Latest News

മരണം തോറ്റു പോകുമ്പോൾ

“എന്നാണ്, മരണം സ്വന്തം സ്വത്വം വീണ്ടെടുത്ത് പ്രണയത്തെയും വിവാഹത്തെയും തോൽപ്പിക്കുക?” ടിവി സുജ എഴുതിയ കവിത

t v suja , poem, iemalayalam
ചിത്രീകരണം: വിഷ്ണുറാം

പ്രണയം
ഒരു തോക്കും
ഒരു കയറും
ആസിഡ് ഏറും
തീ പൊള്ളലും
ആകുമ്പോൾ
മരണം
തോറ്റു പോകുന്നു.

വിവാഹം
ഒരു സർപ്പ ദംശനവും
ഒരു കുളിമുറി ജനലും
കയർ കൊളുത്തും
ആകുമ്പോൾ
മരണം
തോറ്റു പോകുന്നു.

ഹൃദയം ഹൃദയത്തിലേക്ക്
മനുഷ്യൻ മനുഷ്യനിലേക്ക്
യാത്ര ചെയ്യുമ്പോൾ
വഴി തെറ്റി മരണത്തിലേക്ക്
വഴുതി വീഴുന്നത് എന്തു കൊണ്ടാണ്?

t v suja , poem, iemalayalam
ചിത്രീകരണം: വിഷ്ണുറാം

എന്നാണ്,
മരണം
സ്വന്തം സ്വത്വം വീണ്ടെടുത്ത്
പ്രണയത്തെയും വിവാഹത്തെയും
തോൽപ്പിക്കുക?

എന്നാണ്,
ഹൃദയം ഹൃദയത്തിലേക്ക്
മനുഷ്യൻ മനുഷ്യനിലേക്ക്
പടർന്ന്
വസന്തമാകുക?

എന്നാണ്,
തമ്മിലറിയാതെ പരസ്പരം
സുഗന്ധസ്വപ്നമായ നാം
മറകൾ മുറിച്ചു കടന്ന്
എന്നാണ്
നിന്നിലെ എന്നെയും
എന്നിലെ നിന്നെയും തിരിച്ചറിയുക?

എന്നാണ്,
പ്രണയം ഒരു ജനനവും
വിവാഹം ഒരു വളരലുമായി ഭീതിയുടെ മൂടുപടം വെടിയുക?
മനസ്സ് മനസ്സിലേക്ക്
പാട്ടായ് പകരുക?

എന്നാണ്,
നാം അനശ്വരരാകുക?
മരണം
മാന്യമായ് തോറ്റു പോകുക?

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: T v suja poem maranam thottupokumbol

The moderation of comments is automated and not cleared manually by malayalam.indianexpress.com