അന്‍‌വർ ബുര്‍ഹനും പ്രവീണും പണി നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെച്ച് തല്ല് കൂടുമ്പോഴാണ് വല്ലാത്തൊരൊച്ചയോടെ സര്‍വ്വവും പൊടിമണ്ണായി ഇടിഞ്ഞുവീഴുന്നത്. എല്ലാം സമനിരപ്പിലെത്തിയ നിമിഷത്തിന്റെ തൊട്ടു മുമ്പെ, ആ അവസാന നിമിഷത്തില്‍ ബുര്‍ഹന്‍ എന്ന പിലിബത്തുകാരന്റെ മനസ്സിൽ പതിഞ്ഞത് പ്രവീണിന്റെ മുഖത്തെ അവിശ്വാസത്താലും ഭയത്താലും പകച്ച കണ്ണുകളാണ്.

പിന്നീട് ചുറ്റുമൊരു ചുവന്ന ഇരുട്ടായിരുന്നു.

മുകളിലും ചുവട്ടിലും, മണ്ണ്‌; വായിലും കണ്ണിലും, ചെവിയിലും, നാസികയി ലും മണ്ണ്. അങ്ങനെ പത്തടി മണ്ണിന്റെ ചുവട്ടിൽ കിടക്കുമ്പോള്‍, ബുര്‍ഹന്‍ മനസ്സിലാക്കി -അപകടത്തിനും ആസന്ന മരണത്തിനുമിടയിൽ ഒരു ആയുഷ്ക്കാലത്തിന്റെ ദീര്‍ഘമുണ്ട്. അബോധാവസ്ഥയിലേക്ക് താണുക്കൊണ്ടിരിക്കെ, തന്റെ കൈയിലെ ഇരുമ്പ് കമ്പിയുടെ തണുപ്പ് ബുർഹന്റെ വിരലുകളിലൂടെ അരിച്ചുകയറി.

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനാലഴികള്‍ക്ക് പ്രൈമർ അടിച്ചുകൊണ്ടിരിക്കവെയാണ്, പ്രവീണ്‍ ബുർഹനിനെ അന്വേഷിച്ച് വന്നതും അവർ തമ്മിലുളള അവസാനത്തെ തർക്കത്തിന് തുടക്കം കുറിച്ചതും. പ്രവീണെന്ന മലയാളി കോൺട്രാക്ടറെ, ബീഹാറി എന്ന സർവ്വ നാമത്തിൽ അറിയപ്പെടുന്ന ബുർഹന്‍ എന്ന സുപ്പര്‍വൈസെർ, മണ്ണിടിച്ചിലിന്റെ അപകടസാധ്യതയെ കുറിച്ച് ബോധിപ്പിക്കാൻ മുമ്പെ പലവട്ടം ശ്രമിച്ചതായിരുന്നു. കുന്നിന്റെ താഴ്‌വാരത്തിൽ പണിയുന്ന വന്‍‌കെട്ടിടം നിൽക്കുന്ന ഭൂമിയുടെ അതിര് കല്ലുകൊണ്ട് കെട്ടിപ്പെടുത്തതാണ്. ആ കെട്ടിന് ഉറപ്പു പോരെന്നും, ഏതു നിമിഷത്തിലും അതിടിഞ്ഞു വീഴാമെന്നും ബുർഹന്നുറപ്പുണ്ടായിരുന്നു. ഉറപ്പുളളൊരു മതിൽ കെട്ടിയില്ലെങ്കിൽ, ഇരുപതടി മുകളില്‍നില്‍കുന്ന അടുത്ത വളപ്പും അതിലെ വീടും ഇടിയുമെന്ന് എത്ര പറഞ്ഞിട്ടും പ്രവീണ്‍ സമ്മതിച്ചിരുന്നില്ല. ഈ വിഷയം മുതലാളിയോട് ബുര്‍ഹൻ സംസാരിച്ചതായിരുന്നു പ്രവീണിനെ പ്രകോപിപ്പിച്ചത്.

“ഞാന്‍ പറഞ്ഞു. എന്ത്‌ തെറ്റ്?” കേരളത്തില്‍ താമസിച്ച പത്ത് വർഷം കൊണ്ട് തനിക്ക് വേണ്ട മലയാളം ബുര്‍ഹന്‍ മനസിലാക്കി വെച്ചിരുന്നു.

“നീ പറഞ്ഞതില്‍ എന്ത് തെറ്റോ? നീ പൊട്ടന്‍ കളിക്ക്യാ? അല്ലെങ്കിലും ഇതെല്ലാം തീരുമാനിക്കാന്‍ നീയാരാ…എന്റെ പണിക്കാരന്‍! അതു മറക്കണ്ട!”

