scorecardresearch
Latest News

കൃഷ്ണ കവിതയിലെ സാക്ഷ്യങ്ങൾ

സുഗതകുമാരിയുടെ കവിതയിൽ വിഷാദം ആധാര ശ്രുതിയാണ്. ഈ വിഷാദം പൊതുജീവിതത്തിന്റെ നേർക്ക്‌ പൊതുമണ്ഡലത്തിന്റെ മനസ്സ് പങ്കിട്ടു കൊണ്ട് രൂപപ്പെട്ടു വന്ന വിഷാദമല്ല

കൃഷ്ണ കവിതയിലെ സാക്ഷ്യങ്ങൾ

കാവ്യവിഷാദവും ജീവിത വിഷാദവും തമ്മിൽ എന്ത് മാത്രം ബന്ധപ്പെടുന്നുണ്ട് എന്ന അന്വേഷണം മലയാള കവിതയിൽ കാൽപനിക കാലം മുതലുള്ള ചർച്ചയാണ്. കാവ്യ വിഷാദങ്ങൾ പൊതുമനസ്സിന്റെ പൊതു മണ്ഡലവുമായി ബന്ധപ്പെട്ടു മാത്രം രൂപപ്പെടണം എന്ന ഒരു വേണ്ടാ വാശി മലയാള കവിതാ വായന സൂക്ഷിക്കുകയും ചെയ്തിരുന്നു എന്ന് ഓർക്കുക. എന്നാൽ എല്ലാ വിഷാദങ്ങളെയും പോലെ കാവ്യവിഷാദങ്ങളെയും വ്യക്തിമനസ്സ് സ്വകാര്യ സ്വത്തു പോലെ സൂക്ഷിക്കുന്നുണ്ടെന്നും ചിലപ്പോഴെങ്കിലും ഒരു സ്വകാര്യ നിധികുംഭം തുറന്നു നോക്കും പോലെ എടുത്ത് പരിശോധിക്കുന്നുണ്ടെന്നും നമ്മുടെ കവിതയിൽ അടയാളപ്പെടുത്തിയതു സുഗതകുമാരിയാണ്.

സുഗതകുമാരിയുടെ കവിതയിൽ വിഷാദം ആധാര ശ്രുതിയാണ്. ഈ വിഷാദം പൊതുജീവിതത്തിന്റെ നേർക്ക്‌ പൊതുമണ്ഡലത്തിന്റെ മനസ്സ് പങ്കിട്ടു കൊണ്ട് രൂപപ്പെട്ടു വന്ന വിഷാദമല്ല. പൊതുമണ്ഡലവുമായി അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു സുഗതകുമാരി എഴുതിയ കവിതകളിൽ വിഷാദത്തെക്കാളപ്പുറം പൊള്ളുന്ന പ്രതിഷേധമാണുള്ളത്. എന്നാൽ ആ കവിതയിലെ ആധാരശ്രുതിയായി വർത്തിക്കുന്ന വിഷാദാനുഭവം പ്രണയവും ഉന്മാദിയായ കാമവും ചേർന്ന് മനസ്സിന്റെ ബോധതലത്തിനപ്പുറത്തേക്ക് വളർത്തിയെടുത്തതും പരിചരിച്ചതും ആവിഷ്കരിച്ചതുമാണ്. പലകാലങ്ങളിലായി അവർ എഴുതിയ കൃഷ്ണ കവിതകൾ ഈ തോന്നലിനു അടിവരയിടുന്നു.

