കൊള്ളക്കാരൻ ഉക്രുവിനോട് പറഞ്ഞു, ഞാൻ പദ്ധതി ശര്യാക്കിയിട്ടുണ്ട്. ഇട്ടിമാണിയെ തട്ട്യാ പിന്നെ പൊന്നും പണോം ഉക്രൂന്റെ കൈയ്യിലാ. ഞാൻ പറേണതങ്ങട്ട് ചെയ്താ മതി. ഇട്ടിമാണിയെ വകവരുത്താനുള്ള വഴി കൊള്ളക്കാരൻ ഉക്രുവിന് വിവരിച്ചുകൊടുത്തു.

എത്ര വിദഗ്ദ്ധമായാണ് കൊള്ളക്കാരൻ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് ഉക്രു അന്തം വിട്ടു.

എന്നാ നമ്മക്കൽപ്പം ജലസേചനാകാം, കൊള്ളക്കാരൻ അരയിൽ നിന്നെടുത്ത കുപ്പി വീട്ടിയുടെ ടീപ്പോയിൽ വെച്ചു. അരിഷ്ടം അളക്കുന്നതുപോലുള്ള രണ്ട് ഗ്ലാസുകളും വെച്ചു.

കൊയ്ത്തിനു മുമ്പ് ഒരു നന നല്ലതാ, കൊള്ളക്കാരൻ പറഞ്ഞു.

സമമായി മദ്യം ഗ്ലാസുകളിൽ പകർന്നു. ഉക്രു ആവേശത്തിൽ മദ്യം അകത്താക്കി. കൊള്ളക്കാരൻ പതിനാലാം നമ്പർ വിളക്കിന്റെ തിരി നീട്ടിയും കുറുക്കിയും അകത്ത് ഇരുട്ടിനേയും വെളിച്ചത്തേയും ഒളിച്ചുകളി കളിപ്പിച്ചു. അയാളുടെ ഗ്ലാസിലെ മദ്യം ഉക്രുവിന്റെ അടുത്തേക്ക് നീക്കിവെച്ചു. കാലിയായ ഉക്രുവിന്റെ ഗ്ലാസ് കൊള്ളക്കാരൻ പതുക്കെ ജാക്കറ്റിന്റെ അകത്താക്കി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്ന ഉക്രുവിന്റെ ദേഹം പിടയാൻ തുടങ്ങി. വലിഞ്ഞുമുറുകി. ക്രമേണ നിശബ്ധനായി. നിശ്ചേഷ്ടനായി. കൊള്ളക്കാരൻ പതിനാലാം നമ്പർ ഊതിക്കെടുത്തി മുറി വിട്ടിറങ്ങി.

ആരും സംശയിച്ചില്ല ആ മരണത്തെ. ഉക്രുവിന് ശത്രുക്കളില്ല. എന്നാൽ ഈയിടെയായി കുടുംബപരമായ ചില അസ്വസ്ഥതകൾ ഉണ്ടെന്ന് ബന്ധുമിത്രാദികൾക്കിടയിൽ തോന്നലുണ്ടായിരുന്നു. അതിനാൽ സ്വാഭാവികമായ അന്ത്യം.

‘ന്നാലും ഉക്രുമാമ എന്തിനിത് ചെയ്തു?’ എന്ന ഒരു വലിയ ചോദ്യം മരണാനന്തര ചടങ്ങിനോടൊപ്പം നിരന്തരം ഉയർത്തിയ ഇട്ടിമാണിയോട് ബന്ധുമിത്രാധികളും വ്യസനസമേതം ചേർന്നു.

ഉക്രു ആന്റ് ഇട്ടി ജുവല്ലേഴ്സ് ഇട്ടിമാണിയുടെ മാത്രം കൈകളിൽ ഒതുങ്ങി. ഇപ്പോൾ തൃശൂരിലെ പ്രമുഖ സ്വർണവ്യാപാരിയാണ് ഇട്ടിമാണി.

മുപ്പത്താറിൽ ആർ കെ ഷണ്മുഖം ചെട്ടിക്കെതിരായി സമരം ചെയ്തതിന്റെ പാരമ്പര്യം ഉണ്ട് ഇട്ടിമാണിക്ക്. അന്ന് നഗരത്തിലെ വൈദ്യുതിവിതരണാവകാശം ഒരു സ്വകാര്യ കമ്പനിക്ക് നൽകാൻ കൊച്ചി ദിവാനായിരുന്ന ചെട്ടി തീരുമാനിച്ചു. അതിനെതിരെ ഇക്കണ്ടവാരിയരും ഡോ. എ ആർ മേനോനുമൊക്കെ സമരം ചെയ്തു. അവരുടെ കൂടെ ചേർന്ന നസ്രാണികളിൽ ഇട്ടിമാണിയും ഉണ്ടായിരുന്നു. ഇന്ത്യ, സ്വാതന്ത്ര്യസമരം ഇത്യാദികളൊന്നും അയാൾക്ക് പിടിയില്ലായിരുന്നു. താല്പര്യവുമില്ലായിരുന്നു. നാടുഭരിക്കാൻ ഇംഗ്ലീഷുകാർ തന്നെ വേണം എന്ന് സ്വകാര്യമായി വിശ്വസിച്ചിരുന്നു ഇട്ടിമാണി. നഗരത്തിലെ കരന്റിന്റെ കാര്യമല്ലേ എന്നോർത്ത് ചേർന്നതാണ് സമരത്തിൽ. അതുനന്നായി. എന്തായാലും അതിന്റെ പേരിൽ നാലാളുകളുടെ മുന്നിൽ ഇട്ടിമാണിക്ക് ഒരു നിലയും വിലയും ഉണ്ടായി.

അക്കാലത്തു തന്നെയാണ് ഉക്രുവിന്റെ മകൻ ദേവസിയെ ഒരു സഹായിയായി കൂടെ കൂട്ടിയത്. അപ്പന്റെ മരണശേഷം വലിയ സാമ്പത്തികപ്രയാസത്തിലായ ഉക്രുവും സഹോദരങ്ങളും അടയ്ക്കാ കച്ചവടം വരെ നടത്തിനോക്കി. അതിനിടയിലാണ് ദൈവഹസ്തം പോലെ ഇട്ടിമാണിയുടെ സഹായം വരുന്നത്. അപ്പനെ സെമിത്തേരിയിലേക്ക് തള്ളിവിട്ടയാളുടെ കൈത്താങ്ങാണ് തേടിവന്നതെന്ന് ദേവസിയോ അറിഞ്ഞില്ല.

ഇട്ടിമാണിക്ക് ഭാര്യയും രണ്ടു മക്കളും. മൂത്തവൻ മദ്രാസിൽ കോളേജിൽ പഠിക്കുന്നൂന്ന് പറയാം. പഠിച്ചും പഠിക്കാതെയും നടക്കുന്നു. രണ്ടാമത്തേത് പെണ്ണ്. അവൾ സെന്റ് മേരീസ് കോളേജിൽ ബി എ ഇംഗ്ലീഷ് പഠിക്കുന്നു.

ഇനി മൂന്നാമത്തെ വിദ്വാൻ ദേവസി ഉക്രു തന്നെ. കുന്ദംകുളത്തെ ആർത്താട്ടു നിന്ന് അയാളുടെ അപ്പൻ ജെ എഫ് ഉക്രുവും അമ്മച്ചി ത്രേസ്യയും വല്യമ്മച്ചി പ്ലമേനയും ഏതാണ്ട് ഇരുപത്തിനാല് വർഷം മുമ്പ് തൃശൂരിലെ അരിമാർക്കറ്റിന്റെ കിഴക്കുഭാഗത്തു വന്ന് താമസമാക്കി. ആർത്താട്ടിന്റെ കുന്നിൻചെരിവിൽ കുരുമുളകും അടക്കയും കൃഷി ചെയ്തിരുന്ന ഉക്രു തൃശൂരിൽ ആ കാലത്ത് പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന പൊന്നിൻ കച്ചവടം ലാക്കാക്കിയാണ് നീങ്ങിയത്. വകയിൽ ഒരു ബന്ധുവായ ഇട്ടിമാണിയുമായി ചേർന്ന് ഉക്രു ആന്റ് ഇട്ടി ജുവല്ലേഴ്സ് തുടങ്ങി. പിന്നീട് പല ഘട്ടങ്ങളിൽ മൂലധനമായി കൂടുതൽ പണം ഉക്രുവിന് സംരംഭത്തിൽ നിക്ഷേപിക്കേണ്ടിവന്നു. അതൊന്നും കണക്കിൽ പെടുത്താൻ ഇട്ടിമാണി തയ്യാറായില്ല. ലാഭം ആദ്യ ഷെയറിന്റെ അനുപാതത്തിലാണ് പങ്കുവെച്ചത്. ഇത് ഉക്രുവിനെ നിരാശനാക്കി. മാനസിക പ്രയാസത്തിലകപ്പെട്ട ആ കാലത്താണ് ഉക്രുവിന് അൽഫോൺസോയിൽ നിന്ന് ഉപദേശം ലഭിക്കുന്നത്. ഇട്ടിമാണിയെ ഉന്മൂലനം ചെയ്യാം. ആ പദ്ധതി ആവിഷ്കരിക്കാനായി ഒരു ഈസ്റ്റർ ദിനത്തിന്റെ നാലാം നാൾ അഞ്ചലാപ്പീസിന്റെ എതിർവശത്തെ പുത്തൻ കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയിൽ അവരിരുന്നു.

പദ്ധതി വിശദീകരിച്ച ശേഷം അൽഫോൺസോ പറഞ്ഞു, ‘എന്നാ നമ്മക്കല്പം ജലസേചനാകാം.’ ബാക്കിയെല്ലാം വംശാവലിചരിത്രത്തിൽ പറഞ്ഞപോലെ.

കെട്ടിടത്തിനു താഴെ ഇട്ടിമാണി അക്ഷമനായി നിന്നു.

m faisal,story, malayalam story, iemalayalam

‘ഇട്ടിമാണീന്ന് പറഞ്ഞാ ഉക്രൂന് ജീവനാ. അയാള് ഇത് സ്വപ്നത്തീപോലും കണ്ടിട്ടുണ്ടാവില്ല’, കൊള്ളക്കാരൻ പറഞ്ഞു.

ഇട്ടിമാണി അൽഫോൺസോയുടെ കൈവിരലിൽ തങ്കത്തിന്റെ മോതിരമിട്ടുകൊടുത്തു. തൃശ്ശിവപ്പേരൂരിന്റെ നിലാവ് ആ മോതിരത്തിൽ ഉമ്മവെച്ചു.

സ്വർണക്കടയുടെ ഉടമസ്ഥത പൂർണമായും ഇട്ടിമാണിയുടെ വരുതിയിലായതോടെയാണ് അവർ കാര്യങ്ങൾ ഊഹിച്ചത് അവർ അതൊരിക്കൽ ഇട്ടിമാണിയോട് ചോദിക്കുകയും ചെയ്തു. അയാൾ സമ്മതിച്ചു എന്നാൽ ഒന്നുവിളിച്ചുപറയാൻ, അയാളെ ഒന്ന് ആട്ടാൻ അവർ അശക്തയായിരുന്നു. നിസ്സഹായയായിരുന്നു. ഇട്ടിമാണി കൊടുക്കുന്നതുകൊണ്ടു വേണം അവർക്ക് ജീവിച്ചുപോകാൻ എന്നതിനാൽ എല്ലാം ഒതുക്കി. ആശ്വസിക്കാൻ ശ്രമിച്ചു.

പതിനാലാമത്തെ വയസ്സിലാണ് ദേവസി ഉക്രു ഒരു സഹായിയായി ഇട്ടിമാണിയുടെ കടയിലെത്തുന്നത്. ഒരു പ്രയശ്ചിത്തത്തിന്റെ മണമുണ്ടായിരുന്നോ ഇട്ടിമാണിയുടെ നീക്കത്തിനു പിറകിലെന്ന് ദേവസിയുടെ അമ്മച്ചി സംശയിച്ചു. പൊന്നു തൂക്കുന്നതിലും പൊന്നിൻ പണം വാങ്ങുന്നതിലും കണിശമായിരിക്കണം എന്ന് അവനെ അമ്മച്ചി ഓർമ്മിപ്പിച്ചു. ഒരു പണത്തൂക്കം പോലും ചതി പാടില്ല. അന്നുമുതൽ ഇന്നോളം സ്വർണവ്യാപാരത്തിന്റെ കണക്കുകൾ ഇട്ടിമാണിയേക്കാൾ കൃത്യത ദേവസി കാണിച്ചുപോന്നു.

ഇനി നമുക്ക് നിശ്ചലമാക്കി നിർത്തിയ ഉക്രു ആന്റ് ഇട്ടി ജുവല്ലേഴ്സിലേക്ക് വരാം.

