scorecardresearch
Latest News

തണൽമരങ്ങൾ

അന്നുരാത്രി രഘു മാഷിൻറെയുള്ളിൽ കുട്ടച്ചനും സമൂഹത്തിലെ തൻറെ നിലയും വിലയും തമ്മിൽ വലിയൊരു പിടിവലി തന്നെ നടന്നു. തനിക്കിങ്ങനെ ഒരു അച്ഛൻ ഉണ്ടെന്ന് ഭാര്യയ്‌ക്കോ മക്കൾക്കോ ഇന്നാട്ടുകാർക്കോ അറിയില്ല

തണൽമരങ്ങൾ

വെളുപ്പിനേ തന്നെ ഒരു കൊട്ട സങ്കടങ്ങളുമായി സുധ എത്തുമ്പോൾ കാർഷിക സർവ്വകലാ ശാലയിൽ നിന്നും വാങ്ങിയ മാങ്കോസ്റ്റീൻ തൈകൾ നനയ്ക്കുകയായിരുന്നു രഘു മാഷ്. നനയെന്നു വെച്ചാൽ അടുക്കളയിൽ നിന്നും ശേഖരിക്കുന്ന വേസ്റ്റ് വെള്ളം ഒരു ചിരട്ടയിൽ കോരി ഓരോ ചെടിയുടേയും മൂട്ടിലൊഴിക്കുന്നു അത്രതന്നെ.

നാല് ഏക്കർ പറമ്പിന്റെ പല ഇടങ്ങളിലായി കുഴൽ കിണർ അടക്കം ഒരുപാട് കിണറുകൾ കുഴിച്ചിട്ടും ഒരുതുള്ളി വെള്ളം കിട്ടിയില്ല. അങ്ങനെ ഒരിടത്ത് ഇത്രയൊക്കെയെ സാധിയ്ക്കൂ. ഇപ്പോഴും ഒരു കിണറിന്റെ പണി പറമ്പിന്റെ കിഴക്കേ അറ്റത്ത് നടക്കുന്നുണ്ട്. പണി മുറുകും തോറും വെള്ളം കിട്ടുമെന്ന പ്രതീക്ഷ ഏറെക്കുറെ തീർന്ന മട്ടിലാണ് പണിക്കാർ. പിന്നെ ഏക ആശ്രയം പൈപ്പു വെള്ളമാണ് അതാണെങ്കിൽ ആഴ്ചയിലൊരിക്കൽ റേഷൻ പോലെയെ വരികയുള്ളു. അതുകൊണ്ട് വളരെ കരുതലോടെ ഓരോ തൈച്ചോട്ടിലും വെള്ളമൊഴിക്കുന്നതു കാരണം പുന്നാര പെങ്ങൾ വന്നത് രഘുമാഷിന്റെ ശ്രദ്ധയിൽ പെട്ടില്ല.

“എന്റെ കുഞ്ഞനിയാ, ഞാനിതെങ്ങനെ സഹിക്കും ? നിന്നോടല്ലാതെ വേറാരോട് ഞാനിതൊക്കെ പറയും?” എന്നു തുടങ്ങി ഒരായിരം കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് സുധ ഓട്ടോയിൽനിന്നും ചാടിയിറങ്ങി രഘു മാഷിനെ വട്ടം കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിൽ.

ആ പിടുത്തത്തോടെ വേച്ചുപോയ മാഷിന്റെ കയ്യിൽനിന്നും ബക്കറ്റും ചിരട്ടയും താഴെ വീഴുകയും അതിലെ അഴുക്കുവെള്ളം തെറിച്ച് സുധയുടെ വെളുത്ത സാരിയും അയാളുടെ മുണ്ടും ബനിയനും നനയുകയും ചെയ്തു. സാഹചര്യം അതായതു കൊണ്ട് അതിൽനിന്നും പടർന്ന ഉളുമ്പ് നാറ്റം ഇരുവരും കാര്യമാക്കിയില്ല.

“എന്തു പറ്റി വല്യേച്ചീ, ഇങ്ങനെ കരയാതെ കാര്യംപറയൂ,” രഘു മാഷ് തൻറെ നെഞ്ചോടൊട്ടി കിടന്ന പെങ്ങളുടെ കണ്ണീരും മൂക്കളയും പടർന്ന മുഖം പയ്യെ അടർത്തി മാറ്റിക്കൊണ്ട് വേവലാതിയോടെ ചോദിച്ചു.

അതോടെ സുധയുടെ സങ്കടം വീണ്ടും പൊട്ടിപ്പിളർന്നു. അവരുടെ അപ്രതീക്ഷിതമായ ആ വരവും അലറിക്കരച്ചിലും കേട്ട് അടുക്കള മുറ്റത്ത് കോതമ്പു കൊത്തിത്തിന്നുകയായിരുന്ന ലതയുടെ ഗിരിരാജൻ കോഴികൾ “കോ .കോ കോ” കൊക്കിക്കൊണ്ട് തൊട്ടടുത്ത പൂവരശിന്റെ ചില്ലയിലേക്ക് തത്തിക്കേറി.

കോഴികളുടെ കൊക്കലും കോലാഹലവും കേട്ടാണ് കമലമ്മയും ലതയും അടുക്കളമുറ്റത്തേയ്‌ക്ക് ഓടിച്ചെന്നത്. ചെന്നപാടെ “ഓഓഓ… കാലത്തേ തുടങ്ങിയല്ലോ പടയും പോരും. ദേ.. .മര്യാദയ്ക്കല്ലെങ്കിൽ എല്ലാറ്റിനേം പിടിച്ചു ഞാൻ കറി വെക്കും പറഞ്ഞേക്കാം,”
എന്ന കൊടും ഭീഷണിയോടെ ലത ഒരു തെങ്ങിൻ മടലെടുത്ത് കോഴികളെ എറിഞ്ഞു.