ചുറ്റുമുളള ഇരുട്ടിന് നനഞ്ഞ മണ്ണിന്‍റെ മണമാണ്. ബുര്‍ഹനിന് എറ്റവുംഇഷ്ടമുള്ള മണം. മണ്ണില്‍ നിന്നുയരുന്ന വാസന കാറ്റില്‍ പരന്ന് മൂക്കിലൂടെ ഹൃദയത്തിലേക്കെത്തുമ്പോൾ സാധാരണ, ബുര്‍ഹന്റെ മനസ്സില്‍ ഉയരുന്നതു, മഴ പാട്ടുകളുടെ ബാംസുരി ഈണമാണ്. പക്ഷേ, ഇപ്പോൾ ചെവികളിൽ മുഴങ്ങുന്നത്, ഒരു വാക്വം ഫ്ലാസ്ക്കിലെ മൂളലാണ്. മണ്ണിൽ നിന്നൊരു സുഖകരമല്ലാത്ത സ്വാദ് വായിലൂറുന്നു. മണ്ണ് നിറഞ്ഞ വായിൽ, ഇറക്കാനാവാതെയും തുപ്പാനാവാതെയും ആ സ്വാദ്, അയാളുടെ വായിൽതന്നെ തളംകെട്ടി കിടന്നു. കഴുത്തിന് താഴെ ബുര്‍ഹന്റെ ദേഹമെന്നോന്നില്ലെന്നൊരവസ്ഥയാണ്‌. എങ്കിലും കൈവിരലുകളിലൂടെ മാത്രം മരവിപ്പിക്കുന്നൊരു തണുപ്പ് ബുര്‍ഹന് അനുഭപ്പെട്ടു. മരണം ഇന്ദ്രിയങ്ങളിലൂടെ ഇരച്ചു കയറുന്നതു അയാള്‍ ഭയത്തോടെ അറിഞ്ഞുsujaya ,malayalam shortstory

അതൊരു ജനാലയുടെ ഇരുമ്പ് കമ്പിയാണെന്നു ബുര്‍ഹന്‍ ഉറപ്പിച്ചു. വിരലുകളൊന്നു നീട്ടാന്‍ ശ്രമിച്ചപ്പോള്‍ മണ്ണിന്റെ ചുവന്ന ഇരുട്ടിലേക്ക് ദയാരഹിതമായൊരു പ്രകാശം, ബുര്‍ഹന്റെ കണ്ണിലേക്ക് കുത്തികയറി. ആരെങ്കിലും മണ്ണ് മാറ്റി തന്നെ രക്ഷിക്കാനെത്തിയതാവുമെന്നാണ് അയാൾ ആദ്യം കരുതിയത്.  പക്ഷെ അല്ല- ബുര്‍ഹന്റെ കൈയിലപ്പോഴുമിരിക്കുന്ന ഇരുമ്പുകമ്പിക്കപ്പുറത്തെ ജനാല പ്രകാശത്തിനെ തുറന്നുവിട്ടതായിരുന്നു.

ആദ്യത്തെ ജനാല.

വെളിച്ചമെന്തെന്ന് മനസ്സിലാക്കാനാവാതെ കണ്ണിറുക്കി പിടിച്ചിരുന്ന ബുര്‍ഹന്റെ ചെവിയിൽ, അയാളുടെ ഉമ്മയുടെ ശബ്ദം ഒഴുകിയെത്തി. ബുര്‍ഹന്‍ കണ്ണ് തുറന്നപ്പോൾ, ചെറുപ്പക്കാരിയും സുന്ദരിയുമായൊരു സ്ത്രീ, തുണിയൊന്നുമെടുക്കാത്ത പതുങ്ങിയിരിക്കുന്നൊരു നാല് വയസുകാരനെ മണ്ണില്‍നിന്നു കൈപിടിച്ചെണീപ്പിച്ച് ശകാരിക്കുന്നു . “ബുര്‍ഹി, നിന്നോട് എത്ര പ്രാവശ്യമാണ് പറഞ്ഞിരിക്കുന്നത് മണ്ണുതിന്നരുതെന്ന്.”

അവിടെ ജനാലക്കപ്പുറത്ത്, ബുര്‍ഹന്റെ വീടായിരുന്ന മൺകൂരയുടെ മുറ്റത്ത് കളിക്കുന്ന അയാളുടെ ചേച്ചി ദൂരെനിന്നു നടന്നു വരുന്ന അവരുടെ അച്ഛനെ കണ്ട് ‘അബ്ബൂ’ എന്ന് വിളിച്ചു അങ്ങോട്ടോടുന്നു. വെളിച്ചം ബുര്‍ഹന്റെ കണ്ണുകളെ വേദനിപ്പിച്ചുവെങ്കിലും, അയാൾ കണ്ണടച്ചില്ല.

ബുര്‍ഹന്റെ അബ്ബൂ പിലിബിത്തിൽ ബാംസുരികളുണ്ടാക്കുന്ന തൊഴിലാളി കളിൽ ഒരുവനായിരുന്നു. അദ്ദേഹം പേരുകേട്ട നവാബ് സാഹിബിന്റെ കീഴെയായിരുന്നു പണിയെടുത്തിരുന്നത്‌. ഒരു കാലത്ത് ദേശത്തും വിദേശത്തും ബാംസുരികള്‍ക്ക് വലിയ ആവശ്യമായിരുന്നു. അന്ന്  നേപ്പാളില്‍നിന്ന് മുള കൊണ്ടുവന്നാണ് ബുർഹന്റെ അബ്ബു ബാംസുരികളുണ്ടാക്കിയിരുന്നത്. പിന്നീട് നേപ്പാൾ സര്‍ക്കാര്‍ അത് നിര്‍ത്തിയപ്പോൾ, അസമിൽ നിന്ന് മുളകള്‍ കൊണ്ടുവരേണ്ടി വന്നു. കാലക്രമേണ, വിപണിയില്‍ കുറഞ്ഞ മൂല്യമുള്ള ബാംസുരികളെത്താന്‍ തുടങ്ങിയപ്പോൾ അബ്ബൂവിന്റെ വരുമാനവും കുറഞ്ഞു. പന്ത്രണ്ടാം വയസ്സിൽ ബുര്‍ഹൻ സ്കൂൾ പഠനം നിര്‍ത്തിയിട്ട് സെമിന്താറിന്റെ തോട്ടങ്ങളിലെ മണ്ണില്‍ പണിയെടുക്കാന്‍ തുടങ്ങി. അബ്ബു മരിച്ചപ്പോൾ , ബുര്‍ഹാന്‍ ആദ്യം ബാംസുരികളുടെ കെട്ടെടുത്ത് അബ്ബുവിനെപോലെ കച്ചവടത്തിനിറങ്ങിയെങ്കിലും അതില്‍ മെച്ചം കാണാത്തപ്പോള്‍ ഒരു സുഹൃത്തിന്റെ കൂടെ കേരളത്തിലേക്ക് വണ്ടി കയറി.

കൈയില്‍ രണ്ട് ജോടി തുണിയും അബ്ബുവിന്റെ ബാംസുരിയും, ഉമ്മ ഉണ്ടാക്കി കൊടുത്തയച്ച ഭക്ഷണ പൊതിയുമായി അയാള്‍ കേരള എക്സ്പ്രസ്സിൽ കേറി, എറണാകുളത്തെത്തി.sujaya ,malayalam shortstory

പിലിബിത്തിലെ ജീവിതത്തിലെ വെളിച്ചത്തിന്റെ പാളികളെ തടഞ്ഞുനിര്‍ത്തികൊണ്ട് ജനാല തനിയെ അടഞ്ഞു.

വീണ്ടും ഇരുട്ട്.

അന്നവന് വയസ്സ് പതിനാല്. ഒരു പട്ടരുടെ ഹോട്ടലിൽ പണിക്കാണ്, അവൻ ആദ്യ കയറിയത് താമസം ആരാധന ക്വാട്ടേഴ്സിലായിരുന്നു. ആരാധന ക്വാട്ടേഴ്സ് എന്ന പേരായിരുന്നു അതിന്റെ ഏക മികവ്. ഏതോ കാലത്ത് ഉടമസ്ഥന്‍ കെട്ടിപ്പൊക്കിയ കച്ചവട കെട്ടിടം, പിന്നീട് ഇതരസംസ്ഥാന തോഴിലാളികള്‍ക്ക് താമസിക്കാനിടമാക്കി മാറ്റിയതായിരുന്നു. ആടുകളും കോഴികളും താമസിക്കുന്നത് ഇതിലും വൃത്തിയിലാണെന്നറിഞ്ഞു കൊണ്ട് തന്നെ എല്ലാവരും അവിടെ തിങ്ങികൂടി താമസിച്ചു. പണ്ടൊക്കെ മുതലാളി വാടക വാങ്ങാൻ വരുമായിരുന്നു. ഡിജിറ്റൽ ഇന്ത്യക്ക് ശേഷം അതിന് പോലും മെനക്കെട്ടില്ല.. ഇടിഞ്ഞ് മുട്ടുമടക്കിയ കെട്ടിടത്തിനുള്ളിൽ തുടക്കത്തില്‍തന്നെ അയാള്‍ മനസ്സിലാക്കി, ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനുഷ്യര്‍ വ്യത്യസ്തമായൊരിനം ജീവികളാണെന്നും, തങ്ങൾ അവർക്ക് വെറും പണിയന്ത്രങ്ങളാണെന്നും.

സ്ഥലവാസികളോട് തീരെ അടുക്കാതെ തങ്ങൾക്ക് വിഭജിക്കപ്പെട്ട താമസയിടങ്ങളിൽ പായലും മാറാലയും പിടിച്ച ചുമരുകൾക്കുള്ളിൽ ജീവിച്ച് വികാരങ്ങള്‍ അടർത്തിയകറ്റി യാന്ത്രികമായി പ്രവർത്തിച്ച്, കഴിച്ച് കൂട്ടി. എല്ലാവരെയും പോലെ ബുർഹനും കിട്ടുന്ന സമ്പാദ്യം നാട്ടിലേക്ക് അയക്കുകയും ചെയ്തു. അതിനിടയിൽ എന്നോ ബാംസുരി പാടാതെയായി

ബുർഹന്റെ നെറ്റിയിലൂടെ എന്തോ ഇഴഞ്ഞുപോയി.

യാ അള്ള പാമ്പ്! ബുർഹൻ കണ്ണുകൾ ചിമ്മി.അയാളുടെ ഭയന്നു വിറക്കുന്ന വിരലുകൾക്കിടയിലെ ഇരുമ്പു കമ്പിയും തണുത്തു വിറച്ചു.

പ്രകാശം… വീണ്ടും ഒരു ജനാല തുറന്നു

രക്ഷാ പ്രവര്‍ത്തകർ മണ്ണു നീക്കിയതായിരിക്കുമോ? വീണ്ടു ബുര്‍ഹന്റെ പ്രതീക്ഷ ഉണര്‍ന്നു. അയാൾ കണ്ണ് ചിമ്മി തുറന്നു.

രണ്ടാമത്തെ ജനാല:

വെളിച്ചത്തിന്റെ പ്രഹരത്തോട് പൊരുത്തപെടാന്‍ തുടങ്ങിയ അയാളുടെ കണ്ണുകളില്‍ ജനാലക്കപ്പുറതുനിന്നു വരുന്ന പ്രകാശത്തെ തടഞ്ഞ് നിഴലണിഞ്ഞൊരാൺരൂപം പതുക്കെ തെളിഞ്ഞു വന്നു.

പ്രവീണ്‍!

എടാ, ബുര്‍ഹി, നീ പണി പറ്റിച്ചൂലേ? പ്രവീണിന്റെ ശബ്ദം മുഴങ്ങി.

അപ്പോള്‍ അവന്‍ മരിച്ചില്ലേ? എന്നൊരു ചോദ്യം ബുർഹന്റെ മനസ്സിലൂടെ പാഞ്ഞു.

വായിൽ മണ്ണ് നിറഞ്ഞ ബുർഹന്റെ ചങ്കിൽ നിന്നൊരു ചെറിയ സ്വരം പുറപ്പെട്ടു.sujaya ,malayalam shortstory

നീ മരിച്ചില്ല?

‘എന്താടോ, നിനക്കു വിശ്വസിക്കാന്‍വയ്യേ? ഞാന്‍ മരിച്ചുവെന്ന് നീ കരുതി, അല്ലേ കഴുവേറി? മണ്ണിന്റെ അടിയിലെ അവന്റെ ശബ്ദത്തിന് വല്ലാത്തൊരു പ്രകമ്പനമുണ്ടായിരുന്നു.

“നീ എന്നോട് ഇതു ചെയ്യുമെന്നു ഞാനൊരിക്കലും വിചാരിച്ചില്ല. എടാ പന്ത്രണ്ട് കൊല്ലം മുമ്പെ നിന്നെ ഞാനല്ലെ ആ പട്ടരുടെ കടയിൽ നിന്നു രക്ഷിച്ച് ഇന്നീ നിലയിലേക്ക് പിടിച്ചു കൊണ്ടുവന്നത്. നീ അതൊക്കെ മറന്നേ?”

ഇല്ല, മറന്നിട്ടില്ല, എന്നു ബുര്‍ഹന്ന് പ്രതികരിക്കണമെന്നുണ്ടായിരുന്നു,. പക്ഷേ.

ശരിയാണ്, പ്രവീണാണ് ബുര്‍ഹനെ ആ വൃത്തികെട്ട പട്ടരുടെ ഹോട്ടലിൽ നിന്നു രക്ഷപ്പെടുത്തിയത്. മൂന്നു വർഷമാണ് ബുര്‍ഹൻ അവിടെ, എച്ചില്‍വാരിയും, പാത്രം കഴുകിയും, നിലം തുടച്ചും, കക്കൂസ് കഴുകിയും, ജീവിച്ചു പോന്നത്. കക്കൂസ് കഴുകുന്ന ജോലിയായിരുന്നു ബുര്‍ഹന് ഏറ്റവും ക്ലേശകരം. വൃത്തികെട്ട മലയാളികൾ, തൂറിയാൽ, വെളളം ഉപയോഗിക്കാന്‍ മടിക്കുന്നവര്‍. എത്ര മഴയാണ് ഇവിടെ പെയ്യുന്നതു, എന്നിട്ടും, ഇവിറ്റങ്ങൾ. ചില ഓർമ്മകൾ, ആസന്ന മരണത്തെ പോലും അശുദ്ധമാക്കും.

ചുറ്റും ഭക്ഷണമുളളപ്പോഴും ഇടനേരങ്ങളിൽ പട്ടർ കഴിക്കാന്‍ സമ്മതിക്കില്ല. അടുപ്പത്ത് തിളക്കുന്ന വെളളം കോരിയെടുത്ത് പട്ടരുടെ തലയില്‍കൂടെ ഒഴിച്ച് ഓടിപോവാന്‍ തോന്നിയിരുന്ന നിമിഷങ്ങൾ. പക്ഷേ, ബുര്‍ഹന്റെ അമ്മയും പെങ്ങളും അങ്ങ് പിലിബിത്തിലിരുന്നു വിലക്കി, ഭക്ഷണത്തിന് മുമ്പിൽ അഭിമാനത്തിനിടമില്ല, എന്നവര്‍ ഉപദേശിച്ചു. അന്നവിടെ വെയിറ്ററായി വന്ന പ്രവീണ്‍, ബുര്‍ഹന്റെ സംയമനത്തിന് സഹായകനായി.

മലയാളികളോട് അത്ര മനുഷ്യത്വരഹിതമല്ലെങ്കിലും, പട്ടരുടെ പരുഷതക്കു പക്ഷഭേദമുണ്ടായിരുന്നില്ല. ചെറ്റ തന്ത, അങ്ങനെയായിരുന്നു പ്രവീണ്‍ അയാളെ സംബൊധന ചെയ്തിരുന്നത്.

സഹനത്തിന്റെ നെല്ലിപലകവരെ എത്തി നില്‍കുന്ന ഒരു ദിവസമാണ്, പ്രവീണ് ബുര്‍ഹനെയും കൂട്ടി പരിചയക്കാരനായൊരു കോൺട്രാക്ടറുടെ കീഴില്‍ തേപ്പ് പണിക്ക് കൂടിയത്. അന്നു രാത്രിയാണ് , ബുര്‍ഹന്‍ വീണ്ടും ബാസുരി വായിച്ചത്.

ബുര്‍ഹന്റെ അബ്ബു ബാംസുരിയുടെ ഈണത്തിനൊപ്പം നല്‍കിയൊരു ഗുണപാഠം, ആരെയും ചതിക്കരുതെന്നായിരുന്നു. ഖിയാമം വരുമ്പോള്‍ചതിയനെ പ്രത്യേകം ചൂണ്ടികാണിച്ചു ശിക്ഷിക്കുമെന്നായിരുന്നു വിശ്വാസം. പക്ഷെ ആ വിശ്വാസമൊന്നും പ്രവീണ്‍ വക വെച്ചില്ല. അതൊന്നും സാരമില്ല. മണ്ടന്മാര്‍ ചത്തു ചീഞ്ഞൊടുങ്ങുന്നിടത്തു, ബുദ്ധിമാന്മാര്‍ തഴച്ച് വളര്‍ന്നു വാഴും. അതായിരുന്നു, പ്രവീണീന്റെ ഗുണപാഠം, അതു ബുർഹനും പഠിച്ചു. അങ്ങനെ, പ്രവീണ്‍, കോൺട്രാക്ടറായി, ബുര്‍ഹന്‍, സുപ്പര്‍വൈസറും.

ഓർമ്മകളില്‍നിന്നു പിടിച്ചുവലിച്ച് പുറത്തെക്കെടുത്തുകൊണ്ട് പ്രവീണ്‍ വീണ്ടും ബുര്‍ഹനോട് സംസാരിച്ചു.

‘ഏന്താടാ, നീ കിടന്നുറങ്ങുകയാണൊ?’ ബുര്‍ഹന്‍ കണ്ണുകള്‍ തുറന്നു. ജനാലക്കപ്പുറത്തെ വെളിച്ചത്തിനു ഒരു മങ്ങല്‍ സംഭവിച്ചിരുന്നു.

നോക്കടാ, ഞാനൊറ്റക്കല്ല. ആരാണ് എന്റെയൊപ്പമെന്നു നീ ഒന്നു നോക്ക്.

പ്രവീണിന്റെ പിന്നില്‍നീന്ന് ഒരു സ്ത്രീരൂപം മുന്നിലേക്കുനീങ്ങി നിന്നു. പതിനാറ് വയസ്സുളള ചമേലിയെ അയാള്‍ തിരിച്ചറിഞ്ഞു. പതുക്കെ, അവള്‍ ആ ജനാല അടച്ചു.sujaya ,malayalam shortstory

ബുര്‍ഹന് ശ്വാസം മുട്ടാന്‍തുടങ്ങി. ഇതുവരെ മണ്ണിന്റെ അടിയില്‍ അനുഭവപെടാത്തൊരു ബുദ്ധിമുട്ട്. ഒരുപക്ഷേ, മരണം എത്തിക്കാണും. അതാവും, ചമേലി അന്വേഷിച്ച് വന്നിരിക്കുന്നത്. ഇവൾ എങ്ങനെയാവും ഇവിടെയെത്തിയത്? ബുര്‍ഹന്‍ ആലോചിച്ചു. അവളെ അയാള്‍ അവസാനം കണ്ടത് എറണാകുളം റയില്‍‌വേ സ്റ്റേഷനില്‍, വണ്ടിയുടെ ജനാലയ്ക്കുളളില്‍ നിന്ന് കണ്ണീര്‍തുടച്ചുകൊണ്ട് തന്നോട്, യാത്ര പറയുന്നതാണ്.

പിന്നെ ഇപ്പോള്‍.

മൂന്നാമത്തെ ജനാല:

ഇത്തവണ, ബുര്‍ഹന്‍ കണ്ണുകള്‍ചിമ്മാതെ, ചമേലി വേറെയൊരു ജനാല തുറന്നുകൊണ്ട് അകത്തേക്ക് കയറുന്നതു കണ്ടുകൊണ്ടു കിടന്നു.

ബുര്‍ഹി, നീ എന്നെ ഓര്‍ക്കുന്നുണ്ടോ? നിന്റെ ചമേലി. അവള്‍ ചുന്നിയുടെ തലപ്പുകൊണ്ട് കണ്ണീരു തുടച്ച് അവനോട് ചോദിച്ചു. ബുര്‍ഹന്റെ ഉള്ളൊന്നു പിടഞ്ഞുവെങ്കിലും, കണ്ണുകളടച്ചില്ല. ചമേലി ആ ചുന്നി മാറില്‍നിന്നു നീക്കി, ജനവാതിലിനുമേലൊരു ചരട് വലിച്ച് കെട്ടി, അതില്‍തൂക്കി, പിന്നെ ചുന്നി പരത്തിയിട്ടുകൊണ്ട് ജനല്‍മറച്ചു. അവളുടെ വിതുമ്പുന്ന നിഴൽ അപ്പൊഴും കാണാമായിരുന്നു. അവള്‍പിന്നിയിട്ട മുടി അഴിചിട്ട് അവിടെ കിടന്നു. ഇരുട്ടില്‍ അവള്‍ക്കരികില്‍ കൂടിയ അവ്യക്ത രൂപങ്ങൾ അയാളെ ഭയപെടുത്തി.

ചമേലി അയാളുടെ ബാല്യകാല സഖിയായിരുന്നു. പന്ത്രണ്ടാം വയസ്സില്‍അവളെ ഒരു രണ്ടാം കെട്ടുകാരന്‍ വയസ്സന്റെ കൂടെ ഡോളിയില്‍ കയറ്റി അയച്ചപ്പോഴും അവര്‍ പരസ്പരം ചിരിച്ചു തന്നെ യാത്ര പറഞ്ഞു. പിന്നീട് ഒന്നു രണ്ട് തവണ അവളെ കണ്ടുവെങ്കിലും, ബുര്‍ഹന്‍ സംസാരിക്കാന്‍ മുതിർന്നില്ല. അവളുടെ ഭര്‍ത്താവ് ഒരു മുരടനാണെന്ന് പറഞ്ഞു കേട്ടിരുന്നു.

ഒരു തവണ നാട്ടില്‍പോയപ്പോള്‍, ചമേലി ഭര്‍ത്തവിനോട് പിണങ്ങി വീട്ടില്‍നില്‍പ്പുണ്ടായിരുന്നു. എന്നും അടിയും ശകാരവും കുത്തുവാക്കുകളും അനുഭവിക്കുമ്പോൾ തോന്നുന്ന വികാരത്തെ പിണക്കമെന്ന് വിളിക്കുന്നത്, കൊടുങ്കാറ്റിനെ തെന്നലെന്ന് വിളിക്കുന്നപോലെയാണെന്നാണ്, ചമേലി പറഞ്ഞത്. അവള്‍ അപ്പോൾ കുട്ടിയായിരുന്നില്ല, ബുര്‍ഹനും. അവളുടെ ആവലാതികളും, സങ്കടങ്ങളും അയാൾ ക്ഷമയോടെ കേട്ടു. മനസ്സിലാക്കി. സാന്ത്വനപ്പെടുത്തി. പെയിന്റ് പണിയില്‍ നിന്ന് സമ്പാദിച്ച കുറച്ചധികം പണം കൈയ്യിലുളളതുകൊണ്ട് ബുര്‍ഹന്‍ തന്റെ അവധി രണ്ട് മാസത്തേ ക്ക് നീട്ടി. ചമേലി ബാംസുരി ധ്വനിയില്‍ലയിച്ച്,, സന്തോഷവതിയായി. അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ചമേലി നെഞ്ചില്‍കോരിയിട്ട കനലുകള്‍, ആരുമറിയാതെ സ്നേഹംകൊണ്ടണച്ച് അവള്‍ക്ക് കാത്തിരിപ്പിന്റെ മധുരം നല്‍കി അയാള്‍ തിരിച്ചു പോന്നു.

താമസിയാതെ പ്രവീണ്‍ അറിയപ്പെടുന്ന കോൺട്രാക്ടറായി തീർന്നു. പണി പഠിച്ച് കഴിഞ്ഞിട്ടും എന്നും ഒരേ ഉഴവുച്ചാലില്‍കറങ്ങി കറങ്ങി ജീവിച്ച് തേഞ്ഞുപോകുന്നവനായിരുന്നില്ല പ്രവീണ്. അവസരത്തിനൊത്തുയര്‍ന്നു, പഴയ പണിസ്ഥലത്ത് നിന്നുകൊണ്ട് ഒരു പെയിന്റിങ് വര്‍ക്ക് അയാളൊ പ്പിച്ചു. അതുവരെ അവര്‍ക്ക് പണികൊടുത്ത കോൺട്രാക്ടറെ ഒപ്പിച്ചു എന്നും പറയാം. അയാളുടെ സങ്കടം മനസ്സില്ലാക്കാഞ്ഞിട്ടല്ല, എന്നാല്‍ അതെല്ലാം ശ്രദ്ധിച്ചു അവസരങ്ങള്‍ കളയുന്ന പോഴനല്ല താനെന്ന് പ്രവീണ് ബുര്‍ഹനോട്, വ്യസനത്തോടേ കുമ്പസരിച്ചു.

അതിനിടെ പ്രവീണ്‍ വിവാഹിതനായി, കുറച്ച് പൊന്നിന്റെ അധിപനായ പ്പോള്‍, സ്വന്തം ഓഫീസും, തൊഴിലാളികളും, ഇഷ്ടം പോലെ പണികളും കരസ്ഥമായി. ബുര്‍ഹന്‍ കാര്യസ്ഥനുമായി.

എടാ!, ബീഹാറീ ബുര്‍ഹാ, എന്ന് പ്രവീണ്‍ വിളിക്കുമ്പോള്‍, ബുര്‍ഹന് സന്തൊഷമായിരുന്നു. പിലിബിത്ത് ബീഹാറിലല്ല യുപിയിലാണെന്നത് പ്രസക്തിയില്ലാത്ത കാര്യമാണ്. ഏതു സംസ്ഥാനമായാലെന്ത്? കിട്ടുന്ന കൂലി, ഇന്ത്യന്‍ റുപീ. അതിനാണ് പ്രസക്തി.sujaya ,malayalam shortstory

ഒരു നാള്‍, രാവിലെ ഒമ്പത് മണിക്ക്, അവരുടെ ഓഫീസിന്റെ വാതില്‍ക്കല്‍, ബുര്‍ഹനെ തേടി ഒരു വിരുന്നുകാരിയെത്തി – ചമേലി.

ചമേലിയുടെ ഭര്‍ത്താവ് മാപ്പ് പറഞ്ഞ് അവളെ കൊണ്ടുപോവാന്‍ വന്നെങ്കിലും അവള്‍ പോയില്ല. വീട്ടുകാരുടെ നിര്‍ബന്ധം അസഹ്യമായ പ്പോൾ, അവള്‍വണ്ടി കയറി. യാത്രയില്‍ പരിചയപ്പെട്ട രണ്ട് നേപ്പാളി സ്ത്രീകളാണ് അവളെ ഇവിടെ കൊണ്ടുവന്നാക്കിയത്. വിവാഹ മംഗളാ ശംസകളേകി അവര്‍പോയി.

എന്നിട്ട് നീ എന്താ ചെയ്തതു, ഓര്‍മയുണ്ടൊ?

ഇപ്പോള്‍ വീണ്ടും പ്രവീണിന്റെ അട്ടഹാസം ബുര്‍ഹന്‍ കേട്ടു.

രണ്ട് ദിവസം ഇവിടെ താമസിപ്പിച്ച്, ഓരൊ നുണയും പറഞ്ഞ്, അവളെ തിരിച്ചു പറഞ്ഞയച്ചു. എന്നിട്ട് അവളെവിടെയെന്ന് നീ അന്വേഷിച്ചോ ദുഷ്ടാ!”

ജനലിന്നപ്പുറം ഇപ്പോള്‍ ചമേലിയില്ല. അവളുടെ ചുന്നിയുമില്ല. ബുര്‍ഹന്‍കണ്ണടച്ചു. അയാള്‍ക്ക് വല്ലാതെ ശ്വാസം മുട്ടി. മൂക്കിലും, വായിലും ചോര കലര്‍ന്ന മണ്ണ് ഒലിച്ചിറങ്ങി.

ശരിയാണ്. ചമേലിയെ തിരിച്ചയച്ചു.

ഗ്രാമത്തിലാരെങ്കിലും അറിഞ്ഞാൽ അവർ അമ്മയെയും പെങ്ങളെയും, തല്ലികൊല്ലും. മതങ്ങളോട് കളിക്കുന്നതു ബുദ്ധിയല്ല, ചമേലി, അവ മനുഷ്യരെക്കാള്‍ വലുതാണ്.

ചമേലി തിരിച്ച് പോയി.

ചമേലി വീട് വിട്ടു പോയെന്നും, തിരിച്ചെത്തിയില്ലെന്നും, അമ്മയുടെ എഴുത്തില്‍ നിന്നാണ് ബുർഹന്‍ അറിഞ്ഞത്. ക്രൂരനായ ഭര്‍ത്താവിന്റെ കൂടെ കഴിയുന്നതിനെക്കാൾ ഇതാവും നല്ലതെന്നും, കളികൂട്ടുകാരിയെ കുറിച്ചോര്‍ത്ത് വിഷമിക്കണ്ടയെന്നും അമ്മ അയാളെ സമാധാനിപ്പിച്ചു.

ചമേലിയുടെ ചുറ്റും കൂടിയ രൂപങ്ങള്‍ പതുക്കെ മാഞ്ഞ് പോകുന്നു. ആ ജനാലയും പതുക്കെ അടഞ്ഞു. അവസാനം ഇരുട്ടു മാത്രം അവശേഷിക്കു ന്നു.

അവസാനത്തെ ജനാല:

എപ്പോഴോ ഒരു ജനാല കൂടി തുറന്നു. കണ്ണു തുറന്ന് നോക്കിയപ്പോൾ അവിടെ ജനലിന് തൊട്ടടുത്ത്, പ്രവീണ്‍ ഒരു കറുത്ത ളോഹധരിച്ച്, നിലത്തൊരു വെളള തുണി വിരിക്കുന്നു, പിന്നെ അതിനു തൊട്ടടുത്ത് വേറെയൊന്നുംകൂടി വിരിച്ചിട്ട്, ആദ്യം വിരിച്ചതില്‍ കാലുകള്‍നീട്ടിയിരിക്കു ന്നു. പ്രവീണ് ഉറക്കെ ചിരിച്ചുകൊണ്ട് വിളിച്ചു,

വാടാ. ഇവിടെ വന്നു പുതച്ച് കിടക്ക്. സമയമായി. വേഗം വാ.

ഇല്ല, ഞാന്‍ വരുന്നില്ല.

ചിരി പെട്ടെന്നു മാഞ്ഞു. ക്രോധം പ്രവീണിന്റെ മുഖത്തെ വികൃതമാക്കി. അയാളുടെ നെറ്റിയില്‍നിന്നു ചോര താഴെ വിരിച്ച വെള്ളത്തുണിയിലേക്ക്‌ ഇറ്റ് വീണ് അവ്യക്ത രൂപങ്ങളെ കൊണ്ട് ചിത്രങ്ങള്‍  വരച്ചു.

നീ വരുന്നില്ലന്നോ?

ഇല്ല.

നീ വരാതെ? വരാതിരിക്കാന്‍ പറ്റില്ല. നിന്നെ ഞാന്‍ വിടില്ലടാ!” അയാള്‍ ആക്രോശിച്ചു.

മണ്ണിടിച്ചിലിന്റെ തൊട്ടു മുമ്പെയും ഇതു തന്നെയാണ് അയാള്‍ പറഞ്ഞത് – നിന്നെ ഞാന്‍ വിടില്ലടാ. എന്നിട്ട് പ്രവീണ്‍ ബുർഹനെ ആഞ്ഞു ചവിട്ടി. ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരത്തില്‍ ബുര്‍ഹന്‍ താഴെ വീണു. പിന്നെ അതേ വേഗതയില്‍ അടുത്ത് കിടക്കുന്നൊരു ഇരുമ്പ് കമ്പിയെടുത്തുകൊണ്ട് ബുര്‍ഹന്‍ പെട്ടെന്ന് എണീട്ടു. തലയില്‍ ചോരയായി നിലത്ത് വീണ പ്രവീണും, ഭയത്താലും അവിശ്വാസത്താലും പകച്ച അയാളുടെ കണ്ണുകളും ബുര്‍ഹന്റെ മനസ്സില്‍ പതിഞ്ഞു, ബാക്കിയെല്ലാം മണ്ണിനടിയിലും.

ജനാലയുടെ വെളിച്ചം ഭേദിച്ചുകൊണ്ട്, കുറെ രൂപങ്ങളും ശബ്ദങ്ങളും ഇറങ്ങി വന്ന് പ്രവീണിനെ ഇരുട്ടിലേക്ക് വലിച്ച് കൊണ്ടുപോവുന്ന തിനിടയിൽ ബുര്‍ഹന്റെ കാഴ്ചയിലെ വെളിച്ചം മാഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook