ലോഡ്ജുകള്‍ വിശാലമായ സ്വാതന്ത്ര്യത്തിന്റേയും പലവിധ ആഘോഷങ്ങളുടേയും സര്‍ഗ്ഗാത്മകതയുടെ തിരയിളക്കത്തിന്റെയും സ്വകാര്യ പ്രദേശമായി ചെറുപ്പക്കാര്‍ നോക്കി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്നും അകലെ തുറുമുഖനഗരത്തിലേക്കുള്ള യാത്രക്കിടയില്‍ ചെറിയ ചെറിയ കവലകള്ക്കുമപ്പുറം ഏകാന്തമായി നിരന്നിരിക്കുന്ന ഒറ്റമുറി ലോഡ്ജുകള്‍. അറിയാതെ അങ്ങോട്ട് നോക്കി പോകും. വീട്ടില്‍ നിന്ന് അകന്ന് ആ ലോഡ്ജുകളിലെ താമസം, അവിടുത്തെ അന്തേവാസികള്‍, വൈകുന്നേരങ്ങള്‍. ഒരിക്കല്‍ നഗരമധ്യത്തില്‍ നിന്നും മാറി പി.ജി. പഠനകാലത്ത് അനുപം ലോഡ്ജില്‍ കുറേക്കാലം ഞാന്‍ താമസിച്ചിരുന്നു. കടമ്മനിട്ടയാണ് ആദ്യമായി എന്നെ അങ്ങോട്ട് കൂട്ടികൊണ്ട് പോയത്. അദ്ദേഹം ഇടയ്ക്കിടെ ഓഡിറ്റിങ്ങിനായി നഗരത്തില്‍ വരുമ്പോള്‍ തങ്ങുന്ന ഏകാന്ത വാസസ്ഥലം. ഇന്നുമുണ്ടത്, പഴയത് പോലെയല്ല. കോട്ടയത്ത് റെയില്‍വേ സ്റ്റേഷന്റെ തെക്ക് മാറി ചേരികള്‍ക്കിടയില്‍ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ബീറ്റോള് ലോഡ്ജ്, അവിടെ പ്രിയ സുഹൃത്ത് വിജയന് റ്റി.റ്റി.സി. പഠിക്കാന്‍ താമസിച്ചിരുന്നു. എന്ത് തിരക്കായിരുന്നവിടെ. അന്നാണ് മലമൂത്രവിസര്‍ജ്ജനത്തിന്റെ കലുഷാനന്ദം ശരിക്കും അറിഞ്ഞത്. ഇന്ന് ബീറ്റോള് ലോഡ്ജ് ഇരുന്നിടത്ത് മഹാനഗരം കയറി ഇരിപ്പുറപ്പിച്ചു.
ആദ്യമായി തിരുവനന്തപുരത്തേക്കുള്ള യാത്ര പിന്നെ ഇടയാത്രകള് ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നേര്‍ത്ത മുഴക്കം ആസുരശബ്ദ മാകാന്‍ തയ്യാറെടുക്കുന്ന കാലം. എഴുപതുഎണ്പതുകളില് അവിടം മുഴുവന്‍ നഗരവിജനതകളുടെ ശാന്തത വീണു കിടക്കുന്ന സ്ഥലങ്ങള്‍ ധാരാളം. മുടുക്കുകളുടേയും പുരാതന ലോഡ്ജുകളുടേയും അസംഖ്യം താമസമുറികളും. ഇടതിങ്ങി കിടക്കുന്ന നഗരപ്രാന്തങ്ങള്‍. ഭാസ്കരഭവന്, ട്രിവാന്‍ഡ്രം ഹോട്ടൽ, രാമനിലയം, അശോക ലോഡ്ജ് അതുപോലെ എത്രയെത്ര. പിന്നെ എഴുത്തുകാരുടേയും ചെറുപ്രസാധകരുടേയും നാടക സിനിമിക്കാരുടേയും എത്രയോ താമസസ്ഥലങ്ങള്‍, അവിടുത്തെ സന്ദര്‍ശനം, ചിലപ്പോള്‍ കിടപ്പ്, സംവാദങ്ങള്‍, ചിരി, മൗനം, അസ്ഥിത്വദുഃഖം, സമത്വഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇതില്‍ രാമനിലയം ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കേന്ദ്രം. അവിടെ വന്നു പോകുന്നവര്‍, വൈകിയുള്ള കിടപ്പ് ഞാനും എത്രയോ കാലം തുടര്‍ന്നു. ആരെല്ലാം അവിടെ വന്നു. അവര്‍ എങ്ങോട്ടെക്കെയോ പോയി. അന്നത്തെ ആവാസ കേന്ദ്രം മാഞ്ഞു. അപൂര്‍വ്വം ചിലത് മാത്രം പുതുരൂപത്തില്‍ മൂകതമൂടി പതുങ്ങി നില്‍പ്പുണ്ട്. തൊണ്ണൂറുകള്‍ വന്നപ്പോള്‍ അതിവേഗം ഈ ഗോപുരങ്ങള്‍ തകരാന്‍ തുടങ്ങി. നവലിബറൽ ആധുനികത അത്തരം ജീവിതത്തിന് മേലും പിടിമുറുക്കിയത് ഒരു പ്രധാന കാരണമായി. ആ കെട്ടിടങ്ങളെ കാലം ചുഴറ്റിയെറിഞ്ഞു. പുതിയജീവിതം കടന്നു വന്നു.
ഇങ്ങനെയൊക്കെ ഇപ്പോള്‍ ആലോചിക്കാന്‍ കാരണം എസ്.ആര്.ലാലി ന്റെ നോവല്‍ ‘സ്റ്റാച്യു.പി.ഒ. അവിചാരിതമായി വായിച്ചതാണ്. തൊണ്ണൂകള്ക്കിപ്പുറത്തെ ലോഡ്ജ് ജീവിതത്തിന്റെ അന്തര്ധാരകളിലേക്കും അതുവഴി ഭൂതകാലത്തിലേക്കും ഞാന്‍ ആദ്യം പറഞ്ഞ ലോഡ്ജുകളിലേക്കും ഈ നോവല്‍ ഒരു വഴി വെട്ടിയിടുന്നുണ്ട്. ലോഡ്ജുകളുടെ പരിസരത്താണ് ശരിക്കും ഈ നോവല്‍ ഇതള്‍വിടര്‍ത്തുന്നത്. ആദ്യം സൂചിപ്പിച്ച സ്വാതന്ത്ര്യ ത്തിന്റെ ദലമര്മരങ്ങള് എപ്പോഴും കേട്ടിരുന്ന ലോഡ്ജുകളുടെ ഭാവരൂപ ങ്ങള് മാറാന്‍ തുടങ്ങുന്ന ഇടക്കാലം, പുതിയ നഗരമുഖത്തിന്റെ വരവ്. അവിടേക്കാണ് ആലപ്പുഴയില്‍ നിന്ന് എഴുത്തുകാരനാവുക എന്ന ഉദ്ദേശ ത്തോടെ, ഈ നോവല്‍ നമുക്ക് മുന്നില്‍ നിവര്‍ത്തിയിടുന്ന ‘ഞാന്‍’ ന്റെ വരവ്. പിന്നെ ‘അയാളുടെ’ വരവ്. അയാളും ഞാനും തമ്മിലുള്ള അപൂര്‍വ്വവും ദൃഢവും മധുരോദാരവും സ്നേഹനിര്‍ഭരവുമായ ബന്ധത്തി ന്റെ അല്ല സൗഹൃദത്തിന്റെ തിക്കുമുട്ടലുകളുടേയും വിശദീകരിക്കാനാവാ ത്ത മനുഷ്യബന്ധത്തിന്റെയും സങ്കീര്‍ണ്ണ അനുഭവങ്ങള്‍ തുടക്കം മുതലേ ഈ നോവലില്‍ കടന്നു വരുന്നുണ്ട്. എത്രയോ വിചിത്രമായ മനോഘടനയാ ണ് ‘അയാള്‍’ക്കുള്ളത്.
സ്റ്റാച്യു. പി.ഒ. പേര് കൊണ്ട് തന്നെ ഒരു തപാല്‍ സ്ഥലമേഖലയെ സൂചിപ്പിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഈ നോവല്‍ തലസ്ഥാന നഗരത്തി ന്റെ ഹൃദയഭാഗത്തു കൂടി ഊടുവഴികളിലൂടെ ഓരോ നഗരചിഹ്നങ്ങളേയും കണ്ട് കാലങ്ങളായി തുടരുന്ന സ്ഥലമേഖലകളെ ചൂണ്ടിക്കാണിച്ച് പ്രത്യക്ഷത്തിനുമപ്പുറത്തുള്ള മനുഷ്യരെ അറിഞ്ഞ് അങ്ങനെ ഉടനീളം ചുറ്റിസഞ്ചരിക്കുകയാണ്. സ്റ്റാച്യു ലോഡ്ജാണ് കേന്ദ്രസ്ഥാനം. ഇവിടെ നിന്നാണ് നോവല്‍ പരിസരം വളര്‍ന്ന് പുറത്തേക്ക് പോകുന്നതും, പിന്നെ അങ്ങോട്ട് തന്നെ തിരികെ വരുന്നതും. എല്ലാം അയാളും ഞാനും തമ്മിലു ള്ള മാനസിക വ്യാപാരങ്ങളിലൂടെയാണ്.
തിരുവനന്തപുരം നഗരചുറ്റുപാടിന്റെ അക്കാല സമകാല യാഥാര്‍ത്ഥ്യത്തേയും ചരിത്രത്തേയും യഥാതഥമായി പറഞ്ഞുവച്ചു കൊണ്ട് മനുഷ്യബന്ധത്തിന്റെ ഇഴയടുപ്പത്തിലെ സങ്കീര്‍ണ്ണതകളിലേക്കും മനുഷ്യാവസ്ഥയുടെ സന്നിഗ്ദ്ധതകളിലേക്കും നോവലിസ്റ്റ് ചെന്നു ചേരുകയാണ്. എന്നാല്‍ ഇതൊരു ചരിത്രം പറയലോ വര്‍ത്തമാന കാലത്തെ വിവരിക്കുകയോ അല്ല. നഗരം, അതിന്റെ ചുറ്റുവട്ടം അവിടെ തെളിഞ്ഞു വരുന്ന മനുഷ്യര്‍ എല്ലാമായി ഇടകലര്‍ത്തി പരിസരത്തെയാകെ നോവിലിലെ കഥാപാത്രങ്ങളാകുന്നു. അങ്ങോട്ടും ഇങ്ങോട്ടും കയറിയിറ ങ്ങി കിടക്കുന്ന രസകരമായ ഒരു രചനാരീതി. ഈ നോവലിന്റെ ആദ്യം തന്നെ പ്രശസ്തകഥാകാരന്‍ വൈശാഖന്‍മാഷ് കടന്നു വന്നു പറയുന്നുണ്ട് : “ദുരൂഹത കഥയ്ക്ക് അഭികാമ്യമല്ല.” ഈ നോവല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ എണ്ണം പറഞ്ഞ ചില ലോഡ്ജുകള്‍ വായനക്കാ രുടേയും എഴുത്തുകാരുടേയും കൂട്ടായ്മയുടെ തുറുമുഖങ്ങ ളാണ്. വായന ഒരു സൃഷ്ടിയായി പരിഗണിച്ചിരുന്നവരുടെ ചിന്തകള്‍ കുത്തിനിറച്ച എത്രയോ കപ്പലുകളാണ് ദിവസവും അവിടങ്ങളില്‍ നങ്കൂരമിട്ടിരുന്നത്. ആത്മകഥാപരമായ എഴുത്തു രീതിയിലൂടെയാണ് ലാല്‍ ഈ നോവല്‍ സാധിച്ചെടുക്കുന്നത്. സ്റ്റാച്യുവിലെ തെരുവു പുസ്തകവില്പ്പനക്കാരന്, വിജയണ്ണന്റെ തട്ടുകട, ‘സംക്രമണം’, പി.കെ.ബാലകൃഷ്ണന്, അയ്യപ്പപണിക്കര്‍, കെ.ജി.ശങ്കരപിള്ള, കാവാലം, നരേന്ദ്രപ്രസാദ്, കെ.എന്‍.ഷാജി അങ്ങനെ എത്രയോപേര്‍ ഈ നോവലില്‍ വന്നു പോകുന്നുണ്ട്. ആ കാലയളവില്‍ കേരളത്തിന്റെ സാമൂഹിക സാംസ്കാ രിക ജീവിത പരിസരത്ത് ഉണ്ടായ എത്രയോ മാറ്റങ്ങള്‍, സംഭവങ്ങള്‍ നോവലിന്റെ ഭാഗമായി ഇഴുകി പരന്നു കിടക്കുന്നു. ഉടനീളം തിരുവനന്ത പുരം നഗരത്തിന്റെ മേഘഛായ പരന്ന് കിടക്കുന്നു ഈ നോവലില്‍.
ആര്‍ക്കും ഉത്തരം നല്കാനാവാത്ത മനോഘടനയുടെ ഉടമയായ ‘അയാളും’ ‘ഞാനും’ തമ്മിലുള്ള ബന്ധൈക്യത്തിലൂടെയാണ് ഇതെല്ലാം സാധിച്ചെടു ത്തിട്ടുള്ളത്. ആര്‍ദ്രതയുടേയും വിഷാദത്തിന്റേയും വേര്‍പിരിയലിന്റേയും മുഖങ്ങള്‍ ഇടയ്ക്കിടെ വിഷമിപ്പിക്കാനായി വന്നു എത്തിനോക്കുന്നുണ്ട്. അയാളുടെ അച്ഛന് – തോറ്റ അച്ഛന്- അച്ഛന്റെ സങ്കടം, സ്റ്റാച്യു ലോഡ്ജിലെ മുറി എന്നന്നേക്കുമായി ഒഴിഞ്ഞു പോകുന്നത്, ലോഡ്ജിന്റെ മാനേജര്‍ പിളളച്ചേട്ടൻ, ലോഡ്ജിന്റെ ഉടമസ്ഥൻ പീറ്ററുടെ വിടവാങ്ങല്‍, എസ്.ഐ.മുരളീകൃഷ്ന്- അയാളുടെ കൊച്ചച്ചന്റെ പതനം, ഉന്മാദം അങ്ങനെ സ്റ്റാച്യു ലോഡ്ജ് ഒരു ഊരാക്കുടുക്കാവു കയാണ്. ലോഡ്ജിന് പലതരം അര്‍ത്ഥങ്ങള്‍ കൈവരുന്നു. ആദ്യാനുരാഗ ത്തിന്റെ കനകാംബരപൂക്കള്‍ വിരിയിച്ചു കൊണ്ട് ‘ഞാന്‍’ ന്റെ മനസ്സിലേക്ക് ഓടി കയറി വന്ന പെണ്‍കുട്ടി. ആ കനകാംബരപൂക്കള്‍ വാടി പോയത് അങ്ങനെ അന്വേഷണത്തിലൂടെയും തുടരന്വേഷണത്തിലൂടേയും ചെറിയ ചെറിയ ജീവിതത്തെ അവതരിപ്പിക്കുന്നുണ്ട് എസ്.ആര്.ലാല്‍ ഈ നോവലില്‍.
തൊണ്ണൂറുകളുടെ ആദ്യം മുതല്‍ ആണ്ടുകള്‍ക്കപ്പുറം വരെ നീണ്ടു കിടക്കുന്ന കാലയളവ്. അങ്ങനെ ‘ഞാന്‍’ തന്നെ ഈ നോവലിലെ കഥാവിഷയമായി. അതീഹൃദ്യതതയോടെ ലാല്‍ നോവലിനെ സാക്ഷാത്ക്കരിച്ചിരിക്കുന്നു.