ശ്വാസം

1
ആട്ടിൻ ചൂരുള്ള കമ്പിളിയിൽ നിന്നും രണ്ട് ശ്വാസങ്ങൾ
മുകളിലേക്കുയരുന്നു.
ശ്വാസം കൊണ്ട് മീട്ടാവുന്ന
ഉപകരണങ്ങളായി
രണ്ടുടലുകൾ മുറിയ്ക്കുള്ളിൽ.

2
അടിവയറിന്റെ ചൂടിന്
ഗർഭകാലത്തിന്റെ മണമുണ്ട്.
ഇരുട്ടു കൊത്തി തിന്നുന്ന
മീനുകളുടെ നദി
മണത്തിലലിഞ്ഞിട്ടുണ്ട്
ഗുഹാ ചിത്രങ്ങളെക്കാൾ
പ്രാചീനമായ ലിപികളുടെ ജ്യാമിതിയിലാണ്
അടിവയർ മടക്കുകളുടെ ആമുഖം.

avinash udayabhanu,poem

3
വയറിൽ നിന്നും മുലകളിലേക്ക്
നീളുന്ന
ശ്വാസത്തിന്റെ തുരങ്കം.
പിങ്ക് നിറത്തിൽ മുലക്കണ്ണുകളുടെ
വഴിവെളിച്ചം.

4
ഓരോ ശ്വാസത്തിലും വികസിക്കുന്ന
രാത്രിയുടെ ബലൂൺ.
കൈത്തണ്ടയിൽ നിന്നും ബലൂണിലേക്ക്
മിന്നാമിനുങ്ങുകളുടെ ചരട്.
ശ്വാസത്തിന്റെ കാവലിൽ രാത്രിയുറങ്ങുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