ചില ഓർമ്മകൾ
ക്യാൻസർ മുഴകളേക്കാൾ
വേദന തരുന്നു.
പോയ കാലത്തിന് മീതെ
വീണ്ടും വീണ്ടും
കയറ്റിയിറക്കുന്ന
വണ്ടിച്ചക്രങ്ങളാകുന്നു

പഴയ മേൽവിലാസങ്ങളിലേക്ക്
പിന്നെയും പിന്നെയും
കത്തുകളയയ്ക്കുന്നു
പഴയ ഫോൺ നമ്പറുകൾ
വീണ്ടും വീണ്ടും
ഡയൽ ചെയ്യപ്പെടുന്നുarun t vijayan, poem, iemalayalam

 

ഉറങ്ങാത്ത രാത്രികൾ
പോയകാലത്തെ
ഒരു ബീഡിയിൽ
തെറുത്തുകയറ്റി
ആർത്തിയോടെ തിന്നും

ആ വേദന
വായിലേക്ക്, മൂക്കിലേക്ക്
തലയിലേക്ക്, തൊണ്ടക്കുഴിയിലേക്ക്
പരകായം ചെയ്യും
ശ്വാസകോശത്തിലേക്കും
ആമാശയത്തിലേക്കും
കുടലിലേക്കുമെത്തുമ്പോൾ
ഒന്നു പറിച്ചു കളഞ്ഞാ-
ലെന്തെന്ന് തോന്നും
മുലകളിലെയും ഗർഭാശയത്തിലെയും
അസ്ഥികൾക്കിടയിലെയും
നനവുകളെ ചൂടുപിടിപ്പിക്കും
ചിന്തകൾ സമയംതെറ്റാതെ
കീമോതെറാപ്പി
ചെയ്തു കൊണ്ടേയിരിക്കുംarun t vijayan, poem, iemalayalam

വേദന താങ്ങാനാകാതെ
രണ്ടു ചെവികളും പൊത്തിപ്പിടിപ്പിക്കും
ഇടതു ചെവിയടച്ചാൽ
മഴയിരമ്പം കേൾക്കാം
വലതു ചെവിയടച്ചാൽ
കടലിരമ്പവും
രണ്ടു ചെവികളുമൊന്നിച്ചടച്ചാൽ
കടന്നൽക്കൂടിളകിവരും

ഇനിയെനിക്ക്
ഈ അവയവങ്ങളെ
ഓരോന്നായി
മുറിച്ചു മാറ്റണം
എന്നിട്ടവയെല്ലാം
ഓർമ്മകൾക്ക് കൊടുക്കും
തിന്നട്ടെ ആർത്തിയോടെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook