_&-+()/₹#@≤≥≠©®™=°^¢$€£~`|•√π÷×¶∆±℅
1
ഒരു സ്ഥലത്ത് ഒരു വനിതാനോവലിസ്റ്റും അവർക്ക് ഒരു ഭർത്താവും ഒരു കാറും ഉണ്ടായിരുന്നു. അവർ അതിപ്രശസ്തയായിരുന്നു. ധാരാളം പുരസ്കാരങ്ങൾ കിട്ടിയ അവരെ കാണാൻ ആരാധകർ നിത്യവും വരുമായിരുന്നു.
2
ഒരുദിവസം. കുറെ ആരാധകർ വീട്ടിൽ വന്നു. അപ്പോൾ ഭർത്താവ് അടുക്കളയിലായിരുന്നു. തന്നെ ആരും ഗൗനിക്കുന്നില്ലെന്ന് കണ്ട് അയാൾക്ക് വലിയ സങ്കടം തോന്നി. അയാൾ ഇപ്രകാരം ആത്മഗതം ചെയ്തു:
_&-+()/₹#@≤≥≠©®™=°^¢$€£~`|•√π÷×¶∆±℅
3
പൊതുപരിപാടികൾക്ക് പോകുമ്പോൾ അയാളായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. നോവലിസ്റ്റ് പിൻസീറ്റിൽ ചാരിക്കിടന്ന് ടാബിൽ പ്രസംഗം പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കും.
ഒരുദിവസം ഒരു പട്ടണത്തിൽ പ്രസംഗമൊക്കെ കഴിഞ്ഞ് നോവലിസ്റ്റ് ആട്ടോഗ്രാഫുകൾ ഒപ്പിട്ടു കൊണ്ടിരുന്ന നേരത്ത് അയാൾ കാറിന്റെ ബോണറ്റിൽ ചാരി നിന്ന് ഇങ്ങനെ ആത്മഗതം ചെയ്തു:
_&-+()/₹#@≤≥≠©®™=°^¢$€£~`|•√π÷×¶∆±℅
4
വർഷങ്ങൾ കടന്നു പോയി. നോവലിസ്റ്റും അവരുടെ ഭർത്താവും മരിച്ചു. കൃതികൾ ആരും വായിക്കാതെ ചിതലെടുത്തും കാർ തുരുമ്പെടുത്തും പോയി. എന്നാൽ, ഭർത്താവ് എപ്പോഴും പറയാറുള്ള ആ വാചകം മാത്രം മരണമില്ലാതെ തുടർന്നു:
_&-+()/₹#@≤≥≠©®™=°^¢$€£~`|•√π÷×¶∆±℅
സ്വർഗ്ഗാരോഹണം
ഇന്ദ്രരഥം മടങ്ങി. വെള്ളിമേഘങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമായി. ഇപ്പോൾ ആ മഹാ ശൈലത്തിന്റെ മകുടത്തിൽ നായയും യുധിഷ്ഠിരനും മാത്രമായി. ഇന്ദ്രൻ അവസാനം പറഞ്ഞ വാക്കുകൾ ഇടിമുഴക്കം പോലെ നായയുടെ ശിരസ്സിൽ നിന്നു വിങ്ങി:
“ഇത് സ്വർഗ്ഗമാണ് യുധിഷ്ഠിരാ, അവിടെ നായകൾക്ക് പ്രവേശനമില്ല. സ്വർഗ്ഗം എന്നാൽ നിത്യമായ ഖ്യാതി എന്നാണ്.”
“എന്നാൽ ആ ഖ്യാതി എനിക്ക് ആവശ്യമില്ല” ധർമ്മരാജാവ് ഉറപ്പിച്ചു പറഞ്ഞു.
“നോക്കൂ, ഭീഷ്മരും ദ്രോണരും എന്തിന് കൃഷ്ണൻ പോലും മരണാനന്തരം മാത്രം എത്തിച്ചേർന്ന സ്വർഗ്ഗമാണ്. അവിടേക്ക് ഉയിരോടെ എത്താനുള്ള അവസരമാണ് അങ്ങ് നഷ്ടപ്പെടുത്തുന്നത്.”
നായ അതുകേട്ട് ദയനീയമായി ധർമ്മപുത്രരെ നോക്കി. അതിന്റെ ഉടലിൽ അസ്ത്രങ്ങളേറ്റ പാടുകളുണ്ടായിരുന്നു. നടന്നതിന്റെ ക്ഷീണം മുഖത്തും.
“ഇല്ല. എന്നെ ആശ്രയിക്കുന്നവരോട് മൃഗമെന്നോ മനുഷ്യനെന്നോ എനിക്ക് ഭേദമില്ല.”
ധർമ്മരാജാവിന്റെ മറുപടി കേട്ട് ഇന്ദ്രൻ മുഖം ചുളിച്ചു. ഇനിയും ഇയാളോട് പറയുന്നതിൽ അർത്ഥമില്ല. അരയന്നങ്ങളാൽ നയിക്കപ്പെട്ട രഥത്തിലേക്ക് കയറി ഇന്ദ്രൻ പറന്നകന്നു.
ആശ്രിതനായ മൃഗത്തിനു വേണ്ടി നിത്യസ്വർഗ്ഗവും നിതാന്ത സുഖങ്ങളും ഉപേക്ഷിച്ച രാജാവ് അപ്പോഴും ശാന്തനായിത്തന്നെ ഇരുന്നു. എങ്ങും കാണാത്ത കരുണയുടെ പ്രഭയിൽ ആ മുഖം പ്രകാശിച്ചു.
പെട്ടെന്നാണ് അവിടം ആകെ മാറിയത്. ലോകത്തുള്ള മൃഗജാതികൾ ഒന്നാകെ മലകയറി വന്നു. ഒരു ദേവതയെ തേടുകയായിരുന്നു അവർ. അവർ എല്ലാവരും ചേർന്ന് പൂക്കൾ കൊണ്ടൊരു സ്വർഗ്ഗം തീർത്തു. മൃഗത്തിന്നായി സ്വർഗ്ഗം ഉപേക്ഷിച്ച രാജാവിന്റെ കാരുണ്യത്തെ സ്വർഗ്ഗത്തിനുളളിൽ പ്രതിഷ്ഠിച്ചു.
മിണ്ടാപ്രാണികളുടെ മനസ്സുകളിൽ അയാൾ ഉയിരോടെ നിത്യഖ്യാതിയിലേക്കുയർന്നു.
ചക്രവ്യൂഹം
ആയിരം കാലുകൾക്കടിയിൽ ജീവനെ അടക്കിപ്പിടിച്ച് തേരട്ട ദേശീയപാത മുറിച്ചുകടക്കാനിറങ്ങി.
ആദ്യചുവട് വച്ചപ്പോൾത്തന്നെ പാഞ്ഞടുത്ത പാണ്ടിലോറിക്കടിയിൽ അത് ചുരുണ്ടു കൂടി.
അത് തുടക്കം മാത്രമായിരുന്നു. വാഹനങ്ങളുടെ മുഴക്കം കേട്ട് അവൻ ഭയന്നു വിറച്ചു.
ആർജ്ജിച്ചെടുത്ത ധൈര്യം മാത്രം ബലമാക്കി ജീവിതത്തിന് കുറുകെ നടന്നു ആ അന്ധൻ.
ആയിരം ചക്രങ്ങളുടെ ഭയപ്പെടുത്തുന്ന ഒച്ചകൾ കടന്ന് ഒടുവിൽ അവൻ നെടുംപാതയുടെ മറുകരയിലെത്തി. തലയുയർത്തി ദൈവത്തിന് സ്തുതി പറഞ്ഞു. വിജയിയായി ഉൻമാദിച്ചു.
ഉന്മാദമടങ്ങിയപ്പോൾ തേരട്ട ഇങ്ങനെ ആത്മഗതം ചെയ്തു:
‘ചക്രവ്യൂഹങ്ങൾക്കിടയിലെ ഉരുണ്ടു പിരളലാണ് ജീവിതം.’
മലയാളി
എഴുപതുകളിൽ ഡൽഹിയിൽ താമസിച്ചിരുന്ന കാലത്ത് ഒരു മലയാളിയും തമിഴനുമായിരുന്നു എന്റെ റൂം മേറ്റ്സ്.
ഏതൊരു തമിഴനെയും പോലെ അയാളും ഒരു സിനിമാഭ്രാന്തനായിരുന്നു. മലയാളിയാകട്ടെ വായനക്കാരനും. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലായിരുന്നു (അത് മാത്രമായിരുന്നു) അയാൾ സ്ഥിരമായി വായിച്ചിരുന്നത്. ഇടനേരത്തെല്ലാം നോവലും കൈയിൽ പിടിച്ച്, ഭയങ്കരമായ ചിന്തകളിൽ മുഴുകി അയാൾ ഒറ്റക്കിരിക്കും.
ഡൽഹി നഗരം വിട്ടതിൽപ്പിന്നെ മലയാളിയെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുകയായിരുന്നു.
ഈയിടെ ബാംഗ്ലൂരിൽ ഒരു പാർട്ടിയിൽ വെച്ച് തമിഴനെ ഞാൻ കണ്ടുമുട്ടി. അയാൾ ഇപ്പോഴും ഡൽഹിയിൽത്തന്നെയാണ്. കണ്ടപാടെ ഞാനയാളോട് മലയാളിയെപ്പറ്റി ചോദിച്ചു. അയാൾ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്:
‘മലയാളിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. രാവിലെയും ഉച്ചക്കും വൈകുന്നേരവും അയാൾ ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചു കൊണ്ടിരിക്കുകയാണ്.’
ഡോസ്റ്റോയെവ്സ്കി
ചിത്രത്തിൽ നോക്കിയിരുന്നപ്പോൾ എനിക്ക് ഞാൻ ഡോസ്റ്റോയെവ്സ്കിയാണെന്ന് തോന്നി. അതേ കണ്ണുകൾ. അതേ മൂക്ക്. ചെവി.
ഉടൻതന്നെ ഞാൻ ‘കാരമസോവ് സഹോദരന്മാർ’ വായിക്കാൻ തുടങ്ങി.
അങ്ങനെ വായിക്കാൻ തുടങ്ങിയതും ഞാൻ ഡോസ്റ്റോയെവ്സ്കി അല്ലെന്ന് എനിക്ക് തോന്നാൻ തുടങ്ങി.
ഞാൻ പിന്നെയും ചിത്രത്തിലേക്ക് നോക്കി.
എന്റെ കാമുകിയെക്കുറിച്ച്
നോക്കൂ, എന്റെ കാമുകി ലോകത്തിലെ ഏറ്റവും വിശേഷപ്പെട്ട വനിതയാണ്. ഏറ്റവും സുന്ദരിയും അവൾ തന്നെ.
അവൾക്ക് രണ്ട് കാലുകളും രണ്ട് കണ്ണുകളുമുണ്ട്. അവയോ, നീല ഞാവൽപ്പഴങ്ങളാണ്. അവളുടെ ചർമ്മം ചെന്തേങ്ങയുടെ പുറംതോടുപോലെ മിനുസമാർന്നതാണ്. കണങ്കാലുകളിൽ നൃത്തം ഒളിച്ചുവസിക്കുന്നു. ചുണ്ടുകളിൽ സംഗീതവും.
അല്ല, എന്റെ കാമുകിക്കും ഇത്തരം വിശേഷങ്ങളുണ്ടല്ലോ, എന്നാണ് നിങ്ങളിപ്പോൾ ചിന്തിക്കുന്നതെങ്കിൽ, പ്രിയ ചങ്ങാതീ, എനിക്ക് നിങ്ങളോട് സഹതാപം മാത്രമേ തോന്നുന്നുള്ളു; എന്നറിയിക്കട്ടെ.
AD 2050
ആകാശചാരിയായ ഒരു കൃത്രിമ ഉപഗ്രഹം ഫ്ലാറ്റിനടിയിൽ ജലസാന്നിധ്യം കണ്ടെത്തിയ ദിവസം മുതലാണ് ഞങ്ങളുടെ സ്വസ്ഥത തകർന്നത്. ലോകത്തിന്റെ പല കോണുകളിൽ നിന്നും ശാസ്ത്രജ്ഞരും പര്യവേഷകരും വന്നു. ഘനയന്ത്രങ്ങൾ മുഴങ്ങി. താമസിയാതെ ഫ്ലാറ്റ് നിലംപൊത്തി.
ഭൂമിയുടെ വാർഷിക വലയങ്ങൾ തകർത്ത് യന്ത്രക്കൈകൾ ജലം തേടിയാഴ്ന്നു. ആദ്യ പാളികളിൽ തകർന്ന കോൺക്രീറ്റായിരുന്നു. അതിനും താഴെ പ്ലാസ്റ്റിക്കിന്റെ അട്ടികൾ. വീണ്ടും ആഴത്തിലെത്തിയപ്പോൾ കൂട്ടക്കൊലയിൽ മരിച്ചവരുടെ, പൊട്ടിയ തലയോട്ടികൾ.
ഹൊ!
ഒടുവിൽ ശീതളിച്ച ഒരു പാടത്ത് യന്ത്രക്കൈകൾ ചെന്ന് പൂഴ്ന്നു നിന്നു
അവിടം ജീവനുള്ള ഒരു ഗ്രാമമായിരുന്നു. തെളിവെള്ളമൊഴുക്കുന്ന കൈത്തോടിന്റെ കരയിലിരുന്ന് ഒരു വൃദ്ധൻ ചൂണ്ടയിടുന്നു. കുടിലിന്റെ വശത്തിട്ട അമ്മിക്കല്ലിൽ ചമ്മന്തിയരക്കുന്ന ഒരമ്മുമ്മ. കുലച്ചു നിൽക്കുന്ന കദളി വാഴ. വാഴക്കൈയിൽ ഒരു കാക്ക. പാണ്ടി കളിക്കുന്ന പെൺകുട്ടി.
‘കൊക്കൊക്കൊക്കൊക്കകോ….. കോ….’ അതാ നോക്കൂ, മുറ്റത്തൊരു പൂവൻകോഴി.
ബുദ്ധന്റെ ചിരി*
പണ്ട്, ബുദ്ധൻ ചിരിക്കുമ്പോൾ
ലോകം കൂടെച്ചിരിക്കുമായിരുന്നു.
ഇന്ന്, ബുദ്ധൻ ചിരിക്കുമ്പോൾ
ലോകം ഞെട്ടിത്തെറിക്കുന്നു.
*(ബുദ്ധന്റെ ചിരി : ഇന്ത്യയിൽ നടന്ന അണു പരീക്ഷണത്തിന്റെ കോഡ്)
അഷ്ടമുടി
പാലത്തിലൂടോടുമ്പം
പാലത്തിലും വെള്ളത്തിലും ട്രെയിൻ.
അത്ഭുതം!
എഞ്ചിൻ പാലം കടന്നപ്പം,
വെള്ളത്തിൽ മാത്രം ട്രെയിൻ.
ഭയങ്കര അത്ഭുതം!!
ഒളിച്ചുകളി
രാത്രി മുഴുവൻ കുട്ടി ഇരുളുമായി ഒളിച്ചുകളിച്ചു. എങ്ങും ഇരുളായതിനാൽ കുട്ടിക്ക് എവിടെയും ഒളിക്കാമായിരുന്നു.
പെട്ടെന്ന്, ഇരുൾ എവിടെയോ ഒളിച്ചു. ‘ഇരുളേ…ഇരുളേ…’ എന്ന് വിളിച്ചു കൊണ്ട് കുട്ടി വെയിലിലൂടെ നടന്നു.
എന്നാൽ, ഇരുളാകട്ടെ, കുട്ടിയുടെ ഉള്ളിൽ കയറി പതുങ്ങിയിരുന്ന് അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
അമ്മ
ആദ്യരാത്രിയിൽ നവവരൻ പറഞ്ഞു: ‘അമ്മയാണ് എനിക്കെല്ലാം. കുട്ടിയിലേ അച്ഛൻ മരിച്ച എനിക്ക് അമ്മ തന്നെയാണ് അച്ഛനും.’
നവവധു മൂളികേട്ടു.
‘അതുകൊണ്ട് അമ്മയെ സ്നേഹിക്കുക എന്നതാണ് നിന്റെ ഒന്നാമത്തെ കർത്തവ്യം.’
അതുകേട്ട് അവൾ ഇപ്രകാരം ചിന്തിച്ചു: ‘ഈ തള്ള മരിക്കാതെ, എന്റെ ജീവിതത്തിന് സ്വസ്ഥത കിട്ടില്ല.’
അവൾ പറഞ്ഞു: ‘പ്രിയനേ, നമുക്കൊരു ഗ്യാസ് കണക്ഷൻ വേണം.’
‘ഉം’ അവൻ തലകുലുക്കി.
നേരമേറെ കഴിഞ്ഞുപോയി. മണിയറയിലെ വിളക്കും കിതപ്പുമണഞ്ഞു.
അപ്പോൾ, ജനലിലെ ചെറുവിടവിൽ നിന്നും, സജലങ്ങളായതുകൊണ്ട് തിളങ്ങുന്നതും ആകാംക്ഷകൊണ്ട് തുറിച്ചതും പ്രായാധിക്യം കൊണ്ട് ചുളുങ്ങിയതുമായ രണ്ടു കണ്ണുകൾ പിൻവാങ്ങി.
കിണർ
പടികടക്കാൻ നേരം മുറ്റത്തെ കിണർ ചോദിച്ചു: ‘എന്നു വരും?’
ഞാൻ മറുപടി പറഞ്ഞില്ല.
നാടും നഗരവും ചുറ്റി തൊണ്ടവറ്റി തിരികെയെത്തുമ്പോൾ കിണറിന്റെ സ്ഥാനത്ത് ഒരു ടാപ്. ഞാൻ ടാപ് തുറന്നു. കോട്ടിയ കൈക്കുമ്പിളിലേക്ക് എത്ര നേരം കാത്തിട്ടും വെള്ളം വീണില്ല.
ഞാൻ പൈപ്പിന്റെ സുഷിരത്തിലേക്ക് ചെവി ചേർത്തു.
അതിൽനിന്നും ഏതോ നദിയുടെ അടക്കിപ്പിടിച്ച തേങ്ങൽ മാത്രം കേട്ടു.
വാതിൽ
അടച്ച് കുറ്റിയിടാൻ തുടങ്ങിയതും വാതിൽ പറഞ്ഞു: ‘എല്ലാ ദിവസവും നീ എന്നെയല്ലേ ബന്ധിക്കുന്നത്. ഇന്ന് ഞാനൊന്ന് നോക്കട്ടെ.’
എനിക്ക് എന്തെങ്കിലും ചിന്തിക്കാനോ പറയാനോ കഴിയും മുമ്പ് വാതിൽ എന്നെപ്പിടിച്ച് അകത്തിട്ട് കുറ്റിയിട്ട് താഴിട്ട് പൂട്ടിയ ശേഷം പുറത്തിറങ്ങി, കുണുകുണെ എന്ന് ഊടുവഴിയിലൂടെ ഓടിപ്പോയി.
അടിയന്തിരാവസ്ഥ
അടിയന്തിരാവസ്ഥ വന്നപ്പോൾ നീയെന്ത് ചെയ്തു?
ഞാനും ഭാര്യയും ചേർന്നൊരു സിംബോളിക് കവിതയെഴുതി.
പോട്ടെ, താനോ?
ഞാനോ, എനിക്ക് കടുത്ത കൈവിറയായതുകൊണ്ട് ഒന്നും ചെയ്യാനായില്ല.
ഹയ്യേ! കഷ്ടമായിപ്പോയി.
തീവണ്ടി
കുട്ടിയുടെ മുറ്റത്തൂടെ ഒരു തീവണ്ടിയോടിയിരുന്നു കൃത്യം.
പെട്ടെന്നൊരു ദിവസം ആ തീവണ്ടി ഓട്ടം നിർത്തി.
പിറ്റേ ദിവസംതന്നെ കുട്ടി തന്റെയുള്ളിൽ രണ്ട് പാളങ്ങളിട്ടു. ആ ഋജുരേഖകളിലൂടെ തീവണ്ടി ഇപ്പോഴും കൃത്യമായി ഓടിക്കൊണ്ടിരിക്കുകയാണ്.
പര്യവേഷണം
അതിവിദൂര ഭാവികാലത്തെ ചരിത്രപര്യവേഷകനെ കുഴക്കാൻ വേണ്ടി, പാറയിൽ പാറകൊണ്ട് വികൃതാക്ഷരങ്ങൾ കോറി വച്ചു ഒരു ഭ്രാന്തൻ.
എന്നാൽ, ഭ്രാന്തനെപ്പോലും അമ്പരപ്പിച്ചു കൊണ്ട്, പിറ്റേന്ന് തന്നെ എത്തിയ ഗവേഷകർ അവയെ ശിലായുഗ ചരിത്രത്തോട് കൂട്ടിച്ചേർത്തുകളഞ്ഞു.
സത്യാനന്തരം
കാക്കയുടെ നിറം കറുപ്പല്ല. തവിട്ടു കലർന്ന നീലയാണ്. ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും.
യഥാർത്ഥത്തിൽ നീലയല്ല; നീല കലർന്ന പച്ചയാണ്.
സത്യത്തിൽ പച്ചയുമല്ല; പച്ച കലർന്ന മഞ്ഞയാണ്.
മഞ്ഞയെന്നത് വെറും തോന്നൽ മാത്രം.
മഞ്ഞ കലർന്ന വെളളയാണ്.
സത്യം പറയാമല്ലോ, നല്ല കറുത്ത കാക്കക്ക്
നല്ല വെളുത്ത നിറമാണ്.
എന്നിട്ട്?
‘കാല് കുത്താൻ ഒരിടവും ഒരുത്തോലകവും തന്നാൽ ഞാൻ ഈ ഭൂമിയെ ഇളക്കാം. ആ!’
‘എന്നിട്ടോ?’