ഇന്‍സ്‌പെക്ടര്‍ ഇനിയും വന്നിട്ടില്ല. മുകള്‍ നിലയിലുള്ള ഇന്‍സ്‌പെക്ടറുടെ മുറിയിലെ കസേരയിലായി ഞാനിരിക്കുകയാണ്. ഏതോ ചെറുപ്പക്കാരനായ പൊലീസുകാരന്‍ സ്ഫടിക ജാറും ഗ്ലാസും കൊണ്ടു വന്ന് അടുത്തു വച്ചു. ഗ്ലാസിലേക്ക് നിറയെ വെള്ളം പകര്‍ന്ന് ഞാന്‍ കുടിച്ചു.

”നിങ്ങളാണോ നിയതിയുടെ അച്ഛന്‍?”

കാക്കി ഷര്‍ട്ടിട്ട ഒരു പൊലീസുകാരി എന്നോട് ചോദിച്ചിരുന്നു. ഞാനവരുടെ ഔദ്യോഗിക വേഷത്തിലേക്ക് നോക്കിയാണ് അതെയെന്ന് മറുപടി പറഞ്ഞത്.

”നിങ്ങളെ എന്തിനാണ് വിളിപ്പിച്ചതെന്നറിയാമോ.. ?”

ഉദ്യോഗസ്ഥ പിന്നെയും ചോദിച്ചു. ഇല്ലെന്ന് ഞാന്‍ വിലങ്ങനെ തലയാട്ടിയതേയുള്ളൂ. അവര്‍ അകത്തേക്കോ മറ്റോ നടന്നു മറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ ചുമരുകളിലേക്ക് നോക്കി ഞാനിരുന്നു. ഇന്‍സ്‌പെക്ടര്‍ വരാത്തതിനാലാവും കെട്ടിടത്തിനകത്ത് നിശ്ശബ്ദതയായിരുന്നു കൂടുതലും.
നിയതി എന്ന് ഞാനവള്‍ക്ക് പേരിട്ടതെന്തിനെന്നറിയില്ല. ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് സംഭവിച്ച കാമമോഹദാഹസുഖങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ അണ്ഡബീജകൂട്ടുകെട്ട് ഒരു പെണ്‍പ്രജയായി കടന്നു കയറിയതെന്തിനെന്നറിയില്ല. അവള്‍ക്ക് ബോധം തിരിഞ്ഞു വന്ന കാലം മുതല്‍ ഷര്‍ട്ട് വേണമെന്ന് വാശിപിടിച്ചതെന്തിനാണെന്നും അറിയില്ല. ഈ കഴിഞ്ഞ പത്തു-പതിനാറ് വര്‍ഷമായിട്ട് നിയതി ഷര്‍ട്ടല്ലാതെ മറ്റൊന്നും മേല്‍ക്കുപ്പായമായി ധരിച്ചിട്ടില്ല.

– അമ്മൂ..
ഞാനും മേഘയും കൂടി നിയതിയെ അങ്ങനെ കൊഞ്ചിച്ചു. പക്ഷികളോടും പിന്നെ നിഴലുകളോടുമായിരുന്നു ആദ്യ കാലത്ത് നിയതിയുടെ പ്രിയം. ഊണു കൊടുക്കാനായി ഒക്കത്ത് കുഞ്ഞും വലം കൈയില്‍ തൈരൊഴിച്ചു കുഴച്ച ചോറ്റു തളികയുമായി നടക്കുന്ന മേഘയുടെ മുന്നില്‍ മകള്‍ക്കു കണ്ട് ആനന്ദിച്ച് ഉണ്ണാനുള്ള നിഴലായി ഞാന്‍ നടന്നു. ഞാന്‍ വീട്ടിലില്ലാത്തപ്പോള്‍ നിയതി ഭക്ഷണം കഴിക്കാതെയിരുന്നു. വെയിലില്‍ എന്റെ നിഴല്‍ അവളോട് ഏതോ ഭാഷ സംസാരിക്കുന്നുണ്ടായിരിക്കണം. അതു കാരണം വെയിലുള്ളപ്പോള്‍ ഞാന്‍ സമീപത്ത് വേണമായിരുന്നു അവള്‍ക്ക്. വെയിലില്ലാത്തപ്പോള്‍ നിഴലുണ്ടാവില്ലല്ലോ. അപ്പോള്‍ പക്ഷികളെ തിരഞ്ഞു തിരഞ്ഞ് മേഘയോ ഞാനോ തൊടിയില്‍ ചുറ്റും. മകള്‍ വലുതായത് എന്റെ നിഴല്‍ നോക്കിയാണെന്ന് അഭിമാനത്തോടെ ഞാന്‍ മേഘയോട് പറയാറുണ്ടായിരുന്നു.

”വലുതായ കാര്യം പറയണ്ട. വലുതായാ വിവേകവും വകതിരിവും വളരേണ്ടതല്ലേ. അവള്‍ക്കത് വല്ലതുമുണ്ടോ.. ?”
മേഘയുടെ സങ്കടം നിയതി ഷര്‍ട്ടിടാന്‍ വാശി പിടിക്കുന്നതിനാണെന്ന് എനിക്കറിയാം. ആദ്യമൊക്കെ ഞാന്‍ മകളുടെ കൂടെ നിന്ന് അവള്‍ക്കിട്ടു നടക്കാന്‍ എന്റെ ഷര്‍ട്ടുകള്‍ തന്നെ കൊടുക്കുമായിരുന്നു. അതവള്‍ക്ക് പാകമാകുമായിരുന്നില്ലെങ്കിലും. പക്ഷേ മുടി നീണ്ട്, മുഖത്തിന് സ്‌ത്രൈണഭംഗി വന്ന്, കൈകാലുകള്‍ ഉരുണ്ടപ്പോള്‍ ഞാന്‍ മകളോട് പറഞ്ഞു.

”അമ്മൂന് ഷര്‍ട്ടിനെക്കാളും വൃത്തി പാവാടയും ബ്ലൗസുമാ. അല്ലെങ്കില്‍ ചുരിദാറ്.”
”അച്ഛാ.. അതെന്നോട് പറയേണ്ട.”
അത് ആജ്ഞ തന്നെയായിരുന്നു. അനുസരിച്ചു പോകുന്ന വാശി.

സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ത്തന്നെ മകളെ വിടണമെന്ന ആഗ്രഹക്കാരായിരുന്നു മേഘയും ഞാനും. ആദ്യ ദിവസം നിയതി സ്‌കൂളിലേക്ക് പോയത് അരപ്പാവാടയും ചതുരക്കള്ളികളുള്ള ഷര്‍ട്ടുമിട്ടാണ്. അവളുടെ ക്ലാസില്‍ അവളല്ലാതെ മറ്റൊരു പെണ്‍കുട്ടിയും ഷര്‍ട്ടിട്ട് വന്നിരുന്നില്ല. അന്നൊക്കെ എല്ലാവരും കുഞ്ഞുങ്ങളായിരുന്നതിനാല്‍ മുതിര്‍ന്നവരുടെ ചോദ്യങ്ങളും കളിയാക്കലുകളും നിയതിക്ക് നേരിടേണ്ടി വന്നില്ല. പക്ഷേ നാലാം ക്ലാസ് കഴിഞ്ഞതോടെ സ്ഥിതി മാറി. പള്ളിക്കൂടത്തിലും നാട്ടിലും നിയതി ഒരു ചോദ്യചിഹ്നമായി.susmesh chandroth , story, malayalm story

ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ ബന്ധുക്കളില്‍ ചിലര് മേഘയോട് പറഞ്ഞു:
”കുട്ടി ആണുങ്ങളുടെ വേഷം കെട്ടി നടക്കുന്നത് ശ്രദ്ധിക്കണം.”
”ശ്രദ്ധിക്കാഞ്ഞിട്ടല്ല. അവള്‍ മാറാന്‍ കൂട്ടാക്കുന്നില്ല.”
”എന്നാല്‍ എന്തോ കുഴപ്പമുണ്ട്.”
രാത്രി എന്നോട് ചേര്‍ന്നു കിടക്കുമ്പോള്‍ പലവട്ടം മേഘ ചോദിച്ചിട്ടുണ്ട്.
”നമ്മുടെ മകള്‍ക്കെന്തേലും കുഴപ്പമുണ്ടോ.. ?”
”എന്തു കുഴപ്പം.. ?”
”പിന്നെ അവളെപ്പോഴും ഷര്‍ട്ടിടുന്നത്.. ?”
”പാവാടേം പാന്റുമൊക്കെ ഇടുന്നുണ്ടല്ലോ. ബ്ലൗസ് ഇടുന്നില്ലെന്നല്ലേയുള്ളൂ.”
”പാന്റും ഷര്‍ട്ടുമാണോ പെണ്‍കുട്ടികളുടെ വേഷം.. ?”
”പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടുമായാലെന്താ കുഴപ്പം ?”
ആ തിരിച്ചു ചോദ്യം കേട്ടപ്പോള്‍ മേഘയ്ക്ക് ദേഷ്യം വന്നു.
”അച്ഛനോട് പറഞ്ഞിട്ടു കാര്യമില്ല. മകളോട് പറഞ്ഞിട്ടും കാര്യമില്ല. അനുഭവിക്കാന്‍ ഞാനുണ്ടല്ലോ.”

ശരിയാണ്. എല്ലാ ചോദ്യങ്ങളേയും നേരിട്ടത് മേഘയാണ്. എന്നോടാരും ഒന്നും ആരാഞ്ഞില്ല. ചെറിയ പ്രായത്തില്‍, ട്യൂഷന്‍ ക്ലാസുകളുടെ തിരക്ക് ബാധിക്കും മുമ്പ് ഞാനവളേയും കൂട്ടി രാവിലെകളില്‍ നടക്കാന്‍ പോകാറുണ്ടായിരുന്നു. ഇടത്തരം പട്ടണത്തിലായിരുന്നു ഞങ്ങളുടെ വീട്. നഗരമാകാന്‍ വെമ്പുന്നതിനിടയില്‍ ചെറിയ പലചരക്ക് കടയും ചായക്കടകളും കൈമോശം വന്നിരുന്നില്ല. മകളേയും കൂട്ടി അവിടങ്ങളില്‍ പോകുമ്പോള്‍ എല്ലാവരും അവളുടെ കുപ്പായത്തിലേക്കും മുഖത്തേക്കും മാറിമാറി നോക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു. അങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ മേഘയ്ക്കായില്ല.

ഒരു ദിവസം രാവിലെ. ഞാന്‍ മകളുടെ ഷര്‍ട്ട് ഇസ്തിരിയിട്ടു കൊണ്ട് നില്‍ക്കുകയായിരുന്നു. പള്ളിക്കൂടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല. അതിനാല്‍ നിയതിക്ക് സ്വന്തം ഇഷ്ടത്തെ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നില്ല. പെട്ടെന്നാണ് പ്രകോപനമൊന്നുമില്ലാതെ മേഘ ചീറിവന്നത്. പരുന്തിനെപ്പോലെ മേഘ ആ ഷര്‍ട്ട് റാഞ്ചിയെടുത്തു. തേപ്പുപെട്ടി കൈയിലേക്ക് മിറഞ്ഞ് എന്റെ കൈ പൊള്ളേണ്ടതായിരുന്നു. നിയതിയുടെ ഷര്‍ട്ട് ചുരുട്ടിക്കൂട്ടി മേഘ ദൂരേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് കിതപ്പോടെ പറഞ്ഞു:

”ഇന്ന് രണ്ടിലൊന്നറിയണം. ഇവള് ആണ്‍കുട്ടിയാണോ അതോ പെണ്‍കുട്ടിയാണോ ?”

നിയതി അന്ന് പന്ത്രണ്ടാം ക്ലാസിലാണ്. അകത്ത് കണ്ണാടിയില്‍ നോക്കി അവള്‍ കാതില്‍ കമ്മലിടുകയായിരുന്നു. അവള്‍ ഏതോ പാട്ട് മൂളിപ്പാടുന്നുമുണ്ടായിരുന്നു. പതിവായി ഷര്‍ട്ട് ഇടും എന്നതൊഴിച്ചാല്‍ മറ്റെല്ലാക്കാര്യത്തിലും തികച്ചും സാധാരണക്കാരിയും സുന്ദരിയുമായ പെണ്‍കുട്ടിയായിരുന്നു നിയതി.

”മേഘേ.. ഇതിങ്ങനെ ചുക്കിച്ചുളിച്ചാ ഇനി നീ തന്നെ തേച്ചു കൊടുക്കേണ്ടി വരും.”
അവള്‍ വലിച്ചെറിഞ്ഞ ഷര്‍ട്ട് നോക്കിയിട്ട് ഞാന്‍ പറഞ്ഞു.
”ഇല്ല. ഇനിയീ വീട്ടില്‍ ആരുമവളുടെ ഷര്‍ട്ട് തേയ്ക്കില്ല. ഇന്നത്തോടെ അവള് ഷര്‍ട്ടിടുന്നത് നിര്‍ത്തണം.”
ഞാന്‍ നോക്കുമ്പോള്‍ അകമുറിയില്‍നിന്നും നിയതി വരുന്നത് കണ്ടു. വാതില്‍ക്കല്‍ നിന്നിട്ട് അവള്‍ ചോദിച്ചു.
”എന്താ അമ്മേടെ പ്രശ്‌നം.. ?”
മേഘ അവള്‍ക്കു നേരെ തിരിഞ്ഞു.
”അമ്മൂ.. നീയിനി ഷര്‍ട്ടിടാന്‍ പാടില്ല. വേറെന്തു വേണേ നീയിട്ടോ. ഷര്‍ട്ട് പറ്റില്ല.”
”അതമ്മ പറഞ്ഞാ പോരല്ലോ. ഞാനും കൂടി തീരുമാനിക്കണ്ടേ ?”
”അമ്മൂ..”
ഞാന്‍ ശാസിച്ചു വിളിച്ചു. നിയതി എന്നെ തിരിഞ്ഞു നോക്കി.
”അമ്മയോട് തര്‍ക്കുത്തരം പറയരുതെന്ന് പലതവണ പറഞ്ഞിട്ടുണ്ട്.”
അതു കേട്ടപ്പോള്‍ നിയതി തണുക്കുന്നത് അവളുടെ കവിളുകളുടെ ദാര്‍ഡ്യം കുറയുന്നതിലൂടെ ഞാന്‍ മനസ്സിലാക്കി. പക്ഷേ മേഘ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.
”അപ്പോ അനുസരണക്കേട് കാണിക്കുന്നതോ ? അച്ഛന് അതും കൂടി തിരുത്തിക്കൊടുത്തു കൂടെ..? നമ്മളൊരു സമൂഹത്തിലാ ജീവിക്കുന്നതെന്ന് ഓര്‍മ്മ വേണം. തോന്നിയതു പോലെ ജീവിച്ചാ ഒറ്റ തിരിഞ്ഞു പോകും. എന്റെ പ്രയാസം നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാകില്ല.”
”എന്നാ അമ്മേം കൂടി ഷര്‍ട്ടിട്. അപ്പോപ്പിന്നെ ആരും ചോദിക്കില്ലല്ലോ.”
എനിക്ക് ചിരി വന്നു. ഞാന്‍ മേഘയെ നോക്കി. അവള്‍ക്ക് ഒന്നുകൂടി ദേഷ്യം കൂടുന്നത് ഞാന്‍ കണ്ടു. മേഘ വലിച്ചെറിഞ്ഞപ്പോള്‍ മൂലയ്ക്ക് പോയി വീണ ഷര്‍ട്ട് നിയതി എടുത്തു കൊണ്ടു വന്നു.
”അച്ഛന്‍ മാറ്. ഞാന്‍ തേച്ചോളാം.”
മേഘ വീണ്ടും പരുന്തായി. നിയതിയുടെ ഷര്‍ട്ട് വീണ്ടും ചുളുങ്ങിക്കൂടി നിലത്തേക്ക് പറന്നു വീണു. നിയതി അവളുടെ അമ്മയെ നോക്കുന്ന നോട്ടം ഞാന്‍ കണ്ടു. അവളുടെ അമ്മയും അതേ പോലെ തിരിച്ചു നോക്കുന്നതും.
”അമ്മൂ.. അമ്മ പറയുന്നതനുസരിക്ക്..”
ഞാന്‍ കര്‍ക്കശക്കാരനായി.
”പറ്റില്ല. ഞാന്‍ ഷര്‍ട്ടേ ഇടൂ..”
നിയതി എനിക്ക് മുഖം തരാതെ കടുപ്പിച്ചു പറഞ്ഞു.
”എന്നാ ഇന്നു മുതല്‍ നീയീ വീടിനു പുറത്ത് പോകില്ല.”
മേഘയുടേതായിരുന്നു ആ പ്രഖ്യാപനം. ഒരു നിമിഷം വൈകാതെ നിയതി മറുപടി കൊടുത്തു.
”പോകും.”susmesh chandroth , story, malayalm story

അകത്തു പോയി നിയതി സഞ്ചിയും പുസ്തകക്കെട്ടും ചോറ്റുപാത്രവുമെടുത്ത് വയ്ക്കുന്നത് ഞാന്‍ കണ്ടു. അവള്‍ വീട്ടിലിട്ടിരിക്കുന്ന പഴയ ഷര്‍ട്ടുമിട്ടോണ്ട് പള്ളിക്കൂടത്തില്‍ പോകുമോ എന്നു ഞാന്‍ ഭയന്നു.

അയലില്‍ കിടക്കുന്നതും അലമാരയില്‍ കുത്തിനിറച്ചതുമായ നിയതിയുടെ ഷര്‍ട്ടെല്ലാം എടുത്ത് മേഘ ഒരു കത്തിക്ക് മുറിച്ചിടാന്‍ തുടങ്ങി. ഞാന്‍ മേഘയെ തടയാനോടി. അപ്പോഴേക്കും നിയതി സ്‌കൂള്‍ സഞ്ചിയുമായി പുറത്തേക്ക് ഇറങ്ങി വന്നു കഴിഞ്ഞിരുന്നു. അവള്‍ എന്റെ ഷര്‍ട്ടാണ് ഇട്ടിരുന്നത്. അതവള്‍ക്ക് അളവെടുത്ത് തുന്നിച്ചതു പോലെ പാകമായിരുന്നു. ഞങ്ങളെ ഒന്നു നോക്കിയിട്ട് അവള്‍ പടി കടന്ന് നിസ്സാരമായി പള്ളിക്കൂടത്തിലേക്ക് പോയി.

ഞാന്‍ മേഘയെ നോക്കി. ദേഷ്യവും സങ്കടവും വന്ന് സ്വയം മറന്നു നില്‍ക്കുകയായിരുന്നു മേഘ. അവള്‍ കത്തി വലിച്ചെറിഞ്ഞു. അന്തരീക്ഷത്തെ സുഖപ്രദമാക്കാനായി ഞാന്‍ പറഞ്ഞു.
”ഇനീപ്പോ ഞാന്‍ ഷര്‍ട്ടിടുന്നത് നിര്‍ത്താം.”

മേഘ ഒന്നും മിണ്ടാതെ കുളിമുറിയിലേക്ക് കയറി. കുറച്ചധികം സമയമെടുത്തു അവള്‍ കുളിച്ചിറങ്ങാന്‍. അതുകൊണ്ട് ഞാന്‍ കിണറ്റുകരയിലാണ് കുളിച്ചത്. അവള്‍ ബാങ്കിലേക്കും ഞാന്‍ താപാലാപ്പീസിലേക്കും ജോലിക്കായി പോയി.

മേഘകാന്തി എന്നായിരുന്നു മേഘയുടെ മുഴുവന്‍ പേര്. വിഷാദത്തിന്റെ അടിവരയിട്ട കാപ്പായ കടലാസുകെട്ടുമായി കോളജിലെ ഇലവംഗമരത്തിന്റെ ചുവട്ടില്‍ ചാരിയിരുന്ന പകലുകളിലാണ് മേഘ ആദ്യമായി എനിക്കരികിലെത്തിയത്. തൊണ്ണൂറുകളുടെ തുടക്കമായിരുന്നു അത്. കോളജില്‍ നടത്തിയ കവിതാ മത്സരത്തില്‍ അതിനകം ഒന്നാം സമ്മാനം കിട്ടിയിരുന്നതിനാല്‍ കോളജില്‍ ഞാന്‍ അപരിചിതനായിരുന്നില്ല. അക്കാലത്ത് ആളുകളോട് സംസാരിക്കാന്‍ എനിക്കിഷ്ടമുണ്ടായിരുന്നില്ല. അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ ക്ലാസില്‍ കേട്ടിരിക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല. കോളജില്‍ വച്ച് അധിക സമയവും ഇലവംഗത്തിന്റെയോ മുളങ്കാടിന്റെയോ ചുവട്ടില്‍ തനിച്ചിരിക്കാനാണ് ഞാനിഷ്ടപ്പെട്ടത്. അങ്ങനെ ഒറ്റയ്ക്കിരുന്ന ഒരു ദിവസമാണ് അപ്രതീക്ഷിതമായി എനിക്കരികിലേക്ക് മേഘ വന്നത്. ഞാന്‍ മേഘയെ അസഹ്യത പ്രകടിപ്പിച്ച് നോക്കി. തന്റെ സൗന്ദര്യം വെറും പാഴാണെന്ന് പ്രഖ്യാപിക്കുന്ന ഭാവത്തോടെ മേഘ ഭവ്യമായി പറഞ്ഞു.
”ഇതൊന്നു വായിച്ചു നോക്കി തിരുത്തിത്തരാമോ..?”

മേഘ കൈയില്‍ പിടിച്ചിരുന്ന നോട്ടുപുസ്തകം നീട്ടി. ഏതോ വാരികയുടെ താളുകള്‍ മുറിച്ചെടുത്ത് ആ നോട്ടുപുസ്തകം ഭംഗിയായി പൊതിഞ്ഞിട്ടുണ്ടായിരുന്നു. ആദ്യമായി മിണ്ടുകയായിരുന്നിട്ടു കൂടി എനിക്ക് മേഘയോട് പറഞ്ഞറിയിക്കാനാവാത്തത്ര ദേഷ്യം വന്നു.
”തിരുത്താനോ.. ആരും ആരുടേയും എഴുത്ത് തിരുത്താന്‍ പാടില്ല. ആത്മവിശ്വാസമില്ലെങ്കില്‍ എഴുതാതിരിക്കുന്നതാണ് നല്ലത്.”

ഒരു നിമിഷം മേഘയുടെ ഇരുമിഴികളും നിറയുന്നത് ഞാന്‍ കണ്ട. അത് തുളുമ്പിയില്ല. മേഘ ഒന്നും പറഞ്ഞുമില്ല. അവള്‍ തിരിഞ്ഞു നടന്നു. പക്ഷേ ആ തിരിഞ്ഞു നടത്തത്തില്‍ അവളുടെ നിറഞ്ഞ കണ്ണുകള്‍ കണ്ട ചില സഹപാഠികള്‍ ഒരു കഥയുണ്ടാക്കി. മേഘ ആരാധനയോടെ എന്നെ സമീപിച്ചെന്നും ഞാന്‍ അവളുടെ പ്രണായാഭ്യര്‍ത്ഥനയെ നിരാകരിച്ചെന്നും അതില്‍ ആരാധകരേറെയുളള മേഘ വല്ലാതെ അപമാനിതയായെന്നുമായിരുന്നു പ്രചരണം. മേഘയുടെ ആരാധകര്‍ സംഘടിക്കുകയും എന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമൊക്കെയുണ്ടായി. ഒടുവില്‍ ഇക്കാര്യത്തെപ്പറ്റി എനിക്കും മേഘയ്ക്കും നേരിട്ടു സംസാരിക്കാതിരിക്കാന്‍ വയ്യെന്നായി.
”നമുക്കിടയിലെന്താണ് സംഭവിക്കുന്നത് ?”
നിഴലും വെയിലും വീണ ഒരു മദ്ധ്യാഹ്നത്തില്‍ ഞങ്ങളുടെ കോളജിനുള്ളിലെ കാന്റീനില്‍ വച്ച് മേഘ ചോദിച്ചു. വെയില്‍ മേഘയുടെ മുഖത്തെ ഭാഗികമായി അനുഗമിച്ചിരുന്നില്ലെങ്കില്‍, അവളുടെ മുടിയില്‍ ശലഭത്തിന്റെ രൂപമുള്ള ഒരു മുടിപ്പിന്ന് നീലനിറത്തില്‍ മറഞ്ഞിരുന്നില്ലെങ്കില്‍, അവളുടെ ചുണ്ടുകളുടെ വക്കുകളില്‍ എനിക്കു മാത്രം പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു തടിച്ച രേഖയുടെ അതിര് ദൃശ്യമായിരുന്നില്ലെങ്കില്‍ ഞാനന്ന് മേഘയോട് ക്ഷുഭിതനാകുമായിരുന്നു. അത്രമാത്രം അസഹ്യനായിരുന്നു ഞാന്‍. ഒരു പ്രണയത്തെയോ സ്ത്രീയെയോ ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും തുനിയാതിരുന്ന കാലമായിരുന്നു അത്.

ഞാന്‍ സൗമ്യമായി ചോദിച്ചു.
”കവിതകളെഴുതിയ ആ പുസ്തകം കൊണ്ടു വന്നിട്ടുണ്ടോ..?”

ഇന്നുമെനിക്കറിയില്ല. മേഘ എന്തുകൊണ്ടാണ് ആ ചോദ്യത്തോട് നീരസം പ്രകടിപ്പിക്കാതിരുന്നതെന്ന്. അന്ന് കവിതയോ കവിതയുടെ വിശകലനമോ ആസ്വാദനമോ മറ്റൊന്നുമോ ഞങ്ങളുടെ മുന്നിലില്ലായിരുന്നു. അപമാനത്തോളം ഭാരമുള്ള കിംവദന്തിയുടെ ഘോരമായ പിന്തുടരല്‍ മാത്രമേ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതിനെ തുരത്താനായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍ തന്നെ. എന്നിട്ടും ആ കവിതാപുസ്തകം കൊണ്ടു വന്നിട്ടുണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്.

”എനിക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. വീട്ടുകാരൊക്കെ ശ്രദ്ധിച്ചു തുടങ്ങി. ദയവു ചെയ്ത് നിങ്ങളെന്നെ പ്രയാസപ്പെടുത്തരുത്.”

അത്രയും പറഞ്ഞിട്ട് കാന്റീനില്‍നിന്നും മേഘ പെട്ടെന്ന് എണീറ്റുപോയി. ഞാന്‍ തനിച്ചായി. അവളോടൊപ്പം അവളുടെ ഗന്ധം, രൂപത്തിന്റെയും ഭാരത്തിന്റെയും അസാന്നിദ്ധ്യം തരുന്ന വിടവ്, അവളുടെ സാന്നിദ്ധ്യം തന്നിരുന്ന ഒരു നിറവ് എല്ലാം സ്പഷ്ടമായി.

പിന്നീട് എട്ടു വര്‍ഷം കഴിഞ്ഞ് ‘മേഘകാന്തി ‘എന്നത് എന്റെ ആദ്യപുസ്തകത്തിന്റെ പേരും പതിന്നാല് വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ പണിതുണ്ടാക്കിയ വീടിന്റെ പേരും പതിനാറ് വര്‍ഷം കഴിഞ്ഞ് ഞാന്‍ പത്രാധിപരായി തുടങ്ങിയ കവിതയ്ക്കായുള്ള ചെറുമാസികയുടെ പേരും അതായിത്തീര്‍ന്നു. ഞങ്ങള്‍ പിരിഞ്ഞ് ഒരു രാത്രി പോലും നാളിതുവരെ താമസിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കുകയില്ലായിരിക്കാം. ഇന്നെനിക്ക് നാല്‍പ്പത്തിയേഴ് വയസ്സായി. എല്ലാ മേഘകാന്തിയും ഇപ്പോഴും എന്നോടൊപ്പമുണ്ട്.

”നിങ്ങള്‍ പോസ്റ്റ്മാസ്റ്റരാണല്ലേ..?”

നേരത്തേ വന്ന കാക്കിഷര്‍ട്ട് ധരിച്ച പൊലീസുദ്യേഗസ്ഥ വീണ്ടും വന്നിട്ട് ചോദിച്ചു. ഞാനവരെ നോക്കി. പിന്നെ അതെയെന്നു സമ്മതിച്ചു. അടുത്തനിമിഷം അവരുടെ മുഖഭാവം അയഞ്ഞു. അവര്‍ കുറച്ചൊന്ന് ഭവ്യമായി പറഞ്ഞു.

”സാറിന്റെ കവിത എന്റെ കുട്ടിക്ക് പഠിക്കാനുണ്ട്. എട്ടാം ക്ലാസില്‍.”

ഞാനൊന്ന് ചിരിച്ചു. അവരെന്തൊക്കെയോ പറഞ്ഞു. ഞാനത് ശരിക്ക് കേട്ടിട്ടുണ്ടാവില്ല. മനസ്സില്‍ നിയതിയുടെ രൂപം മാത്രമായിരുന്നു. അവള്‍ വലിയ പെണ്‍കുട്ടിയായെന്ന് മേഘ എന്നോട് പറഞ്ഞ ദിവസം ഞാനെഴുതിയതായിരുന്നു പൊലീസുദ്യോഗസ്ഥ പരാമര്‍ശിച്ച കവിത.

ആ കവിതയെഴുതിക്കഴിഞ്ഞ് അധികം വൈകാതെ വീട്ടിലൊരു കലഹം നടന്നിരുന്നു. കാരണം പതിവുപോലെ ഷര്‍ട്ട് തന്നെ.

”അമ്മൂ.. ഇനിയെങ്കിലും നീ ഈ കോലമൊന്ന് മാറ്റി മര്യാദയ്ക്ക് നടക്ക്,” മേഘ അഭ്യര്‍ത്ഥിച്ചു.
”ഈ വേഷത്തിനെന്താ ഒരു കുറവ് ?”
”കുറച്ചു കൂടി കഴിഞ്ഞാ നിനക്ക് സാരിയുടുക്കണ്ടേ അമ്മൂ.. ?”

എനിക്കത് കേട്ടപ്പോള്‍ ചിരി വന്നു. മേഘ ഇന്നുവരെ ചുരിദാറും സാരിയുമല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ താജ്മഹല്‍ കാണാന്‍ പോയപ്പോള്‍ ഞാനവളോട് ജീന്‍സിടുന്ന കാര്യത്തെപ്പറ്റി തീവണ്ടിയില്‍വച്ച് പറഞ്ഞു നോക്കിയതാണ്. അന്ന് അവളെന്നെ നോക്കിയത് ഒരു ദുഷ്ടനെ നോക്കുന്നതു പോലെയാണ്. എന്നിട്ട് മകള്‍ കേള്‍ക്കാതെ ഒച്ചയടക്കി ചോദിച്ചു.

”എന്റെ വേഷം മടുത്തുതുടങ്ങിയോ.. ?”

ആ ചോദ്യത്തിലെ ഓരോ വാക്കിനുമുണ്ടായിരുന്ന അരം എന്റെ കേള്‍വിയെ അറുത്തു മുറിച്ചു. എന്റെ ജീവിതത്തില്‍ ഒരു നിമിഷം പോലും വിരസത തോന്നിക്കാത്ത രൂപമായിരുന്നു മേഘയുടേത്. ഞങ്ങള്‍ വഴക്കിട്ടിട്ടും മണിക്കൂറുകളോളം മിണ്ടാതിരുന്നിട്ടുമെല്ലാമുണ്ട്. ഒരു രാത്രിയുടെ മറുവശത്തേക്ക് അത് നീണ്ടിട്ടില്ല. ഞങ്ങളുടേത് മിശ്രവിവാഹമായിരുന്നിട്ടും അലോസരം കാണിക്കാതെ പിന്തുണ നിന്ന മേഘയുടെ അച്ഛന്‍ നാലു വര്‍ഷം മുന്നേ അപ്രതീക്ഷിതമായി മരിച്ചു പോയ ദിവസം പോലും മേഘയുടെ അടുത്തായി ഉറങ്ങാതെ അവളെ തൊട്ടിരിക്കുകയായിരുന്നു ഞാന്‍ ചെയ്തത്.

ഞാന്‍ പറഞ്ഞു, ”നിന്നെ മടുത്തിട്ടില്ല. മടുക്കുകയുമില്ല.”
മേഘ എന്റെ ചുമലിലേക്ക് തല ചേര്‍ത്തുവച്ചു. തീവണ്ടി വെയിലേറ്റ് കുതിച്ചു.
”അച്ഛനെന്തിനാ ചിരിക്കുന്നത്.. അവള്‍ക്ക് സാരിയുടുക്കാറായില്ലേ.. ?”
മേഘ ചോദിച്ചു. നിയതി പിറന്നതില്‍പ്പിന്നെ മേഘ എന്നെ ചിലപ്പോഴൊക്കെ വിളിച്ചിരുന്നത് അച്ഛന്‍ എന്നായിരുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ വച്ചും മേഘ അങ്ങനെ ആവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞു.
”അതല്ല, അവളുടെ വേഷം അവള്‍ തീരുമാനിക്കുന്നതല്ലേ നല്ലത് ?”
”അയായ്‌ക്കോട്ടെ. പക്ഷേ ഈ ഷര്‍ട്ടിനി പറ്റില്ല.”
മദ്ധ്യസ്ഥനായി ഞാന്‍ അനുനയത്തിനു ശ്രമിച്ചു.
”അമ്മൂ.. നീ അമ്മ പറയുന്നത് അനുസരിക്കൂ. അല്ലെങ്കിലും നാളെ ജോലിയൊക്കെ ആവുമ്പോ, പ്രത്യേകിച്ചും സിവില്‍ സര്‍വ്വീസിനു പോകാനാഗ്രഹിക്കുന്ന നിനക്ക് എല്ലാ കാലത്തും ഈ ഷര്‍ട്ടിട്ട് നടക്കാന്‍ പറ്റില്ലില്ലോ.”
”അച്ഛാ.. ആ പതിവിനെയും അമ്മു തിരുത്തും.”susmesh chandroth , story, malayalm story

അന്ന് ആദ്യമായി മേഘ ഉറക്കെ ചോദിച്ചു.
”നിന്റെയീ സ്വഭാവം കാരണം ഞാന്‍ കേട്ട ചോദ്യങ്ങള്‍ക്ക് കണക്കില്ല. ഇന്നും നീയൊരു ലെസ്ബിയന്‍ ബിഹേവിയറുള്ള പെണ്‍കുട്ടിയാണെന്ന് സ്വകാര്യം പറയുന്നവരുണ്ട്. എന്റെ സെക്ഷനിലെ അരുണ അവരുടെ മകനുമായി നിന്നെ വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോ എന്റെ വലത്തു വശത്തിരിക്കുന്ന നീലിമ തമാശയായി പറഞ്ഞത് നിയതിക്ക് ഒരു പെണ്‍കുട്ടീനെയല്ലേ വേണ്ടത്, അരുണേടെ മോനെങ്ങനെ നിയതിക്ക് ശരിയാവും എന്നാണ്. എന്താ ഇതിനൊക്കെ അര്‍ത്ഥം.. ?”

നിയതിക്ക് നന്നായി ദേഷ്യം വരുന്നത് ഞാന്‍ മനസ്സിലാക്കി.
”ഷര്‍ട്ടിടുന്നവരെല്ലാം ലെസ്ബിയന്‍ കാരക്ടറുള്ളവരാണെന്ന് അമ്മ ധരിക്കരുത്. ഷര്‍ട്ട് ആണിന്റെ അടയാളമല്ല. ഷര്‍ട്ട് സ്വാതന്ത്യത്തിന്റെ അവസാനവാക്കുമല്ല. ഷര്‍ട്ട് ഇരുവശത്തുനിന്നും മുന്നിലേക്കെടുത്ത് ബന്ധിപ്പിക്കുന്ന ഒരു ആശയമാണ്. അത് ബ്ലൗസ് പോലെയല്ല. ഷര്‍ട്ട് ശരിക്കും ശരീരത്തിന്റെ റെപ്രസെന്റേഷനാണ്.”
ഞാന്‍ നിയതിയെ നോക്കി. അവളുടെ നിരീക്ഷണവും വാദവും എനിക്കിഷ്ടമായി.
”അതു കൊണ്ട് ഷര്‍ട്ടിടുക എന്നതും ഷര്‍ട്ടഴിക്കുക എന്നതും ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ സ്വത്വപ്രകാശനമാണ്. ഞാന്‍ ഞാനായിരിക്കുന്നത് ഷര്‍ട്ടിലാണ്.”

നിയതി എണീറ്റുപോയി. അന്നുരാത്രി മേഘയുടെ നഗ്നമായ ദേഹത്ത് സാങ്കല്‍പ്പികമായ ഒരു ഷര്‍ട്ട് ഞാന്‍ കൈകൊണ്ട് നെയ്തുനോക്കി. മേഘ എന്റെ കൈ ദേഷ്യത്തോടെ തട്ടിക്കളഞ്ഞു.

പെട്ടെന്ന് ബുട്ടുകളുടെ ശബ്ദവും കതക് തുറന്നടയുന്ന ഒച്ചയും കേട്ടു. ഞാന്‍ വേഗം തിരിഞ്ഞുനോക്കി. അത് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്നു. ഞാനെണീറ്റു. എന്നോട് ചിരിച്ചു കൊണ്ട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
”ദയവായി ഇരിക്കൂ സര്‍.”

കസരേയില്‍ ഞാന്‍ കുറച്ച് മുന്നോട്ടു കയറിയിരുന്നു. എനിക്ക് ദാഹിക്കുന്നതായി തോന്നി. ഇന്‍സ്‌പെക്ടറുടെ മുന്നില്‍ വച്ച് വെള്ളം കുടിക്കാന്‍ എനിക്ക് പ്രയാസം തോന്നി.

”ബുദ്ധിമുട്ടായെന്നറിയാം. പക്ഷേ ഒരന്വേഷണമാവുമ്പോ.. അതാ വിളിപ്പിച്ചത്.”
ഇന്‍സ്‌പെക്ടര്‍ പറഞ്ഞുനിര്‍ത്തിയ ഉടനെ ഞാന്‍ ചോദിച്ചു.
”എന്ത് അന്വേഷണം.. ?”

ഇന്‍സ്‌പെക്ടര്‍ മേശവലിപ്പില്‍നിന്നും ഒരു ഫയലെടുത്തു.
”ഇത് രഹസ്യപ്പൊലീസില്‍ നിന്നും വന്ന ഇന്‍ഫര്‍മേഷനാണ്. താങ്കളുടെ മകളെപ്പറ്റി..”
”എന്റെ മകള്‍ എന്താണ് കുഴപ്പം കാണിച്ചത് ?”
”പൊലീസ് അന്വേഷിച്ചാലുടനെ അത് എന്തോ കുഴപ്പം കാരണമാണെന്ന് താങ്കളെപ്പോലുള്ളവരും ചിന്തിക്കരുത്.”
എനിക്ക് സമാധാനം തോന്നി. ഇന്‍സ്‌പെക്ടര്‍ തുടര്‍ന്നു.
”എന്നാല്‍ ഭാവിയില്‍ ചില കുഴപ്പങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.”
ഞാന്‍ വീണ്ടും വിവശനായി. ഭാര്യ, മകള്‍ എന്നീ ത്രിത്വത്തില്‍ കിടന്ന് ചുറ്റുന്ന ഒരുവനാണ് ഞാന്‍. വയസ്സാകുന്തോറും അവരോടുള്ള ആശ്രിതത്വം വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നുമില്ല. എന്റെ മകള്‍ എന്തു കുഴപ്പത്തിലേക്കാണ് ചാടാന്‍ പോകുന്നത് ?
”സാറിന്റെ മകള്‍ സ്ഥിരമായി ഷര്‍ട്ടല്ലേ ഇടുന്നത്.. അതും ആണ്‍കുട്ടികള്‍ക്കുള്ള ഷര്‍ട്ട് തന്നെ.. അല്ലേ ?”
ഞാന്‍ ഇന്‍സ്‌പെക്ടറെ നോക്കി. പിന്നെ സമ്മതിച്ചു.
”അതെ.”
”ഈ റിപ്പോര്‍ട്ടിലുള്ളത്, സ്ഥിരമായി ഷര്‍ട്ടിടുന്ന മുപ്പത്തിനാല് പെണ്‍കുട്ടികള്‍, അതില്‍ മുതിര്‍ന്ന പതിനൊന്ന് സ്ത്രീകളുമുണ്ട്, ഗവണ്‍മെന്റിനെതിരെ ശബ്ദിക്കുന്നവരാണെന്നാണ്.”

ഞാന്‍ നെറ്റിചുളിച്ചുനോക്കി.
”മാവോയിസ്റ്റ് ബന്ധമുള്ളവരും മറ്റ് വിഘടനശക്തികളുമായി ബന്ധമുള്ളവരുമായ ഒരു ഗ്രൂപ്പ് ഇവിടെ സജിവമാണെന്നും അക്കൂട്ടത്തിലുള്ളവരെല്ലാം സ്ഥിരമായി ഷര്‍ട്ട് ധരിക്കുന്നവരാണെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.”

മകള്‍ ഭരണകൂടത്തിനെതിരായാലുള്ള വിപത്തുകളും ദുരൂഹമായ ഫലശ്രുതികളും ഓര്‍ത്തു സര്‍ക്കാരുദ്യോഗസ്ഥനായ ഞാന്‍ നടുങ്ങി. എന്റെ തലയില്‍ പൊലീസ് ജീപ്പുകളും ചാനല്‍ വാഹനങ്ങളും കിടന്ന് ചിലമ്പി. ചെറുപ്പം മുതലേ ഷര്‍ട്ട് വേണമെന്ന് നിയതി വാശിപിടിച്ചത് അവളുടെ ഉള്ളില്‍ അത്രയും കൃത്യതയുള്ള വാശിക്കാരിയും സൂക്ഷ്മബുദ്ധിക്കാരിയും ഉള്ളതു കൊണ്ടാണ്. അതിന്റെ അടുത്ത വളര്‍ച്ച എന്നത് ഇതായിരുന്നോ.. ഞാന്‍ ഇന്‍സ്‌പെക്ടറെ നോക്കി.

”ഈ ലിസ്റ്റില്‍ പതിനെട്ടാമത് പറയുന്ന പേര് സാറിന്റെ മകളുടേതാണ്. എന്നാല്‍ ഏതെങ്കിലും വിധ്വംസകശക്തികളുമായി അവള്‍ കൂട്ടുണ്ടാക്കുന്നതിന് രേഖകളോ തെളിവുകളോ ഇതുവരേയും സര്‍ക്കാരിന് ലഭിച്ചിട്ടുമില്ല.”
അപ്പോളെനിക്ക് അല്പം ധൈര്യം തോന്നി.
”പിന്നെ.. ?”
ഞാന്‍ ചോദിച്ചു.
”നിരീക്ഷണത്തിലാണ്.”
ഇന്‍സ്‌പെക്ടര്‍ മറുപടി പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു.
”സൂക്ഷിക്കണം.”
അതു കേട്ടപ്പോള്‍ കുറേക്കൂടി ഊര്‍ജ്ജം എന്റെ ഉള്ളിലേക്കെത്തി.
”എങ്കില്‍ തെളിവുകളുമായിട്ട് വരണം സര്‍ എന്റെ മകളെ സംശയിക്കാന്‍. വെറുതെ ഷര്‍ട്ടിടുന്നതിന്റെ പേരില്‍ സംശയിക്കാന്‍ വരണ്ട. അവളിനിയും ഷര്‍ട്ടേ ഇടൂ… അത് ഗവണ്‍മെന്റിന് തലവേദനയാകുന്നതെങ്ങനെയെന്ന് നോക്കട്ടെ.”

ഇന്‍സ്‌പെക്ടറുടെ മറുപടിക്ക് കാക്കാതെ ഞാന്‍ പുറത്തേക്കിറങ്ങി. സ്റ്റേഷന്‍ മുറ്റത്ത് വച്ചിരുന്ന ബൈക്ക് സ്റ്റാര്‍ട്ടാക്കി. ഹെല്‍മറ്റ് തലയില്‍ വച്ചു. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ എനിക്ക് മേഘയോടും ദേഷ്യം തോന്നി. മേഘ ഉള്‍പ്പെടുന്ന ഒരുപറ്റം യാഥാസ്ഥിതികരും പൊലീസിനെപ്പോലെ കുഴപ്പക്കാരാണ്. ഷര്‍ട്ടിടുന്നവരെല്ലാം വിമതലൈംഗീകരാണെന്ന് ഒരു കൂട്ടം വിചാരിക്കുന്നു. മറ്റൊരു കൂട്ടം സര്‍ക്കാരിനെതിരെ പടക്കോപ്പ് കൂട്ടുന്ന പോരാളികളാണ് ഷര്‍ട്ടിടുന്നവരെല്ലാം എന്നു വിചാരിക്കുന്നു. എല്ലായിടത്തും വിചാരമേയുള്ളൂ, മറ്റു ചിലരുടെ ഭയങ്ങളും. ആര്‍ക്കും ഉറപ്പുകളില്ല. സംശയത്തില്‍ നിന്നു കൊണ്ട് അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ലഭിക്കുന്ന എന്തെങ്കിലും സൂചനകളുപയോഗിച്ച് ഒരു സമാശ്വാസത്തിലെത്തുന്നു. തീര്‍പ്പുകളിലെത്തുന്നു. കുറേ നാള്‍ കഴിയുമ്പോള്‍ സൂചന ശരിയായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് സംശയിച്ചയാളെ വെറുതെ വിടുന്നു. വീണ്ടും മറ്റൊരാളെ നിരീക്ഷിച്ചു തുടങ്ങുന്നു. ഷര്‍ട്ട് ഒരു കാരണം മാത്രം.

വീട്ടിലെത്തി ബൈക്ക് ഒതുക്കിവയ്ക്കുമ്പോളേക്കും കൈയിലൊരു പുസ്തകവുമായി നിയതി ഇറങ്ങി വന്നു. പതിവു പോലെ ഷര്‍ട്ടും ജീന്‍സും വേഷം. തലയിലൊരു ചുവന്ന റിബ്ബണ്‍ കൂടി കെട്ടിയാല്‍ ചിത്രകഥകളിലെ സായുധപ്പോരാളിയുടെ എല്ലാ ലക്ഷണവുമുണ്ടാകും നിയതിക്ക്. അതോര്‍ത്ത് ഞാന്‍ ചിരിച്ചു. എന്റെ ചിരി കണ്ടിട്ട് നിയതി തിരക്കി.

”പൊലീസ് സ്റ്റേഷനീ പോയി വന്നിട്ടും അച്ഛനൊരു ടെന്‍ഷനില്ലല്ലോ.”

അപ്രതീക്ഷിതമായ നിയതിയുടെ ചോദ്യം കേട്ട് ഞാന്‍ പതറി. വീട്ടിലേക്ക് കയറാന്‍ തുനിഞ്ഞ ഞാന്‍ അവിടെത്തന്നെ നിന്നുപോയി. ഞാന്‍ ചോദിച്ചു.

”പൊലീസ് സ്റ്റേഷനില്‍ പോയ വിവരം അമ്മു എങ്ങനെ അറിഞ്ഞു ?”

അപ്പോള്‍ ചെറുതായൊന്ന് ചിരിച്ചിട്ട് ശാന്തമായ സ്വരത്തില്‍ നിയതി പറഞ്ഞു.
”അച്ഛാ, പൗരന്മാരുടെ നിതാന്തനിരീക്ഷണത്തിലാണ് ഭരണകൂടവും അതിന്റെ അനുചരന്മാരും.”

ഞാന്‍ നിയതിയെ തറപ്പിച്ചു നോക്കി. ഒട്ടും പതറാതെ അവളെന്നെയും നോക്കി നിന്നു. ഞങ്ങള്‍ക്കിടയില്‍ ചവിട്ടടി ശബ്ദം കേള്‍പ്പിച്ചുകൊണ്ട് മൗനം കടന്നുപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook