മിത്തും ചരിത്രവും ഭാവനയും മനോഹരമായി ഇഴപാകിയെടുത്ത നോവലാണ് ടി.ഡി.രാമകൃഷ്ണന്‍റെ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി”. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദേവനായകി മുതൽ ശ്രീലങ്കയിലെ വിമോചന പോരാട്ടത്തിലും സർക്കാരിന്‍റെ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളിലും പ്രതിരോധം തീർക്കുന്ന പെൺപോരാളികൾ നിറഞ്ഞ ഈ നോവൽ സ്വാതന്ത്ര്യത്തിന്‍റെയും സാമൂഹിക തുല്യതയുയുടെയും ഒരു ബദൽ ലോകത്തെ സ്വപ്നം കാണുന്നു. ഉടൽ മുറിഞ്ഞാലും ഉയിർ വേർപ്പെട്ടാലും അധീശ വ്യവഹാരങ്ങളെ ഇല്ലാതാക്കണമെന്ന ലക്ഷ്യബോധമുള്ള പെൺപോരാളികൾ .

ഒരു രാജ്യത്തിന്‍റെ ആഭ്യന്തര സംഘർഷങ്ങളുടെയും വംശഹത്യയുടെയും ചരിത്രം ഈ പെൺപോരാളികളിലൂടെയാണ് വായനക്കാരിലെത്തുന്നത്.

ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തിനു ശേഷം ശ്രീലങ്കൻ സർക്കാരിന്‍റെ സഹായത്തോടെ ട്രാൻസ് നാഷണൽ പിക്ചേഴ്സ് നിർമിക്കുന്ന ‘Woman Behind the Fall of Tigers’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയ പീറ്ററിലൂടെയും സംവിധായകനും ക്യാമറ വുമണുമായ ആനും അടങ്ങുന്ന ഒരു സംഘം ശ്രീലങ്കയുടെ രാഷ്ട്രീയ സാംസ്കാരിക ഭൂപടത്തിലൂടെ നടത്തുന്ന യാത്രയാണ് നോവലിന്‍റെ ഇതിവൃത്തം. സിനിമയുടെ കേന്ദ്രകഥാപാത്രമായ രജനി തിരണഗാമയുടെ ഭാഗം അഭിനയിക്കാൻ പണ്ടു താൻ കണ്ടെത്തിയ സുഗന്ധി എന്ന പെൺകുട്ടിയെക്കുറിച്ച് പീറ്റർ അന്വേഷിക്കുന്നതിലൂടെ സുഗന്ധിയിലേയ്ക്കും ഒപ്പം ദേവനായകിയുടെ കഥയിലേയ്ക്കും ചെന്നെത്തുന്നു.

2001-ൽ ശ്രീലങ്കയിലെ സിഗിരയിൽ നിന്നു കണ്ടെടുത്ത തൊള്ളായിരത്തിലേറെ വർഷം പഴക്കമുള്ള പാലി ഭാഷയിൽ എഴുതിയ ‘സുസാനസുപിന’ (സ്വപനങ്ങളുടെ ശ്മശാനം) എന്ന കൃതിയിലാണ് ദേവനായകിയുടെ കഥ രേഖപ്പെടുത്തിയിട്ടുള്ളത്. സംഗീതവും നൃത്തവും അർത്ഥശാസ്ത്രവും ആയോധനമുറകളും അഭ്യസിച്ച ദേവനായകി സൈനിക തലവനായ പെരിയ കോയിക്കന്‍റെ മകളിൽ നിന്നും കാന്തളൂർ രാജാവായ മഹേന്ദ്രവർമയുടെ റാണി പട്ടം നേടിയത് ഈ അഭ്യാസങ്ങളുടെ പിൻബലത്തിലാണ്. കൗടലീയവും കാമസൂത്രവും സമന്വയിച്ച പെൺ രൂപം. യുദ്ധം ജയിക്കാൻ ആയുധങ്ങളേക്കാൾ ബുദ്ധിയാണ് വേണ്ടതെന്ന് രാജാവിനെ ഓർമ്മിപ്പിക്കുന്ന ദേവനായകി രാഷ്ട്ര തന്ത്രത്തിലെ സൂക്ഷ്‌മാംശങ്ങളെ പ്രായോഗികതയിലെത്തിക്കുന്നു.

