1) ജലം
വീട്ടിലേക്കുള്ള വഴിയിലുണ്ടായിരുന്ന ചെടിയെ ഇന്നലെ സ്വപ്നം കണ്ടു.
മന്ദാരത്തിന്റെ ഇലകൾ
വീണ് കിനാവ് തെളിഞ്ഞു വന്നു.
അപ്പുറത്ത് ഇടവഴികൾ കഴിഞ്ഞ്
തോടുകൾ.
മഴക്കാലത്ത് എല്ലാ കൈവഴികളും
നിറഞ്ഞ് ജലത്തിന്റെ കുട്ടിക്കാലം ഉണ്ടാവും.
സ്കൂൾ വിട്ട് വരുമ്പോൾ ചോറ്റ് പാത്രം
നിറയെ നെറ്റ്യാപൊട്ടൻ*.
അമ്മകാണാതെ അവരെ
നിറയ്ക്കാറുള്ള മൺകലം.
ഏത് തിരക്കിലും
നമ്മളെ വന്ന് തൊടുന്ന
കുട്ടിക്കാലത്തിന്റെ തോടുകൾ.
അന്ന് കണ്ട എല്ലാ കാഴ്ചകളും
ഒരു പൊത്തിലുണ്ടായിരിക്കും.
ലോകത്തെ മുഴുവൻ നിറയ്ക്കാൻ
ശേഷിയുള്ളത്.
അതിന് പുറത്ത് കിളികളുടെ
കാത്തിരിപ്പ്.
അകത്ത് അടയിരിക്കലിന്റെ ചൂട്.

2) അർത്ഥം
വൈകുന്നേരത്തിനുള്ളിലൊരു
വൈകുന്നേരമുണ്ടാവും
സന്തോഷത്തിനുള്ളിലുള്ള
സന്തോഷം പോലെ.
സ്നേഹത്തിനുള്ളിൽ
സ്നേഹമിരിക്കുന്ന പോലെ.
വാക്കുകൾക്കുള്ളിൽ,
മുകളിൽ.
ജലത്തിന്റെ ആഴത്തിൽ
മറയാത്തൊരു കല്ല്.
അത് തന്നെ.

3) രൂപം
വിരിച്ചിട്ട വസ്ത്രം,
അഴിച്ചു മാറ്റിയ ചുവന്ന ഹാങ്ങർ.
ജീവിതത്തെക്കുറിച്ച് തന്നെ ഓർത്തു.
വസ്തുക്കൾ.
മനുഷ്യർ.
ഓർമ്മ.
ഏകാന്തതയിലേക്ക് പകരുന്ന,
രൂപത്തിലേക്ക് കലരാത്ത –
ജീവിതത്തിന്റെയൊരു വക്ക് .
അതിന്റെ പരപ്പിലെപ്പൊഴും
ഇളകിയാടുന്നൊരുടുപ്പ്.
മരണം,
നിലയ്ക്കാത്ത മൗനമാണെന്ന –
തോന്നലിലേക്കതിന്റെ നിഴൽ
കയറി വരുന്നു.
- മാനത്തുകണ്ണി, പൂഞ്ഞാൻ എന്നൊക്കെ പലദേശങ്ങളിൽ പല പേരുകളിലറിയപ്പെടുന്നൊരു കുഞ്ഞൻ ശുദ്ധജല മത്സ്യം