‘സ്വപ്നമായിരുന്നിട്ടും’

നിന്റെ കവിതകള്‍  ഞാന്‍ വായിച്ചിട്ടില്ല,
ഞാന്‍ അവളോടു പറഞ്ഞു:
പക്ഷെ എനിക്കറിയാം,  നീ കവിയാണെന്ന്.

‘ഏകാന്തത’യെപ്പറ്റിയോ ‘കവിത’യെപ്പറ്റിയോ
അവള്‍ എന്നോട് പറഞ്ഞപ്പോള്‍.
അതോ “മരണ”ത്തെപ്പറ്റിയോ.
ഒരുപക്ഷേ, അവ മൂന്നുമാകാം:
ഏകാന്തതയെപ്പറ്റിയൊ കവിതയെപ്പറ്റിയൊ
മരണത്തെപ്പറ്റിയൊ.

ഒരേ തണുപ്പില്‍ അന്തിയുറങ്ങുന്ന മൂന്നു ഭൂഖണ്ഡങ്ങള്‍പോലെ
അവ  മൂന്നും ഇപ്പോള്‍ എന്റെയും  ഉടലിലുണ്ടെന്ന് തോന്നി.

പനിയുടെ തെളിയാത്ത അടയാളം കണ്ട പോലെ
ഞാന്‍ എന്റെ ഉള്ളംകൈകളില്‍  ദീര്‍ഘമായി ഊതി

സാരമില്ല, അവള്‍പറഞ്ഞു:  ഞാന്‍കവിതന്നെ
പക്ഷെ ഇനി നീ എന്റെ കവിതകള്‍ വായിക്കുന്നു.
മടിയില്‍  കിളിക്കൂട്  പോലെ വെച്ചിരുന്ന   കൈകള്‍
അവള്‍  വിടര്‍ത്തി, കൈകളില്‍  അതുവരെയും
പൂട്ടിവെച്ച തുമ്പിയെ  പറത്താന്‍ എന്നപോലെ.

പിന്നെ  അവള്‍ കൈകള്‍ സാരിയില്‍  തുടച്ചു
അതുവരെയും ഉണ്ടായിരുന്ന ഒരടയാളം
മായ്ക്കാന്‍എന്ന പോലെ.

അവള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

ഒറ്റയ്ക്ക് എന്ന് പറഞ്ഞാല്‍കടല്‍പോലെ,
അവള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു:karunakaran,poem

ഒഴുകുന്ന കപ്പലുകള്‍ക്കും തിരമാലകള്‍ക്കുമൊപ്പം കഴിയുന്നു
ഉദയത്തിനും അസ്തമയത്തിനുമൊപ്പം കഴിയുന്നു
എങ്കിലും  ഒറ്റയ്ക്ക്.കടല്‍പോലെ.

പിന്നൊരു ദിവസം ഞാനവളുടെ കവിതകള്‍ വായിക്കാനിരുന്നു.

എന്റെ തന്നെ ഏകാന്തതയില്‍ പുലര്‍ന്ന ഒരു രാവിലെ.
ഞാനാകട്ടെ, തകര്‍ന്നുതരിപ്പണമായപോലെയും.

വേറെയൊന്നുംകൊണ്ടല്ല.

തലേന്നത്തെ സ്വപ്നത്തില്‍  കുറെ നേരം
ഞാന്‍അവളുടെ വീട്ടുവാതില്‍ക്കല്‍  നിന്നിരുന്നു.

അവളുടെ അതിഥിയായി എത്തിയ പോലെ.
അതോ ഓര്‍ത്തത് എന്തോ മറന്നപോലെ.

അവളുടെ മുറിയിലെ വെളിച്ചത്തില്‍ എന്റെ നിഴല്‍
കാറ്റിലെന്നപോലെ ഉലയുന്നുണ്ടായിരുന്നു.

ഒരു പുസ്തകം ആര്‍ക്കോ അവള്‍ വായിച്ചു കൊടുക്കുകയായിരുന്നു.

ഒരു പക്ഷെ വളരെമുമ്പേ  മരിച്ച ഒരു കവിക്ക്.
ഒരുപക്ഷെ അവളുടെ തന്നെ കവിതകള്‍.

ഒരു പ്രാവശ്യം മാത്രം അവള്‍എന്നെ നോക്കി.

പിന്നെ മറന്നു.

പിന്നെയും കുറച്ചു നേരം ഞാന്‍അവിടെ നിന്നു.karunakaran,poem

തലേ രാത്രിയില്‍ സിങ്കില്‍ കഴുകാതെ ഇട്ട പാത്രങ്ങള്‍
എന്തുകൊണ്ടോ എനിക്ക് ഓർമ്മ വന്നു.
സിങ്കില്‍ വടുക്കള്‍പോലെ തെളിഞ്ഞ സ്ഥലത്ത്‌
ഉറുമ്പുകളെ കണ്ടപോലെ തോന്നി.

പിന്നെ ഞാന്‍അവിടെനിന്നും മടങ്ങി. എക്കാലത്തേയ്ക്കുമായ്‌.
‘സ്വപ്നമായിരുന്നിട്ടും’, ഞാന്‍വിചാരിച്ചു.

ഇപ്പോള്‍അവളുടെ കവിതകളുമായി ഇരിക്കുമ്പോഴും
ഞാന്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു.

വേറെയൊന്നുംകൊണ്ടല്ല.
മരിച്ച ഒരാള്‍കൂടി ഈ കവിതകള്‍
എന്നോടൊപ്പം വായിക്കുന്നു എന്നതിനാല്‍.

അവളോട്‌പറയേണ്ടിയിരുന്നതൊക്കെ ഇപ്പോള്‍
ഞാന്‍ഓര്‍ക്കുന്നു എന്നതിനാല്‍…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook