scorecardresearch

അസ്ഥിപഞ്ജരങ്ങളും അലമാരകളും

‘എല്ലാ പുരുഷന്മാരെയും പോലെ ദിനരാജനും രഹസ്യ അറകളുള്ള അലമാരകൾ സ്വന്തമായുണ്ട്. ചിലതിലൊക്കെ ചൂടാറാത്ത അസ്ഥിപഞ്ജരങ്ങൾ വിശ്രമിക്കുന്നുണ്ട്. എല്ലാ പുരുഷന്മാരെയുംപോലെ അയാളും വിശ്വസിക്കുന്നു, തന്റെ ഭാര്യ എന്തൊക്കെയായാലും, വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്ന ഒരേ ഒരു അലമാര മാത്രമുള്ളവൾ ആണെന്ന്’

അസ്ഥിപഞ്ജരങ്ങളും അലമാരകളും
Malayalam Story 'Asthipanjrangalum Alamarakalum' by Chandramathi Teacher

ജയലക്ഷ്മിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്കാണ് കോംബോ. ഓൺലൈനിൽ ആ വാക്ക് കാണുമ്പോൾ അവൾക്ക് ഹരമാണ്. “നോക്കൂ രാജൻ” എന്ന് പറഞ്ഞു അവൾ ദിനരാജന്റെ അടുത്തേക്ക് വരും. “കണ്ടോ ഒരു നല്ല കോംബോ ഓഫർ, മൂന്ന് ചുരിദാർ ടോപ്പുകൾ, ഒരു ബോട്ടത്തിന്. ഷാളും ഒന്ന് മതി. കൊള്ളാം അല്ലേ?”

താനെന്തു പറഞ്ഞാലും അതിനൊരു വിലയുമില്ലെന്ന് അറിയാവുന്നതു കൊണ്ട് ദിനരാജൻ വെറുതെ തല കുലുക്കും. രണ്ടു സാരിക്ക് ഒരു ബ്ലൗസ്. മൂന്ന് സാരികൾക്ക് ഒരേ അടിപ്പാവാട. അങ്ങനെ പല വിധ കോംബോകളും ജയലക്ഷ്മി കൊണ്ട് കാണിക്കാറുണ്ട്. ചിലതൊക്കെ അവൾ ഓർഡർ ചെയ്തു വാങ്ങി, ചിലപ്പോൾ സന്തോഷിക്കുകയും ചിലപ്പോൾ പ്രാകുകയും ചെയ്യാറുണ്ട്.

“അച്ഛനിഷ്ടപ്പെട്ട കോംബോ എന്താണ്?” കിങ്ങിണി എന്ന ദേവികാ ദിനരാജ് ചോദിച്ചു. പെട്ടെന്ന് മനസ്സിൽ വന്നത് ദിനരാജൻ പറഞ്ഞു: “അലമാരകളും അസ്ഥിപഞ്ജരങ്ങളും.”

കിങ്ങിണി ഞെട്ടിയപ്പോൾ അയാളും ഞെട്ടി. അതിഥി മുറിയിലേക്ക് ഇറങ്ങി വന്ന് നൃത്തം ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട അസ്ഥിപഞ്ജരങ്ങൾ നിറഞ്ഞ അലമാരകളെക്കുറിച്ച് മകളോടെന്ത് പറയാനാണ്?

എല്ലാ പുരുഷന്മാരെയും പോലെ ദിനരാജനും രഹസ്യ അറകളുള്ള അലമാരകൾ സ്വന്തമായുണ്ട്. ചിലതിലൊക്കെ ചൂടാറാത്ത അസ്ഥിപഞ്ജരങ്ങൾ വിശ്രമിക്കുന്നുണ്ട്. എല്ലാ പുരുഷന്മാരെയുംപോലെ അയാളും വിശ്വസിക്കുന്നു, തന്റെ ഭാര്യ എന്തൊക്കെയായാലും, വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്ന ഒരേ ഒരു അലമാര മാത്രമുള്ളവൾ ആണെന്ന്. പാതിവ്രത്യ സംസ്കാരത്തിൽ വളർത്തപ്പെട്ട ഒരു പെണ്ണിന് അങ്ങനെയല്ലാതെയാകാൻ പറ്റില്ലല്ലോ. അതു കൊണ്ടല്ലേ ദിനരാജനെപ്പോലെയുള്ള പുരുഷന്മാർ സ്ത്രീകളുടെ ചപലതകളെ അംഗീകരിച്ചു കൊടുക്കുന്നത്!

“അസ്ഥിപഞ്ജരങ്ങളെ എങ്ങനെയാണച്ഛാ അലമാരയിൽ വക്കുന്നത്? അത് പൊട്ടിപ്പോവില്ലേ?” കിങ്ങിണി ചോദിച്ചു.

ഭാഗ്യത്തിന് ആ നിമിഷത്തിൽ അയാളുടെ മൊബൈൽ ശബ്ദിച്ചു.

“ഹലോ, എടാ കേഡീ …”

“ഞാൻ ദിനരാജനാണ്.”

“അതു തന്നെടാ കേഡീ. ഞാൻ ഹരിലാൽ.. ഓർമ്മയുണ്ടോ?”

ഹരിലാൽ വന്നത് കുറേ വർഷങ്ങൾക്കു പുറകിൽ നിന്ന്. കോളേജിൽ ജൂനിയർ ആയ ഒരേ പെണ്ണിന് ഒരേ ദിവസം പരസ്‌പരമറിയാതെ പ്രേമലേഖനം കൊടുത്ത് കുഴപ്പത്തിൽ ചാടിയ കോംബോ ആയിരുന്നു കെ. ഡി. ദിനരാജനും, ഹരിലാൽ മേനോനും. പ്രേമലേഖനങ്ങൾ പാടേ വ്യത്യസ്തമായിരുന്നെങ്കിലും സ്കൂൾ പ്രിൻസിപ്പലിന് പിടിച്ചില്ല. ഒരുപാട് പ്രായോഗിക വൈഷമ്യങ്ങൾ ദിനരാജനും ഹരിലാലിനും നേരിടേണ്ടി വന്നു. ഹരിലാൽ മേനോൻ പഠിത്തം മുറിച്ചു ഗൾഫിൽ പോയി പണമുണ്ടാക്കി വന്ന് ആ പെണ്ണിനെ തന്നെ കെട്ടി. തന്റെ മകളുടെ വിവാഹം വിളിയുമായാണ് ഹരിലാലിന്റെ ഫോൺകാൾ വന്നത്.

അസ്ഥിപഞ്ജരങ്ങളും അലമാരകളും, ചന്ദ്രമതി, ചന്ദ്രമതി കഥകള്‍, ചന്ദ്രമതി ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍ കഥകള്‍, chandramathi, chandramathi malayalam writer, chandramathi story, chandramathi teacher, malayalam stories, malayalam stories new, malayalam stories reading, മലയാളം കഥകള്‍, മലയാളം കഥ, മലയാളം കഥകള്‍ 2019, മലയാളം കഥാരചന വിഷയങ്ങള്‍, മലയാളം കഥകള്‍ pdf, മലയാളം കഥകളുടെ ആസ്വാദനം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

“നിന്റെ മകൾ കെട്ടാറായോടാ കേഡീ?”

“ഇല്ല. അവൾ പഠിക്കുന്നതേയുള്ളു. ഞാൻ താമസിച്ചല്ലേടാ കെട്ടിയത്?”

“നിനക്കെല്ലാറ്റിനും പണ്ടേ താമസമായിരുന്നു” ഹരിലാൽ ചിരിച്ചു.

അച്ഛന്റെ നീളുന്ന സംഭാഷണത്തിൽ അസ്വസ്ഥയായി കിങ്ങിണി അമ്മയുടെ അരികിലേക്ക് ചെന്നു.

“അസ്ഥിപഞ്ജരങ്ങളും അലമാരകളും എന്തു കോംബോ ആണമ്മേ?”

“അയ്യോ, അലമാര!” എന്നു പറഞ്ഞു ജയലക്ഷ്‌മി ചാടിയെഴുന്നേറ്റു. “നാളെയാണ് അനാഥാലയത്തിൽ പോകുന്നത്. എനിക്കലമാര ക്ലീൻ ചെയ്യാനുണ്ട്. കിങ്ങിണി വന്നു സഹായിക്ക്.”

വർഷത്തിലൊരിക്കലെങ്കിലും അലമാരകൾ വൃത്തിയാക്കണമെന്നും പഴയതെല്ലാം മാറ്റണമെന്നും തങ്ങൾക്ക് വേണ്ടാത്തതെല്ലാം തങ്ങളേക്കാൾ താഴേക്കിടയിലുള്ളവർക്ക് വിതരണം ചെയ്ത് അവരുടെ മതിപ്പ് പിടിച്ചു പറ്റണമെന്നുമാണ് ജയലക്ഷ്മിയുടെ നിലപാട്. പതിവായി അവളത് ചെയ്യാറുണ്ട്. അടുക്കളയിൽ സഹായിയായി നിൽക്കുന്നവരുടെ നേർക്കാണ് സാധാരണ അവളുടെ ദയാവായ്‌പൊഴുകുക. അതു താങ്ങാൻ വയ്യാതെ അവർ വിഷമിക്കുന്നത് ദിനരാജൻ കണ്ടിട്ടുണ്ട്. അവർക്കറിയാം തങ്ങൾക്കു കിട്ടാൻ പോകുന്ന വസ്തുക്കളുടെ ഗുണനിലവാരം. വേണ്ടെന്നു പറഞ്ഞാൽ നാളെ മുതൽ പണി ഇല്ലാതാവുകയും ചെയ്യും. കനത്ത ബാഗും തൂക്കി ആക്രിവ്യാപാരികളെപ്പോലെ അവർ നടന്നു പോകുമ്പോൾ ഉന്മേഷമേതുമില്ലാത്ത അവരുടെ മുഖങ്ങൾ നോക്കി അയാൾ വിഷമിച്ചു നിന്നിട്ടുണ്ട്.

ഹരിലാലുമായിട്ടുള്ള ദീർഘസംഭാഷണം അവസാനിപ്പിച്ച് ദിനരാജൻ വന്നു നോക്കുമ്പോൾ അമ്മയും മകളും അലമാരയിലുള്ള തുണികളെല്ലാം വലിച്ചു പുറത്തിട്ട് അടുക്കിപ്പെറുക്കുകയാണ്. അവർ ശ്രദ്ധിക്കുന്നതിന് മുൻപ് അയാൾ അവിടെ നിന്ന് വലിഞ്ഞു.

കഴിഞ്ഞ വർഷമാണ് ജയലക്ഷ്മിയെ റസിഡൻസ് അസോസിയേഷൻ വനിതാ വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ദൂരെയെവിടെയോ പുതുതായി തുടങ്ങിയ അനാഥാലയത്തിന് പഴയ വസ്ത്രങ്ങൾ സംഭാവന ചെയ്യുക എന്ന ആശയം മുന്നോട്ടു വച്ചത് ജയലക്ഷ്മിയായിരുന്നു. അലമാരയിൽ നിന്ന് പുറന്തള്ളിയ പഴയ സാരികളും നൈറ്റികളും ബെഡ്ഷീറ്റുമെല്ലാം രണ്ടു മൂന്നു ബിഗ്‌ഷോപ്പറുകളിലായി കുത്തി നിറച്ചവൾ പോയി. എല്ലാ പെണ്ണുങ്ങളുടെ കയ്യിലും പ്രസവിക്കാൻ തയ്യാറായ ബിഗ്‌ഷോപ്പറുകൾ ഉണ്ടായിരുന്നു. അവരെ കൊണ്ടു പോയ ഇന്നോവയുടെ ഡ്രൈവർ വിജയൻ പറഞ്ഞാണ് ദിനരാജൻ ബാക്കി കഥ അറിഞ്ഞത്.

ബാഗുകൾ ചുമന്ന് അകത്ത് കൊണ്ട് വച്ചത് വിജയനായിരുന്നു. അനാഥാലയത്തിന്റെ നടത്തിപ്പുകാർ അവരുടെ മുന്നിൽത്തന്നെ ബാഗുകൾ കുടഞ്ഞിട്ട് വസ്ത്രങ്ങൾ പരിശോധിച്ചു. പലതും കീറിപ്പറിഞ്ഞതും നിറം പോയതും ഭൂപടം പോലെ എന്തൊക്കെയോ കറകൾ വീണതുമായിരുന്നു. അതൊക്കെ അധികൃതർ തിരിച്ചു കൊടുത്തു. എന്നിട്ടു പറഞ്ഞുവത്രേ —

“ഈ കെട്ടിടത്തിൽ താമസിക്കുന്നവർ നിങ്ങളെപ്പോലെ മനുഷ്യരാണ്. ദയവായി ഇങ്ങനെയുള്ള സാധനങ്ങളുമായി ഇവിടെ വരാതിരിക്കുക.”

അസ്ഥിപഞ്ജരങ്ങളും അലമാരകളും, ചന്ദ്രമതി, ചന്ദ്രമതി കഥകള്‍, ചന്ദ്രമതി ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍ കഥകള്‍, chandramathi, chandramathi malayalam writer, chandramathi story, chandramathi teacher, malayalam stories, malayalam stories new, malayalam stories reading, മലയാളം കഥകള്‍, മലയാളം കഥ, മലയാളം കഥകള്‍ 2019, മലയാളം കഥാരചന വിഷയങ്ങള്‍, മലയാളം കഥകള്‍ pdf, മലയാളം കഥകളുടെ ആസ്വാദനം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വിജയൻറെ റിപ്പോർട്ട് ഏറ്റവും ആസ്വദിച്ചത് ദിനരാജനായിരുന്നു. അയാളോർക്കുന്നുണ്ട്, അന്ന് ജയലക്ഷ്മി വന്നത് കരിമുഖിയായിട്ടായിരുന്നു. “കുഴിയിൽ വീണു കിടക്കുകയാണെങ്കിലും എന്തൊരഹങ്കാരം!” എന്ന് പിറുപിറുത്തുകൊണ്ട് അവൾ തിരികെ കൊണ്ടു വന്ന വസ്ത്രങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ചു. റേഷൻകടയിലെ ആ മാസത്തെ വിഹിതം അരലിറ്റർ മണ്ണെണ്ണയും പോയിക്കിട്ടി.

തുണിയില്‍ നിന്നുയര്‍ന്ന കട്ടിപ്പുക അങ്ങേവീട്ടിലെ കുഞ്ഞു വാവയേയും ഇങ്ങേവീട്ടിലെ മുത്തിയമ്മയേയും ശ്വാസംമുട്ടിച്ചുവെന്ന് പറഞ്ഞ് രണ്ടു വീട്ടുകാരും ജയലക്ഷ്മിക്ക് കണക്കിന് കൊടുത്തു.

“പിന്നെ ഞാനെന്തു വേണം?” ജയലക്ഷ്മി കയർത്തു. “ജോലിക്കാർക്ക് വേണ്ട. ആക്രികളെടുക്കൂല്ല. അനാഥാലയത്തിനും വേണ്ട. എനിക്കിതെല്ലാം കൂടെ തിന്നാൻ പറ്റുമോ?”

അതൊക്കെ അവൾ മറന്നു പോയെങ്കിൽ ഒന്നോർമിപ്പിക്കാം എന്ന സദുദ്ദേശത്തോടെ ദിനരാജൻ മുറിയിലേക്ക് ചെന്നു. ഓരോ വർഷവും അവൾ കളയുന്നത് അതിനും നാലഞ്ച് വർഷം മുമ്പുള്ള തുണികളാണ്. കിങ്ങിണിയുടെ ഒരു ചെറിയ ഫ്രോക്ക് നിലത്തു കിടക്കുന്നതയാൾ കണ്ടു. താൻ ബാംഗ്ലുരിൽ നിന്ന് വാങ്ങിക്കൊണ്ടു കൊടുത്തത്. അതിട്ട് ഓടി നടക്കുമ്പോൾ കിങ്ങിണിക്കുട്ടിക്ക് എന്ത് ഭംഗിയായിരുന്നു! ആരും എടുത്തു ചുംബിച്ചു പോകുന്ന ഓമനത്തം. ഇന്ന് കിങ്ങിണിക്ക് അവൾ തനിയെ സെലക്ട് ചെയ്താലേ ഉടുപ്പുകൾ ഇഷ്ടമാകൂ.

“ബാ അച്ഛാ,” കിങ്ങിണി വിളിച്ചു. “ഈ അലമാരയിൽ അസ്ഥിപഞ്ജരമൊന്നും ഇല്ലല്ലോ.”

അത് കേൾക്കാത്തമട്ടിൽ അയാൾ പറഞ്ഞു- “ജയാ, കഴിഞ്ഞ വർഷം അനാഥാലയത്തിലുണ്ടായ അനുഭവം മറന്നിട്ടില്ലല്ലോ? ഒരുപാട് പഴകിയതൊന്നും കൊണ്ടു പോകരുത്.”

“ഇതവിടെയല്ല”. ജയലക്ഷ്മി പറഞ്ഞു. “അവിടെയെന്റെ പട്ടി പോകും! ഇത് അശരണരായ സ്ത്രീകൾ താമസിക്കുന്നിടമാണ്. സൂപ്രണ്ടിനോട് സംസാരിച്ചിട്ടുണ്ട്. പഴയ വസ്ത്രങ്ങളാണെന്നു പറഞ്ഞിട്ടുമുണ്ട്. ഇനിയെന്തു വേണം?”

“അലമാരകളും അസ്ഥിപഞ്ജരങ്ങളുമാണ് അച്ഛനിഷ്ടപ്പെട്ട കോംബോ. അമ്മയ്ക്കറിയുമോ അത്?” കിങ്ങിണി ചോദിച്ചു.

“ഹരിലാലാണ് വിളിച്ചത്” കിങ്ങിണിയെ കേൾക്കാത്ത മട്ടിൽ ദിനരാജൻ പറഞ്ഞു. “മകളുടെ വിവാഹം മെയ് 10-നാണ്. നമ്മളെല്ലാം ചെല്ലണമെന്ന്. ഇൻവിറ്റേഷൻ വാട്ട്സ്ആപ്പ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.”

“അയാളുടെ വീട്ടിലുണ്ടല്ലോ നിങ്ങളുടെ ഒരു അസ്ഥിപഞ്ജരം! ഓൾഡ് ഫ്ളയിം!” ജയലക്ഷ്മി പുച്ഛത്തോടെ ചിരിച്ചു.

“അതെന്താ അമ്മേ? ഓൾഡ് ഫ്ലെയിമോ ? പഴയ തീ .. അതെന്താണ്? എനിക്ക് മനസ്സിലായില്ല”

“മനസിലാക്കണ്ട. നീ നമ്മൾ മാറ്റിവച്ചതൊക്കെ ആ ബിഗ്‌ഷോപ്പറിലാക്കൂ.”

ജയലക്ഷ്മി നന്നാവില്ലെന്നു ദിനരാജന് തോന്നി. ഒന്നു കൊണ്ടും പഠിക്കാത്ത വർഗം. കുറേ പ്രകടനപരതയല്ലാതെ എന്താണുള്ളത് ഇവർക്കൊക്കെ?

കിങ്ങിണിമോളുടെ തലമുടിയിൽ വിരുന്നു വന്ന പേൻകുടുംബം ഉണ്ടാക്കിയ സാമൂഹ്യ വിപ്ലവം അയാളോർത്തു. തന്റെ തലമുടിയിലേക്ക് പേനുകൾ കുടിയേറ്റം നടത്തിയപ്പോൾ ജയലക്ഷ്മി ഭ്രാന്തിയെപ്പോലെയായി. ഗൂഗിൾ പറഞ്ഞു കൊടുത്ത എല്ലാവഴികളും നോക്കിയിട്ടും ഫലിക്കാതായപ്പോൾ വീട്ടിനുള്ളിൽ പേൻ ചീപ്പുകൾ പ്രത്യക്ഷപ്പെട്ടു.

“ഒരു പേൻ ചീപ്പിന് ആമസോണിൽ 500 രൂപയാണ് വില” ജയലക്ഷ്മി പറഞ്ഞു. “ഞാൻ അമ്പലത്തിൽ പോയപ്പോൾ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് മൂന്നെണ്ണം നൂറു രൂപയ്ക്ക് വാങ്ങി”

പേൻ ചീപ്പുകളുടെ ഓൺലൈൻ വിപണന സാധ്യത പരീക്ഷിക്കാവുന്നതാണെന്നു ദിനരാജന് തോന്നി.

എന്നിട്ടും ചൊറിഞ്ഞു ചൊറിഞ്ഞു മതിയായപ്പോൾ മുടി മുറിക്കാൻ ജയലക്ഷ്മി തീരുമാനിച്ചു. അപ്പോഴാണ് മുൻപ് മിസ് കേരളാ പട്ടം കിട്ടിയ ഒരു സ്ത്രീയുടെ മുടിദാനം മാധ്യമങ്ങൾ ആഘോഷിച്ചത്. അത് പിന്തുടർന്നാലോ എന്നായി അവളുടെ ബുദ്ധി. ഏതായാലും മുടി കളയുന്നു. കൂട്ടത്തിൽ കുറച്ചു പബ്ലിസിറ്റി കിട്ടിയാൽ നഷ്ടമൊന്നുമില്ലല്ലോ.

റെസിഡൻസ് അസോസിയേഷൻ വനിതാ വിംഗിന്റെ മീറ്റിംഗിൽ ജയലക്ഷ്മി നിർദേശിച്ചു- “ക്യാൻസർ രോഗികൾക്ക് വിഗുണ്ടാക്കാൻ നമ്മൾ മുടി സംഭാവന ചെയ്യുക. അതാണല്ലോ ഇപ്പോൾ ട്രെൻഡ്.”

അസ്ഥിപഞ്ജരങ്ങളും അലമാരകളും, ചന്ദ്രമതി, ചന്ദ്രമതി കഥകള്‍, ചന്ദ്രമതി ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍ കഥകള്‍, chandramathi, chandramathi malayalam writer, chandramathi story, chandramathi teacher, malayalam stories, malayalam stories new, malayalam stories reading, മലയാളം കഥകള്‍, മലയാളം കഥ, മലയാളം കഥകള്‍ 2019, മലയാളം കഥാരചന വിഷയങ്ങള്‍, മലയാളം കഥകള്‍ pdf, മലയാളം കഥകളുടെ ആസ്വാദനം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

അതൊരു വലിയ സംഭവമായിരുന്നു. ടി.വി. ക്കാരും പത്രക്കാരുമൊക്കെ പന്ത്രണ്ട് സുന്ദരിമാർ നീണ്ട മുടി സംഭാവന ചെയ്യുന്ന രംഗം ഒപ്പിയെടുക്കാനെത്തി. ഓരോരുത്തരോടും അവർ ചോദ്യങ്ങൾ ചോദിച്ചു. ഭർത്താക്കന്മാരെ ഒപ്പം നിർത്തിയായിരുന്നു ഇന്റർവ്യൂ. ജയലക്ഷ്മിയുടെ ഊഴം വന്നപ്പോൾ ദിനരാജൻ മാറിക്കളഞ്ഞു. പല ഭർത്താക്കന്മാരും പല്ല് പ്രദർശിപ്പിച്ച്, നെഞ്ചു വിരിച്ച് ഭാര്യമാർക്കൊപ്പം പോസു ചെയ്തപ്പോൾ തന്റെ നിര്‍ഭാഗ്യമോർത്ത് പല്ലു കടിച്ചു കൊണ്ടാണ് ജയലക്ഷ്മി ക്യാമറയെ അഭിമുഖീകരിച്ചത്.

“കുട്ടിക്കാലത്തേ എനിക്ക് നീണ്ട മുടിയുണ്ടായിരുന്നു.” അവൾ പറഞ്ഞു. “അപ്പോഴൊക്കെ ഞാൻ മുടിയില്ലാത്ത കാൻസർ രോഗികളെയോർത്ത് ദുഃഖിച്ചിട്ടുണ്ട്. ഇപ്പോഴാണ് അവരെ സഹായിക്കാനുള്ള സന്ദർഭം വന്നു ചേർന്നത്.”

മുടിയിഴ ഒതുക്കുന്ന മട്ടിൽ ഒരു വിരലുയർത്തി അവൾ തല ചൊറിഞ്ഞു.

“മുടി മുറിക്കുന്നതിൽ ഭർത്താവിനെതിർപ്പുണ്ടോ?” ഒരാൾ ചോദിച്ചു. “അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ വരുന്നില്ലലോ?”

“ഒരെതിർപ്പുമില്ല” ജയലക്ഷ്മി ചിരിച്ചു. “എല്ലാ പ്രോത്സാഹനവും തന്നത് അദ്ദേഹമാണ്. പബ്ലിസിറ്റി ഒട്ടും ഇഷ്ടമല്ല. അത്രേയുള്ളു.”

മറഞ്ഞു നിന്ന ദിനരാജൻ ചിരിച്ചുപോയി. ഇതൊക്കെ പബ്ലിസിറ്റി സ്റ്റണ്ടാണ്, വലതുകൈ ദാനം ചെയ്യുന്നത് ഇടതുകൈ അറിയാൻ പാടില്ല, എന്നൊക്കെ പറഞ്ഞതിന് ജയലക്ഷ്മി അയാളെ ശരിക്കും ചീത്ത പറഞ്ഞിരുന്നു.

ചെവിക്കൊപ്പം മുറിച്ചമുടി ആനച്ചെവിപ്പോലെ ആട്ടിക്കൊണ്ട് ജയലക്ഷ്മി വീട്ടിൽ വന്നു കയറിയപ്പോൾ താനൊരു സിനിമാ താരമായി മാറിയ മട്ടിലായിരുന്നു പെരുമാറ്റം. കുറേ ദിവസങ്ങൾ അതങ്ങനെ തുടർന്നു. ഫേസ്ബുക്കിലും, വാട്ട്സാപ്പിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ ജയലക്ഷ്മി സ്വയം നിറഞ്ഞു. പത്തു മിനിറ്റിലൊരിക്കൽ നെറ്റ് ഓൺ ചെയ്ത് കയറി നോക്കി അവൾ ലൈക്കുകളുടെ എണ്ണവും കമന്റുകളും ചെക്കു ചെയ്ത് സന്തോഷിച്ചു.

അടുക്കളയും വീടും ഒച്ചിനെപ്പോലെയാവുകയും ജയലക്ഷ്മി മൊബൈലിൽ ഫാസ്റ്റ് മോഡിൽ കറങ്ങുകയും ചെയ്തപ്പോൾ ദിനരാജന് ദേഷ്യപ്പെടേണ്ടി വന്നു. “ഞാനാ മൊബൈൽ എറിഞ്ഞുടയ്ക്കും. നിനക്ക് വേറെ പണിയൊന്നുമില്ലേ??”

“പുരുഷന്റെ കൈയ്യൂക്കിന്റെ കാലമൊക്കെ പോയി” ജയലക്ഷ്മി പറഞ്ഞു. “നിങ്ങളെ കൂട്ടുകാരൊക്കെ കേഡി എന്ന് വിളിക്കുന്നത് വെറും വിളിയാ. മറക്കണ്ട. ”

കെ.ഡി. ദിനരാജൻ ഒന്നു ചമ്മി. സത്യമായിരുന്നു അവൾ പറഞ്ഞത്. ചിലന്തിയെ അടിച്ചു കൊല്ലാൻ ഭാര്യയോടപേക്ഷിക്കുന്നത്ര പാവമായിരുന്നു അയാൾ. കമലമ്മയുടെയും ദാമോദരന്റേയും മകനായി ജനിച്ചതിൽ ദിനരാജന് വിഷമമില്ല. പക്ഷേ സ്കൂളിൽ ചേർത്തപ്പോൾ അവർ നൽകിയ ഇനിഷ്യലുകളോട് വിദ്വേഷമുണ്ട്. ഒരു ഇനിഷ്യൽ വച്ചാൽ മതിയായിരുന്നു. അല്ലെങ്കിൽ ഇതേ ഇനിഷ്യലുകൾ ഒന്ന് തിരിച്ചിട്ടെങ്കിലും മതിയായിരുന്നു. ഡി.കെ. ദിനരാജന് എന്തായാലും കെ.ഡി. ദിനരാജനെക്കാൾ അന്തസ്സ് ഉണ്ടായേനെ. ഇത് സ്കൂൾ മുതൽ കേട്ടു തുടങ്ങിയതാണ്. — “നമ്മുടെ കേഡി ഇന്നു വന്നില്ലേ?”, “എടാ കേഡി”, “നിന്നെ പോലെയൊരു പേടിത്തൂറിയെ ആരാടാ കേഡിയെന്ന് വിളിക്കുന്നത്?”

ദിനരാജൻ ഇലക്ഷൻ ജയിച്ചു യൂണിയൻ ചെയർപേഴ്‌സൺ ആയപ്പോഴും കേഡി വിളികൾ അയാളെ പിന്തുടർന്നു കൊണ്ടിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥനാണ്. റസിഡൻസ് അസോസിയേഷൻ ഭാരവാഹിയാണ്. എന്നാലും കേഡി എന്ന വിളിപ്പേര് പുറകിൽ, പ്രത്യക്ഷമായല്ലെങ്കിലും, ഉണ്ടെന്ന് ദിനരാജനറിയാം. ആറടിപ്പൊക്കവും വർക്ക്ഔട്ട് ചെയ്തുറച്ച ശരീരവുമായതു കൊണ്ട് വിളിപ്പേര് ചേരുകയും ചെയ്യും. പക്ഷേ ആ അലമാരയ്ക്കുള്ളിലെന്താണെന്ന് ജയലക്ഷ്മിയും ഒരുപക്ഷേ കിങ്ങിണിയുമല്ലാതെ ആരും അറിയില്ലല്ലോ.

അസ്ഥിപഞ്ജരങ്ങളും അലമാരകളും, ചന്ദ്രമതി, ചന്ദ്രമതി കഥകള്‍, ചന്ദ്രമതി ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍ കഥകള്‍, chandramathi, chandramathi malayalam writer, chandramathi story, chandramathi teacher, malayalam stories, malayalam stories new, malayalam stories reading, മലയാളം കഥകള്‍, മലയാളം കഥ, മലയാളം കഥകള്‍ 2019, മലയാളം കഥാരചന വിഷയങ്ങള്‍, മലയാളം കഥകള്‍ pdf, മലയാളം കഥകളുടെ ആസ്വാദനം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചില അലമാരകളിൽ രഹസ്യ അറകളുള്ളത് കള്ളന്മാർ പോലും കണ്ടു പിടിക്കുകയില്ല. അത്തരമൊരെണ്ണം തുറന്ന് സുനീത പ്രത്യക്ഷപ്പെട്ടു.

“നീ ഭാര്യയുടെ പുറം ചൊറിഞ്ഞു കൊടുക്കുകയാണോ? എന്താടാ മിണ്ടാത്തത്?”

ദിനരാജന് മറുപടി കൊടുക്കാൻ കഴിയുന്നതിന് മുൻപ് രണ്ടു ബിഗ്‌ഷോപ്പറുകൾ താങ്ങി ജയലക്ഷ്മിയും കിങ്ങിണിയും വന്നു. ദിനരാജൻ വേഗം ഫോൺ ഓഫ് ചെയ്തു. ബാഗുകൾ സ്വീകരണമുറിയുടെ മൂലയിൽ ഒന്നിനുമേലൊന്നായി വച്ചിട്ട് ജയലക്ഷ്മി മൂരി നിവർത്തു.

“അച്ഛാ, ഈ വരുന്ന ബുധനാഴ്ച്ച മക്കാഡോ നിറത്തിലുള്ള ഡ്രസ്സാണ് ഇടേണ്ടത്. ഇന്നു പോയി വാങ്ങാമോ? സൺ‌ഡേ ആയില്ലേ?”

“ഇന്നു പോകാം.” ജയലക്ഷ്മി പറഞ്ഞു. “ഇനി എനിക്കത്താഴമുണ്ടാക്കുവാൻ വയ്യ. രണ്ടലമാരകൾ അടുക്കി തളർന്നു പോയി. വെളിയിൽ നിന്നു കഴിച്ചിട്ട് വരാം.”

നഗരത്തിൽ നാല് മാളുകൾ ഉണ്ടെങ്കിലും ഒരെണ്ണത്തിൽ പോകാൻ മാത്രമേ ജയലക്ഷ്മിക്ക് താല്പര്യമുള്ളു. കാരണം അവിടെയൊരു ബൂട്ടീക് നടത്തുന്നത് അവളുടെ സഹപാഠിയാണ്. മാളൂസ് ബൂട്ടീക്. ആ കടയുടെ മുന്നിലൂടെ നടക്കുന്നതും ചിലപ്പോൾ അകത്തു കയറി, പ്രദർശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ മുന്നിൽനിന്നു പുച്ഛം പ്രകടിപ്പിക്കുന്നതും ഒന്നും വാങ്ങാതിരിക്കുന്നതും ജയലക്ഷ്മിയുടെ ഇഷ്ടവിനോദം. അലമാരക്കുള്ളിൽ അസ്ഥിപഞ്ജരങ്ങൾ ഇല്ലാത്തവർക്ക് ഇത്തരം കാര്യങ്ങളല്ലേ ചെയ്യാനാവൂ എന്ന് ദിനരാജൻ സഹതപിച്ചു .

“ഹായ് ജാനകി” ജയലക്ഷ്മി വിളിച്ചു.

കാഷ് കൗണ്ടറിൽ നിന്നും തലയുയർത്തിനോക്കി ജാനകി വിടർന്ന ചിരിയോടെ എഴുന്നേറ്റു.

“ഹായ് ജയാ, വരൂ. നിന്റെ മുടിക്കെന്തുപറ്റി? എലി കരണ്ടോ?”

“അസൂയപ്പെട്ടിട്ടു കാര്യമില്ല ജാനകി. ഒരു മഹത്തായ കാര്യത്തിന് ഞാനെന്റെ മുടി സമർപ്പിച്ച കാര്യം നീ ടിവിയിൽ കണ്ടു കാണുമല്ലോ.”

“എനിക്ക് ടീവി കാണാൻ സമയം കിട്ടാറില്ല. വയറ്റിപ്പിഴപ്പ് ഇതല്ലേ!. ബൂട്ടീക് അടച്ച് വീട്ടിൽ ചെല്ലുമ്പോൾ ഒരു സമയമാകും. ജോലിയൊന്നുമില്ലാതെ വെറുതെ കുത്തിയിരിക്കുന്നവർക്കു പറഞ്ഞിട്ടുള്ളതാണ് ടീവിയൊക്കെ.”

ജാനകി ഒട്ടും മോശമല്ലെന്നു ദിനരാജൻ മനസ്സിലാക്കി. ഒളിക്കാനൊന്നുമില്ലാത്തവർ തുറന്ന യുദ്ധത്തിൽ ഏർപ്പെടുന്നു.

“മക്കാഡോ കളറിലുള്ള ഉടുപ്പുണ്ടൊ?” ദിനരാജൻ ഇടയ്ക്ക് കയറി ചോദിച്ചു. “മകൾക്കാണ്.”

“ഉണ്ടല്ലോ സർ, അകത്തേക്ക് വരൂ.”

“ഇവിടെ തിരക്കാണ്. ആകെ ഒന്നോ രണ്ടോ സെയിൽസ് ഗേൾസേയുള്ളൂ. രാജൻ, നമുക്ക് വേറെ ഷോപ്പിൽ നോക്കാം.” കിങ്ങിണിയുടെ കൈയ്യിൽ പിടിച്ചു വലിച്ച് ജയലക്ഷ്മി വേഗം നടന്നു പോയി. ക്ഷമാപണച്ചിരി ജാനകിക്കു നേരെയുതിർത്ത്, ഭാര്യയോടുള്ള അമർഷത്തോടെ ദിനരാജൻ പുറകെ ചെന്നു.അതാണല്ലോ മിക്ക ഭർത്താക്കന്മാർക്കും ചെയ്യേണ്ടി വരുക.

അവർ കയറിയ കടയിലെ വില്പനക്കാരിക്ക് മക്കാഡോ എന്നാൽ എന്താണെന്നറിയാൻ പാടില്ലായിരുന്നു. കടയുടമ ഗൂഗിളിൽ തിരഞ്ഞു കണ്ടു പിടിക്കാൻ നോക്കിയെങ്കിലും നെറ്റ് ഡൌൺ ആയതു കൊണ്ട് കിട്ടിയില്ല.

“എന്താണ് മക്കാഡോ നിറം?” ദിനരാജൻ മകളോട് ചോദിച്ചു. അയാളുടെ മൊബൈലും ഇന്റർനെറ്റ് തരൂ, എന്നാൽ പറഞ്ഞു തരാം എന്ന് അറിയിച്ചു കൊണ്ടിരുന്നു.

“എനിക്കറിഞ്ഞുകൂടാ.” കിങ്ങിണി പറഞ്ഞു. “അനൗൺസ് ചെയ്തതാ.”

“ടീച്ചറിനോട് ചോദിയ്ക്കാൻ വയ്യായിരുന്നോ?”

“ആരും ചോദിച്ചില്ല. ദേവികാ ദിനരാജും ചോദിച്ചില്ല. അത്രയേയുള്ളൂ.”

“രാജൻ, നിങ്ങളല്ലേ വലിയ എൻസൈക്ലോപീഡിയ? ഇത്ര സിംപിൾ ആയിട്ടുള്ള കാര്യം പോലും അറിയില്ലേ?” ജയലക്ഷ്മി കളിയാക്കി.

“അധികം സംസാരിക്കണ്ട” ദിനരാജന് ദേഷ്യം വന്നു. “നിന്റെ കൂട്ടുകാരിയുടെ കടയിൽ ഉണ്ടെന്നല്ലേ പറഞ്ഞത്. നമ്മൾ അങ്ങോട്ട് പോകുന്നു.”

“ആ കടയിൽ ഞാൻ വരുന്നില്ല.” ജയലക്ഷ്മി പറഞ്ഞു. “ഞാൻ സാരി നോക്കാൻ വേറെ പോകുന്നു. പൊങ്കാല മഹോത്സവം ഇങ്ങെത്തി. എല്ലാം പുതിയത് വേണം. സാരി, ബ്ലൗസ്, പാവാട, ബ്രാ, തോർത്ത്, കർചീഫ്, എല്ലാം.”

“ഒരു പാക്കേജായി കിട്ടുമല്ലോ എല്ലാം. കലവും തവിയുമുൾപ്പെടെ. അതു പോരെ?”

“അത് സാധാരണക്കാർക്ക്. എനിക്ക് വേണ്ട. ഷോപ്പിംഗ് കഴിഞ്ഞു നിങ്ങൾ ഫുഡ്കോർട്ടിൽ വന്നാൽ മതി. ഞാനവിടെ വരാം.”

മാളൂസ് ബൂട്ടീക്കിൽ ദിനരാജൻ മനസിലാക്കി, മഞ്ഞയുടെ ഒരു പ്രത്യേക ഷേഡാണ് മക്കാഡോ. കുട്ടികളോടൊപ്പം അച്ഛനമ്മമാരും പുതിയ വാക്കുകൾ പഠിക്കുന്നു. കിങ്ങിണി തിരഞ്ഞെടുത്ത ചുരിദാർ പാക്കുചെയ്തുകൊടുക്കുമ്പോൾ ജാനകി ചോദിച്ചു- “എവിടെ ജയ?”

“‘അമ്മ പൊങ്കാല സാരി വാങ്ങാൻ പോയി.”

“അയ്യോ, ഇവിടെയുണ്ടായിരുന്നല്ലോ. പക്ഷേ ജയയ്ക്ക് ഇവിടം അത്ര പിടിത്തമില്ലല്ലോ.”

വിഡ്ഢിച്ചിരിയോടെ പുറത്തിറങ്ങുമ്പോൾ ദിനരാജൻ കടയ്ക്ക് വെളിയിലെ പ്രദർശന ബോർഡ് ശ്രദ്ധിച്ചു. “പൊങ്കാലക്കിറ്റ് ഏറ്റവും വിലക്കുറവിൽ. മറ്റ് കടകളിൽ നിങ്ങൾക്ക് ഒരു തോർത്ത് ലഭിക്കുമ്പോൾ ഞങ്ങൾ രണ്ടെണ്ണം തരുന്നു.”

ഫുഡ്‌കോർട്ടിൽ ജയലക്ഷ്മിയെ കാത്തിരിക്കുമ്പോൾ അവർ മൂന്നു പേർക്കുമായി ടൊമാറ്റോ സൂപ്പ് ഓർഡർ ചെയ്തു. പിന്നെ അച്ഛനും മകളും അവരവരുടെ മൊബൈലുകളിലേക്ക് മുങ്ങി. കിങ്ങിണി കോച്ചിങ് സെന്റർ അയച്ചു കൊടുത്ത നോട്ടുകളാണ് നോക്കുന്നതെന്നു കണ്ട ദിനരാജൻ സംതൃപ്തിയോടെ ചാറ്റിലേക്കു കടന്നു.

“ഹായ്!” സുനീത വിളിച്ചു. അവൾ ഡിസ്‌പ്ലേ പിക്ചർ മാറ്റിയിരുന്നു. പതിവു പോലെ സെക്സിയായ പടം തന്നെ. സമൃദ്ധമായ മുടി മുന്നോട്ടെടുത്തിട്ട് കയ്യില്ലാകുർത്തി ധരിച്ച് മനോഹരമായി ചിരിക്കുന്ന ഫോട്ടോ.

“നീ കയ്യിൽ പച്ചകുത്തിയോ?”

“ഇല്ലടാ. ഇത് സ്റ്റിക്കറാ. ഇളക്കി മാറ്റാം.”

നിലത്ത് വാൽകുത്തിയുയർന്നു പരസ്പരം പിണയുന്ന രണ്ട് സർപ്പങ്ങളുടെ പടം ആയിരുന്നു അത്.

“എന്തായിരുന്നു കാശ്മീർ പ്രോഗ്രാം?”

“കാശ്മീരല്ലടാ, സിംലാ. കേരളത്തിലെ എല്ലാ കലാകാരികളെയും പ്രതിനിധീകരിച്ചാണ് അവർ എന്നെ വിളിച്ചത്. അറിയുമോ?”

“അതിനു നീ അത്ര വലിയ കലാകാരിയാണോ? അറിയപ്പെടുന്ന എത്രയോ പേർ വേറെയുണ്ട്!”

“അറിയപ്പെടുന്നതിലല്ലല്ലോ കാര്യം! അറിയേണ്ടവരെ അറിയുന്നതിലല്ലേ കാര്യമിരിക്കുന്നത്! അതും അറിയേണ്ട രീതിയിൽ.”

സുനിത കുണുങ്ങിച്ചിരിച്ചു . അതിനു നിന്നെക്കാൾ മിടുക്കി ആരാണ്, ദിനരാജൻ മനസ്സിൽ ചിരിച്ചു.

ജയലക്ഷ്മിയും ടൊമാറ്റോ സൂപ്പും ഒപ്പമെത്തി. ദിനരാജൻ മൊബൈൽ മാറ്റി.

“എനിക്ക് ചിക്കൻ സൂപ്പ് മതിയായിരുന്നു.” ജയലക്ഷ്മി ഇഷ്ടക്കേടോടെ പറഞ്ഞു. “വല്ലപ്പോഴുമേ വെളിയിൽ നിന്ന് ആഹാരം കഴിക്കു. അപ്പോഴും ടോമാറ്റോയും മുരിങ്ങക്കായും! എന്താ രാജൻ ഇത്?”

“നീ വേറെ ഓർഡർ ചെയ്തോ. തീർന്നില്ലേ! അതും കൂടി ഞാൻ എടുത്തോളാം.”

“അത്ര വലിയ ത്യാഗമൊന്നും ആരും ചെയ്യണ്ട. എനിക്കിതു മതി. കിങ്ങിണി കൈകഴുകിയില്ലല്ലോ? വരൂ”

“അച്ഛനും കൈ കഴുകിയില്ല”

“വേണേൽ കഴുകിക്കോളും.”

അല്പം ദേഷ്യം പ്രകടിപ്പിക്കുന്നതാണ് നല്ലതെന്ന് ജയലക്ഷ്മിക്ക് തോന്നി. ഇല്ലെങ്കിൽ വാങ്ങിയ സാരിയെക്കുറിച്ചു ചോദ്യമുയരും. കോട്ടൺ അല്ല, കോട്ടൺസിൽക് ആണ് വാങ്ങിയതെന്നറിഞ്ഞാൽ വഴക്കു തുടങ്ങാൻ അധികം താമസം വേണ്ട. ഇന്നാണെങ്കിൽ വഴക്കു കൂടാൻ അവൾക്കു തെല്ലും താല്പര്യമില്ല. കാരണം അവളുടെ മനസ്സിൽ മഴ പെയ്തിട്ടുണ്ട്. വീടിന്റെ ചൂടിനുള്ളിൽ ശ്വാസം മുട്ടുമ്പോൾ ഒരു കുളിർമഴക്ക് ആരാണ് കൊതിക്കാത്തത് !

താൻ കൈ കഴുകുന്നില്ല എന്ന തീരുമാനത്തോടെ ദിനരാജൻ സൂപ്പു കിണ്ണം അടുപ്പിച്ചു വെച്ച് കഴിക്കാനാരംഭിച്ചു. ജയലക്ഷ്മി മേശമേൽ വെച്ചു പോയ മൊബൈൽ അയാളെ നോക്കി ബീപ്പടിച്ചു. ദിനരാജൻ താൻ സുരക്ഷിതനാണെന്ന് കണ്ട് ആ ഫോൺ എടുത്ത് മെസ്സേജ് തുറന്നു.

“ജീവിതത്തിന്റെ ചാരുത ഇത്തരം മനോഹരമായ നിമിഷങ്ങളിലാണ്. നന്ദി, കാണാൻ സമ്മതിച്ചതിന്. ഒന്ന് തൊടാനുള്ള മോഹം സഫലീകരിച്ചു തന്നതിന്. ഇനിയും മഴ പെയ്യുമെന്ന് മലമുഴക്കികൾക്കറിയാം. കാത്തിരിക്കുന്നു. പ്രതീക്ഷയോടെ.”

ദിനരാജന് ഞെട്ടലല്ല, ഒരുതരം മരവിപ്പാണ് അനുഭവപ്പെട്ടത്. ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി അയാൾ മൊബൈൽ ജയലക്ഷ്മിയുടേത് തന്നെയാണോ എന്നുനോക്കി. ഏതെങ്കിലും കടയിൽ വെച്ച് ആരുടെയെങ്കിലും മൊബൈൽ മാറിയെടുത്തതായിക്കൂടെ?

അല്ല. സ്‌ക്രീനിൽ ജയലക്ഷ്മിക്കൊപ്പം ദിനരാജനും കിങ്ങിണിയും ചിരിച്ചു നിന്നു.

വാട്സാപ്പ് മെസ്സേജ് അയച്ചയാളിന്റെ പടം അയാൾ വലുതാക്കി നോക്കി. ഒരു പരിചയവുമില്ലാത്ത മധ്യവയസ്‌കൻ. മെസ്സേജ് അയച്ചിരിക്കുന്നത് അഞ്ച് മിനിറ്റ് മുൻപ്.

ജയലക്ഷ്മിയും കിങ്ങിണിയും വരുന്നത് കണ്ട് അയാൾ മൊബൈൽ തിരികെ വച്ചു.

ടൊമാറ്റോ സൂപ്പ് രുചിയോടെ ആസ്വദിച്ചു കൊണ്ട് മകൾ പറഞ്ഞു- “ഉഗ്രൻ!”

“ഷോപ്പിംഗ് നടത്തുമ്പോൾ നീ ആരോടാ സംസാരിച്ചു നിന്നത്?” ദിനരാജൻ ജയലക്ഷ്മിയോട് ചോദിച്ചു.

തന്നെ നോക്കുന്ന കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടം കണ്ടുവെന്ന് ദിനരാജന് തോന്നി. വേഗം അയാൾ കൂട്ടിച്ചേർത്തു.

“എന്റെ ഒരു ഫ്രണ്ട് നിന്നെ കണ്ടിരുന്നു. അവൻ സംസാരിക്കാൻ വരാൻ തുടങ്ങിയപ്പോഴാണ് നീ വേറൊരാളുമായി സംസാരിക്കുകയാണെന്നു കണ്ടത്. പിന്നെ അവൻ വന്നില്ല. ഇപ്പോൾ വിളിച്ചിരുന്നു.”

സ്വയം വീണ്ടെടുത്ത് ജയലക്ഷ്മി പറഞ്ഞു- “അതൊരു ഫേസ്ബുക്ക് ഫ്രണ്ട് ആണ്. യാദൃശ്ചികമായി കടയിൽ വച്ചു കണ്ടപ്പോൾ എന്നെ തിരിച്ചറിഞ്ഞു. ഈയിടെ എന്റെ ഒരുപാട് ഫോട്ടോകൾ വന്നിരുന്നല്ലോ.”

സൂപ്പ് കുടിച്ചു തീർത്ത് ബൗൾ മാറ്റിവെച്ച് കിങ്ങിണി മെനു കാർഡ് നിവർത്തി നോക്കി ചാരിക്കിടന്നു. അപ്പോഴേക്കും മെയിൻ കോഴ്‌സ് ഓർഡർ എടുക്കാൻ വെയ്റ്റർ വന്നു.

“രണ്ട് മിനിറ്റ് കഴിഞ്ഞു വരൂ.” ദിനരാജൻ പറഞ്ഞു.

“അച്ഛാ, ഇവർക്ക് നല്ല കോംബോസ് ഉണ്ട്. എട്ടാം പേജ് നോക്കിക്കേ. നൂഡിൽസ് കം ചിക്കൻ കം… നോക്കച്ഛാ.. അച്ഛനിഷ്ടപ്പെട്ട കോംബോ ഏതാ?”

നാവിൽ വന്ന ‘അലമാരകളും അസ്ഥിപഞ്ജരങ്ങളു’മെന്ന ഉത്തരം ദിനരാജൻ അടക്കി. അകലെയെങ്ങോ ഒരു മലമുഴക്കിയുടെ ശബ്ദം കേൾക്കുമ്പോൾ അയാൾക്ക് എങ്ങനെ അത് പറയാൻ കഴിയും?

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Story chandramathi teacher asthipanjarangalum alamarakalum

Best of Express