“ഉപ്പുകാറ്റിന്‍റെ ചൂരാണ് മാര്‍ത്തക്കെന്ന് കേട്ടിട്ടുണ്ട്…”

മാര്‍ത്തയെക്കുറിച്ചുള്ള ദീര്‍ഘസംഭാഷണത്തിനുള്ള ഇരിപ്പിലെ ആദ്യഖണ്ഡത്തില്‍ത്തന്നെ അലോറന്‍സ് തനിക്കറിയാവുന്ന സവിശേഷത ശ്രീരാമചന്ദ്രന്‍മാഷിന് പറഞ്ഞുകൊടുത്തു. അതുകേട്ടപ്പോള്‍ തന്‍റെ മുറ്റിയ താടിരോമങ്ങള്‍ക്കുള്ളില്‍ പ്രത്യേക സുഖം തേടി മാഷ് വിരലോടിക്കുകയും ചുണ്ടില്‍ ശൃംഗാരം വിരിച്ചുനിര്‍ത്തുകയും ചെയ്തു.

വൈകുന്നേരം കാറ്റുകൊണ്ട് സൊറ പറഞ്ഞിരിക്കാന്‍ സമീപവാസികള്‍ കവുങ്ങുകീറി ബാരിയടിച്ച് റോഡരുകില്‍ നിര്‍മ്മിച്ച ഇരിപ്പുകേന്ദ്രത്തിലാണ് ഇരുവരും.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, Pramod Koovery, പ്രമോദ് കൂവേരി, Smartha,സ്മാര്‍ത്ത, Pramod Kooveryshort story,പ്രമോദ് കൂവേരിയുടെ ചെറുകഥ, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

“കേട്ടിട്ടേയുള്ളൂ?” ശ്രീരാമചന്ദ്രന്‍മാഷിന് അതത്ര വിശ്വാസംപോര.

“ഏയ് ഞാനീ കോഴിപ്പണിക്കൊന്നും പോകാറില്ല, എന്തിനാ വെറുതെ നാറ്റക്കേസ്. പറയുന്നത് കേട്ടതാ.” അലോറന്‍സ് കവുങ്ങിന്‍റെ ബാരിയില്‍ നുള്ളിനുള്ളി വലുതാക്കി.

“അതിന് ഈ മലമൂട്ടിലെവിടെയാ ഉപ്പുകാറ്റ്?” അലോറന്‍സിന്‍റെ ദുര്‍നടപ്പ് വിചാരണയിലേക്ക് നീങ്ങി മുഷിപ്പ് തോന്നിപ്പിക്കേണ്ടെന്ന് വിചാരിച്ച് മാര്‍ത്തയുടെ ഗന്ധശാസ്ത്രത്തില്‍ തന്നെ മാഷ് കുറ്റിയടിച്ചു.

“അത് ഇന്നാട്ടുകാരിയൊന്നുമല്ലന്നേ… തെക്ക്ന്ന് എവിടുന്നോ കെട്ടിവലിച്ചതാ.” റോഡിലൂടെ ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കി അലോറന്‍സ് ഒന്നനങ്ങിയിരുന്നു. സ്വരംതാഴ്ത്തി. “ഒര്‍ജിനലല്ല, കണ്‍വേര്‍ട്ട് ഐറ്റംസാ. നമ്മളെ കൂട്ടര്‍ക്ക് ഇമ്മാതിരി കൂതറ പേരൊന്നുമിടത്തില്ല.”
അലോറന്‍സ് മാര്‍ത്തയെന്ന് പേര് ഏറ്റവും വികൃതമായി ഉച്ചരിച്ച് ഛര്‍ദ്ദിച്ചു.

വലിയ വണ്ടിയുടെ വളയം പിടിക്കുന്ന ആദ്യത്തെ ആളായിരുന്നു മാര്‍ത്തയുടെ ഭര്‍ത്താവ് കുന്നത്തറ മണിയന്‍. ഏതാണ്ട് ഒരു പോസ്റ്റിന്‍റത്ര ഉയരമുണ്ട്. അങ്ങേര് ചെറുപ്പത്തിലേ നാടുവിട്ട് വണ്ടിയിലൊക്കെ തെണ്ടി ഏതാണ്ടെല്ലാ രാജ്യങ്ങളും കറങ്ങിയതാ. ഇവിടുന്നന്നേരം പത്താംക്ലാസ്സ് തോറ്റ പിള്ളേര് ബോംബയിലേക്ക് ഹോട്ടല്‍പ്പണിക്ക് പോകുന്ന ഒരു കാലമാണ്ടായിരുന്നു. അവരുടെ ഹോട്ടലിലേക്ക് സാധനമിറക്കുന്നത് മണിയന്‍ ചേട്ടനാണെന്ന് പറഞ്ഞ് പിള്ളേര് ഇവിടെ വന്ന് ബഡായി പൊട്ടിക്കും. അന്നേരമൊന്നും ആരുമത് വിശ്വസിച്ചില്ല. പത്താംക്ലാസ്സിനുശേഷം ടൈപ്പ്റൈറ്റും ഷോര്‍ട്ട്ഹാന്‍റും കഴിഞ്ഞവര്‍ക്ക് കല്‍ക്കട്ടയിലായിരുന്നു അന്ന് ജോലി. അവര്‍ക്കൊക്കെ ഏതാണ്ട് നല്ല പണിയായിരിക്കും. ബോംബയിലേക്ക് പോയവരെപ്പോലെയല്ല, നാട്ടില് ലീവിന് വന്നാ നല്ല പേരുംകിട്ടും നല്ല പെണ്ണും കിട്ടും. കല്‍ക്കട്ടയില്‍ നിന്ന് ലീവിന് വരുന്നവരും മണിയന്‍ ചേട്ടനെ അവിടെയും കണ്ടെന്ന് പറഞ്ഞപ്പോഴാണ് ഈ മനുഷ്യന്‍റെ വലിപ്പം നാട്ടുകാര്‍ക്ക് മനസ്സിലായിത്.

ആലപ്പുഴയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കയര്‍ ലോറിയിലും മണിയന്‍ ചേട്ടനെ കണ്ടെന്ന് സാധനമെടുക്കാന്‍ പോയ ഏതോ ഇലക്ട്രീഷ്യന്‍ വന്നുപറഞ്ഞു. അവിടുന്നുള്ള വരവിലാണ് മാര്‍ത്തയെയും കൊണ്ടുവരുന്നത്. ഇതിനെ കെട്ടിയിട്ടാണോ അടിച്ചോണ്ടാണോ വന്നതൊന്നും ആര്‍ക്കും അറിയാമ്മേല. ആരും ചോദിക്കാനും പോയില്ല. അങ്ങനെ കറങ്ങിക്കറങ്ങി മണിയന്‍ അവസാനം നാട്ടില്‍തന്നെ വണ്ടിയെടുപ്പ് തുടങ്ങി.

“എനിക്ക് തോന്നുന്നത് മൂപ്പര് കുടുങ്ങിപ്പോയതായിരിക്കും.” അലോറന്‍സ് എണ്‍പതുകളിലെ ഏതോ സിനിമാക്കഥ സങ്കല്‍പ്പിച്ചു. ആലപ്പുഴയിലെ ഒരു കടല്‍ത്തീരം. വണ്ടിക്കാരൊക്കെ ഇടയ്ക്ക് വന്നുംപോയിക്കൊണ്ടിരുന്ന ഒരു വണ്ടിത്താവളം. നാടന്‍വാറ്റായിരിക്കും അവിടെയുള്ളവരുടെ കുടുംബത്തൊഴില്‍. എന്തും നടക്കുമല്ലോ. അങ്ങനെ കൂട്ടത്തില്‍ വന്ന മണിയന് അബദ്ധം പറ്റിയിട്ടുണ്ടാകും. സംഭോഗത്തിന്‍റെ ഉച്ഛസ്ഥായിയില്‍ ഏതൊരു ആണും ഇണയോട് അല്‍പ്പം സ്നേഹൊക്കെ കാണിക്കും. അതിന്‍റെ പരാക്രമത്തില്‍ എന്തേങ്കിലും ചിലപ്പോള്‍ പറഞ്ഞുംകാണും. മാര്‍ത്ത അതില്‍ക്കേറിയങ്ങ് മുറുക്കെ പിടിച്ചു. ഇങ്ങനെയൊന്നും കഴിഞ്ഞാല്‍പ്പോരെന്നും കുഞ്ഞുകുട്ടികുടംബൊക്കെ വേണമെന്നു വിചാരിച്ചിട്ടുണ്ടാകും. നോക്കുമ്പോള്‍ മണിയനെന്താ ഒരു കുഴപ്പം. നല്ല അധ്വാനി. പിടിവിട്ടുകാണത്തില്ല. പിന്നെ അങ്ങനെയുള്ളോര്‍ക്ക് ജാതീയും മതമൊന്നും ഒരു പ്രശ്നമല്ലല്ലോ…

“പക്കിക്കെന്ത് പച്ചഭേദം ല്ലേ..?” അലോറന്‍സ് തുടക്കമിട്ട വളിച്ച ചിരിയിലേക്ക് ശ്രീരാമചന്ദ്രന്‍മാഷെയും കൂടെക്കൂട്ടി. ചിരിക്കിടെ താന്‍ ഇങ്ങനെയല്ലല്ലോ ചിരിക്കാറെന്നോര്‍ത്ത് മാഷ് എവിടെ നിന്നോ കടമെടുത്ത ഗൗരവത്തിലേക്ക് പിന്‍വലിഞ്ഞു. പ്രസവാനന്തരശുശ്രൂഷയില്‍ കഴിയുന്ന മാഷുടെ ഭാര്യ അടുത്തില്ലാത്തതിനാല്‍ താല്‍ക്കാലികമായി അനുവദിച്ചുകിട്ടിയ ബാച്ചിലര്‍ ലൈഫില്‍ ഇമ്മാതിരി കുത്സിതചിന്തകളുണ്ടെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കേണ്ടന്ന് ഉറപ്പിച്ചായിരുന്നു മാഷുടെ ആ പിന്മാറ്റം.

“നിങ്ങളൊക്കെയുണ്ടായിട്ടും ഇതൊന്ന് നിര്‍ത്തിക്കാന്‍ പറ്റീല്ലല്ലോ… പെണ്ണുങ്ങളുടെ കൂടെ നാടിന്‍റെ പേര് പറ്റിയാല്‍ ചീത്തപ്പേരാ.” പ്രശസ്തമായ ചില പ്രദേശങ്ങളുടെ പേര് ഓര്‍ത്തെടുത്ത് മാഷ് മുന്‍കരുതല്‍ നല്‍കി.

വളിച്ച ചിരിയില്‍ നിന്ന് മറ്റൊരു ടൈപ്പ് ചിരിയിലേക്ക് അലേറന്‍സ് ഗിയര്‍ തട്ടി.  “മാഷിനിവിടത്തെ കഥയറിയാഞ്ഞിട്ടാ… കുറച്ചുനാളല്ലേയായുള്ളൂ വന്നിട്ട്. എങ്ങാനും ഈ മാര്‍ത്ത അകത്തായാല്‍ ആണുങ്ങളൊറ്റൊന്നിനെ കണിക്ക് കിട്ടില്ല അവമ്മാരുടെ കുടംബത്തില്.”

കടലുപോലെ വിശാലമായ ആണ്‍തിരകളുടെ ലാളനയേറ്റ് മാര്‍ത്തയുടെ കേവുഭാരം പുളഞ്ഞുതിമര്‍ക്കുന്നത് അലോറന്‍സും മാഷും ഒരുമിച്ച് ഓര്‍ത്തുകൊണ്ട് അനുചിതമായ മൗനത്തിലേര്‍പ്പെട്ടു.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, Pramod Koovery, പ്രമോദ് കൂവേരി, Smartha,സ്മാര്‍ത്ത, Pramod Kooveryshort story,പ്രമോദ് കൂവേരിയുടെ ചെറുകഥ, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

“അത്രയ്ക്കും ഓടിയ വണ്ടിയാ..?”

രാത്രിയില്‍ മാര്‍ത്തയുടെ വീടിന് പുറത്ത് ഇരുട്ടത്ത് പരസ്പരം കൂട്ടിയിടിക്കുന്ന അവസാരാര്‍ത്ഥികളായ ആണുങ്ങള്‍ മാഷുടെ താല്‍പര്യത്തെ പ്രചോദിപ്പിച്ചു.

“എന്നാ ഇവിടെവന്നാ സ്വഭാവം മാറ്റണ്ടേ. കണ്ട എല്ലാ ചൂണ്ടയിലും കൊത്തണം. പാവം മണിയന്‍ ചേട്ടന്‍ തട്ടിപ്പോവുകയും ചെയ്തു.”

ഓടിട്ട പുരയില്‍ നിന്ന് ആറുമുറി ഫേഷന്‍ പുതിയ വാര്‍പ്പുവീട്ടിലേക്കാണ് മാര്‍ത്തയെയും കൂട്ടി മണിയന്‍ കേറിച്ചെന്നത്. വണ്ടിയോട്ടി ഇത്രയുംനാള്‍ നയിച്ചുണ്ടാക്കിയതാണ് വീടും പറമ്പും. അന്നീ മലമോട്ടില് ചെറൂണ്ണി മുതലാളിക്കും കെട്ട്യോന്‍ ഗള്‍ഫിലുള്ള ബീയ്യത്തുമ്മയ്ക്കും മാത്രമേ വാര്‍പ്പ് വീടുണ്ടായിരുന്നുള്ളൂ. മണിയന്‍റെ വരുമാനത്തില്‍ കുറക്കന്‍റെ കണ്ണുവെച്ച് വീട്ടുകാര്‍ തഞ്ചത്തില്‍ നിന്നെങ്കിലും നാലേനാല് ദിവസം കൊണ്ട് മാര്‍ത്തയുടെ തനിസ്വാഭാവം കണ്ടെത്തി. നാട്ടുകാര്‍ മൊത്തം അറിഞ്ഞുകഴിഞ്ഞേ പെണ്ണിന്‍റെ പേരുദോഷം കെട്ട്യോനറിയാന്‍ പാടുള്ളൂ എന്നൊരു ആചാരം നിലവിലുണ്ടല്ലോ. അങ്ങനെ അറിഞ്ഞപ്പോള്‍ മണിയന്‍ വീട്ടുകാരെയാണ് ചവുട്ടിപുറത്താക്കിയത്.

വന്നിട്ട് ആറാം മാസം മാര്‍ത്ത പെറ്റു. അതിന്‍റെ കണക്കൊന്ന് പറഞ്ഞിട്ടുപോടാന്നു കളിയാക്കിയ പൗലോസിനെ മണിയന്‍ റോഡിലിട്ടു തല്ലി. പൗലോസിന്‍റെ വലിയ കുടംബക്കാരാണ്. തണ്ടുംതടിയുമുള്ള അഞ്ചെട്ട് സഹോദരന്മാരുണ്ട്. അന്നിവിടെ മാഷമ്മാരെന്നുമില്ല. പള്ളീലച്ചന്‍ പറഞ്ഞ് പൗലോസ് അടങ്ങി. മാര്‍ത്തയുടെ ആദ്യത്തെ പേറില് പെണ്ണാണ്. പേര് ലില്ലി. രണ്ടാമത്തെയും പെണ്ണ് ചന്ദ്രി. മൂന്നാമതൊരു പയ്യനെ കിട്ടി. പേര് കുട്ടിരത്നന്‍. അതിന്‍റെ നൂല് കെട്ട് കാണാന്‍ ഭാഗ്യം കൊടുക്കാതെ ആരോ മണിയനെ തട്ടി.

“അവളുതന്നെ വിളിച്ചുവരുത്തി പണികൊടുത്തതാ.” കേസന്വേഷിച്ച് എത്തുംപിടിയുംകിട്ടാത്ത പോലീസുകാരന്‍ ചാരിവെച്ച എണിപ്പുറത്ത് നിന്ന് അലോറന്‍സ് നിലവിലുള്ള പൊതുജനാഭിപ്രായം വ്യക്തമാക്കി.

മണിയന്‍റെ മരണശേഷം വീട്ടുകാര്‍ മാര്‍ത്തയെ നാടുകടത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും അവര്‍ പ്രതിരോധിച്ചുനിന്നു. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റാന്‍ മാര്‍ത്ത എന്തുപണിക്കും തയ്യാറായി നിന്നു. സംഘമായി പണിക്ക് പോകുന്ന പെണ്ണുങ്ങളൊന്നും മാര്‍ത്തയെ കൂട്ടത്തില്‍ കൂട്ടിയില്ല. മോന്തിവരെയുള്ള പണിയുടെ അനായാസതയ്ക്ക് മാര്‍ത്തയുടെ കെടപ്പുകഥകളാണ് പെണ്ണുങ്ങള്‍ അക്കാലത്ത് പാടിക്കൊണ്ടിരുന്നത്. അങ്ങനെ പരഗതിയില്ലാതെ നില്‍ക്കുന്ന മാര്‍ത്തയെ വിളിച്ച് ആദ്യം പണികൊടുത്തത് ചൊറൂണ്ണി മുതലാളിയാണ്. പണി വലിയ വശമില്ലെങ്കിലും നന്നായി നയിച്ചോളും. പണിക്കൂലി കൊടുക്കാന്‍ രാത്രി നീളന്‍ ടോര്‍ച്ചുമെടുത്ത് മാര്‍ത്തയുടെ വീട്ടിലേക്ക് ചെറൂണ്ണി മുതലാളി തഞ്ചത്തില്‍ പോകാന്‍ തുടങ്ങിയതോടെ അയാളുടെ വീട്ടുകാരി മാര്‍ത്തയെ അതിരില്‍ തടഞ്ഞുനിര്‍ത്തി നാല് പുല്ല്യാട്ട് കൊടുത്തു.

“പൊങ്ങാത്ത വയസ്സമ്മാരെ നീ എന്നാ കാണിക്കുവാടീ…വെടിച്ചി ”

കാലക്രമേണ മറ്റൊരു പണികൂടി ലക്ഷ്യംവെച്ച് നാട്ടിലെല്ലാവരും അവരവരുടെ വീട്ടില്‍ എന്തെങ്കിലും പണി മാര്‍ത്തക്ക് തരമാക്കി വിളിക്കാന്‍ തുടങ്ങി. യാതൊരു ഉപേക്ഷയും കൂടാതെ മാര്‍ത്ത ഭംഗിയായി അവിടത്തെ പണി ചെയ്തുകൊടുക്കുകയും ഓരോ വീട്ടുകാരിയുടെയും വെടിച്ചില്ലുപോലുള്ള തെറികേട്ട് മിണ്ടാതെ പോവുകയും ചെയ്തുകൊണ്ടിരുന്നു.

“ഇതൊക്കെ പണ്ടത്തെ കഥയാണ്. പുതിയ പിള്ളേര് ഇറങ്ങിയതിന് ശേഷം വയസ്സമ്മാരൊക്കെ പ്രതാപം അയവിറക്കുവാ…”

ശ്രീരാമചന്ദ്രന്‍മാഷുടെ ഉള്ളില്‍ മഴക്കാറുപോലെ നേരിയ ഒരു മൂടല്‍ വ്യാപിച്ചു. എല്ലാനാട്ടിലും കാണും പത്തുപൈസയുടെ വിവരമില്ലാത്ത പണക്കാരെയും പത്തുപൈസയെടുക്കാനില്ലാത്ത കുറേ ജ്ഞാനികളെയും പോലെ ഒരു പെഴയും അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ കഥകളും. കഥകളൊക്കെ ഏതാണ്ടെല്ലാത്തിന്‍റെയും ഒരുപോലെയാണ്. കെട്ട്യോന്‍ ചത്തു, കുഞ്ഞുക്കുട്ടി പ്രാരാബ്ധം. ആദ്യം മുതലാളിക്ക് കെടക്കും. പഴകുന്തോറും ഗ്രേഡ് കുറയും. അവസാനം തുളവീണ പന്തുപോലെ പിള്ളേര് റോഡിലിട്ട് തട്ടിക്കളിക്കും.

പെഴച്ചുപോയ പെണ്ണുങ്ങളുടെ ജീവിതം ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. എങ്ങനെയാണ് മാര്‍ത്തയിലേക്ക് ഈയൊരു ആവശ്യവുമായി എല്ലാവരും കയറിച്ചെല്ലുന്നുണ്ടാവുക.  ബലാല്‍കാരമാകില്ലല്ലോ… പ്രൊഫഷണലല്ലാത്തതുകൊണ്ട് വിലപേശിയുമായിരിക്കില്ല. അതൊരു ഫേവര്‍ മാത്രമായിരിക്കും. എന്തേലുമൊരു സോഫ്റ്റ് കോര്‍ണറോ വിശ്വാസമോ പിടിച്ചുപറ്റിയായിരിക്കണം. അതിന് ഒരുപാട് ഇടപെഴകേണ്ട കാലതാമസം കാണും. മാര്‍ത്തയിലേക്ക് എളുപ്പം എത്താനുള്ള ബൈപ്പാസ് എതാണെന്ന് അറിയാനുള്ള കൗതുകം ശ്രീരാമചന്ദ്രന്‍മാഷിന് കലശലായുണ്ടായി. തീര്‍ത്തും അപകടം നിറഞ്ഞൊരു ചോദ്യമായതുകൊണ്ട് ചോദിക്കാതെ ഉള്ളില്‍ തന്നെ അമുക്കിയതായിരുന്നു. പക്ഷേ മനസ്സ് വായിച്ചവണ്ണം ലോറന്‍സ് അതിന് മറുപടി പറഞ്ഞുകളഞ്ഞു.

“മാഷിന് താല്‍പര്യമുണ്ടെങ്കില്‍ ഒന്നും വേണ്ട, മുഖപരിചയം മതി. ഞാന്‍ ഇത്രമണിക്ക് ഇന്ന സ്ഥലത്തെ മരച്ചോട്ടിലുണ്ടാകുമെന്ന് പറഞ്ഞാമതി.”

ഒരു ഞെട്ടലോടെ ശ്രീരാമചന്ദ്രന്‍മാഷ് തിരുത്തി. മെല്ലെ മുകളിലോട്ട് നോക്കി.

ഈ കുന്നുമ്പുറത്തെ ഓരോ മരത്തെയും മാര്‍ത്ത ഓരോ ആണിന്‍റെയും പേര് വിളിച്ച് ഓര്‍ക്കുന്നുണ്ടാകും. ആകാശത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന പുളപ്പന്‍ മരങ്ങളുടെ ഉച്ചികള്‍ മാര്‍ത്തയുടെ ഉപ്പുകാറ്റില്‍ തളിര്‍ത്തതായിരിക്കും. വളര്‍ന്നുവരുന്ന ഓരോ കുഞ്ഞുമരങ്ങള്‍ക്കും പ്രായപൂര്‍ത്തിയാകാനുള്ള വ്യഗ്രതപ്പെടലുണ്ടാകും. മുറിച്ചുമാറ്റപ്പെട്ട ഓരോ അടിക്കുറ്റിയിലും ഓര്‍മ്മകളുടെ കറ ഘനീഭവിച്ചുകിടപ്പുണ്ടാകും.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, Pramod Koovery, പ്രമോദ് കൂവേരി, Smartha,സ്മാര്‍ത്ത, Pramod Kooveryshort story,പ്രമോദ് കൂവേരിയുടെ ചെറുകഥ, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

അതുവഴിയന്നേരം വന്നുകൊണ്ടിരിക്കുന്ന രണ്ടുപേര്‍ക്കുനേരെ പുരികം വളച്ച് അലോറന്‍സ് സ്വകാര്യം പറഞ്ഞു “ഈ വരുന്ന രണ്ടെണ്ണവുമാണ് ഇപ്പള്‍ത്തെ കസ്റ്റോഡിയന്‍സ്.”

“ഈ പിള്ളേരോ?” ശ്രീരാമചന്ദ്രന്‍മാഷ് അവിശ്വനിയതോടെ മുഖത്ത് വില്ല് കുലച്ചു. പീറ്ററും റമീസും. വലിയ കൂട്ടുകാരാണ്. കാണുമ്പോള്‍ കാണുമ്പോള്‍ മുണ്ടഴിച്ച് ബഹുമാനിച്ചുകളയുന്ന ഇവമ്മാരുടെ മുന്നില്‍ തനിക്കെന്തോ വലിയ കുറവുണ്ടെന്ന് ശ്രീരാമചന്ദ്രന്‍മാഷിന് ഉള്‍ക്കിടിലത്തോടെ ബോധ്യമുണ്ടായി.

“മാര്‍ത്തേടെ പയ്യന്‍ കുട്ടിരത്നന്‍റെ കൂടെ പഠിച്ച പിള്ളേരാ രണ്ടും. ഇപ്പോളവന്‍റെ അപ്പന് പഠിക്കുവാ…”

അലോറന്‍സിന്‍റെ രണ്ടാമത്തെ വളിച്ച ചിരിയെ ഭേദിച്ചുകൊണ്ട് അവര്‍ മറ്റെങ്ങോട്ടോ നടന്നുപോയി. പിള്ളേരുടെ ശരീരത്തെ അസൂയയോടെ നോക്കിപ്പോയെങ്കിലും മാഷ് പെട്ടെന്ന് പിന്‍വലിച്ചു.

കുട്ടിരത്നന്‍റെ കൂടെ പീറ്റര്‍ വീട്ടില്‍ ചെന്നപ്പോഴായിരിക്കണം മാര്‍ത്തയോട് തന്‍റെ ഇംഗിതം അറിയിച്ചിട്ടുണ്ടാവുക. സ്വാഭാവികമായും പീറ്റര്‍ പറയുന്ന ഒരു സ്ഥലത്തെ ഒരു മരം അടയാളംവെച്ച് അവര്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകും. പക്ഷേ, പീറ്റര്‍ അതിന് മുമ്പേ കൂട്ടുകാരനായ റമീസിനോട് തനിക്ക് ലഭിക്കാന്‍ പോകുന്ന അസുലഭരതിയെ കുറിച്ച് ഇന്നസെന്‍റായി പറഞ്ഞുപോയി. അതുകേട്ട് റമീസിന് വല്ലാതെ ഇച്ഛാഭംഗമുണ്ടായി. കാരണം മാര്‍ത്തയെ ഇച്ഛിക്കാത്ത ഒരു പുരുഷനില്ല. റമീസിന്‍റെ സങ്കടം കണ്ട് കഷ്ടം തോന്നിയ പീറ്റര്‍ ഒരു ഉപായം പറഞ്ഞു. ഞാന്‍ ചെന്നിട്ട് ഒരു അരമണിക്കൂര്‍ കഴിയുമ്പോഴേക്കും നീ യാദൃച്ഛികാ സ്പോട്ടിലെത്തണം. അപ്പോള്‍ നമ്മളെ രണ്ടുപേരെയും നീ കയ്യോടെ പിടികൂടും. രക്ഷപ്പെടാന്‍ കഴിയാതെ ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ നിന്‍റെ കാര്യവും ഒരു മുടക്കവുമില്ലാതെ തരപ്പെടും.

പറഞ്ഞതുപ്രകാരം മലകയറി കിതച്ചുകൊണ്ട് റമീസ് വന്നു. മരച്ചോട്ടില്‍ പീറ്റര്‍ തളര്‍ന്നിരിക്കുന്നു. നിന്‍റെ ടൈമിംഗ് തെറ്റിയെന്നും മാര്‍ത്ത പോയെന്നും വേണമെങ്കില്‍ എന്‍റെ വിവരണങ്ങള്‍ കേട്ട് തൃപ്തിയടഞ്ഞോളൂവെന്ന് പറഞ്ഞ് പീറ്റര്‍ ഉള്ളുകുലുക്കിച്ചിരിച്ചു.

പീറ്ററുടെ മാരകവിവരണം കേട്ട് തലക്ക് ഭ്രാന്ത് പിടിച്ച റമീസ് രണ്ടാമത്തെ ദിവസം മറ്റൊരു മരത്തിന് തന്‍റെ പേരിട്ട് ആണത്വം തെളിയിച്ചെന്ന് നാടാകെ വിളിച്ചു പറഞ്ഞു.

എങ്കിലും അലോറന്‍സിനെയും നാട്ടുകാരെയുമടക്കം ഞെട്ടിച്ച സംഗതി മറ്റൊന്നാണ്. മാര്‍ത്തയുടെ രണ്ട് പെണ്‍മക്കളുടെയും കല്ല്യാണം മോഡിയായി കഴിഞ്ഞു എന്നുള്ളതാണ്. തള്ളേടെ പേരുദോഷം നിമിത്തം രണ്ടും എടുക്കാച്ചരക്കായി ജന്മം തീര്‍ക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. കാണാനോ രണ്ടും തീരെ വര്‍ക്കത്തില്ലാത്തതും. മൂത്തമകള്‍ ലില്ലിക്ക് കോങ്കണ്ണിയെന്നൊരു ഇരട്ടപ്പേരുമുണ്ടായിരുന്നു. പിള്ളേരോട് പ്രേമം മൂത്ത് വന്ന് കെട്ടിയതൊന്നുമല്ല. കാര്‍ണോര്‍മാര് വന്ന് അന്വേഷിച്ച് കഴിപ്പിച്ചതാണ്. മണിയന്‍റെ കുടുബസഹായമില്ലാതെ അന്തസ്സായി നാടടക്കം വിളിച്ചാണ് മാര്‍ത്ത രണ്ടിന്‍റെയും കല്ല്യാണം രണ്ടുകൊല്ലം ഇടവിട്ട് കഴിപ്പിച്ചയച്ചത്. അതും ജല്ലിക്കെട്ടിന് പോരുന്ന മൂരിക്കുട്ടമ്മാരെപ്പോലത്തെ രണ്ടെണ്ണം. ഇപ്പോ സ്വസ്തം സുഖജീവിതം. പക്ഷേ, രണ്ടും പെറ്റതള്ളയെ അതിനുശേഷം തിരിഞ്ഞുനോക്കാറില്ല. കുഴമ്പുവാങ്ങാന്‍ ഒരു പത്തുരൂപ കൊടുത്ത ബന്ധവുമില്ല. അവരായി അവരുടെ പാടായി.

“ഓലമെടഞ്ഞ വീട്ടിലെ മുട്ടവെളിച്ചം പോലെയാ കല്ല്യാണം കഴിയാത്ത പെമ്പിള്ളേരുടെ കാര്യം. നല്ലൊരു മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന പഴുതാണത്.”

വീട്ടില് രണ്ട് പെമ്പിള്ളേര് വളര്‍ന്നുനില്‍ക്കുന്നതിന്‍റെ വേവലാതി അലോറന്‍സിന്‍റെ വാക്കുകളിലുണ്ട്. അയാളുടെ ചുമലില്‍ കൈവെച്ച് ശ്രീരാമചന്ദ്രന്‍ മാഷ് വെറുതെ രണ്ട് തട്ടുതട്ടി.

മാര്‍ത്തയുടെ അവസാനത്തെ പ്രതീക്ഷ കുട്ടിരത്നനായിരുന്നു. അവന്‍ കുറച്ചുനാള്‍ ഗള്‍ഫില്‍ പോയി കണ്‍സ്ട്രക്ഷന്‍ വര്‍ക്കൊക്കെ ചെയ്തിരുന്നു. എന്താണെന്നറിയില്ല രണ്ടുവര്‍ഷം തികയുമ്പോഴേക്കും അവന്‍ തരിച്ചുവന്നു. അവനെ കൊണ്ടുപോയത് ബീയ്യത്തുമ്മയുടെ മകന്‍ സെയ്താലിയാണ്. സെയ്താലി നാട്ടില്‍ ലീവിന് വന്നാല്‍ മാര്‍ത്തയുടെ വീട്ടിലേക്കൊരു എടപ്പോക്കുണ്ട്. അതിന്‍റെ ഉപകാരസ്മരണയാണ് കുട്ടിരത്നന്‍റെ കടലേറ്റമെന്ന് ആര്‍ക്കാണറിയാത്തത്.

ഗള്‍ഫില് ഏതാണ്ട് അലമ്പാക്കിയിട്ടാണ് കുട്ടിരത്നന്‍ വന്നതെന്നാണ് സെയ്താലി നാട്ടിലേക്ക് വിവരം കൊടുത്തത്. രണ്ടുമാസം കഴിഞ്ഞ് ചെറൂണ്ണി മുതലാളിയുടെ അനന്തരവള്‍ക്ക് പതിനെട്ട് പൂര്‍ത്തിയാകുന്നതിന്‍റെ പിറ്റേന്ന് കടത്തിക്കൊണ്ടുപോയി ഏതോ അമ്പലത്തില്‍ നിന്ന് പെണ്ണുകെട്ടി വീട്ടില്‍ കൊണ്ടുവന്നു. അവള്‍ പറഞ്ഞതുപ്രകാരം ഇരിക്കപ്പൊറുതിയില്ലാതെ കുട്ടിരത്നന്‍ ഓടി വന്നതാണെന്ന് പിന്നീടാണ് നാട്ടുകാര്‍ക്ക് ബോധ്യമായത്.

കുട്ടിരത്നനെ തല്ലാനും കൊല്ലാനും ചെറൂണ്ണി കുറച്ചുപേരെ വഴിക്ക് നിര്‍ത്തിയെങ്കിലും തക്കത്തിന് കിട്ടാതെ അവന്‍ കാലാഹരണപ്പെട്ടു. പഴകിപഴഞ്ഞ കടംപോലെ രണ്ട് തെറിയില്‍ വരവുവെച്ച് ചെറൂണ്ണി മുതലാളിയും കൂട്ടരും അതങ്ങ് ക്ഷമിച്ചു.

പൊതുശത്രുക്കളില്ലെങ്കില്‍ മനുഷ്യന്മാര്‍ തമ്മിലടിച്ച് ഉണ്ടാക്കിക്കൊള്ളുമെന്ന് പറയുമ്പോലെ കുറച്ച് കഴിയുമ്പോഴേക്കും ഭാര്യയും കുട്ടിരത്നനും കൂടി പൊരിഞ്ഞ തല്ല് തുടങ്ങി. ഇടയില്‍ കയറിനില്‍ക്കുന്ന മാര്‍ത്തക്കും കിട്ടി രണ്ടുഭാഗത്ത് നിന്നും തല്ല്. ആരോട് പരാതി പറയാന്‍. എന്തെങ്കിലും പറഞ്ഞാന്‍ തന്നെ അമ്മച്ചിയോട് പറയേണ്ട വാക്കല്ല കുട്ടിരത്നന്‍ പറയാറ്.

കേള്‍വികേട്ട് ചെറൂണ്ണി വന്ന് അവളെ വിളിച്ചോണ്ടുപോയി. വയറ്റിലുള്ളത് കളഞ്ഞ് അവളെ എതെങ്കിലും അരക്കയ്യനെക്കൊണ്ട് കെട്ടിച്ചുവിടന്നതിനുമുമ്പേ വിളിച്ചോണ്ടുവാടാന്ന് പറഞ്ഞ് ഉന്തിവിട്ടവരെ അമ്പരപ്പിച്ചുകൊണ്ട് അവന്‍ ചെറൂണ്ണിയുടെ അടിമയായി അവിടെ തുടരുന്ന കാഴ്ചയാണ് കണ്ടത്.

 

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, Pramod Koovery, പ്രമോദ് കൂവേരി, Smartha,സ്മാര്‍ത്ത, Pramod Kooveryshort story,പ്രമോദ് കൂവേരിയുടെ ചെറുകഥ, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

“അവന്‍ പിന്നെ തിരിച്ചുവന്നില്ലേ?”

പ്രത്യേകിച്ചും ആലമ്പം വേണ്ടൊരു സമയത്ത് കുട്ടിരത്നന്‍റെ അപ്രതീക്ഷിത കളംമാറ്റം. മാര്‍ത്തയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകുമല്ലോ എന്നോര്‍ത്ത് ശ്രീരാമചന്ദ്രന്‍ മാഷ് ചോദിച്ചു
“മാര്‍ത്തക്ക് ഉപകാരായീന്നേ ഞാന്‍ പറയൂ… പറമ്പില് പോയി ചളുമ്പുകടി കൊള്ളേണ്ടല്ലാ…”
മലമോളിലെ സകല മരച്ചോട്ടില്‍ നിന്നും മാര്‍ത്തയുടെ കിടപ്പുമുറിയിലേക്ക് ഒരു ഊടുവഴി ടോര്‍ച്ചടിച്ചുവരുന്നത് അലോറന്‍സ് ഉമിനീരിറക്കി വിഭാവനം ചെയ്തുകൊണ്ടിരിക്കെ ശ്രീരാമചന്ദ്രന്‍ മാഷിന് മറ്റൊരും സംശയം ഊരിത്തിരിഞ്ഞു.

“അലോറന്‍സേ, ആരായിരിക്കും യഥാര്‍ത്ഥത്തില്‍ മാര്‍ത്തയെ നന്നായി തൃപ്തിപ്പെടുത്തിയിട്ടുണ്ടാവുക?”

ഓരോ തവണയും ഭാര്യയുമായി ബന്ധപ്പെട്ടതിന് ശേഷം നന്നായില്ലേ, സുഖംകിട്ടിയോന്ന് ചോദിക്കുന്ന തന്‍റെയുള്ളിലെ ഭീരുവാണ് ആ ചോദ്യം ചോദിച്ചതെന്ന് മാഷ് ഞെട്ടലോട് തിരിച്ചറിഞ്ഞു.

അലോറന്‍സ് ചിന്താനിമഗ്നനായി തലകുമ്പിട്ടു.

വീട്ടുമുറ്റത്തെ അയലില്‍ തൂക്കിയിട്ട വ്യത്യസ്ത പുരുഷലിംഗങ്ങളെ നോക്കി ഇന്ന് ഏതെടുക്കണമെന്ന് സംശയിച്ചുനില്‍ക്കുന്ന മാര്‍ത്തയുടെ ചിത്രം അവരുടെ സ്ക്രീനില്‍ തെളിഞ്ഞു.

“പെണ്ണുങ്ങളെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ കഴിവുള്ളോന്മാര് ജനിച്ചിട്ടുണ്ടോ? നടുവൊടിക്കുന്നതാണ് കേമത്തമെന്നാ വിചാരം…”

മാഷും കുറേനേരം ആലോചിച്ച് ചിറി വട്ടംവരച്ച് തലയാട്ടി സമ്മതിച്ചുകൊടുത്തു. അക്കണക്കിന് മാര്‍ത്ത ഭാഗ്യവതിയാണെന്ന് ശ്രീരാമചന്ദ്രന്‍മാഷും അലോറന്‍സും ഒരുപോലെ ധാരണയിലെത്തി. ഇന്നാട്ടില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ നമ്മള്‍ രണ്ടുപേര്‍ മാത്രമേ മാര്‍ത്തയെ ഇതുവരെ ഭോഗിക്കാത്തതുള്ളൂവെന്നും അങ്ങനെ നോക്കിയാല്‍ നമ്മള്‍ക്കെന്തോ അയോഗ്യത നിലനില്‍ക്കുന്നുണ്ടെന്നും തോന്നിത്തുടങ്ങുന്നതിനെ മറികടക്കാന്‍ മാഷ് തന്‍റെ മറ്റൊരു പ്ലാന്‍ അവതരിപ്പിച്ചു.

“മാര്‍ത്തയെ നല്ലനടപ്പിന് ഉപദേശിച്ചാലോ?”

പണ്ടൊരു മാഷ് മാര്‍ത്തയെ പിടിച്ചൊന്ന് വിരട്ടാന്‍ നോക്കിയതാണ്. ജീവിതകഥ കേള്‍ക്കുന്നതിനിടെ മാഷ് അബദ്ധത്തില്‍ മാര്‍ത്തയുടെ കടപ്പുറം സംസ്കാരമെന്നൊരു വാക്ക് ഉപയോഗിക്കുകയുണ്ടായി. നമ്മുടെ കടപ്പുറത്ത് നിങ്ങളുടെ പത്ത് സ്കൂള് തുറന്നാല്‍ ആരും മീങ്കറി കൂട്ടി ചോറ് തിന്നില്ലെന്ന് മാര്‍ത്ത തിരിച്ചടിച്ചപ്പോള്‍ വൈവിധ്യങ്ങളുടെ പ്രകൃതിവിജ്ഞാനം വിളമ്പാന്‍ കെല്‍പ്പില്ലാത്ത മാഷ് മെല്ലെ എഴുന്നേറ്റുപോയ ഒരു കഥയുണ്ട്
“ചില പെണ്ണുങ്ങളെ ഉപദേശിക്കരുത്…”

ശരിയാണെന്ന് തലയാട്ടി തല്‍ക്കാലം ഇന്നത്തേക്കുള്ള വിചാരണ നിര്‍ത്തി പോകാനായി ശ്രീരാമചന്ദ്രന്‍മാഷ് എഴുന്നേറ്റു. തലയില്‍ കൂനിക്കൂടിയിരുന്ന മാര്‍ത്തവിചാരം കൊണ്ട് ശരീരം ചൂടുകേറിയിരുന്നു. ഒന്നടക്കണം. പോകാന്നേരം പിന്നില്‍ നിന്ന് അലോറന്‍സ് വിളിച്ചുനിര്‍ത്തി മടിച്ചുകൊണ്ടൊരു കാര്യം പറഞ്ഞു.

“ഇന്നാട്ടില് മാഷ് മാത്രേമേയുള്ളൂ ബാക്കി…”

“അലോറന്‍സും ?”

അലോറന്‍സ് തലയാട്ടിക്കൊണ്ട് മുഖംതാഴ്ത്തി ചിരിച്ചു.

“ഒരു തവണ.”

ഇപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന അലോറന്‍സിന് പെട്ടെന്ന് പ്രത്യേകമായ ഒരു പൗരുഷം വന്നുചേര്‍ന്നതായി മാഷിന് തോന്നി. ആദ്യമായി കാണുന്നതുപോലെ മാഷ് അയാളെ നോക്കി. അത് സംശയത്തോടെയാണെന്ന് വിചാരിച്ച് അലോറന്‍സ് തന്‍റെ ഉള്ളുതുറക്കാന്‍ വ്യഗ്രതപ്പെട്ടു.

“അടയാളം വേണോ?”

“വേണ്ട.”

ശ്രീരാമചന്ദ്രന്‍മാഷ് തിരിച്ചു നടന്നു. കാലുകള്‍ മണ്ണിലുറക്കാതെ താന്‍ ഒറ്റപ്പെട്ടതായി അയാള്‍ തോന്നി. കുറച്ചുദിവസം ആ ഒറ്റപ്പെടലിന്‍റെ ഭാരം കനത്ത് മാഷ് നന്നേ ക്ഷീണിച്ചു. ആഹാരം തൊണ്ടയില്‍ നിന്ന് ഇറങ്ങാതായി. അകാശത്തേക്കുയര്‍ന്ന തുലാസിലെ തന്‍റെ തട്ടില്‍ നിന്ന് മാഷ് താഴോട്ട് നോക്കി. മലമുകളില്‍ മാര്‍ത്ത മലര്‍ന്നു കിടക്കുന്നു.

വിശ്വസിനിയാമാംവണ്ണം ഒരു കള്ളംപറഞ്ഞ് സുഹൃത്തിന്‍റെ കയ്യില്‍ നിന്ന് ശ്രീരാമചന്ദ്രന്‍മാഷ് മാര്‍ത്തയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി. മനസ്സിനെ ധൈര്യപ്പെടുത്തി വിളിച്ചു. ആദ്യത്തെ വിക്കിയ ശബ്ദത്തില്‍ തന്നെ മാര്‍ത്തയ്ക്ക് കാര്യം പിടികിട്ടിയിട്ടുണ്ടാവണം.

മാര്‍ത്ത ആരോടും വിസമ്മതം പറയാറില്ല.

മലമോളില്‍ ഒറ്റക്ക് വളര്‍ന്ന പുഴമരുത് മരം കണ്ടുവെച്ചു. പുഴക്കരയില്‍ നിന്ന് ഏതോ പക്ഷി കൊണ്ടിട്ടതാവണം അതിന്‍റെ വിത്ത്. തടിച്ചുനീണ്ടുവളര്‍ന്ന് അതിന്‍റെ ചോട്ടില്‍ ഒരു പുഴമെത്തയുള്ളതായി മാഷിന് തോന്നി.

Short Story,ചെറുകഥ, Malayalam Writer, മലയാളം എഴുത്തുകാർ, Pramod Koovery, പ്രമോദ് കൂവേരി, Smartha,സ്മാര്‍ത്ത, Pramod Kooveryshort story,പ്രമോദ് കൂവേരിയുടെ ചെറുകഥ, malayalam katha, malayalam kadha, മലയാളം കഥ, iemalayalam, ഐഇ മലയാളം, malayalam literature onlinil, online malayalam literature,മലയാളം സാഹിത്യം ഓണ്‍ലൈനില്‍, ie malayalam, ഐഇ മലയാളം

പതിവിലും സമയമെടുത്ത് കുളിക്കുന്നതിനിടെ ശ്രീരാമചന്ദ്രന്‍ മാഷ് തന്‍റെ ശരീരം നോക്കി ആദ്യമായി പുളകിതനായി. അയാള്‍ സ്വന്തം ശരീരത്തെ അഭിനന്ദിച്ചു. സന്ധ്യകഴിഞ്ഞ് ഇലകള്‍ക്കിടിയിലൂടെ നേരിയ ഇരുട്ടിറങ്ങുമ്പോള്‍ ഉണക്കിലകള്‍ പാറിവീഴുമ്പോലെ മാര്‍ത്ത പുഴമരുതിനടുത്തെത്തും.

ശ്രീരാമചന്ദ്രന്‍മാഷ് കാത്തിരുന്നു.

പുലരുംവരെ നിന്നിട്ടും മാര്‍ത്ത വന്നില്ല.

പുലര്‍വെളിച്ചത്തിന് ചുറ്റും നീണ്ടുനീര്‍ന്നു നില്‍ക്കുന്ന മരങ്ങളെ മാഷേന്തിനോക്കി.
ഓരോ മരവും കാത്തിരിക്കുന്ന പുരുഷന്മാരുടെ ഉയര്‍ന്ന ലിംഗങ്ങളാണെന്ന് മാഷ് തിരിച്ചറിഞ്ഞു.

നിരാശാഭരിതമായ ഒരുദിവസം എങ്ങനെയൊക്കെയോ തള്ളിനീക്കി മാഷ് വീണ്ടും മാര്‍ത്തയെ ഹൃദയമിടിപ്പോടെ വിളിച്ചു. തന്നെ കാട്ടിലേക്ക് പറഞ്ഞയച്ച് ആനന്ദിച്ചതിനെക്കുറിച്ചൊന്നും ശ്രീരാമചന്ദ്രന്‍മാഷ് ചോദിച്ചില്ല. മറിച്ച് മാര്‍ത്തയുടെ മകന്‍ കുട്ടിരത്നനെ കണ്ടുവെന്നും അവനെ കാര്യങ്ങള്‍ ഉപദേശിച്ചുവെന്നും മാത്രം കള്ളംപറഞ്ഞു.

കുട്ടിരത്നന്‍റെ മറുപടികേള്‍ക്കാനായി മാര്‍ത്തയുടെയുള്ളില്‍ കടല്‍ക്കോളിളകി.

ശ്രീരാമചന്ദ്രന്‍മാഷിന് ഉറപ്പുണ്ട്, അതുകേള്‍ക്കാന്‍ മാര്‍ത്ത ഇവിടെ വരും. മാഷ് തന്‍റെ കിടക്കവിരി ശരിയാക്കിവെച്ചു. കര്‍ട്ടനുകള്‍ നിവര്‍ത്തിവെച്ചു. മുമ്പിലത്തെ വാതില്‍ പാതി തുറന്നുവെച്ച് അകത്തെ മുറിയുടെ ജനല്‍പ്പഴുതിലൂടെ മാര്‍ത്ത വരുന്ന വഴിയിലേക്ക് കണ്ണ് കൂര്‍പ്പിച്ചു നിന്നു.

ഇലകള്‍ പോലുമറിയാതെ മാര്‍ത്ത നടന്നുവരുന്നത് ശ്രീരാമചന്ദ്രന്‍മാഷ് കണ്ടു. അയാള്‍ക്കിപ്പോ നന്നായറിയാം മാര്‍ത്ത രണ്ട് പെണ്‍മക്കളെ എങ്ങനെയാണ് വിവാഹം കഴിപ്പിച്ചയച്ചതെന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook