നിഷാം ബക്കര്‍ പോയതിന്റെ മൂന്നാം നാളായിരുന്നു മെയ് രണ്ട്. ഞാനും നിഷാം ബക്കറും കൂടി ഒരുമിച്ച് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ കാലം മുതല്‍ ഇങ്ങോട്ടുള്ള എല്ലാ മെയ് രണ്ടും എനിക്ക് കരഞ്ഞുകൊണ്ടു തുടങ്ങാനുള്ളതായിരുന്നു.

‘ഷബ്‌നാ, അന്റെ നമ്പറും പേരും മാത്രം ബോര്‍ഡിലില്ല, ഷിബൂനെപ്പോലെ യ്യി ഇക്കൊല്ലംകൂടി കുത്തിരിക്കേണ്ടി വരും.” നാലാം ക്ലാസില്‍ നിന്നും അഞ്ചാം ക്ലാസിലേക്ക് കയറിപ്പറ്റിയിട്ടുണ്ടാവുമോ എന്നോര്‍ത്ത് അത്രയുംനേരം സ്‌കൂള്‍ മുറ്റത്തെ ചെമ്പരത്തിച്ചോട്ടിലിരുന്ന് ആധിമൂത്ത് നഖം തിന്ന ഞാന്‍ തൊണ്ടവരണ്ട് നിഷാം ബക്കറിനെത്തന്നെ നോക്കും. തൊണ്ടയില്‍ നിന്നും പടപടാന്ന് ഒരു ഞരമ്പ് കഴുത്തിലേക്ക് നീട്ടിമിടിക്കുന്നത് നോക്കിക്കൊണ്ട് അവന്‍ പറയും.
‘ഷബ്‌നാ, ഇനി ഞാനും ആന്‍സിയും കൂടി പോകുമ്പോള്‍ നാലാംക്ലാസില്, മ്മളെ പഴേ ക്ലാസിന്റെ വഴിക്കല് നിന്ന് ഒരു തേന്‍മുട്ടായിയും പുളിയച്ചാറും തരുന്നുണ്ട് ട്ടോ…”

കടിച്ചുതീര്‍ത്ത, നഖമില്ലാത്ത വിരലുകൊണ്ടവനെ മാന്തുമ്പോള്‍ കേള്‍ക്കാം “ആയി, നല്ല രസം, കോയിത്തൂവലുകൊണ്ടാണോ മാന്തുന്നത്?”
”പോടാ കൊഷാം ബക്കറേ.”

ഷബിത എഴുതിയ ‘അരുന്ധക്കനി’ നോവൽ ഇവിടെ വായിക്കാം

ജയിച്ച പിള്ളേരുടെ പേരും നമ്പറുമുള്ള ബോര്‍ഡിലേക്ക് എത്ര പാടുപെട്ടു നോക്കിയാലും ഞാനെന്റെ പേരും നമ്പറും കാണൂല. നിഷാം ബക്കര്‍ പറഞ്ഞാല്‍പ്പിന്നെ എനിക്കുറപ്പാണ് ഉണ്ടാകൂലാന്ന്. പക്കേങ്കില് പിന്നെയവന്‍ പറയും ”മൊയന്തേ, ദാ കെടക്കുന്ന് അന്റെ പേരും നമ്പറും. ഇയ്യും ഞാനും അഞ്ചാംക്ലാസിലാണ്ടീ.”

അന്ന് ഞാനാണ് ആദ്യം സ്‌കൂളിലെത്തിയത്. തിക്കും തിരക്കുമില്ലാതെ, ഏന്തിവലിയാതെ ആദ്യം നോക്കിയത് നിഷാം ബക്കറിനെയാണ്. അവന്റെ പേരിന് നേരെ ‘പി’ എന്ന് കണ്ടപ്പോള്‍ പിന്നെ എന്റേതു നോക്കുകകൂടി വേണ്ടാന്നായി. അവന്‍ ഉറക്കെ പറയുന്നതുപോലെ. ”മൊയന്തേ ‘പി’ ന്ന് പറഞ്ഞാല്‍ പാസ്, ‘എഫ് ‘ന്ന് പറഞ്ഞാ ഫെയില്‍.”

ജയിച്ചോ തോറ്റോന്നറിയാന്‍ ഞാന്‍ തന്നെ നോക്കണമെന്നവന്‍ വാശി പിടിച്ചത് കഴിഞ്ഞ കൊല്ലമായിരുന്നു. ഞാന്‍ ബോര്‍ഡിനു മുന്‍പില്‍പോയി എത്തും പിടിയും കിട്ടാതെ നില്‍ക്കുന്നത് കണ്ടിട്ടവന് പൊട്ടിപ്പൊട്ടി ചിരിക്കണം.

ബോര്‍ഡുനോക്കി താഴോട്ടുനോക്കിക്കോണ്ട് തിരിച്ചു പോന്ന് അവനെ നോക്കി. ഷബ്‌ന പി. ആണ് പാസായത്. ഞാന്‍ ഷബ്‌ന.എം ആണ്. മൂലേത്ത് ഷബ്‌ന. അപ്പോഴാണവന്‍ ‘പി’യും ‘എഫ്’ഉം വിശദമാക്കിത്തന്നത്. എനിക്കന്നുവരേയുള്ള അറിവുകളെല്ലാം നിന്റെ വിശദീകരങ്ങളുടെ ആകെത്തുകയായിരുന്നല്ലോ.
”നിഷാം ബക്കറേ… മ്മള് രണ്ടാളും ജയിച്ച്. ആറ്.സി യിലാരിക്കും.’
നിഷാം ബക്കറേ…

പള്ളിപ്പറമ്പിലവന്‍ പുതച്ച ചെമ്മണുകൂനയുടെ കാല്‍ക്കല്‍ മുളപൊട്ടിയ കൂവച്ചെടിയുടെ ഇളംവയലറ്റ് പൂ മഞ്ഞക്കണ്ണോടെ എന്നെത്തന്നെ നോക്കി. അവന്റെ തലയ്ക്കല്‍ കുത്തിയ കുങ്കുമച്ചെടിയുടെ തുമ്പത്ത് തളിര്‍ക്കാനോങ്ങുന്ന പച്ചപ്പൊടിപ്പ് അതുകേട്ട് താഴോട്ടുനോക്കിക്കളഞ്ഞു. പള്ളിപ്പറമ്പിന്റെ മതിലിനിപ്പുറം നിന്ന് ഏന്തിവലിഞ്ഞ് ഞാനാ കുഞ്ഞുമണ്‍കൂനയെത്തന്നെ നോക്കിയൊന്നുകൂടി ഉറക്കെയലറി.
”നിഷാം ബക്കറേ…”

കൊലക്കാരന്‍ മമ്മദ്ക്കാന്റെ കുട്ടനാട് പോറ്റിയപ്പന്റെ ഇല്ലപ്പറമ്പിലേക്ക് വലിഞ്ഞുകേറാന്‍ നില്‍ക്കുമ്പോള്‍ അലര്‍ച്ചകേട്ട് പേടിച്ച് ഇടവഴിയിലേക്കു വീണു. അപ്പുറത്ത് പള്ളിപ്പറമ്പും ഇപ്പുറത്ത് പോറ്റിയപ്പന്റെ ഇല്ലപ്പറമ്പും നടിവിലൊരു ഇടവഴിയുമുള്ള ഞങ്ങളുടെ ലോകം.

പള്ളിപ്പറമ്പില്‍ ഒരു ശീമക്കൊന്നക്കമ്പിന്റെയത്ര നീളത്തില്‍ മണ്ണിലുറങ്ങിപ്പോയ എന്റെ ലോകം. ”പൊട്ടത്ത്യേ, കൊല്ലിയേലത്തെ രാജേഷേട്ടന്‍ കിറുക്കനാ. മൂപ്പരാള് മുണ്ട് പൊക്കിക്കാണിക്കുമ്പം ദാ ഉണ്ടക്കല്ല്, അവിടെകണ്ടോ. അതെടുത്ത് കയ്യില്‍ പിടിച്ചോണം. എറിയണ്ട. കല്ല് കണ്ടാല്‍ മൂപ്പര് ഓടിമറഞ്ഞോളും.” രാവിലെ മദ്രസ്സില്‍ പോകുമ്പോള്‍ ഉണ്ടക്കല്ലുകള്‍ പള്ളി മതിലിന്റെ ഓരത്ത് കൂട്ടിവെക്കും. ഇടയ്ക്കവന്‍ പറയും.shabita,memories, iemalayalam
”പൊട്ടത്ത്യേ കല്ലു തീര്‍ന്ന്‌ട്ടോ, ബെക്കം പെറുക്കിക്കോ.”
”അനക്കെന്താ പെര്‍ക്ക്യാല്‍.”
”മൂപ്പര് മുണ്ട് പൊക്കുന്നത് അന്നോടല്ലേ, ഇന്നോടലല്ലോ.” പോറ്റിയപ്പന്റെ പറമ്പിലെ നാട്ടുമാവിലെ ഉണ്ണിമാങ്ങകളെ ലാക്കാക്കി, ഞാന്‍ പെറുക്കിക്കൂട്ടിയ കല്ലുകളഞ്ചാറെണ്ണം തുരുതുരായെറിഞ്ഞു. പള്ളിമതിലിലെ ഓരില്‍ അവനെനിക്കായി കരുതിവെച്ച മൂന്ന് ഉരുളന്‍ കല്ലുകള്‍ അടുപ്പുകൂട്ടിയതുപോലെ കിടക്കുന്നു.

പള്ളിപ്പറമ്പിലവന്റെ കാല്‍ചുവട്ടില്‍ പൂവിട്ടുനില്‍ക്കുന്ന കൂവച്ചെടികളെയും നോക്കി നടന്നതുകൊണ്ട് മുമ്പില്‍ രാജേഷേട്ടന്‍ നില്‍ക്കുന്നത് കണ്ടില്ല. ഇടവഴിയില്‍ രണ്ടു കാലുകളുമകത്തി നിന്ന് വഴിതടഞ്ഞപ്പോളെന്റെ രക്ഷകന്‍ മണ്ണിനടിയില്‍ നിന്നും കുതറിപ്പിടച്ചെണീറ്റ് ”ഓടടാ രാജേഷേ” എന്നൊറക്കെയലറിക്കൊണ്ട് കല്ലുകളെറിയുന്നതും സ്വപ്‌നം കണ്ട് ഞാനന്തം വിട്ടുനിന്നതും ഒരു കാലത്തും തേക്കാത്ത പല്ലിലട്ടിയായിക്കിടക്കുന്ന എച്ചിലുകള്‍ കാട്ടി അയാളിളിച്ചു.

”നിഷാം ബക്കറേ…”
ഞാനലറിയത് അയാളുടെ ചിരിയിലമര്‍ന്നു പോയി. രാജേഷേട്ടന്‍ മുണ്ടുപൊക്കിക്കാണിച്ചതും ഊരയാട്ടിക്കൊണ്ടെനിക്കുനേരെ നടന്നടുത്തതും തിരിഞ്ഞോടാനാകാതെ ഓക്കാനിച്ചു ഞാന്‍ നിന്നതും കണ്ടിട്ട് ഭൂമിക്കുള്ളില്‍ പിടഞ്ഞു നില്‍ക്കുന്നയെന്റെ നിഷാം ബക്കറായിരുന്നു മനസ്സില്‍. അപ്പോളാണ് കൊലക്കാരന്‍ മമ്മദ്ക്കാന്റെ മുട്ടനാട് രാജേഷേട്ടന്റെ പള്ളക്കിട്ടു കുത്തിയത്. ആട് എവിടെനിന്നു വന്നു? ഇടവഴിയില്‍ അതു നില്‍പ്പുണ്ടായിരുന്നോ?

മമ്മദ്ക്കാ മുട്ടനാടിനെ കെട്ടിയേച്ചു പോയതൊന്നും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. രാജേഷേട്ടനെ കുത്തിയ ഹരത്തില്‍ അതെന്റെ നേരെ തലയാട്ടിവന്നപ്പോളാണ് ഞാന്‍ തിരിഞ്ഞോടിയത്. പള്ളിപ്പറമ്പിലപ്പോള്‍ മൂത്ത കുങ്കുമത്തിന്റെ കമ്പൊരെണ്ണം പൊട്ടിച്ച് അയമാട്ടെ മൂസക്കാന്റെ തലയ്ക്ക്‌നേരെ ആളുകള്‍ കുത്തുന്നത് ഞാന്‍ കണ്ടില്ല. വെള്ളപ്പാല് പോലെ ഒലിച്ചിറങ്ങിയ കറയുമായി കമ്പൊരെണ്ണം പോയ കുങ്കമം പിറ്റേന്നും അതിന്റെ പിറ്റേന്നും എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ആറില്‍ നിന്ന് ഏഴിലേക്ക് ‘നമ്മള്‍’ ജയിച്ചതും ഞാനാണ് ആദ്യം വന്ന് നിഷാം ബക്കറോട് പറഞ്ഞത്. ഇടയ്‌ക്കെപ്പോഴോ അവന്റെ കിടപ്പിനെ മറച്ചുകൊണ്ട് ഒന്ന് രണ്ട് മണ്‍പുതപ്പുകള്‍ ഉയര്‍ന്നെങ്കിലും അവന്‍ കൂവച്ചെടികളിലൂടെ എന്നെ നോക്കിയിട്ടുണ്ടാവണം. എട്ടിലേക്ക് ഞാന്‍ ബസുകേറിയപ്പോള്‍ ആദ്യമായി ഛര്‍ദ്ദിച്ചു. നോമ്പു തുറക്കാന്‍ ഞാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍, ഉന്നക്കായയുണ്ടാക്കാന്‍ മൈദ വാങ്ങാനോടിയ അവനെയുംകൊണ്ട് ഇത്തിരിദൂരം പോയ ടയറുകളെ കാണുമ്പോളെനിക്ക് ഛര്‍ദ്ദി വന്നു.

അവനില്ലാതെ, ആദ്യമായിട്ടാണ് ഞാനൊറ്റയ്ക്ക് ബസ്സില്‍ കയറിയത്. കൊടുത്ത ചില്ലറപൈസയുടെ അധികാരം കണ്ടക്ടര്‍ അയാളുടെ കത്രിക വിരലുകള്‍ക്കുള്ളിലെന്റെ കുഞ്ഞുമുലയെ പൂട്ടിയമര്‍ത്തിയപ്പോള്‍ വേദിനിച്ചുചൂളിപ്പോയ ഞാന്‍ തിരിഞ്ഞുനോക്കിപ്പോയത് അവനാ പിറകിലെങ്ങാനുമുണ്ടെങ്കിലോ എന്നോര്‍ത്തായിരുന്നു.

പത്താംക്ലാസിലെ കരീം എന്നോട് മക്കനയിടാന്‍ കല്‍പിച്ചപ്പോളും കാലിന്റെ നെരിയാണി മറയ്ക്കത്തക്ക രീതിയില്‍ പാവാടയുടുക്കണമെന്ന് ചട്ടംകെട്ടിയപ്പോളും ‘പോടാ ഹമ്‌ക്കേ’ എന്ന് പറയാന്‍ അവന്റെ നാവ് വെമ്പുന്നുണ്ടാവുമല്ലോ എന്നോര്‍ത്താണ് സമാധാനിച്ചത്. കരീമിനെ പേടിച്ച് ഞാന്‍ മുട്ടിറക്കമുള്ള ബ്ലൗസും കുഞ്ഞമ്മിഞ്ഞ മറയ്ക്കന്ന മക്കനയുമിട്ട് നടന്നപ്പോള്‍ നിഷാം ബക്കറേ നിനക്കെന്റെ മനസ്സില്‍ പൊടിമീശ മുളച്ച ചെഗുവേരയുടെ മുഖമായിരുന്നു.shabita ,story ,iemalayalam
നാല് ബിയില്‍ നമ്മളോടൊപ്പമുണ്ടായിരുന്ന സരിതയെ നീ മറക്കില്ലല്ലോ. ഒരിക്കല്‍ നീയവള്‍ക്ക് രണ്ട് ഇരുമ്പന്‍ പുളി അധികം കൊടുത്തതിന് സ്ലേറ്റിന്റെവക്കുകൊണ്ട് ഞാനാ കൈമുട്ടിനിട്ടു തല്ലിയപ്പോള്‍ ഇളകിപ്പോയ വെള്ളത്തൊലിയോടൊപ്പം ചാടിയ ചോര. അന്നാണ് നീയാദ്യമായി കണ്ണു നിറച്ചത്. മേല് വേദനയായാല്‍ പിന്നെ നീയാകെ നിസ്സഹായനായിപ്പോകുമെന്നെനിക്ക് പണ്ടേ അറിയുന്നതല്ലേ.

നിനക്കറിയോ നീയെനിക്ക് നോമ്പുതുറക്കാന്‍ ഉന്നക്കായ ഉണ്ടാക്കിത്തരാനോടിയ അന്ന്, നമ്മുടെ നാട്ടില്‍ ബസ്സിനടീല്‍പ്പെട്ട ആദ്യത്തെ കുഞ്ഞന്‍ എന്ന് പറഞ്ഞ് നാട്ടുകാര് കാണുന്നോരെല്ലാം മൂക്കുപിഴിഞ്ഞ അന്ന്, രാവിലെ കളിക്കുമ്പം ഞാന്‍ പറഞ്ഞത് സരിതയെപ്പറ്റിയായിരുന്നു. ”ഓളെ കുയിച്ചിട്ടുപോട്ടെ.” അന്ന് നീയെന്നോടു ചോദിച്ചതോര്‍മ്മയുണ്ടോ? ”ന്നിട്ട് സരിതന്റെമ്മക്ക് നീയ്യ് പകരം പോക്വോ?” സരിത ഇന്ന് രാവിലെ സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ഒരു ഹേതുവുമില്ലാതെ… അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ ഞാനവളെ കണ്ടതാണ്. ഉന്നക്കായയെ വെറുത്തതുപോലെ അവളോടും എനിക്കൊരു അകല്ച്ചയുണ്ടായിരുന്നു. ഞാനങ്ങനെ മിണ്ടാന്‍ പോകാറില്ല. ഞാനാരോടും മിണ്ടാന്‍ പോകാറില്ലായിരുന്നു.

പള്ളിമതിലിന്റെ ഓരത്തുവന്ന് നിന്നെയുറക്കെ വിളിച്ചതിന്റെ പിറ്റേന്ന് പൊരേല്‍ അയമൂട്ടിമൊയ്‌ല്യാര് വന്ന് ചരട് മന്ത്രിച്ചുകെട്ടീട്ടുപോയി. നടുക്കൊരു വെള്ളിയുറുക്കുള്ള ചരട്. ഉമ്മായും മൂത്തുമ്മായും കുന്തിരിക്കം പുകച്ച് ആറു ദിവസം മുറിയില്‍ എന്റെമുമ്പിലിരുന്ന് കിത്താബ് വായിച്ചു. പിന്നെ വല്യക്കാക്കയാണ് സൈക്കിളില്‍ മദ്രസയില്‍ കൊണ്ടോയത്.

ആയിടക്ക് പോറ്റിയപ്പന്റെ പറമ്പിലെ നാട്ടുമാങ്ങ പഴുത്തു വീണപ്പോള്‍ നട്ടുച്ചയ്ക്ക് ആരും കാണാതെ അഞ്ചാറെണ്ണം പെറുക്കി തട്ടത്തിലിട്ട് ഞാന്‍ നിനക്കു തരാനായി ഓടിവന്നതല്ലേ. കൂവച്ചെടികളെല്ലാം തണ്ട് ചത്തുപോയി നിലത്തുണങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ മാങ്ങയവിടെയിട്ട് ഞാന്‍ കുത്തിയിരുന്ന് മാന്തി മാന്തി മാന്തിപ്പറിച്ചു. കോയിത്തൂവലുകൊണ്ട് മാന്തുന്ന സുഖം കിട്ടാന്‍…നട്ടാക്കുന്തിരി വെയിലത്ത് കണ്ണിലിരുട്ട് കയറിയതേ എനിക്കോര്‍മ്മയുള്ളു.

ബാപ്പയെന്നെ കെട്ടിപ്പിടിച്ചിരിക്കുമ്പോള്‍ എന്റെ തലയ്ക്കു മുകളില്‍ ഒരു കുപ്പിതൂങ്ങുന്നുണ്ടായിരുന്നു. ഒതയോത്തെ ആമിനമ്മാമ്മ ആസ്പത്രീല്‍ കിടക്കുമ്പോലാണ് ആദ്യമായി നമ്മളാസൂത്രം കണ്ടത്. ഗ്ലൂക്കോസ് കുപ്പികളില്‍ നിന്നും ഇറ്റിവീഴുന്ന തുള്ളികള്‍ വള്ളിയിലൂടെ ഇഴഞ്ഞിറങ്ങി കൈയ്യിലെ സൂചിക്കിടയിലൂടെ കാണാതാവുന്നു. മഴതോരുമ്പോള്‍ ഓടിന്റെ വക്കില്‍നിന്നും ഇറ്റിവീഴുന്ന പൊട്ടുവെള്ളം പോലെ തുള്ളികള്‍ പതുക്കെപ്പതുക്കെ…

കറ്റോട്ടിലെ ഗോകുല്‍ ദാസ് മരിച്ചതുംകേട്ടാണ് ഞാന്‍ ആശുപത്രിക്കിടക്കയില്‍ നിന്നെണീറ്റിരുന്നത്. പോറ്റിയപ്പന്റെ പറമ്പിലെ നാട്ടുമാങ്ങ മുഴുവന്‍ രാവിലേതന്നെ പെറുക്കി കൊണ്ടുപോകുന്നത് ഗോകുല്‍ ദാസും അനിയനും കൂടിയാണെന്ന് നമ്മളെന്നോ കണ്ടുപിടിച്ചതാണല്ലോ. നമ്മള് പെറുക്കാന്‍ ചെല്ലുമ്പോളേക്കും ഒറ്റയെണ്ണം പേരിനുപോലും വെക്കാതെ അവര് കൊണ്ടുപോയിക്കളയും. ”എടോ അണലികടിച്ചാല്‍ വീടുലാട്ടോ” എന്നൊരിക്കല്‍ പറഞ്ഞു പേടിപ്പിച്ചതല്ലേ നീ. ധൃതിയില്‍ മാങ്ങപെറുക്കിക്കൂട്ടുമ്പോള്‍ കയ്യില്‍കടിച്ചുതൂങ്ങിയ അണലി പിടിവിട്ടില്ല. കുടഞ്ഞിട്ടും വിട്ടില്ല. ഒടുക്കം അവനതിനേയും കൊണ്ടോടി. പൊരവരെ എത്തിയില്ല. വായില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമെല്ലാം ചോരവന്നു. ”അമ്മേ” ന്ന് അലറിക്കരഞ്ഞോടുന്ന ഗോകുല്‍ ദാസിന്റെ മുഖം. കയ്യില്‍ തുങ്ങിക്കിടക്കുന്ന അണലി. നിഷാം ബക്കറേ, നിന്നെയെനിക്കിപ്പോള്‍ ഉറക്കെ വിളിക്കാന്‍ മേല. ഉമ്മയും മൂത്തുമ്മയും വാതിലടച്ച് മുറിയിലാക്കിക്കളയും. ഉപ്പ മാത്രം കെട്ടിപ്പിടിച്ച് മുടിയില്‍ തലോടി, കണ്ണിലെ ചീയ്യ് തുടച്ചുതന്ന് കൂട്ടിപ്പിടിച്ചിരിക്കും: ”ന്റെ കുട്ടി ബേജാറാവണ്ട.”shabita,story,iemalayalam
നിന്റെ ഉമ്മയൊരിക്കല്‍ വീട്ടില്‍വന്നത് ഒരു ബോക്‌സും കൊണ്ടാണ്. ഹൈസ്‌കൂളിലെത്തമ്പോള്‍ ഉപയോഗിക്കാനായിട്ട് നിന്റെ ബാപ്പ കൊടുത്തയച്ച ഇന്‍സ്ട്ര്‌മെന്റ് ബോക്‌സ്. ”ഷബ്‌നാ, സ്‌ട്രോബറി മണമുള്ള റബ്ബറുണ്ടതില്‍.”

അന്നു രാത്രി ഉപ്പ ഉമ്മാന്റെ മോത്തേക്ക് ചോറ്റുപാത്രം വലിച്ചെറിഞ്ഞാണ് ബഹളം വെച്ചത്. ബോക്‌സ് ഉമ്മ മടക്കി അയച്ചു. ”കുട്ടിക്ക് ഇപ്പളും ഓന്റെ മറവിയായില്ല. ഇങ്ങള് കാണുന്നില്ലേ മരുന്നും മന്ത്രോം… ഇനിപ്പം ഇതുംകൂടി കൊടുത്താലെന്താവും റബ്ബേ. മ്മളെ കുഞ്ഞികളാ രണ്ടും. ഒന്ന് പടച്ചോന്റടുത്തും ഒന്നീ നരകത്തിലും. കാണാത്തേം കേള്‍ക്കാത്തേം നാട്ടിലെക്കൊന്നു പറഞ്ഞയക്കുന്ന കാലമായിക്കിട്ടിയാല്‍ മത്യാര്ന്നു.” ഉമ്മ ഒന്നും മിണ്ടാതെ ബോക്‌സുമായി തിരിച്ചുപോയി.

”അന്റെ മോക്ക് ഉന്നക്കായ ഉണ്ടാക്കിക്കൊടുക്കാന്‍ മൈദ വാങ്ങാനോടിയതാടീ ആ പൈതല്.” ബാപ്പയലറുന്നുണ്ട്.
”ഷബ്‌നാ, ഇന്നത്തെ നോമ്പുതുറ അടിപൊളിയാക്കണം. ഉന്നക്കായ തിന്നില്ലാലോ. ഉമ്മാക്ക് നന്നായിട്ടുണ്ടാക്കാനറിയാം.”
”നിഷാം ബക്കറേ…”

രണ്ടാമതൊന്നു വിളിക്കുന്നതിനു മുമ്പ് മൂത്തുമ്മയെന്റെ വായപൊത്തി. അന്നാണ് ഉമ്മാന്റെ പിടുത്തം വിട്ടുപോയത്. ഈര്‍ക്കില്‍ ചൂലുകൊണ്ടെന്നെ തലങ്ങും വിലങ്ങും തല്ലി. കണ്ണിലും മൂക്കിലും ചെവിയിലും ചുണ്ടിലും ഈര്‍ക്കില്‍ കുത്തിക്കയറിയപ്പോള്‍ മുള്ളാണികൊണ്ട് നീ ചന്തിക്ക് കുത്തിയതുപോലെ. ”ഷബ്‌നാ മുള്ളുകുത്തിയോ”?

പാത്തുതാത്താന്റെ മോളെ കുട്ടി പൊഴേല് മുങ്ങി മരിച്ചതിന്റെയന്ന് അവന്റെ മയ്യത്ത് നീയേറ്റുവാങ്ങി നെഞ്ചോടുചേര്‍ത്തതുപോലെ നിന്റെ മണ്‍പുതപ്പ് ഒന്നുകൂടി ഉയര്‍ന്നു. പിന്നെ നീയേറ്റുവാങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണം….
”ഷബ്‌നാ, ഞാന്‍ താടി ദാ ഇത്ര നീട്ടും.” നിനക്ക് താടിയുണ്ടാകാന്‍ പൂതിയായിട്ട് ഇരിക്കപ്പൊറുതിയുണ്ടാകാഞ്ഞപ്പോള്‍ ഞാനെന്റെ മുടി നീട്ടിത്തന്നില്ലേ. നിന്നോടോരം പറ്റിയിരുന്നു, എന്റെ മുടികൊണ്ട് നീ താടി വെച്ചപ്പോള്‍ മൂക്ക് കോട്ടിപ്പറഞ്ഞില്ലേ ”പോയി തലയൊന്ന് കഴ്ക് ഇബ്‌ലീസേ ഹൗ എന്തൊരു നാറ്റം!” പിന്നെയെന്റെ തട്ടം പിടിച്ച് മണത്ത് ഓക്കാനിച്ചുെകാണ്ട്, മീന്‍കൂട്ടിയിട്ട് സോപ്പിട്ടു കഴുകാതെ തട്ടത്തില്‍ തുടച്ചതിനും ചീത്ത പറഞ്ഞില്ലേ.

നിഷാം ബക്കറേ, നിനക്കു ശേഷം ബസിനടിയിപ്പെട്ടത് നമ്മളെ ഷിബുവാണ്. ഓനൊരിക്കല്‍ ബീഡി വലിച്ചത് കണ്ടത് ഓര്‍മ്മയുണ്ടോ? ഓന്‍ കുടിക്കാനും തുടങ്ങീനും. ഓവര്‍ടേക്ക് ചെയ്ത ബസിനെ പിടിക്കാന്‍ സ്‌കൂട്ടറില്‍ പറന്നതാണ്. ഷിബു സിനിമാസ്റ്റെലില്‍ ബ്രേക്കിട്ടത് ഡ്രൈവര്‍ കണ്ടില്ല. ടയറിന്റെയും സ്‌കൂട്ടറിന്റെയും അടിയിലായിപ്പോയി. നിനക്കുശേഷം സരിത, ഗേകുല്‍ദാസ്, ഷിബു പാത്തുതാത്താന്റെ മോളെ കൂട്ടി…

നിനക്കു ശേഷം ഞാനിങ്ങനെ…
പള്ളിപ്പറമ്പിലെ കുങ്കുമച്ചെടികളെല്ലാംകൂടി ഒരുമിച്ചു പൂത്തപോലെ എന്റെ മേലുള്ള രോമങ്ങളെല്ലാം ഒന്നിച്ചെണീച്ച് പത്താംക്ലാസ് കഴിഞ്ഞു. ആരും റിസല്‍ട്ടൊന്നും നോക്കിയിട്ടില്ല. കൊലക്കാരന്‍ മമ്മദ്ക്കാ മരിച്ചതില്‍പ്പിന്നെ മുട്ടനാട് ഇടവഴിയിലില്ലാത്തതുകൊണ്ട് രാജേഷേട്ടന്‍ മുണ്ടുടുക്കാതെയായി. പിന്നെ പെണ്ണുങ്ങളാരും ആ ഇടവഴിക്ക് പോകാതെയുമായി.
പള്ളിമതിലിന്റെ ഓരിലെ അടുപ്പുകൂട്ടിയതുപോലുള്ള കല്ലുകള്‍ക്കുമീതെ ചോരത്തണ്ടന്‍ പുല്ല് വളര്‍ന്നു വലുതായി പടര്‍ന്നങ്ങനെ കെട്ടുപിണഞ്ഞ് കിടന്നു.shabita , story, iemalayalam
നിന്നോട് പറയാതെയന്റെ ശരീരം എന്തെല്ലാമെന്തെല്ലാം രഹസ്യങ്ങള്‍ കൊണ്ടു നടന്നെന്നറിയോ. നിന്റെ സുന്നത്ത് മുറിവെന്നെ കാണിച്ചു തന്നില്ലേല്‍ മേലില്‍ മിണ്ടുലാന്ന് പറഞ്ഞപ്പോള്‍ കിടന്നിടത്ത് നിന്ന് കണ്ണിനുമീതെ കൈത്തണ്ട വച്ച് ”വേഗം നോക്കി തുണി മൂടെടീ” എന്ന് പറഞ്ഞതോര്‍മ്മ വരുമ്പോളെന്റെ രഹസ്യങ്ങള്‍ക്കൊരു സുഖമില്ലാത്തതുപോലെ. ”ഷബ്‌നാ, ഇയ്യെന്തായിങ്ങനെ?” എന്നും ചോദിച്ച് പിറകേ വരുന്ന നിഷാം ബക്കറേ… ഒരിക്കലെന്നോട് ”കാണിച്ചു തരാടീ” എന്നു പറഞ്ഞപ്പോള്‍ ”ഞാന്‍ കാണാത്തത് ഒന്നുമില്ല നിന്റടുത്ത്” എന്നു പറഞ്ഞു ഞാന്‍ കളിയാക്കിയതോര്‍മ്മയുണ്ടോ? അന്നു ചൂളിപ്പിടിച്ച നിന്റെ മുഖം.

ഞാനിപ്പഴും നമ്മുടെ നാലാംക്ലാസില്‍നിന്നും പാസ്സായിട്ടില്ല. നിന്നോടൊപ്പം പള്ളിപ്പറമ്പില്‍ മണ്ണിട്ടുമൂടിയത് എന്റെ വളര്‍ച്ചയെയുമായിരുന്നു.
കരീം എന്നെ പെണ്ണ്‌ചോദിച്ചുവന്നതും ഞാനറിയാതെ ഓനുമായി നിക്കാഹ് ഒറപ്പിച്ചതും ഉമ്മാന്റെ പൊരക്കാരുടെ ബുദ്ധി തന്നായിരുന്നു. ഓന്‍ എന്നേക്കാള്‍ ആറ് വയസ്സ് മൂത്തതായിരുന്നു. പുലര്‍ച്ചെ ബസ്സ് കഴുകി, പകല് മീന്‍ വെട്ടി, വൈകുന്നേരം ഹോട്ടലില്‍ പണിയെടുത്ത് കരീം ഉണ്ടാക്കിവെച്ച ഉളുമ്പുമണമുള്ള നോട്ടിന് എന്നെപ്പോറ്റാനുള്ള ധൃതിയായിരുന്നെന്നും നിന്നോടു പറയാത്ത സുഖമില്ലാത്ത രഹസ്യം തന്നെ. പുതുക്കത്തിന്റെയന്ന് രാത്രിയില്‍ വണ്ടിനെപോലെയവന്‍ മേലാകെ ഇഴഞ്ഞു മൂളിക്കൊണ്ടുപാഞ്ഞു. ഞാനതു കേട്ടെങ്കിലും ഒന്നുംമിണ്ടാതെ നമ്മള്‍ പെറുക്കിക്കൂട്ടിയ ഉണ്ടക്കല്ലുകളിലൊന്നിനെ തിരയുകയായിരുന്നു മനസ്സില്‍.
ഞാനാദ്യം പെറ്റതിന് നിന്റെ നെഞ്ചിന്റെ ചൂടേറ്റുറങ്ങാന്‍ വിധികല്പിച്ച പടച്ചതമ്പുരാന്‍ ഉപ്പയുടെ കൈചൂണ്ടിക്കാണിച്ചുകൊടുത്തത് നിന്റെ മണ്‍പുതപ്പിനെയാണ്. കുട്ടീന്റെ മനസ്സവിടെയാണ് ഉറങ്ങുന്നതെന്ന് വെള്ളത്തുണീല്‍ പൊതിഞ്ഞ ചോരക്കുഞ്ഞിനെ നോക്കി ഉപ്പ പറഞ്ഞിട്ടുണ്ടാകുമോ?

പിന്നെഞാന്‍ പെറ്റതിനെല്ലാം കരീമിന്റെ കണ്ണുകളായിരുന്നു. കരീമെന്നെ നഖം തിന്നാന്‍ സമ്മതിക്കാതെ, സുറുമയില്ലാത്ത കണ്ണു കാണാന്‍ കൂട്ടാക്കാതെ മുറിയിലിട്ടു പോറ്റി. തട്ടം നേരെയാക്കിയിടുന്നതില്‍ ശ്രദ്ധിച്ച്, നരച്ച നൈറ്റിയിടാതെ ശ്രദ്ധിച്ച്,അകത്തും പുറത്തും പൂട്ടുകളുള്ള ഗേറ്റ്‌വച്ച് കരീമെന്നെ പോറ്റി. രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ നേരംകിട്ടുമ്പോളെല്ലാം ഇഴഞ്ഞുനടന്ന വണ്ടിന്റെ മൂളല്‍ തലയ്ക്കു കനംവെക്കുമ്പോള്‍ പൈതങ്ങള് സ്‌കൂളില്‍ നിന്നും വരാനായെന്നും പറഞ്ഞ് ഞാന്‍ തടിതപ്പി. നിഷാം ബക്കറേ നീയറിയാത്ത എന്തെല്ലാമെന്തെല്ലാം രഹസ്യങ്ങളാണെന്നോ ഈ ഷബ്‌ന.shabna ,story, iemalayalam
”ഷബ്‌നാ.. അച്ചോ പുള്ളിയോ?”
”പുള്ളി…”
മേലേക്കുയര്‍ന്നു വീഴുന്ന നാണയം ചവുട്ടിപ്പിടിച്ചവന്‍ ചിരിക്കുന്നു. ”പൊട്ടത്ത്യേ അച്ച്.”

കുഴഞ്ഞുവീണ കരീമിനെയും കൊണ്ട് ഇട്ടനൈറ്റിയാലെ ആശുപത്രിയിലേക്കോടുമ്പോള്‍ എന്റെ കൈപിടിച്ചു കണ്ണീരോടെ മൂപ്പരാള് പറഞ്ഞു. ”ബേജാറാകരുത്, അനക്കും മക്കള്‍ക്കും ആരാന്റെ മുന്നില്‍ കൈനീട്ടാണ്ടെ കയ്യാനുള്ളതുണ്ട്. ബേജാറാകരുത്. മക്കളെ ബേജാറാക്കരുത്.”
പുറത്ത് ആരൊക്കയോ വന്നുംപോയും ഇരിക്കുന്നുണ്ട്. അടക്കിപ്പിടിച്ച കരച്ചില്‍ ഉമ്മാന്റെതാണോ. വാപ്പിയെക്കണാതെ മക്കളെന്താക്കും നിഷാം ബക്കറേ…

ഇദ്ദയിരിക്കാന്‍ മുറിയൊരുക്കിയ പെണ്ണുങ്ങളുടെ അടക്കിപ്പറച്ചിലുകള്‍ സരിതയേയും ആന്‍സിയേയും ഓര്‍മിപ്പിച്ചതെന്തിനാണ്? ഉളുപ്പില്ലാത്ത ഓര്‍മകള്‍ക്കും ചിന്തകള്‍ക്കും വരാന്‍കണ്ട നേരം.

”ഷബ്‌നാ മോളില്‍ കാണുന്നത് ആകാശമോ കടലോ.”
”ആകാശമാണെടാ പൊട്ടാ.”
”പൊട്ടത്ത്യേ അത് ആകാശത്തിലെ കടലാണ്. ഈ പൊട്ടത്തിക്കെന്നാ റബ്ബേ വിവരം വെക്കുക.”
”ഷബ്‌നാ, അന്റെ പള്ളേല്‍ കോഴിക്കുഞ്ഞുണ്ടോ?”
”അതെന്താ പൊട്ടാ അങ്ങനെ?
അനക്കെപ്പളും പള്ളേല്‍ പയിക്കുമെന്ന് അന്റുമ്മാ പറഞ്ഞല്ലോ.”
”ഉമ്മാക്ക് പ്രാന്താണ്.”
”ന്നാല്‍പ്പിന്നെ ഈ ചാമ്പങ്ങ ഞാന്‍തന്നെ തിന്നട്ടേല്ലേ…”
”പൊട്ടാ കാലമാടാ… പണ്ടാരമേ.. ഇബിലീസേ ഇക്കി പള്ളേല്‍ പയ്ക്കുന്നുണ്ട്.”
”ന്നാ ബിളി.”
”എന്ത്?”
”നിഷാം ബക്കറേന്ന്…”
”നിഷാം ബക്കറേ.”
”പോരാ, ഇഞ്ഞീം ഉച്ചത്തില്‍.”
”നിഷാം ബക്കറേ…”
ഇഞ്ഞീം ഉച്ചത്തില്‍
“നിഷാം ബക്കറേ…”
വാതില്‍ തുറന്ന് ആദ്യം കെട്ടിപ്പിടിച്ചത് ഉപ്പയാണ്. വിളറി മഞ്ഞിച്ചു നില്‍ക്കുന്ന ഉമ്മയുടെ ഒക്കത്ത് കരീമിന്റെ ചുണ്ടുള്ള മോള്. പിറകില്‍ മൂത്തുമ്മ, അമ്മായി, പിന്നെ പിന്നെ ആരെക്കയോ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook