മഴ മരത്തിന്റെ വിത്തൊരെണ്ണം, സ്വർഗ്ഗത്തിലേക്ക് നീളുന്ന ഒറ്റയടിപ്പാതക്കരികിൽ നട്ടു വളർത്തി,
മരം, സ്വന്തം പിറവിയെ അറിയുന്നു.
ഒരു കൊന്നക്കുഞ്ഞിനെ മഴ കൊന്ന മനുഷ്യന്റെ ചിതൽപ്പുറ്റിനരികിൽ വളർത്തിയെടുത്ത്,
സ്കൂൾ കുട്ടിയാകുന്നു.
ജയ് സാൽമർ കോട്ടയിലെ പാറയടരുകളിൽ കാട്ടുപാലക്കുട വിടർത്തിച്ച്, മരം, ചിലങ്കയിട്ടാടിത്തുടിച്ചു..
ഇനിയൊരു കാറ്റാടിപ്പറ്റം കടൽക്കരയിൽ കിളിർപ്പിച്ച്,
തീസീസുകളെഴുതി.
ഒരു കുഞ്ഞ് പേരാൽക്കിളുന്നിനെ വീടുപേക്ഷിച്ച മനുഷ്യരുടെയൊക്കെ ചുമരുകളിൽ വേടാഴ്ത്തിച്ച്, മരം ജോലിപ്പടിയുടെ ഉയരത്തിൽ സ്ഥാനമുറപ്പിച്ചു..
ഇനിയൊരു കാട്ടിലഞ്ഞിക്കുരു
കാറ്റ് പറത്തിയൊരു പൂ വെയിൽ ചിണുങ്ങുന്ന നീളൻ കോളേജിടവഴിയിൽ കൊണ്ടിട്ടതും,
തിരി നീട്ടാൻ പോലും സമയമില്ലാതെ,
മരം, പ്രണയത്തിന്റെ തെളിമേഘക്കൂട്ടങ്ങളിലേക്ക് കണ്ണ് നട്ടിരുന്നു.

ഇനിയൊരു കറുത്ത പ്ലാസ്റ്റിക് കൂടയിൽ ഞാവൽത്തൈ പോറ്റി വളർത്തി,
ജീവിതത്തിലേക്ക് ഒരു മുഴം
നീട്ടിയെറിയുന്നു.
അടുത്ത പൂവാക വിത്തെടുത്ത്, മരം, തീം പാർക്കിലേക്കിട്ടു.
തീച്ചിറകുകൾ വിടർത്തി ലോകമൊട്ടാകെ പറക്കുവാൻ.
വഴി നീളെ തെറ്റി, അത് ചെന്ന് വീണത് തെക്കേപ്പുറത്തെ കാനയിലേക്കായിരുന്നു.
അത് മുളച്ചതും, ഓരോ കാൽ വെപ്പിന്റെയും അകമ്പടിക്ക് മുൾപ്പാടങ്ങൾ തഴച്ചു നീർന്നു പൂത്തൊരുങ്ങി..
മരം, അറ്റ വേനൽക്കാലത്തിന്റെ തുടിപ്പും പേറി തളർന്നു വീണു.
മുളപ്പിക്കാനിനിയൊരു വിത്തില്ലാതെ പതിയെ ഒടുങ്ങുമ്പോൾ.
തിരികെ പറക്കാൻ,
കാട്ടുതീ,
ഒരു പൊൻമുളയുടെ വിത്തെറിഞ്ഞ് കൊടുക്കുന്നു.
മരമൊന്ന് വില്ലൂന്നി ഒരായിരം കണ്ണ് കൊത്തി പൊട്ടിക്കുന്നു.