സോപ്പ്
                        (സോപ്പിനെപ്പറ്റി അസ്സൽ കവിത എഴുതിയ ഫ്രാൻസിസ് പൊഞ്ചേയ്ക്ക് )

pn gopikrishnan, malayalam poet, poem

പല പേരുകളിൽ നീ
എന്റെ ശരീരത്തെ തേടി വന്നു .
പെരുകുന്ന ഓരോ കോശത്തിലും
ആദ്യത്തെ ഉമ്മ നൽകാൻ .

ആ വരവ്
വെറും വരവായിരുന്നില്ല .
പലയിടങ്ങളിൽ നിന്ന് .
ചിലപ്പോൾ കടൽ കടന്ന്.

എന്റെ നഗ്നത
എന്നെക്കാൾ കൂടുതൽ
നിനക്കറിയാം .

എന്നിട്ടും ഒരു സോപ്പും
ഇതുവരെ ഒരു സ്വപ്നത്തിലും
മുഖ്യകഥാപാത്രം ആയില്ല .

എല്ലാം വളരെപ്പെട്ടെന്ന്
ഖരവസ്തുക്കളായ് മാറിക്കൊണ്ടിരിക്കുന്ന
വേനൽ ഋതുവിലാണ്
ഭൂമിയുടെ പാർപ്പെങ്കിലും
ഖരത്തിൽ നിന്നും ആർദ്രമായ്
അത് ചെറുത്തു നിന്നു.
അലിവിന്റെ സന്ദേശം
തൊലിപ്പുസ്തകത്തിൽ
വീണ്ടും വീണ്ടും
എഴുതിക്കൊണ്ട് .

ഈർപ്പം തട്ടിയാൽ
അതിഭൗതികമാകുന്ന
ആ ശരീരം വരുന്നത്
മരണത്തിന്റെയും അപ്പുറത്ത്
നിന്നായിരിക്കണം .
അതാണ്
നിലത്തുവീണാൽ
അവ ശബ്ദിക്കാത്തത് .

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്
ഏറ്റവും ഉജ്ജ്വലമായ മരണവും
നിന്റേത് .

ഒരു തെളിവും ബാക്കിവെയ്ക്കാതെ .
ഒരോർമ്മയും അവശേഷിപ്പിക്കാതെ .
അവസാനതുള്ളിയും അലിഞ്ഞ് .

ഞങ്ങളോ
മരിച്ചാൽ
ആരുടെയോ വിസർജ്ജ്യം പോലെ
കുറച്ചുനേരം
അങ്ങനെ കിടക്കും

 

 

Read More: ഗാന്ധിജി കവിതകള്‍ എഴുതിയിട്ടില്ല

Read More: മൂന്ന് കവിതകൾ – വി. ജയദേവ്

Read More: മൂന്ന് അമ്മ കവിതകൾ -രതി സക്സേന

Read More: വളരെപ്പതുക്കെ –  കരുണാകരന്റെ കവിത

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