‘’കൂട്ടുകാരിക്കായി ഇറങ്ങി പുറപ്പെട്ടതാണ്. അങ്ങനെ ഇറങ്ങി പുറപ്പെടാനല്ലെങ്കില്‍ എന്തിനാണ് സുഹൃത്തേ നിനക്കു ഞാന്‍?”
ഏറെ ശാന്തമായി ഒരുമയില്‍ നീങ്ങുന്ന മേഘപാളികള്‍. ഏതാനും ദിവസങ്ങളായി അവള്‍ക്ക് കൈവരിക്കാന്‍ സാധിക്കാത്തതും അതു തന്നെ, മനശ്ശാന്തി. വിമാനത്തില്‍ പുറംകാഴ്ചകളില്‍ പതിഞ്ഞ മേഘങ്ങളെ അവള്‍ അസൂയയോടേ നോക്കി. തൊട്ടടുത്ത ഇരിപ്പിടത്തില്‍ കൂട്ടുകാരിയുടെ മൂന്ന് വയസ്സുകാരി മകള്‍ പാവക്കുഞ്ഞിനോട് കലഹിച്ചു കൊണ്ടിരിക്കുകയാണ്. അതിനുമപ്പുറത്തെ ഇരിപ്പിടത്തില്‍ വറ്റി വരണ്ട മുഖത്തോടെ കണ്ണുകളടച്ച് ഇരിക്കുന്നത് അവളുടെ കൂട്ടുകാരിയാണ്.
”ഭാനൂ…”
ആഹാരവുമായി എയര്‍ഹോസ്റ്റസ്സ് അടുത്തെത്തിയപ്പോള്‍ അവള്‍ ഭാനുവിനെ തട്ടിവിളിച്ചു.
ക്ലിങ് ഫിലമില്‍ പൊതിഞ്ഞ തണുത്ത് മരവിച്ച സാന്‍ഡ്‌വിച്ച് അവളെ ഏല്‍പ്പിച്ച് ഭാനു വീണ്ടും കണ്ണുകളടച്ചിരുന്നു. കുഞ്ഞിന് ആഹാരം കൊടുത്തതിന് ശേഷം ഒരിക്കല്‍ കൂടി അവള്‍ ഭാനുവിനെ നോക്കി.
ഇന്നലെയാണ് ഭാനു വിധവയായത്. യു പി സ്വദേശിയായ ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ രാംശങ്കര്‍ യാദവിന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍. ഇരുവീടുകളില്‍ നിന്നുമുള്ള എതിര്‍പ്പും പ്രണയിതാക്കളുടെ ദൃഢനിശ്ചയവും തുലാസ്സിലേറിയപ്പോള്‍ രണ്ടാമത്തെ തട്ട് താണ് തന്നെയിരുന്നു. ജീവിതയാത്രയില്‍ എന്നും കൂട്ടായിരിക്കുമെന്ന് സത്യം ചെയ്തവള്‍ ഈ യാത്രയിലും അത് പാലിക്കുന്നു, പ്രിയ ഭര്‍ത്താവിന്റെ ജീവനറ്റ ശരീരം അയാളുടെ സ്വദേശത്തേക്ക് അനുഗമിച്ചുകൊണ്ട്.
ഇരുപത്തിയഞ്ചാം വയസ്സില്‍ ഏകമകളുടെ വിധിയറിഞ്ഞ് ബോധം മറഞ്ഞതാണ് ഭാനുവിന്റെ അമ്മയ്ക്ക്. തന്നില്‍ മാത്രം അവശേഷിച്ചിരുന്ന പ്രതീക്ഷയുടെ കണികയറ്റതറിഞ്ഞ് ആശുപത്രിയില്‍ വച്ച് ഭാനു മോഹാല്‍സ്യപ്പെട്ടു വീണപ്പോള്‍ താങ്ങിയത് ഈ കൈകളിലാണ്. ഈ നശിച്ച യാത്രയില്‍ ഭാനുവിനും അവളുടെ അച്ഛനും മകള്‍ക്കും കൂട്ടായി പുറപ്പെട്ടത് ഭാനു തനിക്കും അത്രമേല്‍ പ്രിയപ്പെട്ടവളായത് കൊണ്ടാണ്.
”എന്റെ ഭാനൂ, എന്തൊരു വിധിയാണിത്. നീ ഏറെ പറഞ്ഞിരിക്കുന്ന നിന്റെ രാമുവിന്റെ ഗ്രാമത്തിലേക്ക് ഇങ്ങനെ വരാനായിരുന്നില്ല ഞാനാഗ്രഹിച്ചിരുന്നത്.”

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടന്ന ഉടനെ ഭാനു സല്‍വാര്‍ കമ്മീസിന്റെ ഷാള്‍ കൊണ്ട് തലയും മുഖവും മറച്ചു. ഭര്‍ത്താവിന്റെ മൂത്ത സഹോദരനെ കണ്ട ഉടനെ അയാളുടെ കാല് തൊട്ട് വന്ദിച്ചു. അയാള്‍ ഭാനുവിനെ തൊട്ടില്ല, കുഞ്ഞിനെ മാത്രം കയ്യിലെടുത്തു.
”ഇവരാരാണ്?” അയാള്‍ അവളെ ചൂണ്ടി ചോദിച്ചു.
”ഭാനുവിന്റെ സുഹൃത്താണ്” അച്ഛന്‍ മറുപടിയേകി.
”നിങ്ങള്‍ വിവാഹിതയാണോ?” അയാള്‍ ശരവേഗത്തില്‍ അടുത്ത ചോദ്യമെറിഞ്ഞു.
”അവള്‍ അവിവാഹിതയാണ്” ഭാനുവിന്റെ മറുപടി അവളെ കുഴപ്പത്തിലാക്കി.
വിവാഹിതയെങ്കിലും താലി ഉള്‍പ്പെടെ വിവാഹിതയുടേതായ യാതൊരു ചിഹ്നങ്ങളും അവളുടെ ശരീരത്തിലുണ്ടായിരുന്നില്ല. ജീന്‍സും ടീ ഷര്‍ട്ടുമാണ് അവള്‍ ധരിച്ചിരുന്നത്, അതയാളെ അലോസരപ്പെടുത്തുന്നതായി തോന്നി.
കാറിലിരിക്കുമ്പോള്‍ ഭാനു വീണ്ടും നിശബ്ദയായി. കുഞ്ഞ് അവളുടെ മടിയില്‍ അള്ളിപ്പിടിച്ചിരുന്ന് ഉറക്കം തൂങ്ങിത്തുടങ്ങിയിരുന്നു. ഭാനു അവളുടെ വലത്തേ തോളിലേക്ക് ചാഞ്ഞു.
”നീ സാരിയോ സല്‍വാര്‍ കമ്മീസോ കയ്യില്‍ കരുതിയിട്ടുണ്ടോ?” ഭാനു മുഖം തരാതെ ചോദിച്ചു.
”ഇല്ല, എന്തേ?”
”നീ വിവാഹിതയല്ലെന്ന് പറയണം. ചോദ്യങ്ങളുണ്ടാകും. ഇത് ദേശം വേറെയാണ്…”
അവള്‍ മൂളുക മാത്രം ചെയ്തു.
ഹൈവേയും ക്രോസ്സ് റോഡുകളും വലിയ കെട്ടിടങ്ങളും കടന്നു പൊയ്ക്കോണ്ടേയിരുന്നു. കരിമ്പിന്‍ പാടങ്ങള്‍ കാഴ്ച്ചയില്‍ പതിഞ്ഞു തുടങ്ങിയപ്പോഴാണ് നഗരവാതില്‍ പിന്നിട്ടത് അവളറിഞ്ഞത്. വീതി കുറഞ്ഞ നിരത്തുകള്‍ കഴുതകളും എരുമകളും കയ്യടക്കിയിരുന്നു. പീടികത്തിണ്ണകളിന്മേല്‍ വലിയ തലപ്പാവ് ധരിച്ച വയസ്സന്മാര്‍ സൊറപറഞ്ഞു കൊണ്ടേയിരുന്നു.
പച്ചക്കറിച്ചാക്കുകള്‍ തലച്ചുമടായി ലാഘവത്തോടെ കൊണ്ടുപോകുന്ന സ്ത്രീകള്‍ അവളെ അദ്ഭുതപ്പെടുത്തി. വൈക്കോല്‍ മേഞ്ഞ ഒറ്റമുറി കൂരകളുടെ മുറ്റത്ത് സിമന്റ് തേച്ച ചെറിയ കല്ലൊതുക്കുകളില്‍ വിറക് കൂട്ടിയിട്ട് കുന്തിച്ചിരുന്ന് പാചകം ചെയ്യുന്ന സ്ത്രീകളേയും അവള്‍ കണ്ടു. എല്ലാവരും സാരിത്തലപ്പ് കൊണ്ട് തല മറച്ചിരുന്നു.
”ഗ്രാമത്തലവനാണ് രാമുവിന്റെ അച്ഛന്‍. വീട്ടില്‍ മിക്കവാറും ദിവസങ്ങളില്‍ സദസ്സ് കൂടും. ഗ്രാമത്തിലെ പ്രശ്‌നപരിഹാര കോടതിയാണ് ആ വീട്.” വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടം രാമുവിന്റെ കൂടെ ഗ്രാമത്തില്‍ പോയി വരുമ്പോള്‍ ഭാനു കഥകളുടെ ഭാണ്ഡക്കെട്ടഴിക്കും.

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഗോതമ്പ് പാടത്തിനു മുന്‍പില്‍ വണ്ടി നിന്നു. ആംബുലന്‍സില്‍ നിന്നുമിറക്കിയ മൃതദേഹം നാലഞ്ച് ചെറുപ്പക്കാര്‍ ചേര്‍ന്നു നടവരമ്പിലൂടെ ചുമന്ന് കൊണ്ടുപോയി.
അവര്‍ക്ക് പിറകില്‍ കുഞ്ഞിനേയുമെടുത്ത് നടക്കുമ്പോള്‍ ഭാനുവിന്റെ കാലടികള്‍ വേച്ചു. പാടവരമ്പ് അവസാനിച്ചത് രാമുവിന്റെ വീട്ടുമുറ്റത്താണ്. മുറ്റത്ത് കയറ് വരിഞ്ഞ പഴയ കട്ടിലില്‍ കിടന്നിരുന്ന വയസ്സന്‍ അലമുറയിടാന്‍ തുടങ്ങി.
”എന്റെ രാമൂ, നീ ഇത്ര വേഗം ഞങ്ങളെ വിട്ടുപോയല്ലോ… ഭഗവാനേ, മകന്റെ മരണം കാണാന്‍ മാത്രം ഭാഗ്യം കെട്ടവനാണോ ഞാന്‍?” അയാള്‍ രണ്ടു കൈകള്‍ കൊണ്ടും തലയില്‍ തല്ലി.
കൂടി നിന്ന നാട്ടുകാര്‍ ഭാനുവിനും കുഞ്ഞിനും വഴിമാറി കൊടുത്തു. കൊത്തിപറിക്കുന്ന ദൃഷ്ടികളില്‍ നിന്ന് ഒരു സുരക്ഷാകവചം കണക്കേ കുഞ്ഞിനെ മാറോട് ചേര്‍ത്ത് കൊണ്ട് ഭാനു വീടിനകത്തേക്ക് കയറി. തല മറച്ച മുതിര്‍ന്ന സ്ത്രീകളിലൊരുവള്‍ കുഞ്ഞിനെ അവളുടെ മാറില്‍ നിന്ന് പറിച്ചെടുത്തു.
സാമാന്യം വലിപ്പമുള്ള നടുത്തളത്തിനു പിറകില്‍ അടുക്കളയോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട ചായ്പില്‍ പരാതിയില്ലാതെ ഭാനു ഇരുന്നു. ഭാനുവിനോടൊപ്പം അവളും. നാഴികകള്‍ കടന്നുപൊയ്ക്കൊണ്ടേയിരുന്നു. പച്ചവെള്ളം ഇറക്കിയിട്ടില്ല. ഭാനു ജീവച്ഛവം കണക്കേ ഭിത്തിയില്‍ തല ചായ്ച്ച് പായയില്‍ ഇരിക്കുന്നു. അവള്‍ ചായ്പില്‍ നിന്ന് പുറത്തിറങ്ങി. വീട് ഏറെക്കുറെ ഒഴിഞ്ഞിരിക്കുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ രാമുവിന്റെ ചിതയെരിഞ്ഞിരുന്നുവെന്ന് ഭാനുവിന്റെ അച്ഛന്‍ പറഞ്ഞ് അവളറിഞ്ഞു.
”എന്തേ ഭാനുവിനെ വിളിച്ചില്ല?”
ആ സാധുവായ മനുഷ്യന്‍ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു വിതുമ്പലില്‍ ഒതുക്കി.
”നിങ്ങള്‍ ഭാനുദീദിയുടെ ആരാണ്?”
”ഞങ്ങള്‍ കളിക്കൂട്ടുകാരാണ്.”
”നിങ്ങള്‍ വിവാഹിതയാണോ?”
”അ… അല്ല”
”ഭാനുദീദി ചതുര്‍ത്ഥിയാണ്. നിങ്ങള്‍ ചായ്പിലിരുന്നുകൂടാ. നിങ്ങള്‍ക്കുള്ള പായ ഞാന്‍ മുറിയില്‍ വേറെ വിരിച്ചിട്ടുണ്ട്”
അത്താഴത്തിന് ഭാനുവിനുള്ള റൊട്ടിയും ഉരുളക്കിഴങ്ങ് കൂട്ടാനും ചായ്പിനുള്ളിലേക്ക് നീക്കിവച്ച വേലക്കാരി പെണ്ണ് അവളോട് കാര്യങ്ങള്‍ വിവരിച്ചു.
”ദീദീ, നിങ്ങള്‍ വിവാഹിതയല്ലല്ലൊ അപ്പോള്‍ നിങ്ങള്‍ക്ക് നാളത്തെ ചടങ്ങുകള്‍ കാണാം.”
”പീലീ, നീ അമ്മയ്ക്കുള്ള മരുന്നെടുത്ത് കൊടുത്തില്ലേ?” രാമുവിന്റെ സഹോദരന്റെ ശാസനയില്‍ പീലി അവിടെ നിന്ന് ഓടിയകന്നു.
ചായ്പിനുള്ളില്‍ വെട്ടം വല്ലാതെയേറിയപ്പോള്‍ അവള്‍ എഴുന്നേറ്റു. അരികില്‍ ഭാനുവിനെ കണ്ടില്ല. ഭാനുവിനെ ഒറ്റയ്ക്കാക്കാന്‍ മനസ്സ് വരാത്തതു കൊണ്ട് രാത്രി ഏറെ വൈകി അവള്‍ മുറി വിട്ട് ഭാനുവിനോടൊപ്പം വന്നു കിടന്നിരുന്നു.
പുറത്തെ ബഹളങ്ങള്‍ക്കിടയില്‍ മൂന്ന് വയസ്സുകാരി അവളെ കണ്ട് ഓടിവന്ന് ഒക്കത്തേറി.
”അമ്മയെവിടെ?”
കുഞ്ഞ് പുറത്തേക്ക് കൈ ചൂണ്ടി.

പല പ്രായത്തിലുള്ള സ്ത്രീകള്‍ പുറത്ത് കൂട്ടം കൂടി നില്ക്കുന്നു. അവരെല്ലാവരും തന്നെ വെള്ള നിറത്തിലുള്ള സാരികളാല്‍ തലമറച്ചിരുന്നു. അവര്‍ക്ക് നടുവില്‍ ചുവന്ന ബനാറസി സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് നെറുകയില്‍ നീളത്തില്‍ സിന്ദൂരം ചാര്‍ത്തി ഒരു വധുവിനെപോലെ അണിഞ്ഞൊരുങ്ങിയ ഭാനുവിനേയും കണ്ടു.
”അവര്‍ പുടവ തരുന്നത് ചുവന്ന ബനാറസി സാരിയാണ്. അവരുടെ നാട്ടില്‍ പട്ട് എന്നാല്‍ തിളങ്ങുന്ന ബനാറസിയാണ്. ഞാനത് ജീവിതത്തില്‍ ഉടുക്കുമെന്ന് തോന്നുന്നില്ല.” ഭാനുവിന്റെ പൊട്ടിച്ചിരി അവളുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
”നിങ്ങള്‍ വിവാഹിതയാണെങ്കില്‍ ഇവിടെ നിൽക്കാന്‍ പാടില്ല. ആ പെണ്ണിന്റെ ദൃഷ്ടി പെടും.” ഭാനുവിനെ ചൂണ്ടി ഒരു മുതിര്‍ന്ന സ്ത്രീ അവളെ താക്കീത് ചെയ്തുകൊണ്ട് കടന്നു പോയി.
അടുത്ത നിമിഷം തല മറച്ച രണ്ട് സ്ത്രീകള്‍ ഭാനുവിന്റെ കൈകള്‍ കൂട്ടിയടിച്ച് കുപ്പിവളകള്‍ പൊട്ടിച്ചു. ചുവന്ന കുപ്പിച്ചില്ലിന്‍ കഷ്ണങ്ങള്‍ അവളുടെ മാംസളമായ കൈകളില്‍ പോറലുകളുണ്ടാക്കി നിലത്തേക്കുതിര്‍ന്നു വീണു. അവര്‍ കഴുത്തിലെ താലി പൊട്ടിച്ചെടുക്കുകയും നെറുകയിലെ സിന്ധൂരം കൈ കൊണ്ട് ഉരസി മായ്ച്ചു കളയുകയും ചെയ്തു. ഒരു കുടം വെള്ളം തലയിലൂടെയൊഴിച്ച് അവര്‍ അവളുടെ മുഖത്തെ ചായങ്ങള്‍ കഴുകി കളഞ്ഞു.
ആ ജലധാരയുടെയിടയിലൂടെ ഭാനുവിന്റെ കണ്ണൂകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ മാത്രം കണ്ടു. വളരെയധികം പ്രായം ചെന്ന തല മുണ്ഡനം ചെയ്ത ഒരു സ്ത്രീ ഭാനുവിനെ അവരുടെയിടയില്‍ നിന്ന് രാമുവിന്റെ ചിതയെരിഞ്ഞയിടത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവള്‍ തന്റെ മാറില്‍ ചാഞ്ഞു കിടക്കുന്ന ഭാനുവിന്റെ മകളെ നോക്കി. തള്ളവിരല്‍ വായിലിട്ട് ഒരക്ഷരം മിണ്ടാതെ കാഴ്ചയില്‍ നിന്ന് മായുന്നിടം വരെ മകള്‍ ഭാനുവിനെ തന്നെ നോക്കിയിരിക്കുന്നു. അവള്‍ കുഞ്ഞിന്റെ നെറുകയില്‍ തലോടി നെറ്റിയില്‍ ചുംബിച്ചു.
”പെണ്‍കുഞ്ഞാണ്. തല നിറയെ മുടിയാണവള്‍ക്ക്. എന്റെ ഭാനുവിനെ പോലെ.” ഭാനു പ്രസവിച്ച വിവരം രാമു ആദ്യം അറിയിച്ചത് തന്നെയാണ്.
”ആരുടെ ദൃഷ്ടിയാണ് ഭാനൂ നിനക്കേറ്റത്?”
പുറത്ത് സ്ത്രീകള്‍ വീണ്ടും ബഹളം വച്ചു തുടങ്ങി. പ്രായമുള്ള സ്ത്രീ തിരികെ വേഗത്തില്‍ നടന്നു വരുന്നത് കണ്ടു.
”ഭാനു എവിടെ?” അവള്‍ ആരോടെന്നില്ലാതെ ചോദിച്ചു.
വൃദ്ധയുടെ പുറകില്‍ കുറച്ചകലെയായി ഭാനുവിനെ കണ്ടു. വെളുത്ത സാരിയില്‍ മുണ്ഡനം ചെയ്ത തല മറച്ച് ആഭരണങ്ങളേതുമില്ലാതെ മ്ലാനമായ മുഖത്തോടെ ഭാനു കണ്മുന്നില്‍ പതിയെ തെളിഞ്ഞു തുടങ്ങി. അവള്‍ ഒരു ഞെട്ടലോടെ കുഞ്ഞിന്റെ കണ്ണുകള്‍ ഇറുകെ പൊത്തിപ്പിടിച്ച് തിരിഞ്ഞു നടന്നു.