scorecardresearch

ആനന്ദത്തിന്റെ സമവാക്യങ്ങൾ

മലയാള സാഹിത്യത്തിൽ പലതരത്തിലുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ​ എന്ന യുവ നിരൂപകൻ നടത്തുന്ന സൂക്ഷ്മ സഞ്ചാരമാണ് “മലയാള സാഹിത്യന്വേഷണപരീക്ഷണങ്ങൾ” എന്ന പംക്തി. ഇത്തവണ സാറാജോസഫിന്രെ “ആളോഹരി ആനന്ദം” എന്ന നോവലിലൂടെ

ആനന്ദത്തിന്റെ സമവാക്യങ്ങൾ

അധികാരത്തിന്റെ മൂർച്ചയേറിയ കണ്ണുകൾ ശരീരവ്യവഹാരത്തിൽ ശ്രദ്ധ പതിപ്പിക്കുന്നത് അസാധാരണമായ അനുഭവമല്ല. ശരീരപരമായ സത്ത അധികാരത്തിന്റെ പാതയോരങ്ങളിലെ ഉത്പന്നമാവുന്നത് കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ വിശകലനം ചെയ്യുകയാണ് സാറാ ജോസഫ് ആളോഹരി ആനന്ദം എന്ന നോവലിൽ . ഇത്തരത്തിലുള്ള പ്രമേയപരമായ പരീക്ഷണം ഈ നോവലിന്റെ ആവിഷ്കാരത്തിൽ പ്രകടമാണ്. പരസ്പരസ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ കഴിയാത്ത ഇണകളുടെ വിരസതയും അസ്വസ്ഥതയും അവരുടെ ജീവിതത്തിന്റെ അളവുകോലിൽ വ്യതിയാനം സൃഷ്ടിക്കുന്നതെങ്ങനെയെന്ന വസ്തുത തീർത്തും കാലികമായ കാഴ്ചപ്പാടോടെ പ്രകാശിപ്പിക്കുകയാണ് നോവലിൽ .ലൈംഗികതയുടെ, സ്വവർഗാഭിനിവേശത്തിന്റെ, സ്ത്രീസ്വാതന്ത്ര്യത്തിന്റെ വാതിലുകളെയാണ് ഈ കൃതി തുറന്നിടുന്നത് ഇത്തരം ധീരമായ പരീക്ഷണങ്ങൾ സമകാലികസമൂഹത്തിന്റെ അവസ്ഥയുമായി ഏറെ പൊരുത്തപ്പെട്ടു കിടക്കുന്നു. ശരീരം, ലൈംഗികത, സ്ത്രീ-പുരുഷ സമത്വം എന്നീ സംവർഗ്ഗങ്ങളിൽ ജീവിതത്തെ വിചിന്തനം ചെയ്യാൻ ശ്രമിക്കുന്ന സാറാ ജോസഫിന്റെ കഥകൾ സ്ത്രീവിമോചനത്തിന്റെ പരിചിതമല്ലാത്ത പ്രത്യയശാസ്ത്രവീഥികളെയാണ് തുറന്നു തന്നത്. പെണ്ണെഴുത്തിനെ ആണെഴുത്തിന്റെ പെൺനോട്ടങ്ങളിൽ നിന്നും റദ്ദു ചെയ്തു കൊണ്ട്, പുരുഷമാനങ്ങളിൽ നിന്നും വ്യത്യസ്തമായി പെണ്ണിടങ്ങളെ പെണ്ണ് തന്നെ എഴുതുന്ന രീതിയുടെ പ്രചാരകരിലൊരാളായ സാറാ ജോസഫ് അനവധി ശാഖകളുള്ള കുടുംബത്തിന്റെ സംഘർഷങ്ങളിലേക്കു കടക്കുകയാണ് ഈ നോവലിൽ.

മണ്ണിൽ തറവാടിന്റെ ചരിത്രം വിവരിക്കുകയും വിവിധ ശാഖകളിലുള്ള കുടുംബങ്ങളുടെ പ്രശ്നങ്ങളിലൂടെ സമകാലികസമൂഹത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന നോവലാണ് ആളോഹരി ആനന്ദം. പുറമേ നിന്നു നോക്കുമ്പോൾ സമാധാനപൂർണമെന്നു കരുതുന്ന കുടുംബങ്ങളുടെ സംഘർഷങ്ങളും അവിശ്വാസങ്ങളും അരക്ഷിതത്വവും ഏതാനും കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. വിവാഹിതരായവരുടെ ദാമ്പത്യപ്രശ്നങ്ങളും വിവാഹേതരബന്ധങ്ങളുടെ സങ്കീർണതയും ലെസ്ബിയൻ അടുപ്പങ്ങളുടെ വെല്ലുവിളിയും പള്ളിയുടെയും സമൂഹത്തിന്റെയും അധികാരവാക്യങ്ങളും കടന്നു വരുന്ന നോവൽ ഇന്നത്തെ കേരളീയസമൂഹത്തിന്റെ പ്രതിബിംബമാണ്.“വേറിട്ട വിഭവങ്ങളെക്കൊണ്ട് അത്താഴത്തിനു അടുപ്പു കൂട്ടുന്ന” കഥാപാത്രങ്ങളായ തെരേസയുടെയും രേഷ്മയുടെയും ജീവിതശൈലിയിൽ പുതിയ തലമുറയുടെ രുചിയും ഭാവുകത്വ പരിണാമവും പ്രകടമാണ്. സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളും ലൈംഗികാഭിലാഷവും മറ്റാരോ നിശ്ചയിച്ചുറപ്പിച്ച പങ്കാളിയോടൊപ്പം ‘ ജീവിച്ചു’ തീർക്കാനുള്ളതല്ല എന്ന പ്രഖ്യാപനമാണ് സ്ത്രീത്വത്തിന്റെ മാറ്റു കൂട്ടുന്നത്. തന്റെ വിദ്യാർത്ഥിയായ രേഷ്മയെ ഇഷ്ടപ്പെടുന്ന തെരേസയ്ക്ക് അവളോടുള്ള ലൈംഗികാഭിമുഖ്യം സർഗ്ഗപരമായ കഴിവിനെ പോഷിപ്പിച്ചിരുന്നു എന്നു കരുതണം. രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയവും ദാമ്പത്യവും പൊതുസമൂഹത്തെ ഏതെല്ലാം വിധത്തിൽ അലോസരപ്പെടുത്തുന്നുവെന്നു നോവലിൽ വ്യക്തമാക്കുന്നുണ്ട്.

sara joseph,, novel, malayalam novel, rahul radhakrishnan, women writing in malayalam, sexuality in malayalm novel,

ആഗോളവത്കരണത്തിന്റെ ബഹുമുഖലോകത്തിൽ സ്വാർഥേച്ഛയും അധികാരവാഞ്ഛയും ഓരോ സന്ദർഭത്തിന്റെയും അലകും പിടിയും ആവുന്നതിന്റെ ഉദാഹരണങ്ങൾ കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു . തനിയ്ക്ക് അധികാരമുള്ള പെണ്ണുടലിൽ ശരീരത്തെയും ലൈംഗികതയെയും സംബന്ധിക്കുന്ന നിയന്ത്രണങ്ങളും ആധിപത്യവും സ്ഥാപിക്കാതെ മാറി നിൽക്കുന്ന തെരേസയുടെ ഭർത്താവായ മണ്ണിൽ വടക്കുംഭാഗം പോൾ സാമൂഹ്യ/കുടുംബ ബന്ധങ്ങളുടെ അധികാരശ്രണിയുടെ സമവാക്യങ്ങളിൽ പക്ഷം ചേർന്നിരുന്നില്ല. തെരേസയുടെ മേൽ ഒരിക്കൽ ഏകപക്ഷീയമായ പുരുഷാധികാരം പ്രയോഗിക്കാൻ പോൾ ശ്രമിച്ചിരുന്നു. എന്നാൽ അവളുടെ അഭിലാഷങ്ങൾ വേറെയാണെന്നു മനസിലാക്കി പക്വതയോടെ പെരുമാറാൻ അയാൾക്ക് പിന്നീട് സാധിച്ചിരുന്നു. മനസ്സ് പോകും വഴിയേ യാത്ര ചെയ്യാൻ സമൂഹവിലക്കുകൾ പോളിനെപ്പോലെയുള്ള മാന്യന് അലോസരങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ, അതേ വിലക്കുകളെ ഉല്ലംഘിച്ചു കൊണ്ട് സ്വന്തം താത്പര്യത്തെ പരിണയിക്കാൻ തെരേസയ്ക്ക് ധൈര്യവും പിന്തുണയും നല്കിയിരുന്നതും അയാൾ തന്നെയാണ്. തനിയ്ക്ക് നിഷേധിക്കപ്പെട്ട രത്യാഹ്ലാദം തെരേസയ്ക്ക് ലഭിക്കുന്നതിനെ നയപരമായി സമ്മതിച്ച പോൾ യാഥാസ്ഥിതിക അധികാരക്രമത്തെ പൊളിച്ചെഴുതാൻ ശ്രമിച്ചുകൊണ്ട്, സ്ത്രീ വിമോചനശ്രമത്തിനു സാധ്യമായ രീതിയിലെല്ലാം ഇന്ധനം പകർന്നു നൽകിയ പുരുഷനാണ്

ആനന്ദലബ്ധിക്ക് വഴികൾ പലതുണ്ട്. വ്യത്യസ്തമായ രംഗങ്ങൾ വഴിയോരക്കാഴ്ചകളാകുന്ന യാത്രയിൽ തിരഞ്ഞെടുക്കുന്ന രീതികൾ തികച്ചും വൈയക്തികമാണ്; അവ ചിലപ്പോൾ കപടസദാചാരബോധത്തെ അടച്ചാക്ഷേപിക്കുന്നതാവും; സദാചാരനിഷ്ഠകളിൽ നിബദ്ധമായ കുടുംബം എന്ന പ്രസ്ഥാനത്തിന്റെ ബലതന്ത്രങ്ങളെ പോളിന്റെയും ചെറിയാന്റെയും അണുകുടുംബങ്ങളിലൂടെ ആവിഷ്കരിക്കാനാണ് നോവലിസ്റ്റിന്റെ ഉദ്യമം. സാമ്പത്തികസ്വാതന്ത്ര്യമുള്ള സ്ത്രീ എന്ന നിലയ്ക്ക് താനിഷ്ടപ്പെടുന്ന ജീവിതം നയിക്കാൻ തെരേസയ്ക്കാവും. എന്നാൽ മണ്ണിൽ കുടുംബത്തിലെ പോളിന്റെ ഭാര്യ എന്ന പദവി അലങ്കരിച്ചിരുന്ന തെരേസയ്ക്ക് കുടുംബപരമായ കെട്ടുപാടുകൾ എളുപ്പം പൊട്ടിച്ചെറിയാൻ സാധിക്കുമായിരുന്നില്ല. അതു പോലെ ചെറിയാനുമായുള്ള സ്വരച്ചേർച്ചയില്ലായ്മ അനുവിന് ആ ബന്ധത്തിൽ തന്നെ വിരക്തിയുണ്ടാക്കിയിരുന്നു. ബാങ്ക് മാനേജരായ മണ്ണിൽ വടക്കുംഭാഗം ചെറിയാൻ പോളിന്റെ അകന്ന ബന്ധുവായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ അനു പോളിൽ ആകൃഷ്ടയാവുകയാണ്. ചലനാത്മകമായ സമൂഹത്തിന്റെ സൂക്ഷ്മദൃഷ്ടിയെ അവഗണിച്ചു കൊണ്ട് കേരളം പോലെയുള്ള അടഞ്ഞ സമൂഹത്തിൽ (Closed Society) സ്വവർഗാനുരാഗം/ വിവാഹേതരബന്ധം എത്ര കണ്ട് അംഗീകരിക്കപ്പെടുന്നു എന്നത് മറ്റൊരു പ്രശ്നലോകമാണ്. സാമ്പ്രദായികാർത്ഥത്തിൽ പുരുഷമേൽക്കോയ്മയുള്ള സമൂഹത്തിന്റെ നിലവിലെ വ്യവസ്ഥകളെ ഛേദിച്ചു കൊണ്ട് മണ്ണിൽ കുടുംബാംഗമായി തുടരാൻ തെരേസയ്ക്ക് ആവുമായിരുന്നില്ല. സാമ്പത്തികാധികാരവും ശാരീരികതൃഷ്ണയും സാമൂഹികാധികാരത്തിൽ മേൽക്കൈ നേടുന്ന അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്.

സദാചാരത്തിന്റെ വക്താക്കാളാവാനേ പൊതുസമൂഹവും കുടുംബയോഗവും അടിസ്ഥാനപരമായി ആഗ്രഹിക്കുകയുള്ളുവെന്നു ബോധ്യപ്പെടുത്തുന്ന വേറൊരു സന്ദർഭമാണ് കുടുംബചരിത്രപുസ്തകത്തിന്റെ രചനാരീതി. കുടുംബത്തിലെ കളങ്കങ്ങൾ മൂടിവെച്ചു കൊണ്ട് ‘പരിപാവനമായ’ കുടുംബചരിത്രമെഴുതാൻ പുരുഷാധിപത്യം സ്ത്രീയെയാണ് ചുമതലപ്പെടുത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുമ്പസാരസ്വഭാവം മണ്ണിൽ കുടുംബഗ്രന്ഥത്തിന്റെ ഒരധ്യായത്തിലും പാടില്ല എന്ന ആശയം പിന്തുടരുന്ന വിധത്തിലായിരുന്നു കുടുംബയോഗത്തിന്റെ വ്യക്തമായ അഭിപ്രായം. മണ്ണിൽ കുടുംബം പ്രത്യക്ഷമായ രീതിയിൽ യാഥാസ്ഥിതിക മനോഭാവങ്ങൾ വെച്ചു പുലർത്തുന്നതാണ് എന്ന് അതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന എമ്മയ്ക്ക് ബോധ്യമാവുന്നുണ്ട്. അവിഹിതബന്ധങ്ങളുടെയോ അതിനെ തുടർന്നുള്ള ഹിംസാത്മകമായ സാഹചര്യങ്ങളുടെയോ സൂചനകൾ ഗ്രന്ഥത്തിൽ ഉൾപ്പെടുത്താൻ എമ്മയ്ക്ക് കുടുംബയോഗം അനുമതി കൊടുക്കുന്നില്ല. ലൈംഗികബന്ധങ്ങൾ, പാപകർമ്മങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവ ചരിത്രപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ നിന്നും ഒഴിവാക്കാനായി ഭാരവാഹികൾ എമ്മയിൽ സമ്മർദം ചെലുത്തുന്നുണ്ട്. ചരിത്രഗ്രന്ഥം മഹത്വങ്ങൾ വാഴ്ത്തിപ്പാടാനുള്ള സുവിശേഷമായി അവതരിപ്പിക്കാനുള്ള കൂട്ടായ യത്നം ആയിരുന്നു യോഗം ആസൂത്രണം ചെയ്തിരുന്നത്.

sara joseph,, novel, malayalam novel, rahul radhakrishnan, women writing in malayalam, sexuality in malayalm novel,

കത്തോലിക്കാസഭയുടെ യാഥാസ്ഥിതികമുഖം ചമയങ്ങളില്ലാതെ അനാവരണം ചെയ്യാനാണ് നോവലിൽ ശ്രമിച്ചിരിക്കുന്നത്. സ്വവർഗലൈംഗികതയെ കുറിച്ചുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാട് വരുന്നതിനു മുൻപ് പ്രസിദ്ധീകരിച്ച നോവലിൽ , പ്രകൃതിവിരുദ്ധ പ്രവൃത്തിയായി സ്വവർഗാനുരാഗത്തെ കണ്ടുകൊണ്ട്, അത്തരക്കാരെ ‘തല്ലി ഓടിക്കേണ്ടതിന്റെ’ ആവശ്യകത സഭാപിതാവ് തന്നെ ഉന്നയിച്ചിട്ടുണ്ട്. പ്രതിലോമപരവും കപടസദാചാരപരവുമായ സഭയുടെ വീക്ഷണത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ലൈംഗികതയെയും കുടുംബബന്ധങ്ങളെയും അടിസ്ഥാനമാക്കി മണ്ണിൽ കുടുംബത്തിന്റെ വംശാവലിചരിതം പറഞ്ഞു കൊണ്ട് കേരളത്തിന്റെ സാമൂഹികാവസ്ഥകളിലേക്ക് നോവലിസ്റ്റ് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. മണ്ണിൽ കുടുംബത്തെ ഇത്തരമൊരു നോട്ടത്തിനു വിധേയമാക്കുന്നതു വഴി സഭയുടെ അധികാരതാത്പര്യങ്ങളെയും ശരീരത്തിന്റെ രാഷ്ട്രീയത്തെയും കൗമാരപ്രശ്നങ്ങളെയും സംബോധന ചെയ്യാനാണ് സാറാ ജോസഫ് ശ്രമിക്കുന്നത്.

സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെയും ‘സദാചാര’വഴിയിൽ ചരിക്കുന്ന കത്തോലിക്കാ സഭയ്ക്കും പരമ്പരാഗത വ്യവസ്ഥിതികളിൽ നിന്നും വേറിട്ട രീതിയിലുള്ള ജീവിതപരിസരങ്ങളെ അംഗീകരിക്കാനോ സമരസപ്പെടാനോ സാധിക്കില്ല. മണ്ണിൽ കുടുംബത്തിലെ ഒരംഗം ഏതെല്ലാം തരത്തിലാണ് പെരുമാറേണ്ടത് എന്ന് അനുശാസന തയ്യാറാക്കുകയും അത് നടപ്പിൽ വരുത്താൻ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന അധികാരവ്യവസ്ഥിതിയുടെ ജീർണതയെയാണ് കുടുംബനേതൃത്വത്തിൽ കണ്ടിരുന്നത്. ചുമ്മാർ മാഷിനെയും ജോസഫിനെയും പോലെയുള്ള നേതാക്കൾ പൊതുസമൂഹത്തിന്റെ സദാചാരവക്താക്കൾ തന്നെയാണ്. സത്യസന്ധവും വസ്തുനിഷ്ഠവുമായി എമ്മ എഴുതിയ കുടുംബചിത്രം വൃഥാസ്ഥൂലമെന്നു പറഞ്ഞു കൊണ്ട് അതിനെ തള്ളിപ്പറയാൻ യോഗത്തെ പ്രേരിപ്പിച്ചതും മറ്റൊന്നായിരുന്നില്ല. പ്രതാപശാലികളായ പ്രപിതാമഹന്മാർ ആക്രമണത്തിന്റെ വഴിയിലൂടെ നടന്നവർ ആണെന്ന രേഖപ്പെടുത്തൽ പാടില്ലെന്നായിരുന്നു യോഗനേതൃത്വം തീരുമാനിച്ചത്. അത് പോലെ തറവാട്ടിലെ പൂർവികനായ വികാരി ഔസേപ്പച്ചന്റെ ‘ബാലരതിയെ’പറ്റിയുള്ള പരാമർശവും പുസ്തകത്തിൽ നിന്നും മാറ്റണമെന്നു നേതൃത്വം ആവശ്യപ്പെട്ടു’. .

സദാചാരാശയങ്ങൾ സാമൂഹിക ഘടനയുടെ ഊന്നലാകുമ്പോൾ തന്നെ മാറി വരുന്ന മൂല്യങ്ങൾ കണക്കിലെടുത്തു കൊണ്ടാണ് അത് പ്രാവർത്തികമാക്കുന്നത്. History of Sexuality എന്ന കൃതിയിൽ ആസക്തിയുടെ വിനിമയങ്ങൾ തന്നിലും മറ്റുള്ളവരിലും പ്രവർത്തനക്ഷമമാവുന്നത് എങ്ങനെയെന്ന വിശകലനത്തിനാണ് മിഷേൽ ഫൂക്കോ ശ്രമിച്ചത്. വിവിധ വശങ്ങളുള്ള സദാചാരമൂല്യങ്ങൾ മനുഷ്യജീവിതത്തിന്റെ ഏതെല്ലാം മേഖലകളെയാണ് അഭിമുഖീകരിക്കുന്നത് എന്ന് അദ്ദേഹം പരിശോധിക്കുന്നുണ്ട്. അധികാരം സൃഷ്ടിക്കുന്ന നിയമബന്ധനങ്ങളുടെ കർശനമായ ചട്ടക്കൂടിൽ ജീവിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം വ്യഖ്യാനിച്ചിരിക്കുന്ന സദാചാരസംഹിതയുടെ അതിരുകൾ ഭേദിക്കാൻ സാധിക്കുമോ എന്നാണ് ഇതിലൂടെ ഫൂക്കോ ചിന്തിച്ചത്. സാറാ ജോസഫിന്റെ കഥകളെ കുറിച്ചുള്ള പഠനത്തിൽ പുരുഷവ്യവഹാരത്തിനകത്തു തന്നെ പ്രവർത്തിക്കുന്നതും എന്നാൽ അതിനെ നിരന്തരം അപനിർമ്മിക്കുന്നതുമായ രചനാസമ്പ്രദായത്തെ കുറിച്ചു മേരി ജേക്കബ്‌സിനെ ഉദ്ധരിച്ചു കൊണ്ട് സച്ചിദാനന്ദൻ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും മുന്നേറിക്കൊണ്ട് പുരുഷാധിപത്യത്തിന്റെ ലക്ഷ്മണരേഖ ചവിട്ടിക്കടന്നു അതിരുകളെ വിസ്തൃതമാക്കുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് തെരേസയും, രേഷ്മയും, ഇഷാനയും മറ്റും പ്രതിനിധീകരിക്കുന്നത്.

തെരേസയിൽ നിന്നും വിഭിന്നയായ അനു ജീർണിച്ച അധികാരവ്യവസ്ഥയുടെ ഇരയാണ്. കുടുംബം എന്ന സ്ഥാപനം പുരുഷന്റെ മേധാവിത്വത്തിന്റെ പിടിയിലമരുമ്പോൾ യാന്ത്രികവും കൃത്രിമവുമായ ഒരു ജീവിതത്തിന്റെ തടവുകാരിയായി മണ്ണിൽ ചെറിയാന്റെ ഭാര്യയായ അനു മാറി. ഏകദാമ്പത്യത്തിന്റെ ഫലമായി സ്ത്രീ-പുരുഷന്മാർക്കിടയിൽ വന്നു ചേർന്ന വൈരുധ്യം വർഗ്ഗവൈരുധ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഉദാഹരണമാണ് എന്ന് ഫ്രഡറിക് ഏംഗൽസ് , “കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം” എന്ന ഗ്രന്ഥത്തിൽ (1884) പരാമർശിക്കുന്നുണ്ട്. സ്ത്രീയുടെ അസ്തിത്വത്തെ പുരുഷന്റെ സ്വകാര്യതയാക്കി മാറ്റുന്ന മതാധിഷ്ഠിത വിവാഹത്തിന്റെ പ്രതീകമായിരുന്നു അനു. ചെറിയാന്റെ ഏകപക്ഷീയമായ നടപടികളിലും സ്നേഹരഹിതമായ പെരുമാറ്റത്തിലും അനു അസ്വസ്ഥയായിരുന്നു. മണ്ണിൽ കുടുംബവുമായി ബന്ധപ്പെട്ട ചില ചടങ്ങുകളിൽ വെച്ചു പരസ്പരം കണ്ടിരുന്ന പോളിലും അനുവിലും പ്രണയത്തിന്റെ രസതന്ത്രം ആകസ്മികമായി വികസിക്കുകയായിരുന്നു.

sara joseph , novel ,

മധ്യവർഗത്തിന്റെ മേൽത്തട്ടിലുള്ള ചെറിയാന് ബന്ധങ്ങളെല്ലാം വിപണി/പണം കേന്ദ്രീകരിച്ച വിനിമയങ്ങളായിരുന്നു. മുതലാളിത്തത്തിന്റെ പൊള്ളത്തരങ്ങൾ സ്വജീവിതത്തിലും കുടുംബത്തിലും അനുകരിക്കുന്ന അയാൾ സ്ത്രീധനത്തിന്റെ കാര്യത്തിൽ വരെ അനുവുമായി വഴക്കിട്ടിരുന്നു. മനുഷ്യർ തമ്മിലുള്ള സമ്പർക്കം സ്വാർത്ഥത നിറഞ്ഞതും പണം ആധിപത്യം പുലർത്തുന്നതുമായ ഒരു സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്ന സാക്ഷ്യപ്പെടുത്തലാണ് ചെറിയാന്റെ കഥാപാത്രനിർമ്മിതി. ബൂർഷ്വസിയുടെ ദൃഷ്ടാന്തമായ ചെറിയാൻ, മുതലാളിത്ത ബന്ധങ്ങളിൽ കണ്ണി ചേർക്കാനുള്ള ഭൗതികവസ്തു മാത്രമായി അനുവിനെ കണ്ടു. വിവാഹക്കമ്പോളത്തിലെ സ്വർണം/സമ്പത്തു വിനിമയം നടത്തുന്ന ശരീരമായും കിടപ്പറയിലെ പങ്കാളിയായും രൂപാന്തരം പ്രാപിക്കുന്ന സ്ത്രീയായി വേഷം കെട്ടിയാടുന്ന കടമ മാത്രമേ അയാൾ അനുവിൽ നിന്നും പ്രതീക്ഷിച്ചിരുന്നുള്ളു. അവളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ശ്രമിച്ചിരുന്ന ഭർത്താവിനോട് പൂർണമായും വിധേയത്വം പാലിക്കുന്നത് നീതിയാണെന്നു അനുവിന് തോന്നിയിരുന്നില്ല. സ്വന്തമായി ഇടങ്ങളെ സൃഷ്ടിച്ചു, പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം തേടാൻ തെരേസയെയും രേഷ്മയേയും പോലെ അനുവും ഒരുങ്ങിയതിന്റെ ഫലമായിട്ടാണ് പോളിന്റെ സാന്നിധ്യം അവളുടെ പരിസരങ്ങളിൽ ഉണ്ടായത്.

അധികാരത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചു കൊണ്ട് സ്വന്തം ലോകത്തേക്ക് എത്താനുള്ള വെമ്പലിൽ ഉത്‌പ്രേരകമായി വർത്തിച്ച പോൾ നോവലിൽ നിറഞ്ഞു നിൽക്കുന്നു. നോവലിൽ പറയുന്നത് പോലെ ” ഒരുവന്റെ കിടക്കയിൽ നിന്നും വേറൊരുവന്റെ കിടക്കയിലേക്ക് പോകുന്നത് പോലെ ലളിതമായിട്ടല്ല. മറിച്ച് ഒരു വേര് മണ്ണ് തുളച്ചു വെള്ളം തേടിയലഞ്ഞെത്തും പോലെ സങ്കീർണമായിട്ട്” ആണ് ഒരു ബന്ധത്തിൽ നിന്നും വേറൊരു ബന്ധത്തിലേക്കെത്തിപ്പെടുന്നത്. അധികാരത്തിന്റെ പിതൃബിംബമായി പുരുഷത്വത്തെ ഗണിക്കുന്ന ചെറിയാനും ശരീരത്തിന്റെ കാമനകളെ തന്മയീഭാവത്തോടെ മനസ്സിലാക്കിയ പോളും ഉത്തര-ദക്ഷിണ ധ്രുവങ്ങളിലുള്ളവരാണ്. ചെറിയാന്റെ പുരുഷാധികാര പ്രത്യയശാസ്ത്രത്തിനു പകരം വ്യക്തിയധിഷ്ഠിതമായ അഭിനിവേശങ്ങളെ ഉൾക്കൊള്ളാനുള്ള യുക്തിഭദ്രത സ്വായത്തമായിരുന്നു പോളിന്. അതു കൊണ്ടു തന്നെയാണ് അയാൾ മാനസികവും ശാരീരികവുമായ പൊരുത്തമുള്ള തെരേസയെയും രേഷ്മയേയും ഒരുമിച്ച് ജീവിക്കാൻ പിന്തുണ നൽകിയതും.

ഫാസിസിസത്തിന്റെ ഭൂതങ്ങൾ മനുഷ്യമനസ്സുകളിൽ സംഘർഷം സൃഷ്ടിച്ചു കൊണ്ട്, സമാധാനപരവും ഏറെക്കുറെ ലളിതവുമായ ജീവിതത്തിന്റെ നിർവചനങ്ങൾ തന്നെ മാറ്റിയെഴുതുന്നു. അധിനിവേശത്തിന്റെ ഫലമായ പക്ഷപാതചേരികൾ കലുഷകാലത്തിലെ കൊടിയടയാളങ്ങളായി ജീവിതങ്ങളുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. ഫൂക്കോ വിശകലനം ചെയ്തത് പോലെ സദാചാരഘടകങ്ങളെ അതതു സമൂഹം യുക്തിഭദ്രമായ രീതിയിൽ പുനർവ്യാഖ്യാനിച്ചു കൊണ്ടിരിക്കും. സമൂഹമെന്ന അധികാരമണ്ഡലത്തിന്റെ പരിധിയിൽ വസിക്കുമ്പോഴും സ്വന്തം സ്വത്വബോധത്തിന്റെ മേധാവികളാകുന്ന മനുഷ്യരുടെ ലോകമാണ് സാറാ ജോസഫ് പറയുന്നത്. സമൂഹത്തിന്റെ യാഥാസ്ഥിതികധാരയെ നിരാകരിച്ചു കൊണ്ടു തങ്ങളുടെ അഭീഷ്‌ടം യാഥാർഥ്യമാക്കുന്നതിൽ മുഴുകുന്ന കഥാപാത്രങ്ങളുടെ ആന്തരികവ്യാപാരങ്ങളെയാണ് നോവലിസ്റ്റ് വ്യക്തമാക്കുന്നത്. അദൃശ്യമായ വിലക്കുകളും വെല്ലുവിളികളും നേരിട്ടു വ്യത്യസ്തമായ തുറസ്സുകളിലേക്ക് പടരുക എന്ന ചരിത്രപരമായ ലക്ഷ്യത്തിലേക്കാണ് ഒന്നിച്ചു താമസിക്കുക എന്ന തീരുമാനത്തിലൂടെ തെരേസയും രേഷ്മയും നടന്നടുത്തത്. സമൂഹത്തിൽ നില നിന്നിരുന്ന ‘ധാർമ്മികമായ’ പ്രത്യയങ്ങളെ തള്ളിക്കളയാൻ അവർക്ക് താങ്ങും തണലുമായി നിന്ന പോളിനെ ഇവിടെ വിസ്മരിക്കാൻ പറ്റില്ല. പരമ്പരാഗത വിശ്വാസങ്ങളിൽ അഭിരമിച്ചിരുന്ന മണ്ണിൽ കുടുംബത്തിന്റെയും അതുൾപ്പെടുന്ന വിശാല സമൂഹത്തിന്റെയും മുന്നിലേക്ക് ഒരു കടന്നൽക്കൂട്ടത്തെ ഇളക്കി വിട്ടവരായിരുന്നു തെരേസയും രേഷ്മയും അനുവും പോളും. സമൂഹാധികാരത്തെ തങ്ങളുടെ ലൈംഗിക/ പ്രണയ പ്രത്യയശാസ്ത്രം കൊണ്ട് പ്രതിഷേധിക്കാനും ഒരളവു വരെ ആക്രമിക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. പ്രണയം മരണത്തെക്കാളും ശക്തമാണ് എന്ന കാല്പനികവിശ്വാസത്തെ പ്രായോഗികമായി മടക്കിക്കൊണ്ടു വരാനും ഇതു മൂലം കഴിയുന്നുണ്ട്.

മുറുകെ പിടിച്ചിരിക്കുന്ന പ്രമാണങ്ങൾ മനുഷ്യരുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയായിരിക്കണം. മറിച്ച്, മനുഷ്യൻ പ്രമാണങ്ങൾക്കു വേണ്ടി നില കൊള്ളുന്നവനാവരുത്. ഇരുട്ടും ശൂന്യതയും പ്രദാനം ചെയ്യുന്ന പ്രമാണങ്ങളെ ജലരേഖകളാക്കി മാറ്റി അവനവനു അവകാശപ്പെട്ട ആനന്ദത്തിന്റെ പങ്ക് ഓരോ മനുഷ്യനും ലഭ്യമായേ തീരൂ. അധികാരത്തെ വ്യക്തിയും സമൂഹവുമായുള്ള ഇടപെടലുകളുടെ സാത്മീകരണമായി പ്രത്യക്ഷത്തിൽ കാണാമെങ്കിലും അധികാരത്തിന്റെ അധിനിവേശമേഖലയുടെ ആഴവും പരപ്പും പ്രവചിക്കാനാവില്ല. അധികാരത്തിന്റെ മേച്ചിൽപ്പുറമായി വിവാഹത്തെ പരിഗണിക്കാമെന്ന് പോളിന്റെ വിചാരങ്ങളിലൂടെ വെളിപ്പെടുന്നുണ്ട്. വിവാഹം എന്ന കൂദാശയോടെ തെരേസയെ എല്ലാവരും ചേർന്നു തടവിലാക്കുന്നത് പോലെയായിരുന്നു; അയാൾ അതിന്റെ പാറാവുകാരനും. ആ തടവറ ഭേദിക്കാനുള്ള താക്കോൽ അയാൾ തന്നെയാണ് തെരേസയ്ക്ക് നൽകിയത്. കുശവൻ ഉണ്ടാക്കുന്ന എല്ലാ കുടങ്ങളും ഒരു പോലെ കുറ്റമറ്റതല്ലെന്നും മുടന്തനെ ആരും മുടന്തു കാരണം പാപി എന്നു വിളിക്കുന്നില്ലെന്നും പറഞ്ഞു കൊണ്ട് തെരേസയുടെ ‘അപഭ്രംശം ‘ന്യായീകരിക്കാൻ ശ്രമിക്കുന്ന പോളിനെ , എന്നാൽ സഭാനേതൃത്വം കയ്യൊഴിഞ്ഞു. പാപപുണ്യങ്ങൾ നിർണയിക്കുന്നത് വരെ കത്തോലിക്കാസഭയുടെ നേതൃത്വം ആണെന്ന തിരിച്ചറിവിൽ അയുക്തിയുടെ കിടങ്ങിൽ വീണു കിടക്കുന്നവരെ കൈ പിടിച്ചുയർത്താനാവില്ല

sara joseph, novel , alohari anandam

ഉഭയസമ്മതപ്രകാരം തെരേസയുമായുള്ള വിവാഹമോചനപത്രികയിൽ ഒപ്പു വെച്ച പോൾ സ്വന്തം വീട് തെരേസയ്ക്കും രേഷ്മയ്ക്കും വിട്ടു കൊടുത്തതിനു ശേഷം ഭൂമിവാതുക്കലെ കൃഷിയിടത്തിലേക്ക് താമസം മാറ്റി. എന്നാൽ അസഹിഷ്ണുത വളർന്നു ഭ്രാന്തിന്റെ വക്കോളം എത്തിയ നാട്ടുകാർ കല്ലേറും ബഹളങ്ങളുമായി രേഷ്മയുടെയും തെരേസയുടെയും, സ്വൈരജീവിതം ഇല്ലാതാക്കി. “സമൂഹത്തിന്റെ സദാചാരമാപിനിയിൽ രണ്ടു സ്ത്രീകൾക്ക് ദമ്പതിമാരായി ജീവിക്കാൻ സാധിക്കുകയില്ലെന്ന” പോളിന്റെ വാദം കേരളീയസാഹചര്യത്തിൽ കൃത്യമായിരുന്നു. അവരവരുടെ ഉള്ളിലുള്ള അവസ്ഥയായ സമാധാനം ഇടമോ രാഷ്ട്രമോ അല്ല. സമൂഹം പോർവിളികൾ വഴി അസമാധാനം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ സ്വന്തം ഹൃദയത്തിൽ സമാധാനം നിറയ്ക്കുക എന്ന പ്രവൃത്തിയിൽ മുഴുകാനെ നമുക്കാകൂ.

അഭിലാഷങ്ങളുടെ വിളനിലമായ കുടുംബത്തിൽ പിതൃസ്ഥാനം എന്ന കർത്തൃത്വത്തിനു അധികാരദണ്ഡ് കൊണ്ടു നടക്കേണ്ടതുണ്ട് എന്ന പരമ്പരാഗത വിശ്വാസമാണ് ചെറിയാന്റെ കുടുംബത്തിൽ ചോദ്യം ചെയ്യപ്പെട്ടത്. ചെറിയാൻ- അനു -അപ്പു എന്നിവർ വലയം ചെയ്യുന്ന അണുകുടുംബത്തിന്റെ കേന്ദ്രസ്ഥാനവും അധികാരബിന്ദുവും ചെറിയാനായിരുന്നു. നീറിപ്പുകയുന്ന മനസ്സോടെ അധികാരഘടനയുടെ അടിമയായിരുന്ന അനു ചെറുത്തുനിൽപ്പുകൾ പ്രകടമാക്കാൻ തുടങ്ങിയതോടെ അവിടത്തെ ഗാർഹികാടിത്തറയ്ക്ക് വിള്ളലുകൾ ഉണ്ടായി. അച്ഛൻ-‘അമ്മ എന്ന കർത്തൃത്വങ്ങളെ മറന്നു കൊണ്ടു സ്ത്രീയും പുരുഷനും ആയി മാറിയതോടെ അഹംബോധത്തിന്റെയും സ്വത്വവിചാരത്തിന്റെയും അലയൊലികൾ മുഴങ്ങാൻ ആരംഭിച്ചു. അതിന്റെ പാരമ്യത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും ഒറ്റവഴിജീവിതം വ്യത്യസ്ത പാതകളിലൂടെ ദിശ മാറി സഞ്ചരിച്ചു. ചെറിയാനും അനുവിനുമിടയിലുള്ള മഞ്ഞുപാളി ഉറഞ്ഞു കട്ടിയായത് ചെറിയാന്റെ അഹന്ത കൊണ്ടായിരുന്നു. കാണിക്കേണ്ട സ്നേഹം കാണിയ്ക്കാതിരിക്കുകയും കാണിയ്ക്കാൻ പാടില്ലാത്ത കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന ചെറിയാന്റെ രീതി കുടുംബത്തെ അഗ്നിപർവതമാക്കി മാറ്റി. ചെറിയാന് അയാൾ പ്രതിനിധാനം ചെയ്യുന്ന ഉപരിവർഗ്ഗത്തിന്റെ അധികാരം പ്രാവർത്തികമാക്കാനുള്ള കരു മാത്രമായിരുന്നു ഭാര്യാപദവി അലങ്കരിക്കുന്ന സ്ത്രീയുടെ ശരീരം. അയാളുടെ ലൈംഗികാഭിനിവേശങ്ങൾ അധികാരത്തിന്റെ ഇടപെടലുകളുടെ മറ്റൊരിടമാണ്. അധികാരത്തിന്റെയും ജ്ഞാനനിർമ്മിതിയുടെയും വേറൊരു തലമായി ലൈംഗികതയെ കാണുന്ന ഫൂക്കോയുടെ ആശയങ്ങളെ ശരി വെക്കുന്ന പ്രത്യക്ഷരൂപമായിരുന്നു ചെറിയാൻ. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ കുടുംബാന്തരീക്ഷത്തിലൂടെ കടന്നു പോയ പോൾ -തെരേസ ദാമ്പത്യം ലൈംഗികതയുമായി ബന്ധപ്പെട്ടാണ് അകലുന്നത്. സ്ത്രീ-പുരുഷ വിപരീതത്തിലെ ശരീരേച്ഛകളെ പൂർണമായും നിരാകരിച്ചു കൊണ്ടുള്ള കുടുംബജീവിതം മുന്നോട്ട് നയിക്കാനാവുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ അവർ വേർപിരിഞ്ഞു. ഭാര്യ-ഭർത്താവ് എന്ന സാമൂഹികപദവികളെ ശരീരത്തിന്റെ കാമനകളെ പൂർത്തികരിക്കുന്ന കർത്തൃനിലകളാക്കാൻ അവർക്ക് പറ്റിയില്ല. പോളിന് അർഹതപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയത് തെരേസയാണെന്ന ചിന്ത അയാളെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. അവളെത്തന്നെ മൂടിവെച്ചുകൊണ്ട് തെരേസ അയാളുടെ മുന്നിൽ അദൃശ്യയായി ജീവിച്ചു. തന്റെ പെൺസുഹൃത്തിനെ പോളിനോടൊപ്പം ഒരു രാത്രി താമസിപ്പിച്ചു കൊണ്ട് ഉടലിന്റെ ഉന്മാദത്തെ അറിയാനുള്ള അവസരം സൃഷ്ടിച്ച തെരേസ അവളുടെ ചിലരോടൊത്തുള്ള ഗാഢബന്ധത്തെ സ്വയം ന്യായികരിക്കുകയായിരുന്നു. രണ്ടു സ്ത്രീകൾക്ക് ഒരുമിച്ച് കുടുംബജീവിതം കേരളസമൂഹത്തിൽ പുലർത്താനാവുമോ എന്ന ഉത്കണ്ഠയാണ് നോവലിസ്റ്റ് അഭിമുഖീകരിച്ച മറ്റൊരു പ്രശ്‍നം

പരസ്പരം പ്രണയിക്കുന്ന സ്ത്രീകൾക്ക് താമസിക്കാൻ വീടുകൾ ലഭിക്കാത്ത വിധത്തിൽ സമൂഹത്തിന്റെ വാതിലുകൾ അടഞ്ഞതാണെന്ന ബോധമാണ് തെരേസയെയും രേഷ്മയേയും പോളിന്റെ വീട്ടിൽ തന്നെ താമസിക്കാൻ പ്രേരിപ്പിച്ചത്. പരസപരം അഭയമാകാൻ സാധിച്ചാലും ശരീരം വീടായി മാറുന്നില്ല . ശരീരത്തെ സംരക്ഷിക്കാൻ ഒരു കൂട് ആവശ്യമാണ്. ശരീരേച്ഛകളുടെ അടിസ്ഥാനമായ അവയവാധിഷ്ഠിത ലൈംഗികതയ്ക്കപ്പുറം അവയവരഹിതമായ ശരീരമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ച ദെല്യൂസും ഗത്താരിയും (Deleuze and Guattari) ലൈംഗികവീക്ഷണത്തിൽ പുതിയൊരാശയത്തിനു തുറവിയിടുകയായിരുന്നു. പുരുഷൻ-സ്ത്രീ എന്ന ലൈംഗികദ്വന്ദ്വത്തോടൊപ്പം പലതരത്തിലുള്ള ലൈംഗികതയുടെ പ്രത്യക്ഷഭാവങ്ങളെ ഈ ചിന്തകർ സൂക്ഷ്മമായി വിശകലനം ചെയ്തിരുന്നു. സ്വവർഗലൈംഗികതയും സ്വാഭാവികലൈംഗികതയും ശരീരത്തിന്റെ ഇച്ഛകളുടെ പ്രത്യേക മാനങ്ങളാണെന്ന തിരിച്ചറിവ് ലിംഗപദവിയേയും ലൈംഗികതയെയും കുറിച്ചുള്ള വികലധാരണകളെ തിരുത്താൻ സഹായകമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഫെമിനിസം അവതരിപ്പിച്ച ഭൂമിശാസ്ത്രപരമായ ഇടം എന്ന തത്വത്തിനു വിപ്ലവകരമായ പല മാറ്റങ്ങളും ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ സംഭവിച്ചിട്ടുണ്ട്. വേറിട്ട അസ്തിത്വപ്രകാശനത്തിന്റെ ഇടത്തിനു വേണ്ടി ലെസ്ബിയൻ സമൂഹം പ്രവർത്തനസജ്ജമായത് ഇക്കാലത്തായിരുന്നു, അത്തരത്തിലുള്ള അവബോധമോ കാഴ്ച്ചപ്പാടുകളോ പൊതുസമൂഹത്തിനു ആർജിക്കാനായില്ല എന്നതാണ് കേരളീയ പശ്ചാത്തലത്തിലെ വെല്ലുവിളി. ഈ ചിന്താഗതി ഇവിടത്തെ സ്വവർഗാനുരാഗികളെയും ബാധിച്ചു. തെരേസയും രേഷ്മയും വീടില്ലാത്തവരായി മാറിയതിനു വേറെ കാരണങ്ങൾ തെരയേണ്ടതില്ല.

വിവാഹേതരബന്ധം ആണ് നോവലിസ്റ്റ് ചർച്ച ചെയ്യുന്ന വേറൊരു പ്രമേയം. ലെസ്ബിയൻ ബന്ധത്തെ കല്ലെറിയുന്ന സമൂഹം പോളിനെയും അനുവിനെയും ഒന്നിച്ചു താമസിക്കാൻ അനുവദിക്കുമോ എന്നത് ചിന്തിക്കേണ്ടതാണ്. പ്രണയം ത്യാഗം ആവശ്യപ്പെടുന്നതാണ് എന്ന പ്ലാറ്റോണിക്ക് സങ്കൽപ്പത്തിലേക്ക് പോൾ എത്തി ചേർന്നത് സ്വമനസ്സോടെയായിരുന്നില്ല. ചെറിയാനെയും അപ്പുവിനെയും മാനസികമായി വേദനിപ്പിക്കാൻ അയാൾക്ക്‌ ആഗ്രഹമില്ല. അതിനാൽ സ്വയം വ്രണപ്പെടുത്തി ‘ആദർശ ‘കാമുകവേഷം കെട്ടാൻ അയാൾ തയ്യാറായി. അങ്ങനെ സമൂഹമെന്ന ദൃശ്യമായ ചങ്ങലകളുള്ള അധികാരവ്യവസ്ഥ പോളിനെയും അനുവിനെയും വേർപിരിച്ചു.

നോവലിൽ വ്യതിരിക്തമായ മാനങ്ങൾ സംജാതമാക്കുന്ന മൂന്ന് ആൺകുട്ടികളുണ്ട്. മണ്ണിൽ തെക്കുംഭാഗം ഫ്രാൻസിസിന്റെ മകനായ കിരൺ അവരിലൊരാളാണ്. നവമുതലാളിത്ത ശൈലികളും നവസാമൂഹികമാധ്യമങ്ങളും പുതിയ വിവരസാങ്കേതികവിദ്യകളും കൃത്യാനുപാതത്തിൽ ചേർത്തു വെച്ചിരിക്കുന്ന കളിസ്ഥലത്തിലെ കൗമാരക്കാരുടെ പ്രതിനിധിയായിരുന്നു കിരൺ. സൈബർ ഇടത്തിന്റെ അനന്തസാധ്യതകൾ രത്യാഭിലാഷങ്ങളുമായി ഇണ ചേർന്നു കിടക്കുന്നതിന്റെ ഇരയായിരുന്നു കിരൺ. വിദേശ രാജ്യങ്ങളിലായിരുന്നു അവന്റെ അച്ഛനമ്മമാരായ ഫ്രാൻസിസും സോഫിയും ജോലി ചെയ്തിരുന്നത്. അമ്മൂമ്മയോടും അച്ഛന്റെ പെങ്ങളായ ഫെമിയോടുമൊപ്പം താമസിച്ചു പഠിച്ചു കൊണ്ടിരുന്ന എട്ടാം ക്‌ളാസ്സുകാരനായ കിരണിനെ പെട്ടെന്നൊരു ദിവസം കാണാതായി. ഒരു ദുർബല നിമിഷത്തിൽ ഫെമിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ കിരൺ അത് സുഹൃത്തുക്കൾക്കു പങ്കു വെച്ചിരുന്നു. ചെയ്തു പോയ തെറ്റിന്റെ ഗൗരവം ബോധ്യപ്പെട്ട അവൻ നാട് വിട്ടു പോയി. മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വേറിട്ടു നിർത്തുന്നത് കുടുംബം എന്ന രൂപകല്‌പനയാണ്. തുറന്ന സമൂഹത്തിന്റെ പരിച്ഛേദമായി മാറേണ്ട കുടുംബം തന്നെ സദാചാരവിരുദ്ധതയുടെ അരങ്ങായി മാറുന്നത് സമകാലിക കേരളീയാന്തരീക്ഷത്തിൽ സാധാരണമാണ്. വിവാഹം, കുടുംബം, കുട്ടികൾ എന്നീ ഘടകങ്ങൾ സാമൂഹികദൃഢീകരണത്തിനു ഇനിയുള്ള കാലം ഉപകാരപ്പെടുകില്ല എന്ന ഉത്കണ്ഠയാണ് കിരണിന്റെ പ്രവൃത്തികൾ സൂചിപ്പിക്കുന്നത്. മൂല്യാധിഷ്ഠിതവിദ്യാഭ്യാസവും സാങ്കേതികവിദ്യയും പരസപരം പൂരകങ്ങളാണെന്ന പൊതുവിശ്വാസത്തിന്റെ അടിത്തറയ്ക്കു തന്നെ ബലം കുറയ്ക്കുന്ന പ്രവണതകളാണ് കൗമാരക്കാരിൽ ഉടലെടുക്കുന്നത്. നവജീവിതെശൈലികളുടെ അതിപ്രസരം സംസ്കാരത്തെ എതിർദിശയിലേക്കാണ് നയിക്കുന്നതെന്ന് ഫെമിയുടെ ചിത്രങ്ങൾ പകർത്തി കൂട്ടുകാർക്ക് കൈമാറിയ കിരണിനെ പോലെയുള്ളവർ തെളിയിക്കുന്നു. മാനുഷികബന്ധങ്ങളുടെ ഇഴയടുപ്പം ബോധ്യമാവാതെ മൊബൈൽ ഫോണിലും വാട്സാപ്പിലും അഭിരമിക്കുന്ന കൗമാരത്തിന്റെ ആഘോഷങ്ങൾക്ക് മുന്നിൽ എല്ലാ സദാചാരമൂല്യങ്ങളും രാജിയാവുന്നു. സൈബർ സ്പേസിന്റെ ആകര്ഷണീയതയ്ക്കു മുന്നിൽ രക്ഷിതാവിന്റെ അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും കെട്ടുപാടുകൾ വിസ്മരിക്കുന്ന കൗമാരചാപല്യങ്ങളെയാണ് കിരണിന്റെ ഒളിച്ചോട്ടത്തിലൂടെ പറഞ്ഞിരിക്കുന്നത്.

sara joseph, alohari ananadam, novel

തൊഴിൽപരമായ കാരണങ്ങളാൽ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും വിടുതൽ നേടി, അണുകുടുംബങ്ങളുടെ അസ്തിത്വത്തിനു പ്രസക്തി ലഭിച്ചത് കഴിഞ്ഞ കാൽ നൂറ്റാണ്ടിലായിരുന്നു. കുടിയേറ്റവും പ്രവാസവും ഏറിയൊരളവിൽ ഈ പ്രവണതയെ പ്രോത്സാഹിപ്പിച്ചിരുന്നു. സംയുക്ത കുടുംബത്തിന് പകരം ഭിന്ന സംസ്‌കാര പരിസരങ്ങളിലും സാഹചര്യങ്ങളിലും വേരൂന്നിയ ‘പുത്തൻ’ കുടുംബങ്ങളുടെയിടയിൽ ബന്ധങ്ങൾ പ്രായേണ ശിഥിലമാകുന്നതിൽ അത്ഭുതമില്ല. സ്വാർത്ഥ വിചാരങ്ങളുടെയും നിക്ഷിപ്ത താല്പര്യങ്ങളുടെയും തുരുത്തുകളിൽ വസിക്കുന്ന ന്യൂ ജെനറേഷൻ കുടുംബങ്ങളുടെ മൂല്യച്യുതിയുടെ പരിതോവസ്ഥകൾ ആഘോഷത്തിനുള്ള വേദികളാക്കി യുവതലമുറ മാറ്റുകയാണ്. കിരണിൽ നിന്നും വ്യത്യസ്തമായി മാതാപിതാക്കളുടെയിടയിലൂടെ ഭിന്നതയും കലഹവുമായിരുന്നു അപ്പുവിന്റെ പ്രശ്നം. ഹോസ്റ്റലിൽ താമസിച്ച എൻജിനിയറിങ്ങിന് പഠിക്കുന്ന അപ്പുവിന് കൃത്യമായി പണം അയച്ചു കൊടുക്കുന്നതിലൂടെ പിതാവിന്റെ ഉത്തരവാദിത്തം എല്ലാം തീർന്നു എന്ന് വിശ്വസിച്ചിരുന്ന ചെറിയാനായിരുന്നു അവന്റെ അച്ഛൻ.

സാമ്പത്തികാധികാരത്തിന്റെ ഏറ്റക്കുറച്ചിലായിരുന്നു ദീപുവിനെ കിരണിൽ നിന്നും വ്യത്യസ്തനാക്കിയത്. കുടുംബം ധനാത്മകശക്തിയായി പരിണമിക്കാത്തിടത്തോളം ആശ്രിതമനോഭാവ വേഷം അവന് അഴിച്ചു വെക്കാൻ പറ്റിയിരുന്നില്ല . പോൾ പാപ്പനിലൂടെ രൂപപ്പെടുന്ന/ നിയന്ത്രിക്കപ്പെടുന്ന ജീവിതഘടനയാണ് അഭികാമ്യം എന്ന ബോധ്യപ്പെടലാണ് അവനെ വിവേകമതിയാക്കിയത്.

കേരളീയാന്തരീക്ഷത്തിലെ മധ്യവർഗകുടുംബങ്ങളുടെ അവസ്ഥയെ അവതരിപ്പിക്കുന്നതിലാണ് നോവൽ പൂർണമായും ശ്രദ്ധ പതിപ്പിക്കുന്നത്. . മധ്യവർഗ/ഉപരിവർഗ ബോധങ്ങളും പള്ളി/സഭ തുടങ്ങിയ അതിരുകൾ നിർമ്മിക്കുന്ന ചട്ടക്കൂടുകളും സ്ത്രീ-പുരുഷ വ്യവഹാരങ്ങളെ എത്ര കണ്ടു സങ്കീർണമാക്കുന്നുവെന്നു ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. അയുക്തിപരമായ മൂല്യങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തുറന്നു കാണിക്കുകയെന്നതും നോവലിന്റെ അപ്രഖ്യാപിതലക്ഷ്യമാണ്. കേരളമെന്ന മാറുന്ന സമൂഹത്തിലെ പുതിയ സമവാക്യങ്ങളും അധികാരചിന്ഹങ്ങളും പരാമർശിച്ചു കൊണ്ട് കോസ്മോപോളിറ്റൻ രീതികളിലേക്കു നീങ്ങുന്ന മലയാളി മധ്യവർഗ്ഗത്തെയാണ് ആളോഹരി ആനന്ദത്തിൽ സാറാ ജോസഫ് പരിചയപ്പെടുത്തുന്നത്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Sara joseph aalohari anandam novel feminist writing sexuality lesbianism