/indian-express-malayalam/media/media_files/uploads/2019/02/shabitha-3.jpg)
പുത്തന്‍പാത്രത്തില്‍ സൂര്യനെ നിറച്ചുകൊണ്ട്, ഇടയ്ക്കിടെ വെട്ടം ഇലകളില്‍ വീഴ്ത്തിക്കൊണ്ട് അരുന്ധ ഊടുവഴികള്‍ താണ്ടി കുടിയിലെത്താനായി. ഇടയ്‌ക്കെപ്പോഴോ കാട്ടില്‍നിന്നും ചാടിവീണ മുത്തുപാപ്പി അവന്റെ കൈപിടിച്ച് ധൃതിയില്‍ നടന്നു. വീണുപോയ ഗ്ലാസ് നിലംതൊടും മുമ്പേ അരുന്ധ ചാടിപ്പിടിച്ചു. മുത്തുപാപ്പിയെ ദേഷ്യത്തോടെ നോക്കി. മുട്ടിലാഴ്ന്നിറങ്ങിയ ചെങ്കല്‍ക്കൂര്‍മ്പ് ചോരയില്‍മുങ്ങി. മുത്തുവിന്റെ കൈതട്ടിമാറ്റി അവന്‍ നിലത്തിരുന്നു. മരത്തില്‍ പറ്റിക്കിടക്കുന്ന വേട്ടാളന്‍കൂട് തുപ്പി നനച്ചലിച്ച് മുത്തു അവന്റെ മുട്ടിലമര്‍ത്തി. അരിച്ചിറങ്ങിയ നീറ്റല്‍ പുറത്തു വരാതിരിക്കാന്‍ അവന്‍ തൊണ്ടയമര്‍ത്തി. ഓഞ്ഞനെ അപ്പോഴാണ് അരുന്ധ കണ്ടത്. അവന്‍ ഭയത്തോടെ പാപ്പിയെ നോക്കി. പാപ്പിയും ഓഞ്ഞന് വഴിമാറിക്കൊടുക്കുന്നു. രണ്ട് പേരെയും ഇരുത്തി നോക്കിയിട്ട് ഓഞ്ഞന്‍ കുടിയിലേക്കുള്ള വഴിക്കുനേരേയാണ് തിരിഞ്ഞത്. അരുന്ധയുടെ നെഞ്ച് കാളി. ഓഞ്ഞന്‍ കുട്ടികളെപ്പിടിയനാണ്. അമ്മ നടക്കുന്ന കാലത്ത്, അപ്പന്‍ കുടിയിലുള്ള കാലത്ത് കാച്ചില്‍ തിന്നാന്‍ കൂട്ടാക്കാതെ അരുന്ധയെ വെള്ളി പേടിപ്പിക്കും.
''ഓഞ്ഞമ്മൂപ്പനെ വിളിക്കറാ.''
അരുന്ധ വായ തുറക്കും. വെള്ളി ഗൂഢസ്മിതത്തോടെ ചുട്ട കാച്ചില്‍ ചൂടാറ്റി വായില്‍ കൊടുക്കും. ഓഞ്ഞന് ഒടിവെക്കാനറിയാം. ചെറിയ മക്കളുടെ തലയോട്ടികളുണ്ട് ഓഞ്ഞമ്മൂപ്പന്റെ കുടിയില്‍. അതിനുള്ളിലാണ് ഒടിവെക്കുക. മൂപ്പന്റെ കുടീല് ഒരു കലമുണ്ട്. വായ് മൂടാത്ത കലം. ഒടി വെക്കണ ആളുടെ പേരും കുലവും പറഞ്ഞുകൊടുത്ത് ആ കലം കമഴ്ത്തണം. പിന്നേക്ക് നാലാം നാള്‍ക്കകം ആള് ഡിം! വെളുക്കന്റെ അപ്പന്‍ പറുങ്ങോനെ ഒടിവെച്ചുകൊന്നത് മാമനാണ്. പെങ്ങളെ ഇട്ടേച്ച് ഊര് മാറി കുടികെട്ടി മണ്ണാച്ചിയെ കെട്ടി പൊറുത്തതിന് പകരം വീട്ടിയതാണ്. ഓഞ്ഞന് നല്ല വയസ്സുണ്ട്. മരിക്കൂല. ഓഞ്ഞന് മരണമില്ല.
''തള്ളേക്ക് കിടാന്തുത്തുന്നു ഏണീക്കാന്‍ കൂട. കുഞ്ഞുള അവാലുളാത്ത് കിടാക്കുന്‌ച്ചോ. അതിനെ ഓഞ്ഞന്‍ വന്ന് എടുത്തോണ്ടോകോ എന്ന പോടി എനാക്കുള പാപ്പീ.''
അരുന്ധ കരഞ്ഞുപോയി.
''നാനു ബെക്കം പോടിഞ്ചെ.''
മുത്തു ധൃതിയില്‍ നടന്നു. ഓഞ്ഞന്‍ കുടിയിലേക്ക് പോയതെന്തിനാണ്? മറ്റുള്ളവരുടെ കുടിയില്‍ ഓഞ്ഞന്‍ അങ്ങനെ പോവാറില്ല. എല്ലാരും ഓഞ്ഞന്റെ കുടിയിലെത്താറാണ് പതിവ്. പെണ്ണായാലും പിടക്കോഴിയായാലും. അത് മുത്തു കുറെ കണ്ടതാണ്. ഓഞ്ഞന്‍ പോകുന്ന കുടികളില്‍ എന്തെങ്കിലും അസാധാരണ സംഭവമുണ്ടാകും. മുത്തു കണ്ടു. വെളുക്കന്‍ വന്നിരിക്കുന്നു. അരുന്ധ അപ്പനെ കണ്ടപ്പോള്‍ ഓടി: ''അപ്പാ, കുഞ്ഞള കനിയുണ്ടായിരിക്കണ്. ദാ ബസി കണ്ടോ? കാസ് ഓക്ക്.''
വെളുക്കന്‍ ഒന്നും മിണ്ടാതെ ഉമ്മറത്തിരിക്കുന്നു. അകത്ത് അടക്കിക്കരച്ചില്‍! അരുന്ധ അകത്തേക്കു കടന്നു. ഓഞ്ഞന്‍ അമ്മേന്റെ കട്ടിലില്‍! കനിയെവിടെ? അരുന്ധ ചുറ്റും നോക്കി.
ഏ! പെണ്ണുങ്ങളെല്ലാരുംണ്ട്. പിറുക്കാച്ചിയുടെ കയ്യില്‍ ഗൗഡരുടെ പുതപ്പ്. അതിനുള്ളില്‍ കാറിപ്പിടയുന്ന കനി. അരുന്ധ അമ്മയെ നോക്കി. ഓഞ്ഞനുള്ളപ്പോള്‍ അടുത്തേക്കു പോകാന്‍ പേടിയാവുന്നു. അരുന്ധ വിക്കി:/indian-express-malayalam/media/media_files/uploads/2019/02/shabitha-1.jpg)
''മ്മേ.''
അതുകേട്ട മാക്ക മാറത്തടിച്ചു കരഞ്ഞു. ചീതയും ചാമിയും ചേലകൊണ്ട് മുഖം പൊത്തിപ്പിടിക്കുന്നു. ഓഞ്ഞന്റെ കാലുകള്‍ക്കിടയിലൂടെ അരുന്ധ കണ്ടു.
കാല്‍മുട്ടുകളില്‍നിന്നും നുരിപതയുംപോലെ പിടഞ്ഞുവീഴുന്ന പുഴുക്കള്‍ നിലത്തെത്തുമ്പോഴേക്കും ചത്തുപോവുന്നു. ഓഞ്ഞന്റെ കയ്യിലെ കുപ്പിക്ക് ചെറുവിരലിന്റെയത്ര വലിപ്പം. ഒരു ചെറിയ കമ്പ് കുപ്പിയില്‍ മുക്കി ഓഞ്ഞന്‍ രണ്ട് മുട്ടിലും മാറി മാറി ഉറ്റിക്കുന്നു. പൊള്ളിയതുപോലെ പിടഞ്ഞുവീഴുന്ന പുഴുക്കള്‍. തന്റെ കാറ്റൊന്ന് തട്ടുമ്പോള്‍ കാറിക്കരയുന്ന വെള്ളി പക്ഷേ, ഓഞ്ഞമ്മൂപ്പന്‍ കാല് പിടിച്ചു വലിക്കുമ്പോള്‍ മിണ്ടാതെ കിടന്നുറങ്ങുകയാണ്.
കാളിപോതിയുടെ മടപോലെ ഉള്ളോട്ട് കുഴിഞ്ഞ് മാളംപോലെയായ കാല്‍മുട്ടുകള്‍ രണ്ടും ഒരുപോലെ അമര്‍ത്തുകയാണ് ഓഞ്ഞമ്മൂപ്പന്‍. മന്ത്രംകൊണ്ട് മൂപ്പനമ്മയെ ഉറക്കിയിട്ടുണ്ടാവും. വേദനയറിയാണ്ടിരിക്കാന്‍. മുളമുള്ള് കാലില്‍കയറി പഴുത്തപ്പോള്‍ പിച്ചാത്തിക്കൊക്കു കൊണ്ട് അമ്മയെടുത്തത് അവനുറങ്ങുമ്പോഴാണ്. മഞ്ഞച്ചലത്തില്‍ ആണ്ടുകിടന്ന ഇല്ലിമുള്ള് തട്ടിത്തട്ടിയെടുത്തപ്പോള്‍ അറിഞ്ഞതേയില്ല.
ചീതമൂത്ത പതിയെ പായ വിരിക്കുന്നുണ്ട്. അരുന്ധ ചാമിയെ നോക്കി. പായയില്‍ ചമതയും രാമച്ചവും വിരിക്കുകയാണ് ചാമി. മുത്തുപാപ്പി മുണ്ട് മുറുക്കിയുടുത്തു. ചാമിയും മുത്തുവുംകൂടി വെള്ളിയെ കട്ടിലില്‍ നിന്നെടുത്ത് നിലത്തെ പായയിലേക്ക് കിടത്തി.
അരുന്ധ മൂക്കുപൊത്തി. അമ്മയുടെ തൊലിയും കട്ടിലും ഒട്ടിപ്പോയിരിക്കുന്നു. വല്ലാത്ത നാറ്റം. കാലിലെ കുഴിപോലെ ചന്തിയിലും പുറത്തും വലിയ കുഴികള്‍! മഞ്ഞച്ചലമൊലിക്കുന്നുണ്ട്. അമ്മയിതൊന്നും അറിഞ്ഞില്ലേ. നല്ല ഉറക്കംതന്നെ. കാറിക്കരഞ്ഞ് കനി മയങ്ങിപ്പോയിരിക്കുന്നു. പിറുക്കാച്ചിമ്മ കൈകഴഞ്ഞ് കനിയെ ചീതമൂത്തയ്ക്ക് കൊടുത്തു. ഓഞ്ഞന്‍ ഭാണ്ഡക്കെട്ടില്‍നിന്നും കുന്തിരിക്കമെടുത്ത് കത്തിച്ചു. അരുന്ധയുടെ മൂക്കിലേക്കു മണമിരച്ചുകയറി. അവന് ശ്വാസം മുട്ടി. കനി ചെറുതായൊന്നു ചുമച്ചു.
വെളുക്കന്‍ ആരെയോ കാണിക്കാന്‍വേണ്ടി ഉമ്മറത്ത് കിടന്നുരുണ്ടു. തലതല്ലിക്കരഞ്ഞു. അവനെയാരും നോക്കിയില്ല. അരുന്ധ കേട്ടു, അനന്തന്‍ നായരുടെ ചിരി. പിന്നെ പരിചയമുള്ള ചില ചുമകള്‍, മൂളലുകള്‍. കുടിക്ക് പുറത്ത് ആരൊക്കെയോ വന്നിരിക്കുന്നു.
''വെളുക്കാ.''
വിളിച്ചത് സേതുകൗണ്ടറാണ്. കൗണ്ടറും കുടിക്ക് വന്നോ! അരുന്ധയ്ക്ക് അത്ഭുതമായി. ഓഞ്ഞനും കൗണ്ടറും കുടികളിലെത്തുന്നത് വല്ലപ്പോഴുമാണ്. അവരെത്തേടി അങ്ങോട്ടു പോവാറാണ് പതിവ്. അരുന്ധ വെള്ളിയെ നോക്കി. കുന്തിരിക്കത്തിന്റെ ചാരത്തില്‍നിന്നും കുറച്ചെടുത്ത് വെള്ളിയുടെ നെറ്റിയില്‍ തേക്കുന്ന ഓഞ്ഞന്‍. കുന്തിരിക്കമെടുത്ത് ഓഞ്ഞന്‍ മുമ്പില്‍ നടന്നു. അമ്മയുറങ്ങുന്ന പായ ചുരുട്ടി മുത്തുവും കൂട്ടരും നാലു തലയ്ക്കല്‍ പിടിച്ചിരിക്കുന്നു. അവര്‍ ഓഞ്ഞനു പിറകേ നടന്നു. പായയിട്ടു മൂടിയാല്‍ അമ്മയ്ക്ക് ശ്വാസം കിട്ടോ? അരുന്ധ ആഞ്ഞു വലിച്ചു. കാറ്റ് വരുന്നില്ലേ പുറത്തോട്ട്.
ചീതമൂത്ത നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. ചോന്നന്‍ അവന്റെ കൈപിടിച്ചു. പായയില്‍ കിടന്നുറങ്ങുന്ന അമ്മയ്ക്കു പിന്നാലെ അരുന്ധയും ചോന്നനും നടന്നു. അമ്മയുള്ളിടത്തേ അരുന്ധയും നിക്കൂ. കനിയെ കൂട്ടാന്‍ മറന്നുപോയി. പിറുക്കാച്ചിമ്മ കൊണ്ടുവന്നോളും.
അവര്‍ക്കെല്ലാം പിറകില്‍ വെളുക്കന്‍ നടന്നു. അയാളുടെ ഉള്ളിലിരുന്നു വെള്ളി ചിരിച്ചുമറിയുകയായിരുന്നു. പാറക്കെട്ടിലെ വെള്ളത്തില്‍ കിടന്ന്, പനങ്കാട്ടിലെ ഉണങ്ങിയ ആനപ്പിണ്ടി മെത്തയില്‍ കിടന്ന്, കുടിയിലെ ചൂരല്‍ക്കട്ടിലില്‍ കിടന്ന്, അതേ കട്ടിലില്‍ കിടന്നാണ് അവളലറിക്കരഞ്ഞത്. അന്നുച്ചയ്ക്കാണ് പച്ചയിരുമ്പുവടികൊണ്ട് യാക്കോബ് പാപ്പന്‍ വെള്ളി യുടെ രണ്ട് മുട്ടുകാലും തല്ലിയൊടിച്ചത്. അന്നാണ് ചീരന്‍ വെളുക്കന്റെ കണ്ണില്‍ വെണ്ണീരെറിഞ്ഞത്. അന്നാണ് പാപ്പന്‍ അവളുടെ ചേല പറി ച്ചെറിഞ്ഞത്. വെളുക്കനെപ്പോഴും പറയുന്നതാണ്.
''നീ എമ്പാടു ബെള്ബളെയല്ലിയോ ചുന്നരി ബെള്ളീ.''/indian-express-malayalam/media/media_files/uploads/2019/02/shabitha-2.jpg)
വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പോയപ്പോള്‍ കണ്ടതാണ് വെള്ളിയെ. ചുറ്റിപ്പറ്റി നിന്നിട്ടും ചിരിച്ചുകാണിച്ചിട്ടും വെള്ളി നോക്കിയില്ല. വെളുക്കന്‍ മുറുക്കാന്‍ ഒരു പൊതി നീട്ടിനോക്കി. വെള്ളി നോക്കിയില്ല. പിന്നെ വെളുക്കനും ഒന്നും നോക്കിയില്ല. ഉടുത്തത് ഒന്നുകൂടി മുറുക്കിയുടുത്തിട്ട് വെള്ളിയെ എടുത്ത് തോളിലിട്ടങ്ങു നടന്നു. വെള്ളി കുറെ കുത്തുകയും മാന്തുകയും കടിക്കുകയുമൊക്കെ ചെയ്‌തെങ്കിലും ഒരു ഇക്കിളിരസത്തോടെ അവളെയും തോളിലിട്ട് അവന്‍ പുഴ കടന്നു. കാടു കയറി. നേരം വെളുക്കുന്നതിനു മുന്‍പ് കുടിയില്‍ കയറി.
പിറ്റേത്തെ കൊല്ലം വെള്ളി അരുന്ധയെ പെറ്റു.
വെള്ളിയെ വിട്ട് മലകേറണ്ടായിരുന്നു. യാക്കോബ് തീണ്ടിയ കുടി വിട്ടുപോരാന്‍ പാടില്ലായിരുന്നു. വെള്ളിയും മൊട്ടനും വെളുക്കന്റേതല്ലായിരുന്നോ.
ന്റെ തെയ്യാ... ഏതു പുത്തിയാ അപ്പ തെളിഞ്ചു വന്തിരിയാ? വെളുക്കന്‍ തല വലിച്ചു. പിന്നെ വേച്ചുവേച്ച് വീണു. മുമ്പില്‍ നടന്നവരാരും തിരിഞ്ഞു നോക്കിയില്ല. ഓഞ്ഞന്റെ കുടിക്കു പിറകിലേക്കാണ് വെള്ളിയെ കൊണ്ടുപോയത്. അരുന്ധയുടെ ഉള്ളുകാളി. അമ്മേനെന്തിനാ ചുടുകാടുലേക്ക് കൊണ്ടോണത്? അരുന്ധ ആദ്യമായി കരഞ്ഞു. കാറിക്കരഞ്ഞു. ചോന്നന്‍ അവനെ പിടിച്ചു. അരുന്ധ കണ്ടു വെള്ളിയമ്മ നല്ല ഉറക്കംതന്നെ. ചോന്നമണ്ണ് നനഞ്ഞിട്ടുണ്ട്. നീളത്തില്‍ കുഴി വെട്ടിയിരിക്കുന്നു. തുറുമ്പി മൂപ്പത്തിയെ പണ്ട് ഇങ്ങനെ കിടത്തിയിട്ടുണ്ട്. അരുന്ധയും ചോന്നനും കണ്ടതാണ്. ഏന്തി നോക്കിയപ്പോള്‍ നീണ്ട കുഴി. തലവെക്കാന്‍ പാകത്തിന് ഒരു ചെരിവുമുണ്ട്. വെള്ളിയമ്മയ്‌ക്കെന്തിനാണ് ഇങ്ങനെ ഒരു കുഴി? അയ്യോ! മണ്ണിട്ടു മൂടുന്നല്ലോ. കണ്ണു കാണൂലാലോ. കനിയേ കിരിയ് കാറിക്കിരിയ്. അമ്മേനെ മൂടിക്കളയണ്...
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഷബിതയുടെ പുതിയ നോവല്‍ 'അരുന്ധക്കനി'യില്‍നിന്ന് ഒരു അധ്യായം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us