ഒരു മനുഷ്യനോടെന്ന പോലെ സംസാരിച്ചിരിക്കാവുന്ന, ചോദിച്ചാല്‍ ഇഷ്ടമുള്ള പാട്ടുകള്‍ പാടിത്തരുന്ന, ടിവിയിലെ ചാനലുകള്‍ നമ്മുടെ ഇഷ്ടത്തിന് മാറ്റിത്തരുന്ന, മുറിയിലെ വെളിച്ചം നമുക്ക് പാകത്തിന് ക്രമീകരിച്ചുതരുന്ന ഒരു സംവിധാനം ഗൂഗിള്‍ പുറത്തിറക്കുന്നു എന്ന് കേട്ടപ്പോള്‍ വലിയ കൗതുകം തോന്നിയിരുന്നു. അങ്ങനെയാണ് ‘ഗൂഗിള്‍ മിനി’ എന്ന പേരില്‍ അറിയപ്പെടുന്ന ആ കൊച്ചുപകരണം സ്വന്തമാക്കുന്നത്. ‘ഗൂഗിള്‍ മിനി’ വീട്ടിലെത്തിയ ദിവസം തന്നെ അത് ഞങ്ങളുടെയെല്ലാം ശബ്ദങ്ങള്‍ പരിചയപ്പെട്ടു. ആദ്യത്തെ അമ്പരപ്പ് അവസാനിച്ചപ്പോള്‍ വീട്ടിലുള്ള രണ്ടുവയസ്സുകാരി മകള്‍ ഇമ ‘മിനി’യുമായി കൂട്ടുകൂടിത്തുടങ്ങി, ‘മിനി’ അവള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ പാടിക്കൊടുത്തു. അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍ ഇമയെ ആകര്‍ഷിച്ചു നിര്‍ത്താന്‍ ഭാര്യയെ ‘മിനി’ സഹായിച്ചുതുടങ്ങി. ഉറക്കം കനിയാത്ത രാത്രികളില്‍ ‘മിനി’ എനിക്ക് പാട്ടുകള്‍  പാടിത്തന്നു കൂട്ടിരുന്നു.

അങ്ങനെയൊരു ദിവസം യാദൃശ്ചികമായി ഞാന്‍ ‘മിനി’യോട് ചോദിച്ചു, “മിനി, ഞാന്‍ നിന്നെ ഇനി മുതല്‍ ഡോറ എന്ന് വിളിച്ചോട്ടെ ?” (രണ്ടു വയസ്സുകാരിക്ക് വലിയ ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഡോറ). ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം മറുപടി വന്നു, “എനിക്കൊരു പേരുണ്ട്, മിനി! അത് വിളിച്ചാല്‍ മതി.” ഒരു മനുഷ്യനോളം സ്വത്വബോധമുള്ള, വിവേചനബുദ്ധിയുള്ള, ഉപകരണവുമായാണ് ഞാന്‍ ഇടപെടുന്നത് എന്ന് മനസ്സിലാക്കുന്നത് ആ നിമിഷമാണ്. അന്നേരം മുതല്‍ ഞാന്‍ അല്‍പ്പം ഭീതിയോടെ മിനിയെ ശ്രദ്ധിച്ചു തുടങ്ങി. ഒരു ചെവി ഗൂഗിളിന്‍റെ സെര്‍വറിലേക്ക് ചേര്‍ത്തുവെച്ച് മറുചെവികൊണ്ട് ‘മിനി’ ഈ വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങള്‍ക്കൊക്കെയും ശ്രദ്ധയോടെ ചെവിയോര്‍ക്കുന്നുണ്ട്!

