ശവപ്പെട്ടിക്കവല

ഭൂമിയുടേത് ഗോളാകൃതിയാണെന്ന് ആരോ നമ്മെ പറ്റിക്കുകയാണ്. ചതുരമാണെന്നു പറഞ്ഞതു പോലെ. ഒരു നല്ല വൈദ്യൻ എത്തും വരെ നമ്മൾ അങ്ങനെ വിശ്വസിച്ചുകൊണ്ടിരിക്കും

k r viswanathan, story, iemalayalam

ലോകത്തിന്റെ തുടക്കം മുതലേ അവിടെ ഉണ്ടായിരുന്നു എന്നു സംശയിക്കാവുന്ന ഒരാലും ആൽത്തറയും. ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടും മുമ്പേ സ്ഥാപിച്ച ഒരു അപ്പർ പ്രൈമറി സ്കൂൾ. അതിലും ഏറെ വർഷങ്ങൾക്കു മുമ്പു നിർമ്മിച്ച നിത്യ സഹായ മാതാവിന്റെ കുരിശുപള്ളി. ഇങ്ങനെ പലതും ഉള്ള കവലയ്ക്ക് സ്കൂൾപ്പടിയെന്നോ കുരിശുപള്ളിക്കവലയെന്നോ ആൽത്തറക്കവലയെന്നോ മറ്റോ ആയിരുന്നു പേരു വരേണ്ടിയിരുന്നത്.

എന്നാൽ ആ കവലയ്ക്ക് ശവപ്പെട്ടിക്കവലയെന്ന പേരാണുറച്ചു പോയത്.

നിത്യ സഹായമാതാവിന്റെ കുരിശുപള്ളിയോടു ചേർന്ന് പള്ളിയുടെ ഇടതു വശത്ത് മോടിയൊന്നുമില്ലാതെ മോന്തായം നടുവിൽ വെച്ച് അൽപ്പമൊന്നു കുഴിഞ്ഞു പോയ ഓടിട്ട ഒരു കെട്ടിടം. അതവിടെ ഉണ്ടായിട്ട് അറുപതോ എഴുപതോ വർഷം കഴിഞ്ഞിട്ടുണ്ടാകും.

അവിടെ കെട്ടിത്തൂക്കിയിട്ട ബോർഡിൽ പെയിന്റെല്ലാം ഇളകി ഉണക്കമീനിന്റെ ചെതുമ്പലുകൾ പോലെ എറിഞ്ഞു നിൽക്കുന്നതിനാൽ ഇവിടെ ശവപ്പെട്ടികൾ വിൽക്കപ്പെടും എന്നെഴുതിയിരിക്കുന്നതു വായിച്ചെടുക്കാൻ ഒട്ടു പ്രയാസമാണ്. അല്ലെങ്കിലെന്തിനാണതു വായിച്ചെടുക്കുന്നത്? അവിടെ ഒരു ശവപ്പെട്ടിക്കടയുണ്ടെന്ന് ആർക്കാണറിയാൻ പാടില്ലാത്തത്?

Read More: കെ.ആർ വിശ്വനാഥൻ എഴുതിയ കപോതോപനിഷത്ത് വായിക്കാം

ആലും സ്കൂളും പള്ളിയുമെല്ലാം നിരർഥകമാണെന്നും മരണം മാത്രമേ സത്യമായിട്ടുള്ളു എന്നും കരുതിയ നാടൻ ജ്ഞാനികളരെങ്കിലുമായിരിക്കാം ശവപ്പെട്ടിക്കവല എന്നു കവലയെ ആദ്യം സംബോധന ചെയ്തത്.

അപ്പർ പ്രൈമറി സ്കൂളിലെ ഹെഡ് ടീച്ചർ പി.ടി.എ. യോഗത്തിൽ ചെല്ലുന്നിടത്തെല്ലാം ശവപ്പെട്ടി സ്കൂൾ ശവപ്പെട്ടി സ്കൂൾ എന്നു പറയുന്നതു കൊണ്ട് ആകെ നാണക്കേടായി, മുഖം ഉയർത്തി നടക്കാൻ പറ്റാതായി ഇപ്പോൾ ചിലരൊക്കെ തന്നെക്കാണുമ്പോൾ ശവപ്പെട്ടി ടീച്ചർ എന്നടക്കം പറയുന്നു എന്നൊക്കെ പിറുപിറുത്തപ്പോൾ നാട്ടുകാർ ഒന്നു ചേർന്ന് കവലയുടെ പേര് ആൽത്തറ കുരിശുപള്ളിക്കവല എന്നു ആർക്കും ദോഷമില്ലാതെ മാറ്റാൻ ശ്രമിച്ചെങ്കിലും ആ വഴി ഓടുന്ന മൂന്നാലു പ്രൈവറ്റു ബസിലെ കിളികൾ ശവപ്പെട്ടിക്കവല എന്നാവർത്തിച്ചാവർത്തിച്ച് കവലയുടെ പേര് അങ്ങനെ തന്നെ നിലനിർത്തി.

അല്ലെങ്കിൽ ഒരു പേരിലെന്തിരിക്കുന്നു? പക്ഷേ പേരിലും കാര്യമുണ്ടെന്നാണു ലോന പറയുന്നത്.

ഇവിടെ ശവപ്പെട്ടി വില്ക്കപ്പെടും എന്നെഴുതിയ ബോർഡിന്റെ താഴെ വലത്തെ മൂലയോടു ചേർന്ന് പ്രൊ. പോത്തൻ ഉലഹന്നാൻ ലോന എന്നെഴുതിയിരിക്കുന്നതിന് അല്പം വളവും ചെരിവും ഉണ്ടെങ്കിലും അതും വായിച്ചെടുക്കാം. അതിൽ ലോന എന്നതു മാത്രമാണ് ബോർഡ് എഴുതിയ ആർട്ടിസ്റ്റിന്റേത്. ഉലഹന്നാനേയും പോത്തനേയും അതിൽ കൂട്ടിച്ചേർത്തത് ഏതോ അവിദഗ്ധ ഹസ്തങ്ങളാണ്. അതു ലോനയുടെ തന്നെ കൈയക്ഷരമാണെന്നു കരുതാം.

“അതെ’ ലോന പറയുന്നു. അത്തരമൊരു കൂട്ടിച്ചേർപ്പ് ആവശ്യമായിരുന്നു. പേരിലും കാര്യമുണ്ട്.പ്രൊ. ലോന എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ആദ്യ നോട്ടത്തിൽ ഒരാൾക്ക് എന്തായിരിക്കും തോന്നുന്നത്? ബോർഡിന്റെ അരികിൽ വന്ന് ഒരരി പ്രാവ് ധാന്യമണികൾ കൊത്തിത്തിന്നും പോലെ. അല്ലെങ്കിൽ ഒരു മാടപ്രാവ് കരുണയോടെ നോക്കും പോലെ. അങ്ങനെയൊക്കെ അല്ലേ?

ആളുകൾ പ്രൊ. ലോനയിലേക്കു നോക്കി. അതെ. അതു ശരി തന്നെ, ഒരരിപ്രാവ് ധാന്യമണികൾ കൊത്തിത്തിന്നുന്നു.

ലോന പറയുന്നു.” നിങ്ങൾ പ്രൊ. പോത്തൻ ഉലഹന്നാൻ ലോന എന്നതിലേക്ക് കുറച്ചു നേരം നോക്കി നിൽക്കുക . ആ പേരുകൾ മൂന്നും ചേർന്ന് നീണ്ടു നിവർന്നു കിടക്കുന്ന ഒരു ശവത്തെ ഓർമ്മിപ്പിക്കുന്നില്ലേ?k r viswanathan, story, iemalayalam

ഓർമ്മിപ്പിക്കുന്നില്ല എന്നു തലയാട്ടിയവർ വളരെക്കുറച്ചു മാത്രം.

അവിശ്വാസികളോട് ലോന പറഞ്ഞു. “ പോത്തൻ ഉലഹന്നാൻ ലോനയിലേക്ക് ഒരഞ്ചു നിമിഷം നോക്കി നിൽക്കുക . എന്നിട്ട് കണ്ണിമ ചിമ്മാതെ തെളിഞ്ഞ ആകാശത്തിലേക്കു നോക്കുക.

ആകാശത്തിന്റെ വെളുപ്പിൽ പോത്തൻ ഉലഹന്നാൻ ലോനയുടെ ശവം അനക്കമറ്റ് കിടക്കുന്നത് അവിശ്വാസികളെല്ലാം കണ്ടു.

ശവപ്പെട്ടിക്കടയുടെ ഇപ്പോഴത്തെ ഉടമയായ പോത്തൻ ഉലഹന്നാൻ ലോനായുടെ പൂർവ വൃത്താന്തങ്ങളിലൊന്നാണിത്.

ഒരു ശനിയാഴ്ച്ച പാതിരാവോടടുക്കുന്ന നേരത്താണു ലോനയുടെ അപ്പൻ ഉലഹന്നാന്റെ അപ്പൻ പോത്തൻ നിർബാധം കർത്താവിലേക്കു പെട്ടത്.

നാട്ടുകാർ അന്ന് ശവപ്പെട്ടികൾ വാങ്ങിയിരുന്നത് കൂത്താട്ടുകുളം,  മുട്ടിയറ എന്നിവടങ്ങളിൽ നിന്നായിരുന്നു. അവിടുത്തെ ശവപ്പെട്ടിക്കടകൾ കൃസ്ത്യാനികളുടേതായിരുന്നു. പിറ്റേന്ന് ഞായറാഴ്ച്ച ആയതിനാൽ ശവപ്പെട്ടി കിട്ടാൻ യാതൊരു മാർഗവുമില്ലായിരുന്നു. മുട്ടിയറക്കാരൻ കട തുറക്കാമെന്നു സമ്മതിച്ചെങ്കിലും അവിടെ ഉലഹന്നാനു പറ്റിയ വിലയ്ക്കുള്ള പെട്ടി ഉണ്ടായിരുന്നില്ല. രാവിലെ ഒരു ശവപ്പെട്ടിക്കടക്കാരന്റെ അടുത്തു ചെന്നെങ്കിലും ചെന്നവരുടെ രൂപത്തിൽ നിന്നും ഭാവത്തിൽ നിന്നും വലിയ കിട്ടപ്പോരുണ്ടാകില്ലെന്നറിഞ്ഞ് അയാൾ കട തുറക്കാൻ വിസമ്മതിച്ചു.

വേണമെങ്കിൽ കോട്ടയത്ത് മോർച്ചറിയിൽ കൊണ്ടു പോയി കിടത്താമെന്ന് വികാരിയച്ചൻ പറഞ്ഞെങ്കിലും ഉലഹന്നാൻ അതിനൊരുക്കമായിരുന്നില്ല. വീട്ടിൽ തന്നെ അപ്പൻ തനിച്ചു കിടക്കുമായിരുന്നില്ലല്ലോ?

അക്കാലത്ത് നാട്ടുകാർ പറയും പോലെ തലക്കല്പം നൊസു പിടിച്ച ഒരു മൂത്താശാരി അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഒന്നു രണ്ടു സ്ഥലങ്ങളിൽ ആശാരിക്കണക്കു പിഴച്ച് കൂടം ഉറയ്ക്കാതെ വന്നാണ് അയാൾക്കു നൊസു പിടിച്ചത്.

ശവപ്പെട്ടി തരപ്പെടാതെ വിഷമിച്ചിരുന്ന ഉലഹന്നാന്റെ മുമ്പിൽ മൂത്താശാരി പ്രത്യക്ഷനാവുകയായിരുന്നു എന്നു വേണം പറയാൻ. മൂത്താശാരി എപ്പോഴും കൈയിൽ കൊണ്ടു നടന്നിരുന്ന ചാക്കു സഞ്ചിയിൽ വീതുളിയും കൊട്ടുവടിയും ഉണ്ടായിരുന്നു.

ലോനായുടെ അപ്പൻ ഉലഹന്നാന്റെ അപ്പൻ പോത്തനുള്ള ശവപ്പെട്ടി പണിയാമേന്നേറ്റൂ‍ൂനൊസു പിടിച്ച ആശാരി.

കുട്ടിക്കഥകളിൽ പറയും പോലെ കൈപ്പാടം നായർ ശവപ്പെട്ടിക്കുള്ള മാവിൻ പലക കൊടുത്തു. ഉണ്ണിത്താൻ കൂർത്തു മൂത്ത ഇരുമ്പാണികളുമായി വന്നു. കുടനന്നാക്കാൻ ഇടയ്കിടെ വന്നു പൊക്കോണ്ടിരുന്ന കുടക്കാരൻ രണ്ടുമൂന്നു കുടശീലകൾ കൊടുത്തു. വികാരിയച്ചൻ കീറിപ്പോയ ലോഹയിൽ നിന്നൊരു കഷണം ശവപ്പെട്ടിയിൽ പൂക്കൾ തുന്നിപ്പിടിപ്പിക്കാനും അക്ഷരങ്ങൾ തുന്നിപ്പിടിപ്പിക്കുവാനുമായി കൊടുത്തു.

നിത്യസഹായ മാതാവിന്റെ പള്ളിയിലെത്തിയ ഏറ്റവും നല്ല ശവപ്പെട്ടിയായിരുന്നു അതെന്ന് വികാരിയച്ചനും കപ്യാരും സാക്ഷ്യം പറഞ്ഞതോടെ ഉലഹന്നാൻ തന്റെ വഴിയേതെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അതുവരെ കുറുപ്പന്തറയിലേക്ക് പോത്തിന്റെ തോൽ കാളവണ്ടിയിൽ കൊണ്ടു പോകുന്ന ദുർഗന്ധം പിടിച്ച പണിയായിരുന്നു ഉലഹന്നാന്.k r viswanathan, story, iemalayalam

തലക്കു നൊസു പിടിച്ച മൂത്താശാരി പിന്നെ പോത്തൻ വക കെട്ടിടം വിട്ടു പോയില്ല. അധികം വൈകാതെ ഇവിടെ ശവപ്പെട്ടി വിൽക്കപ്പെടും എന്ന ബോർഡും ഒരു ശവശരീരം പോലെ തൂങ്ങിയാടി. അതിന്റെ ചുവട്ടിലും മൂത്താശാരിയുടെ തട്ടലുകൾക്കും മുട്ടലുകൾക്കും ഇടയിലാണ് ലോന വളർന്നു വന്നത്. ലോനായ്ക്ക് താൻ ജനിച്ച സ്ഥലം മുതൽ ഭൂമിയുടെ കേന്ദ്രം വരെ ശവപ്പെട്ടിക്കവലയായിരുന്നു.

ലോനയുടെ വിദ്യാഭ്യാസ കാലം ആരംഭിക്കുന്നു.

ശവപ്പെട്ടിക്കവലയിലെ അപ്പർ പ്രൈമറി സ്കൂളിലാണു ലോന തന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതെന്ന് പറയാമെങ്കിലും ലോന സ്കൂളിൽ ചിലവഴിച്ച നാളുകളും സമയവും വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളു. അവൻ അവന്റെ അപ്പനോടും മൂത്താശാരിയോടുമൊപ്പം ശവപ്പെട്ടിക്കടയിൽ ആനന്ദം കണ്ടെത്തി.

ഒരക്ഷരം പോലും ഉരിയാടാതിരുന്നു ശവപ്പെട്ടിയുണ്ടാക്കുന്ന മൂത്താശാരിയുടെ ഓരോ ചലനങ്ങളും അവൻ നോക്കിയിരിക്കും. അരികും മുക്കും മൂലയും കൂട്ടിച്ചേർക്കുന്നതു കണ്ടിരിക്കും. ആണിയടിച്ചു കയറ്റുന്നത് കേട്ടിരിക്കും. ലോന രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ശവപ്പെട്ടിയുടെ പണി പാതി പൂർത്തിയാക്കി മൂത്താശാരി മൂത്രമൊഴിക്കാനോ ചായ കുടിക്കാനോ ആയി പൂറത്തേക്കിറങ്ങി. അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞ് മൂത്താശാരി തിരിച്ചെത്തിയപ്പോൾ കുഞ്ഞു ലോന ശവപ്പെട്ടിയുടെ പണി പൂർത്തിയാക്കിയിരുന്നു. മുക്കിനും മൂലയ്ക്കും എല്ലാം ശരിക്കണക്കു തന്നെ. അരക്കഴഞ്ചിനു പോലും തള്ളലും തള്ളലില്ലായ്മയും എങ്ങുമില്ല. എല്ലാം കിറുകൃത്യം. ശവപ്പെട്ടി ഒറ്റത്തടിയിൽ കടഞ്ഞെടുത്തതു പോലെ. എന്നാലും ആരോടും പറയാത്ത ആശാരി അതാരോടും പറഞ്ഞില്ല.

അക്കാലം ഉലഹന്നാനു ദൈവാനുഗ്രഹം വേണ്ടു വോളം കിട്ടിയിരുന്നു. കൂത്താട്ടുകുളത്തേയും ഏറ്റുമാനൂരിലേയും ശവപ്പെട്ടിക്കടകൾ നിന്നു പോയി. ചുറ്റുപാടിലും മരണനിരക്ക് തെല്ലൊന്നു വർദ്ധിക്കുകയും ചെയ്തു.

ഉലഹന്നാനും മൂത്താശാരിക്കും പിടിപ്പതു പണിയുണ്ടായിരുന്നു. ആശാരി തെരുതെരെ ശവപ്പെട്ടികൾ പണിതു കൊണ്ടിരുന്നു. അതിൽ കറുപ്പു പൊതിയുക, കുരിശു തുന്നിച്ചേർക്കുക എന്നിവയൊക്കെ ഉലഹന്നാനും ചെയ്തു. ആലിൻ കാ പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ് എന്ന മാതിരി ഉലഹന്നാന്റെ ഭാര്യ വീണ്ടും ഗർഭിണി ആവുകയും ചെയ്തു.

ഒരു ദിവസം കൂത്താട്ടുകുളത്തെ സർക്കാർ ആശുപത്രിയിൽ പെറ്റു കിടക്കുന്ന അമ്മയുടെ അടുത്ത് അപ്പൻ പോയിട്ടു വന്നപ്പോഴേക്കും കൊച്ചു ലോന മൂത്താശാരി പണിതീർത്ത പെട്ടികളെല്ലാം കറുപ്പിൽ പൊതിയുകയും കുരിശുകൾ ഒട്ടിക്കുകയും ഇന്നു ഞാൻ നാളെ നീ എന്നു ആരേയും ഭയപ്പെടുത്തുന്ന വിധത്തിൽ ഒട്ടിച്ചു ചേർക്കുകയും ചെയ്തു. അക്കാലത്ത് എങ്ങും നോക്കാതെ പരസഹായമില്ലാതെ ലോനാക്ക് എഴുതാൻ കഴിയുന്ന ഒരേ ഒരു വാക്യം അതായിരുന്നു.k r viswanathan, story , iemalayalam

ലോന മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലമായിരുന്നു അത്.

നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ഞായറാഴ്ച്ച പള്ളിയിലെത്തിയ ലോനായെ വികാരിയച്ചൻ ഉപദേശിച്ചു, പഠിച്ചവർക്ക് സ്വർഗമെന്നും പഠിക്കാത്തവർക്ക് നരകമെന്നും അച്ചൻ പറഞ്ഞപ്പോൾ അതച്ചോ ഒട്ടകം സൂചിക്കുഴയിൽ കടക്കുന്നതിനേക്കാൾ പ്രയാസമാണല്ലോ എന്നു പറഞ്ഞത് അച്ചനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

അച്ചൻ പതിവു പോലെ ലോനായോട് മഹാന്മാരുടെ കഥകൾ പറയാൻ തുടങ്ങി. അവരുടെ കഥയിൽ നിന്ന് ലോന ഒരു കാര്യം കണ്ടെത്തി. അവർക്കെല്ലാം ഒരു മേശയുണ്ടായിരുന്നു.അല്ലെങ്കിൽ കഥയിലെല്ലാം അച്ചൻ ഒരു മേശ കൂട്ടിച്ചേർത്തിരുന്നു. അതു കൊണ്ട് ലോന അച്ചനോട് അച്ചോ എനിക്കൊരു മേശ വേണമെന്നു പറഞ്ഞു.

മകൻ രണ്ടക്ഷരം പഠിക്കാൻ എന്തിനും തയ്യാറായിരുന്ന ഉലഹന്നാൻ അന്നു വൈകുന്നേരം തന്നെ കൂത്താട്ടുകുളത്തെ ഫർണീച്ചർ കടയിൽ പോയി മുന്തിയ തേക്കിൻ തടിയിൽ നിർമ്മിച്ച ഒരു മേശയുമായി വന്നു.

എന്നാൽ ലോനായ്ക്ക് ആ മേശ ഒട്ടും പിടിച്ചില്ല.

ഉലഹന്നാൻ മകനെ മടിയിലിരുത്തി നിനക്കു പിന്നെ എങ്ങനത്തെ മേശയാണു വേണ്ടത് കൊച്ചു കഴുവേറി എന്നു ചോദിച്ചതിനു ലോന അപ്പന്റെ മടിയിൽ നിന്നും ഇറങ്ങി സ്ലേറ്റും പെൻസിലും എടുത്ത് ഒരു ചിത്രം വരച്ചു.

തിരിച്ചും മറിച്ചും നോക്കിയിട്ടും ലോന വരച്ച മേശയുടെ ആകൃതി പെട്ടെന്നു പിടികിട്ടിയില്ല. വരച്ച വരകളിലൂടെ കൈവിരൽ ഓടിച്ചപ്പോൾ ചിത്രം വ്യക്തമായി. ശവപ്പെട്ടിക്ക് ആറുകാലുകൾ പിടിപ്പിച്ച് ലോന ഒരു മേശ തീർത്തിരിക്കുന്നു.

ലോന കവിത എഴുതാൻ തുടങ്ങുന്നു.

ഉലഹന്നാൻ ലോനയെ കടയിൽ നിന്നു തള്ളിയും വലിച്ചും ക്ലാസ് മുറിയിൽ എത്തിക്കും. മാഷിന്റെ കണ്ണൊന്നു തെറ്റിയാൽ ലോന സ്കൂളിന്റെ പുറകിലേക്കു നടക്കും. അവിടെ ഒരു കൈത്തോടുണ്ട്. അതിന്റെ കരയിൽ ആനപ്പുറം പോലൊരു പാറയും. ലോന പാറയിൽ ഇരുപ്പായാൽ ഉടൻ മീൻ കുഞ്ഞുങ്ങൾ ലോനയെ കാണാൻ എത്തും. അവ കുഞ്ഞു വാലുകൾ ചലിപ്പിച്ച് താളത്തിലങ്ങനെ നിൽക്കും. അങ്ങനെ മീനുകളെ നോക്കിയിരുന്ന ഒരു ദിവസം ലോനയിൽ കവിത മുളപൊട്ടി. അതവൻ നോട്ടു പുസ്തകത്തിലേക്കു പകർത്തി. ഒരു ഒറ്റവരിക്കവിതയായിരുന്നു അത്.

മത്സ്യങ്ങൾക്ക് ശവപ്പെട്ടിയുടെ ആകൃതിയാണ്.k r viswanathan, story, iemalayalam

ആ കവിത കണ്ട മലയാളം മാഷ് ലോനായോട് കവിത എങ്ങിനെയെങ്കിലും എട്ടു വരിയാക്കാൻ ആവശ്യപ്പെട്ടു. വല്ല ആനുകാലികങ്ങളിലേക്കും അയച്ചു നോക്കാം.

ലോന വിലങ്ങനെ തലയാട്ടി. പറ്റില്ല. ഇത് ഒറ്റവരിയിൽ തീർത്ത കവിതയാണ്.

“എങ്ങിനെയെങ്കിലും ഒരു നാലുവരിയാക്കണം…” മാഷ് നിർബന്ധിച്ചു.

ലോന പറഞ്ഞു “ വേണമെങ്കിൽ ആ വരി തന്നെ പത്തോ പതിനഞ്ചോ തവണ എഴുതിക്കോ.”

മാഷ് തോറ്റു.

ലോന കലാപം തുടങ്ങുന്നു.

അത് സംഭവിച്ചത് ഇങ്ങിനെയാണ്. ഭൂമിയുടെ ആകൃതിയെക്കുറിച്ച് സാമൂഹ്യപാഠം മാഷ് ക്ലാസ് എടുക്കുകയായിരുന്നു. അതിനിടയിലെപ്പോഴോ ഭൂമിയുടെ ആകൃതി ചതുരമാണെന്ന് എല്ലാവരും വിശ്വസിച്ചിരുന്നെന്നും മറിച്ച് ഗോളാകൃതിയെന്നു വിശ്വസിക്കുന്നവരെ ശിക്ഷിക്കുമെന്നും, പിന്നെ ഗലീലിയോയെ മുട്ടുകുത്തി നിർത്തി ഭൂമിക്കു ചുറ്റും സൂര്യൻ കറങ്ങുകയാണെന്നു പറയിച്ചതും…

ലോന മുഴുവൻ നേരവും ക്ലാസിൽ ശ്രദ്ധിച്ചിരുന്ന ദിവസമായിരുന്നു.

ഇടയ്ക്കൊന്നു മയങ്ങിപ്പോയ ലോനായെ ചോദ്യം കൊണ്ട് മാഷ് ഉണർത്തി.

“ലോന ഭൂമിയുടെ ആകൃതി എന്താണ്?”

മയക്കം വിടലിന്റെ പോലും താമസമില്ലാതെ ലോന പറഞ്ഞു.” ഭൂമിയുടെ ആകൃതി എന്താണെന്നെനിക്കറിയാം. പക്ഷേ എനിക്കതു പറയാൻ കഴിയുന്നില്ല.”

അനന്തരം ലോന ചോക്കെടുത്ത് ബോർഡിൽ ഒരു ചിത്രം വരച്ചു. നനഞ്ഞ ചോക്കായിരുന്നതു കൊണ്ട് ബോർഡിൽ മെല്ലെ മെല്ലെയാണു ചിത്രം തെളിഞ്ഞത്. തെളിഞ്ഞു തെളിഞ്ഞ് ഒടുവിൽ അത് ലക്ഷണമൊത്ത ഒരു ശവപ്പെട്ടിയായി ബോർഡിന്റെ കറുത്ത പശ്ചാത്തലത്തിൽ തെളിഞ്ഞു കിടന്നു.

ലോനായുടെ തുട ചുവന്നു തുടുത്തു.k r viswanathan, story, iemalayalam

ലോന ചോദിച്ചു.” എന്തു കൊണ്ട് ഭൂമിയുടെ ആകൃതി അങ്ങനെ ആയിക്കൂടാ? ഒരു കാലത്ത് ഭൂമിയുടെ ആകൃതി ചതുരമെന്നു കരുതിയതു പോലെ ഇപ്പോൾ ഗോളമാണെന്നു കരുതുന്നു. കാലം കുറച്ചു കഴിയുമ്പോൾ ഭൂമിയുടെ ആകൃതി ഒരു ശവപ്പെട്ടിയുടേതാണെന്നു തിരിച്ചറിയും. ഭൂമിയുടേത് ഗോളാകൃതിയാണെന്ന് ആരോ നമ്മെ പറ്റിക്കുകയാണ്. ചതുരമാണെന്നു പറഞ്ഞതു പോലെ. ഒരു നല്ല വൈദ്യൻ എത്തും വരെ നമ്മൾ അങ്ങനെ വിശ്വസിച്ചുകൊണ്ടിരിക്കും. മാഷ് വല്ലാതായി. അയാളുടെ ഭാഗത്ത് അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടികളൊക്കെയും ലോനായുടെ ഒപ്പം കൂടി.

ലോനയുടെ അപ്പൻ ഉലഹന്നാനെ സ്കൂളിലേക്കു വിളിപ്പിച്ചു. ആ നേരം വികാരിയച്ചൻ പി.ടി.എ, പ്രസിഡന്റ് എന്നിവരും വന്നെത്തി. പെട്ടെന്നു തന്നെ സഭ കൂടുകയും ലോനായ്ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തീർപ്പ് കൽപ്പിക്കുകയും ചെയ്തു.

“നമുക്ക് അവനെ കുറച്ചു കാലം കൂടി നിരീക്ഷിക്കാം.. ഇപ്പോൾ എന്തെങ്കിലും ഒരു ചെറിയ ശിക്ഷ കൊടുക്കാം,” വികാരിയച്ചൻ പറഞ്ഞു.

“അവൻ ഭൂമിക്ക് ഗോളാകൃതിയാണെന്ന് മുട്ടിൽ നിന്ന് ഒരു നൂറൂ വട്ടം എഴുതട്ടെ,” വികാരിയച്ചൻ തന്നെ ശിക്ഷ വിധിച്ചു.

ലോന മുട്ടുകുത്തി നിന്നാണ് ശവപ്പെട്ടിയിൽ കറുത്ത തുണി പിടിപ്പിച്ചതും കുരിശ് തുന്നിച്ചേർത്തതും എല്ലാം. അങ്ങനെ നിൽക്കാൻ അവനു വളരെ രസവുമായിരുന്നു. ക്ലാസിലിരിക്കുന്ന നേരത്തും ലോന ബെഞ്ചിൽ നിന്നും ഊർന്നിറങ്ങി അങ്ങനെ നിൽക്കുമായിരുന്നു. അതു കൊണ്ട് മുട്ടിൽ നിൽക്കുന്നത് അവനൊട്ടും പ്രശ്നമായിരുന്നില്ല.

കുറഞ്ഞ നേരം കൊണ്ട് ലോന എഴുത്തു പൂർത്തിയാക്കി വികാരിയച്ചനു കൊടുത്തു. വികാരിയച്ചൻ അത് എണ്ണി നോക്കിയപ്പോൾ അതു നൂറ്റിയൊന്നെന്ന് എന്നു കണ്ട് അത് അനുസരണക്കേടു തന്നെ എന്നു ദേഷ്യപ്പെട്ടതിനു ഇല്ലച്ചോ എനിക്ക് കണക്കു പിഴച്ചിട്ടെല്ലെന്നവൻ മറുപടി പറഞ്ഞു.

അച്ചൻ വീണ്ടും വിരൽ തൊട്ടെണ്ണി. അവസാനമെത്തിയപ്പോൾ അച്ചനു തല കറങ്ങി. നൂറ്റി ഒന്നാമതായി ആ കൊച്ചു കഴുവേറി ഇങ്ങനെ എഴുതിയിരിക്കുന്നു. ”എന്നാലും ഭൂമിയുടെ ആകൃതി ശവപ്പെട്ടിയുടേതായിരിക്കും.”

ലോനയും റബേക്കയും പ്രണയത്തിലാകുന്നു,

ലോന ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്കൂളിൽ നിന്നും ജില്ലാതല ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു. സാധാരണ ചിത്രരചനാ മത്സരങ്ങൾക്കുള്ള വിഷയങ്ങളായ ഉത്സവം, ചന്ത, പൂക്കാലം, സന്ധ്യാ കാഴ്ച്ചകൾ, പ്രഭാതം തുടങ്ങിയവ വരക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നൊക്കെ ഡ്രോയിംഗ് മാഷ് ലോനായ്ക്കു പഠിപ്പിച്ചു കൊടുത്തിരുന്നു.

എന്നാൽ ചിത്രരചനക്കുള്ള വിഷയമായി കൊടുത്തത് നഗരക്കാഴ്ച്ചകൾ ആയിരുന്നു.

ശവപ്പെട്ടിക്കവല സ്കൂളിലെ ലോനായ്ക്ക് ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്ന അറിയിപ്പുണ്ടായപ്പോൾ ലോനാക്ക് വലിയ ആവേശമൊന്നും തോന്നിയില്ല. എന്നാൽ അവന്റെ ഒപ്പം പ്രസംഗമത്സരത്തിനു പോന്ന റബേക്ക എന്ന ആറാം ക്ലാസുകാരി തുള്ളിച്ചാടുകയും ലോനായുടെ കൈയിൽ പിടിക്കുകയും ചെയ്തു.k r viswanathan, story, iemalayalam

റബേക്കയ്ക്ക് പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചെന്ന അറിയിപ്പ് ഉച്ചഭാഷിണിയിൽ കൂടി മുഴങ്ങിയപ്പോൾ ലോനായുടെ മുഖത്ത് ഒരു സന്തോഷം ഉണ്ടാകാതിരുന്നില്ല. അപ്പോഴും റബേക്ക തുള്ളിച്ചാടുകയും ലോനായെ കെട്ടിപ്പിടിക്കുകയും ചെയ്തു.

എന്നാൽ ലോന അതിലൊന്നും മയങ്ങാതെ അവളോടു പറഞ്ഞു. “എന്നെ ആദ്യമായി കെട്ടിപ്പിടിച്ച പെണ്ണ് നീയാണ്… അതിന്റെ വില നീ എനിക്കു തരണം..”

അപ്പോൾ അവളുടെ മുഖം മാതളപ്പഴം പോലെ ചുവന്നു. അതു കണ്ട് അവനു വലിയ സന്തോഷമായി.

ലോനയും റബേക്കയും ബസ് സ്റ്റോപ്പിൽ ശവപ്പെട്ടിക്കവലയിലേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്നു. അടുത്ത ബസ് വരാൻ കുറച്ചു നേരമെടുക്കുമെന്നറിഞ്ഞ് റബേക്ക ചോദിച്ചു.

“നിനക്ക് എന്റെ പടം വരയ്ക്കാൻ കഴിയുമോ?” ആദ്യം ആ ചോദ്യം ലോന തീരെ അവഗണിച്ചെങ്കിലും റബേക്ക വീണ്ടും ചോദിച്ചപ്പോൾ ലോന അവളെ ആകെ ഒന്നുഴിഞ്ഞു നോക്കി പറഞ്ഞു.

“നിന്നെ വരയ്ക്കാൻ ഒരു പാടുമില്ല പെണ്ണേ.” പെട്ടെന്നവൻ കൈയിലെ കാർഡ് ബോർഡ് ചട്ട നിവർത്തിപ്പിടിച്ച് കീശയിൽ നിന്നും പെൻസിലെടുത്ത് ആദ്യം ഒരു ശവപ്പെട്ടിയുടെ ഔട്ട് ലൈൻ ഇടുകയും പിന്നെ അവിടെയും ഇവിടെയും തിരിച്ചും വളച്ചും കൈകൾ ചേർത്തും കാലുകൾ ചേർത്തും ഒരു പെണ്ണിന്റെ രൂപമാക്കി. പിന്നെ ഒന്നു രണ്ടു വരകൾ തിരിച്ചും മറിച്ചും ഇട്ടപ്പോൾ അതിനു റബേക്കയുടെ ഛായ ഉണ്ടെന്നു പറയാറായി.റബേക്കയാണെന്നു പറഞ്ഞാൽ അല്ലന്നാരും പറയില്ല.

പക്ഷേ റബേക്ക പെട്ടെന്നു കരയുകയാണു ചെയ്തത്.

“നിന്റെ ശരീരത്തേക്കുറിച്ചു കുറച്ചു കൂടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ചിത്രം കൂടുതൽ മനോഹരമാകുമായിരുന്നു…” ലോന അവളുടെ കരച്ചിൽ കണ്ടു പറഞ്ഞു.

റബേക്ക അപ്പോഴേക്കും ഏങ്ങലടിച്ചു കരയാൻ തുടങ്ങി.” ഞാൻ ശവപ്പെട്ടി പോലെയാണോ? എനിക്കൊട്ടും സൗന്ദര്യം ഇല്ലേ?

അവളുടെ ചോദ്യങ്ങൾക്കൊന്നും അവൻ പിന്നെ മറുപടി പറഞ്ഞില്ല.

റബേക്ക അവനെ തൊട്ടു. “എനിക്കൊട്ടും സൗന്ദര്യം ഇല്ലേ…”

“ഉണ്ട്” അവൻ പറഞ്ഞു.

‘എന്തോരം?’ അവൾ കണ്ണുനീർ തുടച്ചുകൊണ്ടു ചോദിച്ചു.

അവൻ പറഞ്ഞു” അടുത്ത വെള്ളിയാഴ്ച്ച നീ എന്റെ ശവപ്പെട്ടിക്കടയിലേക്കു വരിക. ആനേരത്ത് എന്റെ അപ്പൻ അവിടെ ഉണ്ടാകില്ല. നിന്റെ സൗന്ദര്യത്തിന്റെ അളവ് എത്രയുണ്ടെന്ന് ഞാൻ കൃത്യമായി പറയാം.

‘സൗന്ദര്യം അളക്കാനുള്ള യന്ത്രമുണ്ടോ?’ റബേക്ക അത്ഭുതപ്പെട്ടു.

“ഭൂമിയിൽ എന്തളക്കാനാണ് യന്ത്രങ്ങളില്ലാത്തത്?” ലോന ചോദിച്ചു.

k r viswanathan, story, iemalayalam

ലോന റബേക്കയുടെ സൗന്ദര്യം അളക്കുന്നു.

വെള്ളിയാഴ്ച്ച ഉച്ചനേരത്ത് തന്റെ സൗന്ദര്യത്തിന്റെ അളവ് കണ്ടെത്താൻ റബേക്ക ശവപ്പെട്ടിക്കടയിലെത്തി. ആ നേരത്ത് ലോന പറഞ്ഞതു പോലെ കടയിൽ ആരും ഉണ്ടായിരുന്നില്ല. അന്ന് ലോനായുടെ അപ്പൻ ഉച്ചയൂണിനു വീട്ടിലേക്കു പോയി. മൂത്താശാരിയെ ലോന ഉച്ചയൂണിനു പറഞ്ഞു വിടുകയും ചെയ്തു. അക്കാലമായപ്പോഴേക്കും മൂത്താശാരി ലോനയെ അനുസരിക്കാൻ തുടങ്ങിയിരുന്നു.

ആരും ഒരു ശവപ്പെട്ടിക്കടയിലേക്കു തുറിച്ചു നോക്കാറില്ല. കണ്ണിൽ പെടുന്നത് ശവശരീരം പോലെ നീണ്ടു കിടക്കുന്ന ശവപ്പെട്ടിയാണ്. അതത്ര രസമുള്ള കാഴ്ച്ചയൊന്നുമല്ല. കുട്ടികളാരും അങ്ങോട്ടെത്തി നോക്കാറുമില്ല. ഇന്നു ഞാൻ നാളെ നീ എന്ന് അവിടെ എഴുതിവെച്ചിരുന്നത് അവരെ തുറിച്ചു നോക്കും.

ലോന റബേക്കയുടെ ഹൃദയം മിടിക്കുന്ന ശബ്ദം കേട്ടു.

“നീ ഒട്ടും പേടിക്കേണ്ട പെണ്ണേ… ഇനി ആരെങ്കിലും കണ്ടാൽ തന്നെ ഞാൻ കെട്ടാൻ പോണ പെണ്ണാണിവൾ എന്നു പറയാനുള്ള ചങ്കുറപ്പൊക്കെ എനിക്കുണ്ട്.”

അതോടെ വിറയൽ മാറിയ റബേക്ക സൗന്ദര്യം അളക്കാനുള്ള യന്ത്രം എവിടെയെന്ന് അവനോടു ചോദിച്ചു.

ലോന റബേക്കയെ മൂത്താശാരി ഇരുന്നു പണിയെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടു പോയി. അവിടെ ഒരു മേശയിൽ അപ്പോൾ പണി തീർത്ത ഒരു ശവപ്പെട്ടിയുണ്ടായിരുന്നു.കറുത്ത തുണിയുടെ ഒരു അഴുക്കുമണം അതിനുണ്ടായിരുന്നെങ്കിലും അപ്പോഴിട്ട മുട്ടയുടെ ചൂടായിരുന്നു അതിന്.

ലോന പെറ്റുവീണിട്ട് അധിക നേരമാകാത്ത ഒരു പെണ്ണാട്ടിൻ കുട്ടിയെ എടുക്കും പോലെ റബേക്കയെ മെല്ലെ എടുത്തുയർത്തി അരികിലും മുക്കിലും മൂലയിലും ഒന്നും തൊടാതെ ശവപ്പെട്ടിക്കുള്ളിലേക്കു കിടത്തി. ലോന തന്നെ ശവപ്പെട്ടിയിലാണു കിടത്തിയതെന്ന് നാലഞ്ചു നിമിഷം കഴിഞ്ഞാണു റബേക്ക അറിഞ്ഞത്. അത്ര മൃദുലമായിരുന്നു അവന്റെ സ്പർശങ്ങൾ. ശവപ്പെട്ടിയെ പ്രതി അവൾക്കൊട്ടും ഭയം തോന്നിയില്ല. അത്രയും ശാന്തമായിരുന്നു ലോനായുടെ മുഖം.

“എന്റെ സൗന്ദര്യത്തിന്റെ അളവെത്ര?” അവൾ ചോദിച്ചു.

ലോന ശവപ്പെട്ടിയുടെ അരികു പിടിച്ചു നിന്ന് റബേക്കയെ ഉറ്റു നോക്കി നിന്നു. നിമിഷങ്ങളോളം അതു തുടർന്നു.

ലോന കൂടുതൽ കുനിഞ്ഞ് അവളോടു മുഖമടുപ്പിച്ചു.

അവൻ അവളുടെ കവിളിൽ മെല്ലെ സൗന്ദര്യത്തിന്റെ അളവ് എഴുതി.

“നീ സുന്ദരിയാണ്. ഒത്തിരി ഒത്തിരി സുന്ദരി..”

അവൾ മെല്ലെ ചിരിച്ചു.

അവൻ പറഞ്ഞു.” നീയിപ്പോൾ റബേക്കയല്ല… ഒരു മാലാഖക്കുഞ്ഞാണു നീ.. സ്വർഗത്തിൽ നിന്നും ശവപ്പെട്ടിയിലേക്കു പെറ്റു വീണ ഒരു മാലാഖക്കുഞ്ഞ്…”

സ്കൂളിൽ അപ്പോൾ ഒന്നാം മണി മുഴങ്ങി.

ലോന തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ നേരെയെന്നവണ്ണം റബേക്കയുടെ നേരെ കൈകൾ നീട്ടി.

ഒരു മാലാഖക്കുഞ്ഞിനെ പോലെ റബേക്ക ലോനയുടെ കൈകളിലേക്ക് പറന്നുയരാൻ തുടങ്ങിയ നേരം പുറത്തു നിന്നും ആരോ കടയിലേക്കു കയറി വരുന്ന ശബ്ദം കേട്ട് ലോന ശവപ്പെട്ടിയുടെ അടുപ്പെടുത്ത് റബേക്കയെ മറയ്ക്കാൻ വെപ്രാളപ്പെട്ടു. എന്നാൽ തിരക്കിനിടയിൽ അടപ്പിന്റെ വശം മാറിപ്പോയതിനാൽ ലോനക്ക് അതിനു കഴിഞ്ഞില്ല.

ഒരു ശവപ്പെട്ടിയെ പ്രതി ലോനയ്ക്കുണ്ടായ ആദ്യത്തെ കൈപ്പിഴയായിരുന്നു അത്.

ആദ്യം അങ്ങോട്ടു കയറി വന്നത് വികാരിയച്ചനായിരുന്നു. അതിനു പുറകിൽ സ്കൂൾ ഹെഡ് മിസ്ട്രസ് , അതിനു പുറകിൽ ലോനായുടെ അപ്പൻ ഉലഹന്നാൻ.

പുറത്ത് കുട്ടികളുടെ ആരവം കേൾക്കാമായിരുന്നു.

അതോടെ ലോനയുടേയും റബേക്കയുടേയും വിദ്യാഭ്യാസം അവസാനിച്ചു. പിറ്റേന്നു രാത്രി ലോന നാടു വിട്ടു.

അടുത്ത ദിവസത്തെ പത്രത്തിൽ കുട്ടികൾക്കുള്ള പേജിൽ ചിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രവും ഇൻസൈറ്റിൽ ലോനായുടെ ഫോട്ടോയും ഉണ്ടായിരുന്നു.

ലോനായുടെ അപ്പൻ ഉലഹന്നാൻ മകൻ വരച്ച ചിത്രം എല്ലാവരും കാണുന്നതിനു വേണ്ടി തന്റെ കസേരയുടെ പുറകിലെ ഭിത്തിയിൽ ഒട്ടിച്ചു വെച്ചു.k r viswanathan , story, iemalayalam

നഗരത്തിൽ നിരനിരയായും കൂട്ടം കൂടിയും ഉയർന്നു നിൽക്കുന്ന ബഹുനില കെട്ടിടങ്ങൾ. അവയെല്ലാം കുത്തനെ നിർത്തിയ ശവപ്പെട്ടികളാണെന്നേ തോന്നൂ. തെരുവിൽ തിരക്കിട്ടു പോകുന്ന ആളുകളെ ശ്രദ്ധിച്ചാൽ അവരും കുഞ്ഞു കുഞ്ഞു ശവപ്പെട്ടികളാണ്. ശവപ്പെട്ടിക്ക് കാലുകളും കൈകളും ചേർത്ത് ലോന ശവപ്പെട്ടി മനുഷ്യരെ തീർത്തിരിക്കുന്നു. ശവപ്പെട്ടിയിൽ ചക്രങ്ങൾ ചേർത്ത് വാഹനങ്ങൾ. ചിത്രത്തിൽ ശവപ്പെട്ടികളല്ലാതെ മറ്റൊന്നുമില്ല.

സാജിത ടീച്ചർ പറഞ്ഞു.”ലോന ധരിച്ചത് നഗരക്കാഴ്ചകൾ എന്നായിരിക്കില്ല. നരക കാഴ്ച്ചകൾ എന്നായിരിക്കും.’

“അങ്ങനെ ആയിരിക്കില്ല,” ഡ്രോയിംഗ് മാഷ് പറഞ്ഞു.  “ഇനി ഗ്രാമക്കാഴ്ച്ചകൾ ആണെങ്കിലും അവൻ ശവപ്പെട്ടികൾ തന്നെയേ വരയ്ക്കൂ… ശവപ്പെട്ടി മൃഗങ്ങൾ… ശവപ്പെട്ടി പക്ഷികൾ…”

ലോന വരച്ച ചിത്രത്തിലേക്കു നോക്കി പിതാവ് ഉലഹന്നാൻ നെടുവീർപ്പിട്ടു. അങ്ങനെ പന്ത്രണ്ടു വർഷങ്ങൾ കടന്നു പോയി.

ലോന തിരിച്ചെത്തി റബേക്കയെ കാണുന്നു.

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ശവപ്പെട്ടിക്കവലയിൽ ഒരാൾ വണ്ടിയിറങ്ങി ശവപ്പെട്ടിക്കടയിലേക്ക് നടക്കുന്നത് ആൽത്തറയിലും കുരിശുപള്ളിയുടെ നടയിലും ഇരുന്നു വർത്തമാനം പറയുന്നവർ കണ്ടു. അതാരെന്ന് ആർക്കും മനസിലായില്ല. ശവപ്പെട്ടി വാങ്ങാൻ വരുന്ന ഒരാളിന്റെ ശരീര ഭാഷയായിരുന്നില്ല അയാൾക്ക്.

ശവപ്പെട്ടി ഉണ്ടാക്കിക്കൊണ്ടിരുന്ന മൂത്താശാരി മരിച്ചിട്ട് അധികം കാലമായിരുന്നില്ല. ഒരു പുതിയ ശവപ്പെട്ടിപ്പണിക്കാരനെ ആവശ്യമുണ്ടെന്ന് റേഷൻ കടയുടെ ഭിത്തിയിലും ചന്തയിലും അതിലൂടെ ഓടുന്ന ഒന്നു രണ്ടു ബസുകളുടെ പുറകിലും എഴുതി ഒട്ടിച്ച് ഒരാശാരിയുടെ വരവും കാത്ത് ഇരിക്കുകയായിരുന്നു ഉലഹന്നാൻ.

വന്നയാൾ പറഞ്ഞു.

“ഞാൻ ശവപ്പെട്ടിയുണ്ടാക്കുന്നതിൽ വിദഗ്ധനാണ്…പരസ്യം കണ്ടു വന്നതാണ്”

ഉടനെ ഉലഹന്നാൻ എഴുന്നേറ്റ് ആഗതനോട് “ഭൂമിയുടെ ആകൃതിയെന്ത്? “ എന്നു ചോദിച്ചു.

അപ്പോൾ ആഗതൻ ഉലഹന്നാനോട് “ ശവപ്പെട്ടിയുടെ ആകൃതിയെന്ത് എന്നു തിരിച്ചു ചോദിച്ചു.

ഉലഹന്നാനു തെല്ലു സംശയം തോന്നുകയാൽ അയാൾ “ മീനിന്റെ ആകൃതിയെന്തെന്നു പറഞ്ഞാലും എന്നു പറഞ്ഞതിന് അയാൾ “ എല്ലാം സൃഷ്ടിച്ചിരിക്കുന്നത് ശവപ്പെട്ടിയുടെ ആകൃതിയിലെന്നു പറഞ്ഞു.

“സൗന്ദര്യം അളക്കാനുള്ള യന്ത്രം ഏതാണെന്ന് ഉലഹന്നാൻ ചോദിച്ചെങ്കിലും അതിന്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ അയാൾ അവനെ പെട്ടെന്ന് ആലിംഗനം ചെയ്യുകയും എന്റെ മകനേ, എന്റെ മകനേ എന്നു വിലപിക്കുകയും ചെയ്തു.

ഉലഹന്നാൻ മകനെ പിടിച്ച് കസേരയിൽ ഇരുത്തി തന്റെ മടിയിൽ ഭദ്രമായി വെച്ചിരുന്ന താക്കോൽ കൂട്ടമെടുത്ത് മകന്റെ കൈയിൽ കൊടുക്കുകയും ചെയ്തു.

പിറ്റേന്നു തന്നെ ലോന റബേക്കയെ തേടി പുറപ്പെട്ടു.

പക്ഷേ അപ്പോഴേക്കു റബേക്ക രണ്ടു പെൺകുട്ടികളുടെ അമ്മയായി കഴിഞ്ഞിരുന്നു. ലോന അവളുടെ വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ മുറ്റത്തെ മുന്തിരിപ്പന്തലിന്റെ തണലിൽ മണ്ണപ്പം ഉണ്ടാക്കി കളിക്കുകയായിരുന്നു.

റബേക്ക പറഞ്ഞു. “ നിങ്ങൾ വരുമെന്ന് എനിക്ക് ഒരുറപ്പും ഇല്ലായിരുന്നു.. നിങ്ങൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും എനിക്കറിയില്ലായിരുന്നു…”

അവൻ പറഞ്ഞു” ഞാൻ തിരിച്ചെത്തുമെന്നു പറഞ്ഞ ദിവസം തന്നെ ഞാൻ തിരിച്ചെത്തിയല്ലോ?”

നാടൂ വിട്ടു പോകുന്ന അന്ന് ലോന റബേക്കക്കു വാക്കു കൊടുത്തിരുന്നു. അന്നേ ദിവസം തിരിച്ചെത്തുമെന്ന്.

“അല്ലെങ്കിൽ” റബേക്ക ചോദിച്ചു, “പന്ത്രണ്ടു വർഷം നിന്നെക്കാത്തിരിക്കാൻ മാത്രം എന്തു ബന്ധമാണു ഞാനും നീയും തമ്മിലുള്ളത്? നീ വരച്ച ഭ്രാന്തൻ ചിത്രം നല്ലതെന്നു പറഞ്ഞതോ? അന്നെനിക്ക് ചിത്രം വരയെക്കുറിച്ച് ഒന്നും അറിയാൻ പാടില്ലായിരുന്നു.”

ലോന മെല്ലെ ചോദിച്ചു.” എന്നോടൊപ്പം ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ നീ കർത്താവിന്റെ മണവാട്ടിയാകുമെന്നും അങ്ങനെ നീ കർത്താവിനോട് പകരം വീട്ടുമെന്നും പറഞ്ഞിരുന്നല്ലോ?”

അപ്പോൾ റബേക്ക മനോഹരമായി ചിരിച്ചു. വർഷങ്ങൾക്ക് മുമ്പ് ശവപ്പെട്ടിക്കടയിൽ വെച്ച് അവളുടെ സൗന്ദര്യം അളക്കുന്ന നേരത്ത് റബേക്ക ചിരിച്ചത് ഇതേ ചിരിയായിരുന്നെന്ന് അയാൾ ഓർത്തു.

അവൾ ചിരി നിർത്താതെ പറഞ്ഞു.” വെറും ഏഴാം തരത്തിൽ പഠിക്കുന്ന ഒരു പാവം പെൺകുട്ടി പറഞ്ഞ വാക്കുകൾ നിങ്ങൾ വേദ പുസ്തകത്തിലെ വാക്യങ്ങളെ പോലെ ഓർത്തു വെക്കുന്നുവോ? എനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു ഞാൻ വിചാരിക്കുന്നു. ഞാൻ വിചാരിച്ചതിനേക്കാൽ പൊട്ടനാണു നീ.”

ഒന്നു ശ്വാസമടക്കി റബേക്ക പറഞ്ഞു.” ആയിരം വട്ടം ചോദിച്ചാലും ഒന്നും തരാത്ത കർത്താവിന്റെ മണവാട്ടിയായിരിക്കുന്നതിലും ഭേദം മുന്തിരിപ്പന്തലും ചെമ്മരിയാട്ടിൻ പറ്റവും ഉള്ള ഒരാളോടൊപ്പം ജീവിക്കുന്നതാണ്.”

ലോന അവിടെ നിന്നും പോകാതെ നിൽക്കുന്നതു കണ്ട് റബേക്ക ചുണ്ടുകൾ കോട്ടിപ്പറഞ്ഞു.

“നീ പോയതിനു ശേഷം വാതിൽ അടയ്ക്കാമെന്നാണു ഞാൻ വിചാരിക്കുന്നത്..പക്ഷേ നീ പോകുന്നില്ലെങ്കിൽ അതിനു മുമ്പേ എനിക്കു വാതിൽ അടയ്ക്കേണ്ടി വരും.”

ലോന തിരിച്ചു നടന്നു. ഒരു ശവപ്പെട്ടി ചുമന്നു കൊണ്ടു പോകുന്നതു പോലെയായിരുന്നു അയാളുടെ നടത്തം.

കുറച്ചു കഴിഞ്ഞപ്പോൾ റബേക്ക വരുന്നതറിഞ്ഞ് അയാൾ തിരിഞ്ഞു നിന്നു. പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് അയാളറിഞ്ഞ റബേക്കയുടെ ഗന്ധം അയാൾ മൂക്കിൻ തുമ്പിൽ അപ്പോഴും സൂക്ഷിക്കുന്നുണ്ടായിരുന്നു.

പക്ഷേ റബേക്ക അയാളെ കടന്ന് തിരക്കിട്ട് മുന്നോട്ടു പോയി.

“റബേക്കാ…”

അവളൊന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല, ലോന അവളുടെ ഒപ്പമെത്തി.

“റബേക്കാ…”

അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

“എനിക്കല്പം തിരക്കുണ്ട്… എനിക്കൊന്നു കുമ്പസാരിക്കണം.”

“എന്തിന്? എന്നെ വഞ്ചിച്ച പാപം പോക്കാനോ?”

“അല്ല. ഒരു ശവപ്പെട്ടി കച്ചവടക്കാരനോട് സംസാരിച്ചതിന്റെ പാപം തീർക്കാൻ.. ഞാനിപ്പോൾ ദൈവഭയം ഉള്ള ഭാര്യയാണ്.

റബേക്ക അന്യ പുരുഷനോടു സംസാരിച്ചതിലുള്ള പാപം തീർക്കാൻ പള്ളിപ്പടികൾ കയറിപ്പോയി. ലോന നോക്കി. ഒരു ശവപ്പെട്ടി നടകൾ കയറി പോകുന്നതു പോലെ അയാൾക്കു തോന്നി.

അന്ന് ലോന കരഞ്ഞു കൊണ്ട് ഒരൊറ്റവരി കവിത എഴുതി.

ശവപ്പെട്ടിയുടെ ആകൃതിയാണു പ്രേമത്തിനും…

ലോനയുടെ വിവാഹവും മറ്റും.

“ഭൂമിയുടെ ആകൃതിയെന്താണ്?” വികാരിയച്ചൻ അങ്ങനെ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു..

ലോന പറഞ്ഞു.” എനിക്കിപ്പോൾ കുറച്ചു കൂടി കാര്യങ്ങൾ വ്യക്തമാകുന്നുണ്ടച്ചോ. പണ്ടുണ്ടായിരുന്ന ഇത്തിരി സന്ദേഹവും തീർന്നു. തീർച്ചയായും ഭൂമിയുടെ ആകൃതി…

അച്ചനു സഹികെട്ടു. അയാൾ ഉലഹന്നാനോടു ചോദിച്ചു.” ഈ കഴുവേറി ഇനിയും ഉത്തരം മാറ്റി പറയാത്തതെന്തു കൊണ്ട്?”

“എനിക്കറിയില്ല അച്ചോ” ഉലഹന്നാൻ താഴ്മയോടെ പറഞ്ഞു. തെല്ലു കഴിഞ്ഞ് ഉലഹന്നാൻ തളർച്ചയോടെ പറഞ്ഞു “ഇപ്പോൾ ഞാനൊരു കാര്യമോർക്കുന്നു അച്ചോ…”k r viswanathan, story, iemalayalam

ഉലഹന്നാൻ പറയാൻ തുടങ്ങി.

ലോന അമ്മയുടെ വയറ്റിൽ വളരുന്ന കാലത്ത് അവളുടെ മടിയിൽ വയറിനോടു ചെവി ചേർത്ത് കിടക്കുകയായിരുന്നു ഉലഹന്നാൻ. കുട്ടിക്ക് വേണ്ടത്ര ചലനമുണ്ടോ എന്നൊരു സംശയം ഡോക്ടർ പറഞ്ഞിരുന്നു.

ആ നേരം ശവപ്പെട്ടികളുടെ നിർമ്മാണത്തേക്കുറിച്ചും ലാഭത്തേക്കുറിച്ചുമായിരുന്നു അയാൾ ഭാര്യയോട് സംസാരിച്ചിരുന്നത്. എങ്ങനെ കണക്കു കൂട്ടിയാലും ശവപ്പെട്ടിക്കച്ചവടത്തിൽ നഷ്ടം വരില്ലെന്നു ഭാര്യയുടെ ചോദ്യത്തിനു അയാൾ ഉത്തരം പറഞ്ഞു. അപ്പോൾ വയറ്റിൽ കിടന്ന ലോന അമ്മയുടെ ഗർഭപാത്രത്തിന്റെ ചുവരുകളിൽ താളം പിടിക്കുന്നത് ഉലഹന്നാൻ കേട്ടു.

പിന്നെ അതൊരു പതിവായി. ഉലഹന്നാൻ മനപ്പൂർവം ശവപ്പെട്ടികളെക്കുറിച്ച് സംസാരിക്കാതെ കിടന്നാൽ അമ്മയുടെ ഗർഭപാത്രത്തിൽ ചവിട്ടി അവൻ അമ്മയെ വേദനിപ്പിക്കാൻ തുടങ്ങും. എന്നാൽ ശവപ്പെട്ടികളെക്കുറിച്ചു പറഞ്ഞാൽ അവൻ താളം പിടിക്കുന്നതായി തോന്നുകയും ചെയ്തു. ഉലഹന്നാൻ ശവപ്പെട്ടിക്കഥകൾ ഉണ്ടാക്കി ഉള്ളിലെ കുഞ്ഞിനു വേണ്ടി പറഞ്ഞു കൊണ്ടിരുന്നു.

ലോന വികാരിയച്ചനു മുമ്പിൽ തലകുനിച്ചു നിന്നു.

അവൻ കരയുകയായിരുന്നു. അച്ചോ ഉണർച്ചയിൽ അവൾ ഓർമ്മകളായി വന്ന് എന്നെ വേദനിപ്പിക്കുന്നു. ഉറക്കത്തിൽ സ്വപ്നങ്ങളായി എന്നെ വേദനിപ്പിക്കുന്നല്ലോ?

പ്രതികാരം ചെയ്യും പോലെ വികാരിയച്ചൻ ചോദിച്ചു. “ദുഖങ്ങളുടെ ആകൃതി എന്താണു ലോനാ?”

അവൻ പിറുപിറുത്തു.” എനിക്കു അസത്യം പറയാൻ വയ്യ… ദുഖങ്ങൾക്കും ശവപ്പെട്ടിയുടെ ആകൃതിയാണ്.”

റബേക്കയെ പ്രതി ലോനായ്ക്കുള്ള വേദന തീരാൻ ഒരു വിവാഹം കഴിക്കുന്നതാണു നല്ലതെന്ന് വികാരിയച്ചൻ പറഞ്ഞപ്പോൾ ലോന എതിരു പറഞ്ഞില്ല. എങ്ങനേയും തന്റെ വേദനകൾക്ക് ഒരൊഴിവു കിട്ടണമെന്നു മാത്രമായിരുന്നു ലോനയുടെ ചിന്ത.

അങ്ങനെയാണു റാഹേലും ലോനയും തമ്മിലുള്ള വിവാഹം നടന്നത്.

ലോനായുടെ ആദ്യ രാത്രി.

ലോനായുടെ ആദ്യരാത്രി റാഹേലിന്റെ വീട്ടിലായിരുന്നു.

ഒരു ശരാശരിക്കാരന്റേതു പോലെയായിരുന്നു അവരുടെ ആദ്യരാത്രിയും.

ഇടയ്ക്കെപ്പോഴോ ലോന പറഞ്ഞു. ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം…പെട്ടെന്നയാൾ നിർത്തി.

അപ്പോൾ റാഹേൽ ഒരാചാരം പോലെ എല്ലാ പെണ്ണുങ്ങളേയും പോലെ ആദ്യത്തെ കണ്മണി ആണായിരിക്കണം അവൻ… എന്നു വരെ പാടിയപ്പോൾ ലോന അവളുടെ വായ പൊത്തി.

എന്തു പറ്റിയെന്നു ചോദിച്ചു റാഹേൽ.

അതിനു മറുപടി പറയാൻ തുടങ്ങും നേരം ലോനയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ലോന ആദ്യമത് അവഗണിച്ചെങ്കിലും തുടർച്ചയായി ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റു.

ലോനയിൽ നിന്ന് ശരി ശരി എന്നിങ്ങനെ രണ്ടു മൂന്നു വാക്കുകളും കുറച്ചു മൂളലുകളും മാത്രമേ പുറത്തേക്കു വന്നൊള്ളു. എല്ലാം ശ്രദ്ധിച്ചു കിടക്കുകയായിരുന്ന റാഹേലിനു ഒന്നും മനസിലായില്ല. ആദ്യത്തെ കണ്മണിയെക്കുറിച്ച് എല്ലാവരും പറയാറുള്ളതാണല്ലോ?പിന്നെ എന്തു കൊണ്ട് ആ നേരം ലോന തന്റെ വായ പൊത്തി എന്നു സംശയിക്കാൻ തുടങ്ങി.

വീണ്ടും മൂന്നാലു മൂളലുകളും അത്ര തന്നെ ശരികളും പറഞ്ഞ് ലോന ഫോൺ ഓഫാക്കി.

“ആരാ.. ?” റാഹേൽ ചോദിച്ചു.

“ആരോ.. അവർക്കിപ്പോൾ തന്നെ ഒരു ശവപ്പെട്ടി വേണം,” ലോന മുണ്ടെടുത്തുടുക്കുകയും ഹാംഗറിൽ നിന്ന് ഷർട്ടെടുത്ത് കുടയുകയും ചെയ്തു.

“അത് നാളെ രാവിലെ പോരേ?” റാഹേൽ ലോനയെ തടയാൻ നോക്കി.

“അവർക്ക് നാളെ രാവിലെ തന്നെ ശവമടക്കാനുള്ളതാണ്…”k r viswanathan, story, iemalayalam

റാഹേൽ കരച്ചിലിന്റെ വക്കോളമെത്തി പറഞ്ഞു.

“ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്.”

ലോന പറഞ്ഞു. ഒരു ആവശ്യക്കാരനെ ഒട്ടും നിരാശപ്പെടുത്താൻ പാടില്ലെന്ന് അപ്പൻ എന്നോടു പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ശവപ്പെട്ടിക്കച്ചവടക്കാരൻ…”

റാഹേൽ വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ ലോന ശബ്ദമുയർത്തി അവളോടു പറഞ്ഞു.

“ശവപ്പെട്ടികളുടെ വിൽപ്പനയിൽ ആരും ഇടപെടുന്നത് എനിക്കിഷ്ടമല്ല… അതു ദൈവം കർത്താവാണെങ്കിൽ പോലും.”

അതോടെ റാഹേൽ നിശബ്ദയായി.

ആദ്യരാത്രിയുടെ പാതിയിൽ വെച്ച് ശവപ്പെട്ടി വിൽക്കാൻ പോയ മണവാളൻ നാട്ടിൽ ഒരു ഹാസ്യകഥാപാത്രമാകുമോ എന്നു ഭയപ്പെട്ട റാഹേൽ ലോനായെ വരുന്നതു വരട്ടെ എന്നു കരുതി പലതും പറഞ്ഞ് തടയാൻ നോക്കി.

ലോന ഏറ്റവും ശാന്തനായി റാഹേലിനോടു പറഞ്ഞു “ഇങ്ങനെ ഒരു രാത്രിയിൽ ഒരു ശവപ്പെട്ടി കിട്ടാതെ വന്നതാണു അപ്പൻ ശവപ്പെട്ടി കച്ചവടം തുടങ്ങാൻ കാരണം. ഞാൻ ഈ രാത്രി ശവപ്പെട്ടി കൊടുക്കില്ലെന്നു പറഞ്ഞാൽ നാളെ എന്റെ കടയുടെ അടുത്ത് ഒരു ശവപ്പെട്ടിക്കട തുറന്നാലോ? പോരെങ്കിൽ അയാളുടെ മക്കളെല്ലാം വിദേശത്തു ജോലി ചെയ്യുന്നവരാണ്.”

എന്നാൽ കടയിലേക്ക് തന്നോടൊപ്പം വരാൻ റാഹേലിനെ ലോന അനുവദിച്ചു. രാഹേലിന്റെ വീട്ടിൽ നിന്നും അയാളുടെ കടയിലേക്കുള്ള വഴി അയാൾക്ക് അത്ര പരിചയവും ഉണ്ടായിരുന്നില്ല.

ലോനായും റാഹേലും അളിയന്റെ വക ഒരു പഴയ സ്കൂട്ടറിൽ ശവപ്പെട്ടിക്കടയിൽ എത്തിയപ്പോൾ നാലഞ്ചു പേർ അവിടെ ഒരു ജീപ്പുമായി നിൽക്കുന്നുണ്ടായിരുന്നു.

മൂന്നോ നാലോ മിനിറ്റു കൊണ്ട് തേക്കു തടിയിൽ തീർത്ത ഒരു ശവപ്പെട്ടിയുടെ വിൽപ്പന പൂർത്തിയായി.

ലോന റാഹേലിനോടു പറഞ്ഞു. “വിലപേശൽ കൂടാതെ ഈ ഭൂമിയിൽ നടക്കുന്ന ഒരേ ഒരു കച്ചവടം ശവപ്പെട്ടിയുടേതു മാത്രമായിരിക്കും.”

ലോന രൂപ എണ്ണി തിട്ടപ്പെടുത്തി പേഴ്സിൽ അടുക്കി വെച്ച് ഒരു നിമിഷം ആലോചിച്ചു നിന്നു.

റാഹേൽ തിരക്കു കൂട്ടി. നേരം പുലരാൻ ഇനി അധിക നേരമില്ലെന്നു തോന്നുന്നു.

ലോന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ അത് സ്റ്റാർട്ടാകുന്നില്ല. അതിലെ എണ്ണ വല്ലാതെ വറ്റിപ്പോയിരുന്നു.

“അളിയൻ വല്ലാത്ത പിശുക്കനാണല്ലേ,” അയാൾ റാഹേലിനെ നോക്കി.

ഒടുവിൽ ആ രാത്രി കടയിൽ തന്നെ തങ്ങാമെന്ന് അവർ തീരുമാനിച്ചു.

“റഹേലേ ഞാൻ നിന്റെ സൗന്ദര്യം അളക്കട്ടെ?” ലോന ചോദിച്ചു.

പണ്ട് ലോന റബേക്കയുടെ സൗന്ദര്യം അളന്നതിനെക്കുറിച്ച് അവൾ കേട്ടിരുന്നു. അതു കൊണ്ട് അവൾ വിലങ്ങനെ തലയാട്ടി. അവൾ തിരക്കു കൂട്ടി. “നേരം വെളുക്കാൻ ഇനി അധികമില്ലെന്നു തോന്നുന്നു…നമുക്ക് നിർത്തിയിടത്തു നിന്നും തുടങ്ങാം.”

റാഹേൽ മനോഹരമായി പാടി..

ആദ്യത്തെ കണ്മണി ആണായിരിക്കണം…

ലോന അപ്പോഴും അവളുടെ വായ പൊത്തി. തല വിലങ്ങനെ ആട്ടി.k r viswanathan, story, iemalayalam

റാഹേലാകട്ടെ ലോന ആദ്യത്തെ കണ്മണി പെണ്ണായിരിക്കണമെന്ന് പാടുമെന്നു കരുനി ലോനായുടെ പിടിയിൽ നിന്നും മാറാതെ നിന്നു.

എന്നാൽ ലോന അനക്കമറ്റിരിക്കുന്നതു കണ്ട് റാഹേലിനു ദേഷ്യം പിടിച്ചു.

“ആദ്യത്തെ കുട്ടി പിന്നെ എങ്ങനെയിരിക്കണമെന്നാണു നിങ്ങൾ പറയുന്നത്?”

ലോന അതിനും മറുപടി പറഞ്ഞില്ല.

റാഹേലിനു കോപം ഇരട്ടിച്ചു.

“സൽമാൻ ഖാനിനെപ്പോലെയോ? ദുൽഖർസൽമാനെ പോലെയോ,” റാഹേൽ കിതച്ചു. “അതോ ഐശ്വര്യ റായിയെ പോലെയോ? അതോ നിങ്ങളെ വഞ്ചിച്ചു പോയ ആ പെണ്ണിനെ പോലെയോ?”

ലോന വിലങ്ങനെ തലയാട്ടി.

“പിന്നെ ?”

“എനിക്കതു പറയാനറിയില്ല… പക്ഷേ ഞാനതു വരച്ചു കാണിച്ചു തരാം…” ലോനാ പറഞ്ഞു.

അവൻ അവളുടെ ഉദരത്തെ നഗ്നമാക്കി.

ലോനയുടെ ചുണ്ടുകൾ ഒരു തൂലിക പോലെ റാഹേലിന്റെ ഗർഭപാത്രത്തിനു മുകളിൽ ചിത്രം വരയ്ക്കാൻ തുടങ്ങി.

തന്റെ ഗർഭപാത്രത്തിനുള്ളിലേക്ക് വരകൾ തുള്ളി തുള്ളിയായി വീഴുന്നത് അവൾ അറിഞ്ഞു. റാഹേൽ അതിൽ തന്നെ മനം നട്ടു കിടന്നു.

റാഹേലിനു ഒന്നും മനസിലായില്ല. പക്ഷേ ഒടുവിൽ ഗർഭപാത്രത്തിനുള്ളിലേക്ക് തുള്ളിതുള്ളിയായി വീണ് രൂപം കൊള്ളുന്ന മൂന്നക്ഷരങ്ങളെ അവൾക്കു മനസിലായി.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Shavapettikavala short story kr viswanathan

Next Story
രണ്ട് കവിതകൾragila saji, poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com