ഇത്രയൊക്കെയാണ് പ്രിയമാനസാ… ശ്രീകുമാർ കക്കാട് എഴുതിയ കവിത

പുത്തൻപുതുകാലത്ത് പ്രിയ മാനസനോട് ഒരു പെണ്ണിനു പറയാനുള്ളത് രസ ഭാഷയിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്

sreekumar kakkad , poem, iemalayalam

 

ആകാശത്ത് പറക്കുമ്പോൾ
അലാറത്തിൽ കൈയുടക്കി
കിടക്കയിൽ വീണത്

പോയ രാത്രിയിൽ
കൊളുത്തിയ വാക്കുകൊണ്ട്
അടുപ്പ് കത്തിച്ചത്

സിങ്കിൽ കഴുകാനിട്ട ഓർമ്മകൾ
ഒരു നെടുവീർപ്പുകൊണ്ട്
വെടിപ്പാക്കിയത്

ടിന്നിലിരുന്ന് കാറിയ
ഒരു തുണ്ട് പുഞ്ചിരി
കഴുകിക്കമിഴ്ത്തിയത്

ആർക്കും വേണ്ടാതെ
ബാക്കിയായ കരച്ചിലുകൾ
എച്ചിൽക്കുട്ടയിൽ
കൊട്ടിക്കളഞ്ഞത്

കുക്കറിന്റെ ചീറ്റുകുഴലിൽ
മൗനത്തിന്റെ
കനം വെച്ചത്sreekumar kakkad , poem, iemalayalam

8.30 ന്റെ കമ്പനി ബസ്സിനെ
ചോപ്പിങ്ങ് ബോർഡിലിട്ട്
അരിഞ്ഞു തീർത്തത്

ബാക്കിയായ നിമിഷത്തെ
ഫ്രീസറിൽ വെച്ച്
അടച്ചത്

ഒരു മുഷിപ്പൻ പകലിനെ
ടോസ്റ്റു ചെയ്‌ത്
ചോറ്റുപാത്രത്തിൽ പൂട്ടിയത്

കറുത്ത് കരുവാളിച്ച ഒരു ഹൃദയം
ഞൊറി വെച്ചും മുന്താണി വെച്ചും
അഴകിൽ പൊതിഞ്ഞത്

ലിപ്സ്റ്റിക്കുകൊണ്ട്
കണ്ണാടിയിൽ
സന്തോഷം വരച്ചു ചേർത്തത്

ഇത്രയൊക്കെയാണ്, പ്രിയമാനസാ
ഇന്ന് രാവിലെ ഞാൻ ചെയ്തത്!
നീ കേൾക്കുന്നുവോ
പ്രേമമോഹനാ?

Read More: ശ്രീകുമാര്‍ കക്കാട് എഴുതിയ കുറിപ്പ് വായിക്കാം

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Sreekumar kakkad poem ithrayokkeyaanu priyamanasa

Next Story
ക്യാംപസ് കവിതകള്‍- പ്രവീൺ പ്രസാദ്, നീതു കെ ആർcampus poems, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com