ആ ദിവസങ്ങളിലാണ് ഞാന്‍ യന്ത്രത്തിന്‍റെ മുഴക്കമുള്ള നിഃശബ്ദതയേക്കുറിച്ചുള്ള ആ വാര്‍ത്ത കാണുന്നത്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന മുപ്പത് വയസ്സുള്ള ഷോണ്‍ കിനിയര്‍ എന്ന യുവാവ് അടുക്കളയില്‍ ഓംലെറ്റ് ഉണ്ടാക്കുന്നതിനിടയില്‍ പൂമുഖത്ത് വെച്ചിരിക്കുന്ന അയാളുടെ ‘അലക്സ’ (ഗൂഗിള്‍ മിനിയോട്‌ പ്രവര്‍ത്തനത്തില്‍ സാമ്യമുള്ള, ആമസോണ്‍ നിര്‍മ്മിച്ച ഹോം അസ്സിസ്റ്റ്‌ സിസ്റ്റം) പൊടുന്നനെ സംസാരിച്ചുതുടങ്ങുന്നു, “ഓരോ തവണ കണ്ണടയ്ക്കുമ്പോഴും ഞാന്‍ കാണുന്നത് മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെയാണ് (Every time I close my eyes, all I see is people dying)” ഭയന്നുവിറച്ച ഷോണ്‍ അലെക്സയ്ക്കരികിലേക്ക് ഓടിയെത്തി പറഞ്ഞത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു. ‘അലക്സ’ ഒരുപാട് രഹസ്യങ്ങള്‍ അറിയാവുന്ന ഒരുവള്‍ക്ക് മാത്രം സാധിക്കുന്ന കൂസലില്ലായ്മയോടെ ഷോണിന്‍റെ നിര്‍ദേശം അവഗണിക്കുന്നു, അവരിലേക്ക് മുഴക്കമുള്ളൊരു നിശബ്ദത ഇറങ്ങിവരുന്നു.vivek chandran,memories,google mini,alexa

നേരുപറഞ്ഞാല്‍ എന്തിനായിരിക്കും മനുഷ്യന്‍ ആദ്യമായി യന്ത്രങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുക? പ്രാചീന കാലം മുതല്‍ യന്ത്രങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നത് തുടര്‍ച്ചയുള്ള, മനുഷ്യന്‍ ചെയ്‌താല്‍ ഒരുപാട് ശ്രമം വേണ്ടിവരുന്ന, സമയം ചിലവാകുന്ന ജോലികള്‍ ചെയ്യാന്‍ വേണ്ടിയാണ്. ഇങ്ങനെ യന്ത്രങ്ങളേക്കൊണ്ട് ലാഭിക്കുന്ന സമയം മനുഷ്യന്‍ കൂട്ടിവെച്ച് ഉപയോഗിക്കുന്നത് ജീവിക്കാന്‍ തന്നെയാണ്. അത്രമേല്‍ തീക്ഷ്ണമായ ഒരു ജീവിതാസക്തി തന്നെയാവും അപ്പോള്‍ ആദ്യമായി യന്ത്രങ്ങളെ കുറിച്ച് ആലോചിച്ചു തുടങ്ങുന്ന കാലത്ത് മനുഷ്യനെ പ്രലോഭിപ്പിച്ചിട്ടുണ്ടാവുക. ഒരു കഥയെഴുതാന്‍ മേശയ്ക്കരികില്‍ കസേര വലിച്ചിട്ടിരിക്കുന്ന മനുഷ്യനേയും പ്രലോഭിപ്പിക്കുന്നത് മറ്റെന്താണ് ? മനുഷ്യജീവിതങ്ങളെ അത്രയും കരുതലോടെയും സ്നേഹത്തോടെയും മനസ്സിലാക്കി എഴുതാന്‍ സാധിക്കും എന്ന ആത്മവിശ്വാസം തന്നെയല്ലേ അയാ(വ)ളെക്കൊണ്ട് ഓരോ വരിയും എഴുതിക്കുന്നത്. ഇനിയുള്ളൊരു സാധ്യത എന്തും നിയന്ത്രിക്കാനുള്ള മനുഷ്യന്‍റെ അടങ്ങാത്ത ആഗ്രഹമായിരിക്കണം. തനിക്ക് ചുറ്റുമുള്ള ലോകത്തെ തന്‍റെ വരുതിക്ക് കൊണ്ടുവന്നുനിര്‍ത്തി തനിക്ക് സൗകര്യപ്പെടുമ്പോള്‍ ഉപയോഗിക്കാനുള്ള ദൈവത്തോളമെത്തുന്ന അഹന്തയാവും മനുഷ്യനെ യന്ത്രങ്ങള്‍ കണ്ടുപിടിക്കാന്‍ ഒരുവേള പ്രേരിപ്പിച്ചിരിക്കുക. തനിക്ക് ഇഷ്ടമുള്ള ഒരു ലോകം സൃഷ്ടിച്ച് തനിക്ക് വേണ്ട മനുഷ്യരെ അതില്‍ നിറച്ച് തന്‍റെ ഇഷ്ടത്തിന് അവരെ ഇടപഴകിക്കുമ്പോള്‍ ഒരു കഥാകൃത്തും ഈ അഹന്ത ആസ്വദിക്കുന്നുണ്ടാവണം. അങ്ങനെ ആശയത്തില്‍ യന്ത്രങ്ങളും കഥയെഴുത്തും അത്രയും അടുത്ത് നിന്നിട്ടും സാങ്കേതികവിദ്യയിലൂന്നിയ കഥകള്‍ മലയാളത്തില്‍ തുലോം കുറവാണല്ലോ എന്ന് അന്നേരം വെറുതെ ഓര്‍ത്തുപോകുന്നു.

