scorecardresearch

Latest News

നീയെഴുത്ത്, ഞാനെഴുത്ത്

“പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച് അവളൊറ്റയ്ക്ക് ഒളിച്ചിരിക്കുമ്പോലെ” സുജ എം ആർ എഴുതിയ കവിത

suja m r, poem, iemalayalam
ചിത്രീകരണം : വിഷ്ണുറാം

ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ
ചെറുതീയിൽ
കാച്ചെണ്ണ കുരുമുളകിട്ട് മുറുക്കിയെടുക്കുമ്പോലെ,

പൂവത്തിൻ വേരുകൾ ചാഞ്ഞ
പുത്തൻകുളത്തിലെ
നീരോളം പടർന്ന
നിന്റെ പൊൻമുടിത്തിളക്കം
അലസമായി
നീ നെറുകയിലേക്ക് ചുറ്റിക്കെട്ടുമ്പോലെ,

നാലുമണി ബെല്ലടിക്കാൻ കാത്ത്
മണിക്കൂർ കണക്കിന്
ആലിൻ ചുവട്ടിൽ
സ്കൂളിടവഴി
മലർന്നു കിടക്കണ പോലെ,

suja m r, poem, iemalayalam
ചിത്രീകരണം : വിഷ്ണുറാം

പടിക്കെട്ടിന് വലതായി
പന്തലിച്ച ഗന്ധരാജന്റെ
വിടർന്ന പൂക്കളിലേക്ക്
കുഞ്ഞൻ കൊടിമുല്ല
കോടി പൂത്തിറങ്ങണ പോലെ,

കാട്ടുമുളങ്കൂട്ടിൽ മിന്നാമിന്നിക്കൂട്ടം
ആർത്ത് മിന്നിപ്പറക്കും പോലെ,

പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച്
അവളൊറ്റയ്ക്ക് ഒളിച്ചിരിക്കുമ്പോലെ,

സൂര്യൻ ചിരിക്കണ പോലെ,
പകൽ ഇരമ്പണ പോലെ,
താങ്ങ് തേടിയ നിന്റെ പ്രണയം
എന്നെ ചുറ്റി വരിയും പോലെ,

എനിക്ക് നിന്നെ എഴുതണം.
എത്ര എഴുതിയാലും
അവസാനിക്കാതെ,
എന്തെഴുതിയാലും
അവസാനിക്കാതെ,
എനിക്ക് നിന്നെ എഴുതണം.

കാരണം ഒന്നേയുള്ളൂ..
കുണ്ടൻകിണറ്റീന്ന് മാനത്തോളവും
അതിനുമപ്പുറവും ഇങ്ങേപ്പുറവും
ഞാൻ, നീ മാത്രമാണെന്ന്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Suja mr poem neeyezhuthu njanezhuthu