സ്ത്രീയെ കേവലം ഉപഭോഗവസ്തുവായി മാത്രം കണ്ട കാന്തളൂർ മന്നനും യുദ്ധങ്ങളിൽ പിടിച്ചെടുക്കുന്ന പെണ്ണിനെ തന്‍റെ ഭോഗതൃഷ്ണക്ക് ഉപയോഗിക്കുന്ന ചോള മന്നനും ചെറിയ പെൺ കുഞ്ഞുങ്ങളെപ്പോലും കാമപൂരണത്തിന് ഉപയോഗിക്കുന്ന സിംഹള മന്നനും സ്ത്രീകളെ അടിച്ചമർത്തുന്നതിൽ സമർത്ഥരാണ്. തന്‍റെ മകളെ കൊന്ന സിംഹള മന്നനായ മഹീന്ദനെ വകവരുത്താൻ ലങ്കയിലെത്തിയ ദേവനായകി ബുദ്ധ സന്യാസിയായ നിശാങ്കവജ്രനിൽ നിന്ന് താന്ത്രികനുഷ്ഠാനങ്ങൾ അഭ്യസിച്ച് ജ്ഞാനമാർഗം നേടുന്നു. മഹീന്ദനാൽ ഇരുമുലകളും ഛേദിച്ച് ഉപേക്ഷിക്കപ്പെട്ട ദേവനായകി ജ്ഞാനസരസ്വതിയായി ആകാശത്തേക്ക് ഉയർന്നു.  ദേവനായകിയുടെ പുനരവതരമാണ് ശ്രീലങ്കൻ ഭരണകൂടം ആസിഡ് കൊണ്ട് മുഖം വികൃതമാക്കുകയും കൈകൾ മുറിച്ചു മാറ്റുകയും ചെയ്ത സുഗന്ധി; ശ്രീലങ്കൻ പ്രസിഡന്റ് രാജപക്സെ പങ്കെടുത്ത കോമൺവെൽത്ത് ഉച്ചകോടിയിൽ തീഗോളമായി ആകാശത്തേക്ക് ഉയരുന്നു.

ദേവനായകിയുടെ ജീവനാംശമാണ് രജനി തിരണഗാമയിലേയ്ക്കും, സുഗന്ധിയിലേയ്ക്കും, ‘ഗായത്രി പെരേരയിലേയ്ക്കും പൂമണി ശെൽവ നായകത്തിലേയ്ക്കും, ജൂലിയറ്റ് ഡിസൂസയിലേയ്ക്കും രക്തരേഖ പേലെ നീളുന്നത്.

മിത്തും രാഷ്ട്രീയവും സംസ്കാരവും ഒത്തുചേരുന്ന ഈ നോവലിൽ ശ്രീലങ്കയുടെ ചരിത്രത്തിന്‍റെ മൂന്നു കാലങ്ങൾ ഒരു മിത്തിന്‍റെ സഹായത്തോടെ അടയാളപ്പെടുത്തുന്നു. കുലശേഖര സാമ്രാജ്യക്കാലം. മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന എൽ.ടി.ടി.യുടെ പോരാട്ട കാലം. ആഭ്യന്തര യുദ്ധത്തിൽ വേലുപ്പിള്ള പ്രഭാകരനും സംഘാംഗങ്ങളും കൊല്ലപ്പെട്ടതിനു ശേഷം രാജപക്സെ ജനപിന്തുണയോടെ അധികാരത്തിലെത്തിയ വർത്തമാനകാലം.

“കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തൻ നാൻ”

സുഗന്ധി എന്ന വിമോചന പോരാളിയുടെ ഈ വാക്ക് നോവൽ വായനയുടെ വാതിൽ തുറക്കുന്നവയാണ്.

കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