തരിമ്പും ഭയമില്ലെനി-
ക്കാ ചോരക്കണ്ണൻമൂങ്ങയെ ,
നത്തിനെ ചൊൽതത്തയാക്കും
രസായനക്കല്ലാണ് ഞാൻ.
പേടിയില്ലെനിക്കാ കാലൻ-
കോഴിയെ, പച്ചപൊന്തയി-
ലാരും മിണ്ടിക്കൂടെന്ന്
പിച്ചാത്തി രാകുന്ന ഒച്ചയെ.
എങ്ങോ കുടൽമാല കണ്ടി-
ങ്ങൂരുമൂപ്പനും വീശുന്നു,
പാടരുത്, ആടരുതെന്ന-
സാരോപദേശകഠാരകൾ:
“സാത്താൻ കേറും, പഴുത്ത
കമ്പി കൊണ്ടടിച്ചൊഴിപ്പിക്കും,
അരുവിയിൽ കുളിച്ചാൽ; പോ,
ക്യാംപിൽപ്പോയ് ഉറങ്ങിക്കോ -“
എനിക്കു പായവിരിച്ചങ്ങു-
റങ്ങാനാവില്ലല്ലോ, ദൂര-
നീലയിലേക്ക് വളരും
വാക്കിൻ അമരവിത്ത് ഞാൻ.
ഗർജ്ജിക്കും ഗുഹാതമസ്സിൽ
ഏതോ സിംഹഗന്ധത്തിൽ
മുഗ്ദ്ധനായ് പായും മുയലിന്
മിന്നുന്ന കൺഗോളം ഞാൻ.

മഹാനദി പോൽ, അവനവൻ-
ഞെരിപിരികളിൽ വിസ്മ-
യിച്ചും നിവർന്നും സ്വയമേ
യടങ്ങും ഞാൻ സമുദ്രനാഭിയിൽ.
ഭയമുണ്ട് ഒന്നിനെ മാത്രം,
വാഴ്വിന് തീ പിടിച്ചാലും,
കുഞ്ഞുങ്ങൾ മരിച്ചാലുമാ
ർദ്രത കിനിയാത്ത മനത്തെ,
എങ്കിലും, ഒരുനാൾ എത്തും,
വായിക്കുന്നോർ, കഥ കേൾ
ക്കുന്നോർ, പാട്ടിനു കാതുള്ളോർ,
നിറങ്ങളെ അറിവോർ, ലോകം
മുഴുവൻ നിറയും പുലരി.
അന്നെൻ വിരലിൽ പണ്ടേപ്പോലെ
ജ്വലിക്കും മഹേന്ദ്രജാലം,
എല്ലാ മനുഷ്യരുമൊന്നായ്
നർത്തനലഹരിയിലു-
യരാൻ ചമൽക്കാരത്തിന്
നിഴലും ദ്യുതിയും നാ-
ടകശാലകൾ തീർക്കും.
കഥ പറയണമിനീം കഥ
യെന്ന് മഥിക്കയായ് വാ-
യനക്കൊതി മൂത്തോർ,
പറയാതെയെങ്ങിനെ!
പറയും പുതുകഥ, ഏത്
കൊന്ത്രമ്പല്ലേറ്റുമെൻ
ഭാവന കീറില്ല, അടങ്ങാത്ത അക്ഷരത്തിമിരാണ് ഞാൻ.
ഭയമില്ലെനിക്ക് കഠാര
യെ , സ്റ്റീൽബുള്ളറ്റിനെ,
ചുരുട്ടിയാൽ നിവരുന്ന
വാക്യഞരമ്പ് ഞാൻ.