കൃഷ്ണ കവിതകളിൽ ആഖ്യാതാവിനെയും കവിമനസ്സിനേയും ഭിന്നമാക്കി നിർത്തി ക്കൊണ്ടുള്ള ഒരാഖ്യാനതന്ത്രമാണ് സുഗതകുമാരി ഉപയോഗിക്കുന്നത്. മനസ്സിന്റെ അതിശക്തമായ നൈസർഗ്ഗികചോദന തന്നെയാണ് ആഖ്യാതാവിനപ്പുറത്തു നിൽക്കുന്ന കവിമനസ്സായി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ആ പകുതി നിരന്തരം മനസ്സ് ചൂണ്ടുന്നിടത്തേക്ക് തന്നെ നോക്കാനും പ്രവർത്തിക്കാനും ആയുമ്പോൾ ആഖ്യാതാവിന്റെ സ്ഥാനത്ത് നില്ക്കുന്ന പകുതി മുന്നറിയിപ്പുകൾ കൊടുത്തു കൊണ്ട് കൂടെ നില്ക്കുന്നു, നിരന്തരം പരാജയപ്പെടുകയും ചെയ്യുന്നു. ‘തുള്ളിയായൂർന്നു വീഴുന്ന കൈപ്പാർന്ന മധു ‘ എന്ന് ആദ്യത്തെ കൃഷ്ണ കവിതയിൽ സുഗതകുമാരി നിർവ്വചിക്കുന്ന മാനസ വിഷാദത്തിന്റെ കാരണം ഉണ്മാദത്തിലേക്ക് അടർന്നു വീഴാൻ വെമ്പുന്ന കാമോന്മുഖമായ പ്രണയം തന്നെയാണ്. ഈയൊരു ഉന്മാദം പുരണ്ട വാക്കുകൾ കൊണ്ടാണ് സുഗത കുമാരിയുടെ കൃഷ്ണ കവിതകൾ രൂപപ്പെട്ടിട്ടുള്ളത്.

കൃഷ്ണൻ ഇന്ത്യയൊട്ടാകെയുള്ള മനസ്സിനെ ഭരിക്കുന്ന മിത്ത് ആണ്. മാത്രമല്ല കൃഷ്ണൻ ഒരു സമയം ഒരു പൊതുമിത്തും അതെ സമയം ഒരു സ്വകാര്യമിത്തും ആണ്. ഭക്തി കൊണ്ട് മുന്നോട്ടു പോകുന്നവർക്ക് ഒരു പൊതു മിത്തും പ്രണയം കൊണ്ട് മുന്നോട്ടു പോകുന്നവർക്ക് ഒരു സ്വകാര്യ മിത്തും ആയി കൃഷ്ണൻ പെരുമാറുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിൽ കാൽപനിക പ്രണയത്തിന്റെ വക്ക് ഒരിക്കലെങ്കിലും കടിച്ചിട്ടുള്ള ഒരു പെണ്‍കൊടിയിൽ കൃഷ്ണൻ മുനിഞ്ഞു കത്തുന്ന ചിരാത് പോലെ ചൂടും വെളിച്ചവും പ്രസരിപ്പിച്ചു നില്ക്കുന്നുണ്ടാവും എന്ന കാര്യത്തിൽ സംശയിക്കാനില്ല. ആ പെണ്‍കൊടിയുടെ ഉള്ളിൽ ‘തീരാത്ത തേടാലാകുന്നു ജന്മം ‘എന്നു കരയുന്ന ഒരു രാധികയും ശക്തമായ സാന്നിധ്യം ആയിരിക്കും.viju nayarangadi, sugathakumari,poems,krishna

ഈ രണ്ടു സാന്നിധ്യങ്ങളെ ചുമന്നു നടക്കുന്ന വിലോലയും ഉന്മാദിയുമായ ഒരു പെണ്‍കൊടി സുഗതകുമാരിയുടെ കൃഷ്ണകവിതകളുടെ കേന്ദ്രസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഈ നിലയിൽ കൃഷ്ണ കവിതകളെ പരിശോധിക്കേണ്ടി വരുമ്പോൾ കാളിയ മർദ്ദനം എന്ന സുഗതകുമാരിയുടെ ആദ്യകാല കവിതയിൽ നിന്ന് തുടങ്ങേണ്ടി വരുന്നു. നിദ്രാഭംഗം ജാഗരം എന്നാരംഭിക്കുന്ന പത്തു കാമാവസ്ഥകൾ ഉന്മാദം മരണം എന്ന് അവസാനിക്കുന്നു. ഉന്മാദ മൂർഛയുടെ പാരമ്യമാണ് ‘കാളിയമർദ്ദനം.’ ‘കുനിഞ്ഞതില്ല പത്തികൾ കണ്ണാ കുലുങ്ങിയില്ലീ കരളിന്നും ‘എന്ന് ആവർത്തിക്കുന്ന കവിതയിൽ ആഖ്യാതാവിന്റെ സ്ഥാനത്ത് ഉള്ള കാളിയൻ പുരുഷനാണെന്ന ഒരു നേർത്ത സൂചന മാത്രമേ കവിതയുടെ പ്രകടതലത്തിലുള്ളൂ. മറിച്ച്‌ ആ പ്രകട തലത്തെ മറികടക്കുന്ന, ചുറ്റിനും മദമിളകി ക്കിടക്കുന്ന മനസ്സിനെ ലിംഗഭേദം കൂടാതെ ഉൾക്കൊള്ളാൻ പാകത്തിലാണ് കവിതയിലെ വാക്കുകളുടെയും ബിംബങ്ങളുടെയും വിന്യാസം.

ഒരു രതിക്രിയയുടെ അമർന്ന താളത്തിലുള്ള തുടക്കം മുതൽ ചടുലവും മുറുകിയതുമായ പര്യവസാനം വരെ ഓരോ വാക്കിലും രതി നിറച്ചുവെച്ചു കൊണ്ടാണ് കവിത സഞ്ചരിക്കുന്നത്. ഒരു സ്ത്രീസ്വയംഭോഗത്തിലെ സ്വകാര്യതാണ്ഡവം പോലെയാണ് ആ കവിതയുടെ മർമ്മം പ്രവർത്തിക്കുന്നത്. എന്നാൽ അതൊരു സംയോഗമായി പരിണമിക്കുന്നുമില്ല. സംയോഗക്രിയയിൽ സംഭവിക്കുന്ന പരസ്പരലയം ഒരിക്കലും കാളിയമർദ്ദനത്തിലെ രതിമോഹത്തെ പുണരുന്നില്ലെന്ന് മാത്രമല്ല ഉദ്ദാമവും സചേതനവും സർഗ്ഗാത്മകവുമായ കാമത്തെ ദമനം ചെയ്യാൻ വിധിക്കപ്പെടുന്ന ഒരുവളുടെ നിസ്സഹായതയും ആ അപ്പീലിൽ ഉണ്ട്. ആ അർത്ഥത്തിൽ അഹംബോധം സൃഷ്ടിക്കുന്ന ഉദ്ദാമവും ഉന്മാദിയുമായ രതിവാഞ്ചയും ആ രതിവാഞ്ചയെ അടിച്ചമർത്തലുമാണ് കാളിയ മർദ്ദനം.

അങ്ങനെ അടിച്ചമർത്തുമ്പോഴും ഒരിക്കലും ശമിക്കാത്ത ഈ രതി പിന്നീടുള്ള കൃഷ്ണ കവിതകളിൽ ഒരു പരാഗം പുരണ്ട പോലെ പിൻതുടരുന്നുണ്ട്. നഷ്ടബോധമായും ഉത്തരവാദിത്തമായും സ്നേഹത്തിന്റെ നിഷ്കന്മഷപ്രയോഗമായും വിരഹാതുരതയുടെ തീവ്രവിഷാദമായും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഇരുളു വീണ വഴികളിൽ തേങ്ങി നടക്കുന്ന കാറ്റ് പോലെ നിരാലംബതയായും ആ പരാഗം നിറം മാറി മാറി വരുന്നത് കാണാം.

രത്യുന്മുഖമായ ഈ മാനസ ഭാവം ഒരു കവിതയിൽ നിന്ന് മറ്റൊരു കവിതയിലേക്ക് എത്തുമ്പോഴേക്കും തീവ്രവും ചടുലവുമായ മാറ്റത്തിന് വിധേയമാകുന്നുണ്ട്. ആയിരത്തി തൊള്ളായിരത്തി അൻപത്തി ഒന്പതിലാണ് അതായത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് സുഗതകുമാരി ‘കാളിയമർദ്ദനം’ എഴുതുന്നത്‌. എന്നാൽ ‘ഗജേന്ദ്രമോക്ഷം’ അറുപത്തിയേഴിൽ എഴുതുമ്പോഴേക്കും കൃഷ്ണസങ്കൽപ്പത്തിലെ പൊതു മിത്ത് സുഗതകുമാരിക്കകത്തെ സ്വകാര്യമിത്തുമായി ഒരു സംവാദ സാദ്ധ്യത തേടുന്നുണ്ട് .ആ സംവാദ സാദ്ധ്യത പിന്നീടുള്ള കവിതകളിൽ ഒരടക്കിപ്പിടിച്ച ചിരി പോലെ കാമത്തെ പുറത്തു നിർത്താൻ വെമ്പുകയോ, രമിക്കുക എന്നതിനെ മാറ്റിപ്പണിയാൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ട് എന്ന് കാണാം.

രത്യുന്മുഖമായ ഈ മാനസ ഭാവം ഒരു കവിതയിൽ നിന്നും മറ്റൊരു കവിതയിൽ എത്തുമ്പോഴേക്കും തീവ്രവും ചടുലവുമായ മാറ്റത്തിന് വിധേയമാവുന്നുണ്ട് എന്ന് കാണാമെന്നു പറഞ്ഞല്ലോ. ‘ഒരു ദർശനം,’ ‘മറ്റൊരു രാധിക,’ ‘ഒരു വൃന്ദാവന രംഗം,’ ‘മഴത്തുള്ളി,’ ‘എവിടെ നീ,’ ‘എന്റെ മനസ്സിന്റെ പോന്നമ്പലത്തിലും ശ്യാമരാധ,’ ‘കൃഷ്ണാ നീയെന്നെയറിയില്ല,’ തുടങ്ങിയ കവിതകൾ ഈ വസ്തുതയെ സാധൂകരിക്കും.viju nayarangadi, sugathakumari,poems,krishna

അങ്ങേയറ്റം ആർദ്രമായ സ്ത്രീ മനസ്സോടെയാണ് ഈ കവിതകൾ പ്രത്യക്ഷമാകുന്നത്. രതി ആത്യന്തികമായി മൃതിയാണെന്ന തീവ്ര ബോധത്തിലേക്കാണ് ഇവ കുതിച്ചെത്തുന്നത്. രമിക്കൽ മരിക്കൽ തന്നെയാണെന്ന് ഇവ അടിവരയിടുന്നു. സുഗതകുമാരിയുടെ കൃഷ്ണ കവിതകളില ഏറ്റവും കൂടുതൽ വായിക്കപ്പെട്ടത്‌ ‘കൃഷ്ണാ, നീയെന്നെയറിയില്ല” എന്ന കവിതയാണ്. ആത്മാവ് കൂടി അർച്ചിച്ചു കൊണ്ടുള്ള ഒരു തപസ്സിന്റെ  ഭൗതികേതരമായ നിലയാണ് ആ കവിതയുടെ മർമ്മം. ആ അർച്ചനയിലെയ്ക്കു കവി എത്തുമ്പോഴേക്കും മനസ്സിന്റെ യൗവ്വനോന്മാദിയായ കാമം സ്വയം സമർപ്പണത്തിന്റെതായ ഒരു മാറ്റത്തിന് വിധേയമാകുന്നുണ്ട്. അടിച്ചമർത്തൽ പ്രക്രിയയുടെ ഒരു സ്വഭാവം കൂടിയാണത്. ഒരു തീരാത്ത അലച്ചിലിനൊടുവിൽ എത്തിപ്പെടും കണ്ടു കിട്ടും എന്ന തോന്നലിന്റെ ഉന്മാദ മൂർഛയിലെതിപ്പെടുമ്പോഴേക്കും ഇല്ലാ ആ ലക്‌ഷ്യം കൈ വിട്ടു പോയി എന്ന തോന്നലിനോട് സമരസപ്പെടാനുള്ള മനസ്സിന്റെ കഴിവുകൂടിയാണത്. ആ കഴിവിനെ തോറ്റിയുണർത്തി ‘എന്റെ നിറയ്ക്കാൻ മറന്ന മണ്‍കുടം’ ഒഴുകിപ്പോവുന്നത് നോക്കിയിരിക്കുന്ന ഞാനാം രാധികയെ ഒരു സ്വത്വവും അടയാളവും ഉള്ളവളായി സുഗതകുമാരി രേഖപ്പെടുത്തുന്ന കവിത കൂടിയാണ്, ‘കൃഷ്ണാ നീയെന്നെയറിയില്ല.’

ഒറ്റപ്പെടലിന്റെ തീവ്രതയിൽ,  വിഷാദവും കാൽപ്പനിക മാധുര്യവും നിറഞ്ഞ പ്രണയത്തെ പ്രണയം കൊണ്ടടയാളപ്പെടുത്താനുള്ള ക്രാഫ്റ്റിന്റെ മികവാണ് ആ കവിതയെ വായനയിൽ മുന്നിലെത്തിച്ചത്. എന്നാൽ അതുവരെ മുഖമില്ലാതിരുന്ന ആ ‘മറ്റൊരു രാധിക’ സ്വന്തം മുഖം നേടി കൃഷ്ണ മിഴികൾക്ക് മുന്നിൽ ജ്വാലാമുഖിയായി നില്ക്കുന്നു എന്ന അപൂർവ്വമായ ഒരുത്തരം കൂടി ‘കൃഷ്ണാ, നീയെന്നെയറിയില്ല,’ മുന്നോട്ടു വെയ്ക്കുന്നുണ്ട്. കൃഷ്ണൻ അവൾക്കു നേരെ നീട്ടുന്ന ആ കലങ്ങിച്ചുവന്ന മിഴികളിൽ അതീതമായ എന്തിലേക്കോ എത്തിപ്പെടാനുള്ള ഒരു ക്ഷണം കൂടിയുണ്ടെന്ന് നമ്മളപ്പോൾ ബോധ്യപ്പെട്ട് വായനയിൽ നിന്ന് പിന്മടങ്ങാനാവാതെ അസ്വസ്ഥരാവും.sugathakumari, malayalam,poet,m.a.baby

അവിടെയാണ് ‘അഭിസാരിക’ എന്ന കവിത സുഗതകുമാരിയുടെ കൃഷ്ണകവിതകളുടെ നെറ്റിക്കയ്യിൽ നിൽക്കുന്നതായി അനുഭവപ്പെടുക. കൃഷ്ണകവിതകളിൽ ആദ്യമേ നിറഞ്ഞു കണ്ട രതിബോധം മൃതിബോധമായി പരിപൂർണ്ണസ്ഥായിയിൽ എത്തുന്ന സന്ദർഭമാണ് ‘അഭിസാരിക.’ ‘പാല പൂത്തു മദിക്കുന്ന രാവിൽ, പാരിജാതം മണക്കുന്ന രാവിൽ’ അവൾ ഇറങ്ങാൻ തയ്യാറാവുന്നു. ‘കാത്തിരിപ്പൂ, വരൂ, വരികെന്ന്’ ‘കാട്ടിൽ നിന്നും കുഴൽ വിളിക്കുമ്പോൾ പിന്നെ മറ്റെന്ത് എന്ന ആ പഴയ രാധികയുടെ അവസാന നിശ്ചയം ഇവിടെ വ്യക്തമാവുന്നു. അവൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ തിരിഞ്ഞു നോക്കുന്നുണ്ട്, കാന്തനെ നോക്കാതിരിക്കുന്നുമുണ്ട്. കൂട്ടിവെച്ച ഇഷ്ടങ്ങളെ എടുക്കാൻ മറക്കുന്നുണ്ട്‌. കണ്ണുനീരിൽ കുളിച്ചിറങ്ങുന്ന അവൾക്കറിയാം അവൻ വിളിക്കുന്നത്‌ ആടാനോ പാടാനോ രമിക്കാനോ അല്ല, മറിച്ച് ആത്യന്തികമായി ഒന്ന് കാണുവാൻ മാത്രമാണെന്ന്. നടന്നും തളർന്നും മുള്ളുകളിൽ പോറിയും വഴിയിൽ ഇടറിയും വീണും ജന്മദുരിതങ്ങളുടെ ജീവിത സങ്കടങ്ങളിൽ പൊള്ളിയും അവൾ ആ സവിധം തിരഞ്ഞു പോകുന്നു. ഈ കവിതയുടെ അന്തരീക്ഷത്തിൽ മദിപ്പിക്കുന്ന രതിയുടെ സാന്നിധ്യമുണ്ട്. രതിബോധതിന്റെ സാന്ദ്രലഹരിയിൽ നിന്ന് മൃതിസാന്നിധ്യത്തിന്റെ സാന്ദ്രമഹിമയിലേക്ക് ഒരു കവിയുടെ കാലങ്ങളായുള്ള പ്രയാണം ലക്ഷ്യം കാണുന്ന ഇടം കൂടിയാണിത്.

‘നിന്റെ കൈയ്യൊന്നീ നിറുകയിൽ വെക്കുക, സങ്കടം പോലെ പതുക്കേ’ എന്ന് സുഗതകുമാരി മറ്റൊരു സന്ദർഭത്തിൽ എഴുതുന്നുണ്ട്. ആരുടെ കൈ? ഏതു നിമിഷത്തിൽ?ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ഭാവങ്ങളിൽ ഒരു കവിയ്ക്കുണ്ടാവേണ്ടുന്ന തീർച്ചകളെ ഈ നിമിഷത്തിൽ നമുക്ക് അളന്നെടുക്കാനാവും എന്ന് തോന്നുന്നു. അന്തരീക്ഷത്തിൽ അതി ശക്തമായ പ്രണയവും രതിയും സന്നിവേശിപ്പിക്കുകയും കാവ്യമർമ്മത്തിൽ ഈ അവസ്ഥകളെ മറികടക്കാൻ ഉള്ള ഇച്ഛനിറച്ചു വെക്കുകയും ചെയ്യുക എന്ന അത്യപൂർവമായ കാവ്യതന്ത്രമാണ് ‘അഭിസാരിക’യിൽ പ്രവർത്തിക്കുന്നത്.

എല്ലാ സങ്കടങ്ങളിൽ നിന്നും പൊള്ളിത്തളർന്നവൾ പണ്ട് കണ്ടു മറന്ന ആ കലങ്ങിച്ചുവന്ന ചടുല മിഴിയുടെ നോട്ടത്തിൽ ലയിച്ചും ജ്വലിച്ചും അഭിസരിക്കുക തന്നെയാണ്, കൂടെപ്പോവുക തന്നെയാണ് ചെയ്യുന്നത്. ശൂന്യഹസ്തയും ശൂന്യ മനസ്കയുമായിത്തന്നെ ആ തേടിചെല്ലലിൽ ‘ചന്ദനം മണക്കുന്നൊരാ മാറിൽ’ സങ്കടങ്ങൾ ഇറക്കി വെയ്ക്കാൻ അവൾക്കാവുന്നു. ആ ചടുല നിമിഷത്തിൽ ‘ശ്യാമ സുന്ദരാ മൃത്യുവും നിന്റെ നാമമാണെന്ന്’ അവൾ തിരിച്ചറിയുകയും ചെയ്യുന്നു. ‘കാളിയമർദ്ദന’ത്തിൽ നിന്ന് ‘അഭിസാരിക’യിലെക്കുള്ള ദൂരം രതിയിൽ നിന്ന് മൃതിയിലേക്കുള്ള സഞ്ചാരം തന്നെയാണ്. കവിയെ പരിശോധിക്കുമ്പോൾ കവിത നിയാമാകമാവുന്നു.കവിത പരിശോധിക്കുമ്പോൾ ആ കവിതയുടെ ആദ്യമുള ‘പൊട്ടിയ കവിമനസ്സാണ് നിയാമകം. മനുഷ്യ മനസ്സ് രത്യുന്മുഖതയുടെ കേദാരമാണെന്നു ഇന്ന് നമുക്കറിയാം ഈ രത്യുന്മുഖതയെ സത്യസന്ധമായി ആവിഷ്കരിക്കുന്നതിനേക്കാൾ സുന്ദരമായി മറ്റൊന്നുമില്ല എന്നും ഇന്ന് നമ്മൾ തുറന്നു മനസ്സിലാക്കുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Sugathakumari krishnakavithakal viju nayarangady