ഇതാ, ഇപ്പോൾ എല്ലാ വാണിഭശാലകളും അടച്ചിട്ടും കാൽനടക്കാർ പോയ്മറഞ്ഞിട്ടും ഉക്രു ആന്റ് ഇട്ടി മാത്രം തുറന്നിരിക്കുന്നത് കാണാതായ ഒരു ബില്ലിനു വേണ്ടിയാണ്.

കടന്നുവന്ന അൽഫോൺസോ ഡി കൊള്ളക്കാരൻ ഒരു പീഠത്തിലിരുന്നു. കൈ എത്തിച്ച് ചില്ലുമേശയുടെ അകത്തുനിന്ന് നിശബ്ദമായി പൊട്ടിച്ചിരിക്കുന്ന ഒരു മോതിരമെടുത്തു. കാണാതായ ബിൽ കണ്ടുകിട്ടിയെന്ന് ആ നേരത്ത് ദേവസി സന്തോഷം കൊണ്ടു. ഇട്ടിമാണിക്കും സമാധാനമായി. ഏങ്കോണിച്ച കണക്കുകൾക്ക് വടിവുണ്ടായി. കിഴിച്ചതിന്റെ ശൂന്യതയിലേക്ക് കൂട്ടലിന്റെ അധികം ചേർന്നു.

ഇട്ടിമാണി അപ്പോഴാണ് കൊള്ളക്കാരനെ കാണുന്നത്. അയാൾ കൊള്ളക്കാരനെ നോക്കി പറഞ്ഞു, ‘കൊള്ളക്കാരൻ കാലുകുത്തിയാൽ ഏതറ്റവും കൂട്ടിമുട്ടും.’

ഇട്ടിമാണിയുടെ മുഖത്തിന്റെ പാതിയിലെ നിഗൂഡമായ പുഞ്ചിരി കൊള്ളക്കാരനു കാണാൻ കഴിഞ്ഞു. ദേവസി അത് കണ്ടില്ല. എന്നാൽ കൊള്ളക്കാരന്റെ പ്രതിപുഞ്ചിരിയിലെ ചോരമണം ദേവസിക്ക് കാണാൻ സാധിച്ചു. അത് ഇട്ടിമാണി കണ്ടില്ല.

‘ങാ! എന്താ കൊള്ളക്കാരാ, ഈ നേരത്ത്?’

‘വലിച്ചു തീർത്ത ചുരുട്ട് പുറത്തേക്കെറിഞ്ഞ് അയാൾ പറഞ്ഞു,

‘തുറന്നുവെച്ചിടത്തേക്കല്ലെ കടന്നുവരാനാകൂ. അടഞ്ഞ ഒരു വാതിലും ഈ കൊള്ളക്കാരൻ തുറന്നിട്ടില്ലെന്ന് ഇട്ടിക്കറിഞ്ഞുകൂടെ?’

‘അത് ശരിയാ. നേരം ഏറെ വൈകി’, ഇട്ടിമാണി പറഞ്ഞു.

ദേവസി വിജാഗിരികൾക്കൊണ്ട് ബന്ധിപ്പിച്ച മരപ്പലകവാതിലിന്റെ പാളികൾ ഇരുവശങ്ങളിൽ നിന്ന് നിവർത്തി. കൊള്ളക്കാരന് അതുകണ്ടപ്പോൾ അക്കോഡിയന്റെ ബെല്ലോസ് ഓർമ്മവന്നു. കട ഏതാണ്ട് അടഞ്ഞ നിലയിലായപ്പോൾ ദേവസിയിൽ നിന്ന് ആംഗ്യം ഉണ്ടായി. കൊള്ളക്കാരൻ എഴുന്നേറ്റ് ചില്ലുമേശ കടന്നുവരുന്ന ഇട്ടിമാണിക്ക് അഭിമുഖമായി നിന്നു.

‘എന്തുപറ്റി, കൊള്ളക്കാരാ?’ ഇട്ടിമാണി കൗതുകപ്പെട്ടു. കൊള്ളക്കാരൻ ലെതർജാക്കറ്റിനുള്ളിൽ നിന്ന് റിവോൾവറെടുത്ത് ഇട്ടിമാണിയുടെ നെഞ്ചോടു ചേർത്തു. അയാൾ വാ പൊളിക്കാൻ പോകേ കൊള്ളക്കാരൻ അയാളുടെ വായ ബലമായി പൊത്തി ചില്ലുമേശയിൽ മലർത്തിക്കിടത്തി. ഒരു ബലിമൃഗത്തിന്റെ കണ്ണിൽ അവസാനമായി മിന്നിപ്പോകുന്ന കൊള്ളിയാൻ പോലെ ഒന്ന് ഇട്ടിമാണിയുടെ കണ്ണുകളിൽ കൊള്ളക്കാരൻ കണ്ടു. നെഞ്ചിൽ വെടി പൊട്ടി. ഒന്നു പിടഞ്ഞു ദേഹം. ഉതിർന്നു ചോര. കൊള്ളക്കാരൻ പതുക്കെ കൈ വിട്ടു. ഇട്ടിമാണി കുഴഞ്ഞുവീണു. അത് പൂർണമായും നിശ്ചലമാകുന്നതുവരെ കൊള്ളക്കാരൻ അവിടെ നിന്നു.

മൃതദേഹത്തിനരികെ നിന്നുകൊണ്ട് അയാൾ ദേവസിയോടു പറഞ്ഞു,

‘എടുത്തുകൊണ്ടുപോ. പിന്നെ ഇവിടെ ക്ലീൻ ചെയ്യ്. ഒരടയാളവും ഉണ്ടാകരുത്.’

കൊള്ളക്കാരൻ തോക്ക് ജാക്കറ്റിനകത്താക്കി. അയാൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു കൊച്ചു വെള്ളിപ്പെട്ടിയെടുത്തു. അതിൽ അടുക്കിവെച്ച ചുരുട്ടുകളിൽ ഒന്നിന് ചുമരിലെ ക്രിസ്തുചിത്രത്തിന്റെ മുന്നിൽ കത്തിച്ചുവച്ച അഗർബത്തിയിയിലെ തീ പകർന്നു. ദേവസി അയാൾക്ക് പുറത്തേക്കുള്ള വഴിയൊരുക്കി. രണ്ടുപേരും പുറത്തുവന്നു. ദേവസി കാർ കൊണ്ടുവരാനായി നീങ്ങി. കൊള്ളക്കാരൻ കുതിരയുടെ അടുത്തേക്കും.

കുതിര വടക്കുന്നാഥന്റെ തെക്കേ ചെരിവിലൂടെ പടിഞ്ഞാറേക്കോട്ട ലക്ഷ്യമാക്കി കുളമ്പടിച്ചു.

m faisal,story, malayalam story, iemalayalam

തണുപ്പിൽ, മഴയിൽ, ഉഷ്ണത്തിൽ…. ഏത് കാലത്തും ഏത് രാത്രിയിലും കൊള്ളക്കാരൻ തേക്കിൻകാടിനെ മുറിച്ചുകടന്നുപോകും. ഓരോ വാണിഭക്കാരനിലും ഓരോ മുദ്ര പതിക്കും. പറയാത്ത രഹസ്യങ്ങളുടെ വിത്തുവിതക്കും. രാവുകൾ സാക്ഷികളാകും. ഉപഹാരങ്ങൾ കൈമാറും. കൈകളിൽ നിന്ന് കൈകളിലേക്ക്, തലമുറയിൽ നിന്ന് തലമുറയിലേക്ക് കൈമാറുന്ന വസ്തുക്കളിൽ കൊള്ളക്കാരന്റെ അടയാളമുണ്ടാകും. ഒരു തുള്ളിയെങ്കിലും ചോര! ഒടുവിൽ സ്വർണനിറമുള്ള മുഖത്ത് നരകയറിയ താടിയും മുടിയുമായി ഭാര്യക്കും എട്ട് മക്കൾക്കും നടുവിൽ കിടന്നാണ് അൽഫോൺസ് ഡി കൊള്ളക്കാരൻ സുഖമരണം പ്രാപിച്ചത്. എത്രയോ പേരുടെ ശാപങ്ങളിൽ അയാളുണ്ടായിരുന്നു. പുഴുത്തു ചാകേണ്ടവനാണ് എന്ന് എത്രയോ പേർ പ്രാകി. എന്നിട്ടും കൊള്ളക്കാരൻ സമൃദ്ധിയിലും സുഖലോലുപതയിലും കിടന്ന് സ്വച്ഛന്ദമായി പരലോകത്തു പോയി!