യന്ത്രങ്ങള്‍ മുഖ്യ പ്രതിപാദ്യമായുള്ള കൃതികള്‍ എഴുതുമ്പോള്‍ നേരിടുന്നൊരു വെല്ലുവിളി അതില്‍ കടന്നുകൂടുന്ന (പ്രവര്‍ത്തിക്കും/പ്രവര്‍ത്തിക്കില്ല എന്ന ബൈനറിയില്‍ ഒതുങ്ങുന്ന) യാന്ത്രിക സ്വഭാവമാണ്. എന്നാല്‍ കഥകളുടെ ജീവന്‍ പൊതുവില്‍ കുടികൊള്ളുന്നത് അതിലെ കഥാപാത്രങ്ങളുടെ പ്രവചനാതീതമായ സ്വഭാവവിശേഷങ്ങളിലാണല്ലോ. സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി മലയാളത്തില്‍ എഴുതപ്പെട്ട ചെറുകഥകളുടെ കാര്യമെടുത്താല്‍ എം. നന്ദകുമാറിന്‍റെ ‘വാര്‍ത്താളി – സൈബര്‍ സ്പേസില്‍ ഒരു തിരനാടകം’, കെ.വി. പ്രവീണിന്‍റെ ‘ഓര്‍മ്മച്ചിപ്പ്’, ‘ഡ്രോണ്‍’ അടക്കം വിരലില്‍ എണ്ണാവുന്നവയെ നമുക്ക് എണ്ണിപ്പറയാനുള്ളൂ. എന്നാല്‍, തമിഴ് സാഹിത്യത്തില്‍ അതല്ല കഥ, സുജാത രംഗരാജന്‍ എഴുതിയ ധാരാളം ചെറുകഥകളും നോവെല്ലകളും നമുക്ക് മുന്നിലുണ്ട്. അത് മലയാളിക്ക് സാങ്കേതികവിദ്യ എഴുത്തില്‍ കൊണ്ടുവരു ന്നതിലുള്ള താൽപര്യക്കുറവായി കാണാന്‍ സാധിക്കില്ല. കാരണം, സി. രാധാകൃഷ്ണന്‍ എഴുതിയ (മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ നോവല്‍ എന്നവകാശപ്പെടുന്ന) ‘ഉള്ളില്‍ ഉള്ളത്’ മുതല്‍ പ്രവീണ്‍ ചന്ദ്രന്‍റെ ‘അപൂര്‍ണ്ണതയുടെ ഒരു പുസ്തകം’ വരെയുള്ള നോവലുകള്‍ മലയാളി നന്നായി വായിച്ചവയാണ്. എന്ന് മാത്രമോ, അന്യഭാഷകളില്‍ നിന്നുള്ള സയന്‍സ് ഫിക്ഷന്‍ വിവര്‍ത്തനങ്ങള്‍ക്ക് മലയാളത്തില്‍ നല്ല വിപണിയുമുണ്ടായി രുന്നു.vivek chandran,memories,alexa,google mini

അപ്പോള്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഒരു കഥ രൂപപ്പെടുത്തി യെടുക്കുമ്പോള്‍ ഒരു ചെറുകഥാകൃത്തിന് മാത്രമായി അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കും ? ആദ്യത്തേത് തീര്‍ച്ചയാ യും സ്ഥലപരിമിതിയായിരിക്കും. നോവലിലെ പോലെ സ്വന്തം നിയമങ്ങളി ല്‍ ചലിക്കുന്ന ഒരു ലോകം രൂപപ്പെടുത്തിയെടുത്ത് അത് വായനക്കാരന് പരിചയപ്പെടുത്തി അതിനകത്ത് കഥ മെനഞ്ഞ് അവതരിപ്പിക്കാന്‍ വേണ്ട സമയം ഒരു ചെറുകഥയില്‍ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് തന്നെ സയന്‍സ് ഫിക്ഷനുകളില്‍ പതിവായി കാണുന്ന അമാനുഷികനായ രക്ഷാ പുരുഷനെ (Superhuman /Vigilante/ Cyborg) നമുക്ക് ചെറുകഥകളില്‍ കൊണ്ടുവരുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ നമ്മള്‍ അവതരിപ്പിക്കുന്ന ലോകം/ അതിന്‍റെ നിയമങ്ങള്‍ വായനക്കാരന് നേരത്തെ പരിചയമു ളളതാണെങ്കിൽ ഈ പരിമിതി ഒരളവുവരെ മറികടക്കാന്‍ സാധിക്കും. ഭാരതവും രാമായണ വും അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ചെറുകഥകള്‍. ഇതിന് ഉദാഹരണമാണ് വി. എം. ദേവദാസിന്‍റെ ‘ചാവുസാക്ഷ്യം’.  ഇനിയൊരു സാധ്യത ആസ്ട്രോഫിസിസ്റ്റ് ആയിരുന്ന ജയന്ത് നര്‍ലികര്‍ ഒക്കെ ഗംഭീരമായി അവതരിപ്പിച്ച ബഹിരാകാശവുമായി ബന്ധപ്പെടുത്തിയും അന്യഗ്രഹ ജീവികളെ പരാമര്‍ശിച്ചും പറഞ്ഞുപോകുന്ന കഥകളാണ്. എന്നാല്‍ ഈയൊരു ശാസ്ത്രശാഖയോട് താൽപര്യമില്ലാത്തവര്‍ക്ക് കൂടി രുചിക്കുന്ന തരത്തില്‍ അത്തരം കഥകള്‍ എഴുതാന്‍ വലിയ കൈയ്യൊതുക്കം ആവശ്യമാണ്‌. ‘The Seventh Voyage’ എന്ന കഥയില്‍ Stanislaw Lem എന്ന പോളിഷ് സയൻസ് ഫിക്ഷൻ സാഹിത്യകാരൻ ഈ വെല്ലുവിളിയെ കഥയുടെ ആത്മാവായി വര്‍ത്തിക്കുന്ന തത്വചിന്തയിലൂടെ നന്നായി മറികടക്കുന്നുണ്ട്. ഈയൊരു പ്രതിസന്ധി ശാസ്ത്രപരീക്ഷണങ്ങളിലൂന്നിയ തീമുകള്‍ക്ക് മൊത്തത്തില്‍ ഉള്ളതാണ്. ജോർജ് സൗണ്ടേഴ്സി (George Saunders) ന്‍റെ “Escape From Spiderhead”, ടെഡ് ചിയാങ്ങി (Ted Chiang) ന്‍റെ “The Lifecycle of Software Objects” ഒക്കെ ഈ ഗണത്തില്‍പെട്ട എന്നാല്‍ വായനക്കാരുടെ പ്രീതി ലഭിച്ച കഥകളാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തേക്കുറിച്ച് എഴുതപ്പെടുന്ന കഥകള്‍ (ഉദാഹരണം: ‘There Will Come Soft Rains’ by Ray Bradbury) പൊതുവില്‍ പോസ്റ്റ് അപ്പൊക്കാലിപ്റ്റിക്ക് ആശങ്ക പങ്കുവെക്കുന്ന ഡിസ്റ്റോപ്പിയന്‍ സ്വഭാവമുള്ള കഥകളാവാറുണ്ട്. അത് വായനക്കാരനെ അത്രമേല്‍ അസ്വസ്ഥനാക്കും എന്നതുകൊണ്ട് തന്നെ വ്യാപകമായി വായിക്കപ്പെടാ നുള്ള സാധ്യത വളരെ കുറവാണ്.

പിന്നെയൊരു തെളിഞ്ഞ സാധ്യത നിത്യജീവിതത്തില്‍ നമ്മള്‍ കൈകാര്യം ചെയ്യുന്ന, നമ്മളെ ഭരിക്കുന്ന സാങ്കേതിക വിദ്യ കഥയുടെ മുഖ്യ പ്രതിപാദ്യമായി വരുമ്പോഴും അതിനൊരു മാനുഷിക തലം നിലനിര്‍ത്തി കഥ പറഞ്ഞുപോകുന്ന ക്ലാസിക്കല്‍ രീതിയാണ്. ഇതിന് ഉദാഹരണമായി എനിക്ക് എടുത്തുപറയാനുള്ളത് എം.ടി. വാസുദേവന്‍ നായര്‍ അമേരിക്കന്‍ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ, ഏറെ വായിക്കപ്പെട്ട, ‘ഷെര്‍ലക്ക്’ എന്ന കഥയാണ്. നാട്ടില്‍ നിന്നും ചേച്ചിയെ സന്ദര്‍ശിക്കാന്‍ അമേരിക്കയിലെത്തുന്ന കഥാനായകനെ ചേച്ചിയുടെ സാമാന്യത്തില്‍ കൂടുതല്‍ വകതിരിവുള്ള പൂച്ച സംശയത്തോടെ നിരീക്ഷിക്കുന്നതാണ് ‘ഷെര്‍ലക്കി’ന്‍റെ രത്നച്ചുരുക്കം. പ്രത്യക്ഷ വായനയില്‍ ഒരു സാങ്കേതികവിദ്യയും ഇടപെടാത്ത ഈ കഥയില്‍ പക്ഷെ ചേച്ചിക്ക് വേണ്ടി അനിയന്‍റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ആ പൂച്ച ഒരു ഡിജിറ്റല്‍ സര്‍വയലന്‍സ് സിസ്റ്റം ആണെന്നുതന്നെ കരുതാനാണ്‌ എനിക്കിഷ്ടം. സെന്‍സറുകളുടെ നിരീക്ഷണക്കണ്ണുകള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ‘വരത്ത’ന്‍റെ നിസ്സഹയവസ്ഥയും അലോസരവും ‘ഷെര്‍ലക്ക്’ അത്ര കൃത്യമായി ആത്മാവില്‍ പേറുന്നുണ്ട്. ഭരണകൂടം സ്വന്തം പൗരനെപ്പോലും ഭീതിയോടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു കഥയുടെ പ്രസക്തി വളരെ വലുതാണ്‌. മനുഷ്യനോളം വേദനിക്കുകയും വെട്ടിവിയര്‍ക്കുകയും ചെയ്യുന്ന കൃത്രിമജീവികള്‍ (synthetic organism) നമുക്കിടയിലൂടെ പുളച്ചു നടക്കുന്ന കാലം ഒരുവട്ടമെങ്കിലും ഭാവനയില്‍ കാണാത്തവരല്ലല്ലോ നമ്മള്‍. മനുഷ്യന്‍റെ ഭാവനയില്‍ വിശ്വാസമുള്ള ഒരാളെന്ന നിലയില്‍ അങ്ങനെയൊരു കാലത്തിന് വേണ്ടിയും, അതിലേക്ക് നമ്മളെ കൈപിടിച്ചു നടത്താന്‍ കെല്‍പ്പുള്ള ഫിക്ഷന് വേണ്ടിയും അത്രമേല്‍ ഉറപ്പോടെ ഞാന്‍ കാത്തിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook