ട്രെക്കിംഗ് എന്ന വാക്കൊന്നും
അറിയില്ലായിരുന്നൊരു കാലത്ത്
ഏതുതരം സാഹസികതയും
ഒരു വിശദീകരണവുമാവശ്യമില്ലാതെ
മനസ്സിലാവുമായിരുന്ന കുറച്ചുപേർ
പൈതൽമലക്കാട്ടിൽ
രാത്രിപ്പാർപ്പിന് പോയതിന്റെ
പൂപ്പൽ തിന്ന് ദ്രവിച്ച
ഫോട്ടോ ആൽബത്തിൽ
മൂന്നുപേരുള്ള ഒരു ഫോട്ടോയിൽ
ഇപ്പോഴില്ലാത്ത രണ്ടുപേരോടൊപ്പം
ഞാൻ

മരണത്തിന് ഭൂരിപക്ഷമുള്ള
ഒരു പാർലമെന്റ് പോലെയുള്ള
ആ ഫോട്ടോയിൽ
കയ്യിലുള്ള ഭക്ഷണപ്പാത്രത്തിലേക്ക്
നോക്കിക്കൊണ്ടിരിക്കുകയാണ്
പ്രതിനിധികളെല്ലാവരും;
കാലം നമ്മളെ ഭക്ഷിച്ചുകളഞ്ഞതിന്റെ
അത്രതന്നെ ശ്രദ്ധയിലും തീവ്രതയിലും.t p vinod , poem, iemalayalam

വാസ്തവത്തിൽ,
മൂന്നുപേരേയുള്ളൂ ഫോട്ടോയിലെന്ന്
വിചാരിക്കുന്നതെന്തിനാണ്?
ഫോട്ടോയ്ക്ക് പിടിച്ചെടുക്കാനായിട്ടില്ലാത്ത
അനേകമനേകം
പ്രാണികൾ
അണുക്കൾ
കാറ്റുകൾ
മണങ്ങൾ
ജീവിച്ചിരിപ്പുണ്ടോ
മരിച്ചുപോയോ എന്നറിയാത്ത
രേഖപ്പെടായ്മകൾ
ഉണ്ടായിരുന്നിട്ടുണ്ടാവാം, അവിടെ.

ഫോട്ടോയിലെ
ഇപ്പോഴത്തെ പൂപ്പലുകൾ
അന്നവിടെയുണ്ടായിരുന്ന
വേണ്ടപ്പെട്ടവരെ
നോക്കിനോക്കിയെത്തിയതാവാം

മരണം
ചവിട്ടിക്കയറിപ്പോവുന്ന
ഈ പടവുകളിൽ – ഓർമ്മകളിൽ
നമ്മൾ വന്നെത്തിയതും
അതുപോലെയാവാമല്ലോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook