മുറ്റത്ത് വീണു കിടന്ന
ഓലമടലിന്റെ തലയ്ക്കലാണ്
ആദ്യം കണ്ടത്.
തൊട്ടപ്പുറത്ത്
കലമ്പിക്കൊണ്ടിരിക്കുന്ന
ചിതലുകളെ സൂക്ഷ്മമായി
വീക്ഷിക്കുകയെന്നേ
തോന്നൂ ഒറ്റനോട്ടത്തിൽ,
പക്ഷേ, ചാരം പറ്റിയ തൊലിപ്പുറം
വെയിലിൽ ഒലുമ്പിയെടുത്ത്
അയലിൽ ഇടാനുള്ള
തിടുക്കമായിരുന്നു കണ്ണുകളിൽ.
രണ്ടു കവുങ്ങുകൾക്കിടയിൽ
കെട്ടിയ അയലിൽ
ഒരു ഇളംമഞ്ഞ ഉടുപ്പുണ്ട്
പൊടുന്നനെ
മോന്തിക്ക് പറമ്പിലേക്ക് ഒഴിച്ച
മീങ്കൂട്ടാൻ കുടിച്ചു വറ്റിച്ചു
കവുങ്ങിൽ പടർന്ന
കുരുമുളക് വള്ളിയിൽ
ട്രപ്പീസാടിച്ചെന്ന് ഉടുപ്പെടുത്തിട്ടു.

തീ വറ്റിയ വിറകിൽ നിന്ന്
ഊഷ്മാവ് വേർപ്പെടുന്നത്രയും
സ്വാഭാവികതയോടെ
എവിടെ നിന്നോ ഒരു വിശപ്പ്
കുന്നുവളർന്ന നട്ടെല്ലിൽ
ഉഴവിനിറങ്ങി.
കല്ലുപ്പ് മണക്കുന്ന
ഒരമാശയത്തിന്റെ ചെമന്ന നിറം
തൊലിപ്പുറത്തേക്ക് പടർത്തി.
വെറകുപുരയുടെ കഴുക്കോലിലൂടെ ഇലയനക്കങ്ങളെന്നോണം
നീങ്ങുമ്പോൾ
പൊട്ടിയ ഓടിന്റെ വിടവിലൂടെ
ഒരു ചീന്ത് ആകാശം
അറ്റുവീണു.
ഒരു മഴവില്ലു കണക്കേ
പശിയുടെ
വേദനയുടെ
ദൈന്യതയുടെ
നിലവിളിയുടെ
ഒടുക്കം ഒരു
നീലിച്ച ചാവിന്റേയും
നിറങ്ങൾ വാലിലൂടെ
അരിച്ചു കയറിത്തുടങ്ങി.