മീനുടുപ്പുവലിച്ചൂരി മുറിച്ചടുപ്പിൽ,
സങ്കടത്തരികൾ വങ്കടമേൽ
വെളുത്ത,ലിഞ്ഞു.
ഓർമ്മത്തിള മുന്നേ
അടുപ്പ് പിൻപേ…
മീനുകളുടെ പാഠശാല,
അധ്യാപിക ചോദിക്കുന്നു
കടൽമീനിനെ കണ്ടിട്ടുണ്ടോ
കായലിൽ പുഴയിൽ
തോട്ടിൽ കുളത്തിൽ
കണ്ടിട്ടുണ്ടോ
ജലമങ്ങനെ തിരിഞ്ഞൊഴുകി
മീനുകളെ ചെറുതാക്കി .
കുളത്തിൽ തോട്ടിൽ
കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്,
ഓർമ്മയിൽ
ആനക്കണ്ണൻ തിള.
മീൻ നീന്തുന്നതിനെപറ്റി
ചിറകുകളെപറ്റി ചോദിക്കുന്നു.
കടൽ പോലെ കരയിൽ
ചിറകുള്ളതിനെ ഓർക്കുന്നു.
കടൽ പോലെ കരയിൽ
തലത്തല്ലുന്നതിനെയോർക്കുന്നു.
പച്ച മനുഷ്യരായി
കരയിൽ ജീവിക്കാനവാത്തപ്പോഴും
പകുതി മനുഷ്യരായി
കടലിൽ ജീവിക്കുന്നവയെ
ഓർക്കുന്നു.
മീൻ മുളളിനെ പറ്റി
ചോദിക്കുന്നു,
ജലം ജലമെന്നുവാർന്ന്
ചൂണ്ടുവിരലിൽ
കൊണ്ടു മുറിഞ്ഞു.
മീൻകണ്ണുകളെ പറ്റി
ചോദിക്കുന്നു,
പാഠശാല
തിരിഞ്ഞൊഴുകി
ഓർമ്മകളെ ചെറുതാക്കി.
തലയ്ക്കുളളിൽ
ഹൃദയവുമായി
അടുപ്പിൽ
ആനക്കണ്ണൻ തിളയിൽ
വങ്കട*യുടെ തലവേവുന്നു.
വങ്കട തിന്നാൽ
സങ്കടം തീരും.
*ഒരിനം കടൽമീൻ