മക്കൾക്ക്,
വീട് പൊളിച്ച് പണിയണമെന്ന്
വിട് പഴയതായത്രേ!
ഭംഗി പോരത്രേ!
സൗകര്യമില്ലത്രേ!
വീടിന് കല്ലിട്ട ചെറിയവനാണതാദ്യം പറഞ്ഞത്
അവന്റെ കുഞ്ഞി കൈയിലയാളുടെ കൈ ചേർത്ത് വച്ചാണന്ന് കല്ലിട്ടത്
തിലോത്തമൻ മേസ്തിരിയുടെ ചാണക തറയിലിരുന്ന് പ്ലാൻ വരച്ചതും
ഉറക്കത്തിനിടയിൽ എഴുന്നേറ്റ് ചുവന്ന സിറോ ബൾബ് വെട്ടത്തിന് താഴെ
പ്ലാൻ നിവർത്തിപിടിച്ച്
അവളും അയാളും കലഹിച്ചതും
തറവാട്ടിലെ പ്ലാവൊന്ന് വെട്ടാൻ അച്ഛൻ സമ്മതിക്കാഞ്ഞപ്പോളിടഞ്ഞതും
ലോണിനായ് വിയർത്തൊലിച്ചു നിന്നതും
വളയില്ലാത്തവളുടെ കൈകളിലവളറിയാതെ തലോടിയതും
വാർപ്പുനനയ്ക്കുന്നതിനിടെ തെന്നിവീണു പ്ലാസ്റ്ററിട്ടതും
പ്ലാസ്റ്ററിൽ മൂത്തവൾ അവളുടെ മുറിയുടെ
ചിത്രം വരച്ചതും
ഒരോരോ കല്ലുകളയയാളിൽ അടിത്തറ പാകി കൊണ്ടിരുന്നു

ഗൃഹപ്രവേശ ദിവസം അവളേം മക്കളേം ചേർത്തുറങ്ങിയതും
തിളച്ചുപൊന്തുന്ന പാലിലന്ന് അയാൾ മാത്രം കണ്ട അവളുടെ കണ്ണുനീർ വീഴുന്നതും
പുതിയ വീട്ടിലെ ഫാൻ
പുതിയ വിട്ടിലെ മേശ
പുതിയ വീട്ടിലെ കസേര
പുതിയ വീട്ടിലെ ടി പോയ്
എല്ലാം വീണ്ടും വീണ്ടും
നോക്കിക്കൊണ്ട് കാലങ്ങൾ പോയതും
അയാളും ഭാര്യയും മക്കളും വിടിന് മുന്നിൽ
കൂട്ടുകാരന്റെ കൊഡാക്ക് കാമറയ്ക്ക് പോസ് ചെയ്തതും.
പിള്ളേരെ പഠിപ്പിക്കലും അടിക്കലും
അയാളും ഭാര്യയും തമ്മിൽ തമ്മിൽ ഉയരുന്ന ശബ്ദവും
അങ്ങനെയതൊരു വീടായതും അയാളുടെയുള്ളിൽ പാകി കൊണ്ടിരുന്നു
ലോൺ മുഴുവനടഞ്ഞ ദിവസം മക്കളേം ഭാര്യയേയും സിനിമക്ക് കൊണ്ടു പോയതും
ബിരിയാണി വാങ്ങി കൊടുത്തതും
രാത്രിവിട്ടിലെത്തിയപ്പോൾ താക്കോൽ കളഞ്ഞു പോയതറിഞ്ഞതും
അയൽക്കാരൻമാത്യൂസിന്റെ മുകളിലെ ബെഡ് റൂമിൽ ഉറങ്ങാനാവാതെ
ഒറ്റ നിലയുള്ള തന്റെ വീട് നോക്കി പകലായതും
അയാളുടെയുള്ളിൽ പാകി കൊണ്ടിരുന്നു
കാലം പോകെ പുതിയ സ്വിച്ച് ബോർഡ് വെച്ചതും
ഫ്രിഡ്ജ് വാങ്ങിയതും
പുതിയ കർട്ടനിട്ടതും
വിണ്ടും ലോണെടുത്ത്
മക്കൾക്ക് മുകളിൽ മുറി പണിതതും
അയാളുടെയുള്ളിൽ പാകി കൊണ്ടിരുന്നു
ഈ വീടെങ്ങനെ പഴയതാകും ?
ഈ വീടെങ്ങനെ ഭംഗിയില്ലാത്തതാകും?
ഈ വീടെങ്ങനെ സൗകര്യമില്ലാത്തതാകും?
ഓർമ്മകൾ, ഇഷ്ടികകളായ് അയാളിൽ കെട്ടിക്കൊണ്ടിരുന്നു
താനൊരു വീടാവുകെയാണെന്നയാൾക്ക് തോന്നി
തിലോത്തമൻ മേസ്തിരി വന്നു, വീടിന്റെ പ്ലാൻ കൊള്ളാമെന്നു പറഞ്ഞു
അച്ഛൻ പ്ലാവ് വെട്ടാൻ മുന്നിൽ നിൽക്കുന്നു
സഹപ്രവർത്തകൻ തന്റെ കയ്യിൽ നിന്നു കടം വാങ്ങുന്നു
ലോണേടുക്കണ്ട ആവശ്യമില്ലെന്ന് വരുന്നു
മാത്യൂസിന്റെ വീടിനേക്കാൾ ഒരിഷ്ടിക പൊക്കത്തിൽ നിൽക്കുന്നു
വീട്ടിലേക്കുള്ള താക്കോൽ വീണ്ടും കളഞ്ഞു പോയി