scorecardresearch
Latest News

യുദ്ധം

“ചിറകുകളിൽ തട്ടി മേഘശകലങ്ങൾ പൊടിഞ്ഞു വീണു. വിമാനം മേഘങ്ങൾക്കും മുകളിലെത്തി. താഴെ വെളുത്ത മേഘങ്ങൾ ഒരു മാർച്ചിലെന്ന പോലെ നിരന്നു നിൽക്കുന്നു. അതിനും താഴെ പച്ചപ്പു നിറഞ്ഞ, താൻ വിട്ടു വരുന്ന തന്റെ അഭയ ഭൂമി. ചുറ്റും നീല പടർന്നു കിടക്കുന്ന ആകാശം. മുകളിൽ നിന്നു നോക്കുമ്പോൾ ജീവിതം എത്ര മനോഹരമാണ്. അത്ര ചെറുതും!” എൻ സവിത എഴുതിയ കഥ

savitha n, story , iemalayalam
ചിത്രീകരണം: വിഷ്ണു റാം

“മൈ ബേബീസ് നെയിം വിൽ ബി രാഗിണി,” ധാനി പറഞ്ഞു.

അയാളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ നിരത്തു വക്കിലൂടെ നടക്കുകയായിരുന്നു. മായ വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞതിൽ പിന്നെ വരാനിരിക്കുന്ന അതിഥിയെ കുറിച്ചുള്ള പല തരം സ്വപ്നങ്ങളിലായിരുന്നു, ധാനി.

റോഡ് മുഴുവൻ റെഡ്ഡിയുടെ കാളകളെയും എരുമകളെയും കൊണ്ട് നിറഞ്ഞിരുന്നു. എന്നും രാവിലെ റെഡ്ഡിയുടെ ആലയിൽ നിന്നും അവററ റോഡിലൂടെ ഇറങ്ങി നടക്കും. മേയാനുള്ള പറമ്പ് എത്തുന്നത് വരെ നടക്കും. തിരിച്ച് ആലയിലേക്ക് വൈകീട്ടും. അപരിചിതരായ വാഹന ഡ്രൈവർമാർ കന്നാലിക്കൂട്ടത്തെ നേരിടാനാവാതെ റോഡിൽ പകച്ചു നിന്നു. ചില ഓട്ടോ ഡ്രൈവർമാർ വിദഗ്ദമായി വണ്ടി വളച്ചെടുത്ത് ഓടിച്ചു. പീരങ്കി ടാങ്കുകൾക്കു മുന്നിൽ അകപ്പെട്ടു പോയ ഒരു ദിവസത്തെ അയാൾ ഓർത്തു. ഈ നഗരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ യുദ്ധകാലം ആയിരുന്നു, അത്.

ഒരു പൊടിക്കാറ്റിൽ അവരുടെ കാഴ്ച തെല്ലിട മറഞ്ഞു. കാളകളും എരുമകളും വഴിമാറി നിരത്തുവക്കിലേക്ക് നടന്നു കയറി. ധാനി ഭയന്ന് അയാളുടെ കൈയ്യിൽ മുറുകെ പിടിച്ചു. തലേന്ന് ഫ്ലാറ്റിലേക്ക് ധാനിയെ കാണാനെത്തിയ അവളുടെ കൂട്ടുകാരൻ ആണ് യുദ്ധത്തെ കുറിച്ച് അയാളോട് വീണ്ടും പറഞ്ഞത്.

“അങ്കിൾ, ദേർ വിൽ ബി തേഡ് വേൾഡ് വാർ സൂൺ…”

അയാൾ ഒന്നു ചിരിച്ചു.

“ആരാണത് പറഞ്ഞത്?”

“ഐ നൊ” – അതീവ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവൻ ധാനിയെയും കൂട്ടി പുറത്തിറങ്ങി. അവർ പാർക്കിൽ മണൽ വാരിക്കളിക്കുന്നത് അയാൾ മുകളിലെ ജനലിലൂടെ നോക്കി നിന്നു.

നിരത്ത് അവസാനിക്കുന്നിടത്ത് അവർ നടത്തം നിർത്തി. ധാനിയുടെ പിനാഫോറിന്റെ നാട അയാൾ ഒന്നു കൂടി മുറുക്കി കെട്ടി. അവൾ സ്കൂൾ കെട്ടിടത്തിന്റെ പടവുകളിൽ ഓടിക്കയറി. അയാൾ കുറച്ചു നേരം കൂടെ അവിടെ വെറുതെ നിന്നു. പിന്നീട് തിരിച്ചു നടന്നു.

അതിനിടയിൽ കാലികൾ നടന്നു മറഞ്ഞിരുന്നു. നിരത്തിലൂടെ വാഹനങ്ങൾ സ്വാതന്ത്ര്യം തിരിച്ചു കിട്ടിയ മട്ടിൽ ചീറി പാഞ്ഞു. ദൂരെ അയാളുടെ അപാർട്ട്മെന്റ് കോംപ്ലക്സ് പൊടി പിടിച്ചു നരച്ചു നിന്നു. തനിച്ച് നടക്കുമ്പോഴും വിരൽത്തുമ്പിൽ ധാനി ഉണ്ടെന്നതു പോലെ അയാൾ കൈപ്പത്തി വിടർത്തി ശരീരത്തിൽ നിന്നും അകത്തി പിടിച്ചു. വഴിയരികിൽ ഒരു പൂച്ച ചത്തു കിടന്നിരുന്നു. ഏതോ വണ്ടിയിടിച്ച് ചത്തതാവണം. അയാൾ ആ യുദ്ധ ദിവസത്തെ വെയിൽ വീണ്ടുമോർത്തു. നടത്തത്തിൽ അയാൾ അത് എഴുതിക്കൊണ്ടിരുന്നു. നാടകം ആയിരിക്കാം, അല്ലെങ്കിൽ നോവെല്ല. അയാൾ ഒരെഴുത്തുകാരൻ കൂടിയാണെന്ന് അറിയുന്നവർ നഗരത്തിൽ വിരളമായിരുന്നു.

” നീ ആ പൂച്ചയെ കണ്ടില്ലല്ലോ, അല്ലേ? നന്നായി,” അയാൾ ധാനിയോടെന്ന പോലെ പറഞ്ഞു. അവളെ സ്കൂളിൽ വിട്ടതിനു ശേഷമുള്ള തന്റെ മടക്ക നടത്തമാണതെന്ന് അയാൾ മറന്നു പോയിരുന്നു.

പട്ടാളക്കാർ വഴിയരുകിൽ നിന്ന് പൂച്ചയെ വേലിക്കപ്പുറത്തേക്ക് വലിച്ചിട്ടു.

savitha n, story , iemalayalam

“രാജൂ, വെൻ ഡിഡ് യു വിഷ് ഫോർ എ ബേബി?”

ധാനി രാവിലെ ചോദിച്ചതാണ്. “അച്ഛാ, ഐ ആം നോട്ട് ഏബിൾ ടു ഇമാജിൻ എ ബേബി,” അവൾ പിന്നെയും പറഞ്ഞു. കുട്ടികൾ എന്നു മുതലാണ് മുതിർന്നവർ ആയത്?

അത് മായ കേട്ടില്ലല്ലോ എന്ന് അയാൾ ആശ്വസിച്ചു. ഉണ്ടായിരുന്നെങ്കിൽ അയാളുടെ പേര് വിളിക്കുന്നതിൽ നിന്ന് അവളെ വിലക്കിയേനെ. ധാനിയുമായി തർക്കിക്കുന്നതിൽ നിന്നും അയാൾ മായയെ തടഞ്ഞേനെ. പതിവു പോലെ വീണ്ടും അവർ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയേനെ. ഒടുവിൽ കുറേ ദിവസങ്ങൾക്കു ശേഷം നടത്തത്തിനിടയിൽ ആ വഴക്കിന്റെ കാരണം ഓർത്തെടുക്കാൻ പറ്റാതെ അയാൾ കുഴങ്ങിയേനെ.

നടത്തം ആയിരുന്നു അയാളുടെ ഇഷ്ട വിനോദം. നടത്തത്തിൽ അയാൾ എഴുതാനുള്ള വിഷയങ്ങൾ ചിന്തിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ ധാനിയുടെ വർത്തമാനങ്ങൾ വീണ്ടും വീണ്ടുമോർത്തു.

അപ്പാർട്മെന്റ് ഗേറ്റ് കടന്ന് അയാൾ നടപ്പാതയിൽ എത്തിയിരുന്നു.

” രാജൂ, ദീപാവലി യാവഗ?” അയൽവാസിയായ ദുബെയാണ്. ഓർമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരാൾ എന്ന് മായയാണ് അയാളോട് പറഞ്ഞത്. ആരാണ് ആദ്യത്തെ ആൾ എന്ന് ചോദിക്കാൻ നാവു ഉയർന്നതാണ്. അയാൾ ഈയിടെ ഏറ്റുമുട്ടലുകൾക്ക് നിന്നു കൊടുക്കാറില്ല. വാതിൽ തുറക്കാൻ ചാവി തിരിക്കുമ്പോൾ പിന്നിൽ ഗുണ്ടവ നിന്നിരുന്നു.

” നീവു ഓഫീസ് ഹോഗുത്തില്ലവെ,” അവളുടെ ശബ്ദം അയാളെ കടന്നു പോയി.

അയാൾ തിരിഞ്ഞു നിന്നു , അവളെ നോക്കി ചിരിച്ചു. അവൾ അടുത്ത അപ്പാർട്ട്മെന്റിലെ ബെല്ലിൽ വിരലമർത്തി തിരിഞ്ഞു നിന്ന് ചിരിച്ചു. അവൾ മായയുടെ സഹായി കൂടിയാണ്. ഇഡലിയും ചട്ണിയും മേശപ്പുറത്ത് അടച്ചുവെച്ച് മായ ദിവസത്തെ ആദ്യ ഷിഫ്റ്റിൽ ജോലിക്ക് പോയിരുന്നു. അയാളുടെ ഉച്ചഭക്ഷണം പാക്ക് ചെയ്തും വെച്ചിരുന്നു. അയാൾ ഇന്നെങ്കിലും ജോലിക്ക് പോവുമെന്ന് മായ പ്രതീക്ഷിച്ചിരിക്കണം.

പെട്ടെന്നാണ് വെടിയൊച്ച ബാൽക്കണിയുടെ ചില്ലുകളിൽ തട്ടി അയാളെ നടുക്കിയത്. അയാൾ മുറിയിൽ കയറി വാതിലടച്ചു. കട്ടിലിൽ കമിഴ്ന്നു കിടന്നു.

അയാൾ ആ യുദ്ധദിവസത്തെ നടുക്കം വീണ്ടുമോർത്തു. മായയുടെ തണുത്ത വിരലുകൾ അയാളുടെ കഴുത്തിനു പിന്നിൽ സ്പർശിക്കും വരെ.

” രാജൂ, യുദ്ധം ഒന്നുമില്ല. ഒന്നു തിരിഞ്ഞു കിടക്കൂ. ഞാനല്ലേ പറയുന്നത്,” മായ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

അയാൾ അവളെ അനുസരിച്ച് മലർന്നു കിടന്നു.

ബാൽക്കണിയുടെ ചില്ലുകൾ തകർന്നത് അവൾക്ക് കാണിച്ചു കൊടുക്കണം, അയാൾ ഉള്ളിൽ എവിടെയോ പറഞ്ഞു.

“രാജൂ, എന്താണ് ഓഫീസിൽ പോവാതിരുന്നത്?”

“വെടിയൊച്ച നീ കേട്ടില്ലല്ലോ, നന്നായി. നാടൊട്ടുക്കും വൈറസ് കൂടെ പടരുന്നുണ്ട്. ബയോ വാർഫെയറാണ്. മാത്രമല്ല, കാട്ടു തീയും.”

“രാജൂ, അത് ഇവിടെയൊന്നും അല്ല.”

“നിനക്ക് എന്തറിയാം, ബാൽക്കണിയുടെ ചില്ലു തകർന്നത് കണ്ടില്ലല്ലോ, നന്നായി.”

“രാജൂ,” മായ അയാളുടെ ചുമലിൽ കൈവെച്ചു. ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു . അയാളുടെ നെഞ്ചിൽ പതുക്കെ തടവി. അയാൾക്ക് സങ്കടം തോന്നി.

savitha n, story , iemalayalam

“നീ വിചാരിക്കും പോലെ ഒന്നുമല്ല. ഞാൻ ഒരു നാടകം എഴുതുകയായിരുന്നു.” അയാൾ അവളെ സമാധാനിപ്പിക്കാൻ ചേർത്തു പിടിച്ചു.

അവൾ അയാളുടെ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു വെച്ചു. നരച്ച രോമങ്ങളിൽ വിരലുകൾ ഓടിച്ചു. പിന്നീട് ചുണ്ടുകൾ കൊണ്ട് തണുത്ത മേഘങ്ങളെ സൃഷ്ടിച്ചു. അവൾ നെഞ്ചിൽ നിന്ന് താഴേക്ക് മഴ പൊടിയുന്ന പോലെ പടരുന്നതിനിടയിൽ അയാൾ ആ ദിവസത്തെ തണുപ്പ് വീണ്ടുമോർത്തു.

മഴ തോർന്നെങ്കിലും മരങ്ങൾ പൊഴിഞ്ഞു കൊണ്ടിരുന്ന ഒരു വൈകുന്നേരത്തിലാണ് താരയെ അയാൾ കണ്ടു മുട്ടുന്നത്. അംഗുനി തീയറ്ററിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നുണ്ടായിരുന്നു. അലസമായി ഗാലറിയുടെ പടിയിൽ ഇരുന്ന് കുട്ടികളെ നോക്കി കൊണ്ടിരുന്ന അയാളുടെ അടുത്ത് അവൾ വന്നിരുന്നതിനും കുറേ നേരം കഴിഞ്ഞാണ് അയാൾ അവളെ കാണുന്നത്.

“നിങ്ങൾ ആണോ ഈ നാടകം എഴുതിയത്,” അവൾ പരിചയപ്പെടുന്നതിനു മുന്നേ തന്നെ ചോദിച്ചു.

അയാൾക്ക്, അതിനുത്തരം ഉറപ്പായും പറയാൻ കഴിഞ്ഞില്ല. അതെയെന്ന മട്ടിൽ വെറുതെ തല കുലുക്കി. അതിനും ശേഷമുള്ള ആ ദിവസത്തിന്റെ ബാക്കിയിലാണ് അയാൾ അവളോടൊപ്പം മരങ്ങൾ പൊഴിച്ചു കൊണ്ടിരുന്ന വെള്ളത്തുളളികൾക്കിടയിലൂടെ അവളുടെ വീട്ടിലേക്ക് നടന്നത്. സംസാരം ഏറെയും അവൾ തന്നെയായിരുന്നു. അയാൾ അപൂർവ്വം മാത്രം ചില വാക്കുകളിൽ ഉത്തരം കൊടുത്തു കൊണ്ടിരുന്നു. അവളുടെ വീട്ടിലേയ്ക്ക് കയറുന്നതിനിടയിൽ മുറ്റത്തെ പൂച്ചട്ടിയിൽ തട്ടി അയാളുടെ കാലു മുറിഞ്ഞിരുന്നു. അതിനും ശേഷമുള്ള ഏതൊക്കെയോ ചില ദിവസങളിലാണ് അയാൾ അവളുടെ സ്ഥിരം വാരാന്ത്യ സന്ദർശകനാവുന്നത്, അയാൾ മായയെ വിവാഹം കഴിക്കുന്നതിനും മുൻപ്.

അവളുടെ ബാൽക്കണി വരാന്തയിൽ, നക്ഷത്രങ്ങൾക്കു കീഴെ, അവൾക്കും കീഴെ നഗ്നനായി കുതിക്കുമ്പോൾ, ഓരോ കുതിപ്പിലും അയാൾ ആ മലയുടെ തുടക്കം ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അവൾക്കരികിൽ തളർന്നു മയങ്ങുമ്പോഴും മലഞ്ചെരിവിൽ നിന്നും മലയിലേക്കുള്ള തുടക്കം മറഞ്ഞു കിടന്നു.

ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ നിറഞ്ഞ മലഞ്ചെരിവായിരുന്നു, അത്. തനിച്ചാവുന്ന പകലുകളിൽ അയാളുടെ അഭയസ്ഥലം. മണ്ണിൽ മറഞ്ഞു കിടക്കാൻ മടിക്കുന്ന വേരുകൾക്ക് മുകളിൽ പടിഞ്ഞിരുന്ന് നിലത്തെ വെയിലടയാളങ്ങൾ ചേർത്തു വെച്ച് അയാൾ പുതിയ രാജ്യങ്ങൾ സൃഷ്ടിച്ചിരുന്നു. കാറ്റിലെ ഇലയനക്കങ്ങളിൽ അയാളതിനെ വൻകരകളാക്കി. ചിലപ്പോൾ ഒരു രാജ്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നു കളിച്ചു. അയാളുടെ രാജ്യത്തിന് മുകളിൽ പറന്ന ഒരു വിമാനം ഒരാൾ വെടി വെച്ച് വീഴ്ത്തും വരേക്കും.

“രാജൂ, നീയെന്താണിവിടെ ചെയ്യുന്നത്? നിനക്ക് പഠിക്കാനൊന്നുമില്ലേ,” അച്ഛൻ അയാളെ അവിടന്ന് ഓടിച്ചു വിട്ടു.

അയാൾ ചെരുപ്പുകൾ ഊരാൻ മറന്ന് വീടിനകത്തേക്ക് ഓടിക്കയറി. അച്ഛൻ ഒരു സൈന്യം പോലെ പിറകെയും. പിന്നീടൊരിക്കൽ മരങ്ങളും മലഞ്ചെരിവും വീടും പിന്നിട്ട് അയാൾ മറ്റൊരു രാജ്യത്തേക്ക് പറന്നു കയറി. അതിനു ശേഷം രാജ്യങ്ങൾക്കിടയിൽ പറന്നു നടന്നു. പലപ്പോഴും ചെരുപ്പുകൾ ഊരി വെക്കാൻ മറന്ന് വീടിനകത്തേക്ക് വീണ്ടും ഓടിക്കയറി. പക്ഷെ, അയാൾക്കു പിന്നിൽ സൈന്യം നിഴൽ പോലെ മറഞ്ഞു നിന്നു. പിന്നീട് എപ്പൊഴൊ കുനിഞ്ഞു നിന്ന് ഷൂസുകൾ ഊരി വെയ്ക്കുമ്പോൾ താഴെ വൻകരകൾ പോലെ നിഴൽ പടരുന്നത് അയാളറിഞ്ഞു. സൈന്യം അയാൾക്കു മുകളിൽ അലർച്ചയോടെ വന്നുപതിക്കുമ്പോൾ അയാൾ നിലത്ത് പറ്റിച്ചേർന്നു കിടന്ന് നിലവിളിക്കുകയായിരുന്നു.

savitha n, story , iemalayalam

“രാജൂ, എന്താണിത്? എന്തിനാണ് കരയുന്നത്,” മായ വന്നു കേറിയതേ ഉണ്ടായിരുന്നുള്ളു.

അയാൾ ഞെട്ടിയെഴുന്നേറ്റു. ധാനി അയാളുടെ കിടക്കയിൽ കയറി നിന്ന് ചാടാൻ തുടങ്ങി.

“രാജൂ, ഒന്നും കഴിച്ചില്ലല്ലോ. എന്തിനാണ് ഞാനിതൊക്കെ നേരമില്ലാ നേരത്ത് ഉണ്ടാക്കി വെക്കുന്നത്?” മായ പതിവു പോലെ പരിഭവിച്ചു. അവൾ തന്റെ വയർ കൈപ്പത്തി കൊണ്ട് താങ്ങി അയാൾക്കരികിൽ ഇരുന്നു. അധികം താമസിയാതെ ഭൂമി കാണാൻ എത്തേണ്ട ഒരു തുടിപ്പ് അവളുടെ കൈവെള്ളയിൽ സ്പന്ദിച്ചു കൊണ്ടെയിരുന്നു.

“മായാ, നീ ഇതു കണ്ടോ. അവർ എന്നെ ആക്രമിച്ചതാണ്. നീ ഒന്നും അറിഞ്ഞില്ലല്ലോ, നന്നായി,” അയാൾ നെറ്റിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

” ഒന്നും കാണുന്നില്ലല്ലോ!”

” നിനക്കെന്തറിയാം. ഞാൻ ധാനിയെ സ്ക്കൂളിൽ കൊണ്ടു വിടുമ്പോൾ അവർ ആക്രമിച്ചതാണ്.”

” ധാനിയെ ഗുണ്ടവയല്ലേ സ്ക്കൂളിൽ വിടുന്നത്! ഇന്നും അവളുടെ കൈ പിടിച്ച് ധാനി പോവുന്നത് മുകളിൽ നിന്ന് ഞാൻ കണ്ടതാണല്ലോ!”

അയാൾക്ക് ദേഷ്യം വന്നു.

” മായാ, നീയെന്നെ ചോദ്യം ചെയ്യാൻ വരണ്ട.”

അയാൾ തല തിരിച്ച് അതേ കിടപ്പ് തുടർന്നു. പുതപ്പു ചുരുട്ടി മുറുക്കെ പിടിച്ച് ക്രോധം തണുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ദിവസത്തിന്റെ അന്ത്യം അയാൾ വീണ്ടുമോർത്തു.

വിമാനം ടേക്ക് ഓഫ് ചെയ്തിട്ട് ഏതാനും മിനിറ്റുകളെ ആയിരുന്നുള്ളു. ചിറകിന് ഏതാനും സീറ്റുകൾക്ക് പിന്നിലുള്ള വിൻഡോ സീറ്റായിരുന്നു, അയാളുടേത്. അയാൾ മറ്റൊരു രാജ്യത്ത് ആദ്യമായി പറന്നിറങ്ങാൻ പോകുന്ന യാത്ര. ചിറകുകളിൽ തട്ടി മേഘശകലങ്ങൾ പൊടിഞ്ഞു വീണു. അൽപ്പ സമയത്തിനകം വിമാനം മേഘങ്ങൾക്കും മുകളിലെത്തി. താഴെ വെളുത്ത മേഘങ്ങൾ ഒരു മാർച്ചിലെന്ന പോലെ നിരന്നു നിൽക്കുന്നു. അതിനും താഴെ പച്ചപ്പു നിറഞ്ഞ, താൻ വിട്ടു വരുന്ന തന്റെ അഭയ ഭൂമി. ചുറ്റും നീല പടർന്നു കിടക്കുന്ന ആകാശം. മുകളിൽ നിന്നു നോക്കുമ്പോൾ ജീവിതം എത്ര മനോഹരമാണ്. അത്ര ചെറുതും ! ആ നിമിഷത്തിൽ ഇതല്ലാതെ മറ്റൊന്നും അയാൾ ചിന്തിച്ചിരുന്നില്ല. അതിനും ശേഷമാണ് അയാൾ പിന്നിട്ട വഴികളിൽ തുടരെ സ്ഫോടനങ്ങൾ നടന്നത്. മറ്റൊരു രാജ്യത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ ക്യൂവിൽ നിൽക്കുമ്പോൾ ഇല്ലാതായ തന്റെ നാട്ടിലെ അവസാനത്തെ മൺത്തരികൾ അയാളുടെ ഷൂസിൽ അവശേഷിച്ചിരുന്നു.

മായ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ധാനിയെ മേൽ കഴുകിച്ച് ഭക്ഷണം കൊടുത്ത് മായ നേരത്തെ തന്നെ ഉറക്കിയിരുന്നു. അവൾ അയാൾക്കരികിൽ ഉറങ്ങിക്കിടന്നു. മായ ധാനിയെ ചേർത്തു പിടിച്ചു കിടന്നു. അവർക്കു മുകളിൽ ഒരു യുദ്ധവിമാനം വട്ടമിട്ടു പറക്കുന്നത് അയാൾ കണ്ടു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വെടിയൊച്ചകൾ എല്ലാത്തിനെയും നിർജ്ജീവമാക്കുമെന്നോർത്ത് അയാൾ ചെവികൾ കൈവിരലുകൾ കൊണ്ട് അടച്ചു വെച്ചിരുന്നു. അയാൾ ആ ദിവസത്തെ സ്വപ്നം വീണ്ടുമോർത്തു.

അയാൾ താരയെ വീണ്ടും സന്ധിച്ച വിവരം മായ അറിഞ്ഞ രാത്രിയായിരുന്നു, അത്.

” അതെല്ലാം പഴയ കഥകൾ. ഇപ്പോൾ ഒന്നുമില്ല” അയാൾ പല തവണ പറഞ്ഞു.
മായ പതിവു പോലെ വിശ്വസിച്ചില്ല.

“പ്രണയം, പ്രേമം ഒക്കെ പൊള്ളയാണ്. കവിതയിൽ പറയുന്ന പോലെ, വെറും വാക്ക്.”

അയാൾ അവളെ സമാധാനിപ്പിക്കാൻ തുടർന്നു. അവൾ തലയിണയിൽ മുഖമമർത്തി കരയുകയോ പാത്രങ്ങള്‍ എറിഞ്ഞുടയക്കുകയോ ചെയ്തിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. മായ അയാൾക്കരികിൽ നിശബ്ദം കിടന്നുറങ്ങി. വാക്കുകൾ അമ്പുകളായി അയാളെ ആക്രമിച്ചിരുന്നെങ്കിൽ എന്ന് അയാൾ വീണ്ടും ആഗ്രഹിച്ചു. മൗനത്തെക്കാൾ മൂർച്ച അതിനുണ്ടാവില്ലെന്നും അയാൾ ഓർത്തു. ഉറക്കത്തിൽ അയാൾ ആ പഴയ മലഞ്ചെരിവ് സ്വപ്നം കണ്ടു. അതിന് ചുവന്ന നിറമായിരുന്നു.

savitha n, story , iemalayalam

ചരിഞ്ഞു പതിക്കുന്ന സൂര്യകിരണങ്ങളിൽ മണ്ണ് തിളങ്ങിക്കൊണ്ടിരുന്നു. ഒരു മരം പോലും ഇല്ലാത്തതു കൊണ്ടാവണം ഈ ലോകത്തിന് ഒരേ നിറം എന്നയാൾ ചിന്തിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ താര വളരെ ദൂരെ പ്രത്യക്ഷപ്പെട്ടു. കുഴിച്ചിടാൻ നിരത്തി വെച്ചിരിക്കുന്ന മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടയിൽ അവൾ അയാളെ കണ്ടതേയില്ല. തലയുടെ ഭാഗത്തു മാത്രം ആഴം കൂടിയതും താഴോട്ട് പോവുന്തോറും ആഴം കുറഞ്ഞതുമായ അനേകം കുഴികളിൽ ആരൊക്കെയോ മൃതദേഹങ്ങൾ കൊണ്ടു കിടത്തിക്കൊണ്ടിരുന്നു.

പാറക്കല്ലിന് അപ്പുറത്തു നിന്ന് അയാൾ ഇതെല്ലാം കാണുന്നത് അറിയാതെ അവൾ തന്റെ പ്രവൃത്തിയിൽ മാത്രം ഏർപ്പെട്ടു. വെടിയുണ്ട ശരിക്കും തുളച്ച് കയറാത്ത ഒരു ഹൃദയം പെട്ടെന്ന് മിടിച്ചു തുടങ്ങിയാൽ അവൾ എന്തു ചെയ്യും എന്നോർത്ത് അയാൾ ആകുലപ്പെട്ടു. അതിനിടയിൽ അയാൾ എന്തിനാണ് അവളെ കാണാൻ വന്നത് എന്നു തന്നെ മറന്നു പോയി. വാക്കുകൾ നഷ്ടപ്പെട്ട് മലഞ്ചെരുവിൽ ഒറ്റക്ക് നിൽക്കുന്നതിനെ പറ്റി അയാൾ ഒരിക്കലും സങ്കൽപ്പിച്ചിരുന്നതേയില്ല. മലമുകളിൽ നിന്നു വന്ന ചൂടുകാററിൽ എന്തൊക്കെയോ അയാളുടെ ശരീരത്തിൽ വന്നു വീണു. ഇരുട്ടിൽ ശരിക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ എല്ലുകൾ ആണ് വന്നു വീഴുന്നത് എന്ന് അയാൾക്ക് മനസിലായി.

ആശുപത്രി വരാന്തയിലൂടെ മായയുടെ സ്ട്രെച്ചര്‍ ലേബർ റൂം ലക്ഷ്യമാക്കി ഉന്തിക്കൊണ്ട് പോയപ്പോഴും അയാൾ വളരെ നാൾ മുൻപ് കണ്ട അതേ സ്വപ്നത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടെയിരുന്നു. ശരീരം രണ്ടായി പിളരുന്ന വേദനയിലും മായ വേദന കടിച്ചു പിടിച്ചു. ഒരിക്കലെങ്കിലും അവൾ ഒന്നു കരഞ്ഞു കാണാൻ അയാൾ വീണ്ടും ആഗ്രഹിച്ചു. ശരീരത്തിൽ എന്തൊക്കെയൊ വന്നു വീഴുന്നതോർത്ത് അയാൾ അസ്വസ്ഥനായിക്കൊണ്ടിരുന്നു.

” വാട്ട് ആർ യൂ വെയ്റ്റിംഗ് ഫോർ, മിസ്റ്റർ രാജൂ? കട്ട് ദി അമ്ബ്ലിക്കല്‍ കോര്‍ഡ്‌,”
ഡെലിവറി റൂമിൽ നിന്നും നഴ്സ് അലറി വിളിച്ചു.

അയാളുടെ കൈകളിലിരുന്ന് സർജിക്കൽ സിസേഴ്സ് വിറച്ചു. രാഗിണിയുടെ ആദ്യ നിമിഷങ്ങളിൽ ചിലതായിരുന്നു, അത്. രക്തത്തിന്റെ ഒരു തുരങ്കത്തിൽ നിന്നും അവളെ പിടിച്ചുയർത്തി ഡോക്ടർ പ്രഖ്യാപിച്ചു.

“It’s a baby girl… Congratulations!”

രാഗിണി പതുങ്ങിക്കരഞ്ഞു. ഇനി അയാളുടെ ഊഴമാണ്. ഇത്ര നാളും മായയുമായി രാഗിണി പുലർത്തിയ ബന്ധം വിച്ഛേദിക്കൽ. രാഗിണിയെ സ്വയം പര്യാപ്തയാക്കൽ. മായ തളർന്നു കിടക്കുന്നു. അയാൾ അതിലേറെ തളർച്ചയിലാണ്. ഉന്മാദങ്ങളുടെ വേലിയേറ്റങ്ങളിൽ പല തവണ താരയിൽ ആവേശിച്ചതിന് ശേഷവും തളരാത്തത്രയും തളർച്ചയിൽ.

” It’s your privilege, Mr. Raju. Do it!”

വിറയ്ക്കുന്ന സർജിക്കൽ സിസർ രാഗിണിയെ മായയിൽ നിന്നും വേർപെടുത്തി. കൂടെ അയാൾ നിലത്ത് തളർന്നു വീണു. അതിനും ഏതാനും ദിവസങ്ങൾക്ക് ശേഷം മായയും രാഗിണിയും മരണത്തോടോ ജീവിതത്തോടോ എന്നറിയാതെ പൊരുതി തീർന്നതിനും ശേഷമാണ് അയാൾ ആ സ്വപ്നം മറന്നു തുടങ്ങിയത്.

അന്ന് അയാൾ അപ്പാർട്മെൻറിന്റെ കോവണി തനിച്ച് കയറി. മായ ഇല്ലാത്ത വീട്ടിലേക്ക് അയാൾക്ക് കയറി ചെല്ലേണ്ടതുണ്ട്. മായയുടെയും രാഗിണിയുടെയും ശരീരം ആശുപത്രിക്കാർ വിട്ടു തന്നിരുന്നില്ല. അണുബാധ പരക്കാതിരിക്കാൻ അവർ തന്നെ അത് ദഹിപ്പിക്കുന്ന ജോലി ഏറ്റെടുത്തിരുന്നു. അയാൾക്ക് അതിന് സമ്മതവുമായിരുന്നു. കോവണി കയറുമ്പോൾ അയാൾ അമ്മയെ ഓർത്തു. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ വെളുത്ത തുണിയിൽ പൊതിഞ്ഞ് അമ്മയുടെ ദേഹം തന്നെ കാത്തു കിടക്കുന്നത് അയാൾ സങ്കൽപ്പിച്ചു. മായയ്ക്ക് അങ്ങിനെ കിടക്കേണ്ടി വന്നില്ല. അവളുടെ അവസാനത്തെ ഫ്രെയിം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

savitha n, story , iemalayalam

ഇന്നലെയോ ഇന്നോ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനാവാത്ത വിധം ഉള്ളിൽ പുക നിറഞ്ഞതു പോലെ. അടുത്ത വീടുകളിൽ നിന്ന് ചിലരെങ്കിലും വാതിൽ തുറന്ന് തല പുറത്തേക്ക് നീട്ടും എന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇടനാഴി ശൂന്യമായിരുന്നു. ധാനിയെ എവിടെ ഏൽപ്പിച്ചിട്ടാണ് രാത്രിയിൽ മായയെയും കൊണ്ട് ആശുപത്രിയിൽ പോയത് എന്ന് ഓർത്തെടുക്കാൻ അയാൾ ശ്രമിക്കുകയായിരുന്നു.

അപ്പോഴാണ് കോളിങ് ബെൽ ചിലച്ചത്. വാതിൽ തുറന്നപ്പോൾ പരിചിതമായ ഒരു മുഖം. താര! വാതിൽ തുറന്ന് അവളെ സ്വീകരിക്കുമ്പോൾ അയാളുടെ നോട്ടം അയൽ വീടുകളിലെ വാതിലുകളിലേക്ക് പാളി വീണു. മിസിസ് ലളിതയോ, ദുബെയൊ സന്ദർശകയെ അടി മുടി നോക്കുന്നത് അയാൾ സങ്കൽപ്പിച്ചു. എന്നാൽ അങ്ങിനെ ഒന്ന് ഉണ്ടായില്ല. താര അകത്തു കടന്ന ഉടനെ അയാൾ വാതിൽ അടച്ചു, താഴിട്ടു. ലിവിങ് റൂമിലെ സോഫയിൽ അവൾ ഇരുന്നു.

”യു ആർ ഗ്രേയിംഗ് ടൂ ഫാസ്റ്റ്…” അയാളുടെ നര കയറിയ താടിയിലേക്ക് നോക്കി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ വെറുതെ നിറഞ്ഞു പോയിരുന്നു.

അയാൾ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം പുറത്തെടുത്തു.

“നന്നാരി സർബ്ബത്ത് ആവാം അല്ലേ!” അയാൾ ചെറു നാരങ്ങ രണ്ടു ഗ്ലാസ്സുകളിലേക്ക് പിഴിഞ്ഞൊഴിച്ചു. തണുത്ത വെള്ളവും സർബത്ത് മിശ്രിതവും ചേർത്തിളക്കി.

രണ്ടു ഗ്ലാസ്സുകളും കൊണ്ട് അയാൾ അവളുടെ അടുത്തേക്ക് നടക്കുമ്പോളും അവൾ അയാളുടെ നരച്ച താടിയിൽ കണ്ണോടിക്കുകയായിരുന്നു. ഒരു കാലത്ത് തന്റെ മുഖത്തും ശരീരത്തിലും ആഹ്ളാദം പരതി നടന്ന കുറ്റി രോമങ്ങൾ നരച്ചു തുടങ്ങിയിരിക്കുന്നു.

” വൈ ഡു യു വാൺഡ് മി ടുഡെ, ആഫ്റ്റർ ലോങ് ടൈം?” സർബ്ബത്ത് മൊത്തി കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“രാവിലെ രാജു വിളിച്ചപ്പൊ സർപ്രൈസ് ആയി.”

ഏറെ പഴകിയ ചില ഓർമകളിൽ അയാൾ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. അവളുടെ കുപ്പായത്തിന്റെ കൈകൾ ചുമലിൽ നിന്നും പതുക്കെ നീക്കി, അടിവസ്ത്രത്തിന്റെ വള്ളികളിൽ വിരലുകൾ കൊണ്ട് തടവി.

savitha n, story , iemalayalam

അണ പൊട്ടിയ ക്ഷോഭം മറന്ന് അവൾ കണ്ണുകൾ അടച്ചു. അയാൾ അവളുടെ മേൽ കുപ്പായം അനായാസേന നീക്കി മാറ്റി. അവളുടെ ചുമലുകളിൽ നിന്നും അയാളുടെ കൈകൾ താഴേക്ക് ഊർന്നിറങ്ങി. അയാൾ ക്ഷമ യാചിക്കാനെന്ന വണ്ണം അവളുടെ കാലക്കൽ മുട്ടുകുത്തിയിരുന്നു. അപ്പോഴെക്കും അവളുടെ ക്ഷോഭം നദിയായി കവിളുകളിലൂടെ ഒഴുകി തുടങ്ങി. അവൾ അതേ ഇരിപ്പ് തുടർന്നു.

“അത് നടക്കില്ല, താര. ഇത് ശരീരത്തിന്റെ ആഗ്രഹം. അത്രേ കരുതേണ്ടു. ഞാൻ പല തവണ പറഞ്ഞതല്ലേ. പ്രേമവും മറ്റുമായി നമ്മുടെ ബന്ധത്തെ കൂട്ടി കുഴക്കണ്ട. താൻ വെറുതെ ആസ്വദിക്ക്…” അയാളുടെ മൃദുവായ ശബ്ദം മറ്റേതോ മുറിയിൽ നിന്നെന്ന പോലെ അവൾ കേട്ടു. ചിലപ്പോൾ മറ്റൊരു ജന്മത്തിൽ നിന്നായിരിക്കണം.

അയാളുടെ വിരലുകളിൽ ശരീരം പഴയതെന്തോ ആഗ്രഹിച്ചു തുടങ്ങുമ്പോഴും ചൂടുള്ള നനവ് അവളുടെ കഴുത്തിലൂടെ ഒഴുകിയിറങ്ങി അയാളുടെ വിരലുകളിൽ സ്പർശിച്ചു കൊണ്ടിരുന്നു. പെട്ടെന്നുണ്ടായ ഒരടിയിൽ അയാൾ അരയ്ക്കു കീഴെ അമർത്തി പിടിച്ച് മലർന്നു വീണു. അവളുടെ പാതി നഗ്നമായ ശരീരത്തിന്റെ കാൽക്കൽ അയാൾ ചുരുണ്ടു കിടന്നു. അവൾ മുഷ്ടി ചുരുട്ടി സോഫയിൽ ആഞ്ഞിടിച്ചു. വർഷങ്ങൾക്കു മുൻപത്തെ ഒരു പാട് വാരാന്ത്യങ്ങൾ തന്റെ കാൽക്കൽ ഒലിച്ചിറങ്ങുന്നത് അവൾ അറിഞ്ഞു. അയാൾ വേദന കൊണ്ട് ഒന്നു കൂടെ പുളഞ്ഞു.

ഒഴിഞ്ഞ വീടിന്റെ വാതിൽ തുറന്നപ്പോൾ തറയിൽ വേദന കൊണ്ട് അയാൾ ചുരുണ്ടു കിടക്കുകയായിരുന്നു. താര കണ്ണുകൾ പൂട്ടിയിരുന്ന അതേ സോഫയിൽ അയാൾ ചാരിയിരുന്നു. കാൽക്കൽ ചുരുണ്ടു കിടക്കുന്ന അയാളെ ഒന്നു കൂടെ നോക്കി. ആകാശത്ത് അപ്പോൾ പറന്നു നീങ്ങിയ ഒരു യുദ്ധവിമാനത്തിന്റെ ഒച്ചയിൽ ഓർമകൾ നിശബ്ദമായി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Savitha n short story yudham