നിന്റെ പുരികങ്ങൾക്കിടയിൽ നിന്നാണ്
മെലിഞ്ഞുണങ്ങിയ
ഒരു ശിലായുഗനദിയുടെ ഭൂപടം
ഞാൻ ആദ്യം കണ്ടെടുത്തത്.
ആദിമമായ കാഴ്ച്ചകൾ പേറിയ കണ്ണിൽ
ചരിത്രാതീതകാലത്തെ നഗരാവശിഷ്ടങ്ങൾ ചിതറി കിടന്നു.

നിന്റെ സാമ്രാജ്യത്തിന്റെ അതിര് കാത്ത മുടിയിഴകളിലെല്ലാം
അന്യാധീനപ്പെട്ടു പോയൊരു ഭാഷ കലമ്പൽ കൊണ്ടു.

ഒരു നൃത്തം വെയ്ക്കുന്ന പെൺകുട്ടിയുടെ ശില്പമോ,
മെലൂഹയെന്ന പോലൊരു പേരോ,
അങ്ങനെ കണ്ടുപിടിക്കാൻ അടയാളങ്ങൾ ബാക്കി ഒന്നും ഉണ്ടായിരുന്നില്ല.

നീ പ്രചരിപ്പിച്ച മതമോ
നീ അച്ചടിച്ച നാണയങ്ങളോ
നിന്റെ പടുകൂറ്റൻ പ്രതിമകളോ
നീ കടന്നു പോയ വഴിയോ വേഗമോ ഒന്നും ഒരു ലിപികളിൽ പോലും കണ്ടെടുത്തില്ല.sutharya ,poem, iemalayalam

നിന്റെ കാലത്തെ യുദ്ധങ്ങളോ,
നീ തടവിൽ വെച്ച അടിമകളോ,
ഇടയിൽ വന്ന വെള്ളപ്പൊക്കമോ,
കാണാതെ പോയ കാടോ, കടലോ ഒന്നിനും തെളിവുകളുണ്ടായിരുന്നില്ല.

ഇടക്ക് തോന്നാറുണ്ട്
ഏതോ ഒരു ഓർമ്മയുടെ
അവശേഷിച്ച വരിയിൽ
തൊട്ടു നിന്ന രണ്ട് അടയാളചിഹ്നമായിരുന്നു നമ്മളെന്ന്.

ഓർമ്മിക്കാൻ വേണ്ടി
കാലം സ്റ്റാംപുകൾ പോലും ഉണ്ടാക്കുകയില്ലെന്ന് തീർച്ചയാണ് .

മറ നീക്കി പുറത്തു വരുന്നതുവരെ
ആഴത്തിൽ പിന്നെയും പിന്നെയും തിരഞ്ഞു നോക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook