ഞാൻ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. ഹാളിൽ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്നെ കമാൻഡർ വീണ്ടും വിളിപ്പിച്ചു. അതിനു പിറകെ അസംബ്ലിക്കുള്ള ബെൽ മുഴങ്ങിയതും ക്യാംപംഗങ്ങൾ മുഴുവൻ മൈതാനത്തേക്കു മാർച്ച് ചെയ്‌തു.

മൈതാനത്ത് ദാഇശ് വളന്റിയർമാർ വട്ടത്തിൽ നിൽക്കുകയാണ്. അവരുടെ മധ്യത്തിലായി ഒരാളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്നു. മുഖം മൂടിയതിനാൽ ആരാണെന്നു തിരിച്ചറിയില്ല.

വളന്റിയർമാരുടെ അടുത്തെത്തിയ എന്നോട് കമാൻഡർ മരത്തിനടുത്തേക്കു മാറി നിൽക്കാൻ ആവശ്യപ്പെട്ടു. കമാൻഡറുടെ കയ്യിലുണ്ടായിരുന്ന വാൾ എനിക്കു നേരെ നീട്ടി.

‘ഇറാഖി പട്ടാളത്തെ സഹായിക്കാൻ നമ്മെ ഒറ്റുകൊടുത്തവനാണിവൻ. മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഇവൻ അർഹിക്കുന്നില്ല.’

കമാൻഡർ എന്നോടായി പറഞ്ഞതാണെങ്കിലും അയാളുടെ സംസാരം ശ്രദ്ധിക്കാതെ മരത്തിൽ തൂങ്ങിയാടുന്ന ആ മുഖത്തേക്കു ഞാൻ നോക്കി. അയാളുടെ മുഖത്ത് ഇപ്പോൾ എന്തൊക്കെ വികാരങ്ങളാകും നിഴലിക്കുന്നത്. അയാളുടെ മനസ്സിലെ ചിന്തകൾ എന്തൊക്കെയാകും? ആരെക്കുറിച്ചാകും ഈ അവസാന സമയം അയാൾ ആലോചിക്കുന്നത്? മരണത്തിനു തൊട്ടു മുൻപ് വലിയ ചുഴിയിൽ അകപ്പെട്ടവനെപ്പോലെ ജീവിതാനുഭവങ്ങൾ അവനു ചുറ്റും കറങ്ങുന്നുണ്ടാകണം. തിരശ്ശീലയിലെ കഥാപാത്രങ്ങളെന്നപോലെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും അവന്റെ മനസ്സിൽ മിന്നിമറയുന്നുണ്ടാകണം. ആരെയായിരിക്കും അയാൾ അവസാനമായി കാണാൻ ആഗ്രഹിക്കുന്നത്? ആരുടെ ശബ്‌ദം കേൾക്കാനാകും കൊതിക്കുന്നത്?Shamsudeen Mubarak Novel DAESH , iemalayalamദൂരെയെവിടെയോ വീട്ടിലിരുന്ന് ഒരു വീട്ടമ്മ അലമുറയിട്ട് പൊട്ടിക്കരയുന്നുണ്ടാകും. കൊച്ചുകുട്ടികൾ, മാതാവ് എന്തിനാണ് കരയുന്നതെന്നറിയാതെ അവരുടെ കൈകളിൽപിടിച്ച് വലിക്കുന്നുണ്ടാകും. അവരുടെ കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുന്ന മുറിയുടെ ചുമരിൽ അയാളുടെ ചിത്രം തൂങ്ങിനിൽക്കുന്നുണ്ടാകും. ജോലി കഴിഞ്ഞ് വന്നാൽ വിളമ്പിക്കൊടുക്കാൻ പാകത്തിൽ പാത്രത്തിൽ ഇളംചൂടോടെ ഭക്ഷണം മൂടിവച്ചിട്ടുണ്ടാകും.

നിനച്ചിരിക്കാതെ മരണം എത്തുന്നതുകൊണ്ടാകണം അയാൾ മറന്നുവച്ചതൊക്കെ അവസാന നിമിഷം അയാളെ ഇങ്ങനെ അന്വേഷിച്ചു വരുന്നത്. അയാളുടെ സായന്തനങ്ങൾ, അയാൾ കൊണ്ട മഴകൾ, പൊള്ളിച്ച വേനലുകൾ, തണുപ്പിച്ച മഞ്ഞുകാലങ്ങൾ, പൂക്കൾ സമ്മാനിച്ച വസന്തങ്ങൾ എല്ലാം അയാളെ അന്വേഷിച്ച് വീണ്ടുമെത്തുന്നുണ്ടാകണം. എനിക്കറിയില്ല, ഒരു മരണത്തോടെ എന്തൊക്കെയാണ് മനുഷ്യന് നഷ്‌ടപ്പെടുന്നതെന്ന്.

അയാളുടെ മുഖത്തുനിന്ന് കണ്ണെടുത്ത് കമാൻഡറുടെ കയ്യിൽനിന്ന് വാൾ വാങ്ങി കയ്യിൽ പിടിച്ച് ഞാൻ ചുറ്റും നോക്കി. ഈ സമയത്ത് മറ്റു പോരാളികളെപ്പോലെ പുരുഷധൈര്യത്തിന്റെ മൂർത്തീരൂപമായി അഹന്തയോടെ നീണ്ടുനിവർന്നുനിൽക്കേണ്ട എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. കയ്യിൽ ആരെയും കൊല്ലാൻ കഴിയുന്ന ഒരായുധമുണ്ട് എന്നതൊഴിച്ചാൽ ധൈര്യത്തിന്റെ ഒരാഡംബരവുമില്ലാതെ പരമദയനീയമാണ് എന്റെ രൂപം.

ഉള്ളിലെവിടെയോ പുറത്തുകേൾപ്പിക്കാൻ പറ്റാത്ത കരച്ചിൽ തങ്ങി നിൽക്കുന്നുണ്ട്.

ക്യാംപംഗങ്ങളും വളന്റിയർമാരും എന്നെത്തന്നെ നോക്കി നിൽക്കുന്നു. കൊല നടത്തുന്നതു കാണാനായി നാട്ടുകാരായ ചിലരും കൂട്ടംകൂടി നിൽക്കുന്നുണ്ട്. അവർക്കു പക്ഷേ, ഇത് ആദ്യത്തെ സംഭവമായിരിക്കില്ല. ദിനചര്യപോലെ മാറിയ ഇത്തരം സംഭവങ്ങൾ വേദനകൾക്കപ്പുറം അവർക്ക് കൗതുകമായി മാറിയിട്ടുണ്ടാകും. എന്നാലും അവരുടെ കണ്ണുകളിൽ കണ്ട ദൈന്യത പക്ഷേ, ക്യാംപംഗങ്ങളുടെ മുഖത്തില്ല.

ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്. ഒരുപക്ഷേ, മരത്തിൽ തൂങ്ങിയാടുന്ന ഇയാളുടെ മകളാകാം അവൾ.

പെരുന്നാളിന് അറക്കാനായി പിടിച്ച കോഴിക്ക് അവസാനമായി അമ്മി വെള്ളം കൊടുക്കുന്ന കാഴ്‌ചകൾ എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു. അമ്മി കോഴിയെ പിടിച്ച് ഉമ്മ വയ്‌ക്കുന്നതും. ഇവിടെ പക്ഷേ, അവസാനമായി ജീവന്റെ ഒരിറ്റ് നൽകാൻ വെള്ളംപോലും ആരും കരുതിയിട്ടില്ല. വെള്ളം കുടിക്കാനുള്ള വായ പോലും മൂടിക്കെട്ടിവച്ചിരിക്കുന്നു.

