‘ശലഭം പൂക്കൾ ഏറോപ്ലേന്‍’ എന്ന സംഗീത ശ്രീനിവാസന്റെ നോവൽ തികച്ചും പുതിയതാണ്. അതിലെ കഥാപാത്രങ്ങളും അവരുടെ ജീവിതവും അവർ ജീവിക്കുന്ന കാലവും അവർ അത് അറിയും വിധവും വളരെ വിചിത്രമാണ്. ഒരുപക്ഷേ ഒരാറു മാസം ആയിരിക്കണം അതിലെ കാലവഴി. ഏറിയാൽ ഒരു കൊല്ലം. അവിടെ കാമവും ക്രോധവും ഹിംസയും സുതാര്യമായി കെട്ടഴിച്ചു വിട്ട  കുതിരകളെ പോലെ നടക്കുകയാണ്. രതിക്കൊതിയിൽ തുടങ്ങി പ്രേമത്തിലേക്ക് ചാഞ്ഞ് വഞ്ചന എന്ന് സാധാരണ ലോകത്തിൽ വിളിക്കപ്പെടുന്ന ഒരകൽച്ചയിൽ ഈ നോവൽ അവസാനിക്കുന്നു.

സമാന്തരമായി ഒരു മാതൃഹത്യയും (matricide) നടക്കുന്നുണ്ട്. (മാതൃഹത്യ എന്ന് തന്നെ പറയണം. ജോൺ  മറോക്കി പ്രതിനിധീകരിക്കുന്ന പുതു വായനയ്ക്ക് അതേ ചേരൂ!) സ്ത്രീയിലെ അമ്മയെ ശാന്തമായി കൊന്നു കളഞ്ഞ നോവൽ. അൽപ്പം വട്ടും (അതിനും ‘ബൈപോളാർ സ്കിസോഫ്രിനിക്;  എന്ന സംജ്ഞകൾ നോവലിൽ ഉണ്ട്) അരികിൽ ചേർന്ന് നിൽക്കാതെ പാറിപ്പറക്കുന്ന സ്വഭാവവും ഉള്ള  മൂമു, ആഷി എന്നീ രണ്ടു സ്ത്രീകളെയാണ് നായികമാരാക്കിയിരിക്കുന്നത്. അവരുടെ ജീവിതം പ്രവചനാതീതമാണ്. ഒരേ പെണ്മയുടെ രണ്ടു മുഖങ്ങളാണ്  അവർ എന്ന് ആലങ്കാരികമായി പറയാം. അലങ്കാരങ്ങൾ ഒന്നും ഇല്ലാതെ കഥ പറയാൻ ആണ് എഴുത്തുകാർ ശ്രമിക്കേണ്ടത് എന്നാണു സംഗീതയുടെ അഭിപ്രായമെങ്കിലും.

നിറയെ പുസ്തകങ്ങൾ ഉള്ള ജോണിന്റെ മുറി, അയാളുടെ അറിവിന് മുൻപിൽ വിനീതയായി പോവുന്ന ഒരു പെണ്ണ്, അതൊന്നും ശ്രദ്ധിക്കാതെ ഭ്രാന്തമായി നോവൽ എഴുതുന്ന മറ്റൊരു പെണ്ണ്. ഇതിലെ കഥാപാത്രങ്ങൾ ആരും പതിപ്പുകൾ അല്ല. പുതു പൊടിപ്പുകൾ ആണ്. തകർന്നു പൊടിഞ്ഞു കിടക്കുന്ന ജീവിതവും ശീലവും ആചാരങ്ങളും കുടുംബ ബന്ധങ്ങളും ശീലങ്ങളുമാണ് ഇതിൽ. അതിന്റെ പൊടി തട്ടി വായനക്കാർ ചുമയ്ക്കുകയും മുഖം പൊത്തുകയും ചെയ്യുന്നത് കാണിക്കാൻ  സംഗീതയ്ക്ക് പറ്റിയിട്ടുണ്ട്.

മലയാളികളുടെ ജീവിതത്തെയും ‘മീഡിയോക്കർ’  അഭിരുചിയേയും ചീത്ത പറയുന്നു ജോണ്‍. കലാപമായി കുറെ തെറി വാക്കുകളും പറയുന്നു. നാം കണ്ടിട്ടില്ലാത്ത ഒരു ജോലി (കുതിരനോട്ടക്കാരി) ചെയ്യുന്ന മൂമു, സമ്പന്നയായ ആഷി, മുടിഞ്ഞ പുസ്തകവായനക്കാരനും  വല്യ അറിവുകാരനുമായ ജോണ് മറോക്കി. ഇവർ എന്താണ് വായനക്കാരുടെ മുൻപിൽ ചെയ്യുന്നത് എന്ന് ചോദിച്ചാൽ കുടുംബം, പ്രേമം, രതി, കൊല  ഇവയുടെ സമവാക്യങ്ങൾ തിരിച്ചിടുകയാണ്.v m girija ,novel, sangeetha sreenivasan,

എന്നാലും പുരുഷന്റെ അറിവിന്റെയും ആസ്വാദനത്തിന്റെയും കണ്ണിൽ വില മതിക്കപ്പെടുകയില്ലേ എന്ന പേടിയാണ് മുമുവിന്. വീനസിന്റെ മുലകളെ പോലെ ലക്ഷണം ഒത്തവയാണ് തന്റെ മുലകൾ എന്ന് ജോണ്‍ പറയുമ്പോഴേ മൂമുവിന് സമാധാനം ഉള്ളൂ.

ഞാൻ ഒരു വായനക്കാരി മാത്രം. വായിച്ചത് ഉള്ളിൽ കിടന്നു ഓടുമ്പോൾ അതിനെ അറിയാൻ ശ്രമിക്കുന്നു എന്ന് മാത്രം.

എന്റെ ജോണ്‍ മറോക്കീ, പുസ്തകവായനക്കാരാ, വിദേശ അറിവാളാ, കഥക്കാരാ വഴി മാറി പ്രേമിച്ചപ്പോൾ നിങ്ങളും തളർന്നു, തകർന്നു, കുറ്റബോധത്തിൽ പെട്ട് കരഞ്ഞു. മൂമൂ… നീയും ഭ്രാന്തിന്റെ ലോകത്ത് കറങ്ങി. കുലുക്കം ഇല്ലാത്തതു ആശിക്കാന്‍. അവൾ ഒരു ഇല പോലെ ജോണിന്റെ ജീവിതത്തിൽ നിന്നടർന്നു ശലഭം പോലെ മറ്റൊരിടത്തേക്ക് പോകും.

അപ്പൊ എവിടെയാണ് മാറ്റം? ജീവിതത്തിൽ മാറ്റം ഇല്ലേ?

‘യാഥാർഥ്യം മനസ്സിലാക്കാതെ മരിച്ചു പോയ കോടാനുകോടി മനുഷ്യരുടെ നിരാശ ഉള്ള ഈ ഭൂമിയിൽ’ (നോവലിൽ നിന്ന്) ആ സത്യം എത്തിപിടിക്കാൻ  ശ്രമിക്കുന്നു സംഗീത ശ്രീനിവാസൻ.

സ്വപ്നങ്ങളുടെയും അസാധാരണ ജീവിതസന്ദര്‍ഭങ്ങളുടെയും ഈ രേഖാപ്പുസ്തകം പുതിയതാണ്. ‘അപരകാന്തി’, ‘ആസിഡ്’ തുടങ്ങിയ സ്വന്തം കൃതികൾക്ക് മുകളിൽ പറക്കാൻ ഈ എഴുത്തുകാരിക്ക് പറ്റിയിട്ടുണ്ട്.

എന്നാലും പല പല തട്ടുകളിൽ നെയ്തു  കേറ്റിയ ആഖ്യാനങ്ങൾ ചിലപ്പോഴൊക്കെ വായിക്കുന്ന ആളുടെ അനുഭവത്തിനു യോജിക്കുന്നില്ല. അത് വലിഞ്ഞും കോടിയും പോകുന്നു.

നോക്ക്… ഇത്രയധികം വായന, ഇത്രയധികം പുസ്തകങ്ങളുടെ ലിസ്റ്റ്, അതിലുള്ള ആഴപ്പെടലിനെ കുറിച്ചുള്ള അഭിമാനം എന്നിവയും ജീവിതവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. അതെല്ലാം വായിച്ച വിദേശ നവ ക്ളാസിക്കുകളുടെ ആസ്വാദകനും പ്രചാരകനുമായ  ജോണിൻറെ  ജീവിതത്തിൽ ഈ അറിവുകൾ ഒന്നും വെളിപ്പെടുന്നില്ലല്ലോ. അവളാണ് എന്നെ കുടുക്കിയത് എന്ന് പറയുന്ന ഒരു തനി പുരുഷനും, കുറ്റബോധം, പിടിക്കപ്പെട്ടപ്പോൾ മാത്രം അനുഭവിക്കുന്ന ഗജ പോക്കിരിയും ആണയാൾ.

മലയാള സാഹിത്യം ആരുടേയും അച്ഛന് കിട്ടിയ  സ്ത്രീധനം ആയിരുന്നില്ല ഒരിക്കലും. സ്ത്രീകൾക്ക് അനുഭവിക്കാൻ പറ്റാത്ത കുടുംബ മുതലോ ആണവകാശമോ ആയിരുന്നു. ഇതിലും ബുദ്ധിജീവി, ജീനിയസ്, മലയാളി പുച്ഛക്കാരൻ, അരാജകവാദി എന്ന നിലകളിൽ പടരുന്ന ജോൺ  ഈ സമയത്തൊക്കെ താൻ ഒഴിവാക്കാൻ ആഗ്രഹിച്ച ഇടത്ത്  തന്നെ എത്തുന്ന ദയനീയ കാഴ്ചയുണ്ട്. അതാണ് സത്യാവസ്ഥ എന്നായിരിക്കുമോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook