സാൽവേഷൻ ആർമി

എൽസിക്കുട്ടി പടിയിറങ്ങാൻ തീർച്ചയാക്കി. അപ്പൻ കൃഷിയാപ്പീസിൽ പോയിരിക്കുന്നു. പറ്റിയ നേരം. അപ്പാ, ഞാൻ പോണു. അവൾ അപ്പന്റെ സിംബലായ ചാരുകസേരയോടു വിട ചൊല്ലി. പോയി വരട്ടെ എന്നുച്ചരിക്കാനുള്ള ത്രാണി അവൾ കൈവരിച്ചിട്ടില്ല. അമ്മച്ചി പള്ളീ പോയിരിക്കുന്നു. പള്ളി കഴിഞ്ഞ് ഒന്നുരണ്ടിടത്ത് പോകും. കളക്ഷനെടുക്കാനുണ്ടേ. കൃത്യമായി പറഞ്ഞാൽ പലിശ. അത് പള്ളിക്കാര്യമല്ല; പള്ളക്കാര്യമാ.

അയയിൽ കിടക്കുന്ന അമ്മച്ചീടെ ചട്ടയോട് വിട. അമ്മച്ചീ, ഞാൻ പോണൂ.
നേരം നല്ല നേരം. പഴയൊരു പടത്തിന്റെ പേരാണല്ലൊ അത്. മുൻവാതിൽ പൂട്ടി. താക്കോൽ പറങ്കിത്താഴിൽ തന്നെ വെച്ചു. തന്തപ്പടിയും തള്ളപ്പടിയും നട്ടം തിരിയരുതല്ലൊ എന്ന സദ്ഗതി. പിന്നെ ചില്ലറ വിലാപങ്ങളും മയപ്പെടുത്തിയ ഭീഷണികളും ഝടുതിയിൽ കുത്തിനിറച്ച അന്തിമ ലേഖനം(ലേഖികയുടെ നാമം, ഒപ്പ് എന്നിവയോട് കൂടിയത്) പറങ്കിത്താഴിനു മേലെ ഓടാമ്പലിൽ തിരുകി.

അന്തരീക്ഷത്തിന്റെ ഗൗരവത്തിന് മേൽ ഒരു ചെറുകാറ്റ് അരിച്ചുപെറുക്കി നടന്നു. ആ ഗൗരവത്തിലേക്ക് ഒരു ലഘുതമസാധാരണ ഗുണിതമായ് അവളിറങ്ങി. ഇടതുതോളിൽ സാധനങ്ങൾ നിറച്ച വലിയ എയർബാഗ്. വലതു കൈയ്യിൽ സാമഗ്രികളുടെ ബ്രീഫ്കേസ്. ചെമ്മൺപാതയിലൂടെ നടക്കവെ, ആന്റപ്പന്റപ്പൻ ലോനപ്പൻ പാമ്പായി വഴീ ഇരിക്കുന്നു. ശവത്തിനു കാവലിരിക്കുന്ന പൊലീസുകാരനെ പോലെ ലോനപ്പൻ സ്വന്തം ഛർദ്ദിലിന് കാവലിരിക്കുന്നു.

കുഞ്ഞെങ്ങറ്റാ…? കണ്ണുതുറക്കാതെ, തലയുറക്കാതെ, മറുപടി പറഞ്ഞില്ലെങ്കിൽ പുല്ലുവില എന്ന തോതിൽ ലോന. പാമ്പിനെ മൈൻഡ് ചെയ്യാതെ മൂക്കുപൊത്തി അവൾ ഇടവഴി താണ്ടി. മെയിൻ റോഡാണവളുടെ ലക്ഷ്യപോരാട്ടം. ബസ്റ്റോപ്പിൽ നിന്ന് അൽപ്പം തെക്കുമാറിയുള്ള അക്ഷാംശരേഖാംശത്തിൽ അവൻ ഇപ്പോഴേ ലാൻഡ് ചെയ്തിരിക്കും. അവൾ നാലും നാലും എട്ടടി നടന്നു. റോക്കറ്റിനെ ക്രോസ് ചെയ്യുന്ന ധൂമകേധു പോലെ അപ്പൻകൃഷി മുന്നിൽ! മുടങ്ങാതെ ഗലീലി സംഘത്തിന്റെ രോഗാതുരശ്രുശ്രൂഷയിൽ പങ്കുകൊള്ളാറുള്ള, എന്തു പ്രകോപനമുണ്ടായാലും വചനപ്രഘോഷണം മാസിക മുറതെറ്റാതെ വായിച്ച് വിശ്വസിക്കാറുള്ള എൽസിക്കുട്ടി നിത്യസഹായമാതാവിനെ വിളിയോടു വിളി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലെന്ന ഒരു ഇന്നസെന്റ് ഭാവത്തിൽ അപ്പനെ മുഖാമുഖം ചെയ്തു.faisal m,story

ഏയ്, നീയ്യെങ്ങട്ടാ? അപ്പൻ.

കല്യാണത്തിന്. എന്നായി എൽസിക്കുട്ടി.

ആര്ടെ? മറുപടിയും ചോദ്യം. നിരന്തരം വർദ്ധിക്കുന്ന ഇന്ധനവില അറിയാത്തതായി ഭാവിക്കുന്ന പ്രധാനമന്ത്രിഭാവം മുഖത്ത്.

വളിച്ച വിറ്റടിക്കാതെ എന്റപ്പാ. മകളുത്തരം.

തെളിച്ചുപറ. അപ്പൻകുട്ടി.

അവൾ അവ്യക്തതയുടെ കറുത്ത കുഞ്ഞാട്ടിൻപറ്റങ്ങളെ തെളിച്ചുകൊണ്ട് വചനപ്രകോപനം നടത്തി.

അപ്പന്റെ ഈ മോൾടെ.

കർത്താവേ… അപ്പൻതിരുമേനി ഞെട്ടി.. ഞെട്ടറ്റു വീഴുമെന്ന പരുവത്തിലായി.
കർത്താവേ… അപ്പൻ കർത്താവിനെ മാനത്തു തിരഞ്ഞു.
മാനം പോയല്ലൊ. അപ്പൻ വയലിൻ വായിക്കേണ്ട രംഗവേദിയിലായി.

മാനമല്ല അപ്പാ; മേഘമാ പോകുന്നത്. മാനത്തുകണ്ണി മാനത്തുനോക്കി.
നെന്റെ ഒടുക്കത്തെ ഒരു കവിത. അപ്പൻ കെ പി അപ്പനായി.
ഗദ്യകവിത. അവൾ തിരുത്തൽശക്തിയായി.
വിരുദ്ധകവിത. അപ്പനപ്പോൾ ചെറിയാൻ കെ ചെറിയാനായി.
നികനോർ പർര ചൂടാകും. അപ്പനിങ്ങനെ ചൂടാവല്ലെ.
നീ ചൂടാക്കല്ലെ മകളേ…
ഞാൻ വിവാഹത്തിനാ പോകുന്നേ.
എന്നാൽ വിവാദം ഒഴിവാക്കാം.

നന്നായി.
നന്നായാ ഒന്നായി. അപ്പൻകുഞ്ഞുണ്ണി.

അപ്പൊ എന്തായി? എൽസി.

അപ്പൻ നിന്നനിൽപ്പിൽ എഞ്ചുവടി മനസ്സിലുരുവിട്ടു.

ആട്ടെ, ഗൊണമൊള്ളതാണോടി?

ഗുണശേഖരപ്പെരുമാക്കൾ.

ആകെമൊത്തം കൂട്ടിക്കിഴിച്ച് ഹരിച്ചുഗുണിച്ച് അപ്പൻ തൊട്ടടുത്ത ശരമെയ്തു.

ചെറുക്കൻ?

രാജു.

ങേ! നസ്രാണ്യല്ലോടീ?m faisal story

നസ്രാണി. രാജു കുര്യാക്കോസ്. അവൾ തുളക്കൊരു ആണി കണക്കെ മൊഴിഞ്ഞു.

അത് ഓക്കെ. അപ്പന്റെ ഗ്രീൻ സിഗ്നലിൽ അവൾ ആനന്ദതുന്ദിലയായി.
സഭ?

പുത്തങ്കുറ്റി.

അപ്പനല്പനേരം കുറ്റിയടിച്ച പോലെ നിന്നു.

പുത്തങ്കുറ്റി?

സാൽവേഷൻ ആർമി. അവൾ കുറ്റിയിൽ ആഞ്ഞടിച്ചു.

ആർമിക്കാരനാ? അപ്പൊ ക്വാട്ടണ്ടാകും. തുന്ദിലനാകാൻ തുനിഞ്ഞു.

ആർമ്യല്ല. സാൽവേഷൻ. അവർക്ക് ക്വാട്ടയില്ല. സർവീസ്.

അപ്പന്റെ മുഖം ഒരു മ്ലാവിന്റേതു പോലെ മ്ലാനമായി. അപ്പൻ ട്രിപ്പിളെക്സിന്റെ ഒരു കാലിക്കുപ്പി പോലെ നിന്നു. അപ്പൻ വീണ്ടും ഗണിതശാസ്ത്രഗണികകളെ മനസ്സാ ധ്യാനിച്ചു. ധ്യാനത്തിൽ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച അവൾ ഉരചെയ്തു.

ഇത് ധ്യാനത്തിനുള്ള നേരല്ല. ആളുകള് വാച്ചു ചെയ്തു തൊടങ്ങും. അവർ പ്രേക്ഷകർക്കുള്ള ചോദ്യത്തിനായി കണ്ണും കാതും കൂർപ്പിക്കും. സമ്മാനം കൊടുക്കാൻ ഒരു വൗച്ചർ ബോഡുപോയിട്ട് ഒരു ചാക്കരി പോലുമില്ല എന്റടുത്ത്.

അപ്പൻ നോർമ്മലായി. നട. എല്ലാം നിന്നിഷ്ടം.

എന്നിഷ്ടം. അവൾ പിമ്പേ ഗമിച്ചു ഗോവുപോലെ.

എവടെ ആർമിക്കുരിശ്?

മെയിൻ റോഡിൽ തെക്കുമാറിയാണപ്പാ.

ബസ്റ്റോപ്പിലെത്തി അവൾ തെക്കുമാറിയൊരു വീക്ഷണം ചെയ്തു. പ്രതിശ്രുതവരൻ പാർക്കു ചെയ്ത കാറിന്റെ പാർശ്വത്തിൽ നിന്ന് പാർശ്വദൃഷ്ടി അയക്കുന്നത് അവൾ കണ്ടു.

എൽസിക്കുട്ടി അപ്പനെ കണ്ടതിനും പ്രതിശ്രുതന്റെ സ്തംഭനത്തിനുമിടയിൽ ഒട്ടുമേ ഇന്റർവെൽ ഇല്ലായിരുന്നു. ഈ അപ്പൻകുരിശെന്നാത്തിനാ കെട്ടിയെടുത്തിരിക്കുന്നേ… അവൻ കള്ളനെ കണ്ടുഭയന്ന പോമറേനിയനെ പോലെ മാരുതിഭഗവാന്റെ സ്വിഫ്റ്റിൽ കയറി.

എടീ, നെന്നോടാരാ പറഞ്ഞേ ഈ മരക്കുരിശിനെ അകമ്പടിയാക്കാൻ?
അവൻ അന്തരീക്ഷത്തിൽ നിന്ന് അല്പം ധൈര്യം ദ്രവരൂപത്തിൽ സംഭരിച്ച് രഹസ്യമായടിച്ച് ശകടം സ്റ്റാർട്ടാക്കി. പക്ഷേ, എൽസിക്കുട്ടി ‘പോകരുതേ, പ്രാണനാഥാ…’ എന്ന് അവനെ കൈ വീശി കാണിച്ചു. പ്രണയശാസ്ത്രത്തിൽ വിരുതാനന്തരവിരുതമെടുത്ത പ്രതി കൈകണ്ണുകളുടെ സത്വരസന്ദേശം പെട്ടെന്ന് ഗ്രഹിച്ചുവശായി. പ്രതിപക്ഷം കാറിന് അഭിമുഖം നടന്നു. കാറിലേക്ക് തലയിട്ട എൽസിക്കുട്ടിയോടായി അവൻ പിറകെ പറയും വിധം കയർത്തു. ഈ അപ്പനേം കെട്ടിയെടുത്തതെന്നാത്തിനാ?
അവൾ കണ്ണിറുക്കി.
നോ പ്രോബ്ലം. നിന്നിഷ്ടം എന്നിഷ്ടം, അതുതാൻ അപ്പന്റിഷ്ടം.
അവർ ആന്തരാർത്ഥം ഗ്രഹിച്ചു.
എന്തൊരപ്പൻ! അപ്പൻ കുരിശല്ല. മിശിഹായാണ്. മിശിഹായുടെ വെള്ളിൽപ്പറവ! രാജു കുര്യാക്കോസ് മനസ്സാ വചിച്ചു.
കേറപ്പാ. അവൾ ഫ്രൻഡ് ഡോർ തുറന്നുകൊടുത്തു.
അവൾ പിൻവാതിൽ തുറന്ന് നമ്രശിരസ്കയായി അകമേ പൂകി. അപ്പനെ പിൻസീറ്റിലാക്കി താൻ മുൻസീറ്റുറപ്പിക്കാൻ ഇനി ഏതാനും തുച്ഛയായ സമയം മാത്രം! അവൾ ഹർഷവർദ്ധനയായി.m faisal,story

സ്വിഫ്റ്റ് തെന്നലായി.

ഏതാ പള്ളി? അപ്പൻ മൗനത്തെ നിസ്സാരമട്ടിൽ തകർത്തെറിഞ്ഞു.

പള്ളി? പള്ള്യല്ല. റജിസ്ട്രാപ്പീസ്. പുള്ളി പറഞ്ഞു.

ശര്യാ ഇപ്പൊ അതാ ഫാഷൻ. സോദ്ദേശ വിവാഹം. പള്ളിയൊക്കെ പിന്നെ. അല്ലേ കൊച്ചുങ്ങളേ…? ഇനിയൊരു ഉപദർശനം വേണ്ടാത്ത മട്ടിൽ അപ്പൻ വീണേടം യഹോവാരാജ്യമാക്കി.

മകൾ മനക്കണക്കിൽ പറഞ്ഞു. ഇടയലേഖനങ്ങൾ നാഴികക്ക് പത്തുനാല്പതുവട്ടം ഇറങ്ങുന്നതുകൊണ്ട് അതിനൊന്നും കടലാസു വിലയില്ലാത്ത കാലമാ ഇത്.

അപ്പോൾ വളരെ പതുക്കെ ഒരു പൊലീസ് ജീപ്പ് അവരുടെ മുന്നിലൂടെ ലൈവ് ടെലികാസ്റ്റ് പോലെ ക്രോസ് ചെയ്തു നിന്നു. സൗമ്യനായ എസ്സൈ. ഒപ്പം പരമാവധി സൗമ്യത വരുത്താൻ ശ്രമിച്ച് ഹെഡ് കോൺസ്റ്റബിൾ.
വിട് വണ്ടി സ്റ്റേഷനിലോട്ട്. മയത്തിലുള്ള ആജ്ഞ.
ഹെഡ് അപ്പനെ ഇറക്കി. ജീപ്പിന്റെ പിറകിൽ കയറാൻ ഉച്ചത്തിൽ ആജ്ഞാപിച്ചു. പിന്നെ മാതൃകാപരമായി കൈപിടിച്ച് ജീപ്പിൽ കയറ്റി.
ശേഷം ഭാഗം സ്ക്രീനിൽ. എസ്സൈ ജീപ്പിലേക്ക് മണ്ടിക്കൊണ്ടങ്ങനെ അരുളിചെയ്തു.

എട്ടും പൊട്ടും തിരിയാതെ മൊട്ടിൽ നിന്ന് വിരിയാൻ വെമ്പുന്നവരിരുന്നു. മാ നിഷാദാ. അവർ പ്രാകി.
മാതൃകാ പൊലീസ് സ്റ്റേഷനിൽ റിസപ്ഷനിസ്റ്റ് അവരെ അഭിവാദ്യം ചെയ്തു. എന്തുകൊണ്ടാണ് ലോകത്ത് പിതൃകാ പൊലീസ് സ്റ്റേഷനില്ലാത്തതെന്ന ഒരുതരം അടിസ്ഥാനരഹിത ഉൽക്കണ്ഠയിൽ അപ്പൻ പ്രത്യഭിവാദ്യം മറന്നു. ചെറുക്കൻ പ്രത്യഭിവാദ്യം ചെയ്യാൻ തുനിഞ്ഞപ്പോൾ ഹെഡ് മീശ പിരിക്കാൻ നോക്കി. എൽസിക്കുട്ടി സാഹിത്യ അക്കാദമി ഹാളിലെ ചുമരിൽ സ്ഥാപിച്ചിട്ടുള്ള പുണ്യാത്മാക്കളുടെ ഛായാചിത്രം നോക്കി നടക്കുന്ന നിരക്ഷരയുടെ കൗതുകത്തിൽ അല്പം വേവലാതി റീമിക്സു ചെയ്ത് പരിസരം പഠിച്ചു.

എസ്സൈ കസേര ആസനത്തിൽ ഉറപ്പിച്ച ശേഷം ബിബ്ലിക്കലായി പറഞ്ഞു,
ഇരുന്നാലും ട്രിനിറ്റി.

പിതാവും പുത്രിയും പ്രതിശ്രുതവരനും ഇരുന്നാറേ, മൂന്നുനാലു പൊലീസികാർ അക്രമാസക്തരെങ്കിലും സാത്വിക പരിവേഷഭൂഷാദികളോടെ അവിടെ പരിലസിച്ചു. അതിലൊരാൾ കൊല്ലന്റെ ആലയിൽ മുയലിനെ പോലെയിരിക്കുന്ന റിസപ്ഷനിസ്റ്റിനടുത്ത് ചെന്ന് ചില കമന്റുകൾ പാസ്സാക്കിക്കിട്ടാൻ ശ്രമിച്ചു. അതിൽ ചിലതെല്ലാം പാസ്സാക്കിക്കൊണ്ട് അവൾ ചിലച്ചു.

പ്രതിശ്രുതൻ ആരാഞ്ഞു. സർ, ഞങ്ങ ചെയ്ത കുറ്റം?

കുറ്റമല്ല; അപരാധം. അപരാധങ്ങൾ. ഒന്ന് വാഹനക്കവർച്ച. രണ്ട് തട്ടിക്കൊണ്ടുപോകൽ. മൂന്ന് ഒളിച്ചോടൽ. നാല് ഇതിനെല്ലാം കൂട്ടുനിൽക്കൽ. അഞ്ച്… അതുപിന്നെ ആലോചിച്ചുണ്ടാക്കീട്ട് പറയാം.
ഇടയലേഖനം വായിച്ചുകേട്ട് ഒന്നും മനസ്സിലാകാത്ത, എന്നാൽ എല്ലാം മനസ്സിലായി എന്നു നടിക്കേണ്ടിവരുന്ന കുഞ്ഞാടുകളെപ്പോലെ ത്രിത്വമിരുന്നു. ഏമാൻ പരാതി ഉയർത്തിക്കാണിച്ചു. അടിയിലൊപ്പ് പരാതിക്കാരൻ കുര്യാക്കോസ്. അപ്പന്റെ കൈപ്പട!

ഏമാനങ്കിളേ, ഇത്… ന്റ കാറാ. വടുക്കൂട്ട് കുര്യാക്കോസ് ന്റപ്പനാ. രാജു സവിനയം.

തിരിയും. തിരിയും. നിജമായും തിരിയും. എസ്സൈ തുടർന്ന് മനോഗതമാക്കി. കള്ളത്തിരുമാലികളേ… പിന്നെയുള്ള വാക്കുകൾ കേൾക്കാൻ കൊള്ളാവുന്നതാണെങ്കിലും പറയാൻ കൊള്ളാത്തവയായിരുന്നു.

അപ്പനറിഞ്ഞാണ് ഞാനീ വണ്ട്യെട്‌ത്തേ. കുര്യാക്കു മകൻ സന്ദർഭോചിതനായി ഇടയിൽ പെട്ടു.

അതെനിക്കറീല്ല. വടുക്കൂട്ട് കുര്യാക്കോസ് ഇവടെ പരാതിക്കാരനാ. ആര് പരാതി തന്നാലും ഞങ്ങളൊന്ന് പരതും. പരതി. കിട്ടി. ഇനി നടപടി. അതിനല്ലെ ഞങ്ങ പൊലീസ്. ഇസ്പേട്ടരേമാൻ പറഞ്ഞു.

അയ്യേ! അപ്പനേക്കാൾ മുമ്പ് പരാതി കൊടുക്കാനുള്ള സമാന്യബുദ്ധി തനിക്കുണ്ടായില്ലല്ലൊ എന്ന നഷ്ടബോധം അവനുണ്ടായി. അങ്ങനെ കൊടുത്തിരുന്നെങ്കിൽ ഈ ക്രമശാന്തിപാലകർ തങ്ങളുടെ മാര്യേജിന്റെ ഭാരവാഹികൾ പോലും ആകുമായിരുന്നു.m faisal,story

ങാ… വണ്ടീടെ കീ എവടെ? കീ വെയ് രാജൂ വെയ്.

കീശയിലെ കീചെയിൻ മേശയിൽ ഒന്നു ചിരിച്ച് നിശബ്ദമായി. ചെയിനിലെ വടക്കുനോക്കി യന്ത്രത്തിനകത്ത് ദിക്കുകൾ ഗതികിട്ടാതെ കിടന്നാടി.

സെയ്താലീ, ഈ കീയെടുത്ത് വണ്ടി നമ്മടെ കുര്യാക്കോസിന്റെ വീട്ടീ കൊണ്ടുകൊട.

കീ സെയ്താലിയുടെ കരതലാമലകമായി.

ഈ തെണ്ടികളെ… സോറി…. ഹോളിട്രിനിറ്റിയെ ഞാൻ വിദേഹരാജ്യത്തെ ത്രൈയംബകം കണക്കേ കൈകാര്യം ചെയ്തതോളാം. എസ്സൈ രാമകഥാലേപനം പുരട്ടിപ്പറഞ്ഞു.

ചാർജ്ജെല്ലാം പിന്നീട് ചാർജ്ജ് ചെയ്തോളാം എന്ന കണക്കുകൂട്ടലിൽ ഏമാൻ തുടർന്നു. കേസൊന്നും ചാർജ് ചെയ്യുന്നില്ല. കുര്യച്ചന്റെ മോനല്ലെ. എസ്സൈ ഒരു കടലാസിൽ എന്തോ കുത്തിക്കുറിച്ചു. പെട്ടെന്നൊരു ദൈവവിളിയിൽ ചെറുക്കൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഐഫോണെടുത്തു.

അത് വേണ്ട. ഐഫോണായാലും യൂഫോൺ ചെയ്യണ്ട.

സർ, ഒരു ഹ്രസ്വസന്ദേശം…? അവൻ കൊഞ്ചിന്റെ ആകൃതിയിൽ കെഞ്ചി.
യാർക്ക്?

സാക്ഷികൾക്ക്?

യഹോവാസാക്ഷികൾ?

അല്ല. സ്പെഷൽ മാര്യേജ് സാക്ഷികൾ.

ആ സ്പെഷൽ അഭ്യുദയപ്പരിശകൾ എവിടെ ക്യാമ്പുചെയ്യുന്നു?

റജിസ്ട്രാപ്പീസിന്റെ പൂമുഖവാതിൽക്കൽ. രാക്കുയിലിൻ രാഗസദസ്സിലെന്ന പോലെ എസ്സൈ.

നിന്നെയും കാത്ത്? ഭദ്രൻ മാട്ടേലായി രാജു.

യെസ്സാർ. എല്ലാം കൊളമായില്ലേ… അവരിനി പിരിഞ്ഞുപോട്ടെ.

ന്നാ ശരി. ഒറ്റ കോളുകൊണ്ട് കാടടച്ച് വെടിവെക്ക്. സർവ്വ കാക്കകളും റജിസ്റ്റർ ചെയ്യാതെ പിരിഞ്ഞുപോട്ടെ.

അവൻ ഫോണിലേക്ക് അമാന്തിച്ച് നമ്പറിറക്കി. വീണ്ടും അമാന്തിച്ചു നിൽക്കെ എസ്സൈ ഫോൺ പിടിച്ചെടുത്തു. അങ്ങേത്തലക്കൽ ചന്തുമാർ ഹലോ… ഹലോന്ന് നിലവിളി.

ഒക്കേം പിരിഞ്ഞുപോകിനെടാ. ഇത് എസ്സൈ മാർട്ടിനാ പറയുന്നേ.

ആരാ… ആരാ… എന്ന് ഇങ്ങോട്ട് എക്കോ.

നിന്റപ്പൻ. പോടാ സ്പെഷലാക്റ്റ് പരിശകളെ. മണവാളൻ പൊലീസ് കസ്റ്റഡീലാ.

എടാ രാജൂ… മറുതലനിന്ന് വീണ്ടും.

ഇന്ത പക്കം എസ്സൈ മാർട്ടിൻ. ഇന്റെ രാജു അണ്ടർ അറസ്റ്റ്. ഏമാന്റെ തറുതല.

ഇത് ഏത് മറ്റവനാടാ? സെൽഫോൺ.

നിന്റപ്പൻ. പിരിഞ്ഞുപോയില്ലേൽ നിന്റെ പതിനാറടിയന്തിരം ഞാൻ നടത്തും. വീണ്ടും അപ്പനപ്പൂപ്പന്മാർക്ക് സ്തുതി.

സത്വരമായി ഒന്നാം പീസി ഇടപെട്ടളഞ്ഞു. സർ, മാതൃകാലംഘനം….

ഓ… ഞാൻ ഒരു നിമിഷം പൂർവ്വാശ്രമത്തിൽ രമിച്ചു. ഐഫോൺ എക്സ് മണവാളന് കൊടുത്തുകൊണ്ട് തുടർന്നു, പ്രത്യുൽപ്പന്നമതികളെ താൻ തന്നെ അനുനയിപ്പിക്കൂ.

ചെറുക്കൻ നയകോവിതനായി. മുക്തകണ്ഠം ഗദ്ഗദത്തോടെ സംഗതി ആകെ പൊളിഞ്ഞു പാളീസായെന്ന് സങ്കടപ്പെട്ടു. അവന്റെ മുഖത്ത് ഒരു മഹാസങ്കടൽ തിരയടിച്ചു.

സ്വിച്ചോഫ്! ഇനി പ്രതിശ്രുതവരനു പോകാം. എസ്സൈ കൈകൾ തിരുമ്മിക്കൊണ്ടു പറഞ്ഞു.

അവൻ കസേരവിട്ടു. എങ്കിലും രണ്ടുവാക്ക് സിവിക്സിൽ പറയാതെ ഇറങ്ങുന്നത് ആണത്തമല്ലെന്ന് അവനു തോന്നി. ഒന്നുമില്ലെങ്കിൽ പിൽക്കാലത്ത് പേരക്കുട്ടികളോട് സല്ലപിച്ചിരിക്കുമ്പോൾ വീരവാദമടിക്കാമല്ലൊ. ഈ അപ്പൂപ്പൻ എസ്സൈയെ വരെ വിറപ്പിച്ചിട്ടുണ്ടെന്ന്. അപ്രകാരം അവൻ പൗരധർമ്മം വിളമ്പി.

സർ, ഇതൊരു സോഷ്യലിസ്റ്റ് സെക്യൂലർ ഡെമോക്രാറ്റിക് സ്റ്റേറ്റല്ലെ?

ക്യൂലക്സ് കൊതുക്! അതുകൊണ്ടല്ലെ കേസ് ചാർജ് ചെയ്യാത്തേ. എസ്സൈയുടെ കണ്ണുകൾ ചാർജ്ജായി.faisal m, story

അപ്പൊ, പൗരാവകാശങ്ങൾന്ന് പറേണത്….?

അത് പി എ പൗരൻ നോക്കും. നിങ്ങ ബേജാറാകണ്ട.

ന്നാലും സർ, ഫണ്ടമെന്റൽ റൈറ്റ്സ്…

കോണ്ടിനെന്റൽ ഡിഷ്. ടെക്സ്റ്റ്ബുക്ക് പുഴു. ഹിസ്റ്ററിയിൽ നിന്ന് സിവിക്സിനെ കീറിക്കളേണം.

സിവിക് ചന്ദ്രനേം, സർ. അടുത്തുനിന്ന പീസി പീസ്ഫുളായി മൊഴിഞ്ഞു.

ങും. എസ്സൈ.

സർ, ന്റെ ജീവിതാ കീറ്യേ! രാജു കരച്ചിലിന്റെ വക്കത്തെ വൈക്കോൽ തുരുമ്പിൽ തൂങ്ങി.

എസ്സൈ അന്തിമവചനങ്ങളിലേക്ക് കടന്നു.

മര്യാദക്കെറങ്ങിപ്പോയാ അപ്പൊക്കീറും ഞാനിപ്പരാതി. അല്ലെങ്കി നിന്റെ പോസ്റ്റ്മോർട്ടം ഞാൻ നടത്തും.

പൊയ്ക്കൊള്ളാം. അവൻ വുഡ്ബി നഷ്ടവസന്തത്തെ നോക്കി പറഞ്ഞു.

എന്നാ നല്ല നടപ്പ്.

ഓട്ടോ ആയാലോ?

ആകാം. പക്ഷേ, ഇനി വേലയിറക്കരുത്.

ഇക്കണ്ട ഡയലോഗുകാലമത്രയും ഇതികർത്തവ്യാമൂഢരായി ഇരിക്കുകയായിരുന്ന എൽസിക്കുട്ടിയേയും അപ്പനേയും നയതന്ത്രപരമായി നോക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് അവൻ ഇംഗ്ലീഷിൽ തന്നെ താങ്ക്സ് പറഞ്ഞിറങ്ങി.

ആങ്കുട്ടി അവന്റപ്പന്റടുത്ത് പോയി. ഇനി അപ്പനും മോളും എന്താ പരിപാടി? ഏമാന്റെ ഒഫീഷ്യലി വിനീതചോദ്യം.

അബദ്ധം പറ്റ്യേതാണേ. അപ്പൻ ചുണ്ടുകൾ ഉമിനീരുകൊണ്ട് നനച്ച് ഉരിയാടി.

ആർക്ക്?

എനക്ക്. അപ്പൻ.

മോൾക്കോ?

പറ്റീട്ടില്ല.

പറ്റീട്ടില്ലേ നിങ്ങക്കു കൊള്ളാം.

കൊള്ളിച്ചു പറയാതെ സാറേ. അപ്പൻ

കൊള്ളിച്ചു പറയുന്നത് മാതൃകക്കെതിരാണെന്ന് മറ്റൊരു പീസി നയനസന്ദേശമയച്ചു. നിയമപാലകർ സംസ്കൃതചിത്തരാകണം. സംസ്കൃതത്തിലേ ചിന്തിക്കാവൂ. പ്രാകൃതവും മണിപ്രവാളവും പാപം.
പെണ്ണിനും നല്ലനടപ്പ്. എസ്സൈ വിധിച്ചു.

സാറേ, പെട്ടീം ഭാണ്ഡോം കൊണ്ടോ? ഒരോട്ടോ എങ്കിലും….?

എങ്കീ വനിതാ ഓട്ടോ പിടിച്ച് പോ.

അവൾ നമ്രശിരസ്കയായി എഴുന്നേറ്റു. ഇനിയെന്തുചെയ്യേണ്ടൂ എന്നൊരുൽക്കണ്ഠയാൽ പതുക്കെ നടന്നു. ഒരു വനിതാപൊലീസെങ്കിലും ഈ നിമിഷത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് എസ്സൈ മനോകച്ചോടം നടത്തി. പെങ്കുട്ടിയെ ഒന്ന് നുള്ളിക്കാമായിരുന്നു.

അല്പം മാതൃകാലംഘനമാകാം. എഴുന്നേറ്റ അപ്പനെ സ്വകാര്യമായി വിളിച്ച് തോളിൽ കൈയ്യിട്ട് അകത്തെ മുറിയിൽ കൊണ്ടുപോയി. മുപ്പത്തിമുക്കോടി താഡനങ്ങളേറ്റുവാങ്ങിയ ചുമരിനോട് ചേർത്തുനിർത്തി. അപ്പൻ എന്തോ ലോഹ്യം ശ്രവിക്കാനായി നിന്നു.

എസ്സൈ കാൽമുട്ടുകൊണ്ട് അപ്പന്റെ മണികാർണ്ണികാഘട്ടിലേക്ക് ഒന്നു വെച്ചുകൊടുത്തു. അപ്പൻ ഒഴിഞ്ഞുമാറി. കാൽമുട്ട് ചുമരിൽ ചെന്നിടിച്ച് എസ്സൈ വീണു. ആ ഊക്കിൽ അപ്പനും വീണു.

അയ്യോ! കോറസുയർന്നു.faisal m, story

തപ്പിനോക്കിയപ്പോൾ കട്ടിലിനു താഴെ ചുവന്ന ചാന്തിട്ട വെറും നിലം. എവടെ ഏമാൻ? അപ്പൻ ചുറ്റും നോക്കി. അപനിർമ്മിക്കപ്പെട്ട രംഗബോധം റീകൺസ്ട്രക്ഷൻ ചെയ്തു. ആസ്ഥാനം തെറ്റിയ ലുങ്കി നേരെയാക്കി എഴുന്നേറ്റു. അപ്പൻ വിളിച്ചു. എൽസിക്കുട്ടീ…. എൽസ്യേ….
അവളെ നോക്കാൻ മുകളിലെ നിലയിലേക്ക് ഓടിക്കയറി. അവളവിടെ ഹാജറില്ല. കട്ടിലിലെ പട്ടുസാരി ക്ലോസപ്പിൽ കണ്ടപ്പോൾ നെഞ്ചിടിച്ചു. എന്തോ വീണ ശബ്ദം കേട്ട് എൽസിക്കുട്ടി അടുക്കളയിൽ നിന്ന് അകത്തേക്കോടി. അപ്പനപ്പോൾ തന്റെ ഓട്ടം അടുക്കളയിലേക്ക് തിരിച്ചുവിട്ടു. അപ്പനെ കാണാഞ്ഞ് മകൾ കുളിമുറിവാതിൽക്കലേക്കോടി. ഒടുവിൽ രണ്ടുപേരും കണ്ടുമുട്ടി. കൂട്ടിമുട്ടിയില്ല. അപ്പൻ ആശ്വാസഗോളടിച്ച ഫോർവേഡിനെ പോലെ നിന്നു.

എന്താ ഒരൊച്ച കേട്ടേ, അപ്പാ? കിതച്ചുകൊണ്ടെൽസി.

കട്ടിലീന്നൊന്ന് വീണു. മറുകിതപ്പിലപ്പൻ.

വല്ലോം പറ്റ്യോ?

ഇല്ല. അപ്പൻ. ഉള്ളിൽ ഇങ്ങനെയും പറഞ്ഞു, പറ്റിക്കാതിരുന്നാ മതി.

തടവണോ, അപ്പാ?

എന്റെ പൊന്നുമോളേ… എന്ന് ആത്മഗതം ചെയ്ത് അപ്പൻ പതിവുപോലെ ബാത്റൂം പൂകി. മകൾ അടുക്കളയിൽ കഞ്ഞിക്കു വകയുണ്ടാക്കി. മറ്റൊരു പതിവിനായി അപ്പൻ സ്റ്റോറൂമിൽ കയറി. വൈങ്കുപ്പികളിൽ ഒന്നെടുത്തു. കോർക്കെടുത്ത് മണപ്പിച്ചു.

വീഞ്ഞുഗന്ധം.

രണ്ടുവീതം ഗ്ലാസുകൾ മലർത്തി. രണ്ടും നിറച്ചു. തീന്മേശക്കടുത്തിരുന്ന് എൽസിയെ വിളിച്ചു. ഒന്നാം ഗ്ലാസ് അപ്പൻ മൊത്തി. രണ്ടാം ഗ്ലാസ് മകളേറ്റുവാങ്ങി.

ഉപദംശം? അപ്പൻ.

അതിന് പട്ടയല്ലല്ലൊ, അപ്പാ. അപ്പനിന്നെന്നാ പറ്റി? എൽസി.

ന്നാലും വെറും വയറ്റീ…

അവലോസുണ്ട. എൽസി.

എന്ത് വെടിയുണ്ടേലും പൊട്ടിച്ചുകൊണ്ടാ. അപ്പൻ.

അവലോസ് വന്നിരുന്നു.

അമ്മച്ചി എത്തീലെ? അപ്പൻ ചോദ്യമെയ്തു.

ഇല്ല. മോൾ മോന്തി..

ഇന്ന് ലതീഞ്ഞുണ്ടോ?

കളക്ഷനുണ്ട്. മോൾ

അപ്പൻ ഞെട്ടലിനുമേൽ ഞെട്ടൽ.

എന്റെ സ്വപ്നമേ… അതൊന്നും സത്യാവല്ലേ… കർത്താവേ… ഉള്ളിൽ പ്രാർത്ഥനയായി.

അപ്പൻ കൃഷ്യാപ്പീസീ പോണില്ലെ? എൽസിക്കുട്ടി ഗ്ലാസ് കാലിയാക്കി ചോദിച്ചു.faisal m, story

അപ്പൻ ഒന്നുരണ്ടുഞെട്ടൽ ഒന്നിച്ചു ഞെട്ടി. ഇനി ഞെട്ടാൻ കഴിഞ്ഞില്ലെങ്കിലോ! മകൾ പണ്ടെന്നോ പ്രതിരോധമന്ത്രിസ്ഥാനം കിട്ടിയ എ കെ ആന്റണിയെ പോലെ ഒരു ഭാവഗാനവും പാടാതെ അടുക്കളയിലേയ്ക്ക് പോയി. അപ്പൻ സിഗ്മണ്ട് ഫ്രോയിഡിനെ പറ്റി കേട്ടിട്ടില്ലാത്തതിനാൽ സ്വപ്നത്തെ അപഗ്രഥനം ചെയ്യാൻ മിനക്കെട്ടില്ല. ന്നാലും ഉള്ള അറിവുവെച്ച് ഒരു കമ്പാരറ്റീവ് സ്റ്റഡി നടത്തിനോക്കി.
പട്ടുസാരി.
അമ്മച്ചീടെ കുർബാന.
കളക്ഷൻ.
കൃഷിയാപ്പീസ്.
എന്റെ കർത്താവേ… ഒക്കെ ഒത്ത്‌വന്നല്ലൊ!

അപ്പൻ മുൻവാതിലിലെ ഓടാമ്പൽ ഒരു ഫോറൻസിക് വിദഗ്ദനെ പോലെ വിശദമായി പരിശോധിച്ചു. അന്തിമലേഖനമൊന്നുമില്ല. അത്രയെങ്കിലും ആശ്വാസം. ആകെ കിട്ടിയ വിക്കറ്റ്. അപ്പോൾ കിച്ചണീന്ന് ഒരശരീരി രാരീരം.
അപ്പനീ നെൽകൃഷി നിർത്തിക്കൂടെ! പാടം നെകത്തി പത്ത് തെങ്ങുവെച്ചാ ഈ മെനക്കെടേൽ വേണ്ടാലൊ. അപ്പന്റെ പ്രായത്തീള്ളോരൊക്കെ ടീവീൽ മിക്സഡ് ഡബിൾസ് കണ്ട് രസിക്കുവാ.

മകളുടെ രസികർ മൺറം അപ്പനു നന്നേ തലക്കു പിടിച്ചു. തെങ്ങുകൃഷി! മണ്ടചീയലും മണ്ഡരീം മണ്ഡോദരീം. അവൾക്കെന്തറിയാം. അങ്ങനെ അപ്പൻ പൂമുഖത്തെ ചാരുകസേരയിൽ അമരവേ കണ്ടു, ഒരു സ്വിഫ്റ്റ് കാറ്റ്. അതായത് കാർ. അതിലുള്ളവർ പുറത്തായി. ഒരാണ്. ഒരു പെണ്ണ്. സ്വന്തം പേരെഴുതാത്ത ഒരു മോഡി ഫെയിം കോട്ടിൽ ആണ്. പളപളാ മിന്നുന്നു പെണ്ണ്. ടീവി അവതാരങ്ങളാണോ എന്ന് ചോദിക്കും മുമ്പേ ആഗതർ അവതരിപ്പിച്ചു.

ഗുഡ് മോണിംഗ് അങ്കിൾ!

ആഗതശ്മശ്രുക്കളുടെ ഒച്ച കേട്ട് എൽസിക്കുട്ടി വാതിൽക്കൽ.

കർത്താവേ…എൽസീം പട്ടുസാരീൽ!

അപ്പൻ ബാക്കിയുണ്ടായിരുന്ന ഞെട്ടലുകൾ വേഗം ഞെട്ടിച്ചുതീർത്തു.

അപ്പ, ഇത് വിത്സൺ. ഇത് ഷേർളി.

അപ്പൻ ഞെട്ടലിന്റെ അവശിഷ്ടങ്ങളെ മറച്ചുവെച്ച് ആഗതപ്പരിശകളെ അകത്തേക്കു ക്ഷണിച്ചു.

ഇല്ല. ഇപ്പോൾ ഇല്ല. ഇനീം വരാലൊ. ഇപ്പൊ ഞങ്ങൾ കല്യാണത്തിന് പോകുവാ. എൽസ്യെ കൂട്ടാൻ വന്നതാ.

അയ്യോ! അപ്പൻ ഞെട്ടാതെ നിന്നു. ആര്ടെ കല്യാണാ?

ഫ്രണ്ടിന്റെ. നവാഗതകുസുമത്തിൻ കിളിപ്പേച്ച്.

അപ്പനോടിന്നലെ പറഞ്ഞതല്ലെ, രാജൂന്റെ കാര്യം? എൽസിയിടപെട്ടളഞ്ഞു.

രാജു നാരായണസ്വാമി? എന്നായി അപ്പൻ.

അപ്പന് നല്ല ഹ്യൂമർ സെൻസാണല്ലൊ. വന്നവൻ നിന്നു പറഞ്ഞു.

അപ്പനിതെന്നാ പറ്റീ? രാജൂ കുര്യാക്കോസ്. എൽസി വ്യക്തമാക്കി.

ആഗതരായ വിജാതീയലിംഗങ്ങൾ ചിറികോട്ടി.

സഭമാറിക്കെട്ട്. അല്ലെ? അപ്പൻ.

എന്തോ. എനിക്കറീല്ല. മോൾ.

സാൽവേഷൻ ആർമി? അപ്പൻ.

കുന്തം! ഇന്ത്യൻ ആർമി. ആസാം റൈഫിൾസിൽ. എന്റപ്പന്റെ ഒരു കാര്യം!

അപ്പൊ… സഭ? അപ്പഞ്ചോദ്യം.

ഒര് സഭ! രാജൂനൊര് സഭേലും കമ്പല്ല. എൽസി.

അപ്പൻ സ്ഥലകാലവിഭ്രാന്തിപ്പശുവിനെ പോലെ നിന്നു.

അപ്പൊ ഞാൻ പോണു. കഞ്ഞി മേശമ്മേൽണ്ട്. മകൾ അസന്നിഗ്ദ്ധമായി പറഞ്ഞു.

അപ്പൻ മരവിച്ചു. മൂവരും സ്വിഫ്റ്റിൽ പൂകി. അപ്പൻ വിളകൾക്ക് കീടബാധയേറ്റ കർഷകനെ പോലെ നിൽക്കണോ, ഒരു കടാശ്വാസബിൽ പാസ്സായി കിട്ടിയ പോലെ നിൽക്കണോ എന്നറിയാതെ ഒരുവിധം നിന്നു. കാർ മുറ്റത്തുനിന്ന് നീങ്ങുമ്പോൾ അമ്മച്ചി അന്നത്തെ കളക്ഷനുമായി മുന്നിൽ. സദ്ശകുനം! സദ്‌വാർത്ത! അപ്പോഴാണ് അവൾ അന്തിമ കത്തിനെ പറ്റി ഓർത്തത്. സൗകര്യത്തിനു കിട്ടിയല്ലൊ എന്ന സന്തോഷത്തിൽ അവൾ ബ്ലൗസിനുള്ളിൽ നിന്ന് വിയർപ്പിൽ നനഞ്ഞ ഒരു കടലാസ് അമ്മച്ചിക്കിട്ടു കൊടുത്തു.

അമ്മച്ചിയത് കാളവണ്ടിയിൽ നിന്നെറിയുന്ന സിനിമാ നോട്ടീസ് പെറുക്കിയെടുക്കുന്ന എഴുപതുകളിലെ ബ്ലാക് ആന്റ് വൈറ്റ് കുട്ടിയുടെ ആവേശത്തിൽ പിടിച്ചെടുത്തു. അപ്പൻ അതു കാൺകെ കടം വാങ്ങി ഞെട്ടാൻ പോലുമാകാതെ ചാരുകസേരയിൽ ഒന്നുകൂടി അമർന്നു. ദ്വാരകയിൽ നിന്ന് മഥുരാപുരിയിലേക്ക് അക്രൂരൻ കൂട്ടിക്കൊണ്ടുപോകുന്ന കാർവർണ്ണനെ നോക്കിനിൽക്കുന്ന ഗോപികയെ പോലെ അപ്പൻ ഭഗ്നചിത്തനായി. അപ്പൻ നയനപഥത്തിലെ മാരിക്കാർ നോക്കിനിന്നു. പിന്നെ കാറുയർത്തിയ ധൂമപടലം നോക്കിനിന്നു. പൊടിയും അപ്രത്യക്ഷമായപ്പോൾ കാർ പോയ ട്രാക്കുകൾ നോക്കി വടിയായി. ചരണങ്ങൾ രണ്ടും ചാരുകസേരയിൽ കയറ്റി ചാരത്തുനിന്നും വിശറിയെടുത്ത് വീശി. വിശറിക്കു കാറ്റു വേണ്ടായിരിക്കും. മനുഷ്യന്റെ കാര്യം അതല്ലല്ലൊ. വിശറിയെ സഹിക്കാഞ്ഞ് കാറ്റ് നാലുപാടും പാഞ്ഞു. അതിൽ കുറച്ചൊക്കെ അപ്പന്റെ മുഖത്തും നെഞ്ചത്തും വന്നടിച്ചു. ചുടുകാറ്റ്!

അപ്പോൾ ഫേസ്ബുക്കിൽ എൽസിക്കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിന് കൺഫേം കാത്തുകിടക്കുന്ന അമ്മച്ചിയിൽ നിന്ന് ശ്രീലങ്കാപ്രക്ഷേപണനിലയത്തിൽ നിന്നെന്നപോലെ ഒരു ദീർഘനിലവിളിയുയർന്നു. അമ്മച്ചിയുടെ കൺകൾ എൽസിക്കുട്ടിയുടെ കൈയ്യക്ഷരങ്ങളിൽ തറഞ്ഞുനിൽക്കുന്നത് അപ്പന്റെ ഒച്ചയടപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook