scorecardresearch
Latest News

സദൃശ്യവാക്യങ്ങളില്‍ ജെനി

“ആറാംക്‌ളാസില്‍ പഠിക്കുമ്പോള്‍ പപ്പയുടെ കൂടെ കെ എസ് ആര്‍ ടി സി ബസില്‍ മലമുകളിലൂടെയുളള വഴിയിലൂടെ ഞാനും ചേച്ചിയും പപ്പയും കൂടെ ഒരു സീറ്റിലിരുന്ന് സഞ്ചരിച്ചതാണ്. നല്ല തെളിച്ചമുളള ഒരു ദിവസം. റബ്ബറിലകളിലൂടെ പടര്‍ന്ന കാറ്റ് ബസില്‍. എന്റെ മുടിയിലൂടെ വിരലോടിച്ച് പപ്പ. ആ യാത്രയാണ് ഇപ്പോഴും എനിക്ക് പപ്പ”

jacob abraham, story

ജീവന്‍ ( തിരുവല്ലയിലെ ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് )

ഈ ഐസിയുവിന്റെ മുന്നില്‍ മൂന്ന് ദിവസമായി ഞാനിരിക്കുകയാണ്. പപ്പയാണ് അകത്ത്. വല്യ ഹോപ്പൊന്നും വേണ്ടന്നാണ് ഡോക്ടര്‍മാര് പറേന്നത്. ഐസിയു വരാന്തയുടെ തെക്കെ അറ്റത്തുളള ജനാലയിലൂടെ നോക്കിയാല്‍ തിരുവല്ല പട്ടണം കാണാം. സ്റ്റേഡിയവും അരണമരങ്ങളും റെയില്‍വേലൈനും കാണാം. ദുരെ ഒരു ട്രെയിന്‍ ഇഴഞ്ഞുപോകുന്നുണ്ട്. എത്രയും പെട്ടെന്ന്  അമേരിക്കയിൽ നിന്ന് ചേച്ചിയൊന്ന് വന്നാല്‍ മതിയാരുന്നു. ചേച്ചി വന്നാലുടനെ എനിക്ക് തിരിച്ച് ബാംഗ്‌ളൂരിന് പോണം. എനിക്കീ നാട് ഇഷ്ടമല്ല. ഇതല്ല എനിക്കൊരുനാടും ഇഷ്ടമല്ല. ബാംഗ്‌ളൂരാവുമ്പം എനിക്ക് ഒളിച്ചിരിക്കാം ഓര്‍മ്മകളില്‍ നിന്ന്. പപ്പ യെന്തായാലും മരിക്കുമെന്നാണ് തോന്നുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കാര്യമേയുളളു. മരണത്തെ എനിക്കത്ര പേടിയില്ല. ഞാനും രണ്ട് മൂന്ന് തവണ മരിക്കാന്‍ നോക്കിയിട്ടുണ്ട്. ഡിസംബര്‍ തുടങ്ങിയിട്ടേയുളളു. തിരുവല്ലയിലെ വീടുകളുടെ ടെറസ്സിലൊക്കെ ക്രിസ്മസ് നക്ഷത്രങ്ങള്‍ കിടന്നാടുന്നു. ഐസിയുവിന് മുമ്പിലെ നഴ്‌സിങ് സ്‌റ്റേഷനിലും ക്രിബും ക്രിസ്മസ് ട്രീയുമൊക്കെ കാണാം.

കഴിഞ്ഞ രാത്രിയിലൊക്കെ ഞാനും കാന്റീനിലെ ബംഗാളിപ്പയ്യനും കൂടെ ആശുപത്രികെട്ടിടത്തിന് പിന്നിലുളള കുറ്റിക്കാട്ടില്‍ പോയി സ്റ്റഫ് വലിച്ചു. ഇതൊക്കെ ഉപയോഗിക്കുന്നവര്‍ക്ക് കണ്ടാ പെട്ടെന്ന് തിരിച്ചറിയാം. അവനെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനാകെ പെട്ടുപോയേനെ. ഇന്നലെ രാത്രി പപ്പ ഇറങ്ങി വന്ന് എന്റെ അടുത്തിരുന്നു. പണ്ടത്തെപ്പോലെ ജീവന്‍മോനെയെന്ന് സ്‌നേഹത്തോടെ വിളിച്ചു. ഞാന്‍ കരഞ്ഞു പോയി. പപ്പ പുലര്‍ച്ചെയാണ് പിന്നെ പോയി ഐസിയുവില്‍ കിടന്നത്. പപ്പയെ ഓര്‍ക്കുമ്പോള്‍ എനിക്കേറ്റവും നല്ല ഓര്‍മ്മ കൊച്ചിലെ ആറാംക്‌ളാസില്‍ പഠിക്കുമ്പോള്‍ പപ്പയുടെ കൂടെ കെ എസ് ആര്‍ ടി സി ബസില്‍ മലമുകളിലൂടെയുളള വഴിയിലൂടെ ഞാനും ചേച്ചിയും പപ്പയും കൂടെ ഒരു സീറ്റിലിരുന്ന് സഞ്ചരിച്ചതാണ്. നല്ല തെളിച്ചമുളള ഒരു ദിവസം. റബ്ബറിലകളിലൂടെ പടര്‍ന്ന കാറ്റ് ബസില്‍. എന്റെ മുടിയിലൂടെ വിരലോടിച്ച് പപ്പ. ആ യാത്രയാണ് ഇപ്പോഴും എനിക്ക് പപ്പ.jacob abraham,story

ജെനി ( അമേരിക്കയിൽ നിന്ന് )

ആഷ്‌‌ലിയുടെ കുഞ്ഞുവിരലുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ക്രഷില്‍ നിന്നുമിറ ങ്ങുമ്പോള്‍ ജീവന്‍ എന്തേ ഇതുവരെ വിളിക്കാത്തതെന്ന് ചിന്തിച്ച് വേവലാതിപ്പെടുകയായിരുന്നു ഞാന്‍. മഞ്ഞ് പെയ്യുന്നുണ്ട്, മരങ്ങളിലും ഇലത്തുമ്പുകളിലും വിന്ററിലെ വെളുത്തമഞ്ഞ് വീണുകിടക്കുന്നു. കുഞ്ഞന്‍ കരടിയുടെ പതുപതുപ്പന്‍ രൂപമുളള നീല സ്‌കൂള്‍ബാഗ് ആഷ്‌‌ലിയുടെ തോളില്‍ കിടന്നാടുന്നു. സമയം മൂന്ന് മണി കഴിഞ്ഞിട്ടേയുളളു എങ്കിലും വിന്ററിലെ തണുപ്പ് സഹിക്കാന്‍ കഴിയില്ല. നീളന്‍ ലെതര്‍ ജാക്കറ്റിലും ജീന്‍സിലും തണുപ്പ്. പോക്കറ്റിലെ ചോക്കലേറ്റ് വരെ തണുത്തിരിക്കുന്നു. ചോക്കലേറ്റെടുത്ത് ആഷ്‌‌ലിക്ക് കൊടുത്തു. വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

തിരികെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കാറോടിക്കുമ്പോള്‍ ജീവന്‍ ഇതുവരെ എന്തേ വിളിക്കാത്തതെന്ന ചിന്ത എന്നെ വീണ്ടും അലോസരപ്പെടുത്തി. അവന്‍ വിളിച്ചിട്ടു വേണം എയര്‍ടിക്കറ്റ് ശരിയാക്കാന്‍, എന്നിട്ടു വേണം മോനെ റോയിയുടെ അടുത്താക്കാന്‍, വീട് പൂട്ടി കീ റോഷിനെ എല്‍പ്പിക്കാന്‍. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ജീവന്റെ സ്വഭാവം പണ്ടേ ഇങ്ങനെയാണ്. ഒന്നിനും ഒരു വ്യവസ്ഥയില്ല. വയസ്സ് കുറെയായിട്ടും പെണ്ണുകെട്ടിയിട്ടില്ല. ബാംഗ്‌ളൂരില്‍ എവിടെയോ താമസിക്കുന്നു ഏതോ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടായിരത്തിപത്തിലെ ക്രിസ്മസിനാണല്ലോ അവനെ അവസാനം കണ്ടത്. അന്ന് ക്രിസ്മസ് വിരുന്നിന്റെ മേശയില്‍ അവനെ ഒന്നുപദേശിച്ചതിന് തീന്‍മേശയില്‍ വെച്ച് ബഹളം വെച്ചു. പപ്പ ഇരിക്കുന്നതുപോലും നോക്കിയില്ല. അത്താഴം കഴിക്കാതെ എണീറ്റുപോയി. രാത്രിയില്‍ ബെഡ്ഡിലിരുന്ന് കൈത്തലമെടുത്ത് മടിയില്‍ വെച്ചു സ്‌നേഹത്തോടെ ലാളിച്ചപ്പോഴാണ് നീഡിലിന്റെ പാടുകള്‍ കണ്ടത്. ഹോസ്പിറ്റലി ലെ മയക്കുമരുന്ന് രോഗികളുടെ കൈകള്‍ പോലെ. പപ്പായോട് സൂചിപ്പിച്ചപ്പോള്‍ പപ്പ അകലേക്ക് നോക്കിയിരുന്നു. രണ്ടായിരപത്തിലെ ക്രിസ്മസിനായിരുന്നു അത്.

അപ്പാര്‍ട്ട്മെന്റില്‍ പോകുന്നതിന് മുമ്പ് കുറച്ച് ഷോപ്പിങ്ങുണ്ട്. പതിവ് ഷോപ്പിങ് മാളിലേക്ക് തിരിഞ്ഞു. ഭാഗ്യം പാര്‍ക്കിങ്ങില്‍ സ്‌പേസുണ്ട്. മാളിന്റെ ചില്ലുവാതില്‍ തുറന്ന് അകത്തേക്ക് കയറുന്നതിനിടയില്‍ ജീവന്റെ കോള്‍ വന്നു

“ചേച്ചീ ബാഗ് പാക്ക് ചെയ്‌തോ..നെക്സ്സ്റ്റ് ഫ്‌ളെറ്റ് പിടിച്ചോ..പപ്പയെ ഐസിയുവിലേക്ക് മാറ്റി.”

ഉം

jacob abraham,story

കൂടുതല്‍ ചോദിക്കുന്നതിന് മുമ്പുതന്നെ അവന്‍ കോള്‍ കട്ട് ചെയ്തു. ഷോപ്പിങ് ട്രോളിയിലേക്ക് മില്‍ക്ക്കാര്‍ട്ടനും ബ്രെഡും ഫ്രൂട്ട്‌സും തിരഞ്ഞിട്ടു. അധികമൊന്നും വേണ്ട, ആഷ്‌‌ലിയെ റോയിയുടെ അടുത്താക്കുമ്പോള്‍ ബാക്കി കൊടുക്കാം. രണ്ടായിരത്തിപത്തിലെ ക്രിസ്മസിനായിരുന്നല്ലോ പപ്പയെ അവസാനം നേരില്‍ കണ്ടത്, പപ്പയും ജീവനും വാട്‌സാപ്പില്‍ വീഡിയോകാള്‍ ചെയ്യും. ആ ക്രിസ്മസിന് നാട്ടില്‍ പോയി വരുമ്പോഴാണ് ഫ്‌ളെറ്റില്‍ വെച്ച് റോയിയെ പരിചയപ്പെട്ടത്. തൊട്ടടുത്ത സീറ്റുകളായിരുന്നു. പിന്നീട് പലപ്പോഴും ചര്‍ച്ചില്‍ വെച്ചു കണ്ടു. അടുത്തു സംസാരിച്ചു, സംസാരം പ്രണയമായി, വിവാഹത്തിലെ ത്തി. ആഷ്‌ലി വന്നു. ഇപ്പോ ദേ ഡിവോഴ്‌സും കഴിഞ്ഞു.

ഹോസ്പിറ്റലിലെ ലിസിയാന്റി കളിയാക്കി പറയും “എടീ കേരളത്തിലിപ്പോ ഡിവോഴ്‌സി മാട്രിമോണിയലൊക്കെ വന്നിട്ടുണ്ട്..നമ്മുടെ നാടും പുരോഗമിച്ചു…നീയൊന്ന് രജിസ്റ്റര്‍ ചെയ്യ്, എന്നിട്ട് നല്ല കിണ്ണന്‍ കാച്ചിയ പോലുളള ഒരു പടവും അങ്ങ് ഇട്ടുകൊടുത്ത്. ചെത്ത് പയ്യന്മാര് വന്ന് ക്യൂ നിക്കും. പിന്നല്ല.”

അതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്. ലിസിയാന്റി തനി പാലാക്കാരിയാണ്. നല്ല തണ്ടും തടിയും വര്‍ത്താമാനവും. ചില പ്രോബ്‌ളം പേഷ്യന്റ്‌സൊക്കെ ലിസിയാന്റി വന്നാ പൂച്ച പോലെ പതുങ്ങും. ഇനിയിപ്പോ ഒരു കല്യാണം വേണ്ടേ വേണ്ട. എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. റോയി കുറച്ച് മാന്യത കാണിച്ചു. ഒളിച്ചും പാത്തും ഒരു റിലേഷന്‍ഷിപ്പ് കൊണ്ടുനടക്കാതെ നേരെ ചൊവ്വെ കാര്യം പറഞ്ഞു. പക്ഷെ കുറച്ച് ഡ്രാമാ കാണിച്ചു. പ്രിയപ്പെട്ട കഫേയില്‍ കൊണ്ടുപോയിട്ടാണ് കാര്യം പറഞ്ഞത്. ഇത്തരം വിഷയങ്ങളൊക്കെ വീട്ടിലിരുന്ന് പറയാതെ കഫേയില്‍ വെച്ചോ മറ്റെവിടെ വെച്ചോ പറയുന്നതാണ് നല്ലതെന്നൊരു ന്യായീകരണം. ബര്‍ഗര്‍ തിന്നുകൊണ്ടിരുന്ന ആഷ്‌ലിയുടെ കയ്യുംപിടിച്ച് പുറത്തിറങ്ങി. നിര്‍വ്വികാരത, നിസ്സഹായത ഒന്നും തോന്നിയില്ല. ഒരുതരം മരവിപ്പ്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് റോയിക്കാണ് ഇറങ്ങേണ്ടി വന്നത്. പിആര്‍ കിട്ടിയതാണ്. പിന്നെ ആഷ്‌ലിക്ക് വേണ്ടി കുറച്ച് ടേംസുണ്ടാക്കി. ആരുടെ കൂടെയാണ് അയാള്‍ ഇനി താമസിക്കാന്‍ പോകുന്നതെന്ന് പോലും തിരക്കിയില്ല. കുട്ടിക്കാലത്തെ മമ്മ പോയതോടെ ഒറ്റയ്ക്കാണ് വീട് നോക്കിയത്. ദുര്‍ബ്ബലനായ പപ്പയെയും ഏതോ ലോകത്ത് കുട്ടിക്കാലം തൊട്ടേ നഷ്ടപ്പെട്ട കുഞ്ഞനിയനെയും നോക്കിയത്.

ജീവന്‍ വിളിച്ചതോടെ കാത്തിരുന്ന കമാന്‍ഡ് കിട്ടിയ യന്ത്രത്തെപ്പോലെയായി . മനസ്സില്‍ വിമാനം കയറുന്നതുവരെയുളള പദ്ധതികള്‍ പ്ലാൻ ചെയ്തു തുടങ്ങി. ഈ ഷോപ്പിങ് മാളില്‍ തന്നെയാണ് മാത്യുസങ്കിള്‍ ജോലി ചെയ്യുന്നത്. പര്‍ച്ചേസിങ് സെക്ഷനിലേക്ക് മാളില്‍ ജീവനക്കാര്‍ ക്രിസ്മസിന്റെ വര്‍ണ്ണാലങ്കാരങ്ങള്‍ ചെയ്യുന്നത്. ക്രിസ്മസ് ട്രീയും ബലൂണുകളും വര്‍ണകടലാസുകളും ഓഫര്‍ പരസ്യങ്ങളുമൊക്കെ തൂക്കിയിടുന്നു. നടക്കുന്നതിനിടിയില്‍ ആശുപത്രിയിലെ ഏച്ച്ആറിനെ വിളിച്ച് ലീവ് സാങ്ഷനാക്കി. എമിലിനെ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു. അന്വേഷിച്ചപ്പോള്‍ മാത്യുസങ്കിള്‍ പുറത്തുപോയിരിക്കുകയാണ്. റോയിയെ വിളിച്ച് ആ്ഷ്‌‌ലിയുടെയും പപ്പയുടെ കാര്യം സംസാരിച്ചു. എമര്‍ജന്‍സി ലീവായതുകൊണ്ട് എത്രനാള് നാട്ടില്‍ നില്‍ക്കണമെന്ന് പറയാന്‍ കഴിഞ്ഞില്ല. റോയിയുടെ അപ്പാര്‍ട്ട്‌മെന്റ് അടുത്തായതിനാല്‍ സൗകര്യമുണ്ട്.

ഡ്രൈവ് ചെയ്ത് ബ്‌ളാക്ക് ടൗണ്‍ ബ്രിഡ്ജ് കയറവെ തിമിംഗലം പോലെ ഒരു ട്രക്ക് കടന്നുപോയി. ഏകദേശം ഉരസ്സിയപോലെ തെല്ലിട മാറിയിരുന്നെങ്കില്‍. ഡ്രൈവ് ചെയ്യുമ്പോള്‍ റോയിയുണ്ടെങ്കില്‍ കണ്ണുപൊട്ടുന്ന ചീത്തപറഞ്ഞ് അലറും. എയര്‍ ടിക്കറ്റ് ശരിയായെന്ന് പറയാന്‍ എമില്‍ വിളിച്ചു, ഭാഗ്യം. സീസണ്‍ തുടങ്ങുന്നതേയുളളു. ടിക്കറ്റ് കിട്ടി.

ജെനി ( നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍)

എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടാന്‍ വീടിനടുത്തുളള സണ്ണിച്ചായന്‍ തന്നെ വന്നിരുന്നു. സണ്ണിച്ചായന് ടാക്‌സിയാണ്. ജീവനോട് എത്ര് ചോദിച്ചിട്ടും പപ്പയുടെ കണ്ടീഷനൊന്നും പറഞ്ഞില്ല. എങ്ങും തൊടാതെ ഓരോരൊ വര്‍ത്തമാനങ്ങള്‍. ഫ്‌ളൈറ്റിറങ്ങിയപ്പോള്‍ മുതല്‍ ടെന്‍ഷനായി. സണ്ണിച്ചായനാണ് എല്ലാത്തവണയും എയര്‍പോര്‍ട്ടില്‍ കൊണ്ടിവിടാനും കൊണ്ടുപോകാനും വരുന്നത്.

“ആ മോളെത്തിയല്ലോ..വാ കേറ് വേഗം പോകാം.”

കൊച്ചിയിലെ തിരക്കൊഴിഞ്ഞു. എല്ലാത്തവണയെയും പോലെ ഇത്തവണയും പാതയോരത്തെ മോട്ടല്‍ ആരാമിന് മുമ്പില്‍ കാപ്പി കൂടിക്കാനായി കയറി. ഇവിടുത്തെ പാലപ്പവും ചിക്കന്‍സ്റ്റ്യൂവുമാണ് നാട്ടിലെ ആദ്യത്തെ രുചി. കാറില്‍ വെച്ചും ഇറങ്ങിയപ്പോഴും സണ്ണിച്ചായനോട് പപ്പയുടെ കാര്യം തിരക്കിയിട്ടും കാര്യമായ മറുപടിയൊന്നും കിട്ടിയില്ല. വാഷ്‌റൂമില്‍ പോയി വന്നു. മരത്തണലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരി നിന്ന് സിഗരറ്റ് പുകയ്ക്കുന്ന സണ്ണിച്ചായന്‍ കാറില്‍ കയറാന്‍ തുടങ്ങുന്നതിനിടിയില്‍ പറഞ്ഞുjacob abraham,story

“മോളെ. ഒരു കാര്യം പറയട്ടെ.പപ്പ പോയി മോളെ. ഇന്നലെ രാത്രിയിലായിരുന്നു. ജീവനിത് മോളോട് പറയാന്‍ വയ്യ. അവനിത് എന്നെ ഏല്‍പിച്ചു. വാ കേറ് നമുക്ക് പെട്ടെന്നെങ്ങ് പോകാം. ബോഡി മോര്‍ച്ചറീലാ. ഇനിയെന്തെല്ലാം കാര്യങ്ങളൊരുക്കണം. അടക്ക് വരെ.”

തളര്‍ന്നുപോയി. വീഴാന്‍തുടങ്ങി. സണ്ണിച്ചായന്‍ വന്നു തോളില്‍ പിടിച്ചു നടത്തി കാറില്‍ കയറ്റി. പിന്നോട്ടോടിപ്പോകുന്ന കാഴ്ച്ചകള്‍ക്കിപ്പുറം ഒരു പതിനൊന്ന് വയസ്സുകാരി പെറ്റിക്കോട്ടുകാരി നില്‍പ്പുണ്ട്. അവള്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ്. മരിച്ചുകിടക്കുന്ന മമ്മിയുടെ അടുത്തുനിന്ന് അവള്‍ ആ മുഖത്തേക്ക് നോക്കിനില്‍ക്കുകയാണ്. രണ്ടാം ക്ളാസുകാരനായ കുഞ്ഞനിയന്‍ അവളുടെ കൈയ്യില്‍പിടിച്ചു നില്‍ക്കുന്നു. അന്ന് തുടങ്ങിയതാണ് ഉത്തരവാദിത്വങ്ങളുടെ ലോകം. കര്‍ത്തവ്യങ്ങളും കടമകളും. കുഞ്ഞന്‍ കൈകള്‍ ഉയര്‍ത്തി അരകല്ലിലേക്ക് തേങ്ങചിരവിയതും ചെറിയുള്ളിയും മുളകുപൊടിയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി ആ കുട്ടി പപ്പയെ കെഎസ്ആര്‍ടിസി ബസിലേക്കും അനിയനെ സ്‌കൂളിലേക്കും വിട്ടിരുന്നു.

“മോളെ. ഒരു ഞാനൊരു കാര്യം പറയട്ടെ. ഒരു കണക്കിന് പോയതാ നന്നായേ കിടപ്പായാ ആരാ നോക്കാനുള്ളെ മോക്കോ ജീവനോ വന്നു നിക്കാന്‍ പറ്റുമോ. നിങ്ങള് രണ്ടുപേരുമിനി ഇങ്ങോട്ടു വരുമോ തന്നെ ആര്‍ക്കറിയാം”

സണ്ണിച്ചന്‍ ( ഡ്രൈവിങ് സീറ്റില്‍ നിന്ന് )

ഇവളുടെ തന്ത ആ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തമ്പിയെ എനിക്ക് കണ്ണെടുത്ത് കണ്ടുകൂടാ. ശരിക്കും അയല്‍പക്കക്കാരെന്ന് പറഞ്ഞിട്ടെന്നാ ഒരു ഉപകാരവുമില്ല. നമ്മുടെ വീട്ടിലേക്ക് പോണെ ഈ കണ്ട് റബ്ബറിന്‍കാട് ചുറ്റിപ്പോകണമല്ലോ, ഇവരുടെ പറമ്പിന്റെ ഒരുഭാഗം കിട്ടിയാ നേരിട്ട് റോട്ടീന്ന് വഴിവെട്ടാമാരുന്നു. അതിനിവന്‍ സമ്മതിച്ചില്ല. വസ്തു തന്നില്ല, എന്നു മാത്രമല്ല ഈ പെണ്ണിന് കൊടുക്കാനുളളതാന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. എനിക്കാണേല്‍ ഗള്‍ഫിലുളള സുനിമോള് ഒരു സ്വസ്ഥതയും തരുന്നില്ല. അവള്‍ക്കാണേ അവളടപ്പന്‍ റോട്ടീന്ന് നേരെ വീട്ടിലോട്ട് കാറോടിച്ചു കേറ്റുന്നത് കാണണമത്രെ. എന്നിട്ടെ കെട്ടുവെന്നും പറഞ്ഞിരിക്കുവാ പെണ്ണ്.  ഈ കൊച്ചും സുനിമോളും തമ്മില്‍ നല്ല കൂട്ടായിരുന്നു. ഒരുമിച്ചാരുന്നു പള്ളീപ്പോക്കും വരവുമൊക്കെ.  ഈ സ്ഥലത്തിന്റെ കാര്യത്തിലാ അവളുടെ പിണക്കം. തമ്പി അങ്ങനെ പ്രശ്‌നക്കാരനൊന്നുമല്ല. എന്നാലങ്ങനെ ആരുമായി സഹകരിക്കുന്ന ടൈപ്പുമല്ല. രാവിലെ പോയി രാത്രി വരുന്നവരല്ലിയോ ഈ വണ്ടിപ്പണിക്കാര്. പ്രത്യേകിച്ചും ബസുകാര്. ഞാനും വണ്ടിക്കാരനാണേലും. എനിക്കു വേണ്ടേ ഞാന്‍ പോകത്തില്ല. അതിപ്പം ദൈവം തമ്പുരാന്‍ വിളിച്ചാലും ഞാന്‍ പോകത്തില്ല. ഒരു കാര്യത്തില്‍ ഈ കൊച്ചിനെ ഞാന്‍ സമ്മതിച്ചു കേട്ടോ. ലിനി മരിച്ചേപ്പിന്നെ ഇവളല്ലിയോ ആ വീടു കൊണ്ടു നടന്നെ. ക്രിസ്മസ് നക്ഷത്രം പോലെ മിന്നിനിന്ന വീടാരുന്നു. ലിനിയുടെ മരണത്തോടെ വിളക്കൂതി കെടുത്തിയ പോലെയായി. ഈ തമ്പിക്ക് പറ്റിയ പെണ്ണൊന്നുമല്ലായിരുന്നു ലിനി.  ഇവരുടെ വീട്ടിലാ ഞങ്ങളു റബ്ബര്‍ ഷീറ്റടിക്കണേ. വീട്ടില് മെഷീനില്ല. ഇപ്പോ സുനിമോള് ഗള്‍ഫിപ്പോയേപ്പിന്നാ മെഷീന്‍ വെച്ചേ. ഈ കൊച്ച് ഏതാണ്ട് കുഴപ്പം പിടിച്ച ഇംഗ്‌ളീഷൊക്കെ പഠിച്ച് നേഴ്‌സിങ്ങും കഴിഞ്ഞ് അമേരിക്കക്ക് കരപറ്റിയതൊന്നും അവള്‍ക്ക് പിടിച്ചില്ല. അവള് മൂന്ന് തവണ ആ പരീക്ഷ എഴുതാന്‍ പോയി തോറ്റു. തമ്പിയെ ഞാന്‍ തന്നെയാ ആശുപത്രീക്കൊണ്ടുപോയേ. വേറെ ആരുമില്ലാരുന്നു.  ഇവരുടെ കൂട്ടക്കാരൊക്കെ അങ്ങനെ വല്യ ഗതിയൊളള പാര്‍ട്ടീസൊന്നുമല്ല.

-മോളെ എല്ലാരുടെയും കാര്യം ഇങ്ങനെയാ കര്‍ത്താവ് വിളിച്ചാ പോകണ്ടായോ, തമ്പിച്ചായന്‍ പാവമാ..ഒരുപാട് അനുഭവിച്ചു. നിങ്ങളെ രണ്ടുപേരെയും വളര്‍ത്താന്‍ എന്തോരം കഷ്ടപ്പെട്ട മനുഷ്യനാ.

കൊച്ചിനേടെന്തെങ്കിലും പറയണ്ടേ പിന്നെ.ശവമടക്കൊക്കെ ഒന്നുകഴിയട്ടെ ആ സ്ഥലത്തിന്റെ കാര്യമൊക്കെ ഒന്ന് ശരിയാക്കണം

ജീവന്‍ ( തിരുവല്ലയിലെ ആശുപത്രിയില്‍ നിന്നും )jacob abraham,story

ജനിച്ചപ്പോ തൊട്ടുതന്നെ എനിക്ക് ഈ ജീവിതത്തോട് വലിയ ഇഷ്ടമൊന്നും തോന്നിയിട്ടില്ല. കൊച്ചിലേ കണ്ണുതുറന്ന് നോക്കിയപ്പോ തന്നെ കണ്ടത് റബ്ബറിന്‍തോട്ടവും ഇരുട്ട് പിടിച്ച പഴയ വീടുമൊക്കെയാണ്. എന്തോ ഇവിടെയല്ലായിരുന്നു പിറക്കേണ്ടത് എന്നൊരു തോന്നലായിരുന്നു എനിക്ക്. മമ്മിയും പപ്പയും ചേച്ചിയുമൊക്കെ പാവങ്ങളാ. പാവമായിരുന്നാല്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ വലിയ പാടാ. ഇപ്പോള്‍ പപ്പ ഇങ്ങനെ മോര്‍ച്ചറീല്‍ കിടക്കുമ്പോ എനിക്ക് പ്രത്യേകിച്ച് വിഷമമൊന്നും തോന്നുന്നില്ല. ഒരു ശൂന്യതമാത്രം. ചേച്ചി വന്നിട്ടു വേണം അടക്കിന്റെ കാര്യങ്ങളൊക്കെ ഏല്‍പ്പിക്കാന്‍.  എനിക്കൊന്നിനും വയ്യ.  ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാന്‍ വയ്യ. നഴ്‌സറി സ്‌ക്കൂളിലെ ടീച്ചറാണ് അന്തര്‍മുഖനെന്ന് വിളിച്ചത്. പിന്നീട് ഞാന്‍ തന്നെ അത് സ്വീകരിച്ചു. ഈ റബ്ബര്‍ക്കാട്ടിലെ കുന്നിന്‍മുകളില്‍ എനിക്ക് കൂട്ടുകാരാരുമില്ലാരു ന്നു.  എനിക്കിപ്പോ മോര്‍ച്ചറീല്‍ കയറി പപ്പയ്ക്ക് കൂട്ടുകിടക്കണമെന്ന് തോന്നുന്നുണ്ട്. പപ്പയുടെ കസിന്‍ ജോയിക്കുട്ടിച്ചായനാണ് ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ നോക്കിയത്. ഇവിടുത്തെ കാന്റീനില്‍ നില്‍ക്കുന്ന ഒരു ബംഗാളിപയ്യനെ കണ്ടപ്പോഴെ എനിക്ക് അവന്റെ കയ്യില്‍ സ്റ്റഫുണ്ടാകുമെന്ന്. പെട്ടെന്ന് ബാംഗ്‌ളൂരില്‍ നിന്നിങ്ങോട്ട് വരേണ്ടിവന്ന കൊണ്ട് വാങ്ങി വെക്കാന്‍ പറ്റിയില്ല. നമ്മള് സ്റ്റഫടിക്കുന്നവര് തമ്മിലൊരു രഹസ്യ കമ്മ്യൂണിക്കേഷനുണ്ട്. പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റും പരസ്പരം.  പിന്നെ ഞങ്ങളും രണ്ടുപേരും കൂടിയായി വലി. കുറച്ച് കാശുകൂടുതല് കൊടുക്കേണ്ടിവന്നു. മിനിഞ്ഞാന്ന് രാത്രി അതായത് പപ്പ മരിക്കുന്നതിന്റെ തലേ രാത്രി ഐസിയുവില്‍ നിന്നും പപ്പ ഇറങ്ങി വന്നു. എന്നോട് കുറെനേരം സംസാരിച്ചു. പണ്ട് പപ്പയുടെ ചേതക്ക് സ്‌കൂട്ടറില്‍ ഞാനും ചേച്ചിയും മമ്മയും കൂടി സിനിമയ്‌ക്കൊക്കെ പോയ കാര്യമൊക്കെ പറഞ്ഞു. ഞാനുമതോര്‍ത്തു. പിന്നെ എന്റെ കൈയ്യില്‍പിടിച്ച് പപ്പ കുറെനേരം വെറുതെയിരുന്നു. ഇന്നലെ രാവിലെ തന്നെ ഞാന്‍ ഹോസ്പിറ്റലീന്ന് ഈ വീട്ടിലേക്കുപോന്നു. ഈ വീടിന്റെ ഓരോ മുറിയും എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. ഹോസ്പിറ്റലിലെ ബംഗാളി നല്ല കമ്പനിയായിരുന്നു. എനിക്കിന്നും ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കണ്ണടച്ചാല്‍ ഓരോരോ രൂപങ്ങള് മുന്നില്‍ നില്‍ക്കുകയാണ്.

Read More: നനഞ്ഞ ശിരോവസ്ത്രങ്ങളും ഈസ്റ്ററിലെ വിരുന്നുമേശകളും-  ജേക്കബ് എബ്രഹാം എഴുതിയ ഓർമ്മ

റോയി ( അമേരിക്കയിൽ നിന്ന് )

ആഷ്‌ലിയുടെ കാര്യത്തില്‍ മാത്രമാ എനിക്കിപ്പം ടെന്‍ഷന്‍. ആഷ്‌ലി വീട്ടിവന്നു നിക്കുന്നതാണേ സെലിനൊട്ടും ഇഷ്ടമല്ല. ഡൈവോഴ്‌സിന്റെ സമയത്ത് ജെനിയുമായിട്ടുണ്ടാ ക്കിയ എഗ്രിമെന്റാ അത്. ചിലപ്പോ എനിക്കു തോന്നും ഈ ജെനിയെപ്പോലെ പാവമായ ഒരു പെണ്ണീ ലോകത്തില്ലെന്ന്. അവളോട് ഞാന്‍ വല്യ ചതിയാ കാണിച്ചത്. പാവം അവള്‍ക്കിപ്പോ ആരുമില്ലാണ്ടായി. ആ ആങ്ങളപ്പയ്യനുണ്ട് ഉളളതും ഇല്ലതും ഒരുപോലെയാ. അവന്‍ ഡ്രഗ്‌സാ. തലതിരിഞ്ഞു പോയതാ. ഞാനിവിടെ മെയില്‍ നേഴ്‌സാ. ഹോസ്പിറ്റലില്‍ വെച്ചാ സെലിനെ പരിചയപ്പെടുന്നത്. അവളും ഇവിടെ നഴ്‌സാ. ആ ബന്ധമങ്ങ് വളര്‍ന്നു. ജെനിയോട് ഒന്നും ഒളിച്ചുവെക്കാന്‍ കഴിയില്ല. ഞാനെല്ലാം അവളോടു തുറന്നു പറഞ്ഞു. അവള്‍ പൊട്ടിക്കരയു മെന്നും ബഹളം വെക്കുമെന്നും പ്രതീക്ഷിച്ചു. പക്ഷെ എന്നെ അവള് അമ്പരിപ്പിച്ചുകളഞ്ഞു. കുറ്റബോധം തോന്നുമ്പോ ഞാന്‍ കള്ളുകുടിക്കും.  ഇപ്പോ ഞാനൊരു മുഴുക്കുടിയനാ. സെലിനും ഇപ്പോ എന്നെ മടുത്തുതുടങ്ങിയിട്ടുണ്ട്. ആഷ്‌‌ലിയുമായി ഞാനിപ്പോ പാര്‍ക്കിലേക്ക് നടക്കുവാ. ഇവനും എന്നോടൊരു അകല്‍ച്ചയുളള പോലെ. ശരിക്കും ജെനിയൊരു മലാഖയാണ്. അവളെയോര്‍ത്ത് കരയാത്ത ദിവസങ്ങളില്ല. സെലിന്‍ കുമ്പനാട്ടുകാരിയാണ്. നാട്ടില്‍ അവള്‍ക്ക് ഭര്‍ത്താവും മോളുമുണ്ട്. എല്ലാമറിഞ്ഞു തന്നെയാണ് ഞാനീ കരുക്കില്‍ വീണത്.  ഈയിടെയായി ഞങ്ങളെപ്പോഴും വഴക്കാണ്. വേദപുസ്തകത്തിലെ സദൃശവാക്യങ്ങളി ലെ ഒരു വാക്യമുണ്ട് ‘ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു’ എന്റെ പ്രസാദവും സന്തോഷവുമായിരുന്നു ജെനി അവളെ ഞാന്‍ തന്നെ കളഞ്ഞു. ഇപ്പോള്‍ കണ്ണീര്‍വാര്‍ത്തുകൊണ്ട് ഈ പാര്‍ക്കിലൂടെ നടക്കുകയാണ്. ആഷ്‌ലിയുടെ കുഞ്ഞുവിരലുകളില്‍ തൊടുമ്പോള്‍ എന്റെ മനസ്സില്‍ തീപൊളളുന്നു. ഏറ്റവും ഭാഗ്യംകെട്ട പെണ്ണാണ് എന്റെ ജെനി.

പപ്പ ( മോര്‍ച്ചറിയില്‍ നിന്ന്)jacob abraham, story

എന്റെ ചുറ്റും ഇപ്പോള്‍ മഞ്ഞാണ്. വളരെ വിദൂരതയിലേക്ക് ഏതോ വിചിത്രമായ ഒരു സ്ഥലത്തേക്ക് ഞാനെത്തിയപോലെ. നിശ്ചലതയുടെ ധവളിമയാണ് എനിക്കുചുറ്റും. ഒട്ടും ഭാരം തോന്നത്ത ഒരവസ്ഥ. ഓര്‍മ്മ നഷ്ടപ്പെടുകയാണ്. കെട്ടുപൊട്ടിപ്പോയ ചാക്കില്‍ നിന്നും ധാന്യമണികള്‍ അടര്‍ന്നുപോകുന്നതു പോലെ ഓര്‍മ്മ എന്നെ വിട്ടുപോവുകയാണ്. ജീവനെയാണ് അവസാനം കണ്ടതെന്നു തോന്നുന്നു. അവന്‍ വെന്റിലേറ്ററിന്റെ വാതിലിനപ്പുറം ഇരിക്കുകയായിരുന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഈ കുട്ടി എന്തുമാത്രം ഏകാകിയാണ്. അവനൊരിക്കലും അമിതമായി ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ആരോടും ഒന്നിനോടും ഒരു മമതയുമില്ലാത്ത കുട്ടി. ജെനി നേരെ തിരിച്ചാണ്. അവളെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലല്ലോ. എന്റെ ഓര്‍മ്മയില്‍ രണ്ടായിരത്തി പത്തിലെ ക്രിസ്മസിന്റെ ഓര്‍മ്മയാണ്. അവള്‍ ക്രിസ്മസിന്റെ വിരുന്ന് മേശയില്‍ ക്രിസ്മസ് അത്താഴത്തിന് മുമ്പ് ഹോളിമദര്‍ പ്രാര്‍ത്ഥന ചൊല്ലിയത്. പക്ഷേ, ആ വിഷാദം നിറഞ്ഞ മുഖം ഓര്‍മ്മയില്‍ നിന്നും മഞ്ഞ്പാളികള്‍ മറയ്ക്കുന്നു. ഞാന്‍ നല്ലപോര്‍ പൊരുതി ഓട്ടം തികച്ചു എന്നെനിക്ക് പറയാന്‍ കഴിയുന്നില്ല. ഇവടെ മുഴുവന്‍ മഞ്ഞാണ്. മഞ്ഞിനിടയിലൂടെ ദൂരെ ഒരു വെളിച്ചം പോലെ റബ്ബറിന്‍തോട്ടത്തിലെ ഞങ്ങളുടെ മലമുകളിലെ വീട് കാണാം. ക്രിസ്മസ് നക്ഷത്രം ഇത്തവണ കൊളുത്തിയിട്ടുണ്ടല്ലോ. ആര് തെളിയച്ചതാണ്. ക്രിസ്മസ് നക്ഷത്രം ദൂരെ ദൂരെയായി. ധാന്യമണികള്‍ കെട്ടഴിഞ്ഞ് ഉതിര്‍ന്നുവീണ് ശൂന്യമായ ചാക്ക് പോലെ എന്റെ ഓര്‍മ്മയിതാ പൊഴിഞ്ഞുപോകുന്നു.

ജെനി ( അടക്കിന് ശേഷം വീട്ടില്‍)

ജീവന്‍ ഇന്നലെ ബാംഗ്‌ളൂരിന് മടങ്ങിപ്പോയി. എന്റെ ഫ്‌ളൈറ്റ് നാളെയാണ്. ഈ വീട്ടില്‍ ഇപ്പോളെനിക്ക് ശ്വാസം മുട്ടുന്നുണ്ട്. മരിച്ചവരും ജീവിച്ചിരിക്കെ തന്നെ മരിച്ചവരെപ്പോലെയായവരും ഈ വീടിന് കൂട്ടിരിക്കുന്നു. സണ്ണിച്ചായനെ വീടും പറമ്പും വില്‍ക്കാന്‍ ഏല്പിക്കണം. ഇനി ഒരു മടങ്ങി വരവ് വേണ്ട. ജീവന്റെ മുറയില്‍ വെറുതെ കയറിനോക്കിയപ്പോഴാണ് പപ്പാ കഴിഞ്ഞ വര്‍ഷം തൂക്കിയ ക്രിസ്മസ് നക്ഷത്രം കണ്ടത്. വയറും പ്‌ളഗ്ഗുമെല്ലാമുണ്ട്. വെറുതെ ഇനി സിറ്റൗട്ടിലിട്ട് കണക്ഷന്‍ കൊടുത്താല്‍ മതി. ഒരുപക്ഷെ വീട്ടിലെ അവസാനത്തെ ക്രിസ്മസ് നക്ഷത്രമാകും ഇത്. ഒരിക്കല്‍ കൂടെ തെളിയട്ടെ ഈ ക്രിസ്മസ് നക്ഷത്രം.

Read More: പഞ്ചപക്ഷിശാസ്ത്രം – ജേക്കബ് എബ്രഹാമിന്റെ കഥ

Read More: കര്‍ണാടകത്തിലെ കണ്ണാടും കാപ്പിത്തോട്ടങ്ങളിലൂടെ-  ജേക്കബ് എബ്രഹാം എഴുതിയ യാത്ര

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Sadrishyavakyangalil jenny short story jacob abraham