scorecardresearch

എന്തു കൊണ്ട് ബുധിനി?

രാഷ്ടനിർമ്മാണത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ട, താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ് ബുധിനി. ബുധിനിയുടെയും ഒപ്പം സാന്താൾ വർഗ്ഗത്തിന്റെയും കഥ പറയുന്ന നോവലിലേക്ക് അതിരപ്പിള്ളി സമരം അവസാനിപ്പിക്കുന്ന ദിവസം ഒരു നിമിത്തം പോലെ എത്തിച്ചേർന്നതിനെക്കുറിച്ച് സാറാ ജോസഫ്

budhini, novel, sara joseph, iemalayalam

2016 ആഗസ്റ്റ് 18ന് റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടിയിൽ വച്ച് അസാധാരണമായ ഒരു സെമിനാർ നടക്കുകയുണ്ടായി. അതിരപ്പിള്ളി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്ന സെമിനാർ ആയിരുന്നു അത്. അതിരപ്പിള്ളി പദ്ധതി അസാധ്യമാണ് എന്നതുകൊണ്ട് സമരത്തിന്റെ ആവശ്യമില്ല എന്ന് തീരുമാനിക്കപ്പെട്ടു. ആ സെമിനാറിൽ വച്ച് കവിയും രാഷ്ട്രീയ നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമൊക്കെയായ സിവിക് ചന്ദ്രൻ പറഞ്ഞാണ് ബുധിനിയുടെ കഥ ആദ്യമായി ഞാൻ കേൾക്കുന്നത്. അദ്ദേഹം അതൊരു കവിതയായി എഴുതിയിട്ടുണ്ട്. കുറേക്കൂടി വിശദമായി അതൊരു കഥയാക്കി എഴുതിക്കൂടേ എന്ന് സിവിക് എന്നോട് ചോദിച്ചു.

ഹൃദയത്തിൽ തട്ടുന്നൊരു പ്രമേയമാണത്. കുറേക്കാലം മനസ്സിൽ കൊണ്ടുനടന്നു. 2012 ജൂൺ 12ന് ദി ഹിന്ദു പത്രത്തിൽ ശ്രീമതി ചിത്രാ പദ്മനാഭൻ എഴുതിയ ‘Recovering Budhini Mejhan from the Silted Landscapes of Modern India’ എന്ന ലേഖനത്തിലാണ് സിവിക് ബുധിനിയുടെ കഥ കണ്ടെത്തിയത്. ഞാൻ പലവട്ടം ആ ലേഖനം വായിച്ചു. അനുബന്ധമായി വന്ന ഒട്ടേറെ പഠനങ്ങളും വായിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷവും വൻ പദ്ധതികൾക്ക് വേണ്ടി സ്വന്തം ഇടങ്ങളിൽ നിന്ന് പിഴുതെറിയപ്പെട്ട കോടാനുകോടി മനുഷ്യരുടെ കഥ അറിയപ്പെടാത്ത ഇന്ത്യൻ ചരിത്രമാണെന്നത് അസ്വസ്ഥമായ അനുഭവം ആയിരുന്നു. United Nations Commissioner for Refugees (UNHCR) വെളിപ്പെടുത്തിയ കണക്കനുസരിച്ച് ഇന്ത്യയിൽ വികസന പദ്ധതികൾക്കുവേണ്ടി വലിയ തോതിൽ ജനങ്ങൾ കുടിയൊഴിയ്ക്കപ്പെട്ടിട്ടുണ്ട്. 1947 മുതൽ ഇങ്ങനെ 60 – 65 മില്യൺ ആളുകളാണ് സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ടിട്ടുള്ളത്. ഇതിൽ 40 ശതമാനം ഗോത്രവർഗക്കാരും 40 ശതമാനം ദലിതുകളും ദരിദ്രകർഷകരുമാണ്. മേധാ പട്ക്കർ ഇക്കാര്യത്തിൽ യു.എൻ ഇടപ്പെടൽ ആവശ്യപ്പെടുകയുണ്ടായി.budhini , novel , sara joseph, iemalayalam

1959 ഡിസംബർ ആറിന് ദാമോദർ നദിയിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്‌റുവിനെ ദാമോദർവാലി കോർപ്പറേഷന്റെ (ഡിവിസി) നിർദ്ദേശപ്രകാരം മാലയിട്ട് സ്വീകരിക്കുകയും നെറ്റിയിൽ തിലകമണിയിക്കുകയും ചെയ്തത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി 15 വയസ് മാത്രമുള്ള  പെൺകുട്ടിയെ സാന്താൾ ഗോത്രം ഊരു വിലക്കി ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയുണ്ടായി.

ബുധിനി എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. ഡിവിസിയിലെ ഒരു തൊഴിലാളിയായിരുന്നു ആ കുട്ടി. ഡാമിന്റെ നിർമ്മാണത്തിന് വേണ്ടി കല്ലും മണ്ണും ചുമന്ന ആ പെൺകുട്ടിയെകൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റു പാഞ്ചേത്ത് ഡാം രാജ്യത്തിന് സമർപ്പിച്ചതും ഉദ്ഘാടനം ചെയ്യിച്ചതും. എന്നാൽ ഫൊട്ടോ സെഷൻ കഴിഞ്ഞതോടെ ബുധിനി പത്രങ്ങൾക്കൊരു വിഷയമല്ലാതായി.

നെഹ്‌റുവിന്റെ ഭാര്യയെന്ന് ഗ്രാമീണർക്കിടയിൽ ശ്രുതി ഉയർന്നതിനാലാവണം ഡിവിസി അവളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് ആ കുട്ടി എങ്ങനെ ജീവിച്ചു എന്നത് ആർക്കും ഒരു പ്രശ്നമയില്ല. രാഷ്ട്ര നിർമ്മാണവും ഡാമുകൾ പോലെയുള്ള വൻ പദ്ധതികളും ഡിവിസിയും ഭാരത് കോകിംഗ് കോല്‍ ലിമിറ്റഡ് പോലെയുള്ള കമ്പനികളും മറവിയിലേക്ക് മുക്കിത്താഴ്ത്തിയ കോടാനുകോടി മനുഷ്യരുടെ പ്രതീകമായിട്ടാണ് ബുധിനിയെന്ന കഥാപാത്രം എന്റെ മനസിൽ രൂപപ്പെടാൻ തുടങ്ങിയത്. ഇപ്പോഴും ജാർഖണ്ഡിന്റെ കിഴക്കനതിർത്തിയിലെ ഫലഭൂഷ്ടമായ കൃഷി നിലങ്ങൾ ഗ്രാമീണരിൽ നിന്ന് പിടിച്ചെടുത്ത് അദാനിയുടെ കമ്പനിക്ക് താപവൈദ്യുതി നിലയത്തിന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ പതിനൊന്ന് ഗ്രാമങ്ങളിൽ ഗ്രാമീണർ അധികാരികളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്.sara joseph, budhini, novel , iemalayalam

ബുധിനിയുടെ കഥ ഇന്ത്യയിലെ പിഴുതെറിപ്പെട്ട മനുഷ്യരുടെ കഥകൂടിയാണെന്ന തിരിച്ചറിവാണ്, ഇത് നോവലായി എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എഴുതാതിരുന്നുകൂടാത്ത ഒരു നോവൽ.

ഫലഭൂഷ്ടവും വിഭവസമ്പന്നവുമായ ഒരു ഭൂവിഭാഗത്തിൽ അതിനെയൊന്നും ചൂഷണം ചെയ്യാതെ ശാന്തമായും സമാധാനപൂർണമായും ജീവിച്ച് പോരുന്ന സാന്താൾ ജനതയുടെ കൂടി കഥയായി അതിനെ വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. ശ്രീമതി ചിത്രാ പദ്മനാഭൻ ബുധിനിയെ കാണാൻ ശ്രമിച്ചിരുന്നതായി ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. “All this while, I had debated the merits of meeting Budhini.  Last week through a friend’s friend in Ranchi I got news that Budhini died last year, disconsolate to the end. She was in her late 60s.”

2018 നവംബർ മൂന്നാമത്തെ ആഴ്ച ഞാൻ ജാർഖണ്ഡിലെത്തുന്നത് മരിച്ചുപോയ ബുധിനിയുടെ ഓർമ്മകളിലൂടെ ഒരു തീർത്ഥയാത്ര നടത്തുന്നത് പോലെയായിരുന്നു. ബുധിനിയുമായി ബന്ധപ്പെട്ടവരെ കാണാനും കഴിയാവുന്നത്ര വിവരങ്ങൾ ശേഖരിക്കാനും മഹത്തായ രാഷ്ട്ര നിർമ്മാണത്തിനിടയിൽ പൊട്ടിപ്പോയ ഒരു മൺകട്ടമാത്രമല്ല ബുധിനിയെന്നും രാജ്യത്തിന്റെ കുറ്റകരമായ മറവിയിൽ നിന്ന് വീണ്ടെടുക്കപ്പെടേണ്ടവളാണ് അവളെന്നും പാഞ്ചേത്ത് ഡാമിന്റെ റിസർവ്വോയറിൽ അന്ന് മുങ്ങിപ്പോയ നൂറിലധികം ഗ്രാമങ്ങളോടും അതി വിസ്തൃതമായ വയലുകളോടും കാടുകളോടും ക്ഷേത്രസമുച്ചയങ്ങളോടും പിഴുതെറിയപ്പെട്ട ഒരു മഹാജനസഞ്ചയത്തോടുമൊപ്പം രാജ്യത്തിന്റെ ഓർമ്മകളിലേക്ക് അവൾ പൊന്തിവരേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.

ഒരു പത്ര വാർത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനി. ഇത് ബുധിനിയുടെ ജീവിത കഥയോ ചരിത്ര നോവലോ അല്ല. ബുധിനി മരിച്ചുപോയി എന്ന നിലയിലാണ് ഞാൻ ഇതെഴുതാൻ തുടങ്ങിയത്. ചരിത്രവും ഫിക്ഷനും എങ്ങനെ സംയോജിപ്പിക്കാം, വാർത്തയും ഫിക്ഷനും എങ്ങനെ സംയോജിപ്പിക്കാം എന്നതാണ് രചനവേളയിൽ ഞാൻ ഏറെ ശ്രദ്ധിച്ചകാര്യം. എന്‍റെ നോവലിൽ ബുധിനി ജീവിക്കുന്ന ജീവിതം യഥാർത്ഥ ബുധിനി ജീവിച്ചതാകണമെന്നില്ല. യഥാർത്ഥ ബുധിനിയുടെ ജീവിതമല്ല എന്റെ കഥാപാത്രത്തിന് ആവശ്യമായിരുന്നതും. അത് ഞാൻ ഭാവനയ്ക്കും സാധ്യതകൾക്കും വിട്ടുകൊടുത്തു. ഇമേജിനേറ്റീവ് പവർ ചരിത്രസത്യങ്ങളെ കൂടുതൽ സത്യസന്ധമാക്കാൻ സഹായകമായി എന്നാണ് എന്റെ വിലയിരുത്തൽ.

യാദൃശ്ചികമായിട്ടാണ് ബുധിനി ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ കണ്ടെത്തുന്നത്. അത് തന്ന വലിയ ആശ്ചര്യവും സന്തോഷവും ഈ നോവൽ രചനയിലുടനീളം അനുഭവിക്കാനും എനിക്ക് കഴിഞ്ഞു.

ഇന്ത്യൻ എക്സ്‌പ്രസിന്റെ ‘ഗെയിൻഡ് ഇൻ ട്രാൻസ്‌ലേഷൻ’ എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Sara joseph on her new novel budhini