ഇനി ദേവസിക്ക് എന്തു സംഭവിച്ചു എന്നു നോക്കാം. ഇട്ടിമാണി അറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. കൊല്ലപ്പെടുമ്പോൾ അമ്പത്തൊന്ന് വയസ്സായിരുന്ന ഇട്ടിമാണിയുടെ ഭാര്യ ജാനറ്റിന് അപ്പോൾ നാല്പതായിരുന്നു പ്രായം. എങ്കിലും ഇരുപത്തഞ്ചിന്റെ തുടുപ്പായിരുന്നു. ആ തുടുപ്പിന്റെ തൃഷ്ണയെ ശമിപ്പിച്ചത് ദേവസിയായിരുന്നു ഒരിക്കൽ പോലും ഇട്ടിമാണിക്ക് ഇക്കാര്യം അറിയുമായിരുന്നില്ല. ഇട്ടിമാണിയുടെ മദ്രാസിൽ പഠിക്കുന്ന മകൻ പീറ്ററിന് എന്തു സംഭവിച്ചു എന്നു നോക്കാം. അവൻ തിരിച്ചുവന്നില്ല. അവന് വരാനാകുമായിരുന്നില്ല. അവന് വലിച്ചുതീർക്കാൻ വേണ്ട കൊടിയ ലഹരി തൃശ്ശിവപ്പേരൂരിൽ നിന്ന് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത് ദേവസി തന്നെയായിരുന്നു. അവനെ ലഹരിയുടെ വിസ്മൃതിയിൽ മയക്കിക്കിടത്താൻ പ്രാപ്തമായ ചങ്ങാത്തം മദിരാശി നഗരത്തിൽ ഉണ്ടാക്കിക്കൊടുത്തതും ദേവസി തന്നെയായിരുന്നു.

ഇനി ഇട്ടിമാണിയുടെ മകൾ ഗ്രേസിയുടെ കഥയറിയാം. ജുവല്ലറി വർക്ക്ഷോപ്പിലെ തട്ടാന്മാരിലൊരാളായിരുന്നു ശിവൻ. കൂർക്കഞ്ചേരിക്കാരൻ. ഒരു ദിവസം അവന്റെ കൂടെ ഗ്രേസി ഇറങ്ങിപ്പോയി. തിരഞ്ഞുപോകാൻ ഇടവന്നില്ല. കത്തെഴുതി വെച്ചിട്ടാണ് പോയത്. തങ്ങളെ അന്വേഷിക്കേണ്ടെന്നും തിരികെ വരില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പോയതിന്റെ ഒമ്പതാം നാൾ ഉച്ച തിരിഞ്ഞ നേരത്ത് അവൾ തിരിച്ചെത്തി. അകത്തു കടന്ന അവൾ കണ്ടത് അമ്മച്ചിയും ദേവസിയും രമിക്കുന്നതാണ്. അവളെ അവരും കണ്ടു. ഒന്നും സംഭവിച്ചില്ല. കൂട്ടലും കിഴിക്കലും ചേർന്നപ്പോൾ സമമായി.

ദേവസിയും ജാനറ്റും ഗ്രേസിയും പ്രായോഗികവും കൗതുകകരവുമായ ഒത്തുതീർപ്പിലേക്കു നീങ്ങി. കിഴക്കേ കോട്ടയിലെ ലൂർദ്ദ് പള്ളിയിൽ വെച്ച് ഗ്രേസിയെ ദേവസി കെട്ടി.

ഇനിയെന്താ, ആരാ ബാക്കിയുള്ളത്?

ആരുമില്ലെങ്കിൽ, ഒന്നുമില്ലെങ്കിൽ ഒരു കാര്യം ചെയ്യാം. അൽഫോൺസോ ഡി കൊള്ളക്കാരന്റേയും ജെ എഫ് ഉക്രുവിന്റേയും ഇട്ടിമാണിയുടേയും ചരിത്രം തേടിപ്പോകുന്ന ഗൂഗിൾ സെർച്ച് ക്ലോസ് ചെയ്ത് ഈ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാം. ഈ സന്ധ്യയിൽ വടക്കുന്നാഥനു ചുറ്റുമുള്ള തിരക്കേറിയ റൗണ്ടിൽ നിന്നാൽ പുതിയൊരു കെട്ടിടത്തിൽ മേലോട്ടും താഴോട്ടും വശങ്ങളിലേക്കും പായുന്ന വർണപ്രകാശരേഖകൾ കാണാം.

പതഞ്ഞുനിൽക്കുന്ന വെളിച്ചത്തിൽ സ്വർണസ്ഫടികപാളികൾ കൊണ്ടൊരു ഹർമ്യം. ക്രിസ്തുമസിനു മുമ്പുള്ള ആ ഡിസംബർ രാത്രിയിൽ ഒരു ബെൻസ് സി ക്ലാസ് പ്രഭാപൂരത്തിൽ വന്നുനിന്നു. അതിന്റെ പിൻവാതിലുകൾ ഡ്രൈവർ തുറന്നുകൊടുത്തു. ദേവസിയപ്പച്ചനും ഗ്രേസിയമ്മച്ചിയും പിൻസീറ്റിൽ നിന്നിറങ്ങി. അവരുടെ മൂന്ന് പെണ്മക്കളും നാല് ആണ്മക്കളും അവരുടെ മക്കളോടൊപ്പം, ഏറ്റവും ആഢംബരമായി വരവേൽക്കാനെത്തി. ഇളയമകളുടെ ഇളയ മകൾ ഓരോ പനിനീർപ്പൂവ് മുത്തച്ഛനും മുത്തശ്ശിക്കും സമ്മാനിച്ചു, നിറഞ്ഞ പുഞ്ചിരിയും. എല്ലാവരും കരഘോഷമുണ്ടാക്കി. ചുറ്റും നിറഞ്ഞുനിന്നവർക്ക് കൗതുകം പകർന്ന് അവരെല്ലാവരും ആ രമണീയഹർമ്യത്തിലേക്ക് കയറിപ്പോയി. അപ്പോൾ കെട്ടിടത്തിനു മുകളിലെ നിയോൺ വെളിച്ചം കൂടുതൽ ദീപ്തമായി.

ഉക്രു ആന്റ് സൺസ് ഗോൾഡ് ഹോം.

അതിന്റെ എതിരിൽ, തേക്കിൻകാട്ടിലെ ഇളം തേക്കുകളിൽ നഗരപ്രഭ. അൽഫോൺസോ ഡി കൊള്ളക്കാരന്റേതു പോലുള്ള എട്ടു കുതിരകൾ അപ്പോൾ നഗരനിലാവിലേക്ക് പതുക്കെ നൃത്തം വെച്ചു. അവ എട്ടു ദിക്കുകളിലേക്ക് നീങ്ങി. അവയുടെ കുഞ്ചിരോമങ്ങൾ വെർജീനിയൻ ചുരുട്ടിന്റെ പുകച്ചുരുൾ പോലെ തണുത്ത കാറ്റിലേക്ക് പാറി. അകമ്പടിയായി എട്ടു ദിക്കുകളിൽ നിന്നും കുതിരകൾ സ്വർണ്ണക്കടയുടെ മുന്നിലൂടെ കുളമ്പടിച്ചുപോയി.

ഫ്ലോർ ടൈലിൽ ടപ്, ടപ്, ടപ് ശബ്ദം.

മണ്ണുപുരണ്ട കറുത്ത ഓവർകോട്ടിൽ അൽഫോൺസോ ഡി കൊള്ളക്കാരൻ പാത മുറിച്ചു കടന്നു. ഗോൾഡ് ഹോമിനു മുന്നിലെ ചെസ്ബോഡ് ഫ്ലോർ ടൈലുകളിലെ വെള്ള കളത്തിൽ അയാൾ നിന്നു. അയാളുടെ വിരലുകൾ കോട്ടിനകത്തെ റിവോൾവറിൽ കുതിരക്കുളമ്പടികൾക്കൊപ്പമെന്ന പോലെ താളം പിടിച്ചു. തേക്കിൻകാട്ടിലെ നിലാവിൽ നിന്നും ജെ എഫ് ഉക്രുവും ഇട്ടിമാണിയും മണ്ണും ചോരയും പുരണ്ട വെള്ള ഉടുപ്പുകളോടെ പാത മുറിച്ചു കടന്നു. ചെസ്ബോഡ് ഫ്ലോർ ടൈലുകളിലെ കറുപ്പു കളങ്ങളിൽ കൊള്ളക്കാരനു പിറകിൽ അവർ നിന്നു. അൽഫോൺസോ ഡി കൊള്ളക്കാരൻ പഴയ ശീലത്തിൽ ഒരു ചുരുട്ടിനു തീകൊളുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook