scorecardresearch
Latest News

സതി

പണ്ട് ഞാൻ സ്കൂളിൽ പോകുമ്പോഴോ തിരികെ വരുമ്പോഴോ ഒക്കെ ആരോ ദാനം കൊടുത്ത നിറം മങ്ങിയ ചുരിദാരിനുള്ളിൽ നീണ്ടുനിവർന്നങ്ങനെ നടക്കുന്ന സതി

സതി

സതി ഒരു പെന്‍ഡുലമാണ്. ആട്ടം നിലച്ചത്. അദൃശ്യമായ ഒരു ചലനത്തെ ഉള്ളിലൊതുക്കി ഒരു ചാപത്തിലെ ബിന്ദുക്കളെ സ്വപ്നം കണ്ട് മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന കാലസൂചികയല്ലാത്ത പെന്‍ഡുലം. സതിയെ അവരെന്നോ അവളെന്നോ, എന്ത് വിളിക്കണം? ഇനി അവൻ എന്ന് വിളിക്കാമോ എന്നുകൂടി അറിയില്ല. സതിയെ എല്ലാവരും ‘അത്’ എന്നാണു വിളിച്ചിരുന്നത്‌. വായ്പ്പാടലുകളിലൂടെ കൈമാറ്റം ചെയ്തുവന്ന കെട്ടുകഥയിലെ കഥാപാത്രം പോലെ സതി എന്നും അവിടെ ഉണ്ടായിരുന്നു. പണ്ട് ഞാൻ സ്കൂളിൽ പോകുമ്പോഴോ തിരികെ വരുമ്പോഴോ ഒക്കെ ആരോ ദാനം കൊടുത്ത നിറം മങ്ങിയ ചുരിദാരിനുള്ളിൽ നീണ്ടുനിവർന്നങ്ങനെ നടക്കുന്ന സതി. കയ്യിൽ നെടുങ്ങനെ വരകളുള്ള പ്ലാസ്ടിക് സഞ്ചി തൂക്കിപ്പിടിചിരിക്കും. മൈലാഞ്ചി തേച്ചു ചെമ്പിച്ച തോളറ്റം വരെ മാത്രം നീളമുള്ള മുടി മെടഞ്ഞ് ലവ് ഇൻ ടോക്യോ കൊണ്ട് അറ്റം കെട്ടിയിട്ടിരിക്കും. ലവ് ഇൻ ടോക്യോ ഫാഷനിൽനിന്ന് പോയിട്ടും സതി പൊട്ടിയവ നന്നാക്കിയെടുത്തു. അവൾ എന്തിനാണ് മുടിയിൽ മൈലാഞ്ചി തേച്ചിരുന്നത്‌ എന്നെനിക്കറിയില്ല.

ചുരിദാറിന് സാധാരണക്കാരിയുടെ ഫാഷൻ ലോകത്തേക്ക് അംഗീകാരം കിട്ടി വരുന്നതെ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ചെറിയ പെൺകുട്ടികൾ മാത്രമാണ് ചുരിദാർ ധരിച്ചിരുന്നത്. നാട്ടിൽ കല്യാണം കഴിച്ച പെൺകുട്ടികളോ മുതിർന്ന സ്ത്രീകളോ ചുരിദാർ ഇട്ടുകണ്ടാൽ ‘ഓ ഒരു കോളേജ് കുമാരി’എന്ന് പറഞ്ഞു കളിയാക്കുന്ന കാലത്തും സതി ചുരിദാർ ഇട്ടു നടന്നു. വീതിയേറിയ എല്ലുമുഴുപ്പുകളുള്ള നീണ്ടശരീരത്തിന്റെ പരന്ന മുലയുന്താത്ത നെഞ്ചും വിരിച്ച് വിദൂരതയിലെ ഏതോ ബിന്ദുവിൽ ശ്രദ്ധ പതിപ്പിച്ചാണ് സതി നടന്നിരുന്നത്. അവൾക്കു ചുറ്റുമുള്ളതെല്ലാം തന്നെ നേരത്തെ പറഞ്ഞുറപ്പിച്ച ക്രമീകരണങ്ങൾ ആണെന്ന പോലെ ഒരു വീഡിയോ ഗയിമിലെ സാധ്യതകൾ പോലുമില്ലാതെ പത്തിതാഴ്ത്തി കിടന്നു.

അവളെക്കടന്നു പോകുന്ന ചെറുക്കന്മാരോ വഴിവക്കിലുള്ള വീടുകളിലെ സ്വകര്യതകളിൽ മറഞ്ഞിരിക്കുന്നവരോ ‘കഞ്ചാവ് സതി’ എന്ന് വിളിക്കുമ്പോ അവൾ പെട്ടെന്ന് നിൽക്കും. മിന്നി മറഞ്ഞു പോയ ഒരു ചിത്രശലഭമുണ്ടാക്കുന്ന ശൂന്യമായ ആകാശക്കാഴ്ച്ചപോലെ വിങ്ങലുണ്ടാക്കുന്ന ആ ശബ്ദത്തിന്റെ ഉറവിടം നോക്കി വിരസതയോടെ നിന്നിട്ട് വീണ്ടും നടക്കും. സതി കഞ്ചാവടിച്ചു നടക്കുവാണെന്നാണ് ചെറുക്കന്മാരുടെ കണ്ടുപിടിത്തം. അല്ലെങ്കിൽ നാട്ടിൽ അലഞ്ഞു നടക്കുന്ന പട്ടികളോടും വഴിവക്കത്തു പുല്ലു തിന്നുകൊണ്ടിരിക്കുന്ന പശുവിനോടും ആടിനോടുമൊക്കെ ഇങ്ങനെ മണിക്കൂറുകളോളം സംസാരിക്കുമോ? തനിയെ ചിരിക്കുമോ? ആരുടെയോ കീഴിൽ സതി കഞ്ചാവ് സപ്ലയറായിട്ട് പണിയെടുക്കുകയാണെന്ന് ഒരു കഥയും പറഞ്ഞ് കേട്ടു. ഇക്കഥകൾ ഒന്നും തന്നെ ആരും ഒരു പണിപ്പുരയിൽ ഇരുന്നു ഒരുക്കിയെടുക്കുന്നതാവില്ല. വിനിമയത്തോടുകൂടി സന്ദർഭങ്ങളും കഥാപാത്രങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ഒക്കെമാറിയ കഥാശകലമായി കവലകളിലെയും വീടിന്റെ ഉള്ളറകളിലെയും അലസസദസ്സുകളിൽ ചിലപ്പോഴൊക്കെ സതി പരാമര്ശിക്കപ്പെട്ടു. സതിയെന്നാൽ വസ്തുതകൾ ആവശ്യമില്ലാത്ത ഒരൊഴുക്കൻ പരാമർശം മാത്രമായിരുന്നു.

Read More: യമ എഴുതിയ തുരുത്തുകള്‍ ഉണ്ടാകുന്നത് … എന്ന കഥ ഇവിടെ വായിക്കാം

കുട്ടിക്കാലത്ത് ഞങ്ങൾ കുട്ടികൾ അവളെക്കടന്നു മുന്നോട്ടു പോകാനുള്ള ഭയം കൊണ്ട് അവൾക്കു പിന്നിൽ നിശ്ചിതദൂരം നിലനിർത്തി പതിഞ്ഞു നടക്കുമായിരുന്നു. അപ്പോഴൊക്കെ സമയത്തിന്റെ കൊങ്ങക്ക്‌ പിടിച്ച് വായുവില്‍ ഒരു പെന്‍ഡുലം വിലങ്ങനെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവളെ ഞങ്ങൾ എന്തിനാണ് ഭയപ്പെട്ടിരുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല. ഒറ്റപ്പെട്ട ദ്വീപിലേക്ക് കടക്കുമ്പോൾ ഒരാൾക്ക്‌ തോന്നാവുന്ന ഒരുതരം അനിശ്ച്താവസ്ഥ ആയിരുന്നു ഞങ്ങൾക്കെല്ലാം അവളെക്കാണുമ്പോൾ. അത് ഞങ്ങൾ മറികടന്നത് കൂക്കിവിളിച്ചും ഒളിച്ചിരുന്ന് അവളെ കല്ലെറിഞ്ഞുമായിരുന്നു. പലപ്പോഴും സതിയ്ക്ക് വേദനിച്ചിരിക്കും. ചെറുമീനുകൾ ഓടിക്കളിക്കുന്ന തെളിഞ്ഞ നീർച്ചാലുകൾ ചവുട്ടിക്കലക്കി അതിനെ ചെളിക്കളം ആക്കാനുള്ള കുട്ടികളുടെ ത്വര അവരുടെ നിഷ്കളങ്കത്വതിന്റെ വേലിയേറ്റമല്ല. മറിച്ച് തനിക്കു പിടിതരാത്ത പ്രപഞ്ചസത്യങ്ങളോട് കലഹിച്ച് ഒരാൾ എഴുതിത്തുടങ്ങുന്ന ആത്മഹത്യാകുറിപ്പിന്റെ ഉൽപ്രേരകമാണ്. കുട്ടികളാവുക എന്നത് ചിലപ്പോഴെങ്കിലും ഒരു ക്രൂരതയാണ്.

‘ലൌണ്ടക്ക ഒണ്ടാ പൊട്ടിയത്?’ കുട്ടികളെ കാണുമ്പോൾ അവൾ ചോദിക്കും

‘അയ്യൂ..ഓടിക്കൊടെയ്’ എന്നും പറഞ്ഞു പിള്ളേര് നാലുകാലിൽ ഓടും. ഞങ്ങൾ കൊടുത്തില്ലെകിലും പുതിയ നിറങ്ങളുള്ള ലവ് ഇൻ ടോക്യോകൾ അവളുടെ മുടിത്തുമ്പത്ത് ഞാന്നു. ബസ്‌ കയറി അവളെങ്ങോട്ടാണ് പോയിരുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. നഗരത്തിൽ എവിടെയോ വീട്ടുജോലിക്ക് നിൽക്കുവാണെന്നു ആരോ പറഞ്ഞു. ആരോ എന്നത് മുഖമില്ലാത്ത അതിശയസ്വരങ്ങളും വാക്കുകളുമാണ്. വാക്കിന്റെ ഉറവിടം അപ്രസക്തമെങ്കിൽ അർത്ഥങ്ങളുടെ വിനിമയത്തെക്കുരിച്ച് ആവലാതിപ്പെടാൻ എന്തിരിക്കുന്നു.

’ഈ വട്ടുകേസിനെ ആര് വീട്ടിൽ വച്ചിരിക്കണത്? വേറ എന്തരൊക്കെയോ പരിപാടികൾ ആണെന്നാണ് ആൾക്കാര് പറയണത്. അല്ലാത ഈ അണിഞ്ഞൊരുങ്ങി എങ്ങോട്ട് പോണത്? അതിന്റെ ഒരുതരം മട്ടും മാതിരിയും കണ്ടാ ദേഷ്യം വരും.’ അമ്മയ്ക്കു സതിയോടു പ്രത്യേകിച്ച് ദേഷ്യമുണ്ടാകാൻ ഒരുകാര്യവും ഞാൻ കണ്ടിരുന്നില്ല. എന്നാലും സതിയുടെ വെളിപ്പെടാത്ത ലോകത്തെക്കുറിച്ചു അമ്മ നീരസത്തോടെയാണ് സംസാരിച്ചത്.

‘ദുഷ്ടത്തരം പറയല്ല്. തലയ്ക്കു സുഖമില്ലത്തതാ അതിന്. എങ്ങനേങ്കിലും ജീവിച്ചോട്ട്. ആരുടേം അടുത്ത് കൈനീട്ടാൻ അത് വരണില്ലല്ല്. തെണ്ടാന് വന്നിരുന്നെങ്കി നിങ്ങക്കൊക്കെ സമാധാനം ആയേനെ. പൊടിയായിരിക്കുമ്പഴെ എനിക്കതിനെയറിയാം. അന്നേ അതിങ്ങനെ തന്ന. കണ്ട മരത്തിന്റെ എലേം പഴങ്ങളും ഒക്കപ്പറിച്ചു മൊകത്തും ദേഹത്തുമൊക്കെ പെരട്ടി നടക്കും.’ അമ്മൂമ്മ അമ്മയെ ശാസിച്ചു.

കോളേജിൽ പോയിത്തുടങ്ങിയതിപ്പിന്നെ ഒരു സമയസൂചകം പോലെ എന്നും സതി ബസ്സ്റ്റോപ്പില്‍ ഉണ്ടാവും.ആരോ നിർബന്ധിച്ചപോലെ നാലഞ്ചു വർഷമായി ഒരേ ബോർഡു വച്ച ബസിൽ ഞങ്ങൾ നഗരത്തിലേക്ക് ബസ്‌ കയറുന്നു. പോസ്റ്റ്‌ ഗ്രാജുവേഷൻ നീന്തിക്കടന്നു ഗവേഷണത്തിലാണ് ഞാൻ. മാസത്തിൽ കുറഞ്ഞത്‌ രണ്ടു കല്യാണാലോചനകളും അതിനെ ചുറ്റിപ്പറ്റിയുള്ള ഊണുമേശാ സംവാദങ്ങളും കൊണ്ട് നെടുവീർപ്പിട്ടുകൊണ്ടിരിക്കുന്ന വീടിനുള്ളിൽ ഒരു ചാരത്തിയെപ്പോലെ ആളില്ലാ മുറികൾ തപ്പി നടക്കുകയാണ് .

ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ പ്രൊഫൈൽ ചിത്രങ്ങളുടെ മാറ്റങ്ങളോ നിരത്തുകളിലെ സിനിമാ ഫ്ലക്സുകളിലെ നായകന്മാരുടെ മുഖമാറ്റമോ അല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല എന്നതരത്തിലുള്ള തികച്ചും വിരസമായ നിശ്ചലയൗവ്വനത്തിൽ. കുട്ടിക്കാലത്തിന്റെ ഓർമ്മകൾ കൂടിയില്ലെങ്കിൽ ഞാനൊരു പ്രേതമാണെന്നു സമർഥിക്കാൻ വല്യ പ്രയാസം ഉണ്ടാവില്ല. അതിർത്തിയിലെ ബോംബുപൊട്ടലുകളോ നാട്ടിലെ രാഷ്ട്രീയകൊലപാതകങ്ങളോ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പോ റിയാലിറ്റി ടിവി പരിപാടികളിലെ എലിമിനേഷൻ റൗണ്ടുകളോ ഉത്ക്കണ്ഠപ്പെടുത്താത്തവിധം റിസർച്ച്ഗൈഡിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും താഴാനും പരിശീലിച്ചുകൊണ്ടിരിക്കുകയാണ്.ഈ നാലുവർഷത്തിനിടെ ഒന്നുരണ്ടു തവണ ചുരിദാരുകളുടെ നിറം മാറിയെന്നതൊഴിച്ചാൽ സതി പഴയ സതി തന്നെ. നിത്യവും എന്റെ കോളേജ് കഴിഞ്ഞുള്ള ഏതോ സ്റ്റോപ്പിൽ സതി ഇറങ്ങിനടന്നു.

ഒരിക്കൽ മുക്കിൽ പെട്ടിക്കട നടത്തുന്ന മണികണ്ഠൻ അവിടെ ബസ്‌ കാത്തുനിന്ന സതിയെ തോട്ടിയിട്ടു. ’ഇതെവിടെടീ നീ എന്നും പോണത് സതീ…? പണി ചെയ്തിട്ടും നിന്റെ കയ്യിൽ പൈസേന്നും വരണ ലക്ഷണം ഇല്ലല്ലാ. ഇനി ഞാൻ പറ്റ് തരൂല്ല കേട്ടാ.’
ബസ് സ്റ്റോപ്പിൽ നിൽക്കുന്നവർക്ക് ഒരു തമാശ ആയിക്കോട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് അയാൾ സതിയെ തോട്ടിയിട്ടത്.

സ്വതവേയുള്ള ഗൌരവത്തെ കുറച്ചുകൂടി പെരുപ്പിച്ച് ശബ്ദം നിയന്ത്രിച്ചുകൊണ്ട് സതി അയാളെ നോക്കിപ്പറഞ്ഞു.
‘ഞാൻ നിന്റെ പൈസ വല്ലോം പറ്റിച്ചാ. പറ്റല്ലേ വാങ്ങിച്ചത്. ഒരു രാജ്യം വേറൊരു രാജ്യത്തീന്നു പൈസ കടം വാങ്ങ്ന്ന്. അപ്പഴാണ് മനുഷ്യന്മാര് കടം വാങ്ങാത്ത. പൈസ തരാത്തോരോട് പോയി ചോയ്ച്ചാ മതി കേട്ടാ. ഇനി നീ തന്നില്ലെങ്കി ഈ നാട്ടീ വേറെ കടേന്നൊല്ലേ. എടീ പോടീന്നക്ക വീട്ടിലൊള്ളോരോട്‌ പറഞ്ഞാ മതി.’ തന്റെ തമാശ ചീറ്റിപ്പോയത് കണ്ടു മണികണ്ഠൻ ഒന്നടങ്ങി.

‘നീ ദേഷ്യപ്പെടല്ലേ സതീ. നീ എന്തരു ശത്രുക്കളപ്പോല സംസാരിക്കണത്. ഞാൻ ചുമ്മാ പറഞ്ഞേല്ലേ..’ അവിടെ നിന്നവരെ നോക്കി കണ്ണിറുക്കീക്കാണിച്ചിട്ട് സതിയോടു ഐക്യദാർഢ്യം അഭിനയിച്ചുകൊണ്ട് മണികണ്ഠൻ പറഞ്ഞു.

‘നിനക്കൊന്നും പറഞ്ഞാ മനസ്സിലാവൂല്ല. മോഡലിങ് എന്ന് കേട്ടിറ്റൊണ്ടാ? അതാണ്‌ ഞാൻ ചെയ്യണ. അതാണ്‌ എന്റെ ജോലി.’ ഞാനടക്കം ബസ്‌ സ്റ്റോപ്പിൽ നിന്നവർ ചിരിച്ചു പോയി. ചിരിച്ചവരെ എല്ലാം അവൾ ആകപ്പാടെ ഒന്ന് ഉഴിഞ്ഞുനോക്കി.എന്നിട്ട് ഞങ്ങളാരും യാതൊരുവിധ പ്രതികരണങ്ങളും അർഹിക്കുന്നില്ല എന്ന ഭാവേന തിരിഞ്ഞു ബസ്‌ നോക്കി നിൽപ്പായി.

‘പിന്നെ, പരസ്യക്കാര്ക്ക് പ്രാന്തല്ലെ നിന്നെ മോഡലക്കാൻ.’ മണികണ്ഠന് വിടാൻ ഭാവമില്ലയിരുന്നു.

sathi, shtort story, athira, yama,

‘പരസ്യക്കാര്ക്ക് മാത്രേ മോഡലിനെ വേണ്ടീ. എടാ മോഡല് എന്ന വാക്കിന്റെ അർത്തോങ്കിലും നിനക്ക് അറിയാമോ? നിന്റെ വിചാരം വെളുത്തു വടിപോല നിക്കണ പെണ്ണുങ്ങള പേരാണ് മോഡലെന്നു. മോഡല്
എന്ന് പറഞ്ഞാ മാതൃക എന്നാണു അർഥം കേട്ടാ. ഞാൻ പടം വരക്കണവര മോഡലാണ്. ദൈവത്തിന്റെ മോഡലാണ് ഞാൻ . കല,ആർട്ട് അതാണ് ദൈവത്തിലേക്കുള്ള വഴി. കേട്ടാ. അല്ല നിന്റടുത്ത് ഇതൊക്ക പറഞ്ഞ്ട്ട് എന്തര് കാര്യം?’
കുട്ടിയായാലും വയസ്സരായാലും സതി അവരെ നീ എന്ന് മാത്രമേ വിളിക്കുകയുള്ളൂ. ആൾക്കാർ എത്ര വലിയ ആളായാലും അവരുടെ പദവി ഒരു ‘നീ’യിൽ ഉൾക്കൊള്ളുന്നു അവളെ സംബന്ധിച്ചിടത്തോളം. പിന്നെയാണ് ഞാനറിയുന്നത് സിറ്റിയിലെ ഫൈൻ ആർട്‌സ് കോളേജിൽ കുട്ടികളുടെ മോഡലായി ഇരുപ്പാണ് അവളുടെ പണിയെന്ന്. പിള്ളേര് പിരിച്ചുകൊടുക്കുന്ന തുച്ഛമായ കാശിന് അവള് എങ്ങനെ ജീവിക്കുന്നുവെന്ന് ആരും അന്വേഷിച്ചില്ല. ചലിക്കുന്ന ഒരു സസ്യം എന്നാണ് എനിക്ക് അവളെക്കാണുമ്പോഴൊക്കെ തോന്നിയിരുന്നത്.

ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴൊക്കെ സമപ്രായക്കരാണെന്ന ഭാവേന അവൾ എന്നെ നോക്കി ചിരിക്കാറുണ്ട്. അവളുടെ ജരാനരകൾ എറ്റുവാങ്ങി നരച്ചുകുരച്ചു നടക്കുന്ന ഒരു സന്താനം അവൾക്കുണ്ടെന്ന് തോന്നും അവളുടെ പ്രസരിപ്പ് കണ്ടാൽ. ഒരിക്കൽ ബസ്സ്റ്റോപ്പിൽ പൂശുവെള്ളി അടർന്ന് ചെമ്പുപുറത്തായ അവളുടെ കൊലുസ്സ് നോക്കി നിൽക്കുകയായിരുന്നു ഞാൻ . എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു.

‘നിനക്ക് പ്രേമം ഒണ്ടല്ലേ? ഞാൻ ഇന്നാളു കണ്ട്. നിങ്ങള് ഒര് ഹോട്ടലീന്ന് ചായ കുടിക്കണത്. എനിക്കവുടന്ന് ഊണ് ഫ്രീയാ. കടക്കാരൻ എന്റെ ഫ്രണ്ടാണ്. അവുടടുത്തൊക്ക ഞാൻ ആ കടേന്നു ചായ കൊണ്ടുകൊടുക്കും.’ ഞാനാകെ പരിഭമിച്ചു ചുറ്റും നോക്കി. ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല. വീട്ടിലെങ്ങാൻ അറിഞ്ഞാ പഠിപ്പ് അന്നത്തോടെ നിൽക്കും.

‘നീ ആരെപ്പേടിക്കണത്‌? ഇപ്പഴത്ത പിള്ളരുക്ക് പ്രേമിക്കാൻ പോലും പേടി. നിങ്ങള് പ്രേമിക്കണേന് ഈ ആൾക്കാര്ക്ക് എന്തര്? ചെറുക്കന് സൂപ്പറാണല്ലാ. നിന്റൂട പടിക്കണതാ?.’

‘അത് എന്റെ ഫ്രന്റ് ആണ്.’
സതിയെങ്ങാനും ഉച്ചത്തിൽ പറഞ്ഞെങ്കിലോ എന്ന് കരുതി ഇതും പറഞ്ഞ് ഞാൻ പുറം തിരിഞ്ഞു നിന്നു. കുറെസമയം കഴിഞ്ഞിട്ടും അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് ഞാൻ മെല്ലെ ഏറുകണ്ണിട്ടു അവളെ നോക്കാൻ ഒരു ശ്രമം നടത്തി. എന്നെ അതിശയിപ്പിച്ചു കൊണ്ട് അവൾ ശബ്ദമില്ലാതെ കരയുകയായിരുന്നു. അതിവൃത്തിക്കാരെപ്പോലെ സദാസമയവും കയ്യിൽപ്പിടിച്ചിരുന്ന തുണിക്കഷണം കൊണ്ട് കണ്ണീരൊപ്പുകയാണ്.

എനിക്ക് പരിഭ്രമം കയറി.ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.
‘സതി എന്തിനാ കരയണത്?’

‘എന്നെ എന്തിന് ഇങ്ങന തീ തീറ്റിക്കണ? ഭഗവാന്‍ ഒടലോടല്ലേ സ്വർഗത്തീ പോയത്.ദൈവങ്ങൾക്ക് അങ്ങനെ പോകാം. രാധ മരിച്ചോ ജീവിച്ചോ ആരുക്കറിയണം.’ വളരെ ഗൗരവത്തോടെ ഒരു പ്രപഞ്ചസത്യം വിളിച്ചുപറയുന്ന മട്ടിലാണ് സതി അത് പറഞ്ഞത്.’

രാധയാ?’

‘രാധേട ജന്മോണ് കൊച്ചെ ഞാൻ. എത്ര യുഗങ്ങളായി ഞാൻ ജനിച്ചിട്ട്‌! ചാകുന്നതും ഒരു അനുഗ്രഹോണ് കൊച്ചെ. ആശ്വത്താമാവ്‌ പാപം ചെയ്തിട്ടാണ് ചാവാതെ അലയണത്. ഞാനൊക്ക എന്തരിന് ഇങ്ങന കെടന്നു നരകിക്കണത്?’ അവളുടെ കഠിനമായ നിശ്വാസങ്ങൾക്കിപ്പുറത്ത് ഞാൻ വായുംപൊളിച്ച് നിന്നുപോയി എന്ന് പറഞ്ഞാൽ മതിയല്ലോ.

‘ഞാനീ ആണുങ്ങള മൊകത്ത് ഒരു പത്ത് നിമിഷത്തീ കൂടുതൽ നോക്കൂല്ല. എന്തരാന്നു അറിയാമോ?
അവമ്മാര് കറങ്ങി വീഴും. പക്ഷെ എനിക്കാണെങ്കി അവമ്മാര വേണ്ടല്ലാ… ഇതേ ഞാൻ പൂജിച്ച് ഒണ്ടാക്കണ കരിയാണ്. ഇത് കണ്ണീ തേച്ചാ വശീകരണോണ്. നിനക്ക് വേണോ? ഒണ്ടാക്കിത്തരാം.’അവൾ കണ്ണുകൾ വിടർ
ത്തി ക്ലോക്കിന്റെ പെൻഡുലം പോലെ ചെമ്പന്‍ കൃഷ്ണമണികൾ ചലിപ്പിച്ചു.

‘വേണ്ട സതീ’ ഞാൻ പറഞ്ഞൊഴിഞ്ഞു.

‘ഈ പ്രഭേം കൊണ്ട് ഞാൻ നടക്കണ പാട് എനിക്കെ അറിയാവൂ. നിങ്ങക്കൊന്നും അത് പറഞ്ഞാ മനസ്സിലാവൂല്ല..’ സതി എന്തുതരം ശാസ്ത്രമാണ് പിന്തുടർന്നിരുന്നതെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

’ഞാൻ നോക്കുമ്പോ ആർട്ട് പിള്ളേർ എന്നെ നോക്കി വരയ്ക്കണ ഓരോ പടോം ഓരോന്ന് പോലാ. ചെലേല് എനിക്ക് മൂന്നു കണ്ണ്. ചെല പടത്തില് എന്നക്കണ്ടാ എന്റെ നെഴലാണെന്ന് തോന്നും. ആരിക്കും എന്ന മുഴുവനായി വരയ്ക്കാൻ പറ്റണില്ല. പിള്ളരുക്ക് വരക്കാൻ അറിഞ്ഞൂടാത്തോണ്ടൊന്നല്ല. എന്റ പ്രഭേ എങ്ങന ഒരു പടത്തീ വരച്ച് ഒപ്പിക്കും? കൊച്ചുങ്ങൾ പടം വരയ്ക്കുമ്പോ നമ്മൾ അനങ്ങാതെ ഇരിക്കണം. പക്ഷെ നമ്മള മനസ്സ് ഇങ്ങന പെടച്ചോണ്ടിരിക്കൂല്ലേ. അതാണ്‌ അതിന്റെ കാര്യം. അഞ്ചും ആറും മണിക്കൂറല്ലേ ഒറ്റ ഇരുപ്പ് ഇരിക്കണത്. ഇപ്പോക്ക ഭയങ്കര വേദനേണ്. കഴുത്തിന്റവിടെക്ക.രണ്ടൂന്ന് ദെവസം കൂടുമ്പം രാത്രി എണ്ണതേച്ച് വേത് പിടിക്കണം’

എന്റെ സഹതാപനോട്ടത്തിനു പ്രത്യേകിച്ച് പരിഗണന ഒന്നും കൊടുക്കാതെ തന്നോടെന്ന പോലെ അവൾ പിന്നെയും ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു. അന്ന് സതി പറഞ്ഞതൊക്കെ ഓർത്ത് ഞാൻ ക്ലാസ്സിലിരിക്കുമ്പോഴും ഇടവഴികളിലൂടെ നടക്കുമ്പോഴും ചിരിക്കുമായിരുന്നു. എന്നെക്കാണുമ്പോള്‍ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കാമുകന്റെ പിൻചുമലുകൾ കുറ്റബോധം കൊണ്ട് കൂനുന്നതുകണ്ട് സതി അട്ടഹസിച്ചു ചിരിക്കുന്നത് പിന്നെപ്പോഴോ ഒരിക്കൽ ഞാൻ സ്വപ്നത്തിൽ കണ്ടു. നിരത്തിലും ബസിലും ആരാധനാസ്ഥലങ്ങളിലും ഇണകളെത്തേടി പരക്കം പായുന്ന ഏകാന്തരായ മനുഷ്യരെക്കൊണ്ട്‌ നിറഞ്ഞതുപോലെ എനിക്ക് തോന്നി. മറ്റേതോ നാട്ടിലെ നിശാക്ലബ്ബുകളുടെ സംഗീതം തലയില്‍ ചുമന്നുനടക്കുന്ന ചെറുപ്പക്കാരില്‍ തട്ടിത്തടഞ്ഞുവീഴുന്ന എന്റെ ഏകാന്തതയല്ലാതെ എനിക്ക് നഷ്ടപ്പെടാന്‍ മറ്റൊന്നും ഇല്ലാതായിരിക്കുന്നു.

വെളുപ്പാൻകാലമാണെങ്കിലും എന്തൊരു വിശപ്പ്‌! സതി തൂങ്ങിനിന്നിരുന്ന വഴിയോരത്തെ പുളിമരത്തിനു കീഴെയുള്ള ആൾക്കൂട്ടത്തിനു വലുപ്പം വച്ചുവരുന്നു. ആരോ അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. വായിൽ മണ്ണ് കുത്തിനിറച്ചു വച്ചിരിക്കുന്നു. ഏതോ ആർട്ട് സ്റ്റുഡന്റ്റ് തന്റെ ചിത്രത്തിന് പോസ് ചെയ്തു നിർത്തിയത് പോലെ അനക്കമില്ലാതെ സതി തൂങ്ങിക്കിടക്കുന്നു. സതിയുടെ നഷ്ടപ്പെട്ട ജീവൻ അന്വേഷിച്ചെന്നോണം നീറുകൾ അവളുടെ ശരീരത്തിലുടെ അറ്റമറിയാതെ പായുന്നുണ്ട്‌.മൂക്കിനു ചുറ്റും ഒരു തേനീച്ച മൂളിപ്പറക്കുന്നു. കണ്ണുകളടഞ്ഞ് കഴുത്ത് ഒടിഞ്ഞുതൂങ്ങി ആടുന്ന അവളുടെ ശരീരം കണ്ടാൽ പണ്ടെങ്ങോ മറന്നുപോയ പാട്ട് ഓർമ്മിച്ചെടുക്കുകയാണെന്നു തോന്നും. കാലുകളിൽ അണിഞ്ഞിരുന്ന വെള്ളിമുക്കിയ കൊലുസ്സുകളിൽ ഒരെണ്ണം പൊട്ടി താഴെ വീണുകിടപ്പുണ്ട്. അനക്കമറ്റ ഒരു വെള്ളിത്തേരട്ട പോലെ. ഏതു നിമിഷവും സതി പോയ ദിക്കിലേക്ക് അതെണീറ്റ് ഓടിപ്പോയെക്കും എന്നെനിക്ക് തോന്നി.

അദ്ഭുതങ്ങൾ ഉണ്ടാവാനിടയില്ലാത്ത ലോകത്തിന്റെ പടിവാതിലിൽക്കയറി നിൽപ്പാണ് ഞാൻ. നിശ്ചലമായവയെല്ലാം അനാദിയായ ചലനത്തിനെ സ്വപ്നം കാണുന്നവയാണെന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോഴേക്കും മനുഷ്യന് നിലനിൽപ്പിനായി പുതിയ ഭൂമികൾ അന്വേഷിച്ചു തുടങ്ങേണ്ട പരുവത്തിലെത്തി നിൽക്കുകയല്ലേ. അതുകൊണ്ട് ആ പുളിമരക്കൊമ്പിലെ കയർക്കുരുക്ക് അഴിച്ച് സതി ഇറങ്ങിവന്നാൽ ശാസ്ത്രം മുന്നോട്ടുപോകാൻ വേണ്ട തിയറികൾ ഒന്നുരണ്ടെണ്ണം പടയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ ചിന്തിച്ചു. സിഗരറ്റ്പുകയുടെയും താടിക്കു കൈകൊടുത്ത നിശ്വാസങ്ങളുടെയും ഇടയിൽ നിന്ന് അമ്മയോടൊത്ത് ഞാൻ തിരികെപ്പോന്നു.

ഇവിടെ വീട്ടിൽ നിന്നാൽ എനിക്കാ മരച്ചുവട് കാണാം. പ്രേതത്തെ ആവാഹിച്ച മരപ്പാവ പോലെ തൂങ്ങിക്കിടക്കുന്ന നിസ്സഹായമായ ആ ശരീരത്തെയും. എനിക്ക് പെട്ടെന്ന് ചിരി വന്നു. ജീവിച്ചിരിക്കുന്നതിൽ കൂടിയ എന്ത് നിസ്സഹായാവസ്ഥയാണ് ഈ ലോകത്തുള്ളത്? റോഡിന്റെ അപ്പുറം നോക്കിക്കുതിച്ച ഒരു പട്ടി വണ്ടി തട്ടി ചത്താലുള്ളതിനെക്കാൾ പ്രാധാന്യമൊന്നും ഒരു മനുഷ്യന്റെ മരണത്തിനുമില്ല. പരിചയക്കാരുടെ മുഖത്തെ ചുളിവുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വളർന്നന്നുവരുന്ന ഒരു കഥയാണ് ഓരോ മനുഷ്യനും. കൊടുങ്കാറ്റുകൾ മണ്ണ് മാന്തിയെടുക്കുന്ന പുരാതന ശിലാഫലകങ്ങളിൽ എഴുതപ്പെടാൻ വേണ്ടി മാത്രം കുറെ കഥകളായി ശേഷിക്കാൻ പോകുന്ന മനുഷ്യകുലം. അങ്ങനെയുള്ള ഒരു കഥയാണ് അവസാനവാക്കുകൾ കിട്ടാതെ ശ്വാസംമുട്ടി മരത്തിൽ തൂങ്ങിനിൽക്കുന്നത്. കഥകള്‍…കഥകള്‍…അതുമാത്രമാണ് നമ്മള്‍.

കഴിഞ്ഞ ഓണക്കാലത്ത് റേഷനരിയും വാങ്ങി തിരികെ വരുംവഴിയാണ് സതി കണ്ണന്റെയും കൂട്ടുകാരുടെയും മുന്നിൽ ചെന്നുപെട്ടത്. പിള്ളേര് കോളേജ് വിട്ടുവരുന്ന വരവാണ്. സിറ്റിയിലെ ബീവേറെജ് ഷോപ്പില് നിന്നും വാങ്ങിയ ബിയർ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് പകുത്തുകുടിച്ച് വായിലെ വാട കളയാൻ ച്യൂയിംഗ് ഗമ്മും ചവച്ചു വരുംവഴി കണ്ണന്റെ കൂട്ടുകാരൻ സതിയെ തോട്ടിയിട്ടു.

‘സതിക്കിപ്പോ നിന്നെക്കാണുമ്പോ ഒരു നാണമാണല്ലോടാ. എന്ത് മായം കാണിച്ചാ നീ അവളെ വളച്ചത്‌? ഞങ്ങളൊക്കെ എത്ര പണി നോക്കിയതാ. വീഴണ്ടേ?’ സതി തിരിഞ്ഞു നിന്നു.

’പോ പിള്ളേരെ. നിന്റേക്ക തരത്തിനു പോയി കളി കേട്ടാ. എന്നെ വളക്കാൻ വരണോന്മാര് കൊതിം കൊണ്ട് നടക്കെ ഒള്ള്.’

‘ഓ..ഇനി ഞങ്ങളൊന്നും വരണില്ലെ. നിന്റെ കണ്ണന്റ കഴിവൊന്നും നമുക്കില്ലേ. എടാ കണ്ണാ നീ ഇതുവരെ സതിയോട് തൊറന്നു പറഞ്ഞില്ലേ? നീ ഇങ്ങനെ അവളെ പരീഷിക്കണ എന്തിന്?’

സതി കണ്ണനെത്തന്നെ നോക്കി തുറിച്ചുനോക്കി കുറേനേരം നിന്നു.പെട്ടെന്ന് അവളുടെ കയ്യിൽ നിന്ന് അരിസഞ്ചി താഴെ വീണു ചിതറി. കണ്ണുകളിൽ നിന്ന് കണ്ണുനീര് ഒഴുകിയിറങ്ങി. കണ്ണൻ പരുങ്ങി. ആദ്യം തമാശ പറഞ്ഞു നിന്ന കൂട്ടുകാർ സതിയുടെ ഭാവമാറ്റത്തിൽ പകച്ചു പോയി.

‘നീയൊക്കെ കൂടെ എന്തോന്നെടേ അവര പറഞ്ഞു എളക്കണത്? സതീ.. ഇവന്മാര് ചുമ്മാ കളിയാക്കണതാ.’

സതി കണ്ണനെത്തന്നെ നോക്കി നിൽപ്പായി. സതിയുടെ ഭാഗത്ത്‌ നിന്ന് എന്തുതരം പ്രതികരണം ആണുണ്ടാകാൻ പോകുന്നതെന്ന് ഗണിക്കാൻ കഴിയാതെ രംഗം വഷളാകാനുള്ള സാധ്യത മുന്നിൽക്കണ്ട കണ്ണനും കൂട്ടുകാരും ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ സ്ഥലം കാലിയാക്കിക്കളഞ്ഞു.

കണ്ണനോട് സതിക്ക് പ്രേമമാണെന്ന് പിള്ളേര് പറഞ്ഞു പരത്തിയത് നാട്ടുകാർ കുലുങ്ങിച്ചിരിച്ചുകൊണ്ടാണ് കേട്ടത്. ബസ്‌ കാത്ത് കവലയിൽ നിൽക്കുന്ന സതിയെക്കണ്ട് ആൾക്കാര് ഹരം കയറി ഓരോന്ന് ചോദിക്കും. അവൾ ആർക്കെങ്കിലും മറുപടി കൊടുക്കേണ്ടത് ഒരു അനിവാര്യതയായി കണ്ടില്ല. അവൾ ഇടയ്ക്കിടെ നാലുപാടും നോക്കുന്നത് കണ്ണൻ ചുറ്റുവട്ടത്തെങ്ങാനും ഉണ്ടോ എന്ന് പരതി നോക്കുന്നതാണെന്നു പറഞ്ഞ് കവലയിലെ സ്ഥിരം കുറ്റികൾ നേരമ്പോക്കി. സതിയെ നേരിട്ട് കണ്ടാ തല്ലും എന്ന് കണ്ണൻ പറഞ്ഞു നടന്നെങ്കിലും സതിയുടെ നിഴൽ വെട്ടം കണ്ടാൽ അവൻ വേറെ വല്ല വഴിയിലൂടെയും ഓടിക്കളയും. ഇടക്കൊരു ദിവസം കണ്ണനെ കാണാൻ സതി അവന്റെ വീട്ടിൽ കയറിച്ചെന്നു. വാഴയിലയിൽ പൊതിഞ്ഞെടുത്ത ചൂടാറാത്ത നെയ്യപ്പം അവൾ രണ്ടുകൈ കൊണ്ടും ചേർത്ത് പിടിച്ചിരുന്നു. കണ്ണന്റെ അമ്മ സതിയെ പച്ചത്തെറി വിളിച്ച് വീട്ടിൽ നിന്നും ആട്ടിയിറക്കി.

‘ദൈവമേ,ഞാൻ എന്തക്ക കണ്ടിട്ട് ചാവണം?’അവർ കൈയുംകുത്തി നിലത്തിരുന്നു പ്രാകി. അവരോടു സഹതപിച്ചു തിരിച്ചുപോയവർ വഴിനീളെ തലതല്ലി ചിരിച്ചു. എങ്കിലും നെയ്യപ്പം അവനു കൊടുക്കണം എന്നുപറഞ്ഞതിന് ഇത്രയും തെറി സതിയെ വിളിക്കേണ്ടാതില്ലായിരുന്നു എന്ന് ചിലർക്കെങ്കിലും തോന്നാതിരുന്നില്ല.

തിരുവോണ ദിവസം കവലയില്‍ അത്തപ്പൂക്കളം ഒരുക്കുന്നതിനിടെ ബോധം കെട്ടുവീണ സതിയെ കവലയിൽ ഉണ്ടായിരുന്ന ചിലർ ആശുപത്രിയിലാക്കി. ഡ്രിപ്പ് കൊടുത്തു ക്ഷീണം മാറിയപ്പോൾ ഒരു കിലോ നേന്ത്രപ്പഴവും വാങ്ങിക്കൊടുത്ത് അവളെ അവർ വീട്ടിൽ കൊണ്ടു വിട്ടു. പ്രേമം മൂത്തുണ്ടായ ബോധക്ഷയമാണെന്ന ലേബലിലാണ് അതിനെപ്പറ്റി കഥകൾ പരന്നത്.

മൂന്നാല് ദിവസമായിട്ടും പുറത്തുകാണാഞ്ഞിട്ടു ചത്തെങ്ങാനും പോയോ എന്നറിയാൻ കുറച്ചകലെ താമസിക്കുന്ന കൊല്ലക്കുടിയിലെ ശാന്ത അവളുടെ കുടിലിൽ പോയി നോക്കുമ്പോ കുടിൽ വെള്ളം തളിച്ച് തൂത്തുവാരി വൃത്തിയാക്കിയിട്ടിരിക്കുന്നു. വീടിനു മുറ്റത്ത് അവൾ നട്ടിരുന്ന കൃഷ്ണതുളസിച്ചെടികളും റോസാചെടികളും തഴച്ചുനിന്നിരുന്നു. വക്കില്ലാത്ത കിണറിന്റെ വശത്തുള്ള കരിങ്കല്ലിൽ കാലു കയറ്റിവച്ച് നിറഞ്ഞ തൊട്ടി രണ്ടു കൈകൊണ്ടും വലിച്ചു കയറ്റി തലയിൽ ധാരകോരി നിൽക്കുകയായിരുന്നു സതി. വിശേഷം അന്വേഷിച്ചെത്തിയ ശാന്തയെ തലയിൽ നിന്നും കണ്ണിന് പുറത്ത് കൂടി ഒഴുകിയിറങ്ങിയ വെള്ളച്ചാട്ടത്തിനുള്ളിലൂടെ സതി കണ്ടു. സതിയുടെ പ്രായത്തെ വെല്ലുന്ന ബലിഷ്ഠമായ തോളെല്ലുകൾ നോക്കി ശാന്ത അസൂയപ്പെട്ടു. വിശേഷം ചോദിക്കാൻ പോയ ശാന്ത സതിയുടെ കോഴിയിട്ട മുട്ട രണ്ടെണ്ണം കൈപ്പറ്റിക്കൊണ്ടാണ് തൊടി വിട്ടത്. സതിയുടെ ചെമ്പൻ കണ്ണുകളിൽ നിന്ന് വെള്ളിവെളിച്ചം പ്രസരിക്കുന്നു എന്ന് ശാന്ത നാടുമുഴുവൻ നടന്ന് പറഞ്ഞു.

‘അവൾക്ക് എന്തരോ മന്ത്രവാദം പരിപാടി ഒണ്ട് കേട്ടാ. തിന്നേം കുടിക്കാതെം ഇരിക്കേണെങ്കിലും എന്തൊരു തെളിച്ചം മൊകത്ത്.’ ശാന്ത പലരോടും പറഞ്ഞു. പറഞ്ഞത് ശാന്തയായത് കൊണ്ട് ആരും അതിന്റെ വിശദീകരണം കേൾക്കാൻ പോയില്ല.

അങ്ങനെയിരിക്കെ കണ്ണൻ കുറച്ചായി ക്ലാസ്സിൽ ചെല്ലുന്നില്ലെന്നും പറഞ്ഞ് അവന്റെ കൂട്ടുകാർ അവന്റെ വീട്ടിലെത്തി.

കോളേജിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ചെറുക്കൻ എങ്ങോട്ടുപോകുന്നു എന്നാലോചിച്ച് വീട്ടുകാർ ക്ക് ആധിയായി. സതി ഉദിയന്നൂർ ദേവീക്ഷേത്രത്തിൽ കരിങ്കോഴി നേർച്ചയായി കൊടുത്തത് ചെറുക്കനെ പാട്ടിലാക്കാനാണെന്ന് കയ്യിലൊന്നും തടയാതെ മുക്കിൽ കുത്തിയിരുന്ന റിയൽ എസ്റ്റേറ്റ്‌ ബ്രോക്കർമാർ വായുവിൽ ആശ്ചര്യചിഹ്നം വരച്ചു. ചെറുക്കന്‍ രാവിലെയെണീറ്റു മുറ്റമടിക്കുന്നതു കണ്ടെന്ന് ലോകാവസാനം വന്നെന്ന പ്രതീതിയിലാണ് ഒരുത്തന്‍ പറഞ്ഞുവച്ചത്.

പക്ഷെ വീട്ടിൽ കെട്ടിയിട്ടിരുന്ന അൾസേഷ്യൻനായയെ കണ്ണന്‍ കെട്ടഴിച്ചു കൊമ്പൌണ്ടിനു പുറത്തേക്കു വിട്ടത് അവന്റെ അമ്മ കണ്ണുകൊണ്ട് കണ്ടതാണ്. എല്ലാ ജീവികളും ആഗ്രഹിക്കുന്നത് പരമമായ സ്വാതന്ത്ര്യമാണെന്ന് കണ്ണൻ പറഞ്ഞ സമയം അവന്റെ അച്ഛൻ പുതിയ ഷർട്ടിൽ നിന്ന് ഇളകിത്തെറിച്ച മൂന്നാമത്തെ ബട്ടൻ ഓഫീസ് ഫയലുകൾക്കിടയിൽ തിരയുകയായിരുന്നു. കവലയിൽ നാടൻപട്ടികളുടെ കടികൊണ്ട് അവശനായിക്കിടന്നിരുന്ന അൾസേഷ്യനെ വൈകുന്നേരം ഓഫീസ് വിട്ടു തിരികെവരുന്നവഴി അയാൾ വെറ്റിനറി ആസ്പത്രിയിൽ കൊണ്ടുപോയി കുത്തിവയ്പ്പ് നടത്തി. വീണ്ടും തടവിലായ പട്ടിയെക്കണ്ട് കണ്ണൻ കരഞ്ഞത്രേ.

ഒരുച്ചയ്ക്ക് കാലുകളിൽ നിന്ന് വഴുതിമാറി തനിയെ നടക്കാന് തുടങ്ങിയ തുകൽ ച്ചെരുപ്പുകളെ ഓഫീസ്മേശയിൽ കമിഴ്ന്നുകിടന്ന ബോധം തിരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് കണ്ണന്റെ അച്ഛന്റെ ഫോണിലെക്കൊരു വിളി വന്നത്. കണ്ണൻ സതിയുടെ വീട്ടിലേക്കു കയറിയിട്ടുണ്ട്. മുന്പും പലതവണ അവനവിടെ പോയിട്ടുണ്ടെന്നും വിളിച്ചയാൾ ധൃതിയിൽ സൂചിപ്പിച്ചു. ഒരു കളിയാക്കൽ പോലെ കട്ടായ ഫോണിലേക്ക് തുറിച്ചു നോക്കി നിന്നശേഷം എമർജൻസി ലീവെടുത്ത് അയാൾ വീട്ടിലേക്ക് വച്ചുപിടിച്ചു. ദേഹത്ത് എണ്ണ തേച്ചുപിടിപ്പിച്ചു കുളിക്കാൻ നിൽക്കുകയായിരുന്ന കണ്ണന്റെ ഇളയച്ഛനെ അടുത്ത വീട്ടിൽ നിന്ന് വിളിച്ചിറക്കി സതിയുടെ വീട്ടിലേക്ക് പാഞ്ഞു. കൗതുകം തലയ്ക്കു പിടിച്ച ചില നാട്ടുകാരുടെ അകമ്പടിയോടെ സതിയുടെ വീട്ടിലെത്തിയ അവർ അമ്പരന്നു.
സതിയുടെ വീടിനു പുറകുവശത്തെ കമ്യൂണിസ്റ്റ്പച്ച കാടുപിടിച്ചുകിടന്ന പുരയിടത്തിൽ ഒളിച്ചിരുന്ന് അവർ പേര് ചൊല്ലി വിളിക്കുകയാണ്‌. എന്തൊക്കെയോ പേരുകൾ. നീട്ടിയുള്ള കൂവലുകൾ. ആരെയാണ് അവർ വിളിക്കുന്നത്?

നാറ്റപ്പൂചെടികളുടെ സുഖദമായ ഗന്ധം. രണ്ടു പേരെയും കാണാൻ പറ്റുന്നില്ല. ക്ഷമ കേട്ടപ്പോൾ കണ്ണന്റെ അച്ഛനും രണ്ടുപേരും പുരയിടത്തിലേക്ക് കയറി. കമ്യൂണിസ്റ്റ്പച്ചകളുടെ അനക്കത്തിൽ നിന്ന് പലനിറമുള്ള ഒരായിരം ചിത്രശലഭങ്ങൾ പറന്നു പൊങ്ങി. അപകട സൂചന കിട്ടിയെന്നോണം മരക്കൊമ്പുകളുടെ അദൃശ്യതയിൽ നിന്നും പറന്നു ചിതറിയ പക്ഷികളെക്കണ്ട അവർ വാ പൊളിച്ചുപോയി. എന്തൊക്കെത്തരം പക്ഷികൾ? കുട്ടികൾ ചിത്രങ്ങളിൽ വരച്ചുവയ്ക്കുന്ന പോലത്തെ ബഹുവർണ്ണ പക്ഷികൾ. അവയുടെ ചിലമ്പിച്ച കരച്ചിലുകളിൽ അന്തരീക്ഷം നിന്നുവിറച്ചു. പെട്ടെന്നവ എങ്ങോട്ടോ അപ്രത്യക്ഷമായി. ദേഷ്യവും നാണക്കേടും സഹിക്കാൻ വയ്യാതെ കണ്ണന്റെ അച്ഛൻ നിന്ന് വിറച്ചു.
‘കണ്ണാ…പട്ടി കഴുവേറ്ട മോനെ. ഇങ്ങോട്ടെറങ്ങെടാ. എന്റെ ക്ഷമ പരീക്ഷിക്കരുത്’

yama, athira, sathi,short story

രണ്ടു തലകൾ കുറ്റിക്കാട്ടിനു മുകളിലേക്ക് ഉയർന്നുവന്നു. സതിയും കണ്ണനും. പൂർണാകാശത്തിലെ ചന്ദ്രനെപ്പോലെ കണ്ണന്റെ ചിരി തെളിഞ്ഞു നിന്നു. ഒറ്റനോട്ടത്തിൽ അവർക്ക് അദ്ഭുതകരമായ രൂപസാമ്യം തോന്നിച്ചു. പൂമ്പാറ്റകളെയും തേനീച്ചകളെയും തീറ്റാനായി അവർ പഞ്ചസാരവെള്ളം നിറച്ച പരന്ന മൺപാത്രങ്ങൾ കൈകളിൽ ഉയർത്തിപ്പിടിച്ചിരുന്നു. മത്തുപിടിച്ച് പഞ്ചസാര ലായനിയിൽ വീണ ചെറുതേനീച്ചകളെ സതി കൈവിരലുകൾ കൊണ്ട് പൊക്കിയെടുത്ത് അവളുടെ നിറം മങ്ങിയ കോട്ടൺ നൈറ്റിയുടെ പുറത്ത് വച്ചു. ആ പ്രവൃത്തി ചെയ്യുന്നതിൽ അവർ കണ്ടെത്തിയ ആനന്ദത്തെക്കാൾ അശ്ലീലമായി ഈ ലോകത്തു മറ്റൊന്നുമില്ല എന്ന് കണ്ണന്റെ അച്ഛന് തോന്നി. അയാൾ ചാടി മുന്നോട്ടു പോയി അവന്റെ മുഖമടച്ചു ഒരടി കൊടുത്തു. കണ്ണന്റെ കയ്യിലിരുന്ന പഞ്ചസാരവെള്ളം നിറച്ച പാത്രം താഴേക്കു പോയി. ഇത് കണ്ടുകൊണ്ട് ഓടിവന്ന സതിയെ കണ്ണന്റെ അച്ഛനും ഇളയച്ചനും കൂടി നിലത്തിട്ടു ചവിട്ടി. അവളെ വലിച്ച് അവളുടെ കുടിലിന്റെ മുറ്റത്തേക്ക്‌ കൊണ്ടിട്ടു. കൈപ്പത്തിയിൽ ചവുട്ടിപ്പിടിച്ച് മുടി പിഴുതെടുത്തു.
‘കഴുവേറട് മോള്. കാമപ്രാന്തു മൂത്തപ്പോ കിളുന്തു ചെറുക്കന്മാര പിടിക്കാൻ ഏറങ്ങീരിക്കണാ. അത്രയ്ക്ക് കടിയാണെങ്കി റോഡിലോട്ട് എറങ്ങി കെടേടീ’

ഒന്ന് നിലവിളിക്കാൻ പോലുമാവാതെ അടിയും ചവിട്ടും കൊണ്ട് സതി കിടന്നു. അവളുടെ കണ്ണിനുള്ളിൽ ചോര കിനിഞ്ഞൊഴുകി. പിടിച്ചുമാറ്റാൻ ചെന്ന കണ്ണനെ കയ്യിൽ കിട്ടിയ കവുളിമടൽ കൊണ്ട് കൈത്തരിപ്പു മാറും വരെ അയാൾ തല്ലി. ‘പന്ന പട്ടി. നിന്നെ പുന്നാരിച്ചു വളർത്തിയതിനു ഇങ്ങനെ തന്നെ കൈനീട്ടം തരണമെടാ. തരത്തിന് പെമ്പിള്ളാരെ കിട്ടീല്ലേടാ നിനക്ക്?’ അയാൾ കരഞ്ഞുകൊണ്ട് അവിടെ കൂടി നിന്നിരുന്ന ആൾക്കാരെ വകഞ്ഞുമാറ്റി ഇറങ്ങിപ്പോയി.

കണ്ണനെ ഇളയച്ചനും മറ്റു ചിലരും കൂടിയാണ് താങ്ങിയെടുത്ത് വീട്ടിലേക്കു കൊണ്ട് പോയത്. പെണ്ണുങ്ങളടക്കം ആരും സതിയെ പിടിച്ചെഴുന്നെൽപ്പിക്കുക പോലുമുണ്ടായില്ല. ഭ്രാന്തു മൂത്താൽ ഇങ്ങനെയും ഉണ്ടോ എന്ന് പലരും അടക്കം പറഞ്ഞുപിരിഞ്ഞു പോയി. അടി കൊണ്ട് നീലിച്ച ശരീരവും വലിച്ചിഴച്ചു കൊണ്ടവൾ ആ കൊച്ചുവീടിനു ചുറ്റും മണ്ണിൽ ചാലുകൾ കീറിയിരിക്കണം. രാത്രികളിൽ ആ വീടിനു മുകളിൽ നീലപ്രകാശം പരക്കുന്നത് കണ്ടെന്നു ശാന്തമ്മ സാക്ഷ്യം പറഞ്ഞു നടന്നു. തിന്നുകേം കുടിക്കുകേം ഇല്ലാതെ തന്നെ സതിക്ക് ജീവിച്ചിരിക്കാൻ കഴിയുമെന്ന ശാസ്ത്ര അറിവും ശാന്തമ്മയുടെ വകയായി നാട്ടുകാർക്ക് ലഭിച്ചു.

ദിവസങ്ങളോളം ആരോടും മിണ്ടാതെ മുറിയിൽ കതകടച്ചു കുറ്റിയിട്ട് തീറ്റയും കുടിയും ഇല്ലാതിരുന്ന കണ്ണനെ ബന്ധുക്കൾ ചേർന്നാണ് ബംഗളൂലൂരുവിലെ മാനസികരോഗാശുപത്രിയിൽ കൊണ്ടുപോയത്. രാത്രിയിലെപ്പോഴോ ആശുപത്രിമതില്‍ ചാടി കടന്നുകളഞ്ഞ അവനെ രാവിലെ പ്രഭാതനടത്തത്തിനു പോയ ചിലരാണ് ബംഗലൂരുവിലെ ഒരു ട്രാഫിക്‌ ഐലണ്ടിന് നടുക്കുള്ള പൂന്തോട്ടത്തിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അവന്റെ ശരീരം ഒരു തേന്‍കൂടാണെന്ന പോലെ മൂക്കിന്‍ദ്വാരങ്ങളില്‍ നിന്ന് ചെറുതേനീച്ചകള്‍ പ്രഭാതവെയിലിലേക്ക്‌ പറന്നുപൊങ്ങുന്നുണ്ടായിരുന്നു. നാട്ടിലേക്ക് കൊണ്ടുവന്ന അവന്റെ ശവം കാണാൻ ആരും സതിയെ അനുവദിച്ചില്ല. വഴിയോരത്ത് അവന്റെ ജഡവും കാത്ത് അലമുറയിട്ടു നിന്ന അവളുടെ നിലവിളികളെ മുക്കിക്കളഞ്ഞുകൊണ്ട് അവന്റെ ശരീരം തളർന്നു കിടന്നിരുന്ന ആംബുലൻസ് ചീറിപ്പാഞ്ഞുപോയി.

‘അതേ, സതിചേച്ചീടെ വീടെവിടെയാ? അവിടെ ചോദിച്ചപ്പോ ആരും ഒന്നും പറയുന്നില്ല.’

ഞാൻ ഞെട്ടിത്തിരിയുമ്പോഴുണ്ട് മൂന്നുപേർ നിൽക്കുന്നു. രണ്ടാണും ഒരു പെണ്ണും. ‘ഞങ്ങൾ ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്നോരാ. സതിചേച്ചി ഞങ്ങൾക്ക് മോഡൽ ആവാറുണ്ട്. അതിലൊരു പയ്യൻ പറഞ്ഞു. സങ്കടം കാരണം പെൺകുട്ടി വായിൽ വിരലുകൾ തെറുത്തുവച്ചു വിങ്ങുന്നുണ്ടായിരുന്നു. സതി തൂങ്ങി നിന്നയിടം ഇപ്പോൾ ആൾക്കാരെക്കൊണ്ട്‌ നിറഞ്ഞിട്ടുണ്ട്‌. സതിയുടെ ശരീരം പോസ്റ്റ്‌ മോര്ട്ടത്ത്തിനായി ആരൊക്കെയോ ചേർന്ന് ആംബുലൻസിൽ കയറ്റിക്കൊണ്ടുപോവുകയാണ്

‘ബോഡി കൊണ്ടുവരുന്ന വരെ ഞങ്ങൾ ചേച്ചീട വീട്ടിലിരിക്കാം എന്ന് കരുതീട്ടാ.’ ചെറുപ്പക്കാരൻ പറഞ്ഞു.

സതിയെ ആരെങ്കിലും ചേച്ചിയെന്നു വിളിക്കുന്നത്‌ ആദ്യമായാണ്‌ കേൾക്കുന്നത്. ഇനി മരിച്ചുപോയത് കൊണ്ട് ആ പയ്യനു തോന്നിയ ബഹുമാനം ആണോ? ഏതൊരാൾക്കും മരണത്തിൽ കിട്ടുന്ന ബഹുമാനം. പക്ഷെ ആ ചെറുപ്പക്കാരുടെ നിൽപ്പ് കണ്ടപ്പോൾ അതാകാൻ വഴിയില്ലെന്നു തോന്നി. അവർക്ക് വല്ലാത്ത വ്യസനമുണ്ട്. കുറച്ചടുത്തായാണ് സതിയുടെ വീടെങ്കിലും ഞാനൊരിക്കലും ആ ഇടവഴിയിലേക്ക് കയറിയിട്ടില്ല. എന്റെ നാട്ടിൽ ഞാൻ കയറാത്ത എത്രയോ അകത്തളങ്ങൾ. സതിയുടെ തിരിച്ചുവരവ് കാത്തുകിടക്കുന്ന അവളുടെ കുടില്‍ ഒരു ലക്ഷ്യസ്ഥാനം ആണിപ്പോള്‍. തെരുവുതെണ്ടിക്ക് സ്വര്‍ണ്ണപ്പല്ലുവച്ച ഒരു ശവത്തെ കിട്ടും പോലെയുള്ള യോഗം കാത്തുകിടക്കുന്ന ലോകത്ത് എന്തൊക്കെ സാഹചര്യങ്ങളില്‍ എന്തിനൊക്കെ പ്രാധാന്യം വയ്ക്കുമെന്ന് ആര്‍ക്കറിയാം? അമ്മ ദേഷ്യപ്പെടും എന്നറിയാമായിട്ടും ഞാൻ അവരോടൊത്ത് സതിയുടെ കുടിലിലേക്ക് നടന്നു. എന്നെ അറിയാത്ത ഞാനറിയാത്ത ആ ചെറുപ്പക്കാരോടോത്ത് എങ്ങോട്ടേക്ക് വേണമെങ്കിലും പോകാം എന്നെനിക്കു വെറുതെ തോന്നി. എനിക്കതുവരെയുണ്ടായിരുന്ന ജീവിതോദ്ദേശ്യങ്ങളൊക്കെ സതിയുടെ മരണത്തോടെ നഷ്ട്ടപ്പെട്ടു പോയപോലെ.

കാടുപിടിച്ച വഴി കയറി ഞങ്ങൾ കുടിലിന്റെ മുറ്റത്തെത്തി. ഞങ്ങൾ കൈകൾ കോർത്തു പിടിച്ചിരുന്നു. നരച്ച ഒരു ചുരിദാർ വെയിൽ കാഞ്ഞ് അയയിൽ കിടപ്പുണ്ട്. ചാണകത്തില്‍ കരി ചേർത്ത് മെഴുകിമിനുസ്സപ്പെടുത്തിയ തറയും ഭിത്തിയും. അതിൽ സതിയുടെ നീണ്ടുപിരിഞ്ഞ വിരൽപ്പാടുകൾ തെളിഞ്ഞു കാണാം. തമോഗർത്തത്തിനുളളിൽ നഷ്ടമായ നാല് ബോധകണങ്ങളെപ്പോലെ ഞങ്ങൾ ആ കുടിലിന്നുള്ളിലേക്ക് കടന്നു. മൺചുവരിൽ കരിക്കട്ടകളും ചുണ്ണാമ്പും കൊണ്ട് വരച്ചുചേർത്തിരുന്ന വനദൃശ്യത്തിനുള്ളിലെ രക്തംപുരണ്ട വിടവുകളില്‍ തേനീച്ചകള്‍ വന്നുംപോയുമിരുന്നു. അവയുടെ ചലനത്തിന് അദൃശ്യമായ ഒരു പെന്‍ഡുലത്തിന്‍റെ ക്രമബദ്ധമായ ടിക്ക് ടിക്ക് അകമ്പടിയുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ ഒത്ത നടുക്കുള്ള ആ കുടിലിലേക്ക് സകല ചരാചരങ്ങളും വന്നുവീണ് അലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു.ഞങ്ങളും.

മൈലുകല്‍ക്കപ്പുറമുള്ള സര്‍ക്കാരാശുപത്രിയില്‍ സതിയുടെ ശരീരം കീറിമുറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്ന അധ്യാപകന്‍റെ കണ്ണുകള്‍ ഭിത്തിയില്‍ എട്ടുകാലി പോലെ പതിഞ്ഞിരുന്ന ഇലക്ട്രിക് കളോക്കില്‍ വിശ്രമിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായിരുന്നു.ആ ക്ലോക്കിന് പെന്‍ഡുലം ഇല്ലാത്തതില്‍ അയാള്‍ കഠിനമായി വിഷമിച്ചു. തനിക്ക് ചലിക്കാനാവുന്നില്ല എന്നയാള്‍ക്ക് തോന്നിക്കൊണ്ടിരുന്നു. അതുകാരണം നെടുകെയുള്ള കീറലില്‍ മലര്‍ക്കെ തുറന്നു കിടന്നിരുന്ന സതിയുടെ ശരീരത്തിനുള്ളില്‍ നിന്നും മാംസത്തുണ്ടുകള്‍ കൊത്തി പറന്നുപൊങ്ങിക്കൊണ്ടിരുന്ന തേനീച്ചകളുടെ ഇരമ്പം കണ്ടുപേടിച്ച വിദ്യാര്‍ഥികളുടെ മുഖങ്ങള്‍ അയാള്‍ കണ്ടിരുന്നില്ല. ഭാഗ്യവാനാണയാള്‍!

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Sathi short story by yama athira