നക്‌സൽബാരിയുടെ അമ്പതാം വർഷംചർച്ച ചെയ്യപ്പെടുമ്പോൾ അക്കാലത്തെ ശ്രദ്ധേയമായ ഒരു കഥ പുനഃ പ്രസിദ്ധീകരിക്കുന്നു. ഒരുപക്ഷേ നക്‌സലൈറ്റ് രാഷ്ട്രീയത്തെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏക സ്ത്രീ കഥ. കേരളം ഇളകി മറിഞ്ഞ നക്‌സൽബാരി കാലത്തെ സ്വന്തം അനുഭവങ്ങളിൽ നിന്നും ഒരു സ്ത്രീ എടുത്തെഴുതിയ കഥ.   എം സുകുമാരൻ, യു പി ജയരാജ്, പി.കെ നാണു എന്നിവരുടെ ശക്തമായ രാഷ്ട്രീയ കഥകൾക്കൊപ്പം ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കഥ.ആ പ്രാധാന്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.  1974 നവംബർ മൂന്നിന് മാതൃഭൂമി ആഴ്ചപതിപ്പിൽ​ പ്രസിദ്ധീകരിച്ച കഥയാണിത്.

                    കഥയെഴുതിയ സാഹചര്യത്തെ കുറിച്ച് കഥാകൃത്തെഴുതുന്നു…

70 കളുടെ ആദ്യ പകുതിയിൽ നക്സലൈറ്റ് പ്രസ്ഥാനം സജീവമായിരുന്ന കാലത്തായിരുന്നു വിദ്യാർത്ഥി ജീവിതം . അന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർത്ഥിനിയായിരുന്നു. പ്രസ്ഥാനത്തിൽ അറിയപ്പെട്ടവരും പിന്നീട് വിസ്മൃതരായവരും ആയ പ്രവർത്തകരും അനുഭാവികളും കേരളത്തിൽ പലയിടുത്തും എന്ന പോലെ,എന്‍റെ കുടുംബത്തിലും ഉണ്ടായി; ഒരു തീവ്ര അനുഭാവി. കോങ്ങാട് സംഭവത്തിന് ശേഷം തുടർക്കഥയായ നക്സൽ വേട്ടയുടെ നേരനുഭവങ്ങളിൽ നിന്ന് ആണ് കഥ എഴുതിയത്. 1974 നവംബർ മൂന്നിന് മാതൃഭൂമി ആഴ്ചപതിപ്പിലാണ് ഈ​ കഥ ആദ്യം പ്രസിദ്ധീകരിച്ചത്. 

      – പി.ലതിക 

ആകാശത്തു ചുണ്ണാമ്പ് കക്കകൾ നീറിക്കിടന്ന ദിവസങ്ങളിലൊന്നിൽ പതിവ് പോലെ സുദേശ് വന്നു .തൂവാല മടക്കി തലയിൽ കെട്ടി വാതിൽക്കൽ നിന്ന് സ്വയം പ്രഖ്യാപിച്ചു

“പാദുഷ”

ഞാൻ ശ്രദ്ധാപൂർവം തീപ്പിടിപ്പിച്ചു .അടുപ്പിൽ നാളങ്ങളും പാത്രത്തിൽ വെള്ളവും നിറച്ചു.

“രാജേന്ദ്രനില്ലേ ഇവിടെ?’

“ഇല്ല”

എനിക്കൊരേട്ടനുണ്ടായിരുന്നു; രാജേന്ദ്രൻ. മഥുരാപുരിയിൽ നിന്ന് പുറത്തേക്കുള്ള പാതയിൽ മടങ്ങിവരാത്ത കാലടിപ്പാടുകൾ അവശേഷിപ്പിച്ചു അദ്ദേഹം പോയി. ഈ ലോകത്തിന്‍റെ ദുഃഖ കാരണം, ഗർഭസ്ഥനായിരുന്നപ്പോൾ ശ്രോതാവാരെന്നറിയാതെ ഭഗവാനുപദേശിച്ചതാവും.

“എവിടെപ്പോയി ചക്രവർത്തി?”

അതൊരിക്കലെങ്കിലും ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ! എവിടെയോ…
രാജേന്ദ്രൻ നടക്കുകയായിരുന്നു. രാത്രി, ഗ്രാമത്തിന്‍റെ ഓരത്തു കൂടെ, പൊടി മണ്ണടങ്ങിയ ഒറ്റയടിപ്പാതയിലൂടെ. അടിവാരത്തിൽ നിന്ന് ഗ്രാമീണോത്സവങ്ങളുടെ കൊട്ടുയർന്നു. ആ പ്രാകൃത സംഗീതം കൗമാരത്തിന്‍റെ ഇളം ചുവപ്പാർന്ന പശ്ചാത്തലത്തിലും അയാളുടെ ബോധേന്ദ്രിയങ്ങൾ ഉൾക്കൊണ്ടില്ല. കാരണം, അവ നിഗൂഡവും അസാധാരണവും ആയ ഒരു ലോകത്തു നഷ്ടപ്പെട്ടലയാൻ വിധിക്കപ്പെട്ടവയായിരുന്നു. പ്രപഞ്ച ചരിത്രം ആ ബുദ്ധിയിൽ പലവുരു ചവിട്ടി നടന്ന പാതയായിരുന്നു, ഗ്രാമങ്ങൾ നഗരങ്ങളെ വളയുന്ന പരിപക്വ നിമിഷം കാത്ത് അതിലേക്കു കാലത്തിനേയും നയിച്ച് അയാൾ സഞ്ചരിച്ചു. പക്ഷെ ഹൃദയത്തിന്‍റെ നിറമെന്തെന്നു മനസ്സിലാക്കിയില്ല. യുവത്വത്തിന് മുൻപ് സ്വയം മാർഗം തിരഞ്ഞെടുത്തു യാത്രയാരംഭിച്ചു. വഴിയരികിലെ തുടുത്ത മൾബറി കായകൾ കണ്ട് സ്വന്തം ഹൃദയത്തിന്‍റെ പ്രതിച്ഛായകളെന്നു ധരിച്ചു. അവരുമായി കാലത്തിന്‍റെ  സംരക്ഷണച്ചുമതല പങ്കുവെച്ചു. ഋതുക്കൾ പുറമെ തുടുപ്പിച്ച മൾബറി കായകൾ. അവയുടെ അവിശ്വസ്തത എല്ലാം കാണുന്ന കണ്ണിൽ പെട്ടില്ല.

malayalam short story, p. lathika, naxalite

1974 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച കഥയുടെ ഭാഗം

മനുഷ്യ സ്പര്ശമേല്ക്കാത്ത ആ മലയോരപ്രദേശത്തിന്‍റെ പ്രാകൃത മുഖഭാവങ്ങളുടെ മുൻപിൽ വേദനിക്കാനാവകാശമില്ലാത്ത സുദൃഢമായ പാദങ്ങൾ നീങ്ങി.

ഇലകൾ ഉണങ്ങിയ വേനൽപ്പൊന്തകൾക്കിടയിൽ, അവർ സമ്മേളിച്ചു. മലയിൽ നിന്ന് അസ്ഥികൾ മരവിപ്പിക്കുന്ന കാറ്റു വീശി. അവർക്കു നടുവിൽ തീനാളം കാറ്റത്തുലഞ്ഞു. ചുറ്റുമിരിക്കുന്നവരുടെ മുഖങ്ങൾ കനൽക്കട്ടകൾ പോലെ ജ്വലിച്ചു. ഒരു പ്രസ്ഥാനത്തിന്‍റെ ശൈശവദശയിൽ സ്വാഭാവികമായ എല്ലാ വൈകല്യങ്ങളുടെയും കറുത്ത പഴങ്ങൾ പങ്കിടേണ്ടവരായിരുന്നു അവർമടുപ്പിന്‍റെയും ആലസ്യത്തിന്‍റെയും കറുപ്പ് തിന്നു മയങ്ങിക്കിടന്ന ജനങ്ങൾ ചുവപ്പിനെ ഭീകരതയുടെ നിറമായി മാറ്റിനിർത്തിയവരായിരുന്നു. രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്തവർ. പക്ഷെ അവരടങ്ങുന്ന സമൂഹം സമുദ്രം പോലെയാണ്. അതിന്‍റെ അവസാനിക്കാത്ത അടരുകൾക്കുള്ളിൽ പ്രസ്ഥാനം ഒരു ഫംഗസിനെ പോലെ വേരുകളാഴ്ത്തി പടരണം. അഗ്രം കണ്ടെത്താൻ കഴിയാതെ പ്രത്യാക്രമണം എവിടെ നിന്നു തുടങ്ങണം എന്നറിയാതെ ശത്രു വിഭ്രാന്തിയിൽ ബലഹീനനാവണം. അതാണ് നമ്മുടെ സമയം’
പദ്മവ്യൂഹത്തിന്‍റെ ഹൃദയത്തിലേക്കുള്ള മാർഗം . ആ ഉണക്കിലകൾ നീറിക്കരിഞ്ഞു, ചുറ്റുമിരുന്നവർ പിരിഞ്ഞു. അഗ്നിയുടെ ഒരു ശലാക ഒരിക്കലുമൊടുങ്ങാത്ത കാറ്റിന്‍റെ ചിറകിൽ ഉയർന്നു, പറന്നലഞ്ഞ.  ഈ ഗ്രഹത്തിലെ വാസം കൊണ്ട് ജന്മങ്ങളിലേക്കു പരസ്പരം ബന്ധിപ്പിക്കപ്പെട്ട അനേകം ഹൃദയങ്ങളിൽ അസമാധാനത്തിന്‍റെ ഓരോ കനൽ ഉതിർത്തു .
പ്രകൃതിയിലെ ഏറ്റവും സ്വാഭാവികമായ വികാരമാണ് സ്നേഹം. ഒരു വ്യക്തിക്ക് സ്നേഹിക്കാനെനെന്തെങ്കിലും വേണം, ജീവിതത്തെ ഒരടിമയെപ്പോലെ നാശകരമായ വിധത്തിൽ ബന്ധിക്കാൻ ഒരിടം. സ്നേഹം കൊണ്ട് ആരേയും അസ്വതന്ത്രനാക്കാൻ ഒരാൾക്കേ കഴിയൂ…, എന്‍റെ ഏട്ടനെ സ്നേഹത്തിന്‍റെ പട്ടു നാടകൾ കൊണ്ട് ഏതെങ്കിലും ഒരു പെൺകുട്ടി അസ്വതന്ത്രനാക്കിയിരുന്നുവെങ്കിൽ ഞാനവൾക്കു എന്‍റെ ജീവിതം കൊടുക്കുമായിരുന്നു.

സുദേശ് പറഞ്ഞു “അതിനു എല്ലാവർക്കും അവനുള്ളത്‌ പോലെ ഒരു സഹോദരി വേണ്ടേ?”
എന്‍റെ തേരിന്‍റെ ചക്രങ്ങളൊക്കെ ആണിയഴിഞ്ഞുരുളുമ്പോഴും പരോക്ഷമായ ഈ അംഗീകാരത്തിന്‍റെ  അച്ചാണിയിന്മേലാണ് ഞാൻ യാത്ര തുടർന്നത്.

എല്ലാവരേക്കാളും കൂടുതൽ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഏട്ടൻ. വീട്ടിൽ ഞങ്ങളുടെ തീൻമേശക്ക് ചുറ്റും അതെന്നും ചിരിയിലവസാനിക്കുന്ന സംഭാഷണ വിഷയമായിരുന്നു. പാവം അമ്മ. പിന്നെ വിശേഷ ഭക്ഷണം ഉണ്ടാക്കിയപ്പോഴൊക്കെ കണ്ണുകൾ കവിഞ്ഞു. ആത്മാർത്ഥമായ കണ്ണീര് ഈ ജന്മത്തിന്‍റെ ഭൂമിയിൽ വീഴാനിടവെക്കരുത്. ഒടുങ്ങാത്ത ശാപം പോലെ അത് ആത്മാവിനെ ഗ്രസിക്കും.

അച്ഛൻ- തലമുറകൾക്കിടക്കുള്ള വിടവ് ഹ്രസ്വമായിരുന്നു. മക്കൾക്ക് പ്രപഞ്ചത്തിന്‍റെ കലവറകളിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു. വിവേകത്തിന്‍റെ വിളക്കുകൾ കൊളുത്തി കയ്യിൽ കൊടുത്തു. വേനൽക്കാലാകാശത്തേക്കാൾ വിശാലമായിരുന്നു അച്ഛന്‍റെ ഹൃദയം. ആ ഹൃദയത്തിലും മുറിവേറ്റു. സ്വയം നിർമ്മിതമല്ലാത്തതു കൊണ്ട് മുറിവുണക്കാനുള്ള ഉപാധികളൊന്നും കണ്ടെത്തുക സാധ്യമായില്ല. മുറിവുകൾ സഹനം കൊണ്ട് കഴുകി ആത്മാവ് അനശരത്വം പ്രാപിക്കട്ടെ. ഇനിയും ബാധ്യതകളുടെ ഭാരവും ചുമന്നു ഉടുപ്പുകൾ മാറി ജനനത്തിൽ നിന്ന് ജനനത്തിലേക്കും മരണത്തിൽ നിന്ന് മരണത്തിലേക്കും സഞ്ചരിക്കാതിരിക്കട്ടെ. ഈ കർമ്മ ഭൂമിയുടെ രക്തം പുരണ്ട പാ തകളിൽ സുഖമെന്തെന്നറിഞ്ഞിട്ടില്ലാത്ത പാദങ്ങൾ പിന്നെയും പിന്നെയും അലയാതിരിക്കട്ടെ.
രണ്ടാഴ്ചകൾ… ഉൽക്കണ്ഠയുടെയും അനിശ്ചിതത്വത്തിന്‍റെയും അവസാനത്തിൽ പദ്‌മവ്യൂഹത്തിന്‍റെ ഹൃദയ ദളങ്ങൾക്കുള്ളിൽ ബന്ധനസ്ഥനായത് ആരും പറയാതെ അറിഞ്ഞു.

ഒരു ദിവസം നീല നിറത്തിലുള്ള വാഹനം വീട്ടിനു മുന്നിൽ നിന്നു. ആരും കാക്കികുപ്പായം ധരിച്ചിരുന്നില്ല. വീട്ടിനുള്ളിൽ എല്ലായിടത്തും പരതി. ഒരു ഡയറി? ചെറിയ കുറിപ്പുകൾ, മേൽവിലാസങ്ങൾ.

“ഏതാ അവന്‍റെ മുറി?”

“ഇവിടെ അങ്ങനെ പ്രത്യേകിച്ചാർക്കും ഒന്നൂല്യ”

“ഒളിപ്പിച്ചു വെച്ചാലുള്ള ഫലം അറിയാലോ?”

“മകൻ പോയാൽ പിന്നെ ഞാനെന്തിനാ അവന്‍റെ വസ്തുക്കൾ ഒളിപ്പിച്ചു വെക്കണത്?”

“മകനെ ഇതിനൊക്കെ വിടുമ്പോൾ ആലോചിക്കേണ്ടതായിരുന്നു.”

“ഒരമ്മയും അറിഞ്ഞു കൊണ്ട്…….”

പോകാനിറങ്ങിയവർ തിരിഞ്ഞു നിന്നു. അച്ഛനെ വിളിച്ചു അടുത്തു നിർത്തി പറഞ്ഞു

“നിങ്ങൾക്കറിയോ ; പിടിക്കുമ്പോൾ അവന്‍റെ കയ്യിൽ വിദേശ നിർമ്മിതമായ ആയുധം ഉണ്ടായിരുന്നു.നിങ്ങളെയാണത് കൊണ്ട് വെടി വെക്കേണ്ടത് ”

അച്ഛൻ നിശ്ശബ്ദനായിരുന്നു. കാതുകളും കണ്ണുകളും കോഴിപ്പൂ പോലെ ചുവക്കുന്നത് കണ്ടു. അവർ പോയപ്പോൾ അമ്മയോട് പറഞ്ഞു.

malayalam short story, naxalite, lathika

“അവൻ കവുങ്ങായി. അടക്കയാവുമ്പോഴും മടിയിലിരിക്കാത്തവൻ..” അന്ന് അമ്മ ബോധം നഷ്ടപ്പെട്ടു വീണു. ഞങ്ങളുടെ തീൻ മേശക്കു ചുറ്റും തിരക്കൊഴിഞ്ഞു. സായാഹ്‌ന സവാരിയുടെ വർണങ്ങൾ നിറഞ്ഞ പാതകൾ ഞങ്ങൾ മറന്നു പോയി .

അവസാനം തീരത്തെത്തി. മറ്റു മാർഗങ്ങൾ ഇല്ലെന്നിരിക്കെ അച്ഛൻ ആദ്യം പാലത്തിൽ കാൽവെച്ചു. ദൃശ്യാദൃശ്യ പാശങ്ങൾ കൊണ്ട് ബന്ധിതരായിരുന്ന ഞങ്ങൾ സ്വയമേവ പിന്തുടർന്നു. കപിലവസ്തുവിലെ കൊട്ടാരത്തിൽ സമാധാനത്തിന്‍റെ പളുങ്കുപാത്രം അന്നുടഞ്ഞു.

ഒരു ദുഖത്തിന്‍റെ ഒളിയമ്പ് കൊണ്ട് നിർവൃതിയിൽ മൂർച്ഛിക്കാനുള്ള വരം എനിക്ക് ലഭിച്ചില്ല. അത് എന്നും എന്‍റെ മനസ്സിൽ ഈന്തപ്പനയുടെ വിത്തായി മുളക്കാതെ കിടന്നു. ഋതുക്കൾ വന്നതും പോയതും അറിയാതെ.

അച്ഛൻ പറഞ്ഞു, മുറ്റത്തു ചാരുകസേരയിൽ കിടന്നു ഒരാത്മ സംഭാഷണത്തിന്‍റെ തുടർച്ചപോലെ…

“കുട്ടിയോട് പറയാലോ, അച്ഛനന്ന് വാർഡനുമൊന്നിച്ചു ചെന്നപ്പോൾ മുറിയിൽ ഒറ്റക്കായിരുന്നു അവൻ. അന്ന് കൊണ്ടു പോവുമ്പോൾ ധരിച്ചിരുന്നില്ലേ, ആ ഷർട്ട് ചുമലിലിട്ടിരുന്നു. മുറിയുടെ നടുവിൽ ഒരു പായയിൽ ഇരിക്കുകയായിരുന്നു. കാൽ വിരൽത്തുമ്പിൽ എത്തി നോക്കിയാലും കാണാത്ത ജനാലയിലൂടെ മിഴികളയച്ചുകൊണ്ട്…, ശിരസ്സിനുള്ളിലെവിടെയോ ഒരു ഞരമ്പ് പിടച്ചത് പോലെ തോന്നി അച്ഛന്. അന്നത്തെപ്പോലൊരു തലവേദന അച്ഛന് മുൻപ് ഉണ്ടായിട്ടില്ല. നമ്മൾ ഇത്രയധികം ഓമനിച്ചു വളർത്തിയിട്ട് …”

ഇതൊന്നും സഹിക്കാനുള്ള ശക്തി ഇരുപത്തൊന്നു വർഷത്തെ ജീവിതവും എനിക്കും നൽകിയിട്ടില്ല.

ഞാനന്നൊരു തപാലാപ്പീസിൽ പണിയെടുത്തിരുന്നുവല്ലോ. ഒരു വൈകുന്നേരം ഞാൻ വന്നപ്പോൾ വാതിലിനു പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു ഏട്ടൻ. ഒരു വെളുത്ത തൂവാല കൊണ്ട് ശരീരം പുതച്ചിരുന്നു. ഞാൻ തൊട്ടു പിന്നിൽ പോയി നിന്നു

“അവർ വല്ലാതെ മർദ്ദിച്ചുവോ ഏട്ടാ”, ഞാൻ ചോദിക്കാനാഞ്ഞു. പക്ഷെ നിശബ്ദം നിന്നു. മുടി വളരെ ചെറുതാക്കി വെട്ടിയിരുന്ന പിന്‍ കഴുത്തിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു, “ഏട്ടൻ നല്ലോണം വെളുത്തിരിക്കുന്നു”.

മറ്റൊരു നിമിഷം കൂടി പിടിച്ചു നിൽക്കാനാവാതെ ഞാൻ മുറിയിലേക്കോടിപ്പോയി. കുളിമുറിയിൽ കയറി വാതിൽ ചാരി ടാപ്പ് മുഴുവൻ തുറന്നു ഞാൻ കരഞ്ഞു. എന്‍റെ മനസ്സിൽ ഒരു ഈന്തപ്പനത്തൈയ് ഇലകൾ വിരിച്ചു നിന്നിരുന്നു.

ആരും കഴിഞ്ഞ ദിവസങ്ങൾ ഓർമിപ്പിച്ചതേയില്ല. അന്വേഷിക്കാൻ വരുന്നവർക്ക് എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ചിരി സമ്മാനിച്ചു, ഏട്ടൻ.

malayalm short story, lathika p, naxalbari

അച്ഛൻ പറഞ്ഞു, “ആ ഏകാന്തവാസം അവനു വല്ലാത്ത ശിക്ഷയായിരുന്നു. ഇനി നമുക്ക് സ്നേഹം കൊണ്ടവനെ തളച്ചിടണം..”

വീട്ടിൽ കുറേക്കാലം മുത്തശ്ശി ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു. രാത്രി അവർക്കു മുറിയിൽ നിന്ന് പുറത്തേക്കു പോവേണ്ടപ്പോഴൊക്കെ അവരുടെ ചെറിയ ശബ്ദത്തിലുള്ള വിളി കേട്ടുണർന്ന് ഞാൻ വാതിൽ തുറക്കുകയും വിളക്ക് കത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉറക്കത്തിന്‍റെ ആഴങ്ങളിൽ ഒരിക്കലും എന്നെ എനിക്ക് നഷ്ടപ്പെടാറുണ്ടായിരുന്നില്ല. കാറ്റൊന്നടിച്ചാൽ മതി, ഞാനുണരും. മുറ്റത്ത് പഴുത്ത ഒരു വേപ്പിൻകായ ,അല്ലെങ്കിൽ വൈരാഗിയായ ഒരില പൊഴിഞ്ഞതു കേട്ടിട്ടാവാം ഞാനുണർന്ന ഒരു രാത്രിയിൽ അന്ധകാരത്തിന്‍റെ ഗുഹാമുഖം തുറന്ന് ഏട്ടൻ കടന്നുവന്നു. ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു. ഇല്ലിക്കൂട്ടങ്ങൾ കാതു കൂർപ്പിച്ചു നിൽക്കുന്ന ഇടവഴികൾ, പുൽമൈതാനങ്ങൾ, കരിഞ്ഞ കുറ്റിപ്പൊന്തകൾ, നിശാ സങ്കേതങ്ങൾ.

ആ പ്രഭാതത്തിന്‍റെ വിലക്ഷണമായ മുഖം മാത്രം എനിക്കിനി ദർശിക്കണ്ട. അച്ഛൻ ക്ഷോഭിച്ചില്ല. ഞരമ്പുകൾ തെളിയുന്ന കാതുകൾ ചെമ്പരത്തിപ്പൂവായിരുന്നു. അമ്മ ഉമ്മറത്തേക്ക് വന്നതേയില്ല. കാലുകളിൽ നിന്ന് വാത്സല്യത്തിന്‍റെ ചിലങ്കകൾ ഊരിക്കളഞ്ഞു പതുക്കെ പടവുകളിറങ്ങി…, അനാഥത്വത്തിന്‍റെ സ്വാതന്ത്ര്യം നിറഞ്ഞ പൊതുനിരത്തിലേക്ക് പോരുമ്പോൾ എന്നെയും വിളിച്ചു. എനിക്ക് പോരാതിരിക്കാനെങ്ങനെ കഴിയും?

ഇവിടെ വന്നതിൽ പിന്നെ പോയ കാലങ്ങളുടെ മൈതാനങ്ങളിലൂടെ മേയുകയായിരുന്നു മനസ്സ്…. വീട്ടിൽ, ചെമ്പു തകിടുകൾ തിളങ്ങുന്ന ആകാശത്തിന് ചുവട്ടിൽ ദേവലോകത്തേക്കാൾ അലൗകികത്വം നിറഞ്ഞ ഒരു പാരിജാതം ഉണ്ടായിരുന്നു. അതിന്‍റെ  ചുവട്ടിൽ പഴയ ഒരു പ്രേമപരിഭവത്തിന്‍റെ വെളുത്ത പൂക്കൾ പെറുക്കി, ഒരഭൗമിക ശബ്ദം കാത്ത് ഞാൻ നിൽക്കാറുണ്ടായിരുന്നു, ഉള്ളിലൊതുങ്ങാത്ത മനസ്സുമായി. കാവി തേച്ചു തുടുപ്പിച്ച ചുമരിൽ പൂജാകർമ്മങ്ങൾ ചെയ്യുന്ന മീരയുടെ പുരാതന ചിത്രമുണ്ടായിരുന്നു. കളഭത്തിന്‍റെ  തളികകളിലൊന്നിൽ നിന്ന് നീലപ്പൂവു പോലെ ഒരു മുഖം വിടരുന്നതും കാത്തു ഒരു കീർത്തനത്തിന്‍റെ ദിവ്യമായ അലകളിൽ മീരയോടൊപ്പം ഒഴുകാനാഗ്രഹിച്ചു ഞാൻ അതും നോക്കി നിൽക്കാറുണ്ടായിരുന്നു. അത് പോയിട്ട് മുഴുവനുറങ്ങിയ ഒരൊറ്റ രാത്രി പോലും എനിക്കിപ്പോൾ സ്വന്തമായില്ല.

എത്ര ചെറിയ ലോകമാണ് ഞാൻ ആവശ്യപ്പെട്ടത്. രണ്ടു പേർക്കും ഓരോരോ ലക്ഷ്യങ്ങൾ നൽകി എന്നിൽ നിന്നകറ്റി. സുദേശ് പോവുമ്പോൾ പറഞ്ഞു, “കരയരുത്, ഇതു വരെ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. ഇനി പോവുമ്പോൾ കൊണ്ടു പോവാൻ ഈ ഉടഞ്ഞ വിഗ്രഹം തരരുത്. ഈ കരിമ്പനക്കാട് പോലെ സ്വാതന്ത്രനല്ലല്ലോ ഞാൻ ”

naxalbari, malayalam short story, lathika p
ഏട്ടനും പോയി. രാത്രി ഞാനുറങ്ങിപ്പോയിരുന്നു. ബോധമണ്ഡലങ്ങളിൽ എവിടെ നിന്നോ വന്നു തറച്ച മുന്നറിയിപ്പിന്‍റെ കൂർത്ത മുന കൊണ്ടാണ് ഞാനുണർന്നത്.  പുറത്തു പൗർണമിയുടെ ആട്ടിൻ പറ്റങ്ങൾ മേയുന്ന ആകാശം. വെള്ളാരങ്കല്ലുകൾ പൂക്കുന്ന നിലാവ്. നിലാവിൽ നനഞ്ഞ വൃക്ഷങ്ങൾ. ഇടയന്മാരുടെ ദേവതകൾ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നൃത്തം ചെയ്യാനിറങ്ങിയിട്ടുണ്ടാവും. ഇപ്പോൾ സുദേശ് എവിടെയായിരിക്കും? ആപത്തിന്‍റെ ഇരുണ്ട സന്ദേശങ്ങൾ കൊണ്ട് എന്‍റെ ചേതന കിടിലം കൊണ്ടു.  എല്ലാം ഞാൻ എന്‍റെ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടത് പോലെ തോന്നി. ഇരുമ്പഴികൾക്കുള്ളിലേക്കുള്ളയാത്ര.

ഇതിലും ഇരുണ്ട ഒരു രാത്രിയിലായിരുന്നു അവർ ആദ്യം വന്നത്. നിയമത്തിന്‍റെ വിരലുകൾ വാതിലിൽ മുട്ടി. അച്ഛൻ ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങിപ്പോയി. ചുണ്ടിൽ ധൃതിയിൽ തിരുകിയ സിഗരറ്റു കത്തിച്ചിരുന്നില്ല. ഞാൻ മാലയുടെ ലോക്കറ്റു മുറുകെപ്പിടിച്ചു കണ്ണുകളടക്കാനാവാതെ വിറയ്ക്കുന്ന ഹൃദയത്തോടെ കിടന്നു, അന്ന്. വീണ്ടും അതേ രാത്രി…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook