scorecardresearch

മരിച്ചവരുടെ ഭാഷ

കല്‍ച്ചുവരില്‍ തിളങ്ങിക്കണ്ടത് മരണമടഞ്ഞവരുടെ രഹസ്യഭാഷ

കല്‍ച്ചുവരില്‍ തിളങ്ങിക്കണ്ടത് മരണമടഞ്ഞവരുടെ രഹസ്യഭാഷ

author-image
Smitha Meenakshy
അപ്‌ഡേറ്റ് ചെയ്‌തു
New Update
smitha meenakshy ,poem, malayalam poem,iemalayalam

ശ്മശാനത്തിനരികിലൂടെ നടന്നു പോകുകയായിരുന്നു,

പ്രേതങ്ങളെ കൂട്ടത്തോടെ കണ്ടെന്ന പോലെ

ഉണങ്ങിയ ഇലകള്‍ കലപിലയോടെ പാറി.

മണ്ണടരുകളിലെ തണുപ്പിനെ പുതപ്പിക്കുവാന്‍

വെയിലോരോ കുഴിമാടത്തിലും കച്ച വിരിച്ചിരുന്നു.

മണ്ണിളകിയ കല്ലറ മുറ്റത്തിരുന്നൊരാള്‍

ചുവര്‍മുഖത്തെന്തോ എഴുതുന്നുണ്ട്,

എഴുതിമുഴുമിച്ച്,

കൈയില്‍ ബാക്കി വന്ന ചെങ്കല്ലോ

വാടിയ പൂവിതളുകളോ എറിഞ്ഞുകളഞ്ഞ്

കല്ലുപാകിയ കല്ലറയിലേയ്ക്ക്

ജലത്തിലെന്ന പോലെയയാള്‍

മുങ്ങിത്താണുപോയപ്പോള്‍,

കാറ്റ് ചുഴലിയായി മറ പിടിച്ചു.smitha meenakshi ,poem,iemalayalam

ചിത്രഭംഗിയോടെ വരച്ചിട്ട അക്ഷരങ്ങളില്‍

മരണത്തിന്‍റെയോ ജീവിതത്തിന്‍റെയോ

രഹസ്യമാകാമെന്നു തോന്നലിൽ

ഹൃദയമിടിപ്പോടെ ഉറ്റുനോക്കുമ്പോള്‍

കല്‍ച്ചുവരില്‍ തിളങ്ങിക്കണ്ടത്

മരണമടഞ്ഞവരുടെ രഹസ്യഭാഷ,

ഒരുനാള്‍ വന്നു വായിക്കാമെന്നാശ്വസിപ്പിച്ച്

കാറ്റു തഴുകിത്തഴുകി തോളിൽ തങ്ങി നിന്നു.

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: