scorecardresearch
Latest News

ശിലാസമുച്ചയങ്ങളുടെ ഉറഞ്ഞ ലാസ്യം

സുഭാഷ് ചന്ദ്രന്റെ ആദ്യ നോവൽ പോലെ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശില്പമല്ല ‘സമുദ്രശില’

ശിലാസമുച്ചയങ്ങളുടെ ഉറഞ്ഞ ലാസ്യം

താവോ ഗുരു ചുവാങ്സു ഒരിക്കൽ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ താനൊരു ചിത്രശലഭമായി പാറി നടക്കുന്നു. പൊടുന്നനെ ഉറക്കത്തിൽ നിന്നദ്ദേഹം ഞെട്ടിയുണർന്നു. താനൊരു മനുഷ്യനായി കട്ടിലിൽ കിടക്കുകയാണെന്ന് മനസിലായ അദ്ദേഹം ചിന്തിച്ചു ‘കുറച്ചു മുമ്പ് ശലഭമാണെന്ന സ്വപ്നം കണ്ട ഒരു മനുഷ്യനാണോ ഞാൻ, അതോ ഇത്രയും കാലം മനുഷ്യനാണെന്ന സ്വപ്നത്തിൽ കഴിഞ്ഞ ഒരു ശലഭം തന്നെയോ ?’

സമാനമായൊരു സെൻ കഥയിലാണ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യുടെയും ആരംഭം. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും കൂടിക്കലരുന്നു. മിഥ്യ, തഥ്യ തുടങ്ങിയ വിവേചനങ്ങൾക്കു പ്രസക്തിയില്ലാതാവുന്നു. ഏതാണ് വാസ്തവമെന്നോ എന്താണ് സ്വപ്നമെന്നോ വേർതിരിച്ചറിയേണ്ടത് അനിവാര്യതയുമല്ലാതാവുന്നു.

സമുദ്രശിലയുടെ എടുത്തു പറയേണ്ട സവിശേഷത ആ കലർപ്പാണ്, ഒന്നൊന്നായി അരിച്ചെടുത്തു പലതായി ശുദ്ധീകരിക്കേണ്ടതില്ലാത്ത വിധം അവ ഒന്നു തന്നെയായിരിക്കുന്നു. അത്രയും സൂക്ഷ്മമായാണ് എഴുത്തുകാരൻ ഭ്രമകല്പനകളെയും യാഥാർത്ഥ്യങ്ങളെയും കൂട്ടിയിണക്കിയത്. ചിത്രശലഭമായി മാറിയെന്നു സ്വപ്നം കാണുന്ന മനുഷ്യനാണോ മനുഷ്യനാണെന്ന സ്വപ്നത്തിൽ കഴിഞ്ഞ ചിത്രശലഭമാണോ സത്യമെന്ന സന്ദേഹമല്ല വായനക്കൊടുവിൽ ബാക്കിയാവുന്നത്.

ജീവിതം ചിലപ്പോഴൊക്കെ ഇത്രയധികം സന്ദിഗ്ദ്ധമാണ്. സ്വപ്നത്തിന്റെയും സത്യത്തിന്റെയും അതിരുകൾ അത്രമേൽ നേർത്തതാണ്. അതല്ലെങ്കിൽ ഉണർച്ചയെക്കാൾ ഉണർന്ന അവസ്ഥയായി സ്വപ്നം പരിണമിക്കുന്നു.

സംഭവിക്കാനിടയില്ലാത്ത ഒന്നിനെ, അന്വേഷിക്കാൻ വേണ്ടി ബോധമനസ് യാഥാർത്ഥ്യത്തിൽ നിന്നു സ്വയം വിമുക്തമാകുന്ന അവസ്ഥയാണ് ഭാവനയെന്ന് സാർത്ര് പറയുന്നുണ്ട്. അത്രയധികം ഇച്ഛിക്കുന്ന, പക്ഷേ അസംഭവ്യമായ ഒന്നായിരിക്കണം അത്. ബോധമനസ് അതിനെത്തിരഞ്ഞു പോകുന്നു. ഭാവനയിൽ / സ്വപ്നത്തിൽ അതിനെ സഫലീകരിക്കുന്നു, അനുഭവിക്കുന്നു. എല്ലാ യുക്തികളെയും നിരസിക്കുന്ന അതീതമായ തലങ്ങളാണു ഭാവനയ്ക്കുള്ളത്. സമുദ്രശിലയുടെ ആധാരശിലയും അത്തരം ചില ഭാവനാത്മക വ്യവഹാരങ്ങളാണ്. തുടക്കത്തിലെ സെൻ കഥ പുസ്തകത്തിലേക്കുള്ള ഏറ്റവും അർത്ഥവത്തായ സൂചികയാവുന്നതുമങ്ങനെയാണ്.samudrashila, novel, subhash chandran,iemalayalam

സുഭാഷ് ചന്ദ്രന്റെ ആദ്യ നോവൽ പോലെ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശില്പമല്ല ‘സമുദ്രശില’. നോവലിലെ തന്നെ ഒരു വാചകമുപയോഗിച്ചാൽ ശിലാസമുച്ചയങ്ങളുടെ ഉറഞ്ഞ ലാസ്യം, ശില്പിയായി ജനിക്കാൻ ഓരോ മനുഷ്യാത്മാവിനെയും മോഹിപ്പിക്കുന്ന അസ്പൃശ്യമായ ശിലകളുടെ കൂട്ടം. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ളതുപോലെ കൊത്തിയെടുക്കാമെന്നു തോന്നിപ്പിക്കുന്ന ശില്പങ്ങളുടെ അദൃശ്യസാന്നിധ്യമായിരിക്കാം ഈ നോവലിൽ വായനക്കാരെ പെട്ടന്നു പ്രലോഭിപ്പിക്കുക.

തങ്ങളുണ്ടാക്കിയത്, കൊത്തിമിനുക്കിയത് എന്ന അഹന്തയോടെ അവർ കണ്ടെത്തുന്നതൊന്നും പക്ഷേ അവരുടേതല്ല താനും. എഴുത്തുകാരൻ അവയൊക്കെ സമർത്ഥമായി മുന്നേ കൊത്തിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ വായനക്കാരുടെ ഇടം ഈ നോവലിനെ സംബന്ധിച്ച് വളരെ വിശാലമാണ്. വായനക്കാർ ഇതിൽ കഥാപാത്രങ്ങൾ പോലുമാണ്. അവരൊക്കെ യഥാർത്ഥത്തിലുള്ളവരുമാണ്. അവരിൽ ചിലർ നോവലിനുള്ളിൽ / നോവലിന്റെ രചനയിൽ പങ്കാളികളുമാകുന്നുണ്ട്. ചിലപ്പോൾ വായനക്കാരൻ /വായനക്കാരി എഴുത്തുകാരനെ കണ്ടെത്തുന്നു. മറ്റു ചിലപ്പോൾ തിരിച്ചും.

രണ്ടും ഒന്നിച്ചു നടക്കുന്ന സന്ദർഭങ്ങളുമുണ്ട്. അംബയും എഴുത്തുകാരനും തമ്മിലുള്ള കണ്ടുമുട്ടൽ അത്തരമൊന്നാണ്. തന്റെ കഥാപാത്രത്തെയും തന്നെ വായിക്കാനിരിക്കുന്ന സ്ത്രീയെയും അയാളവളിൽ കണ്ടെത്തുന്നു. അവൾ സ്വപ്നദൃശ്യങ്ങളിലൂടെ കാണും മുമ്പേത്തന്നെ അയാൾക്കു പരിചിതയുമാണ്. ‘എന്റെ പ്രാണന്റെ ശതകോടി മടക്കുകൾക്കുള്ളിലെവിടെയോ പണ്ടേ ഉണ്ടായിരുന്നതും മറ്റെന്തിനോ വേണ്ടിയുള്ള ഖനനത്തിൽ അവിചാരിതമായി മഴു തട്ടി പുറത്തേക്കു തള്ളി വന്നതുമായ ഒടിഞ്ഞു മടങ്ങിയ ഒരു വെങ്കലപ്രതിമ’ (പുറം: 157)യെന്നാണ് ആ കൂടിക്കാഴ്ചയ്ക്കു ശേഷം അയാൾ അംബയുടെ കൂടെയുണ്ടായിരുന്ന മകനെ ഓർത്തെടുക്കുന്നത്‌.

മറുപക്ഷത്ത് അംബ തന്റെ എഴുത്തുകാരനെ കണ്ടെത്തുന്നു. അല്ലെങ്കിൽ തന്റെ എഴുത്തുകാരനാവാൻ പോകുന്നയാളെ. 8 വർഷം മുമ്പ് ഭാഗികമായി മാത്രം വായിച്ചവസാനിപ്പിച്ച എഴുത്തുകാരനെ ഇനിയാണവൾ പിന്തുടരാൻ പോകുന്നത്. ജൂൺ 19 ലെ ആ കൂടിക്കാഴ്ചയ്ക്കു മുമ്പുള്ള മറ്റെല്ലാ വിശദാംശങ്ങളും – ടൗൺഹാളിലെ സിനിമാ നടിയുടെ പുസ്തകപ്രകാശനവും എഴുത്തുകാരന്റെ പ്രസംഗവുമെല്ലാം അവർ തമ്മിലുള്ള പരിചയപ്പെടലിന്റെ നിമിഷങ്ങൾക്കായുള്ള പരിസരമൊരുക്കലാണ്. വളരെ ഹ്രസ്വമായതു കൊണ്ടു തന്നെ ഏറ്റവും സാരവത്തായിത്തോന്നുന്ന കണ്ടുമുട്ടൽ. കാലങ്ങളായി തിരഞ്ഞു നടന്നിരുന്നവർ ആകസ്മികമായി പരസ്പരം തിരിച്ചറിയുമ്പോഴത്തെ വേദന കലർന്ന ആനന്ദമൂർച്ഛയാണത്.subhash chandran,samudrashila, iemalayalam

വായനക്കാർ മാത്രമല്ല,വായനയേ ഇല്ലാത്തവനും എഴുത്തുകാരനെ കണ്ടെത്തുന്ന രംഗവുമുണ്ട് നോവലിൽ. ദിനേഷ് കുമാർ എന്ന വിരലടയാളവിദഗ്ദ്ധൻ, ആദ്യകാഴ്ചയിൽ തന്നെ സ്നേഹത്തെക്കാളും സൗഹൃദത്തെക്കാളും താനാഗ്രഹിക്കുന്നത് ബഹുമാനമാണെന്നു വിളിച്ചു പറയുന്ന അസഹനീയമായ ഗർവ്വം കൈത്തണ്ടകളിൽ പോലും പുരണ്ട ഒരാളായി സുഭാഷ് ചന്ദ്രനെ അടയാളപ്പെടുത്തുകയും താങ്കൾ കഥകളെഴുതാറുണ്ടോ എന്ന നിഷ്കളങ്കമായ ചോദ്യത്തിലൂടെ അയാളുടെ ഒൻപതാം മാസ ഗർഭം പോലെ മുഴച്ചു നിന്ന അഹന്തയെ തകർക്കുകയും ചെയ്യുന്നു.

ദിനേഷ് കുമാറിന് നോവലിനുള്ളിൽ തുടർന്നും പങ്കുണ്ട്. യഥാർത്ഥത്തിലുള്ള സംഭവങ്ങൾ, പത്രവാർത്തകൾ , 10 വർഷം പഴക്കമുള്ളതും മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടതുമായ സാഹസിക ഫീച്ചർ, ഉന്മാദിനിയുടെ യാത്രക്കുറിപ്പ്, ഡയറി, ഇ-മെയിലുകൾ തുടങ്ങി പരീക്ഷണച്ഛായയുള്ള പലതരം ആഖ്യാനരീതികളാണ് നോവലിലുപയോഗിച്ചിട്ടുള്ളത്. അത്തരം പരീക്ഷണങ്ങളിലൊന്നു പോലും സംവേദനത്തെ സങ്കീർണമാക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുകയല്ല, മറിച്ച് വായനയെ സുഗമമാക്കുകയാണെന്നത് കൗതുകകരമാണ്. യഥാർത്ഥ മനുഷ്യരെയും ഭാവനാസൃഷ്ടികളെയും വേർതിരിച്ചെടുക്കാനാവാത്ത വിധം അല്ലെങ്കിൽ വേർതിരിക്കേണ്ടതില്ലാത്ത വിധം കഥയിലവർ ഗാഢമായിഴുകിച്ചേർന്നിരിക്കുന്നു. ദിനേഷ് കുമാറിന്റെ ദേവരാജൻ ആരാധനയും അനീസ് ബഷീറിന്റെ വിരുന്നെഴുത്തും സോഫിയയുടെ റഷ്യൻ യാത്രക്കുറിപ്പുമൊക്കെ ആഖ്യാനത്തിന്റെ മാതൃകാപരമായ ഒരു പുതുരീതിശാസ്ത്രം തന്നെയായി മാറുകയാണ്.

കൃതി (Text) ഒഴിഞ്ഞതാണ് (Empty)എന്ന റൊളാങ് ബാർത്തിന്റെ സങ്കല്പത്തോട് വളരെ അടുത്തു നിൽക്കുന്നതു പോലെ തോന്നാം ഈ നോവലിന്റെ ആന്തരികഘടന. സാഹിത്യം വായനക്കാരന് പിന്തുടരാനുള്ള വസ്തുവല്ല, സ്വന്തം പാഠം നിർമ്മിക്കാനുള്ള, ആനന്ദങ്ങൾ കണ്ടെത്താനുള്ള സ്വതന്ത്ര സ്ഥലിയാണെന്ന് ബാർത്ത് പറയുന്നു. അതുകൊണ്ടു തന്നെ ഒരു പാഠത്തിനും നിയതമായ സൂചകങ്ങളോ നിശ്ചിതമായ അർത്ഥങ്ങളോ ഇല്ലെന്ന് പെട്ടന്ന് തോന്നിപ്പിച്ചേക്കാം, സമുദ്രശിലയും അത്തരം പ്രതീതിയുണ്ടാക്കുന്നു. അർത്ഥങ്ങളുടെ, അർത്ഥ സാധ്യതകളുടെ അനന്തത കൊണ്ട് വായനക്കാരെ ഭ്രമിപ്പിക്കുന്നുണ്ടത്. പക്ഷേ വ്യാഖ്യാനഭേദങ്ങൾക്കുള്ള അവസരങ്ങൾ മുന്നിൽ കുടഞ്ഞിട്ടു തരുമ്പോൾ തന്നെ സമുദ്രശില കൃത്യമായും അളവൊപ്പിച്ചും കൊത്തിയെടുത്ത ശില്പമായിരിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ വൈരുദ്ധ്യമെന്നു തോന്നിപ്പിക്കുന്ന ഈ കൗശലം തന്നെയാണ് നോവലിനെ വ്യതിരിക്തമാക്കുന്നതും.

അംബ മഹാഭാരതത്തിലെ സ്വേച്ഛാചാരിണിയായ രാജകുമാരിയാണ്. ബലാൽ പിടിച്ചു കൊണ്ടുപോയ ഭീഷ്മരോട് സ്വന്തം ഇച്ഛയും തീരുമാനവും ഉറക്കെ പ്രഖ്യാപിച്ചാണവൾ കാശി രാജ്യത്തിലേക്ക് പോകുന്നത്. പോകാതിരുന്നെങ്കിൽ രോഗിയായ രാജാവിന്റെ പല ഭാര്യമാരിലൊരുവളായി,  പിന്നെ ഇഷ്ടമില്ലാത്ത പുരുഷനുമൊത്തുള്ള നിർബന്ധിതമായ വേഴ്ചയിലൂടെ വൈകല്യങ്ങളുള്ള കുഞ്ഞിനെപ്പെറ്റ് ഭാരത മാതാക്കളിലൊരാളെന്ന മഹിതമായ പദവി അവൾക്കും കിട്ടിയേനെ. പോയതുകൊണ്ട് അവൾക്കു കിട്ടിയ വിശേഷണങ്ങളാകട്ടെ ഉറപ്പായും ഇതിനേക്കാൾ മേന്മയുള്ളതല്ല,  പക്ഷേ സൂക്ഷമമായാലോചിച്ചാൽ അത് ഇതിനേക്കാൾ താഴ്ന്നതുമായിരുന്നില്ല. സ്വന്തം ഇച്ഛകൾക്ക് പ്രാണനെക്കാൾ മതിപ്പുകൊടുത്തതു കൊണ്ട്, എല്ലായിടത്തും നിരസിക്കപ്പെട്ടവളായ ആ അംബയും വ്യാസനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്നാണ് പുതുകാല അംബയുടെ ജീവിതത്തിലേക്ക് സമുദ്രശില പ്രവേശിക്കുന്നത്.

സ്ത്രീ എന്ന പ്രഹേളികയിലേക്ക്, പുരുഷനെക്കാൾ വലിയ മനുഷ്യനായ സ്ത്രീയുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനേറ്റവും മികച്ച പാത ശ്രദ്ധിച്ചു കാതോർത്താൽ സ്ത്രീകളുടെ രോദനത്തിന്റെ ചിലമ്പിയ ഒച്ച മാത്രം അവശേഷിക്കുന്ന മഹാഭാരതത്തിലൂടെത്തന്നെയാണ്. വ്യാസനും അംബയും തമ്മിലുള്ള ആ സംഭാഷണ മുഹൂർത്തത്തിലൂടെ ആത്മാദരത്തിന്റെ കാര്യത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ കൂടുതലെന്തെങ്കിലും ഉദ്ദേശിച്ചുണ്ടോ എന്നറിയില്ല. എങ്ങനെയായാലും ഇതിഹാസതുല്യമായ ഗാംഭീര്യം കൊണ്ട് അഭയമെന്ന ആ ഖണ്ഡം സവിശേഷമായിരിക്കുന്നു. അംബ ഒരു തുടർച്ചയാണ്. അവളുടെ നിരാലംബതയും നിസഹായതകളുമെന്ന പോലെ. യുഗങ്ങളിലൂടെ അവളലയുന്നു. വ്യാസൻ അഥവാ എഴുത്തുകാരനും പല പേരുകളിൽ പുനർജീവിക്കുന്നു. ഒരു ജൂൺ 18ന് മഴ പെയ്യുന്ന സായാഹ്നത്തിൽ അവർ വീണ്ടും കണ്ടുമുട്ടേണ്ടതുണ്ട്.jisa jose ,samudrashila, novel,subhash chandran, iemalayalam

സ്ത്രീയുടെ ജീവിതം, കൂടുതൽക്കൂടുതൽ ദൈന്യവും നിസഹായവുമായ ജീവിതം പുരുഷന്റെ എഴുത്തുമേശയിലെ ഇഷ്ടവിഭവമാകുന്നതിന്റെ ദൃഷ്ടാന്തങ്ങൾ സാഹിത്യത്തിലുടനീളമുണ്ട്. ഇരയായ/ പീഡിതയായ സ്ത്രീ പുരുഷന്റെ സഹതാപത്തിനും അനുഭാവത്തിനും വേഗത്തിലർഹയായിത്തീരുന്നു. അവളുടെ സഹനത്തിനും ത്യാഗത്തിനും ആവുന്നത്ര തീവ്രതയേകാൻ അവൻ ബദ്ധശ്രദ്ധനാവും.
പക്ഷേ കർത്തൃത്വസ്വരം അവന്റേതായിരിക്കും, അവൻ മാത്രമാണ് സൃഷ്ടാവ്. പുരുഷൻ എന്ന സ്വത്വത്തിനു മിഴിവേകാൻ, അതിനെ ചെത്തിയും മിനുക്കിയും പുതുതാക്കാനുള്ള വ്യഗ്രത സ്ത്രീയുടെ കഥ പറയുമ്പോൾ പോലും പലപ്പോഴും ബോധപൂർവ്വമായോ അബോധമായോ ആ രചനകളിൽ പ്രതിഫലിക്കും.

സമുദ്രശിലയിൽ അംബയെക്കുറിച്ചെഴുതുമ്പോഴും അത്തരമൊരു ആദിമ വാസനയിൽ നിന്ന് എഴുത്തുകാരൻ പൂർണമായും മുക്തനാകുന്നില്ല. അതിനെ പക്ഷേ കർക്കശമായിത്തന്നെ എതിരിടാനുള്ള ശ്രമം ചിലയിടത്തെങ്കിലും അദ്ദേഹം നടത്തുന്നത് കാണാതിരിക്കാനുമാവില്ല. തന്റെയുള്ളിലെ, ആധിപത്യവാസന രക്തത്തിലലിഞ്ഞ പുരുഷനെ ഹിംസിക്കാനുള്ള ബോധപൂർവ്വമായ യത്നമാണത്. ഈ നോവലിലെ ഏറ്റവും തെളിമയാർന്ന രണ്ട് ആഖ്യാനങ്ങളിൽ ഒന്ന് സോഫിയ എഴുതുന്ന റഷ്യൻ യാത്രാ വിവരണവും രണ്ടാമത്തേത് അംബയുടെ വെള്ളിയാങ്കല്ല് യാത്രയുമാകുന്നതങ്ങനെയാണ്. രണ്ടും സ്ത്രീകളുടെ യാത്ര. ഏറ്റവും പ്രിയപ്പെട്ടിടത്തേക്കുള്ള ഉന്മാദകരമായ പ്രയാണം. സോഫിയയുടേത് മനോരോഗിണിയായ പെൺകിടാവിന്റെ വിചിത്രകല്പനകളാണ്. യുക്തികൾക്കതീതമായത്, അല്ലെങ്കിൽ ഒരു തരം മനുഷ്യ യുക്തികൾ കൊണ്ടും വിശദീകരിക്കാനാവാത്തത്. സ്വപ്നം/ ഭ്രമകല്പനകൾ ചിലപ്പോൾ ഉണർവ്വിനെക്കാൾ സത്യവുമാണ്. അത്തരം യാത്രകളേ നോവലിൽ പോലും അവർക്കു നടത്താനാവുന്നുള്ളു എന്നത് വേറൊരു യാഥാർത്ഥ്യം.

രണ്ടാമത്തേത് അംബയുടെ പ്രണയ യാത്രയാണ്. എല്ലാ ഇന്ദ്രിയങ്ങൾ കൊണ്ടും അവളനുഭവിച്ച സ്വപ്ന ദൃശ്യം. രണ്ടു സന്ദർഭങ്ങളിൽ അംബ അതനുസ്മരിക്കുന്നുണ്ട്. ഒന്ന് മൃതപ്രായമായ അമ്മയുടെ ചെവിയിൽ അമ്മയ്ക്കതു മനസിലാകുന്നോ എന്നു പോലുമറിയാതെ നടത്തുന്ന കുമ്പസാര സ്വഭാവമുള്ള ഏറ്റുപറച്ചിൽ. രണ്ടാമത്തേത് ഉന്മാദകരമായ, പ്രണയത്തിന്റെ, രതികാമനകളുടെ സ്വതന്ത്രമായ തുറന്നു പറച്ചിലായിട്ടാണ്. അവിടെ കുറ്റബോധമോ പാപചിന്തയോ ഇല്ല. വിവാഹത്തിനു പത്തു ദിവസം മുമ്പ് യഥാർത്ഥ ജീവിതത്തിൽ നിന്ന് അവൾ കട്ടെടുത്ത ഒരു സ്വപ്നരാത്രിയാണത്. അവളത് അർഹിച്ചിരുന്നു. അവൾക്കത് അവകാശപ്പെട്ടതുമായിരുന്നു. കാവ്യാത്മകമായ മാസ്മരികത കൊണ്ട് പൗർണമിയിലെ ആ കടൽ രാത്രി അവളുടെ ഇരുണ്ട ജീവിതത്തെയൊട്ടാകെ പ്രകാശിപ്പിക്കുന്നു. താൻ തന്നെ സൃഷ്ടിച്ചെടുക്കുന്ന സങ്കല്പലോകത്തിൽ സ്വയം കണ്ടെത്തുന്ന പോലെ വിസ്മയിപ്പിക്കുന്നതാണത്. എട്ടു വർഷങ്ങൾക്കു മുമ്പ് മാസികയിൽ വായിച്ചു പാതിയുപേക്ഷിച്ച യാത്രാവിവരണത്തിനു ബദലായാണ് അംബ ഈ യാത്ര സങ്കല്പിച്ചുണ്ടാക്കുന്നത്. അത് പുരുഷന്മാരുടെ സാഹസിക യാത്രയായിരുന്നു. ബലിക്കല്ലു പോലെ ചോരയിൽ നനഞ്ഞാണ് ആ പുരുഷന്മാർ വെള്ളിയാങ്കല്ലിലേക്കു കേറുന്നത്. രാത്രിക്കു മുമ്പ് നീർനായകളെ ഭയന്ന് അവർ മടങ്ങുകയും ചെയ്യുന്നു. അംബയുടെ യാത്ര രാത്രി തുടങ്ങുന്നു. കാമുകനെ ഭാവനാത്മകമായി സങ്കല്പിച്ചുണ്ടാക്കുക, അയാളെയും കൂട്ടി ആ ശിലാസമുച്ചയത്തിലേക്ക് പൗർണമിരാത്രിയിൽ ചെല്ലുക, ആദ്യ രതിയിലേർപ്പെടുക, ഗർഭിണിയാവുക … അതിലെ സദാചാരനിഷേധം,  സാഹസികത ഒരു തരം അധീശത്വസ്ഥാപനമാണ്. എല്ലാ ആൺവ്യവഹാരങ്ങളെയും നിരസിക്കുന്ന അധീശത്വം. യുക്തിഭദ്രവും ചിഹ്നബദ്ധവുമായ ആൺലോകത്തിനു ബദലായി, ആണെഴുത്തിനു സമാന്തരമായി അംബ സൃഷ്ടിക്കുന്ന അനുഭൂതികളുടെ ആ ലോകം തന്നെയാണ് ഈ നോവലിനെ ഇത്രയധികം അംബയുടേതാക്കുന്നത്. നായക കേന്ദ്രിതവും ആത്മനിഷ്ഠവുമായ തീക്ഷ്ണസ്വരങ്ങളെയെല്ലാം റദ്ദുചെയ്യാൻ ആ ഒരൊറ്റ അധ്യായം മതിയാവും. ശരീരവും മനസ്സുമുൾപ്പെടുന്ന അതിമോഹനമായ അനുഭൂതികളുടെ വിനിമയമാണത്.

“നിലാവുണ്ടു മദിച്ച് രണ്ടാളും ഉറക്കെയുറക്കെ കൂകാൻ തുടങ്ങി. ഇത്രയും കാലം തങ്ങൾ കൊണ്ടു നടന്ന ഉപാധികളുള്ള പ്രണയം ചങ്ങലയ്ക്കിട്ട മാലാഖയായിരുന്നുവെന്നും ഭൂമിയിലെ മുഴുവൻ സ്ത്രീ പുരുഷന്മാർക്കും വേണ്ടി അതിപ്പോൾ തുടൽ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്നും തിരിച്ചറിഞ്ഞപ്പോൾ പിന്നീടവർ നിർഭയം പൂർണചന്ദ്രനെ മത്സര നിയന്ത്രകനാക്കി മുതിർന്നവരുടെ കേളികളിലേക്കുള്ള ചുവടുകൾ വെച്ചു. ” (പുറം: 249)samudrashila, book review,iemalayalam

പക്ഷേ അത്തരം വികാരവിനിമയങ്ങൾ സാധാരണസ്ത്രീകൾക്കു നിഷിദ്ധവുമാണല്ലോ. നോവലിന്റെ തുടക്കത്തിൽത്തന്നെ അംബയുടെ മനോരോഗത്തെക്കുറിച്ചുള്ള സൂചനകൾ വരാനുള്ള കാരണവും അതായിരിക്കാം. കൗണ്ടർ ഫാക്ച്വൽ തിങ്കിങ് ,സംഭവിച്ചു കഴിഞ്ഞതിനെല്ലാം കൂടുതൽ ആകർഷകമായ ബദൽസാധ്യതകളന്വേഷിച്ചു കണ്ടെത്തൽ,  അവയാണ് യഥാർത്ഥമെന്ന രീതിയിൽ അവതരിപ്പിക്കുക, ഇത്തരം സങ്കീർണ്ണമായ മാനസികാവസ്ഥയിലുള്ള രോഗിയായാണ് അംബയെക്കുറിച്ച് മനോരോഗ വിദഗ്ദ്ധർ സംസാരിക്കുന്നത്.

അസ്പഷ്ടനായ കാമുകനുമൊത്തുള്ള ഉന്മാദാഘോഷങ്ങളുടെ എതിർധ്രുവത്തിലാണ് അംബയുടെ ജീവിതത്തിലെ രണ്ടു യഥാർത്ഥപുരുഷന്മാരും. റൂമി ജലാലുദ്ദീൻ അവളെ ശരീരം കൊണ്ടു മാത്രം കാമിക്കുന്നു. രതി സ്ത്രീകൾക്കു മാനസികമാണെന്നും, മനസിനെ എടുത്തു പിടിക്കാനുള്ള ഒരു പാത്രം മാത്രമാണ് ആ നേരത്ത് അവളുടെ ശരീരമെന്നും ചായ കുടിക്കാൻ കപ്പു പോലെ അന്നേരം പെണ്ണ് സ്വന്തം മനസിനെയാണ് ശരീരത്തിൽ എടുത്തു നീട്ടുന്നതും സ്വയം ആസ്വദിക്കുന്നതെന്നും വിശ്വസിച്ച അംബയ്ക്ക് റൂമിയുടെ വന്യവും ഏകപക്ഷീയവുമായ കാമം അസഹ്യമാകുന്നു. സിദ്ധാർത്ഥനെന്ന ഭർത്താവാകട്ടെ അവളുടെ മനസിനെയും ശരീരത്തെയും ഒരു പോലെ മുറിപ്പെടുത്തുന്നു. പുരുഷന്റെ ലൈംഗിക വീര്യവും ധൈഷണികതയുമൊക്കെ സ്ത്രീയുടെ മേൽ അധീശത്വത്തിനുള്ള ഉപാധികൾ മാത്രമാണ്. ലോകത്തിലെ എല്ലാ ഗ്രാമങ്ങളുടെയും അദൃശ്യമായ ഔദ്യോഗികമുദ്ര ചിറകുവെച്ചു പറക്കുന്ന പുരുഷലിംഗമാണെന്ന് എല്ലാ സ്ത്രീകൾക്കുമെന്നു പോലെ അംബയ്ക്കുമറിയാം.

സെറിബ്രൽ പാൾസി വിത്ത് ഓട്ടിസ്റ്റിക് ഡിസോർഡറുള്ള മകൻ , ശയ്യാവലംബിയായ അമ്മ, ശ്മശാനത്തിനു സമീപത്തെ കുടുസ്സുഫ്ലാറ്റ്, ആനന്ദങ്ങളില്ലാത്ത, യാന്ത്രികമായ ജീവിതം ,ഇതെല്ലാമാണ് അംബയെ ഒരേ സമയം ഭ്രമകല്പനകളിലേക്കും ആത്മഹിംസാവാഞ്ഛകളിലേക്കും കൊണ്ടു പോകുന്നത്. ഒരിക്കലും കടലു കാണാത്ത ചന്ദ്രികടീച്ചർ കടലു കാണാനിടയുണ്ടായിരുന്ന ഒരു യാത്രയ്ക്കിടയിലാണ് എന്നേയ്ക്കുമായി കിടപ്പിലാവുന്നത്.  പൊന്നുരുക്കുന്നതിനേക്കാൾ കണിശമായി വാക്കിനെ കൈകാര്യം ചെയ്ത പെൺപിറന്നവരുടെ കഥകൾ അംബക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും മരണസമയത്ത് അവർ അച്ചിപ്പുടവ സമരത്തെക്കുറിച്ചും മുക്കുത്തി സമരത്തെക്കുറിച്ചുമൊക്കെയാണവസാനമുരുവിട്ടതെന്ന ഭാഗം അങ്ങേയറ്റം ഏച്ചുകെട്ടിയതു പോലെ തോന്നുന്നു. ഭർത്താവിൽ നിന്ന് അംബ പിരിയാനുള്ള കാരണമായി അയാളുടെ അവിഹിത ബന്ധം അവൾ കണ്ടെത്തുന്ന രംഗവും എത്രയോ ആവർത്തിച്ചതെന്ന തോന്നലുളവാക്കും.

ഓട്ടിസ്റ്റിക്കായ മകന്റെ ശാരീരികാവശ്യങ്ങൾ അമ്മയെ നിസഹായയാക്കുന്നത് കൂടുതൽ തീവ്രമായനുഭവിക്കാനായേനെ കുറച്ചു മാസങ്ങൾക്കു മുമ്പായിരുന്നെങ്കിൽ. അതേ ശാരീരികാവസ്ഥയിലുള്ള ഒരു മകളുടെയും അവളുടെ അച്ഛന്റെയും ദുരിതങ്ങളിലൂടെ ഇത്തരം കുട്ടികളുടെ ലൈംഗികാവശ്യങ്ങളെ ക്കുറിച്ചും അതിന്റെ സമ്മർദ്ദങ്ങളെക്കുറിച്ചും കേരളം ധാരാളം ചർച്ച ചെയ്തു കഴിഞ്ഞതാണ് കഴിഞ്ഞ ചില മാസങ്ങളിൽ. നോവലിന്റെ അവസാനം പോലും അത്രയ്ക്ക് ആഘാതമുണ്ടാക്കാതെ പോയതിന് അതുമൊരു കാരണമാകാം. അംബയുടെ മരണത്തിന് ശേഷം അവളുടെ അവസാനത്തെ ഇമെയിലിൽ അംഗീകൃതമായ ജീവിത മൂല്യങ്ങളോടുള്ള വിധേയത്വവും നവ സാങ്കേതിക വിദ്യയോടുള്ള ഭീതിയുമെല്ലാം കൂടിക്കലങ്ങിയ ഉപദേശങ്ങളാണുള്ളതെന്ന് വായനക്കാർക്കു തോന്നിപ്പോവാനിടയുണ്ട്.

പക്ഷേ അവയൊക്കെ എത്രയോ അപ്രസക്തമാണ്, അപ്രധാനവുമാണ്. അടിമുടി നിറഞ്ഞ, തുളുമ്പുന്ന ജീവിതത്തിന്റെ ആഖ്യാനമാണ് സമുദ്രശില. അപൂർവ്വമായ ബിംബങ്ങൾ, അലങ്കാരങ്ങൾ, മൗലികമായ നിരീക്ഷണങ്ങൾ, പ്രയോഗങ്ങൾ, ഉദാഹരിക്കാൻ തുടങ്ങിയാൽ ഇത്രയും പേജുള്ള മറ്റൊരു പുസ്തകം തന്നെ സാധ്യമാവുന്ന വിധം ബിംബ കല്പനകളുടെ സമൃദ്ധി. അംബയുടെ, അവളുടെ മകന്റെ, അമ്മയുടെ, അവളുടെ കഥ പറയുന്ന എഴുത്തുകാരന്റെ ജീവിതം പുസ്തകത്തിനു ശേഷവും വായനക്കാരിൽ തുടരുന്നു. അത് അവിരാമമായ ഒഴുക്കാണ്‌. അംബമാർ ഒടുങ്ങുന്നില്ല, യുഗങ്ങളിലൂടെ അവരും അവരുടെ ദുരന്തങ്ങളും ആവർത്തിക്കുന്നു. വരും കാലത്തും ആവർത്തിക്കും. ” പെണ്ണെന്നാൽ അവളുടെ ശരീരം മാത്രമല്ലല്ലോ ” എന്ന് ഒരു ഞൊടിനേരമെങ്കിലും അവർ എല്ലാക്കാലങ്ങളിലും ആൺലോകത്തെ ഓർമ്മിപ്പിക്കും.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Subash chandran novel samudrashila jisa jose