ആ നേരത്താണ് കമലമ്മയുടെ നോട്ടം വീട്ടു മുറ്റത്തേയ്ക്ക് നീണ്ടതും രഘുവിനെ കെട്ടിപ്പിടിച്ചു കരയുന്ന സുധയെ അവർ കണ്ടതും. അതോടെ ” അയ്യോ… എന്തു പറ്റി? മോളെ നീ ഇങ്ങനെ കരയാതെ നിന്റെ ഹാർട് ഓപ്രേഷ ൻ കഴിഞ്ഞിട്ട് അധികമായില്ലാട്ടോ,”
എന്നും പറഞ്ഞുകൊണ്ട് നീരുവെച്ച കാലുംവലിച്ച് അവർ മുൻ വശത്തേയ്ക്ക് പാഞ്ഞു. അമ്മായിയമ്മയുടെ ആ ഓട്ടം കണ്ട് ലത മൂക്കത്തു വിരല് വെച്ചു. വേറെന്തേലും കാര്യത്തിന് ഒരടി നടക്കാൻ പറഞ്ഞാൽ നൂറു വയ്യായ്ക പറയുന്ന ആളാണ് സ്വന്തം മോൾടെ തലവെട്ടം കണ്ടതോടെ സകല അസുഖങ്ങളും മറന്നു.

mini p c , story , iemalayalam

ഇത്ര രാവിലെ തന്നെ നാത്തൂൻ വന്നത് എന്തിനാണോ എന്ന ചിന്തയോടെ കോഴികളെ എറിഞ്ഞു വീഴിക്കാൻ ശ്രമിക്കുന്നത് തൽക്കാലത്തേക്ക് നിർത്തി ലത പയ്യെ മുൻ വശത്തേയ്ക്ക് ഒന്നെത്തിനോക്കി. അവിടെ ആങ്ങളയും പെങ്ങളും നിൽക്കുന്ന നിൽപ്പ് കണ്ട് അവർക്ക് വല്ലാതങ്ങ് ചിരിപൊട്ടി.

ഇതുപോലെ രണ്ടെണ്ണത്തിനെ തൻറെ ഓർമ്മയിൽ മറ്റെവിടെയും ലത കണ്ടിട്ടില്ല. വല്യേച്ചിയുടെ മൂക്കൊന്നു വിയർത്തൂന്നറിഞ്ഞാ കുഞ്ഞനിയന് അപ്പൊൾ പനി വരും. തിരിച്ചും അതുതന്നെ അവസ്ഥ! കുട്ടികളുടെ മനസ്സാണ് വല്യേച്ചിയ്ക്ക്. നിസ്സാര കാര്യം മതി പിണങ്ങാനും ഇണങ്ങാനും. ചെറിയ വിഷമങ്ങൾ പോലും താങ്ങാനുള്ള കരുത്തില്ല അതിനിടയ്ക്കാണ് അളിയൻറെ മരണം.പാവം വല്യേച്ചി ഭർത്താവ് മരിച്ചതിന്റെ ആറാം ദിവസം ആദ്യത്തെ അറ്റാക്ക് വന്ന് ആശുപത്രിയിലായി. ആ വർഷംതന്നെ ഹാർട്ട് ഓപ്പറേഷനും വേണ്ടി വന്നു. അന്ന് ഒരു മാസം ലീവെടുത്ത് അവർക്കൊപ്പം നിന്നതും ഊട്ടിയതും ഉറക്കിയതുമൊക്കെ ഈ കുഞ്ഞനിയൻ തന്നെ. ഇടയ്ക്ക് അതൊക്കെ കാണുമ്പോൾ ലതയ്ക്ക് ചെറിയൊരു കുശുമ്പൊക്കെ തോന്നും.

“ഇനി ഒരു തൊട്ടില് കെട്ടി ആട്ടിയൊറക്കുന്നേന്റെ കൊറവേ ഒള്ളൂ… കുഞ്ഞുവാവയല്ലേ. ശ്ശെ ടാ ഇങ്ങനേം ഉണ്ടോ ഒരാങ്ങളേം പെങ്ങളും,” എന്ന് നാത്തൂൻ കേൾക്കാതെ ഭർത്താവിന്റെ ചെവിയിൽ അവർ കുശുകുശുക്കും. അപ്പോൾ രഘു മാഷിന് ചിരി വരും, ഉള്ളിൽ ഭാര്യയെ ഓർത്ത് പാവവും തോന്നും.

അവളെ പ്രകോപിപ്പിക്കാൻ വേണ്ടി ഒന്നൂടി പെങ്ങളെ താലോലിക്കും. അതോടെ “എൻറെ കൃഷ്ണാ,  ഈ സ്നേഹമൊന്നും ഒരുകാലത്തും കുറയല്ലേ ..? എനിക്കുമുണ്ടല്ലോ ഒരു ദുഷ്ടനാങ്ങള” എന്ന് തന്നോടുതന്നെ പിറു പിറുത്തുകൊണ്ട് ലത അവിടുന്ന് മാറിക്കളയും. അപ്പോൾ അവളുടെ ഉള്ളിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ തനിക്കു നേരെ വഴക്കിനും വഴിത്തല്ലിനും വരുന്ന സ്വന്തം ആങ്ങളയുടെ കുനിട്ടുകുത്തിയ മുഖമായിരിക്കും.

കമലമ്മ മുറ്റത്തേയ്ക്ക് ചെന്നതോടെ ചോദ്യവും പറച്ചിലും കരച്ചിലുമൊക്കെയായി കാലത്തെ ലത അടിച്ചു കഴുകിയ മുറ്റത്തെ ചുവന്ന ടൈല് മുഴുവൻ കണ്ണീരും മൂക്കളേം തുപ്പലും കൊണ്ടു നിറഞ്ഞു. അവിടുത്തെ ഒച്ചയും ബഹളവും പെരുകിയതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് കണ്ട് പൂവരശിന്റെ മണ്ടേലിരുന്ന് കൊത്തുകൂടുന്ന കോഴികളെ “ബ ബ്ബ ബ്ബാ. . .എന്നു വിളിച്ച് അനുനയിപ്പിക്കുന്നതു നിർത്തി ലതയും “എന്താ? എന്താ കാര്യം?” എന്നു ചോദിച്ചുകൊണ്ട് മുറ്റത്തോട്ട് ചെന്നു. ഏങ്ങിയും തേങ്ങിയും വല്യേച്ചി ഒടുവിലത് പറഞ്ഞൊപ്പിച്ചു.

സംഗതി ഇതാണ്. വല്യേച്ചിയുടെ ഒരേയൊരു മകൾ ദീപ, ഭർത്താവും ഏഴ് വയസ്സുള്ള മകളുമൊത്ത് അമേരിക്കയിലാണ്. ഇന്ന് രാവിലെ ഹോസ്പിറ്റലിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ദീപ വീട്ടിലെത്തിയപ്പോഴുണ്ട് അവിടെ ആകെ പ്രശ്നങ്ങൾ. അച്ഛൻ തന്നോട് മോശമായി പെരുമാറി എന്നു പറഞ്ഞ് കുട്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് മെസേജ് അയക്കുകയായിരുന്നു.

പിന്നെ പോലീസ്, ബഹളം, ഡോക്ടർ കൗൺസിലിംഗ് തുടങ്ങി. ദീപയ്ക്ക് സത്യത്തിൽ എന്താണവിടെ സംഭവിച്ചത് എന്നറിയാനോ മകളെയോ ഭർത്താവിനെയോ ഒന്നു കണ്ടു സംസാരിക്കാനോ ഉള്ള അവസരം പോലും ഈ നേരംവരെ കിട്ടിയിട്ടില്ല.

“എന്നാലും മോളെ അവനിങ്ങനെ ഒരു ദുഷ്ടനായിരുന്നോ? സ്വന്തം കുഞ്ഞിനെ…നീ അവിടെ ഒറ്റയ്ക്ക് എന്തുചെയ്യും?” വിവരമറിഞ്ഞ് സുധ കരഞ്ഞു. ഹൃദ്രോഗിയായ അമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞ തന്‍റെ അപ്പാർട്മെന്റിലെ നാട്ടുകാരിയോട് ദീപയ്ക്ക് ദേഷ്യം തോന്നി.

തന്‍റെ  ജീവിതത്തിൽ ഇവിടെ വന്നതിനു ശേഷം എന്തെല്ലാം നല്ല കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു അതൊന്നും കാണാനോ അംഗീകരിക്കാനോ മനസ്സില്ലാത്തവരാണ് ഇക്കാര്യം വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചറിയിക്കാൻ മുൻപന്തിയിൽ നിൽക്കുന്നത്. അവൾക്ക് വേദന തോന്നി എങ്കിലും അതു മറച്ചുവെച്ച് അവൾ അമ്മയെ സമാധാനിപ്പിച്ചു.

mini p c , story , iemalayalam

“അമ്മ വിചാരപ്പെട്ട് വല്ലതും വരുത്തികൂട്ടാതെ അമ്മാമ്മേടെ അടുത്തേയ്ക്ക് ചെല്ലൂ. ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. അമ്മ ആധി പിടിക്കണ്ട.”

ദീപ ഫോൺ വെച്ചതിനു ശേഷവും മൊബൈലും കയ്യിൽ പിടിച്ച് സുധ കുറേനേരം കരഞ്ഞു പിന്നെ “എന്തിനാ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം? ഇതിനു മാത്രം എന്തു തെറ്റാ ഞാൻ ചെയ്തെ?” എന്നു ചോദിച്ചുകൊണ്ട് പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ ഏറെ നേരം നിന്നു.

ആ നിൽപ്പിൽ ഗുരുവായൂരപ്പന്റെ മുഖം മാഞ്ഞു അവിടെ കുട്ടച്ചൻറെ മുഖം പലകുറി തെളിയുകയും ചെയ്തു.അതോടെ പണ്ട് തൻറെ അമ്മ ചെയ്ത ഒരു കൊടിയ തെറ്റിന്റെ ശിക്ഷ തനിക്കും കുടുംബത്തിനും നേരെ വാ പിളർക്കുന്നതും കണ്ട് വെപ്രാളത്തോടെ വസ്ത്രം മാറി കുഞ്ഞനിയൻറെ അരികിലേക്ക് പായുകയും ചെയ്തു.

“വല്യേച്ചീ…കരയാതെ…” ലത അവരെ ചേർത്തുപിടിച്ചു.

വിവരങ്ങൾ അറിഞ്ഞ പാടെ കമലമ്മയുടെ മെലിഞ്ഞ ദേഹം വെട്ടിയിട്ടപോലെ കസേരയിലോട്ടു ചാഞ്ഞു.

“എന്നാലും അവനെന്തൊരു…” ആധി പെരുത്ത് അവർ ദീപയുടെ ഭർത്താവിനെ മുഴുത്ത ചീത്ത വിളിച്ചുകൊണ്ടിരുന്നു.

“എന്നാലും സ്വന്തം ചോരയെ ത്തന്നെ….ഇവിടെ ആയിരുന്നെങ്കിൽ ഞാനവനെ വെട്ടിക്കീറിയേനെ… ” രഘു മാഷ് കോപംകൊണ്ടു വിറച്ചു.

ലതയ്ക്ക് വല്യേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ഒരു പിടിയും കിട്ടിയില്ല.  ഇതൊന്നും ഇക്കാലത്ത് പുതിയ സംഭവവും മറ്റുമല്ല. ദിവസവും പലതവണ മാധ്യമങ്ങളിലൂടെ കേൾക്കുന്ന കാര്യങ്ങളാണ്. എങ്കിലും ഇതൊക്കെ സ്വന്തം കുടുംബത്ത് സംഭവിക്കുമ്പോഴുള്ള ഉരുക്കം ഒന്ന് വേറെതന്നെയാണ്. ‘പൊന്നേ, പൊടിയേ’ എന്നും വിളിച്ച് എന്തോരം ഓമനിച്ചു വളർത്തുന്ന മക്കളാണ്.  അവരെ എത്ര പ്രതീക്ഷയോടെയാണ് ഒരാളെ കൈ പിടിച്ച് ഏൽപ്പിക്കുന്നത്. അവനിതുപോലെ ഞരമ്പ് രോഗിയും മറ്റും ആയാലോ? ലതയ്ക്ക് ദീപയേയും കുഞ്ഞിനേയും ഓർത്ത് സങ്കടം വന്നു.

ഒരുപാട് സാമ്പത്തികവും മറ്റും ഇല്ലെങ്കിലും കുടുംബവും കുഞ്ഞുങ്ങളുമായിട്ട് മക്കള് സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ മതിയാരുന്നു. ദൂരെ ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന തൻറെ പെൺമക്കളുടെ ഭാവിയും കൂടി ഓർത്ത് ആവലാതിപ്പെട്ടുകൊണ്ട് നിറഞ്ഞു തൂവിത്തുടങ്ങിയ കണ്ണും മുഖവും സാരിയിൽ പിഴിഞ്ഞ് ലത അടുക്കളയിലേയ്ക്ക് നടന്നു. അന്ന് അവധി ദിവസം അല്ലാത്തതു കൊണ്ട് ലതയെ സ്കൂളിൽ പറഞ്ഞുവിട്ട് രഘു മാഷ്‌ അവധിയെടുത്തു. സുധയാവട്ടെ ലത ടേബിളിലിൽ എടുത്തുവെച്ച ഹോർലിക്സിട്ട പാല് കുടിക്കാനോ ഇഡ്ഡലി കഴിക്കാനോ കൂട്ടാക്കാതെ കിഴക്കേ മുറ്റത്തെ പവിഴമല്ലി ചോട്ടിൽ ചെന്നിരുന്നു.അമ്മ ആവുന്നത് വിളിച്ചിട്ടും അവർ എഴുന്നേറ്റ് പോകാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല അവരുടെ ഉള്ളിൽ കൊള്ളാൻ പാകത്തിന് “ഞങ്ങൾടെ കുട്ടച്ചൻ എന്തു പാവമാരുന്നു. അമ്മ ഒറ്റയൊരുത്തിയാ ആ പാവത്തിനെ ഓടിച്ചു വിട്ടത്. കുട്ടച്ചന്റെ ശാപമാ ഇപ്പോ എന്റെ കുട്ടി അനുഭവിക്കുന്നത്,” എന്ന് നീണ്ട നാൽപ്പതു വർഷങ്ങൾക്കിപ്പുറം വായ തുറന്നു പറയുകയും ചെയ്തു.

അതോ ടെ അമ്മയുടെ മുഖം ഇരുണ്ടു. അവർ ലതയെ കടുപ്പിച്ചൊന്നു നോക്കിയ ശേഷം എഴുന്നേറ്റ് പൂജാമുറിയിൽ ചെന്നിരുന്ന് രാമായണം വായിക്കാൻ തുടങ്ങി.

രഘു മാഷ് ദീപമോളോട് സംസാരിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അതിനു കഴിയാഞ്ഞ് വല്യേച്ചിയുടെ അടുത്തേയ്ക്കു നടന്നു. ദീപമോളെ മരുമകളെ പോലെയല്ല സ്വന്തം മകളെ പോലെയാണ് അയാൾ സ്നേഹിച്ചത് അയാൾ മാത്രമല്ല ലതയും. അതുകൊണ്ടുതന്നെ നെഞ്ചിൽ വലിയൊരു ഭാരം എടുത്തുവെച്ചതു പോലെ അയാൾക്ക് തോന്നി. എങ്കിലും വല്യേച്ചിയുടെ അവസ്ഥയോർത്ത് അയാളത് മറച്ചു പിടിച്ചു.

mini p c , story , iemalayalam

“കുഞ്ഞനിയാ നിനക്ക് നമ്മുടെ കുട്ടച്ചനെ ഓർമ്മയുണ്ടോ?” രഘുവിനെ കണ്ടപാടെ എന്തോ ഓർത്തെടുക്കും മട്ടിൽ അവർ ചോദിച്ചു. ആറോ ഏഴോ വയസ്സിൽ അമ്മയെ ഉപേക്ഷിച്ചുപോയ രണ്ടാം ഭർത്താവിനെ പറ്റിയാണ് സഹോദരി ചോദിക്കുന്നത്.

അക്കാലം അത്ര ഓർമ്മയില്ലെങ്കിലും പണ്ടു താമസിച്ചിരുന്ന സ്ഥലത്ത് പലപ്പോഴും പലയിടങ്ങളിലും വന്നുനിന്ന് അയാൾ തങ്ങളെ കാണുമായിരുന്നു. ബുദ്ധിയുറച്ചു തുടങ്ങിയ കാലത്ത് അമ്മ പറഞ്ഞറിഞ്ഞു വല്യേച്ചിയോട് മോശമായി ഇടപെട്ടതുകൊണ്ടാണ് അയാളെ ഓടിച്ചു വിട്ടതെന്ന്. അതുകൊണ്ട് പിന്നീടയാളെ കാണുന്നതേ കലിയായി.

“എന്തെ ഇപ്പോ അയാളെ ഓർക്കാൻ” രഘുവിന്റെ ശബ്ദം വെറുപ്പ്‌ കുടിച്ചിരുന്നു.

“കുട്ടച്ചൻ പാവമായിരുന്നെടാ…” സുധ കുഞ്ഞനിയന്റെ തോളിൽ തല ചായ്ച്ചിരുന്നു. അവരുടെ ഉള്ളിലപ്പോൾ കുട്ടച്ചന്റെ മുഖം മാത്രമായിരുന്നു. അമ്പത്തിയഞ്ചു വയസ്സിൽ ഒരു സ്ത്രീ അവളുടെ രക്തപിതാവിനെ ഓർക്കുകയല്ല അവളുടെ രണ്ടാനച്ഛനെ ഓർക്കുകയാണ്.

വാക്കിലും നോക്കിലും പ്രവർത്തികളിലുംഎല്ലാവർക്കും സ്നേഹം മാത്രം നൽകിയകുട്ടച്ചനെ. അവളപ്പോൾ കിളച്ചു മറിച്ച പാടത്ത് പുതു മണ്ണിന്റെ നേരിയ തണുവിൽ അയാൾക്കടുത്തിരുന്ന് കപ്പ പുഴുങ്ങിയതും വട്ടോൻ ചുട്ടതും ആർത്തിയോടെ വെട്ടി വിഴുങ്ങുകയായിരുന്നു.

അന്ന് ദൂരെയൊരു കുന്നിനു കീഴെ മാമന്റെ റബ്ബർ എസ്റ്റേറ്റിനപഇപ്പോൾ ലത്തീൻ പള്ളി ഇരിക്കുന്നിടത്ത് താകയും കമ്മ്യൂണിസ്റ്റ് പച്ചയും തഴച്ചു വളർന്നു കിടന്നിരുന്ന പൊന്തക്കാടുകളായിരുന്നു. അതിനപ്പുറം പന്നികളും മനുഷ്യരും തിങ്ങിപ്പാർത്ത ഒരു ചേരിയുണ്ടായിരുന്നു. അവിടെയായിരുന്നു കമലമ്മ ജനിച്ചതും വളർന്നതും. അന്തിയോളം പണിയെടുത്തും കിട്ടുന്നതിലപ്പുറം കള്ളുകുടിച്ചും രാവും പകലുമില്ലാതെ വക്കാണമുണ്ടാക്കിയും ആൺപെൺ ഭേദമില്ലാതെ ജീവിച്ച കുറേ മനുഷ്യർ!

പക്ഷെ പള്ളി വന്നതോടെ അവസ്ഥകൾ മാറി. വലിയ കൊടവയറുള്ള, മീശയും താടിയുമൊന്നും കിളുർക്കാത്ത ഒരച്ചനായിരുന്നു അന്നുണ്ടായിരുന്നത്. അച്ചൻ പട്ടിണി കൂടാതെ കഴിഞ്ഞുപോകാൻ പറ്റുന്ന പണികളൊക്കെ അവർക്ക് കൊടുത്തെങ്കിലും കള്ളും കഞ്ചാവും നടപ്പു ദോഷങ്ങളും വിട്ടു ജീവിക്കാൻ പലർക്കും സാധിച്ചില്ല അവർ പല നേര ങ്ങളിലും കാലങ്ങളിലുമായി എവിടേക്കോ അപ്രത്യക്ഷരായിക്കൊണ്ടിരുന്നു.

അക്കാലത്താണ് എങ്ങുനിന്നോ പൊട്ടനെപോലെ ചിരിക്കാൻ മാത്രമറിയാവുന്ന ഒരു ചെറുപ്പക്കാരൻ തൂമ്പാ പണിയ്ക്കായി എത്തിയത്. അന്ന് പള്ളി പറമ്പിൽ പണിയെടുക്കുകയായിരുന്ന കമലമ്മ അവനെ കണ്ട് കഷ്ടം വെച്ചു. നാടവെര പോലെ മെലിഞ്ഞു നീണ്ട അവൻ വെയിലോ മഴയോ മഞ്ഞോ നോക്കാതെ പണിതു . നേരാനേരങ്ങളിൽ കൊണ്ടു വെയ്ക്കുന്ന കപ്പയും കട്ടൻ വെള്ളവും കഞ്ഞിയുമൊന്നും പലപ്പോഴും അവന്റെ ശ്രദ്ധയിൽ പെട്ടതു പോലുമില്ല.  അവൻ കിളച്ചു മറിക്കുന്ന മണ്ണ് വാരാൻ ചെന്ന കമലമ്മയും അവളുടെ വാലുപോലെ നടന്നിരുന്ന സുധയുമായിരുന്നു അതൊക്ക തിന്നു തീർത്തത്. അന്ന് സുധ ഗ്രഹണീo കരപ്പനുമൊക്കെ വന്നുപെട്ട് നടക്കുന്ന പ്രായമായിരുന്നു.കുട്ടന്റെ പെരുമാറ്റം സുധക്കുട്ടിയ്ക്ക് ബോധിച്ചു അവൾ അമ്മയെ വിട്ട് മുഴുവൻ നേരവും കുട്ടന്റെ കിളയും നോക്കിയിരുന്നു.

mini p c , story , iemalayalam

കുട്ടന്റെ ശ്രദ്ധ മുഴുവൻ മണ്ണിലായിരുന്നു. ഭൂമിയുടെ കടുപ്പമുള്ള പുറംതൊലിയിൽ തൻറെ തൂമ്പാ തലപ്പ് വീഴുമ്പോഴുള്ള ഒച്ചയിൽ അവൻ സ്വയം രോമാഞ്ചംകൊണ്ടു. പള്ളിവക ഭൂമി മൊത്തം അവൻ കിളച്ചു മറിച്ച് കൃഷിഭൂമിയാക്കി. മീശ മുളയ്ക്കാത്ത അച്ചന് അവനെ ബോധിച്ചു. പണികളെല്ലാം തീർന്ന് വന്നതുപോലെ തന്നെ എങ്ങോട്ടൊ പോകാനൊരുങ്ങിയ കുട്ടനെ പോകാൻ അനുവദിയ്ക്കാതെ വട്ടം കെട്ടിപ്പിടിച്ച് സുധക്കുട്ടി കരഞ്ഞു. അവൾക്കന്ന് ആറേഴു വയസ്സ് പ്രായം വരും.

കുട്ടിയുടെ കരച്ചിൽ കണ്ട് കമലമ്മയ്‌ക്ക് ഒഴികെ അച്ചനും അവിടെ കൂടി നിന്നവർക്കുമെല്ലാം വിഷമമായി.

“ഇനിയിപ്പം എന്നാ ചെയ്യും,” അച്ചൻ കൂടി നിൽക്കുന്നവരെ നോക്കി.

കമലമ്മ യുടെ സ്വഭാവം അറിയാവുന്നത്കൊണ്ട് അവരാരും ഒന്നും പറഞ്ഞില്ല. ഒന്നാമത് അക്കാലം കൊണ്ട് കമലമ്മ രണ്ടു പേർക്കൊപ്പം ഒത്തു ജീവിച്ചിരുന്നു. അതിൽ ആദ്യത്തെ ആൾക്കൊണ്ടായതാണ് സുധ. രണ്ടാമനിൽ നിന്നും അവർ ക്കന്ന് രഘുവിനെ രണ്ടു മാസം ഗർഭമുണ്ടായിരുന്നു.

ഈ രണ്ടു പുരുഷന്മാരെയും കമലമ്മ ഉപേക്ഷിച്ചതാണോ അതോ അവർ കമലമ്മയെ ഉപേക്ഷിച്ചതാണോ എന്ന് ആർക്കും അറിവില്ലായിരുന്നു. പോരാത്തതിന് കമലമ്മയെക്കാൾ എട്ടു പത്തു വയസ്സിന് ഇളയതായിരുന്നു കുട്ടൻ. അതുപിന്നെ അവൻ അനാഥനായ കൊണ്ടും കാഴ്ചയ്ക്ക് കമലമ്മയോളം പറ്റാത്തതു കൊണ്ടും ആരും കാര്യമാക്കിയതുമില്ല.

“കൊച്ച് കരയുവാന്നല്ലോ എന്നാ ചെയ്യും? നീ ഒരു കാര്യം ചെയ്യ്‌ കുട്ടനേം കെട്ടിയേച്ച് തിരുക്കുടുംബമായിട്ട് ജീവിക്ക്,” കമലമ്മയെ ദൂരേയ്ക്ക് മാറ്റിനിർത്തി അച്ചൻ പറഞ്ഞു.

“കഴിഞ്ഞതൊക്കെ കഴിഞ്ഞ്. ഇനിയെങ്കിലും നീയിങ്ങനെ ഒഴുകി നടക്കാതെ ഒരിടത്ത് ഒതുങെൻറെ കമലമ്മേ,” നാട്ടുകാരും ഉപദേശിച്ചു.

ഒടുവിൽ അവളത് സമ്മതിച്ചു. അങ്ങനെ എന്തിനുമേതിനും പുഞ്ചിരിക്കാൻ മാത്രമറിയുന്ന കുട്ടൻ തന്റേതല്ലാത്ത മക്കളെയും കമലമ്മയുടെ മണ്ണിലെ ഞാഞ്ഞൂലുകളെയും ഒരുപോലെ താലോലിച്ചു. അതു കണ്ട് കമലമ്മയുടെ ഉള്ളിൽ ചെറുതല്ലാത്ത കുറ്റബോധം മുളച്ചു. പക്ഷേ രഘുവിന് ഏഴു വയസ്സായതോടെ അവളുടെ കുറ്റബോധത്തിൻറെ കയ്യുംകാലും മുറിഞ്ഞു. അവൾ പഴയതിനേക്കാൾ മോശമായി. പള്ളി വക സ്കൂൾ പണിയ്ക്കു വന്ന ഒരു കോൺട്രാക്ടറുമായി അവൾ അടുത്തു.

“നീ അവനെ ഉപേക്ഷിക്ക് ഞാൻ നിന്നെ കെട്ടിക്കോളാം,” കോൺട്രാക്ടർ പറഞ്ഞു.

അയാളെ വിശ്വസിച്ച് കമലമ്മ കുട്ടനെ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങി. കുട്ടൻ പക്ഷെ എങ്ങോട്ടും പോയില്ല.

“പോ.. . നിന്നെ എനിക്കു കാണണ്ട.”

പോക പ്പോകെ, കമലമ്മയ്ക്ക് അവനെ കാണുന്നതേ കലിയായി. ഒടുവിൽ അധികം വൈകാതെ “പിള്ളേർക്ക് പേരിനൊരു തന്ത മതി. ഇനി നീ പൊക്കോ പൊട്ടാ.”

mini p c , story , iemalayalam
എന്നും പറഞ്ഞ് അവൾ കുട്ടനു മുന്നിൽ തകര വാതിൽ ശബ്ദത്തോടെ ചേർത്തടച്ചു. തങ്ങൾക്കു ചുറ്റിലും കിനിഞ്ഞുകൊണ്ടിരുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും ഉറവുകൾ എന്നെന്നേയ്ക്കുമായാണ് അമ്മ അടയ്ക്കുന്നതെന്ന ഉൾബോധം കൊണ്ടാവും അന്ന് അലറി വിളിച്ച് കുട്ടച്ചന് പുറകെ സുധയും രഘുവും ഓടിയത്.

അവരെ സ്വീകരിക്കാനോ നിരാകരിക്കാനോ ആവാത്ത വേദനയിൽ ആ കണ്ണുകൾ ഉറക്കൊണ്ടു. കുട്ടൻ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങൾ കുട്ടനെയും കെട്ടിപ്പിടിച്ച് കരഞ്ഞു. അന്നാണ് ഒരു പുരുഷൻ ആദ്യമായി കരയുന്നത് റാഹേൽ കണ്ടത്. അന്ന് സന്ധ്യയ്ക്ക് പള്ളി മുറ്റത്ത് നെടുമ്പാടും വീണു കരയുന്ന കുട്ടനെ കണ്ട് അച്ചൻ കമലമ്മ യെ വിളിപ്പിച്ചു.

“അങ്ങനെ തോന്നും പോലെ തുണയെ ഒഴിപ്പിച്ചാൽ ദൈവകോപം ഒണ്ടാകും കമലമ്മേ, ” അച്ചൻ അവളെ തുറിച്ചുനോക്കി.

“അനാശാസ്യം നടത്തിയാ ഒഴിവാക്കാനൊള്ള വകുപ്പുണ്ടല്ലോ അച്ചോ,”കമലമ്മ വാദിച്ചു.

“എന്നാ അനാശാസ്യം,” അച്ചൻ ഞെട്ടി.

“എന്റെ മകളോട് ഇവൻ നല്ല പോലല്ല ഇടപെടുന്നേ…”കമലമ്മയുടെ നെഞ്ചത്തടിച്ച് മൂക്ക് പിഴിഞ്ഞുള്ള ആ കള്ളക്കരച്ചിലും നുണയുംകേട്ട് അച്ചൻ തരിച്ചുനിന്നു.

കുട്ടൻ പിന്നൊന്നും പറയാതെ കണ്ണീരോടെ പള്ളിയുടെ പടിയിറങ്ങി എങ്ങോ പോയി.
കാലം പോയി. കോൺട്രാക്ടർ കമലമ്മയെ വിവാഹമൊന്നും കഴിച്ചില്ലെങ്കിലും അവരുടെ സാമ്പത്തികവും സാമൂഹികവുമായ നിലകൾ മെച്ചപ്പെട്ടു. കുട്ടൻ എന്ന പാവപ്പെട്ടവനെ അവർ മറന്നേ കളഞ്ഞു. കുട്ടികൾ ക്ക് അവരുടെ മുൻപിൽ വെച്ച് അയാളെപ്പറ്റി പറയാൻ പോലും പേടിയായി.

“ഇനി വന്ന് വല്ലതും കഴിയ്ക്ക് വല്യേച്ചീ…” അവർ പറഞ്ഞ കഥ മുഴുവൻ ക്ഷമാപൂർവ്വം കേട്ടതിനു ശേഷം തൻറെ തോളീൽ കിടന്ന നനഞ്ഞ തോർത്ത് കൊണ്ട്അവരുടെ കരഞ്ഞുവീർത്ത മുഖം ഒപ്പിക്കൊണ്ട് രഘു മാഷ് പറഞ്ഞു.

“കുഞ്ഞനിയാ എനിക്ക് കുട്ടച്ചനെ ഒന്ന് കാണണം. ആ മനസ്സ് അമ്മ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. നമ്മളെ ഒന്ന് കാണാൻ കൊതിച്ച് എത്ര പ്രാവശ്യംവന്നു. നെലയും വിലയും ഒക്കെ നോക്കി നമ്മൾ പോലും കാണാൻ കൂട്ടാക്കീട്ടില്ല. അതിന്റെയൊക്കെ ശാപമാണ് ഇപ്പൊ ദീപമോളും കൊച്ചും അവിടെ അനുഭവിക്കുന്നത്…” വെളുത്ത തലയും ചുവന്ന കാലുമുള്ള പവിഴമല്ലി പൂവുകൾ തൻറെ കാൽകൊണ്ട് ചുമ്മാ തടുത്തു കൂട്ടിക്കൊണ്ടു സുധ പറഞ്ഞു.

അന്നുരാത്രി രഘു മാഷിൻറെയുള്ളിൽ കുട്ടച്ചനും സമൂഹത്തിലെ തൻറെ നിലയും വിലയും തമ്മിൽ വലിയൊരു പിടിവലി തന്നെ നടന്നു. തനിക്കിങ്ങനെ ഒരു അച്ഛൻ ഉണ്ടെന്ന് ഭാര്യയ്‌ക്കോ മക്കൾക്കോ ഇന്നാട്ടുകാർക്കോ അറിയില്ല. അനേക വര്ഷങ്ങളായി മീശയില്ലാത്തച്ചൻറെ മേൽനോട്ടത്തിലുള്ള ഒരു മാനസിക രോഗാശുപത്രിയിൽ രോഗികൾക്ക് വേണ്ടുന്ന ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്ത് കഴിയുകയാണ് അദ്ദേഹം.

“എന്താ വലിയൊരു ആലോചന? ഞാൻ അറിയാൻ പാടില്ലാത്ത കാര്യമാണെങ്കി പറയണ്ടാട്ടോ.”

രാത്രി ഉറക്കം വരാതെ മുറ്റത്ത്കൂടി നടക്കുന്ന രഘു മാഷിനെ കണ്ട് ലതയ്ക്ക് ദേഷ്യം വന്നു. സ്കൂളിൽ നിന്നും വന്നപ്പോൾ മുതൽ അവർ ശ്രദ്ധിക്കുന്നതാണ് വല്യേച്ചിയും കുഞ്ഞനിയനും തമ്മിലൊരു അടക്കം പറച്ചിലും അമ്മയുടെ ദു:ർമുഖവും.

” ഇനിയിപ്പോ നിന്നെ ഒളിച്ചിട്ടെന്തിനാ? ഞങ്ങളുടെ അച്ഛൻ ഇപ്പഴും ജീവിച്ചിരിപ്പുണ്ട്,” ഭാര്യയുടെ പിണക്കം കണ്ട് ഒടുവിൽ രഘു മാഷിന് പറയേണ്ടി വന്നു.

“ങേ? എവിടെ? എന്തൊക്കെയാണ് ഞാനീ കേക്കണേ? നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇരുപത്താറ് വർഷം കഴിഞ്ഞു. ഇപ്പഴാ അച്ഛന്റെ വിവരം അറിയുന്നത്. ഇനി എന്തൊക്കെ എന്നീന്ന് നിങ്ങള് മറച്ചു വെച്ചിട്ടുണ്ട്,” ലത ചോദിച്ചു.

അവരുടെ പരിഭവം നീണ്ടു നീണ്ടു പോയതോടെ സംഗതി നാണക്കേടാണെങ്കിലും രഘു മാഷിന് പറയാതെ വയ്യെന്നായി. അയാൾ അവർക്ക് മുഖം കൊടുക്കാതെ തേഞ്ഞു തീരാറായ ചന്ദ്രക്കലയും നോക്കി നിന്നുകൊണ്ട് ചുരുങ്ങിയ വാക്കിൽ പറഞ്ഞു.

” ഉം,” എല്ലാം കേട്ട് കഴിഞ്ഞ് അവൾ അയാളെ ആദ്യം കാണുന്നതുപോലെ നോക്കി. ആ നോട്ടത്തിൽ പുച്ഛവും നിരാശയും തിങ്ങി. അങ്ങേയറ്റത്തെ കുടുംബക്കാരാണെന്നും പറഞ്ഞ് തന്നെ രഘുമാഷ് കെട്ടിയതിനായിരിന്നില്ല അവർക്ക് പുച്ഛം.mini p c , story , iemalayalam

“എന്റെ മാഷേ അത്രേം കരുതുകയും സ്നേഹിക്കുകയുമൊക്കെ ചെയ്ത ഒരാളെ… നോക്കൂ, അച്ഛനെ കൊണ്ടുവന്നാ പോകുന്ന നെലയും വിലയുമൊക്കെ ആണെങ്കിൽ അങ്ങ് പൊയ്‌ക്കോട്ടെന്നെ. നമ്മള് ആരെയാ പേടിക്കുന്നത്,” അവൾക്ക് സങ്കടം കൊണ്ട് വാക്കുകൾ മുട്ടി.

“ഉം…പക്ഷെ നമ്മടെ അമ്മ സമ്മതിക്കില്ല,”അയാൾ മാനം നോക്കൽ മതിയാക്കി ചിന്തകളോടെ ചവിട്ടുപടിയിലിരുന്നു.

അയാൾ പറഞ്ഞത് പോലെതന്നെ പിറ്റേന്ന് വിവരം അറിഞ്ഞ പാടെ അതിനെ ആദ്യംമുതലേ കമലമ്മ ശക്തിയായി എതിർത്തു. ആ പേരിൽ സുധയും അമ്മയും തമ്മിൽ വാക്ക് പോരും നടന്നു. ഒടുവിൽ സുധയുടെ ദുർബ്ബലമായ ഹൃദയത്തെ മുൻ നിർത്തി അവർ മൗനം പാലിച്ചു.

” അമ്മ വെഷമിക്കണ്ട. ഞാൻ കുട്ടച്ചനെ എന്റെ അടുത്ത് നിർത്തിക്കോളാം. സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിച്ച അദ്ദേഹത്തെ പറ്റി അത്രേം വലിയൊരു നുണ പറഞ്ഞു ണ്ടാക്കിയതിനുള്ള ശിക്ഷയാ നമ്മളിപ്പോ അനുഭവിക്കുന്നത്. ഇപ്പോഴെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്തില്ലെങ്കിൽ ഇനിയെപ്പോഴാ? നമ്മള് ചെയ്ത പാപത്തിന്റെ കൂലി ഏഴ് തലമുറ അനുഭവിക്കും എന്നല്ലേ, ” സുധ കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ കുഞ്ഞനിയനൊപ്പം കുട്ടച്ചനെ കാണാൻ ഇറങ്ങി.

മൂന്നു മണിക്കൂർ എടുത്താണ് അവർ മീശയില്ലാത്തച്ചന്റെ മാനസിക രോഗ ആശുപത്രിയിലെത്തിയത്. കാര്യങ്ങൾ അറിഞ്ഞ് അച്ചന് സന്തോഷമായി.

“പൊക്കോ പോയി ഇനിയുള്ള കാലം സന്തോഷമായിട്ടിരിക്ക്, ” ഉന്തു വണ്ടിയിൽ രോഗികൾക്കുള്ള ഭക്ഷണവുമായി വാർഡിലേക്ക് പോകുന്ന കുട്ടനോട് അച്ചൻ
പറഞ്ഞു.

അതുകേട്ട് കുട്ടൻ മക്കളെ നോക്കി ചിരിച്ചു. പ്രായത്തിനെ പുറകിലേക്കോടിക്കുന്ന പണ്ടത്തെ നിഷ്ക്കളമായ അതേ ചിരി. രോഗികൾക്ക് ഭക്ഷണമെത്തിച്ച ശേഷം തിരികെ വന്ന് അയാൾ മക്കളെ കൺനിറയെ കണ്ടു.

അവർക്കു പുറകിലെ അഴികൾക്കുള്ളിലെ വിഷാദ രൂപികൾക്ക് നേരെ കൈ ചൂണ്ടി, “കണ്ടോ അതിലെ പലരുടെയും അസുഖം മാറിയതാണ് എന്നിട്ടും വീട്ടുകാർക്ക് അവരെ വേണ്ട. ഞാനും പോയാ ഇവർക്ക് ആരുമില്ലാണ്ടാവും. കുട്ടച്ചന് സന്തോഷായി. മക്കള് വന്നല്ലോ…”കാര പൊങ്ങിയ കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങുന്ന ആ ചുടു കണ്ണീർ വീണ് സുധയുടെയും രഘുവിന്റെയും ശിരസ്സു നനഞ്ഞു.

അച്ഛൻ ഇല്ലാത്ത മടക്കയാത്രയിൽ മിണ്ടാട്ടം മുട്ടിയവളെ പോലെ സുധ പുറമേയ്ക്ക് നോക്കിയിരുന്നു. അച്ഛൻ തങ്ങളോട് ക്ഷമിച്ചോ ഇല്ലയോ എന്ന തേക്കത്തിലായിരുന്നു അവളുടെ മനസ്സ്. ഒരു കൊടും വളവു കഴിഞ്ഞ് മുന്നേ പോകുന്ന ഒരു ടാങ്കർ ലോറിയെ മറികടക്കാൻ രഘു മാഷ് വണ്ടിയുടെ വേഗം കൂട്ടിയ അതേ നേരത്താണ് അയാളുടെ ഫോണിലേക്ക് ലതയുടെ സന്തോഷം നിറഞ്ഞ വിളി വന്നത്.

“എവിടെയെത്തി? ദീപമോള് വിളിച്ചിരുന്നു. കൗൺസിലിംഗ് കഴിഞ്ഞപ്പഴല്ലേ അറിയുന്നേ കുട്ടി ഏതോ മലയാളം സീരിയല് കണ്ട് എന്തോ തമാശ ഒപ്പിച്ചതാണെന്ന്. ഈ കുട്ടികളുടെ ഒരുകാര്യം. നിങ്ങടെ പുന്നാരപ്പെങ്ങളാണ് കുട്ടിയെ നാട്ടിൽ വന്നു നിന്ന സമയത്ത് സീരിയൽകാണാൻ പഠിപ്പിച്ചത്. പാവം ജിത്തു. അവനെ എല്ലാരും തെറ്റിദ്ധരിച്ചു. പിന്നെ നമ്മടെ കിണറ്റിൽ വെള്ളം കണ്ടു. പൂക്കുറ്റി പോലെയാ വെള്ളം ചീറ്റുന്നത്. മാഷ് അച്ഛനെയും കൊണ്ട് വേഗം വരൂ. എല്ലാം ആ നല്ല മനുഷന്റെ ഐശ്വര്യാണ്. അച്ചനെ നമുക്കെടുക്കാം വല്യേച്ചിയ്ക്ക് കൊടുത്തു വിടണ്ട.”

ലതയുടെ ചിരിയും സംസാരവും ലൗഡ് സ്പീക്കറിലൂടെ കേട്ട് സുധ സീറ്റിലേക്ക് ചാരി കണ്ണും പൂട്ടിക്കിടന്നു. അപ്പോഴവൾക്ക് എട്ടു വയസ്സായിരുന്നു. കുട്ടച്ചൻ കിളച്ചു മറിച്ച ഒരു പാടത്ത് പുതു മണ്ണിന്റെ നേരിയ തണുവിൽ അച്ഛന്റെ തണലിലിരുന്ന് അവളൊരു ഞാഞ്ഞൂലിനെ കളിപ്പിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Thanalmarangal short story mini pc