സീസുപാപ്പന്റെ മണം

“അവൾ മൂക്കു വിടർത്തി സിസു പാപ്പന്‍റെ തലഭാഗത്തിനടുത്തേക്ക് ചെന്നു. പതിയെ പതിയെ അത് പന്നി മുഖമായി മാറുന്നതു കണ്ട് അവൾ ഞെട്ടി”

“നല്ല നീളത്തിൽ തണ്ടോടെ മുറിക്കണം. നാടനായതോണ്ട് വണ്ണം കൊറവാ. കൊറേയേറെ വേണ്ടിവരും.”

“അതിനെന്നാ ചേച്ചി, വാ.’’
നിമ്മി, ചേച്ചി മിനിയോടൊപ്പം കറിക്കത്തിയും കത്രികയുമായി പുരയുടെ പടി ഇറങ്ങി.

അവരുടെയും റോസാന്റിയുടേയും ഫിലോ ആന്റിയുടെയും വീട്ടിലെ മുഴുവൻ റോസാകന്പുകളും മുള്ളോടെ മുറിച്ചെടുത്തു.പിന്നെ മേരിച്ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. ശരീരത്തിന്‍റെ ഏതൊക്കെയോ ഭാഗങ്ങളിൽ നീറ്റലും പുകച്ചിലു മുണ്ടായിക്കൊണ്ടിരുന്നെങ്കിലും മിനി അതൊന്നും കാര്യമാക്കിയില്ല.

രാവിലെ പെട്ടി വരും. അതിനുമുന്പേ അലങ്കരിക്കേണ്ട സാധനങ്ങൾ മുറിയിൽ എത്തിക്കണം.രണ്ട് ചാക്ക് റോസാപൂക്കൾ മൈസൂരിൽ നിന്ന് വരുത്തുന്നുണ്ട്. അതിനൊപ്പം നാടനും കൂടി മിക്സ് ചെയ്തു വയ്ക്കാം.ആറാട്ടുവഴി ഗ്രാമത്തിൽ ഏറ്റവും നന്നായി ശവപ്പെട്ടി അലങ്കരിക്കുന്നത് മിനിയായതുകൊണ്ടാണ് മേലേ വീട്ടുകാർ ആ ജോലി അവളെ ഏൽപ്പിച്ചത്. മാത്രമല്ല, അയൽപക്കവും അടുപ്പവുമുള്ളവരാ ണ്. സംഗതി വല്ല ഇവന്റ് മാനേജുമെന്റുകാരേയും ഏൽപ്പിക്കുന്നതിനു മുന്പ് പെട്ടിക്കാര്യം അവൾ ചോദിച്ചുറപ്പിക്കാനിരിക്കുകയായിരുന്നു.

മിനിയെ കണ്ടപ്പോഴാണ് മേഴ്സികുഞ്ഞമ്മയ്ക്ക് ശ്വാസം നേരെ വീണത്.താൻ അടുക്കളകളിൽ പുകഞ്ഞ് തീരുന്ന വിറകല്ലെന്ന് വല്ലപ്പോഴും തിരിച്ചറിയുന്നത് മിനിയുടെ വരവിലാണ്.

“നീ വരത്തില്ലേന്ന് ഞാൻ സംശയിച്ചു.” അവർ മിനിയുടെ ചെവിയിൽ അടക്കംപറഞ്ഞു.

അതുവരെ തുറക്കാത്ത ജനലുകളും വാതിലുകളും മലർന്നു കിടക്കുന്നതു കണ്ടപ്പോൾ, വീട് ശ്വാസംവിടുന്നത് ആരുടെയെങ്കിലുമൊക്കെ ശ്വാസം പോകുന്പോഴാണല്ലോ എന്നോർത്തുകൊണ്ട് മൊബൈൽ ഫ്രീസറിനുള്ളിൽ തണുത്തുറഞ്ഞു കിടക്കുന്ന സീസുപാപ്പനെ അടുത്തുചെന്ന് അവൾ കണ്ടു.. നിർവികാരതയോടും ഉറക്കച്ചടവോടും കൂടി ഇരുന്ന് മരിച്ച വിശ്വാസികളുടെ പ്രാർത്ഥന ഒരു വിശ്വാസവുമില്ലാതെ ചൊല്ലുന്നവരേയും കുറച്ചുമാറി കട്ടൻകാപ്പി ഊതിക്കുടിച്ച് വർത്തമാനം പറയുന്നവരേയും നോക്കിക്കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി.

“മിനി വന്നല്ലോ,ന്നാ സീസിനെ പെട്ടീലോട്ട് മാറ്റാം ല്ലേ?. പത്തുമണിക്ക് അച്ചൻ വരും. അതിനുമുന്പ് എല്ലാം റെഡിയാക്കണം.പൂവൊക്കെ തൊമ്മിക്കുഞ്ഞ് മൈസൂര്ന്ന് എത്തിച്ചിട്ടൊണ്ട്. എന്നാന്നു വച്ചാ വേഗം ചെയ്ത് പെട്ടീലാക്കി താ.”

ഫിലിപ്പച്ചായൻ അതും പറഞ്ഞ് പോയപ്പോൾ‌ മേഴ്സികുഞ്ഞമ്മ മിനിയുടെ ചെവിയിലേക്ക് കയറിയിരുന്നു പറഞ്ഞു.
“നീ വല്ലോം കേട്ടോ. ഈ ഫിലിപ്പച്ചായനാ സീസ് ഇങ്ങനെ കിടക്കുന്നതിന്‍റെ പിന്നിൽന്ന് ആരൊക്കെയോ പറേന്നത് കേട്ടു. പെണ്ണുകേസോ സ്വത്തുതർക്കോ എന്തൊക്കെയോ?”deepa mathew, story

“അപ്പോ അറ്റാക്കല്ലേ?”

“എവിടന്ന്… പണമൊള്ളോൻ വിചാരിച്ചാ കൊലപാതകം അപകടമരണമോ ആത്മഹത്യയോ അറ്റാക്കോ ഒക്കെ ആക്കത്തില്ലേ. നീ അറിഞ്ഞതായിട്ട് കാട്ടണ്ട.പോകണ്ടോരു പോയി, അല്ലേലും എവനൊക്കെ പോയതു നന്നായി.”

അതും പറഞ്ഞ് അവർ വയറിന്‍റെ ഇടതുഭാഗത്ത് അമർത്തിപ്പിടിച്ചു. അവിടെ പല്ലുകൾ താഴ്ന്ന ഒരു വാ വട്ടം ശ്വാസം കിട്ടാതെ കണ്ണുമിഴിച്ചു.

“സീസുപാപ്പന്‍റെ മോളില് വച്ചാ മാത്രം പോരെ. അതിന് ഇത്രേം തണ്ടും ഇലയും പൂവും വേണോ ചേച്ചി?.”

വലിയ കെട്ടാക്കി കൂട്ടിയ പൂവുകൾനോക്കിയുള്ള നിമ്മിയുടെ ചോദ്യത്തിന് മുള്ളുകൊണ്ടുള്ള കുത്തായിരുന്നു മിനിയുടെ മറുപടി.

“ഈ ചാക്കിലെന്നാ?”

മൂലയ്ക്ക് കിടന്ന ചാക്കുകെട്ട് ചൂണ്ടി അവൾ ചോദിച്ചു.

“കൂറമുള്ള്.”

“കൂറമുള്ളോ, അതെന്തിനാ. അതാരേലും വയ്ക്ക്യോ ?”

“ചിലർക്കൊക്കെ വെക്കും ”മിനി ഞെരിഞ്ഞിരുന്ന പല്ലുകൾക്കിടയിലൂടെ പറഞ്ഞു.

പിന്നെ നിമ്മി ചോദിക്കുകയോ മിനി മറുപടി പറയുകയോ ചെയ്തില്ല.

“നീ നിന്‍റെ പണി ചെയ്തോ,ഞാൻ പോകുവാ.ഇപ്പം കട്ടങ്കാപ്പിക്ക് ആളുവരും.”

ഇതും പറഞ്ഞ് സാരിത്തുന്പ് കുടഞ്ഞുകുത്തി മേഴ്സികുഞ്ഞമ്മ പോയപ്പോൾ അവിടമാകെ സീസുപാപ്പന്‍റെ മണം പരന്നു. അവൾ ശവപെട്ടിയിലേക്ക് നോക്കി. ആറടിയിലധികം നീളം. പുറം നന്നായി പോളീഷ് ചെയ്തിട്ടുണ്ട്.വശങ്ങൾ സ്വർണ്ണ ലേയ്സ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വെള്ളലെയ്സുകൊണ്ട് കുരിശും വച്ചിട്ടുണ്ട് .

അവൾ നീളമുള്ള റോസാകമ്പുകൾ മാത്രം തെരഞ്ഞെടുത്ത് അടുക്കി കട്ടിലിന്‍റെ ഒരു വശത്ത് വച്ചു.സാധാരണ പഴയ ചെറിയ മെത്തയോ തലയിണയോ വച്ചാണ് ശവം പൊക്കുന്നത്. എടുക്കുമ്പോൾ അങ്ങുമിങ്ങും മാറാതിരിക്കാൻ വേണ്ടി രണ്ടു വശങ്ങളിലുമായി കുറേ പഴന്തുണിയും തിരുകി വയ്ക്കും. അതിനുമുകളിൽ പൂക്കൾ കൊണ്ട് അലങ്കരിക്കും.ആരും കാണില്ല അലങ്കാരത്തിനടിയിലെ അഴുകിയ കാഴ്ചകൾ.

മുറിയുടെ മൂലയിൽ വീതി കുറഞ്ഞ ഒരു മെത്തയും തലയിണയും കുറെ വെള്ളത്തുണികളും മിനി കണ്ടെങ്കിലും അതൊന്നും അവളെടുത്തില്ല . തലേന്ന് രാത്രി കരോട്ട് പറന്പിൽ നിന്ന് വെട്ടിയ കൂറമുള്ള് ചാക്കിൽനിന്നെടുത്ത് വളരെ ശ്രദ്ധയോടെ അവൾ പെട്ടിയുടെ അടിയിൽ കട്ടിയിൽ തന്നെ മെത്തയൊരുക്കി.അതിനുമുകളിൽ നാടൻ റോസക്കന്പുകൾ നിരത്തി.deepa mathew,story

“ചേച്ചീ ഇതെന്തിനാ ? മുള്ളൊക്കെ. സീസുപാപ്പന്‍റെ മേത്ത് കുത്തത്തില്ലേ?”

വെള്ളിനൂൽ പാകിയ പച്ച റിബണിന്‍റെ നന്ദി നിറഞ്ഞ മനസോടെ നിമ്മി ചോദിച്ചു.
ചിരിച്ചുകൊണ്ട് മിനി അവളുടെ തലയിൽ തലോടി.

കതകുതുറന്ന് ബോഡി കൊണ്ടുവരാൻ അവൾ അവിടെ നിന്നവരോട് പറഞ്ഞു.അവർ ഫ്രീസറിന്‍റെ അടപ്പു മാറ്റി ശവം മുറിയിലേക്കെടുത്തു. പെട്ടിയിൽ വയ്ക്കുന്പോൾ അടിഭാഗത്ത് പച്ചകണ്ട് ഒരാൾ ചോദിച്ചു.
“ഇതെന്നാ കൊച്ചേ എലമേലാന്നോ കെടത്തുന്നേ?.”

“ഇപ്പോൾ ഇതാ ട്രെന്റ് ജൈവം.”

“ആയിക്കോട്ടെ നീ പറയുന്നതിനപ്പുറമില്ല” എന്നു പറഞ്ഞ് അവർ ശവം പെട്ടിയിലേക്ക് വയ്ക്കാനൊരുങ്ങി. അടിഭാഗം പിടിച്ചവരുടെ കയ്യിൽ മുള്ളുകൾ കൊള്ളുന്നുണ്ടെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കി. പക്ഷെ ആരും അത്ര കാര്യമായെടുത്തില്ല. പക്ഷെ തലഭാഗം പിടിച്ച ഫിലിപ്പച്ചായൻ മാത്രം കൈവലിച്ചു. അതുകൊണ്ട് തല ചെറുതായി തൂങ്ങി ശവം പെട്ടിയിലേക്ക് വീണു. മുള്ളുകൾ ഞെരിഞ്ഞമരുന്നതു കേട്ട് മിനിയുടെ കണ്ണുകൾ വിടർന്നു.

“ഇനി നിനക്ക് വിട്ടു തന്നിരിക്കുന്നു. എന്താന്നു വച്ചാ വേഗം ആയിക്കോ.രണ്ടു മണിക്കൂറേ ഒള്ളു അച്ചൻ വരാൻ.” എന്നു പറഞ്ഞ് അവരെല്ലാം മുറിക്കു പുറത്തിറങ്ങി. ഒപ്പം അവൾ നിമ്മിയെയും പുറത്തിറക്കി .മുറിയിൽ മിനിയും സീസു പാപ്പനും റോസാ പൂക്കളും മുള്ളുകന്പുകളും നിമ്മി എപ്പോഴും കൊതിക്കുന്ന സീസുപാപ്പന്‍റെ മണവും മാത്രം.

അവൾ മൂക്കു വിടർത്തി സിസു പാപ്പന്‍റെ തലഭാഗത്തിനടുത്തേക്ക് ചെന്നു. പതിയെ പതിയെ അത് പന്നി മുഖമായി മാറുന്നതു കണ്ട് അവൾ ഞെട്ടി. പന്നിക്കുഴിയിലെ നാറ്റം മുറിയാകെ നിറഞ്ഞു. തീട്ടം തിന്നുന്ന പന്നിയുടെതു പോലെ അയാളുടെ മൂക്ക് വല്ലാതെ വിടർന്നു നിന്നു.
“മിനിയേയ് വേഗം വേണം, ആൾക്കാര് മുറ്റം നിറഞ്ഞു.”സീസുപാപ്പന്‍റെ അനുജൻ ബെന്നിപ്പാപ്പൻ ഇതു പറയാൻ ജനൽ തുറന്നില്ലായിരുന്നെങ്കിൽ സീസുപാപ്പന്‍റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയേനെ. അവൾ റോസാക്കന്പുകൾ അടുക്കിയെടു ത്ത് അയാളുടെ ഷർട്ടിന്‍റെ ബട്ടൻസ് ഉൗരി നെഞ്ചിൽ അമർത്തി. രക്തം പൊടിയ ണം. പിന്നെ അയാളുടെ ചുളിയാത്ത കസവുമുണ്ടഴിച്ചു. തന്‍റെ സ്വപ്നങ്ങളെയും നിറങ്ങളെയും ഒറ്റ പകലുകൊണ്ട് ഇല്ലാതാക്കിയ, വെറുപ്പിന്റെ ഇറുകിയ കണ്ണുക ൾ തനിക്കു നൽകിയ ആ ഇടം അലങ്കരിക്കാൻ കൂർത്ത വലിയ മുള്ളുകളുള്ള മൂന്നു കന്പുകൾ അവളെടുത്ത് അമർത്തിപ്പിടിച്ചു. തന്‍റെ കൈയിൽ മുള്ളുകൾ ആഴ്ന്നിറങ്ങിയതും ചോര പൊടിഞ്ഞതും അവൾ അറിഞ്ഞില്ല. പിന്നെ ഒറ്റവെട്ടിന് പാകപ്പെടുത്തി. ഇവിടം വെള്ള റോസാപ്പൂകൊണ്ട് അലങ്കരിക്കാം. പതിയ പതിയെ ചുവക്കട്ടെ. അവൾ തന്നോടു തന്നെ പറഞ്ഞുറപ്പിച്ചു.

റോസാ കന്പുകൊണ്ട് തുടകളിൽ അവൾ തലങ്ങും വിലങ്ങും വരഞ്ഞു. ഇരു വശങ്ങളിലുമായി റോസാ കന്പുകൾ അടുക്കി. താഴെയും മുകളിലും വശങ്ങളിലും മുള്ളുകന്പുകൾ കുത്തിയിറക്കി ഉറപ്പിച്ച് അയാളുടെ ഇളക്കത്തെ ഇല്ലാതാക്കി. അതിനു മുകളിൽ പൂക്കൾകൊണ്ട് മറച്ചു.deepa mathew ,story

“മിനിക്കൊച്ചേ ഒരു കൊന്ത പോലെ പൂക്കളിടാം. ജീവിച്ചരിന്നപ്പോഴോ ഒരു കൊന്ത അവൻ ഇട്ടിട്ടില്ല. ഇപ്പഴെങ്കിലും ഒന്നിടീച്ചാൽ അതൊരു പുണ്യമായേനേ. ശുദ്ധീകരണ സ്ഥലത്തു ചെല്ലുന്പോ ഈയൊരു ഇളവെങ്കിലും അവനു കിട്ടട്ടെ” എന്നു പറഞ്ഞാണ് അരിവിത്താനത്തു നിന്നു വന്ന എളേമ്മ അങ്ങോട്ട് തള്ളിക്കയറി വന്നത്. അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മിനി തീരുമാനിച്ചു. അങ്ങനെ വെള്ളപ്പൂക്കൾ നിരത്തിക്കഴിഞ്ഞ് 69 ചുവന്ന റോസാപൂക്കൾ കൊണ്ട് കൊന്തയും തീർത്തു. കൂപ്പിപ്പിടിപ്പിച്ച കൈയിൽ ഒരു കുരിശുരൂപവും വച്ചു. തലയ്ക്കൽ വയ്ക്കാനുള്ള ചെണ്ടൊരുക്കി. ശവത്തിലിടാൻ റോസാപൂക്കൾ അടർത്തി ഒരു താലത്തിലും വച്ചു. ഇത്രയേറെ റോസാപൂക്കൾ വച്ചിട്ടും പന്നിക്കുഴിയുടെ നാറ്റം അവിടെയാകെ തങ്ങി നിൽക്കുന്നുണ്ടെന്നു മിനിക്കു തോന്നി.

“മിനിയേയ്, ആംബുലൻസു കൂടി അലങ്കരിക്കണേ. മുല്ലപ്പൂ വണ്ടിയിൽ തന്നെയുണ്ട്. ഒരു കൊറവും ഒന്നിനും വേണ്ട. ആംബുലൻസിന് മുന്പു പോകുന്ന വണ്ടിയിൽ നിന്നും പൂക്കളിടാൻ കുറച്ച് പിള്ളരെ പറഞ്ഞു നിർത്തിയിട്ടൊണ്ട്. അവർക്കു കൂടി കൊറച്ച് കൊടുത്തേര്.. കൊറവാക്കണ്ട. വല്യ ആഡംബര പ്രിയനായിരുന്നല്ലോ സീസ്.” അതുപറഞ്ഞ ഫിലിപ്പച്ചായൻ കണ്ണുകൾ ഇറുക്കുന്നത് മിനി വ്യക്തമായി കണ്ടു.

“ഒന്നു വേഗം വേണം അച്ചമ്മാരൊക്കെ ഇപ്പം വരും. ” ഫിലിപ്പച്ചായൻ ധൃതി വെച്ചു.

മുറ്റത്തെ മേശ വെള്ളത്തുണിഞ്ഞൊറിഞ്ഞിട്ട് അതിനിടയ്ക്കിടയ്ക്ക് ചെറിയ റോസാപൂമൊട്ടുകൾ വച്ച് അലങ്കരിച്ചപ്പോഴേക്കും അച്ചമ്മാരും കന്യാസ്ത്രീകളും കൂട്ടത്തോടെ വന്നു തുടങ്ങി. ശവപ്പെട്ടി മുറ്റത്തെ അലങ്കരിച്ച പന്തലിന് നടുവിലുള്ള മേശയിലേക്ക് വഹിക്കപ്പെട്ടു. വിളക്കു കാലുകൾക്ക് ഇരുവശത്തും പുകഞ്ഞുനിന്ന സാന്പ്രാണികൾ അവിടെമാകെ മരണ മണം പരത്തി.
“ഇത് മൂന്നാം പക്കമാ കുറച്ച് സ്പ്രേ അടിച്ചേക്കാം. എങ്ങാനും മണത്താലോ?” എന്നു പറഞ്ഞ് ഫിലിപ്പച്ചായൻ സ്പ്രേയുമായി എത്തി. നിമ്മി മുക്കുവട്ടം പിടിച്ചു. അവൾക്ക് പണ്ട് സീസുപാപ്പൻ നൽകിയ വെള്ളി നൂലുപാകിയ പച്ചറിബണിന്‍റെ അതേ മണം. അവൾ കൊതിയോടെ സ്പ്രേ കുപ്പിയിലേക്ക് നോക്കി.
മേഴ്സിക്കുഞ്ഞമ്മ അടുത്തുവന്ന് മിനിയുടെ ചെവിയിൽ പറഞ്ഞു. “എന്തൊക്കെ അടിച്ചാലും ഈ നാറ്റം മാറത്തില്ല”

മിനിയുടെ കണ്ണ് മിഴിഞ്ഞു. സ്പ്രേ മണത്തെ തള്ളിമാറ്റി വീണ്ടും നാറ്റം മൂക്കിലേക്കടിച്ചുകയറി. സീസുപാപ്പന് പന്നി മുഖമാണെന്ന് വീണ്ടും അവൾക്ക് തോന്നി.
‘മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ…
കൂടെപ്പോരും നിൻ ജീവിത ചെയ്തികളും…
സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ….’
ടേപ്പിൽ നിന്ന് ഉയർന്ന മരണപ്പാട്ടിനോട് ചേർന്ന് മേഴ്സിക്കുഞ്ഞമ്മ പറഞ്ഞു.
“എന്തൊക്കെ ചെയ്തന്നാലും കർത്താവതൊന്നും പൊറുക്കത്തില്ല മാനെ”.

അതു പറയുന്പോൾ തുടയിടുക്ക് പൊള്ളിയാൽ എന്നതു പോലെ കാലുകളകറ്റി അവർ നിലത്തിരുന്നു. മിനി, മേഴ്സിക്കുഞ്ഞമ്മയുടെ കണ്ണുകളിലേക്ക് നോക്കി. തിരിച്ചറിയുന്ന നാലു കണ്ണുകൾ. ഉണങ്ങിയ ചുള്ളിക്കൊന്പെടുത്ത് അവർ മണ്ണിൽ വെറുതേ വരച്ചുകൊണ്ടിരുന്നു.

ഒപ്പീസ് നിർത്തുന്പോൾ ടേപ്പ്, നിർത്തിച്ച ഒപ്പീസ്. പരേതാത്മാവിനെ പരലോകത്തേയക്കുന്ന മത്സരം. കാണാനും കേൾക്കാനുമാകാതെ പന്നിക്കുഴിയുടെ നാറ്റത്തിൽ നിന്ന് മേഴ്സികുഞ്ഞമ്മയും മിനിയും പശുത്തൊഴുത്തിന്‍റെ ഒരുവശത്തേക്ക് മാറിനിന്നു.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Sisu papante manam short story deepa mathew

Next Story
ഗർഭപാത്രത്തിന്റെ ഉള്ളിൽ മരങ്ങളെ പാർപ്പിക്കുന്നവൾrahul manappattu ,poem, malayalam poem
The moderation of comments is automated and not cleared manually by malayalam.indianexpress.com