മുത്തശ്ശന്റെ മരണം ആകാശിന് വല്ലാത്തൊരു നഷ്ടമായിരുന്നു. അവന് ആറ് വയസ്സുള്ളപ്പോഴാണ് മുത്തശ്ശന്‍ മരിച്ചത്. മരിക്കുമ്പോള്‍ ആകാശ് കട്ടിലിനടുത്ത് അച്ഛന്റെ മടിയില്‍ ഇരിക്കുകയായിരുന്നു. മുത്തശ്ശന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്ന് ആകാവുന്നത്ര ആയത്തില്‍ ശ്വാസമെടുത്ത് പുറത്തുവിട്ടു. രണ്ടാമതൊന്നുകൂടി ശ്വാസമെടുക്കാന്‍ ശ്രമിച്ച് മൂക്ക് വികസിപ്പിച്ചു. എന്നിട്ടും ശ്വാസം കിട്ടാതെ വായ ആകാവുന്നത്ര വലുതാക്കി. ശ്വാസം ഉള്ളിലേക്ക് കയറാത്തതിനാല്‍ കണ്ണുകള്‍ പുറത്തേക്ക് തള്ളിവന്നു. എന്തോ കണ്ട് പേടിച്ചതുപോലെ മുഖം വക്രീകരിച്ചു. ദൃഷ്ടി മുകളിലേക്ക് മറഞ്ഞ് കണ്ണുകള്‍ വെള്ളനിറമായി. സമയനദിയുടെ ഒഴുക്കില്‍ കമ്പില്‍കുത്തി നിന്നുപോയ ഇലയെപ്പോലെ മുത്തശ്ശന്‍ നിന്നു. മറ്റുള്ളവര്‍ പിന്നെയും ഒഴുകി.
മാസങ്ങളായി കിടപ്പിലായ മുത്തശ്ശന്റെ മരണം എല്ലാവര്‍ക്കും ആശ്വാസമായിരുന്നു. ആകാശിന് മാത്രം വലിയ നഷ്ടമായിരുന്നു. മറ്റാര്‍ക്കുമില്ലാത്ത നഷ്ടം.
‘നിന്റെ പേര് ഓര്‍മ്മയുണ്ടോ?’
ദൃഷ്ടിയുറപ്പിക്കാനാവാതെ മുറിയിലാകെ പരതി നടക്കുന്ന കണ്ണുകളില്‍ നോക്കി ഡോക്ടര്‍ ആകാശിനോട് ചോദിച്ചു. ആകാശ് ചോദ്യം കേള്‍ക്കാത്ത മട്ടില്‍
മുറിയാകെ ചുഴിഞ്ഞ് നോക്കിക്കൊണ്ടിരുന്നു. അന്ന് രാവിലെ കപ്പലില്‍നാവിഗേഷന്‍ സിസ്റ്റത്തില്‍ ബീക്കണുകള്‍പരിശോധിക്കുന്നതിനിടക്കാണ് ഓര്‍മ്മ നഷ്ടപ്പെട്ടതുപോലെ തോന്നിയത്. പെട്ടൊന്നൊരു ശൂന്യത. കുറച്ചു നേരം ഈ ലോകം വിട്ട് എവിടെയോ പോയി തിരിച്ചു വന്നതുപോലെ ഒരനുഭവം. വല്ലാതെ പേടിച്ചുപോയ നിമിഷങ്ങള്‍. സാധാരണ ലോകത്തേയ്ക്ക് തിരിച്ചു വന്നപ്പോള്‍ ശരീരം ആകെ വിയര്‍ത്ത് കുളിച്ചിരുന്നു.
ഉള്ളിലെ കാളല്‍ അപ്പോഴും ബാക്കി കിടന്നിരുന്നു. കപ്പല്‍ പെട്ടെന്ന് മുങ്ങി താന്‍ മരിച്ചുപോയി എന്ന് തന്നെയാണ് അയാള്‍ക്കപ്പോള്‍തോന്നിയത്.
സെക്കൻഡ് ഓഫീസറായ ആകാശ് പോക്കറ്റില്‍ നിന്ന് പേനയെടുത്ത് ബീക്കണ്‍ സിഗ്നലിന്റെ ലെവല്‍ എഴുതാനുള്ള റജിസ്റ്ററില്‍ കൈവെച്ചപ്പോഴാണ് വലത് കൈ വിറയ്കുന്നതായി തോന്നിയത്. തോന്നലായിരുന്നില്ല കളം മാറ്റിയാണ് റീഡിങ് എഴുതിയത്. ആകാശ് ഉടനെ എഴുന്നേറ്റ് ക്യാബിനില്‍ വിശ്രമിക്കുകയായിരുന്ന തേഡ് ഓഫീസറെ വിളിച്ചുണര്‍ത്തി.
“എന്തോ തലവേദന പോലെ. വല്ലാത്ത ക്ഷീണം. ഒന്ന് റീഡിങ് നോക്കണം.”
ചെറുപ്പക്കാരനായ തേര്‍ഡ് ഓഫീസര്‍ ഉടനെ എഴുന്നേറ്റ നാവിഗേഷന്‍ റൂമിലേക്ക് പോയി. ആകാശ് തന്റെ കട്ടിലില്‍ കിടന്നു. ഒരു ഇടവേളയില്‍ നഷ്ടമായ ഓര്‍മ്മയുടെ പേടി വിടാതെ പിന്‍തുടര്‍ന്നു. ആ നിമിഷം ശരീരം തന്റേതല്ല എന്നൊരു തോന്നല്‍. എത്ര നേരമാണ് ഓര്‍മ്മ നഷ്ടമായത്. സമയപ്രവാഹം ബോധത്തിന്റെ തുടര്‍ച്ചയാണെന്ന് ആദ്യമായി മനസ്സിലായത് അപ്പോഴാണ്. ഓര്‍മ്മ നഷ്ടപ്പെടുമ്പോള്‍ ശരീരം മാത്രമല്ല നഷ്ടമാകുന്നത് സമയവും നഷ്ടമാകുന്നു. ഓട്ടമല്‍സരത്തില്‍ ഒരു നിമിഷം നിന്നുപോയ മത്സരാര്‍ത്ഥിയെപ്പോലെ എല്ലാവരും മുന്നിലോടുന്നത് കണ്ട് ആകാശ് പകച്ചു. ജീവനില്ലാത്ത കപ്പല്‍ പോലും തന്നെ ബോധിപ്പിക്കാതെ മുന്നോട്ട് പോയിരിക്കുന്നു.
ആകാശ് കണ്ണടച്ചു. ഉറങ്ങാന്‍ പറ്റുന്നില്ല. പലരും മരണത്തെ ഉറക്കത്തോട് ഉപമിക്കാറുണ്ട്. ഉറങ്ങുമ്പോള്‍ ബോധം നഷ്ടമാകുന്നതും ചുറ്റുമുള്ളതെല്ലാം ചലിക്കുന്നതും എല്ലാ ചലനങ്ങളില്‍ നിന്നും സ്വന്തം ബോധം അപ്രത്യക്ഷമാകുന്നതും ഒരു തരം മരണമാണെന്ന് പലപ്പോഴും പറയാറുണ്ട്. ഉറക്കം ഒരിക്കലും മരണമല്ല. ഉറക്കത്തിനിടയ്ക്ക് സമയബോധമുണ്ട്. ഉറങ്ങുന്നതിന് മുമ്പും ഉറങ്ങിയുണര്‍ന്നതിന് ശേഷവും തമ്മിലുള്ള സമയബോധമാണ് ആ വിടവ് നികത്തുന്നത്. ബോധരഹിതനായി ഉറങ്ങിത്തീര്‍ത്ത സമയമത്രയും സമയബോധത്തില്‍ ചേര്‍ത്തുവെയ്ക്കാനുള്ള കഴിവ് കൂടി ഉള്ളതിനാലാണ് അത്രയും സമയം ജഢമായിരുന്നില്ല എന്ന് നാം കണക്കാക്കുന്നത്. ഉറക്കം ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ നാവിഗേഷന്‍ റൂമില്‍ വെച്ച് സംഭവിച്ചത് ഇതൊന്നുമായിരുന്നില്ല. അതൊരു മരണം തന്നെയായിരുന്നു. കപ്പല്‍ അന്ന് ഉച്ചയോടെ കൊച്ചിയില്‍ അടുക്കുമെന്നത് മാത്രമാണ് ആശ്വാസമായിരുന്നത്.
മരിക്കുന്നെങ്കില്‍ അത് കരയില്‍ നിന്നായിരിക്കണം എന്നാണ് എല്ലാ നാവികരും ആഗ്രഹിക്കുന്നത് എന്ന് വായിച്ചത് എത്ര ശരിയാണ്. കപ്പല്‍ ഇറങ്ങിയ ഉടനെ ആകാശ് സുഹൃത്തായ മെല്‍വില്‍ എന്ന് ഡോക്ടറുടെ അടുത്തേക്കാണ് ടാക്‌സി പിടിച്ചു. ഭാഗ്യത്തിന് മെല്‍വിനെ വിളിച്ചപ്പോള്‍ അവന്‍ കടവന്ത്രയിലെ വീട്ടിലുണ്ടായിരുന്നു.
ഒരു രോഗിയായാണ് ആകാശ് വന്നത് എന്നറിഞ്ഞപ്പോള്‍ മെല്‍വിന്‍ അവനെ സുഹൃത്തുക്കളോടൊത്ത് സാധാരണ ഇരിക്കാറുള്ള പഠന മുറിയില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക് കൊണ്ടുപോയി. വെളിച്ചം കുറഞ്ഞ് മരുന്ന് മണമുള്ള ആ മുറിയിലെത്തിയപ്പോള്‍ ഏതോ ആശുപത്രിയില്‍ എത്തിയതുപോലെയാണ് ആകാശിന് തോന്നിയത്. അവന് മുന്നില്‍ രോഗികള്‍ക്കുള്ള കസേരയിലിരുന്ന് പരിശോധനക്കായി നാവ് നീട്ടുകയും ടോര്‍ച്ച് വെളിച്ചത്തിലും കണ്ണ് തുറന്ന് പിടിക്കുകയും വായ ആകാവുന്നത്ര തുറക്കുകയും നെഞ്ചില്‍ സ്റ്റെതസ്‌കോപ് അമര്‍ത്തിവെക്കുകയും ശ്വാസം ക്രമീകരിക്കുകയും ചെയ്തപ്പോള്‍ താന്‍ ഒരു രോഗി തന്നെ എന്ന് ആകാശ് ഉറപ്പിച്ചു. ഇതിന് മുമ്പും ആകാശ് പലവട്ടം ഇങ്ങനെ മെല്‍വിന് മുന്നില്‍ ഇരുന്നിട്ടുണ്ട്. അപ്പോഴൊക്കെ സുഹൃത്തായ ഡോക്ടറുടെ സൗഹൃദത്തോടെയുള്ള പരിചരണമായിരുന്നു കിട്ടിയത്. ഇപ്പോള്‍ തീര്‍ച്ചയായും അങ്ങനെയല്ല. മെല്‍വിന്‍ തനിക്ക് അപരിചിതനായ ഡോക്ടറാണ്. ഇപ്പോള്‍ ആകാശും മെല്‍വിനും വഴി പിരിഞ്ഞിരിക്കുന്നു. ഒരാള്‍ ഡോക്ടര്‍മാത്രവും രണ്ടാമന്‍ രോഗി മാത്രവുമായിരിക്കുന്നു.
ആകാശിന് വിയര്‍ക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു മുറി ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെ. പലതരം മരുന്നുപെട്ടികള്‍ അടുക്കിവെച്ച അലമാര, രോഗികളെ കിടത്തി പരിശോധിക്കാനുള്ള നീല നിറത്തില്‍ കുഷ്യനിട്ട ഇരുമ്പ് കട്ടില്‍, ഒരു ട്രേയില്‍ പലവിധത്തിലുള്ള കത്രികകള്‍. അതിന് മുകളില്‍ അലസമായി വെച്ച വെളുത്ത നിറത്തിലുള്ള ഗ്ലൗസ്. ദൃഷ്ടി എവിടെയും ഉറയ്കുന്നില്ല. താന്‍ ശരിക്കും രോഗിയായിരിക്കുന്നു.
‘എന്താണ് പേര്?’
ഡോക്ടര്‍ ചോദ്യം മാറ്റി.
‘ആകാശ്.’
മെല്‍വിന്‍ വലിയ ആശ്വാസത്തോടെ അയാളെ നോക്കി മന്ദഹസിച്ചു. താന്‍ പേര് ഓര്‍ത്തതിന്റെ സന്തോഷമായിരിക്കും. ആകാശിന് പക്ഷെ തിരിച്ച് ചിരിക്കാന്‍ പോലും തോന്നിയില്ല.
മെൽവിന്‍ ഒരു ചെറിയ സ്റ്റിക്കില്‍ റബര്‍ ഡിസ്‌ക് പിടിപ്പിച്ച ചുറ്റിക പോലെയുള്ള ഉപകരണമെടുത്ത് വലത്തെ മുട്ടുകാലില്‍ ഒരു തട്ട് തട്ടി. ഇടത് കാല്‍മുട്ടിലും തട്ടിനോക്കി . പ്രതീക്ഷിച്ച പ്രതിപ്രവര്‍ത്തനം ലഭിക്കാഞ്ഞതിനാലാവണം അവന്‍ ഒരിക്കല്‍ കൂടി അത് ആവര്‍ത്തിച്ചു. ആ ഹാമര്‍ കണ്ടപ്പോള്‍ ഒരു പെന്‍ഡുലത്തിന്റെ ലോഹസ്പര്‍ശനമാണ് ആകാശ് പ്രതീക്ഷിച്ചത്. എന്നാല്‍, ലോഹത്തണുപ്പ് അയാള്‍ക്ക് അനുഭവിക്കാനായില്ല. ഒരു ലോഹത്തണുപ്പിന്റെ നഷ്ടമാണ് മുത്തശ്ശന്റെ മരണവും അയാള്‍ക്ക് സമ്മാനിച്ചത്.
കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളായി അയാള്‍ക്ക് കിട്ടിയത് ക്ലോക്കുകളും ടൈപീസുകളും വാച്ചുകളും പെന്‍ഡുലങ്ങളുമായിരുന്നു. മുത്തശ്ശന്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ വാച്ച് കട ആര്‍ക്കെങ്കിലും വിറ്റുകളയണമെന്ന് അച്ഛനും അച്ഛന്റെ ഏട്ടന്‍മാരും സംസാരിക്കുന്നത് ആകാശ് കേട്ടിട്ടുണ്ട്. അതെങ്ങാന്‍ വിറ്റുകളഞ്ഞാല്‍ തനിക്ക് കളിക്കാന്‍ ഇവയൊന്നും കിട്ടാതെ വരുമോ എന്നാണ് അവന്‍ പേടിച്ചത്. അഥവാ വിറ്റുകളഞ്ഞാല്‍ തന്റെ കളിപ്പാട്ടങ്ങള്‍ തിരിച്ചു കൊടുക്കേണ്ടി വരുമോ എന്നും അവന്‍ ശങ്കിച്ചു. കളിപ്പാട്ടങ്ങള്‍ തിരിച്ചുകൊടുക്കല്‍ കുട്ടിക്കാലം തിരിച്ചു വാങ്ങുമ്പോലെയാണ്. അവ കുട്ടികള്‍ക്ക് കളിച്ച് തീര്‍ക്കാനുള്ള ഉപകരണങ്ങളാണ്. കളിപ്പാട്ടങ്ങള്‍ അപ്രത്യക്ഷമാകാനേ പാടുള്ളൂ എന്ന് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നൽകുമ്പോഴൊക്കെയും ആകാശ് ചിന്തിക്കാറുണ്ട്.
ആകാശ് ഭയന്നതു തന്നെ സംഭവിച്ചു. മുത്തശ്ശന്റെ വാച്ച് റിപ്പയര്‍ ചെയ്യുന്ന കട അച്ഛനും അച്ഛന്റെ ഏട്ടന്‍മാരും വിറ്റു. കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ അവന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അനേകം വാച്ചുകളും ക്ലോക്കുകകളും ടൈംപീസുകളും ഒരു ചാക്കിലാക്കി വീട്ടില്‍ കൊണ്ടുവന്നു. ആളുകള്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചു പോയ സാധനങ്ങളാണത്. അവയില്‍ വര്‍ഷങ്ങളായി ആരും തിരിച്ചെടുക്കാത്തവയാണ് ചാക്കിലാക്കി കൊണ്ടു വന്നിരിക്കുന്നത്. സമയം ചാക്കില്‍ നിറച്ച് സൈക്കിളില്‍ വെച്ച് വീട്ടിലെത്തിച്ച പയ്യന്‍ ഏതെങ്കിലും ഒരു വാച്ച് നല്കുമോ എന്ന് ചോദിച്ചിരുന്നു. പക്ഷെ അവന്റെ ചോദ്യം ആരും വകവെച്ചില്ല. ചുമട്ട് കാശ് കൊടുത്ത് അവനെ തിരിച്ചയച്ചു.
ചാക്ക് തുറന്നു നോക്കാനുള്ള ഭാഗ്യം കിട്ടിയത് ആകാശിനാണ്. ഓരോ വാച്ചിലും ഓരോ സമയം. എല്ലാം നിലച്ചിരിക്കുന്നു. അവന് വല്ലാത്ത അദ്ഭുതം തോന്നി. എപ്പോഴാകും ഓരോന്നും നിന്നുപോയത്. ജോലിസ്ഥലത്ത് വെച്ച്, യാത്രക്കിടയില്‍, ആശുപത്രിയില്‍ വെച്ച്, കല്യാണ ചടങ്ങില്‍ വെച്ച്, മരണവീട്ടിൽ വെച്ച്, അങ്ങനെ എവിടെ വെച്ചായിരിക്കും ഇവ നിലച്ചുപോയത്. നിലച്ചു പോയ ഓരോ വാച്ചിനും ഓരോ കഥ പറയാനുണ്ടാവില്ലേ? ഈ വാച്ചുകളിലേതെങ്കിലും മരണക്കിടക്കയില്‍ വെച്ച് നിലച്ചുപോയിട്ടുണ്ടാകുമോ എന്ന പേടിയും ഉള്ളില്‍ ജനിച്ചു. പിന്നീട് നേവല്‍ ഓഫീസറായി കടലിന് കുറുകെ സഞ്ചിരിക്കുമ്പോള്‍ പലപ്പോഴും ഇതിനെപ്പറ്റി ആലോചിച്ചിട്ടുണ്ട്. നാവികര്‍ സമയത്തെപ്പറ്റി വ്യാകുലരാകുന്നത്. നാവികര്‍ പല സമയങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ചാക്കില്‍ കെട്ടിവെച്ച വാച്ചുകള്‍ ഒന്നിച്ച് ചലിച്ചു തുടങ്ങിയാലുണ്ടാകുന്ന സമയപ്രഹേളികയാണ് നാവികരുടെ സഞ്ചാരപഥം.
‘ആകാശ്, നീ എന്നെ ശ്രദ്ധിക്കുന്നില്ലേ?’
മെല്‍വിൻ പെട്ടെന്ന് സുഹൃത്തായി. പക്ഷെ ആകാശിന് അയാളെ ശ്രദ്ധിക്കാനേ പറ്റിയില്ല. മെല്‍വിന്‍ ആകാശിനോട് കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു. ആകാശ് യന്ത്രത്തെപ്പോലെ മെല്‍വിന്റെ സഹായത്തോടെ കട്ടിലില്‍ കയറിക്കിടന്നു.
ഇത്ര പെട്ടെന്ന് ഒരാള്‍ ഇങ്ങനെ തളര്‍ന്നുപോകുമോ? മെല്‍വിന്‍ അത്ഭുതപ്പെട്ടു. കട്ടിലില്‍ കിടന്ന് ശരീരം അയച്ചിടാന്‍ മെല്‍വിൻ നിര്‍ദ്ദേശിച്ചു. അയാള്‍ നാഡി മിടിപ്പ് പരിശോധിച്ചു നോക്കി. തുടര്‍ന്ന് റബര്‍ ഹാമറെടുത്ത് കൈമുട്ടുകളിലും കാല്‍മുട്ടുകളിലും ഒരിക്കല്‍ കൂടി തട്ടിനോക്കി. എന്താണ് മെല്‍വിന്‍ പ്രതീക്ഷിക്കുന്ന പ്രതികരണം എന്നറിയാതെ
ആകാശ് അയാളെ നിസ്സഹായനായി നോക്കി. മെല്‍വിന്റെ മുഖത്ത് നിര്‍വികാരതയായിരുന്നു. അവന്റെ മുഖത്ത് സമയം നിശ്ചലമായിരിക്കുന്നു. ഇത്തരം ഒരു നിശ്ചലതായാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദര്‍ശിച്ചിരിക്കുന്നത്. പോര്‍ട്ട് വിട്ടുകഴിഞ്ഞാല്‍, കപ്പല്‍മിക്കപ്പോഴും നിശ്ചലമായ കടലിലൂടെയാണ് യാത്ര ചെയ്യുക. ഓളങ്ങളില്ലാതെ ചത്തുകിടക്കുന്ന കടല്‍. ഒരു തരം മരവിപ്പ് കടലിനെ പൊതിഞ്ഞിരിക്കുന്നതായി തോന്നും. ആ മരവിപ്പ് മനസ്സിലേക്ക് ചേക്കേറാന്‍ അധിക നേരം വേണ്ട. നാവിഗേഷന്‍ റൂമില്‍കയറിയിരുന്ന് പ്രിന്ററിലൂടെ സംഖ്യകളും അക്ഷരങ്ങളുമായി രഹസ്യ സന്ദേശം പോലെ പുറത്തുവരുന്ന കാലാവസ്ഥാ നിര്‍ദ്ദേശങ്ങളും കപ്പലിന്റെ സഞ്ചാരപഥം കാണിക്കുന്ന റഡാര്‍ സ്ക്രീനും അക്ഷാംശവും രേഖാംശവും കാണിക്കുന്ന വെളിച്ചം പരന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേകളും പുതുമകളില്ലാത്ത യാഥാര്‍ത്ഥ്യങ്ങളായിരുന്നു. എത്രനേരമാണ് അത് നോക്കിയിരിക്കുക.
വല്ലപ്പോഴും മത്സബന്ധനബോട്ടുകാര്‍ കാണിക്കുന്ന ചുവന്ന വെളിച്ചത്തിന്പകരമായി പച്ച വെളിച്ചം കാണിക്കാനും റഡാറില്‍ തെളിയുന്ന മറ്റ് ബോട്ടുകളും കപ്പലുകളും കണ്ടാല്‍ വയര്‍ലെസില്‍ അവരുമായി സംസാരിക്കാനും മാത്രമാണ്. ഇതില്‍ കാവലിരിക്കുന്നത്. ഏതെങ്കിലും ലൈറ്റ് ഹൗസിന്റെ ബീക്കണ്‍ വെളിച്ചം കണ്ടാല്‍ കരയുടെ സാന്നിധ്യം മനസ്സിലാക്കി കപ്പല്‍ചാല്‍ കണ്ടെത്തണം. വരുന്നതിലേറെയും ആവശ്യമില്ലാത്തതോ അറിവുള്ളതോ ആയ വിവരങ്ങള്‍ മാത്രം.
അപ്പോള്‍ ഒരു കൊടുങ്കാറ്റ് വന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും. വയര്‍ലെസ് സെറ്റ് കടല്‍ വിജനമല്ല എന്ന് ഓര്‍മ്മിപ്പിക്കും. മറ്റ് കപ്പലുകളില്‍ നിന്നുള്ള ബ്രോഡ്കാസ്റ്റുകള്‍ പിടിച്ചെടുക്കും. വെറുതെ കേട്ടിരിക്കും. കുറേ കഴിയുമ്പോള്‍ നിശ്ചലതയുടെ നിര്‍വികാരതിയലേയ്ക്ക് മനസ്സ് കൂപ്പു കുത്തും. ആ നിശ്ചലതയില്‍ ആത്മഹത്യയെപ്പറ്റി ആകാശ് പലവട്ടം ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നത് എന്നതിന് അയാള്‍ക്ക് ഉത്തരമില്ലായിരുന്നു.
ഗ്ലോബില്‍ നീല നിറത്തിനുമുകലില്‍ കറുപ്പ് വരയില്‍ കുറിച്ചിട്ട അക്ഷാംശവും രേഖാംശവും നേരില്‍ കാണാനായെങ്കിലെന്ന് കുട്ടിക്കാലത്ത് കൊതിച്ചിട്ടുണ്ട്.
ആകാശ് ക്ലോക്കിന്റെ പെന്‍ഡുലങ്ങള്‍ സ്റ്റൂളില്‍ കയറി നിന്ന് തൊട്ടുനോക്കുമ്പോള്‍ മുത്തശ്ശന്‍ വിലക്കും.
‘അതില്‍ തൊടരുത്. സമയത്തിന്റെ കൃത്യത മുഴുവന്‍ പെൻഡുലത്തിലാണിരിക്കുന്നത്. ‘
ക്ലോക്ക് തൂക്കുന്ന ചുമര്‍ കൃത്യമായി അളന്ന് ലംബമാക്കി തേപ്പിച്ചതാണ്. ചുമര്‍ ഒരല്പം ചരിയുകയോ ക്ലോക്ക് നേരെ നില്കാതിരിക്കുകയോ ചെയ്താല്‍ സമയം തെറ്റുമെന്നതിനാല്‍ ക്ലോക്കിന്റെ കാര്യത്തില്‍ മുത്തശ്ശന് അതീവ ശ്രദ്ധയായിരുന്നു. കടയില്‍ ഇരിക്കുന്ന മധ്യവസ്‌കനായ നാരായണേട്ടനാണ് എല്ലാം നന്നാക്കുക. അയാളെ ഇതൊക്കെ നന്നാക്കാന്‍ പഠിപ്പിച്ചത് മുത്തശ്ശനാണ്.
‘കുറേകാലം ചായ കൊണ്ടുക്കൊടുത്തും മേശയും കസേരയും തുടച്ചും തുടങ്ങിയ പണിയാണ്. ഡീസലില്‍ മുക്കി വെച്ച പല്‍ച്ചക്രങ്ങള്‍ ക്ലീന്‍ ചെയ്യാനായി കൈയ്യില്‍ തരും. അപ്പോള്‍ മുതലാണ് വാച്ച് മെക്കാനിക്കാവാന്‍ പഠിക്കുന്നത്. പിന്നെ ഒന്നുരണ്ട് വര്‍ഷം ക്ലീനിങ് തന്നെ. പിന്നെ പല്‍ച്ചക്രത്തില്‍ ഓയലിടാനും അത് ഊരാനും അവസരം തരും. ഒടുവില്‍ ഫിറ്റ് ചെയ്യാനുള്ള അവസരം വരും. ഊരിയെടുക്കുമ്പോള്‍ ഒരു പൊടി പോലും കളയാന്‍ പാടില്ല. തിരിച്ച് ഫിറ്റ് ചെയ്താല്‍ ഒരു പൊടി പോലും ബാക്കി കാണാനും പാടില്ല. അതാണ് ശാസന. അത്രയുമായാലും വൈന്‍ഡിങ് സ്പ്രിങ് പിടിപ്പിക്കാനായാലേ പൂര്‍ണ്ണ മെക്കാനിക്കാകൂ.’ നാരായണേട്ടന്‍ ഇടക്കിടെ പറയുന്നതാണിത്. അയാള്‍ മെക്കാനിക്കായതിന്റെ വീരകഥ.
എന്നാല്‍, അത് കേള്‍ക്കുമ്പോള്‍ മുത്തശ്ശന്‍ ദേഷ്യത്തോടെ പറയും. ‘എന്നാലും പൂര്‍ണ്ണമാവില്ല. സമയം എന്താണെന്ന് അറിയണം. അതിനെ കൈയ്യിലൊതുക്കാന്‍ ശീലിക്കണം. അപ്പോഴേ പൂര്‍ണ്ണമാകൂ. അതാണെങ്കില്‍ പഠിപ്പിക്കാനും പറ്റില്ല.’
അവര്‍ എന്താണ് തര്‍ക്കിക്കുന്നത് എന്ന് ആകാശിന് കുട്ടിക്കാലത്തൊന്നും മനസ്സിലായില്ല. എന്നാല്‍ കപ്പലിന്റെ നാവിഗേഷന്‍ റൂമിലിരുന്ന് കടലിലേക്ക് നോക്കിയിരിക്കുമ്പോള്‍ മുത്തശ്ശന്റെ വാക്കുകള്‍ മനസ്സില്‍ നിറയും.
കടലില്‍ എവിടെ നോക്കിയാലും അക്ഷാംശവും രേഖാശവും കാണാനാവുന്ന അവസ്ഥയിലാണ് നാവികർ പൂര്‍ണ്ണരാകുന്നത്. ലംബവും തിരശ്ചീനവുമായ രേഖകള്‍ നിറഞ്ഞ കളത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധ്യം വേണം. അതിലൊന്ന് സമയരേഖയാണ്.
രേഖാംശം. ക്ലോക്കുകളുടെ കൃത്യതകൊണ്ട് വരച്ചിട്ട രേഖ. ഓരോ ഡിഗ്രി കടന്നുപോകുന്നപോഴും പതിനഞ്ച് മിനുറ്റ് കടന്നുപോകുന്ന രേഖ. ആ രേഖയുടെ കൃത്യതക്ക് വേണ്ടി പ്രയത്‌നിച്ചവരുടെ ധൈഷണികതയുടെ നനവ് പറ്റിയ രേഖ സങ്കൽപ്പിക്കാനുള്ള ശേഷിയില്‍ സമയത്തെ കൈയ്യിലൊതുക്കിയതായി ആകാശ് സ്വപ്‌നം കണ്ടു. അനങ്ങാത്ത ചുമരില്‍ തറച്ചുവെച്ച ക്ലോക്ക് നാവികര്‍ക്ക് വേണ്ടി രൂപമാറ്റം നടത്തി ഇളകിയാടുന്ന കടല്‍പ്പരപ്പിലും കൃത്യത കാണിക്കുന്ന ക്ലോക്കുകള്‍ നാവികര്‍ക്ക് ദൈവമായി. അതൊന്ന് തെറ്റിയാല്‍ കടലില്‍ എവിടെയാണെന്ന് തിട്ടപ്പെടുത്താനാകാതെ നാവികര്‍ നടുക്കടലില്‍ അലഞ്ഞു തിരിയും. ഒടുവില്‍ കരപറ്റാനാവാതെ മരിച്ചുപോകും. ക്ലോക്കുകള്‍ ദൈവമായിരുന്ന കാലത്തില്‍ നിന്ന് താന്‍ വളരെയധികം മുന്നേറിയിരിക്കുന്നു. സാദാ താഴേക്ക് നോക്കിയിരിക്കുന്ന സാറ്റലൈറ്റുകള്‍ വഴികാട്ടികാളാണിപ്പോള്‍. എങ്കിലും ജീനുകളില്‍ കുറിച്ചിട്ട വാക്യങ്ങള്‍ പോലെ ആകാശിന്റെ മനസ്സില്‍ സമയബോധം നിലയുറപ്പിച്ചു. സമയത്തെപ്പറ്റിയുള്ള ആത്മവിശ്വാസം ഒരു നിമിഷത്തെ ഇടവേളകൊണ്ടാണ് തകര്‍ന്നുപോയത്.
ആകാശ് കപ്പലില്‍ വെച്ചുണ്ടായ ബോധനഷ്ടത്തെപ്പറ്റി ഓര്‍ത്ത് കണ്‍സള്‍ട്ടേഷന്‍ റൂമിലെ കട്ടിലില്‍ കിടന്ന് ഞെട്ടി. മുട്ടുകാലില്‍ അടിച്ചപ്പോഴാണോ ഹാമര്‍ ഉയര്‍ത്തിയപ്പോഴാണോ അയാള്‍ ഞെട്ടിയത് എന്ന് മനസ്സിലാകാതെ മെല്‍വിന്‍ ഒരിക്കല്‍ കൂടി അടിച്ചു നോക്കി. പ്രതികരണമില്ല. അയാള്‍ ആകാശിന്റെ കാലില്‍ തൊട്ടു നോക്കി. ഞാന്‍ തൊടുന്നത് അറിയുന്നുണ്ടോ. ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ആകാശ് തലയാട്ടി. മെല്‍വിന്‍ പാദം വിരല്‍ കുത്തനെവരും വിധം നിര്‍ത്തി. മേശപ്പുറത്ത് നിന്ന് ഒരു പെന്‍സിലെടുത്ത് ഉള്ളംകാലില്‍ വരച്ചു. പ്രതീക്ഷയോടെ ആകാശിനെ നോക്കി. വരച്ചത് അറിയാന്‍ പറ്റുന്നുണ്ടോ.
മെല്‍വിൻ പെന്‍സില്‍ കൊണ്ട് രണ്ട് കുത്തുകുത്തിയിട്ട് വര വരച്ചതിനെപ്പറ്റി ചോദിച്ചത് എന്ന് ആകാശിന് മനസ്സിലായില്ല. അവന്‍ ഇല്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.
കടല്‍ യാത്രക്കിടയ്ക്ക് സമയം മാറുന്നതുപോലെയാണിത്. രണ്ടു ബിന്ദുക്കള്‍ക്കിടക്കുള്ള അനന്തമായ ബിന്ദുക്കള്‍ ചേര്‍ന്നതാണ് ഒരു രേഖ. അതുപോലെയാണ് രേഖാംശവും. കപ്പല്‍ച്ചാലിലെ അനേകം രേഖാംശങ്ങളാല്‍ കപ്പലിലെ സമയം എത്രവട്ടം മാറിമറിയുന്നു. സമയത്തോടുള്ള പ്രണയം കാരണം ഓരോ ഡിഗ്രി കഴിയുമ്പോഴും ആകാശ് സ്വന്തം വാച്ചലെ സമയം ക്രമപ്പെടുത്തും. പൊതുവെ ആരും ചെയ്യാത്ത ഒരു ഭ്രാന്ത്. ഏതെങ്കിലും കരയ്ക്കടുക്കുമ്പോള്‍ അവിടുത്തെ സമയത്തിനനുസരിച്ച് വാച്ച് ക്രമപ്പെടുത്തേണ്ട ആവശ്യമേയുള്ളൂ. ആകാശ് വാച്ച് ക്രമപ്പെടുത്തി സമയരേഖ വരയ്കുന്നത് ശീലമാക്കിയിട്ടും കാലിന് ചുവട്ടില്‍ സ്പര്‍ശനത്തിന്റെ രേഖ തുടര്‍ച്ചയറ്റ്, രണ്ട് ബിന്ദുക്കള്‍ മാത്രമായിരിക്കുന്നു. അയാള്‍ക്ക് കരച്ചില്‍ വന്നു.
‘എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?’ ആകാശ് കരഞ്ഞുകൊണ്ട് ഡോക്ടറോട് ചോദിച്ചു.
‘പേടിക്കേണ്ട. നാളെ തല സ്‌കാന്‍ ചെയ്യണം. എന്തെങ്കിലും പ്രശ്‌നമുണ്ടോഎന്ന് അപ്പോഴേ ഉറപ്പിക്കാനാവൂ.’
ക്ലിനിക്കില്‍ നിന്ന് പുറത്തിറങ്ങി മെല്‍വിന്‍ സാധാരണമായ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഭാര്യയെപ്പറ്റി കുട്ടികളെപ്പറ്റി വീടിനെപ്പറ്റി അങ്ങനെ പലതും. മറുപടി പറയുമ്പോഴൊക്കെയും എന്തൊക്കെയോ ക്രമക്കേടുകള്‍ തോന്നി. ഒന്നും ശരിയാകുന്നില്ല. മറുപടി പറയാനേ പറ്റാത്ത ചോദ്യങ്ങള്‍ കേട്ടതുപോലെയായിരുന്നു അത്. ഒടുവില്‍ നീ തനിച്ച് പോവണ്ട, ഞാന്‍ കൂടെ വരാം എന്ന് മെല്‍വിന്‍ പറഞ്ഞപ്പോള്‍ ആകാശിന് ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെട്ടു. അവന്‍ കരച്ചില്‍ പുറത്തുകാണിക്കാതിരിക്കാന്‍ ടവ്വല്‍ കൊണ്ട് മുഖം പൊത്തി.
വീട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ മെല്‍വിന്‍ ഒരു ലാബിനുമുന്നില്‍ കാറ് നിര്‍ത്തി.
‘ഒരു സുഹൃത്തിന്റെ ലാബാണ്. എന്തിനാണ് നാളെക്ക് വെക്കുന്നത് ഇന്നുതന്നെ സ്‌കാന്‍ ചെയ്‌തേക്കാം.’
സ്‌കാനിങ് മെഷീനിലെ കട്ടിലില്‍ കിടന്നപ്പോള്‍ ആകാശ് വീണ്ടും ലോഹത്തണുപ്പ് അനുഭവിച്ചു. ക്ലോക്കിനുള്ളില്‍ ചുരുണ്ടു കിടക്കുന്ന വൈന്‍ഡിങ് സ്പ്രിങ് തൊടുന്ന അതേ തണുപ്പ്. ക്ലോക്കിനുള്ളില്‍ നിന്നും സ്‌ക്രൂകള്‍ അഴിച്ച് മെഷീന്‍ രണ്ടായി പിളര്‍ക്കുമ്പോള്‍ സ്പ്രിങ് പുറത്തേക്ക് ചാടി വരും. ശ്രദ്ധിക്കണം കണ്ണില്‍ തട്ടരുത് എന്ന് മുത്തശ്ശന്‍ പറയാറുള്ളതിനാല്‍ മെഷീന്‍ വേര്‍പെടുത്തുമ്പോള്‍ ചാടിവരുന്ന സ്പ്രിങ് പരമാവധി അകലത്തിലേക്ക് മാറ്റിപ്പിടിക്കും. അത്രയും നേരം സമയം ചുരുണ്ടുകൂടി കിടന്നിരുന്നത് ആ സ്പ്രിങ്ങിനോടൊപ്പമാണ്. സാവധാനം സ്പ്രിങ് അയഞ്ഞുകൊടുക്കുമ്പോള്‍ പല്‍ച്ചക്രങ്ങളിലൂടെ ഉരുകിക്കയറി സമയം ക്ലോക്കിന്റെ സൂചിയിൽ ദൃശ്യപ്രതീതിയാകും. സമയം സര്‍പ്പത്തെപ്പോലെ ചുരുണ്ടുകിടന്ന ലോഹത്തണുപ്പ് ശരീരത്തില്‍ തട്ടിയപ്പോള്‍ മസ്തിഷ്തക്കിനുള്ളില്‍ എവിടെയൊക്കെയോ ഇപ്പോഴും സമയബോധം ഒഴുകി നടക്കുന്നുണ്ട് എന്ന് ആകാശിന് തോന്നി. അത് ഉറഞ്ഞ് കട്ടിയാകുന്ന നിമിഷത്തെപ്പറ്റിയുള്ള ചിന്തകള്‍ ഞെട്ടലായി ശരീരത്തില്‍ പടര്‍ന്നു.
അവിടം വിട്ടുപോരുമ്പോള്‍ മെല്‍വിന്‍ നിശ്ശബ്ദനായിരുന്നു.
തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ആകാശ് പലവട്ടം ചോദിച്ചിട്ടും അവന്‍ വിശദീകരിച്ചില്ല. “പേടിക്കണ്ട” എന്നുമാത്രമേ പറഞ്ഞുള്ളൂ. അനേക ദൂരങ്ങളില്‍ സമാന്തരമായി ഒഴുകുന്ന രണ്ട് കപ്പലുകള്‍ രണ്ട് സമയരാശിയിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് അവര്‍ കാറില്‍ സഞ്ചരിച്ചത്. മെല്‍വിന്‍ ആകാശിന്റെ ഭാവിയെപ്പറ്റിയാണ് ആലോചിച്ചുകൊണ്ടിരുന്നത്. ആകാശ് തന്റെ ഭൂതകാലത്തെപ്പറ്റിയും. മുത്തശ്ശന്റെ കടയില്‍ നിന്ന് തിരിച്ചെത്തിയ വാച്ചുകളിലൊന്ന് മുത്തശ്ശന്‍ മരിച്ച ആറ് മണി മുപ്പത് മിനിട്ട് എന്ന് കാണിച്ചത് കണ്ടപ്പോള്‍ ആകാശ് ആ വാച്ച് കളിപ്പാട്ടങ്ങളാകാന്‍ നിയോഗിക്കപ്പെട്ട വാച്ചുകളില്‍ നിന്ന് അത് മാറ്റിവെച്ചു. മുത്തച്ഛനോടൊപ്പം മരിച്ച വാച്ച്. ഒരുപക്ഷെ, മുത്തശ്ശന്‍ മരിക്കുന്നതിനും മുമ്പ് അത് നിലച്ചിരിക്കണം. എന്നിട്ടും സമയത്തിന്റെ ഗണനത്തില്‍ അവര്‍ കൃത്യത കാണിക്കുന്നു. മരിച്ചുപോയ മുത്തശ്ശനും നിലച്ചുപോയ വാച്ചും സമയകൃത്യതയില്‍ ഒരേ ഇടം പങ്കിടുന്നു.
കാറില്‍ നിന്ന് ഇറക്കി ആകാശിനെ വീട്ടിലെ സ്വീകരണമുറിയില്‍ ഇരുത്തിയതിന് ശേഷം മെല്‍വിന്‍ ആകാശിന്റെ ഭാര്യയെ പുറത്തേക്ക് വിളിച്ചു. അവര്‍ വളരെ പതിയെയാണ് സംസാരിച്ചത്. ഇടക്ക് ഭാര്യ വിതുമ്പുന്ന് ശബ്ദം കേട്ടതുപോലെ തോന്നി. അതേസമയം ആകാശിന്റെ ബോധമണ്ഡലത്തില്‍ നിന്ന് സമയം ഒരിക്കല്‍ കൂടി അപ്രത്യക്ഷമായി. നിശ്ചലതയില്‍ സമയം അപത്യക്ഷമാകുന്നു. നിലച്ച സമയത്തില്‍ നിന്ന് കണ്ണുതുറന്ന് എഴുന്നേറ്റപ്പോള്‍ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. അത് കണ്ട് ആകാശ് അമ്പരപ്പോടെ അവളെ നോക്കി.
വ്യത്യസ്ത സമയങ്ങള്‍ തിരയടിക്കുന്ന അപാരതയായ കടലിന് നടുവിലാണ് താനെന്ന് ആകാശിന് മനസ്സിലായി. ആകാശ് തന്റെ കൈയ്യിലെ വാച്ച് ഊരിയെടുത്ത് അതിലെബാറ്ററി പുറത്തെടുത്തു. ആ നിമിഷം വാച്ചിലെ സമയം നിലച്ചു. ഇനി ഒരിക്കലും കറങ്ങേണ്ടിവരില്ല എന്ന് പാവം വാച്ച് അറിഞ്ഞതേയില്ല.
കോഴിക്കോട് ബി.എസ്.എന്‍.എല്ലിൽ സബ് ഡിവിഷണല്‍ എഞ്ചിനീയറാണ് പ്രവീൺചന്ദ്രൻ. മലയാളിക്ക് അധികം പരിചയമില്ലാത്ത വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി രചിച്ച “അപൂർണതയുടെ ഒരുപുസ്തകം” ശ്രദ്ധേയമായ രചന