scorecardresearch

രണ്ടിലകളുടെ പ്രേമകാലങ്ങൾ-ഷാഹിന ഇ കെ എഴുതിയ കഥ

"രണ്ടിലകളെപ്പോലെ അവർ രണ്ടും ആ തണലത്തിരുന്നു. ഇലകൾക്കിടയിലൂടെ കാണായ വെളിച്ചക്കുത്തുകളെ നോക്കി. നീലാകാശം നോക്കി, അങ്ങനെയിരിക്കെ വെയിൽച്ചൂടെരിയുന്നതും തുമ്പികൾ മടങ്ങിപ്പോകുന്നതും കണ്ടു." ഷാഹിന ഇ. കെ. എഴുതിയ കഥ

"രണ്ടിലകളെപ്പോലെ അവർ രണ്ടും ആ തണലത്തിരുന്നു. ഇലകൾക്കിടയിലൂടെ കാണായ വെളിച്ചക്കുത്തുകളെ നോക്കി. നീലാകാശം നോക്കി, അങ്ങനെയിരിക്കെ വെയിൽച്ചൂടെരിയുന്നതും തുമ്പികൾ മടങ്ങിപ്പോകുന്നതും കണ്ടു." ഷാഹിന ഇ. കെ. എഴുതിയ കഥ

author-image
Shahina EK
New Update
E K Shahina Story

ചിത്രീകരണം : വിഷ്ണു റാം

''ഇച്ചൂട്, അതങ്ങനെ കാറ്റുതട്ടിയാലൊന്നും പോവൂലെടോ''
അശരീരി കേട്ട ദിക്കിലേക്ക് അഖിലൻ പിടഞ്ഞു നോക്കി.
കുറച്ചപ്പുറത്തായി ഒരു സോളിഡ് ബ്ലാക്ക് പൂച്ച ചൂടിൽ വലഞ്ഞ് ചുരുണ്ടു കിടപ്പുണ്ട്, ഒറ്റക്കണ്ണുമാത്രം ഇടയ്ക്കിടെ പിളർത്തി ചുറ്റുമുള്ളതെല്ലാം നിരീക്ഷിച്ചുകൊണ്ട്. പൂച്ചയെന്തായാലും മലയാളത്തിൽ മിണ്ടില്ലെങ്കിലും  ഇനിയിപ്പോൾ ഉപദേശിക്കാൻ പൂച്ചയും പട്ടിയുമൊക്കെയല്ലേ ബാക്കിയുള്ളൂ എന്നോർത്ത് അവൻ അതിനോടൊന്നു സൗഹൃദ ഭാവത്തിൽ ചിരിച്ചു കാട്ടി. അത് അത്ര താല്പര്യമൊന്നുമില്ലാത്ത മട്ടിൽ തിരികെയും .

''ശരിയല്ലേ?''

Advertisment

തൊട്ടരികെ, വെളുപ്പിനും നരയ്ക്കാനാകും എന്ന് തോന്നിപ്പിക്കുന്ന ജുബ്ബയും, കാവി മുണ്ടും ഉച്ചിയിൽ കെട്ടിവെച്ച മുടിയും നീളൻ താടിയുമായി മാധമ്മാനിരിക്കുന്നു. കയ്യിലെ പൊടിഡബ്ബ തുറന്ന് ഒരു നുള്ള് മൂക്കിനുള്ളിലേക്ക് പറത്തുന്നു. തുമ്മുന്നു...

ഇയാളെപ്പോഴാണ് ഇവിടെ വന്നിരുന്നതെന്ന് അഖിലന് ഒരു പിടിയും കിട്ടിയില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ, കാണുന്നിടത്തു നിന്ന് പെട്ടെന്ന് മുങ്ങുകയും, മറ്റൊരിടത്തു പൊങ്ങുകയും ചെയ്യൂന്ന  മായാവിയാണല്ലോ മാധമ്മാനെന്ന്  എല്ലാവരും  വിളിക്കുന്ന  ടി. കെ. മാധവൻ  അഥവാ തെക്കേ കൂട്ടു പറമ്പിൽ മാധവൻ.

''എന്ത്?"

പറഞ്ഞത് തിരിയാതെയും മാധമ്മാന്റെ  പ്രായക്ഷീണം തട്ടാത്ത ചാരനിറക്കണ്ണുകളുടെ ഉഗ്രത താങ്ങാൻ വയ്യാതെയും പുകഞ്ഞു പുറത്തു വന്ന കോപമടക്കാനാവാതെയും അവൻ അറിയാത്തൊരു മറുചോദ്യം ചോദിച്ചു പോയി.

''പ്രേമം?''

Advertisment

മാധമ്മാൻ  മുഖം മലർത്തി മുകളിലെ തീക്ഷ്‌ണ സൂര്യനെ നോക്കിക്കൊണ്ടും കണ്ണുകൾ ഇറുകെ പിടിച്ചുകൊണ്ടും കൈ വിരലുകളിൽ പറ്റിയ മൂക്കിപ്പൊടി മുണ്ടിൽ തേച്ചു കൊണ്ടും അവന്റെയരികെ, അത്രയരികെ വന്നിരുന്നു കൊണ്ട്  കൈനീട്ടി നെറ്റിയിൽ തൊട്ടു. രണ്ടുപേരും ഞെട്ടി. മാധമ്മാന്റെ വിരൽത്തണുപ്പേറ്റ്  അഖിലനും അവന്റെ നെറ്റിച്ചൂടാൽ  മാധമ്മാനും.

''പനി''
മൂപ്പർ പിറുപിറുത്തു .''ഉള്ളു വെന്തിട്ടാ ''

കാര്യം അച്ഛാച്ചന്റെ  കൂട്ടുകാരനൊക്കെ ആയിരുന്നെങ്കിലും  ഇയാള്  വല്ല കുണ്ടനുമാണോയെന്ന് അന്നേരം അവനൊരു ആധി തോന്നി. കെളവന്മാർക്കൊക്കെ ഈയിടെയായി ഭയങ്കര വൈബാണല്ലോ. സ്വന്തമായി അങ്ങനെ പല അനുഭവങ്ങളുമുണ്ടു  താനും. ഇത്തിരി വിടവ് രണ്ടുപേർക്കുമി ടയിൽ  ഉണ്ടായിക്കോട്ടെയെന്നു  കരുതി  അവനൊന്നു ചന്തി നിരക്കി.

നിറയെ പക്ഷിക്കാഷ്ഠത്തിന്റെ പുള്ളിക്കുത്തുകളും മഞ്ഞയും കറുപ്പും ഇലകളും പേരില്ലാ മണങ്ങളുമുള്ള വലിയ മാവിന് ചുറ്റും വട്ടത്തിൽ കെട്ടിയിട്ടുള്ള ആ തറയിൽ അയാൾ വെള്ളമുണ്ടുമുടുത്ത്  ഇരിക്കാൻ തീരെ സാധ്യതയില്ലെന്ന് അഖിലൻ ഉള്ളിൽ കരുതിയതും  അവിടെത്തന്നെ  അയാൾ കയറിയിരുന്നതും ഒറ്റ നിമിഷത്തിലായിപ്പോയി.

''പെട്ടു'' അഖിലൻ ഓർത്തു. ഇയാൾക്ക് എന്ത് കോപ്പാണിവിടെ. അവന് ചൊറിഞ്ഞു കയറാൻ തുടങ്ങി. വീട്ടിലോ സ്വൈര്യം കിട്ടുന്നില്ല .എന്നാ പുറത്തിറങ്ങി ഇത്തിരി ഓക്സിജനടിക്കാം എന്നോർത്തിറങ്ങിയപ്പോൾ ഓരോരോ മലർവാണങ്ങൾ.

ഇതാണ് ഇതൊക്കെയാണ് ഈ നശിച്ച നാടിന്റെ കുഴപ്പങ്ങൾ, അവനോർത്തു; സ്‌പേസ് തരായ്ക. അതെന്താണ്, ആരാണ്, എന്താണ്, എങ്ങനെയാണ്, എന്ത്‌കൊണ്ടാണ്... അങ്ങനെയങ്ങനെ മനുഷ്യന്റെ ലൈഫിന്റെ സകല മുക്കിലും മൂലയിലും തിരഞ്ഞു വരുന്ന ഈ പണ്ടാരച്ചോദ്യങ്ങളെ  പേടിച്ചിട്ടു കൂടിയാണ് സകലരും ഇപ്പൊ വല്ല യൂ.കെ. യിലേക്കോ കാനഡയിലേക്കോ ഒക്കെ കുടിയേറുന്നത്.  ചുരുങ്ങിയ പക്ഷം അങ്ങനെയെവിടേക്കെങ്കിലും  പോകുന്നത് സ്വപ്നം കണ്ടു ജീവിക്കുകയെങ്കിലും  ചെയ്യുന്നത്.

E K Shahina Story


''നീ തേഡ് ഗ്രൂപ്കാരനാ? ആ... അതുപറഞ്ഞാ നിനക്ക് കിട്ടില്ല. ഇപ്പൊ ഹ്യൂമാനിറ്റീസല്ലേ. ഉം? പരീക്ഷയെന്നാ?''

അഖിലന് അരികിലിരിക്കുന്ന ചരിത്ര പുസ്തകമൊന്നു  വേഗത്തിൽ മറിച്ചു നോക്കി അയാൾ ചോദിച്ചു.

''ഉം... പത്താന്തി'' രണ്ടിനുംകൂടി അവനൊരു ചെറിയ ഉത്തരം പറഞ്ഞു.

''ന്ന്വച്ച  ഇനി കഷ്ടി അര മാസം ല്ലേ...?''

അതിന് അവനൊരു മറുപടിയും പറഞ്ഞില്ല.

''പഠിയ്ക്കണ്ടായോ?''

അവന് കലി കയറിത്തുടങ്ങി. ഇതെന്തിന്റെ കേടാണ്. ഒരുത്തനെയും ശല്യം ചെയ്യാതെ ഇരുന്നാലും സ്വൈര്യമില്ലല്ലോ.

പൊടുന്നനെ അവന്റെ മണ്ടയിൽ ഒരു സംഗതി വന്നു തട്ടി. ഐ വാഹ്!  കൗണ്ടറടിക്കാൻ പറ്റിയൊരൈറ്റം. ഒരൊന്നാന്തരം തേപ്പുകഥ. മാധമ്മാനെപ്പറ്റി പലപ്പോഴും അമ്മ പറഞ്ഞുകേട്ടിട്ടുള്ളത്. ആ നോർത്തീ സൗത്തീ പ്രേം കഹാനി.

അവനത് ഓർത്ത നിമിഷം തന്നെ  ''പ്രേമം കൊണ്ട് പഠിത്തം വിടാൻ പാടില്ലെടാ ''എന്നൊരു ഉപദേശം  അവന്റെ കരളിലേക്ക് മാധമ്മാനിൽ  നിന്നും  പാഞ്ഞു വന്നു തൊട്ടു.

അവൻ കലങ്ങി. ആ കലക്കത്തിൽ അവനും ഒന്നുറക്കെത്തന്നെ അലറി  ''ആ തന്നെ. പ്രേമം തന്നെ. പക്ഷേ ഇതാ നോർത്തിന്ത്യക്കാരി മാധമ്മാനെ തേച്ച കൂട്ടല്ല. ഇത് വേറെ കഥ. മാധമ്മാന്റെ സർക്കസ്സുകാരിപ്പെണ്ണിന്റെ പോലല്ല ഈ കഥ.''

ഇത് കേൾക്കുന്നപാടേ മാധമ്മാൻ  പ്ലിങ്ങിപ്പോകുമെന്നും  ഓൺ  ദി സ്പോട്  സ്‌കൂട്ടാകുമെന്നും കരുതിയ അഖിലന് പക്ഷേ തെറ്റി.
മാധമ്മാന്റെ ഭാഗത്തു നിന്നും  ഇത് രണ്ടുമുണ്ടായില്ല. അങ്ങനങ്ങു വിട്ടുകൊടുക്കാൻ നിൽക്കാതെ അതിൽ തന്നെ കടിച്ചു തൂങ്ങിയ അഖിലൻ, ''ശരിയല്ലേ? കട്ടത്തേപ്പായിരുന്നില്ലേ?'' എന്നുകൂടി ചോദിച്ച് മാധമ്മാനു മുൻപിൽ ഞെളിഞ്ഞിരുന്നു.

ഉത്തരമൊന്നും പറയാതെ മാധമ്മാനപ്പോൾ ചാര നിറമുള്ള കണ്ണുകൾ വിടർത്തി അവനെ നോക്കി. താൻ ജനിക്കുന്നതിനും എത്രയോ  മുൻപുള്ള  ഒരു കാലമന്നേരം ബ്ലാക് ആൻഡ് വൈറ്റിൽ, അമ്മയുടെ കഥ പറച്ചിലിന്റെ ഒച്ചയിൽ അവനിലേക്ക് വന്നു. മാധമ്മാനു നാട്ടിൽ ട്രപ്പീസ് മാധവൻ എന്ന് പേരുകിട്ടാനിടയാക്കിയ പ്രേമകഥ. കഥ കെട്ടിക്കൂട്ടി  തോരണം തൂക്കാനും എൽ ഇ ഡി ലൈറ്റുകൊണ്ട് ധാരാളിത്തം കാട്ടാനും സീക്വൻസ് തൂക്കാനും വേണ്ടപ്പോ വേണ്ടപ്പോ പോപ്പറു പൊട്ടിക്കാനും നാട്ടുകാരേക്കാളും മിടുക്ക് ആർക്കാണ്?

അങ്ങനെ കെട്ടിയും കൂട്ടിക്കെട്ടിയും നാടോടിക്കഥയായിത്തീർന്ന  ഒന്നിലെ നായകനാണ് മുന്നിലിരുന്ന് ഒരുളുപ്പിമില്ലാതെ പ്രേമത്തെ കുറിച്ച്  ഉപദേശിക്കാൻ ഒരുമ്പെടുന്നത്.

അമ്മയുടെ വേർഷനിൽ ആ പ്രേമ കഥ ഇതാ ഇങ്ങനെയായിരുന്നു: 

കാലം: ബ്ലാക് ആൻഡ് വൈറ്റ് 

വർഷം: അച്ചാച്ഛന്റേം  മാധമ്മാന്റെയും ഒക്കെ  യൂത്ത് 

സ്ഥലം: പെരിന്താട്ടു കുറിശ്ശി 

നാട്ടിലൊരു പ്രശസ്തമായ സർക്കസ്സ് വരുന്നു. വേനലവധിക്കാലത്തോട് ചേർത്താണല്ലോ സാധാരണ സർക്കസും എക്സിബിഷനുമൊക്കെ വരിക. നാട്ടുകാർക്ക് അത്  ആദ്യത്തെ അനുഭവം. ടിക്കറ്റ് കീറി മേടിച്ച്, കസേര ബുക്ക് ചെയ്തിരുന്ന്, സംഗതികളെല്ലാം സത്യം സത്യമായിക്കാണുന്ന ആ  അനുഭവം. കണ്ടവർ കണ്ടവർ അത് കൈ  മാറി. കേട്ടവർ കേട്ടവർ  ടിക്കറ്റെടുത്തു വന്നു. പന്തുകളിക്കുന്ന ആന, വണ്ടിയോട്ടുന്ന കരടി, ആനയെ നെഞ്ചത്തു കേറ്റുന്ന  മനുഷ്യൻ, ചിരിപ്പത്തായവും കൊണ്ട് കോമാളികൾ, സർക്കസുകാരുടെ തോളിൽ വന്നിരിക്കുന്ന പഞ്ചവർണ്ണത്തത്തകൾ, തുമ്പികളെപ്പോലെ ഊഞ്ഞാലിൽ നിന്നൂഞ്ഞാലിലേക്ക് ഊളിയിട്ടു കളിക്കുന്ന രണ്ടു പെണ്ണുങ്ങൾ.

അവിടെ, അവിടെയായിരുന്നു മാധമ്മാന്റെ കഥയിലെ ട്വിസ്റ്റ്. സർക്കസിന്റെ വർണ്ണക്കാഴ്ചകളിൽ മനം മയങ്ങിപ്പോയ  മാധമ്മാന് പിന്നെ തീറ്റെം കുടീം ഒന്നും ഇല്ലാതായി. സർക്കസ്, സർക്കസ് എന്നൊരു വിചാരം മാത്രം. സർക്കസ് അങ്ങനെ മൂക്കിപ്പൊടി വലിക്കും പോലുള്ള ഒരു ഈസി പ്രോസസ്സ് ഒന്നുമല്ലാത്തത് കൊണ്ട് അവസാനം സർക്കസിലെ ഭക്ഷണമുണ്ടാക്കുന്ന ടീമിനൊപ്പം മാനേജർ അങ്ങേരെക്കൂടി ചേർത്തു. അതിലിപ്പോൾ ആവശ്യത്തിലേറെ ആൾക്കാറുണ്ടെന്നും തമ്പഴിക്കും  വരെയുള്ള ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണതെന്നും  അങ്ങേരു കട്ടായം പറയുകയും ചെയ്തിരുന്നു. സർക്കസ്സ് ഭ്രമം മൂത്തല്ല  ട്രപ്പീസിലെ തുമ്പികളോടൊന്നിനോട് പ്രേമം മൂത്താണ് അങ്ങേരിപ്പണിക്കു പോയതെന്ന് നാട്ടുകാരറിയുന്നതൊക്കെ പിന്നെയാണ്. എന്തായാലും സ്കൂളിന്റെ പടിയധികം കാണാത്ത  മാധമ്മാനും ഉത്തരേന്ത്യക്കാരിപ്പെണ്ണും തമ്മിൽ കാതൽ കലശലായി. പക്ഷേ, തമ്പഴിക്കുന്ന നേരത്ത് മാധമ്മാന് പണി പോയി. അഴിച്ചുപോയ സർക്കസ്സ് സംഘത്തോടൊപ്പം കാമുകി മൂടും തട്ടിപ്പോയി. അങ്ങനെ വടിയായിപ്പോയ മാധമ്മാനെ  നാട്ടുകാരും വെറുതെ വിട്ടില്ല. അങ്ങനെയാണ് വെറും മാധവൻ  ട്രപ്പീസു മാധവനായ കഥ.

 മൊബൈലും ഇൻസ്റ്റായുമൊന്നുമില്ലാത്ത കാലത്ത് പിന്നെ കാര്യങ്ങൾ  എന്തായോ എന്തോ... നാട്ടുകാരുടെ കളിയാക്കൽ കൊണ്ട് ചടച്ചോ, 'മാനസ മൈനേ...' പാടാനുള്ള ബെസ്റ്റ് കോസ്റ്റ്യൂം  അങ്ങനെയാണെന്ന് കരുതീട്ടോ മാധമ്മാൻ  താടിയും മുടിയുമൊക്കെ നീട്ടി ഒരു സ്വാമിക്കോലമായി. പിന്നെ എപ്പോഴോ നാട്ടിൽ നിന്ന് കാണാതെയായി. ഒരുപാട് കാലം കഴിഞ്ഞു തിരികെ വരുമ്പോ എല്ലാം മാറിയിരുന്നു. റോഡുകൾ, കടകൾ, ഫാഷൻ, വീടുകൾ അങ്ങനെ എല്ലാമെല്ലാം. മാറാത്തത് ഒന്നേ ഉണ്ടായിരുന്നുള്ളൂ നാട്ടാരുടെ മനസ്സ്. അതുകൊണ്ട് തന്നെ ആരെയും പുണ്ണുണങ്ങാൻ വിടാത്ത പെരിന്താട്ടു കുറിശ്ശിക്കാരിൽ അയാളെ അറിയുന്നവർ  തിരികെ വരവിലും  അയാൾക്ക്  ട്രപ്പീസു  മാധവനെന്ന ആ പഴേ പേരുതന്നെ വീണ്ടും  കുത്തിപ്പൊക്കിയെടുത്തു ചാർത്തിക്കൊടുത്തു. അതങ്ങനെ തുടരുന്നു.

ആ കഥ ഇവിടെ തീരുന്നുവെങ്കിലും അതിലെ നായകനായ മാധമ്മാൻ  തന്നെയാണ് ഇപ്പോൾ പ്രേമത്തെക്കുറിച്ചുപദേശിക്കാൻ പുറപ്പെട്ട് ഒരുളുപ്പുമില്ലാതെ   അരികത്തിരിക്കുന്നതെന്ന് അഖിലനോർത്തു. മൂപ്പരിപ്പോ പഴയ ട്രപ്പീസു പീസിനെ ഓർക്കുന്നുണ്ടാകുമോ എന്തോ? പഴേകാല പ്രേമങ്ങൾ എന്തോ വലിയ തേങ്ങയാണെന്നും ഈ  ജനറേഷന്റേത്  ഭയങ്കര തോന്ന്യാസമാണെന്നും മൂല്യ ശോഷണം വന്ന കേസാണെന്നും അലമ്പാണെന്നും തമാശ ആണെന്നും വൾഗറാണെന്നും  ഒക്കെയാണെന്നാണല്ലോ  ഈ സംഗതി  അസ്ഥിക്ക് പിടിച്ച ഓൾഡ്ജെൻ പ്രേമക്കാര്  പറഞ്ഞുകൊണ്ട് നടക്കുന്നത്. തന്റെ ചോദ്യത്തിന് ഉത്തരം ചികഞ്ഞ് അഖിലനപ്പോൾ മാധമ്മാന്റെ കണ്ണുകളിലേക്കൊന്ന് ആണ്ടു നോക്കി, പ്രകാശിക്കുന്ന ചാരനിരക്കണ്ണുകൾ .അതിൽ ഊയലാടുന്ന ചുകന്ന ഗിൽറ്റു പതിച്ച ഇത്തിരിക്കുപ്പായക്കാരി .അവരുടെ കണ്ണുകളങ്ങനെ ചാഞ്ചാടി ച്ചാഞ്ചാടി...

E K Shahina Story

''നിങ്ങളിപ്പോളും അവരെ ഓർക്കാറുണ്ടോ?'' ആദ്യത്തെ ചോദ്യത്തിന് ഉത്തരം വരാഞ്ഞപ്പോൾ  ഒരു തിളപ്പിന് അവൻ ഒന്നുകൂടി തള്ളിമറിച്ചതാണ് .ചെയ്തയുടൻ വേണ്ടിയിരുന്നില്ലെന്നും തോന്നി.

മാധമ്മാന്റെ കണ്ണുകളിൽ ഒരു ചുകന്ന വേരുണ്ടോ? പലതായിപ്പായുന്ന  ചുകന്ന വേര്?

തോന്നലാകുമെന്നോർത്തു. ആളൊന്നും പറഞ്ഞില്ല. കണ്ണടച്ച് അങ്ങനിരുന്നു. പിന്നെ പതിയെ എണീറ്റു. പറഞ്ഞത് ഏറ്റു എന്നും ആള് സ്ഥലം വിടുകയാണെന്നും കരുതിയ അവനു പക്ഷേ, തെറ്റി. രണ്ടുമൂന്നടി മുന്നോട്ട് നടന്ന് ഈയിടെയായി ഒരു ഡോക്ടറും കുടുംബവും വാങ്ങിച്ച ദൂരെയുള്ള പ്ലോട്ടോളം വിരൽ ചൂണ്ടി ആള് പറഞ്ഞു, ''ദാ  അങ്ങോളം സ്ഥലമെടുത്തായിരുന്നു  സർക്കസ്സുകൂടാരം പണിതിരുന്നത്. അന്നത് അത്രേം  വലുത്. ഇപ്പോളിപ്പോൾ എത്ര വലുതായാലും എല്ലാം ചെറുതല്ലേ... ലോകം പോലും ചെറുതായിച്ചെറുതായി  വന്ന് നമ്മുടെ ചുറ്റുമിങ്ങനെ കറങ്ങി ക്കൊണ്ടിരിക്കുന്ന കാലത്ത്.

പക്ഷേ, അന്ന്. അതെന്തൊരുകാലമായിരുന്നെടോ! ശബ്ദമായിരുന്നു, ആഘോഷമായിരുന്നു!"  ആൾ എന്തോ ഓർമ്മയിൽ ചൂണ്ടലിട്ടു. പിന്നെ വേണ്ടതെന്തോ പൊടുന്നനെ പിടിച്ചെടുത്തു.  ചുണ്ടിൻ കോണിൽ വിരിഞ്ഞ ഒരു വികൃതിച്ചിരിയെ അങ്ങനെത്തന്നെ അങ്ങ് വിട്ട്, അഖിലനെ നോക്കി.

''അല്ലെടോ അത് അങ്ങനെയായിരുന്നില്ല. ഒട്ടുമേ ആയിരുന്നില്ല. മീനാ കുമാരിയ്ക്ക്- ആ അതായിരുന്നു അവളുടെ പേര്- ഇത്രയും ഉള്ളു ശുദ്ധമായ ഒരു പെണ്ണിനെ ഞാൻ അവൾക്കു മുൻപും ശേഷവും കണ്ടിട്ടില്ല... അങ്ങനെയൊരാൾക്ക് എങ്ങനെ. എന്താ നിന്റെയാ വാക്ക്? ഉം?  തേപ്പ്... എങ്ങനെ എന്നെ തേക്കാൻ പറ്റും?  മാധമ്മാൻ പതുക്കെപ്പറഞ്ഞു.

''പിന്നെ?''

അതു കേട്ടപാടെ യാതൊരു ഔചിത്യവുമില്ലാതെ  അഖിലൻ ഇടയിൽ കേറി. 

''അങ്ങനെ എങ്കിൽ നിങ്ങൾക്ക്  അവരെ ഇവിടെ പിടിച്ചു നിർത്താരു ന്നില്ലേ  കല്യാണം കഴിച്ച്? അല്ല, ഒരു പ്രേമം സക്സസ് ആകണേൽ കല്യാണം കഴിക്കണം എന്നൊന്നും ഇല്ലാട്ടോ. അന്നത്തെ കാലത്തെ ഒരു രീതി വെച്ച്  ചുമ്മാ ചോദിച്ചതാ ഞാൻ'' അഖിലൻ കൈ മലർത്തി. 

മാധമ്മാൻ തലകുലുക്കി. ''ഞാൻ ചോദിച്ചിരുന്നെടോ അവളോട്. അവൾക്ക് അതത്ര ആഗ്രഹോം ആയിരുന്നു. ചിലപ്പോ ഒക്കെ പകുതി സമ്മതം പറയും. പിന്നെയും അങ്കലാപ്പിൽ പെട്ട് നിക്കും. പാവം."
ഓർമ്മയുടെ ഒരു ദൂരത്തിലേക്ക് പോയ മാധമ്മാനെ പെട്ടെന്ന് വിളിക്കേണ്ടെന്നു കരുതി  അഖിലൻ മിണ്ടാതെ നിന്നു.

''നമ്മളെ ഇങ്ങനെ ഞരമ്പ് പോലെ കെട്ടു കുത്തിപ്പിടിച്ചു നിർത്തുന്ന ചില ബന്ധങ്ങളില്ലേ. എങ്ങും പോകാൻ വിടാത്ത അവൾക്കും അങ്ങനെ ചിലതുണ്ടായിരുന്നു. തളർന്നു പോയ ഒരപ്പൻ. രണ്ടനിയന്മാരും മൂന്നനിയത്തിമാരും.  പറക്കമുറ്റാത്ത പിള്ളാര്. അമ്മ പണ്ടേ ഏതോ ഒരുത്തന്റെ കൂടെ ചാടിപ്പോയതാ. അച്ഛൻ വീണേപ്പിന്നെ ഇവള് പണിയെടുക്കുന്ന ചെറിയ വരുമാനം കൊണ്ടാണ്  അവരെ വീട് പോയിരുന്നത്. ചെക്കമ്മാരെയെങ്കിലും പഠിപ്പിക്കണം എന്നവള് എപ്പോഴും പറയും. അവർക്ക് തൊഴിലായിട്ട് വേണം വിശ്രമിക്കാൻന്ന്. ചുരുക്കത്തിൽ എനിക്കവളെ രക്ഷിക്കണോങ്കി അവറ്റോളെ കൂടി രക്ഷിക്കണേർന്നു. അരപ്പട്ടിണിക്കാരൻ മുഴുപ്പട്ടിണിക്കാരെ  രക്ഷിക്കൽ!  ചെറുപ്പല്ലേ, മുന്നോട്ട് ചിന്തയൊന്നും ഇല്ലാത്ത ഒരു ചെക്കന്റെ മനസ്സല്ലേ പ്രേമത്തിന്... അവരെക്കൂടി ഏറ്റെടുത്തോളാം എന്ന് ഞാനങ് പറഞ്ഞു.

അവള്, കടലുപോലെ ജീവിതം കണ്ടോള്, ചിരിച്ചു. അല്ല, കരഞ്ഞ് ചിരിച്ചു. ജീവിതം ഒരു ട്രപ്പീസു കളിയാണെന്നും ശ്രദ്ധയും സൂക്ഷ്മതയും തെറ്റിയാൽ ജീവിതം തീരുന്ന ഒരു കളിയാണതെന്നും  അങ്ങനെ പിടുത്തങ്ങളെല്ലാം വിട്ട് വായുവിൽ തങ്ങിനിൽക്കുന്ന അവസരങ്ങളിൽ അവൾക്ക് തോന്നാറുള്ള അത്ഭുതം പോലൊന്നാണ് എന്റെ പ്രേമമെന്നും ശരീരം ചോദിച്ചു പലരും വന്നിട്ടുണ്ടെങ്കിലും പ്രേമം ചോദിച്ചു വരുന്ന ഒരാള്, കല്യാണം കഴിക്കാമെന്നു പറയുന്ന ഒരാള് ആദ്യമായിട്ടാണെന്നും അവളെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളെ പിന്തുടരരുതെന്നു പറഞ്ഞു. അവളെ പിന്തുടർന്ന്  എന്റെ ജീവിതം പോക്കരുതെന്ന്  പറഞ്ഞു.  എനിക്കറിയാത്ത  ഹിന്ദിയിൽ അവൾ പറഞ്ഞതൊക്കെ അന്നെനിക്ക് മനസ്സിലായി. പ്രേമത്തിന് ഭാഷയില്ലല്ലോ. ആത്മാവിന്റെ ഭാഷയല്ലാതെ...

അന്നവരുടെ  ഒടുക്കത്തെ  ദിവസമായിരുന്നു ഇവിടെ. അവൾക്ക് ഊഞ്ഞാലിൽ നിന്നൂഞ്ഞാലിലേക്ക് പറക്കുമ്പോൾ പലപ്പോഴും ഇടറി. മാനേജർ കുറെ ചീത്ത വിളിച്ചു. പണി കളയുമെന്ന് ഭീഷണിപ്പെടുത്തി.

തമ്പും കൂടാരോം പൊളിച്ച്  അവര് നാടുവിടുമ്പോ  അത് നിന്നിരുന്ന സ്ഥലം മാത്രല്ല, എന്റെ ഉള്ളു മുഴുക്കെ, ഈ ലോകം മുഴുക്കെ ശൂന്യമായതായി എനിക്ക് തോന്നി. അവൾക്കും തോന്നിക്കാണും.  അവരെല്ലാം പോയി. എങ്ങോട്ട് പോകണംന്നറിയാതെ ഞാനും വൈകാതെ നാട് വിട്ടു. ഉള്ളെരിയുന്നവരുടെ യാത്ര. അതിനങ്ങനെ ഭൂപടമൊന്നുമില്ലെടോ. തുടക്കവും ഒടുക്കവുമില്ല. അലഞ്ഞലഞ്ഞ്  എവിടെയൊക്കെ എത്തി. ഹരിദ്വാർ, ഋഷികേശ്, ഗംഗോത്രി ,കേദാർനാഥ്, ബദരീനാഥ്, ഹേമകുണ്ഡ്, കൽക്കത്ത, ബോംബെ, ദില്ലി , മദിരാശി... എണ്ണിയാ തീരാത്ത യാത്രകൾ. ഹിമാലയത്തിലേക്കുള്ള യാത്രക്കിടെ കണ്ടുമുട്ടിയ സ്വാമി ഭാരതിക്കൊപ്പം കുറെ നാൾ  മറ്റൊരുവിധമലച്ചിൽ എവിടെയും  എന്റെ എരിച്ചലടക്കാൻ, അതെടുത്തു കളയാൻ  വഴിയൊന്നും കണ്ടില്ല ഞാൻ. അവസാനം ഞാൻ തന്നെയാണെരിച്ചിൽ എന്ന് വെളിപാട് കിട്ടിയ നിമിഷം സ്വാമിയോട് യാത്ര പറഞ്ഞ് അവിടെനിന്നുമിറങ്ങി. അവളെ അന്വേഷിച്ച്."

പെട്ടെന്നൊരു പടപടപ്പൻ  കാറ്റു വീശി. ഞങ്ങൾക്ക് തണൽ പാകിയ കൂറ്റൻ മാവൊരു ഓറഞ്ച് നിറമുള്ള മുട്ടൻ മാങ്ങ പൊഴിച്ചു. നേർത്ത ചിരിയോടെ അതെടുത്ത്, ഉടുത്ത മുണ്ടുകൊണ്ടതിലെ പൊടി തുടച്ച് മാധമ്മാമ അതരുമയായി  മടിയിൽ വെച്ചു.

''എന്നിട്ടോ?''

ക്ഷമയില്ലാതെ  അഖിലനയാളെ കഥയിലേക്ക്  ഉന്തിയിടാൻ നോക്കി.

''മാധമ്മാമ  പതുക്കെ എണീറ്റ് നടുവുഴിഞ്ഞു. പിന്നെയും വന്നിരുന്നു.

''കണ്ടെത്തി...''

ഒരു മൂക്കിപ്പൊടി പ്രയോഗവും പിന്നാലെ രണ്ടുമൂന്നു തുമ്മലും കൂടി തീർത്ത്  ആൾ തുടർന്നു.

''അപ്പോളാണ് എനിക്ക് മനസ്സിലായത് അത്രകാലവും ഞാൻ അലഞ്ഞതൊക്കെയും എന്റെ അലച്ചിലുകളത്രയും അവളെ തേടിയായിരുന്നുന്ന്, അവളിലേക്കായിരുന്നൂന്ന്. അങ്ങനെ അവസാനം  ഞാനവളെ കണ്ടു. അവളേ അല്ലാത്തൊരു കോലത്തിൽ...
അച്ഛനൊക്കെ  ചത്തിട്ടേറെയായിരുന്നു. അവളുടെ ചോരയൂറ്റി വളർന്ന സഹോദരങ്ങളൊക്കെ  പൊയ്ക്കഴിഞ്ഞിരുന്നു. ഞാൻ ചെല്ലുമ്പോ തീട്ടത്തിലും മൂത്രത്തിലും കുഴഞ്ഞ് ഒരൊറ്റമുറി വീട്ടിൽ. ഒരു വശം, ശരീരത്തിന്റെ  ഇടത് വശം മാത്രം ചലിപ്പിക്കാവുന്ന വിധത്തിൽ. ചെറിയ അനിയത്തി മൂന്നു നേരം ഭക്ഷണം കൊണ്ട് കൊടുക്കുമെന്ന്.

ഒന്നും സാരമില്ലെന്ന് കോടിയ വാക്കുകൾ കൊണ്ട് പറഞ്ഞു വെച്ചു. തളരാത്ത ഇടം കയ്യാൽ എന്നെ വലിച്ചു പിടിച്ചു. നിർത്താതെ കരഞ്ഞു. വാക്കിന് വേണ്ടിപ്പിടഞ്ഞു. ഒരുമാസം, കൃത്യം ഒരുമാസം ഞാൻ അവൾക്ക് കൂട്ടിരുന്നു. കണ്ണ് തെറ്റാതെ. ഒരു നിമിഷോം വിട്ടു നിക്കാതെ. ഒടുക്കം  ഇവിടം വിടുമ്പോളെന്ന പോലെ,യാത്ര പറയാതെ അവൾ പോയി കൃത്യം ഒരുമാസം തികയുന്ന ആ തിങ്കളാഴ്ച, എന്റെ അവസാനം വരെയും ഞാനുമ്മ വയ്ക്കാൻ കൊതിച്ചിരുന്ന ആ നെറ്റിയിൽ ആഞ്ഞൊരുമ്മ, ആദ്യത്തെയും ഒടുക്കത്തെയും- നട്ട് , ഞങ്ങൾ ഇനിയൊരിക്കലും പിരിയാത്ത വിധം പിരിഞ്ഞു. അവൾ പോയത് അവള് മാത്രമായിട്ടല്ലായിരുന്നു. എത്രയോ കാലങ്ങൾക്ക് ശേഷം ഇവിടെ തിരികെയെത്തുമ്പോൾ  ഞാൻ, ഞാൻ മാത്രവുമായിട്ടല്ലായിരുന്നല്ലോ. അവളുടെ തളർന്നുപോയ പാതി. അത് ഞാനായിരുന്നെടാ. ഞാൻ ചെന്നത് പൂരിപ്പിച്ചില്ലേ?''

ഇപ്പോൾ മാത്രം മാധമ്മാമ ഒന്നിടറിയതായി, ശരിക്കും അങ്ങനെയായതായി, അഖിലൻ  വ്യക്തമായും കണ്ടു. നാട്ടിലെമ്പാടും മരങ്ങൾ നട്ടു നടക്കുന്ന 'മര മാധവൻ' എന്നും കൂടി പേരുള്ള മാധമ്മാനെ ഇപ്പോളും ട്രപ്പീസുമാധവൻ എന്ന് വിളിക്കുന്ന മുഴുവൻ പെരിന്താട്ടുകുറിശ്ശിക്കാരെയും  വെറുക്കുകയും പ്രാകുകയും ചെയ്തു കൊണ്ട് ഒന്നും മിണ്ടാനാവാതെ അവനന്തിച്ചിരുന്നു.

അവന്റെ ഉള്ളു വായിച്ച പോലെ മാധമ്മാനപ്പോൾ  ഇളം ചിരിയാലെ അവനെ ചേർത്തു പിടിച്ചു ''പ്രേമത്തിന്റെ വിധിയാടോ അത്. എതിർപ്പുകൾ, കുറ്റപ്പെടുത്തൽ, പരിഹാസം. അതന്നൂണ്ട് ഇന്നൂംണ്ട്. രൂപം മാറിയെന്നല്ലാതെ. പ്രേമത്തെ അറിയുന്നവര് അതിന്റെ ഉള്ളിൽ നിക്കുന്നവര് മാത്രാ. വേറാർക്കും അതറിയാൻ പറ്റില്ല. എത്ര ശ്രമിച്ചാലും.''

ശരിയാണല്ലോ. പിന്നാലെ വന്ന മൗനത്തിന്റെ ഇടവേളയിൽ അഖിലൻ തനിച്ചോർത്തു, ഞാനീ മരച്ചോട്ടിലിരുന്ന് ഉരുകുന്നതും വേറെന്തുകൊണ്ടായിരുന്നു! രണ്ടേ രണ്ടുപേർക്കറിയാവുന്ന അതേ പ്രേമത്തിന്റെ കൊടും കനൽ  കൊണ്ട്.

അഖിലന് മാധമ്മാനോടപ്പോൾ തന്റെ കഥ പറയാൻ തോന്നി .

കാലം : കളർ 

വർഷം : 2024, അഖിലന്റെ  യൂത്ത് 

സ്ഥലം: പെരിന്താട്ടുകുറിശ്ശി 

അവൻ  പറയാൻ തുടങ്ങി. 

അതൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് കുറെ നീണ്ട ബ്രേക്ക് ഉള്ള ദിവസം. പക്കാ, ഫരീദേടെ പ്ലാനായിരുന്നു  സ്കൂളിന് പിന്നിലത്തെ ഏലക്കാട്.

''നിനക്ക് ഞാനുമ്മ തരാം...''

അതുകേൾക്കേ പേടിക്കിടയിലും എന്റെ പാമ്പൊന്നിളകി. പ്രേമക്കാറ്റിൽ തലയാകെ കൈത മണത്തു. ചുറ്റിനുമുലഞ്ഞു. രണ്ടും കൽപ്പിച്ചു ഞാനതേറ്റു. വെള്ളിയടുക്കുന്തോറും പക്ഷേ കരളില് കൊള്ളിയാൻ മിന്നി. പെണ്ണിന് കുലുക്കമേതുമുണ്ടായില്ല. അല്ലെങ്കിലും സത്യം, ഇപ്പൊ പേടിയൊക്കെ ചെക്കന്മാർക്കാണ്. സ്കൂളിലുണ്ണുന്നവര് അതിലേക്കും വീട്ടിൽ പോണവര് അതിലേക്കും പള്ളീൽ  പ്രാർത്ഥിക്കാൻ പോണോര്  അതിലേക്കുമൊക്കെ തിരിഞ്ഞ നേരം അവളൊറ്റക്കണ്ണു തുറന്ന്, പുരികക്കൊടിയുയർത്തി  എന്നെയൊന്നു നോക്കി, നേരെ ഏലക്കാട്ടിലേക്ക് വച്ചടിച്ചു;  അവളുടെ ചങ്ക്‌സ്,  നേഹയും പവിത്രയും സുഹൈലയും നവമിയും സിഗ്നൽ ഡ്യൂട്ടിയേറ്റെടുത്ത്  പിന്നാലെയും.  അവർ പോയിട്ട് ഒരഞ്ചാറു മിനുട്ട് കഴിഞ്ഞ്  അതേ വഴി പിടിക്കാനോങ്ങുമ്പോളേക്കും  ''നിക്ക്... ഞാനൂണ്ടെടോ'' എന്ന് ചന്തിയും തുടച്ചെണീക്കുന്നു  പരമൻ   അഥവാ തീറ്റപ്പരമൻ എന്ന പരം വീർ.

''ഒറ്റയ്ക്ക് പൊറോട്ടേം ബീഫും അടിക്കാൻ പോവാല്ലേ... എന്നെക്കൂടി ഒന്ന് പരിഗണിയ്ക്കെ'ന്ന് ആ  ഉടുമ്പ്, ഒറ്റപ്പിടുത്തം. എത്ര പറഞ്ഞിട്ടും അതിനല്ലെന്നു ബോധ്യപ്പെടാത്തവനെ ഒന്നൊഴിവാക്കാൻ കയ്യിലുള്ള അൻപതു രൂപയും  അതിലേറെ വിലപ്പെട്ട സമയവും കൂടി കളയേണ്ടി വന്നു.

''കഴിഞ്ഞ  ഫുട്ബോൾ മാച്ച്  ജയിച്ചേന്റെ  ട്രീറ്റ് ഇതുവരേം തന്നില്ലല്ലോടാ  ബെസ്ററ്  പ്ലെയർ  പട്ടീ.. .പൊറോട്ടേം മുട്ടക്കറിയുമെ ങ്കിൽ  അതെ'ന്നു  പ്രാകി നാശപ്പരമൻ, ഉണ്ണീൻക്കേടെ  കടയിലേക്കുള്ള വഴിയിലേക്ക്  തിരിഞ്ഞതും  ഞാൻ ശക്തി മുഴുക്കെ  എടുത്തോടി. വള്ളീം പുല്ലും പകുത്ത് ഞാനെത്തുമ്പോ  അവള് മോന്തേം വീർപ്പിച്ചിരിക്കുന്നു. കാര്യം പറഞ്ഞിട്ടും കിട്ടി അഞ്ചാറ് മൂത്തുപഴുത്ത തെറികൾ. അങ്ങനെ ഉന്തീം തള്ളീമൊക്കെ  ഒടക്ക് തീർക്കുന്നതിനിടയ്ക്ക് ആദ്യത്തെ ഉമ്മ പൊട്ടി. ചുണ്ടിൽ നിന്നത് കാതിൽ, കവിളിൽ, നെറ്റിയിൽ, കഴുത്തിൽ... അങ്ങനെ ആൾക്കൂട്ടം കണ്ടു വെരണ്ട  ഒരു കാളയെപ്പോലെ കുതിച്ചു പാഞ്ഞു.

പെട്ടെന്ന് സിഗ്നൽ ഗേൾസിന്റെ  ഒച്ച കേട്ടപോലെ ''ഓരൊലക്കേമില്ലെടാ പട്ടീ... നിന്റെ പേടി കൊണ്ടാ''ണെന്ന്  ഒന്ന് കാതോർത്ത് അവൾ കിതപ്പിനിടയിൽ പിറുപിറുത്തു. ഞാനവളെ പൂർവാധികം ശക്തിയിൽ  കൈക്കുരുക്കിട്ടു വലിച്ചടുപ്പിച്ചു.

ഉമ്മകളുടെ  കടലിൽ നീന്തി നീന്തി ഞങ്ങളൊരു കരയും പിടിച്ചില്ല.

''നമുക്ക് വൈകുന്നേരം വരെ ഇവിടിരുന്നാലോ?" അവളെന്റെ കാതിൽ പറഞ്ഞു.

''നീയെന്തറിഞ്ഞിട്ടാ... ആ രജനിമാമിന്റെ ക്ലാസ്സാ... എപ്പോളാ അറ്റൻഡൻസ് എടുക്കാന്നറിയില്ല... മുങ്ങിയതാണെന്നു കണ്ടാ കൊന്നു കൊലവിളിക്കും തള്ള.''

''അപ്പൊപ്പിന്നെ പോകാനോ?" അവള് വീണ്ടും കൊഞ്ചുന്നു.

''ആലോചന തീർന്നെങ്കി വാ പൊറത്തു വാ... നിശ്ചയോം കല്യാണോമൊക്കെ ഞങ്ങള് നടത്തിത്തരാം...''

പൊടുന്നനെ കാടിളകി. രണ്ടുമൂന്നു കുറുനരികൾ പുറം ചാടി. അല്ല, രണ്ടുമൂന്നല്ല എട്ടൊൻപതെണ്ണമുണ്ട്.

ഞാനുമവളും ഞെട്ടിത്തിരിഞ്ഞു. 

''നടക്ക്.''

കൂട്ടത്തിലെ പ്രായമുള്ള കുറുനരി പറഞ്ഞു.

''ഞങ്ങള് പൊയ്ക്കോട്ടേ ഏട്ടമ്മാരെ... പ്ലീസ്...'' അവള് താണു കൂണു പറഞ്ഞു.

''നടക്ക്...'' കുറുനരികൾ കൂട്ടത്തോടെ പറഞ്ഞു. ''കാലം കൊറേയായില്ലേ പൊന്തക്കാട്ടിലെ മൊയല് പിടുത്തക്കളി?''

''ഞങ്ങളോ?"

പെട്ടെന്ന് ഗംഗ  നാഗവല്ലിയാകും പോലെ അവളുടെ ഒച്ചയും ഭാവവും മാറി.' 'ഞങ്ങളൊരിക്കലും ഇവിടെ വന്നിട്ടില്ല... തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ...''

E K Shahina Story

വേണ്ടെന്ന് ഞാനെത്ര ആംഗ്യം കാട്ടിയിട്ടും അവള് അടങ്ങിയില്ല. അവര് തമ്മിൽ വാക്കേറ്റമായി. അതിനിടെ ഒരുത്തന്റെ കയ്യൊന്ന് അവളുടെ നെഞ്ചത്ത് തൊട്ടു. ''അറിയാതെ '' എന്നൊക്കെ അവൻ പറഞ്ഞെങ്കിലും അറിഞ്ഞു തന്നെയാണെന്ന്  എനിക്ക് തിരിഞ്ഞു.

അവൾ, ചാമ്പ്യൻഷിപ്പും കഴിഞ്ഞ്  കരാട്ടേല് ബ്ലാക് ബെൽറ്റും വാങ്ങി നെഞ്ചും വിരിച്ചൊരു വരവ് വന്നിട്ട് കഷ്ടിച്ച് ഒരാഴ്ച ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. അവളതൊന്ന് പ്രാക്ടീസ് ചെയ്തതും തൊട്ടവൻ മലർന്നടിച്ച് നിലം തൊട്ടു. നാണം കെട്ട് ചാടിപ്പിടഞ്ഞെണീറ്റ  അവനാകട്ടെ തിരിച്ചടിച്ചത് കരാട്ടെ പോയിട്ട് കാരറ്റ് പോലുമില്ലാതെ മിഴിച്ചു നിന്നിരുന്ന എന്നെയും. നായികേടെ മുന്നില് സകല ഇമേജും തേഞ്ഞ്  ഇളിഞ്ഞു നിൽപ്പായിരുന്ന ഞാൻ അപ്പോളത്തെ ഊക്കിൽ അവനെ നല്ലോണമൊന്നു പെടച്ചു. അതിനിടക്കാരോ സ്കൂളിലേക്ക് ഫോൺ ചെയ്തു. പഠിപ്പിക്കാനില്ലാത്ത ശുഷ്‌ക്കാന്തിയിൽ   പഠിപ്പിക്കലുകാരുടെ  ഒരു കൂട്ടം അവിടേക്ക് കിതച്ചു പാഞ്ഞു വന്നു.

''നിങ്ങളിത് വഷളാക്കേണ്ട. ഞങ്ങൾ രക്ഷിതാക്കളെ വിളിച്ചിട്ടുണ്ട്. അവരെത്തട്ടെ...''

ഡിസിപ്ലിൻകാരൻ സുഗതൻ സാറ് കനപ്പിച്ചു പറഞ്ഞപ്പോ പൂർവ വിദ്യാർത്ഥികളുൾപ്പെട്ട കുറുനരി സംഘം ഒന്നയഞ്ഞു. എന്നാലും രക്ഷിതാക്കൾ വന്നിട്ടേ പോകൂ എന്ന് അവന്മാർ മുരണ്ടു നിന്നു.
പ്രിൻസിപ്പാളിന്റെ മുറിയിലെ ഭേദ്യം ചെയ്യലിൽ അവളെങ്ങാൻ കരയുന്നുണ്ടോയെന്ന്  ഞാൻ പാളി നോക്കി സദാചാരക്കുറുനരികളുടെ  ഉമ്മ വിവരണങ്ങളും കേട്ട്, പാറ പോലെ ഉറച്ചു  നിൽപ്പാണവൾ.

ഞാനൊന്നു മുഖം തുടച്ചു. മുഖത്തപ്പോൾ  നനവ് തൊട്ടു. കരയുകയാണെന്ന് അപ്പോൾ മാത്രം എനിക്ക് തിരിഞ്ഞു. ദൈവമേ ഇതിനൊരു പേടീമില്ലേയെന്ന്  ഫരീദയെ നോക്കുമ്പോളൊക്കെ എനിക്ക് ഉള്ള്  വിറച്ചു.

മുണ്ടറ്റം പൊക്കിപ്പിടിച്ചുള്ള അച്ഛന്റെ വരവോർക്കേ, പഠിക്കാനയച്ചിടത്ത്  അവൻ പെണ്ണ് കെട്ടി നടക്കാ'' യെന്ന് പെങ്ങളുടെ കളിയാക്കലോർക്കേ, അമ്മയുടെ കണ്ണീരോർക്കേ എനിക്കൊന്ന് മൂത്രമൊഴിക്കണമെന്ന് തോന്നി. ചുവരിൽ ഇടത്തോട്ടും വലത്തോട്ടും മോളിലോട്ടും താഴോട്ടും... അതിലൂടെ സകല പ്രശ്നങ്ങളെയും ഒഴുകിയൊഴുക്കിക്കളയാൻ  പറ്റിയിരുന്നെങ്കിലെന്ന്.

വൈകാതെ അവളുടെ ഉപ്പയും എന്റച്ഛനും വന്നു. പരസ്പ്പരം മുഖത്തു നോക്കാതെ ഇരുന്നു. പറഞ്ഞതൊക്കെ തലയും കുമ്പിട്ടു കേട്ടു. ഭൂമിയിലെ ഏറ്റവും വൃത്തികെട്ടതെന്തോ ഞങ്ങൾ ചെയ്തു പോയെന്ന പോലെ ഒടുക്കം ഞങ്ങളെ മുഖമുയർത്തി നോക്കി.

''ക്‌ളാസ്സു കഴിയാനായല്ലോ. രണ്ടാളും ഇനി വീട്ടിലിരുന്നു പഠിച്ചോട്ടെ. മോഡൽ പരീക്ഷയ്ക്ക് വിട്ടാൽ മതി.''  പഠിപ്പിക്കലുകാരുടെ  തിട്ടൂരം വരുന്നു .

''മൊബൈല് കൊടുക്കണ്ടാ.'' അവൾക്ക് മാത്രമായുള്ള മറ്റൊന്ന് രജനി മാമിന്റെ കുശുകുശപ്പ് ശബ്ദത്തിലും.

ഉമ്മ ക്കേസ് പ്രതികളായ ഞങ്ങൾ അങ്ങനെ രണ്ടു വഴിക്കായി.
വർക്ക് ഫ്രം ഹോം പോലെ സ്റ്റഡി ഫ്രം ഹോം.

അതിനിടെ ഞങ്ങളില്ലാതെ സെന്റ് ഓഫ് കഴിഞ്ഞു പോയി. വേറെയുമെന്തൊക്കെയോ ഒച്ചപ്പാടുകൾ, രസങ്ങൾ. കുറുനരികൾ നാട്ടിൽ പരത്തിയത് നല്ല ഭംഗിയായൊക്കെ പെരിന്താട്ടുകുറിശ്ശിക്കാർ ഏറ്റെടുത്തു. കഥകളിൽ കഥ ചേർത്തു.

''ഇനിയെന്നാ സ്കൂളിപ്പോണേ? സസ്‌പെൻഷൻ കഴിഞ്ഞില്ലേ?" എന്നൊക്കെ നിഷ്ക്കളങ്കമായി പുണ്ണിൽ കുത്തി.

അവൾ, മാർക്കുള്ള ഇനമായത് കൊണ്ട് വീട്ടിലിരുന്നു പഠിക്കുന്നുണ്ടാകും. ഞാനതില്ലാത്ത ഇനമായത് കൊണ്ട് വയലോരത്തിരുന്ന് വേനൽ തുമ്പികളെ എണ്ണുന്നുണ്ട് .

ഇടയ്ക്കെപ്പോഴോ  തിരികെ വിളിക്കരുതെന്ന് പറഞ്ഞ് ഏതോ നമ്പറിൽ നിന്നു  വിളിച്ചപ്പോഴും  അവളെന്നോടു പഠിക്കാൻ പറഞ്ഞു.

''മാർക്ക് വാങ്ങണം. ഹയർ കോഴ്സിന്  ഇവിടം വിടണം. ഇവിടെ ശരിയാവൂല്ലെടാ... നമുക്ക് പോണം... ഫ്രീഡം വേണം തുമ്പികളെപ്പോലെ... അതിനിടയ്ക്ക് കല്യാണാലോചനയൊക്കെ  വരുന്നുണ്ട്... പതിനെട്ടു  വർഷത്തെ പഴക്കമുള്ള ഒരു ബോംബ് കൈമാറാനുള്ള ഒരുക്കം പോലെ ഉപ്പ പലതും ചെയ്യുന്നുണ്ട്. ഒന്നും നടക്കില്ല... ഒരു ചുക്കും നടക്കില്ല... നീ  പേടിക്കേണ്ട...'' അവളുടെ ശബ്ദം നേർത്തു നേർത്തു പറഞ്ഞു.

ആ  ഒറ്റ മിനുട്ട് വിളികൾക്ക് അത്രയ്ക്കും വിലയുണ്ടെന്നറിയാമായിരുന്നിട്ടും അത് തീരുമ്പോൾ   ഉള്ളിടിഞ്ഞു പോകും.  ആ കോളുകൾ  വന്നാൽ പിന്നെ ഒന്നിനും  തോന്നാതാകും. പഠിക്കാൻ പോയിട്ട് കുളിക്കാനോ വല്ലതും തിന്നാനോ പോലും. പിന്നെ,  പിന്നെന്ത്  ചെയ്യാനാണ്...

വെയിൽ തുമ്പികളെ പ്രേമിക്കുന്നതും നോക്കി വെറുതെ വെറുതെ ഇങ്ങനെ ഇരിക്കുന്നതിലാണ് ഇത്തിരിയെങ്കിലും സുഖം. അപ്പോൾ അത് ചെയ്യുന്നു എന്നല്ലാതെ.

കഥ തീർന്നതും ഒരു കൈ നീണ്ടുവരുന്നതും കണ്ണ് തുടയ്ക്കുന്നതും അഖിലനറിയുന്നുണ്ട്. ആദ്യത്തെ കലിപ്പൊക്കെ ചോർന്ന്, അവൻ ഒരഭയം പോലെ അങ്ങേരോട് ചേർന്നിരിക്കുന്നുണ്ട്. പതിയെ തോളിൽ തട്ടിത്തട്ടി മാധമ്മാൻ  മടിയിൽ നിന്നാ മാങ്ങയെടുത്ത്  അഖിലന് നീട്ടുന്നുണ്ട്.

''ഒന്ന് കടിച്ചേടാ'' മൂപ്പർ പതുക്കെ പറയുന്നു.

മധുരമല്ല, ഇരട്ടി മധുരം. അഖിലനോർത്തു. ഇത്രകാലവും എന്താവോ ഇതൊന്നു കടിച്ചു നോക്കാൻ തോന്നാതെ പോയത്! അവനത് മുഴുക്കെ തിന്നുന്നതും നോക്കി മാധമ്മാനിരുന്നു.

''അവള് നട്ടതാ.''  പിന്നെ പതുക്കെ പറഞ്ഞു. ''പോകും മുമ്പേ, ഞാൻ പറഞ്ഞിട്ട്. സ്വന്തം ഒന്നൂണ്ടായിരുന്നില്ലല്ലോ എനിക്ക്. ആരാന്റെ മണ്ണാ. ഇവിടം വിടും വരെ നനച്ചും  നോക്കിയും  കേടുതീർത്തു പോയിക്കഴിഞ്ഞ് ഇടയ്ക്കൊക്കെ ഞാനതോർക്കുമായിരുന്നു. വെട്ടിപ്പോയിട്ടുണ്ടായിരിക്കുമോയെന്ന്. തിരികെ വന്നപ്പോ പക്ഷേ  അതായിരുന്നു എന്റെ ഏറ്റവും വലിയ അത്ഭുതം. അതിങ്ങനെ വളർന്ന് തണല് പരത്തി  ദാ, നമുക്കിങ്ങനെ തണുത്തിരിക്കാവുന്ന പോലെ.''

അഖിലൻ അന്തം വിട്ട് മാധമ്മാനെ നോക്കി. അവന് എന്തു പറയണമെന്നറിയാതായി.

 ''ഉള്ളറിഞ്ഞിട്ടാണെങ്കിൽ പ്രേമം ഒരു തണലാണെടാ... എന്നേക്കുമുള്ള തണല്... കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും...'' മാധമ്മാനപ്പോൾ പറഞ്ഞു.

കാറ്റ് ഊക്കിലൂക്കിൽ വീശാൻ തുടങ്ങി.

രണ്ടിലകളെ പ്പോലെ  അവർ രണ്ടും ആ തണലത്തിരുന്നു.
ഇലകൾക്കിടയിലൂടെ കാണായ വെളിച്ചക്കുത്തുകളെ നോക്കി. നീലാകാശം നോക്കി, അങ്ങനെയിരിക്കെ വെയിൽച്ചൂടെരിയുന്നതും  തുമ്പികൾ മടങ്ങിപ്പോകുന്നതും കണ്ടു.   മാധമ്മാൻ,  അലക്ഷ്യമായിക്കിടന്ന ചരിത്ര പുസ്തകമെടുത്ത് അവന്റെ കയ്യിൽ വെച്ചു കൊടുത്തു.

അവനത് മുറുകെപ്പിടിച്ചു.

Literature Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: