scorecardresearch
Latest News

മോഹവും പ്രതീക്ഷയും: കലയുടെ ആവശ്യക്കാര്‍

കല പ്രവര്‍ത്തിക്കുന്നത് ‘പ്രതീക്ഷ’യിലാണ്. രചനയ്ക്കും വായനയ്ക്കും ഇടയില്‍ ആ പ്രതീക്ഷ ഈശ്വരീയമായ നാട്യത്തോടെ ഒളിച്ചു പാര്‍ക്കുന്നു

SamuelBeckett, Karunakaran, Iemalayalam

“ഗോദോയെ കാത്തിരിക്കുന്ന ക്രിസ്തു”, ‘സാമുവെല്‍ ബെക്കറ്റ്” എന്ന ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ കണ്ട ഒരു പുസ്തകത്തിന്‍റെ പേരാണ്, ബെക്കറ്റിന്റെ രചനകളെ ദൈവശാസ്ത്ര കല്‍പ്പനയില്‍ അന്വേഷിക്കുന്ന പുസ്തകമത്രെ. അദൃശ്യമായ ഒന്നിനെ തേടുകയോ സ്പര്‍ശിയ്ക്കുകയൊ ചെയ്യുന്ന ഒരു ശ്രമം കലയുടെ ആഗ്രഹമാകുന്നതിനെ പറ്റിയാകാം ഈ പുസ്തകം.

കലയുടെ അസാധരണത്വം ചിലപ്പോള്‍ ദുരൂഹമായ ഒരുതലത്തെക്കൂടി നിര്‍മ്മിക്കുന്നു. ബെക്കറ്റിന്റെ ‘ഗോദോ’ മോഹവും പ്രതീക്ഷയും ചിലപ്പോള്‍ ദൈവംതന്നെയും ആകുന്നത് അതുകൊണ്ടാണ്. കാത്തിരിപ്പ് മുഴുവന്‍ സമയവും മടുപ്പും ചിലപ്പോള്‍ ദൈവത്തെ കുറിച്ചുള്ള ഓര്‍മ്മയും ആകുന്നു. ജീവിതത്തെ ആത്മീയമായ ഒരാവശ്യം എന്ന അര്‍ത്ഥത്തിലല്ല അപ്പോള്‍ ഒരാള്‍ കണ്ടുമുട്ടുക. പകരം, ദിനേനയുള്ള ജീവിതത്തിലെ ചെറുതും വലുതും നരകങ്ങളില്‍ നിന്നുള്ള ചെറിയ ചെറിയ വേര്‍പെടലുകളുടെ ഒരു ചങ്ങലയാണ് തന്‍റെ ഈ ദിവസം എന്ന തോന്നലാവും.

അതും തീര്ച്ചയില്ല.

അല്ലെങ്കില്‍, കല പ്രവര്‍ത്തിക്കുന്നത് ‘പ്രതീക്ഷ’യിലാണ്. രചനയ്ക്കും വായനയ്ക്കും ഇടയില്‍ ആ പ്രതീക്ഷ ഈശ്വരീയമായ നാട്യത്തോടെ ഒളിച്ചു പാര്‍ക്കുന്നു. കവിത പ്രതീക്ഷിച്ച അത്ര നന്നായില്ല എന്ന്, ചിലപ്പോള്‍, കവിയും വായനക്കാരിയും ഒരുപോലെ ഉപേക്ഷിയ്ക്കുന്ന സ്ഥലവും ആ പ്രതീക്ഷയുടെയാണ്. എന്തെല്ലാം പ്രതീക്ഷകളായിരുന്നു എന്ന് ജീവിതത്തെ നിര്‍മ്മിക്കുന്ന ദിവസം, ജീവിതത്തിലെന്നപോലെ, കലയിലും ഇടപെടുന്നു. കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്നെതിരെ വെല്‍വെറ്റ് വിപ്ലവം നയിച്ച നാടകകൃത്തും രാഷ്ട്രീയ നേതാവുമായിരുന്ന വാസ്ലേവ് ഹാവേല്‍ ജയില്‍ മോചിതനായെത്തുന്ന ദിവസം ചെക്ക് ജനത അദ്ദേഹത്തെ സ്വീകരിച്ചത് ‘ഗോദോ’ എന്ന പ്ലക്കാര്‍ഡും പിടിച്ച് ആര്‍പ്പുവിളികളോടെയായിരുന്നുവത്രെ. തങ്ങളുടെ പ്രതീക്ഷ സഫലമായപോലെ. ബെക്കറ്റും ഹാവേലും സുഹൃത്തുക്കളുമായിരുന്നു.

കഥ വായിക്കുമ്പോള്‍, കവിത വായിക്കുമ്പോള്‍, നാടകം കാണുമ്പോള്‍, എല്ലാം, നമ്മള്‍ അങ്ങനെ പ്രതീക്ഷയുടെ ‘തടങ്കലില്‍’ കഴിയുന്നു. പ്രതീക്ഷിക്കാത്ത ഒന്ന്, പക്ഷെ, ആ തടങ്കലിന് പുറത്തും നില്‍ക്കുന്നു. കലയുടെ അദൃശ്യമായ ഒരാലിംഗനം നമ്മുക്കുവേണ്ടി കരുതിവെയ്ക്കുന്നു. വിവരിക്കാന്‍ അസാധ്യമായ ആ നില്‍പ്പിനെ, ദുരൂഹതയുടെ ഭംഗിയെ, നാം ഉപേക്ഷിക്കുന്നത് പക്ഷെ പലതുംകൊണ്ടാണ് : പലപ്പോഴും ജീവിതത്തിന്‍റെ ആവശ്യം എന്ന നിലയ്ക്ക്.SamuelBeckett, Karunakaran, Iemalayalam

കുറേ വര്‍ഷംമുമ്പ് മുംബൈ നഗരത്തിലെ ഒരു തെരുവില്‍ നിന്നാണ് എനിക്ക് ബെക്കറ്റിന്‍റെ ‘Waiting for Godot’ എന്ന നാടകം കിട്ടുന്നത്. പഴയ ഒരു പുസ്തകമായിരുന്നു അത്. തെരുവില്‍ കഴിഞ്ഞതിന്‍റെ ഓര്‍മ്മയില്‍, നാടകത്തിലെ തെണ്ടികളെപ്പോലെ, പുസ്തകവും മുഷിഞ്ഞിരുന്നു. മഞ്ഞയുടെയും പഴയ ഓര്‍മ്മയിലേക്ക് പിന്‍വാങ്ങുന്ന പുസ്തകത്തിന്‍റെ പല പേജുകളിലും വരികള്‍ക്ക് താഴെ നീല മഷികൊണ്ട് വരച്ചിരുന്നു. ആ നീലയും മായാന്‍ തുടങ്ങിയിരുന്നു. പേജുകളുടെ അരികുകളില്‍ ഇംഗ്ലീഷില്‍ ചില കുറിപ്പുകള്‍ ഉണ്ടായിരുന്നു. ആ അക്ഷരങ്ങളും മായാന്‍ തുടങ്ങിയിരുന്നു. ആരോ നന്നായി “പഠിച്ച” ഒരു പുസ്തകം, പിന്നീട് വഴിയോര കച്ചവടത്തിന് കൈമാറിയതാണ്.

എനിക്ക്, ഇപ്പോഴും, പഴയ പുസ്തകങ്ങള്‍ നിര്‍ഭാഗ്യത്തിന്‍റെ ഓര്‍മ്മയാണ്. സ്കൂളില്‍ പഠിക്കുന്ന കാലം മുഴുവന്‍ ഞാന്‍ ഉപയോഗിച്ചിരുന്നത് എനിക്കും മുമ്പ് മറ്റൊരു വിദ്യാര്‍ഥി ഉപയോഗിച്ച പുസ്തകങ്ങളായിരുന്നു. മറ്റൊരു പേരുവെട്ടി എന്‍റെ പേര് എഴുതിയ പുസ്തകങ്ങളായാണ് അവയും എന്നോടൊപ്പം കഴിഞ്ഞത്. അക്കാലത്ത്, പരീക്ഷ കഴിയുമ്പോള്‍ത്തന്നെ അടുത്ത ക്ലാസിലേക്കുള്ള പാഠ പുസ്തകങ്ങള്‍ നാട്ടിലെ ഏതെങ്കിലും കുട്ടിയുടെ വീട്ടില്‍പ്പോയി കണ്ട് ഉറപ്പുവരുത്തുകയായിരുന്നു പതിവ്. പകുതി വില കൊടുത്താല്‍ മതിയാകും. പുസ്തകങ്ങളുടെ അവസ്ഥ ചിലപ്പോള്‍ അതിലും വില കുറയ്ക്കും. ആ കൂട്ടത്തില്‍ ഒരു കുട്ടിയുടെ വീടും മുഖവും ഞാന്‍ മറന്നതേ ഇല്ല. അല്ലെങ്കില്‍, അന്ന്, ദരിദ്രരായ രണ്ടു വിദ്യാര്‍ഥികളുടെ പുസ്തകകൈമാറ്റ ചടങ്ങ്‌ ഇരുളുന്ന പകലിന്‍റെ ഒരു ക്ലോസിംഗ് സെറിമണിപോലെയായിരുന്നു.

ഇപ്പോള്‍, അന്നത്തെ വിദ്യാര്‍ഥിയുടെതിനെക്കാള്‍ ദരിദ്ര്യനായിട്ടായിരന്നു ‌ മുംബൈ നഗരത്തിലെ എന്‍റെ ജീവിതം. അഞ്ചു രൂപയായിരുന്നു പുസ്തകത്തിന് വില പറഞ്ഞത്. ഞാനത് മൂന്നാക്കി തരാന് പറഞ്ഞു. എന്‍റെ കൈയ്യില്‍ അത്രയും പൈസയുണ്ട്. കച്ചവടക്കാരന്‍ പുസ്തകം ആ വിലക്ക് തന്നു. പുസ്തകം വാങ്ങി ഞാന്‍ മുമ്പോട്ടു നടക്കാന്‍ തുടങ്ങിയതും എനിക്ക് തൊട്ടുമുമ്പില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ എന്നെ തിരിഞ്ഞു നോക്കി. ബെക്കറ്റ് തന്നെ! ഒരുനിമിഷം ഞാന്‍ സ്തബ്ധനായി നിന്നു. എന്നാല്‍, ഒരിക്കലും ആ വെള്ളക്കാരനെ മുമ്പില്‍ പോയിനിന്ന് അയാള്‍ ആരാണെന്ന് ഉറപ്പിക്കില്ലെന്ന ഉറപ്പില്‍ എന്‍റെ മനോവിഭ്രമത്തിനും ഒപ്പം, ആള്‍ക്കൂട്ടത്തിന് പിറകില്‍, അയാളുടെ പിറകു വശം കണ്ടുകൊണ്ട്‌, ബെക്കറ്റ് തന്നെ എന്ന് അടയാളം തന്ന ചെകുത്താന്‍ ചെവികള്‍ കണ്ടുകൊണ്ട്‌, ഞാന്‍ നടക്കാന്‍ തുടങ്ങി…. പ്രതീക്ഷയും കാത്തിരിപ്പും ചിലപ്പോള്‍ ഒരാളെ ദിവസത്തിന്‍റെ ഓമനയാക്കുന്നു. ഞാന്‍ വിചാരിച്ചു. തൊട്ടുപിന്നെ, നഗരം ആ കാഴ്ച്ചയെയും മായ്ക്കുന്നതിനും മുമ്പ്, ആ സഹയാത്ര എനിക്ക് എന്നേയ്ക്കുമുള്ള ഓര്‍മ്മയുമായി.SamuelBeckett, Karunakaran, Iemalayalam

ഈ അനുഭവത്തെപ്പറ്റി ഒരുപക്ഷെ ഞാന്‍ മൂന്ന് തവണ എഴുതിയിട്ടുണ്ട്. എത്രയോ ആളുകളോടും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കഥാകൃത്ത് സുരേഷ്കുമാറിനോടും (മാതൃഭൂമി ബുക്സ്) ഇത് പറഞ്ഞു. എന്റെതന്നെ പഴയ ഒരു കഥ (ഗോദോയെ കാത്ത്) അദ്ദേഹം ഓര്‍മ്മിപ്പിച്ചപ്പോള്‍.

എല്ലാ ഓര്‍മ്മയും നമ്മള്‍ ഓര്‍ക്കുന്നത് അപരിചിതമാക്കുന്ന ഒരകലം തിരികെ മറികടന്നുകൊണ്ടാണ്. വര്‍ഷങ്ങളുടെ ഒരു രേഖ അപ്പോള്‍ പതുക്കെ തെളിയുന്നു.

പാരീസിലെ ഒരു തെരുവില്‍ റോഡപകടത്തില്‍പ്പെട്ട് ഏതാനും നേരം അപരിചിതനായി, ഏവര്‍ക്കും അജ്ഞാതനായി കിടന്ന സാമുവേല്‍ ബെക്കറ്റിനെക്കുറിച്ച് വായിച്ചപ്പോഴും കലയുടെ അനിഷേധ്യമായ ഈ അനുഭവങ്ങളിലേക്കും ഞാന്‍ പോയിരുന്നു: അത് കല സ്വയം നിര്‍മ്മിക്കുന്ന അപരിചിതത്വവും പ്രതീക്ഷയുമായിരുന്നു. കലയിലെ ഈ അനുഭവങ്ങളെ ദൈവശാസ്ത്രവുമായി അടുപ്പിക്കുന്നത്, ഗ്രന്ഥകാരന്‍റെ ജീവചരിത്രം കൊണ്ടാവുമ്പോഴും, നമ്മുടെതന്നെ സ്വാസ്ഥ്യത്തെ ആഗ്രഹിച്ചുകൊണ്ടാകും എന്ന് തോന്നാറുണ്ട്. ഈ കുറിപ്പിനെ ഓര്‍മ്മിപ്പിക്കുന്ന പുസ്തകത്തിന്‍റെ തലക്കെട്ട് പോലെ: ഗോദോയെ കാത്തിരിക്കുന്ന ക്രിസ്തു. ഒരുപക്ഷെ, പ്രശസ്തമായ ആ നാടകത്തിന് ഇപ്പോഴും പഠനങ്ങളും നിരൂപണങ്ങളും ഉണ്ടാവുന്നതും ജീവിതത്തെ ആനയിക്കാന്‍ ആഗ്രഹിക്കുന്ന ഇത്തരം പ്രതീക്ഷകള്‍കൊണ്ടാകാം. എന്നാല്‍ കലയില്‍ അത് ഭാവനയുടെ പ്രവചനാതീതമായ കളികള്‍ എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക. ബെക്കറ്റിനുവേണ്ടി അങ്ങനെയൊരു കളി, ഒരിക്കല്‍, ഞാനും നടത്തി.

അതേ മുംബൈയില്‍ ഫോര്ട്ടിലുള്ള പ്രശസ്തമായ ഒരു പുസ്തകവില്പ്പനശാലയില്‍ ഒരിക്കല്‍ ഞാന്‍ ബെക്കറ്റിന്റെ റേഡിയോ നാടകങ്ങളുടെ ഒരു സമാഹാരം കണ്ടു. പുസ്തകത്തിന്‍റെ ഒരേയൊരു കോപ്പിക്കുമുമ്പില്‍, അതിന്‍റെ വലിയ വിലയ്ക്കു മുമ്പില്‍, വീണ്ടും ദരിദ്രനായ ഞാന്‍ ചെന്നുപെടുകയായിരുന്നു. മോഹങ്ങള്‍ക്കുമുമ്പിലാണ് പലപ്പോഴും ചെകുത്താന്‍, ചിലപ്പോള്‍ മാത്രം ദൈവം, നമ്മളെ കൊണ്ടുചെന്നാക്കുക. എനിക്കത് ദൈവത്തിന്‍റെ കളിയായിരുന്നു. അവിടെ നിന്ന്, രണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ആരുംകാണാതെ ആ പുസ്തകമെടുത്ത്, ബെക്കറ്റ് ഒരിക്കലും ചെന്നിരിക്കില്ല എന്ന് ഉറപ്പുള്ള മറ്റു പുസ്തകങ്ങളുടെ ഒരു നിരയില്‍ പുസ്തകം ഞാന്‍ മറച്ചുവെച്ചു. അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ അത്രയും പൈസയുണ്ടാക്കി ഇവിടെ വന്ന് ഈ പുസ്തകം വാങ്ങുക എന്നും തീരുമാനിച്ചു.

രണ്ടും അതേപോലെ നടന്നു.

ഇപ്പോഴും ഒരുവട്ടം തിരിഞ്ഞുനോക്കി ചെകുത്താന്‍ ചെവിയുള്ള എഴുത്തുകാരന്‍ വീണ്ടും അപ്രത്യക്ഷനാവുകയും ചെയ്തു.

ഹോ, ഈ വരി പക്ഷെ, ഇപ്പോള്‍, ഞാന്‍ എനിക്കുവേണ്ടി കൂട്ടിചേര്‍ത്തതാണ് എന്നുമാത്രം.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Samuel beckett karunakaran