ദാഇശിന്റെ രഹസ്യങ്ങൾ ഇറാഖി പട്ടാളത്തിന് ചോർത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. അതൊരു കുറ്റമാണോ, കുറ്റമാണെങ്കിൽ തെളിയിക്കപ്പെട്ടോ, അതിനു സാക്ഷികളും തെളിവുകളുമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്‌തിയില്ല. ദാഇശ് പറയുന്നതാണ് കുറ്റം. ദാഇശ് വിധിക്കുന്നതാണ് ശിക്ഷ.

ചുറ്റിലുമുള്ള ആൾക്കൂട്ടത്തിന്റെ അട്ടഹാസങ്ങളോ കമാൻഡറുടെ താക്കീതിന്റെ സ്വരമോ ഒന്നും ഇപ്പോൾ  കേൾക്കുന്നില്ല. ഒരു പെൺകുട്ടിയുടെ കരച്ചിൽ മാത്രം ഞാൻ വ്യക്‌തമായി കേട്ടു. ആ കരച്ചിൽ മാത്രം.
ആ കരച്ചിൽ കേൾക്കാതിരിക്കാൻ എനിക്കാവുന്നില്ല. കയറിൽ തൂങ്ങിക്കിടക്കുന്നയാളുടെ പ്രതീക്ഷകളെ തകർക്കാൻ എനിക്കർഹതയില്ല. ആഗ്രഹങ്ങളെ ചുട്ടെരിക്കാൻ എനിക്കവകാശമില്ല. മോഹങ്ങളെ കെടുത്തിക്കളയാൻ എനിക്കനുമതിയില്ല. ഈ തൂങ്ങിയാടുന്നതും എന്നെപ്പോലെ ചുടുരക്‌തമോടുന്ന ജീവനുള്ള മനുഷ്യനാണ്. എന്നെപ്പോലെ സ്വന്തമായി ചിന്തകളും ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉള്ള മനുഷ്യജീവി. അയാൾക്കും ജീവിക്കാൻ അവകാശമുണ്ട്.Shamsudeen Mubarak Novel DAESH , iemalayalam

മുഖത്തു നോക്കാനാകാതെ തല താഴ്‌ത്തി വാൾ തിരികെ കമാൻഡർക്കുതന്നെ ഞാൻ നീട്ടി. വാൾ തിരിച്ചുവാങ്ങി കമാൻഡർ വലിയ മരത്തിന്റെ വേരുകൾ കൂടിപ്പിണഞ്ഞുണ്ടായ തറയിലേക്ക് എന്ന തള്ളി. കാൽക്കീഴിലെ ഭൂമി വാപിളർന്നിരുന്നെങ്കിൽ എന്നെനിക്കു തോന്നി.

‘മുജാഹിദുകൾ കൊല്ലാൻ വന്നവരാണ്, അതിനു കഴിയില്ലെങ്കിൽ പിന്നെ ഇവിടെ നിൽക്കരുത്.’

പറഞ്ഞു തീർന്നില്ല, എന്നോടുള്ള എല്ലാ പകയും തീർക്കുപോലെ കമാൻഡർ വാളെടുത്ത് തലകീഴായി നിൽക്കുന്നയാളെ ഒറ്റവെട്ട്. എന്നോടുള്ള അരിശം മുഴുവൻ ആ ഒറ്റ വെട്ടിന്റെ ശക്‌തിയായി മാറി. രക്‌തത്തിൽ കുളിച്ച തല ഒന്നു പിടഞ്ഞ് മുഖഭാഗം മണ്ണോടു ചേർന്നു കിടന്നു. താഴെ തറയിൽ കിടക്കുകയായിരുന്ന എനിക്കു മേലെ രക്‌തത്തുള്ളികൾ പേമാരി പെയ്‌തു.

കണ്ണുകളടച്ച് അങ്ങനെതന്നെ കുറച്ചുനേരം കിടന്നു. ശബ്‌ദവും കാൽപ്പെരുമാറ്റവും അകന്നുപോയെന്ന് ഉറപ്പാക്കി എണീറ്റപ്പോഴാണ് കണ്ടത്, ക്യാംപംഗങ്ങളെല്ലാവരും മൈതാനത്ത് കമാൻഡറുടെ മുന്നിൽ വരിവരിയായി നിൽക്കുകയാണ്.

പ്രതിജ്‌ഞയ്‌ക്കുള്ള സമയമായിക്കാണണം. ഇന്ന് മുഹറം ഒന്നാണ്. അറബിക് കലണ്ടർ പ്രകാരമുള്ള വർഷത്തിലെ ആദ്യ ദിവസം. ഇവിടത്തെ പുതുവർഷാഘോഷമാണ് ഇന്ന്. ജനുവരി ഒന്നിന് പുതുവർഷാഘോഷം പാടില്ലെന്നാണ് ദാഇശ് നിയമം.

മുഹറം ഒന്നിനാണ് പരിശീലനം കഴിഞ്ഞിറങ്ങുന്ന പുതിയ ബാച്ചിനെ വിവിധ ജോലികളിൽ നിയോഗിക്കുന്നത്. അന്ന് എല്ലാ ക്യാംപുകളിലും ദാഇശ് പോരാളികളുടെ കേന്ദ്രങ്ങളിലും പ്രത്യേക പ്രതിജ്‌ഞ നടക്കും. പ്രതിജ്‌ഞയ്‌ക്കു മുൻപുള്ള ഉസ്‌താദിന്റെ പ്രസംഗം തുടങ്ങാനിരിക്കുകയാണ് മൈതാനത്ത്. എല്ലാവരും പ്രസംഗം കേൾക്കാനായി നിശ്ശബ്‌ദമായി കാത്തിരിക്കുന്നു.

വേച്ചുവേച്ചാണെങ്കിലും മൈതാനത്ത് ക്യാംപംഗങ്ങളുടെ വരിയിൽ പിറകിലെ കണ്ണിയായി ഞാനും അണിചേർന്നു. പ്രസംഗിക്കാൻ തുടങ്ങിയതോടെ ഉസ്‌താദിന്റെ രൂപവും ഭാവവും മാറി. അലസത നിറഞ്ഞ ശരീരഭാഷ മാറി പുതിയൊരു മനുഷ്യനായി.

ശ്രോതാക്കളെ അത്യുന്നതങ്ങളിലെവിടേക്കോ കൊണ്ടുപോകുന്നപോലെയാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ആവേശഭരിതമായ ശൈലി. മൂർച്ചയുള്ള വാക്കുകൾ.

‘സെപ്‌റ്റംബർ 11നു ശേഷമല്ല, നമുക്കെതിരെയുള്ള ആക്രമങ്ങൾ അമേരിക്കയും ലോകരാഷ്‌ട്രങ്ങളും തുടങ്ങിയത്. സദ്ദാം ഹുസൈൻ ഇറാഖിൽ ആദ്യത്തെ ആണവകേന്ദ്രത്തിന് തറക്കല്ലിട്ട ദിവസം തുടങ്ങിയതാണ് ഇറാഖിനെ നശിപ്പിക്കാനുള്ള കുതന്ത്രങ്ങൾ.

നാം തല ഉയർത്തിത്തന്നെ നിൽക്കണം. ഇനി നാം അല്ലാഹുവിന്റെ മുന്നിലല്ലാതെ തല കുനിക്കേണ്ടതില്ല. ഇവിടെ ഇസ്‌ലാമിക രാഷ്‌ട്രമെന്ന ഖിലാഫത്ത് സഫലമാകുകയാണ്. ഖിലാഫത്തിൽ കറുപ്പും വെളുപ്പുമില്ല. പണ്ഡിതനോ പാമരനോ, ധനികനോ ദരിദ്രനോ എന്ന വ്യത്യാസങ്ങളില്ല. ഈ കറുത്ത കൊടിക്കീഴിൽ എല്ലാവരും സമന്മാർ. ഒരേ രക്‌തം, ഒരേ വിശ്വാസം, ഒരേ ഒരു ഖലീഫ.Shamsudeen Mubarak Novel DAESH , iemalayalamനമുക്ക് രാജ്യാതിർത്തികളില്ല. ഇറാഖ് ഇറാഖികളുടേതും സിറിയ സിറിയക്കാരുടേതും മാത്രമല്ല, ഈ നാട് ദൈവത്തിന്റേതാണ്. നാം ദൈവത്തിന്റെ സൃഷ്‌ടികളും. നാം എല്ലാം കീഴടക്കും. രണ്ടു ഹറമുകളെ, വിശുദ്ധ ഭൂമികളെ, പലസ്‌തീനെ, അറബ് രാജ്യങ്ങളെ, അമേരിക്കയെ.

ദാഇശിന്റെ പോരാളികളാണു നിങ്ങൾ. ഖിലാഫത്തിന്റെ കാവൽഭടന്മാർ. എവിടെ നിയോഗിക്കപ്പെട്ടാലും അവരവരുടെ കർത്തവ്യം നിറവേറ്റണം. ഖലീഫയാണ് നമ്മുടെ അവസാന വാക്ക്. ഖലീഫയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കണം.’

ഉസ്‌താദിന്റെ പ്രസംഗം അവസാനിച്ചതോടെ ശ്രോതാക്കളെല്ലാം വല്ലാത്ത ഉന്മാദാവസ്‌ഥയിലായി. എന്തിനും തയാറായി നിൽക്കുന്ന ജനക്കൂട്ടം.

പ്രസംഗം അവസാനിപ്പിച്ച് ഉസ്‌താദ് മടങ്ങിയതോടെ കമാൻഡർ മുന്നിലെത്തി. എല്ലാവരോടും രണ്ടു കൈകളും ആകാശത്തേക്ക് ഉയർത്തി നിൽക്കാൻ പറഞ്ഞു. കൈവെള്ളകൾ മുകളിലേക്കുയർത്തി ക്യാംപംഗങ്ങൾ പ്രതിജ്‌ഞ ചൊല്ലാനായി തയാറായി നിന്നു.

‘ബിസ്‌മില്ലാഹി റഹ്‌മാനി റഹീം…’ കമാൻഡർ പ്രതിജ്‌ഞ ചൊല്ലിത്തരാൻ തുടങ്ങി.

‘ഞാൻ മരിക്കുന്നതുവരെ ദാഇശ് പോരാളിയായിരിക്കുമെന്ന് അല്ലാഹുവിന്റെ നാമത്തിൽ പ്രതിജ്‌ഞ ചെയ്യുന്നു. ദാഇശ് ഖിലാഫത്ത് യഥാർഥ ഇസ്‌ലാമിക ഖിലാഫത്ത് ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അബൂബക്കർ അൽബഗ്‌ദാദിയെ ഇസ്‌ലാമിക രാജ്യത്തിന്റെ ഖലീഫയായി ഞാൻ ബൈഅത്ത് ചെയ്യുന്നു. ജീവൻ കൊടുത്തും ദാഇശിനായി പോരാടുമെന്ന് ഞാൻ ഉറപ്പുതരുന്നു. എന്റെ ജീവനും കുടുംബവും ബന്ധങ്ങളും സമ്പത്തും ദാഇശിനായി സമർപ്പിക്കുന്നു. ദാഇശിനു മുന്നിൽ ഒന്നും ഒരു തടസ്സമായിരിക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യുന്നു.’

മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശംസുദ്ദീൻ മുബാറക്കിന്‍റെ  ‘ദാഇശ് ‘ എന്ന നോവലില്‍ നിന്ന് ഒരു അധ്യായം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook