ഈ കഥയില്‍ നായികയോ നായകനോ ഇല്ല. ഇനിയഥവാ അങ്ങനെ ഒരുവന്‍/ ഒരുവള്‍ വേണമെന്ന് ഇതിലെ പെണ്‍കുട്ടിക്ക് തോന്നുകയാണെങ്കില്‍ തടയാന്‍ പോലും നിവൃത്തിയില്ല. നായികാനായകന്മാരെ മാത്രമേ നമുക്ക് വഴികാട്ടി വിടാന്‍ പറ്റൂ എന്നാണ് എന്‍റെയൊരു വിചാരം. ബാക്കിയുള്ളവരൊക്കെ അവര്‍ക്കുവേണ്ടിയുള്ള പശ്ചാത്തലം ഒരുക്കുക മാത്രമാണല്ലോ. പശ്ചാത്തലം നായകത്വതിനോളം പ്രസക്തമല്ലല്ലോ.
അപ്പോള്‍ പറഞ്ഞുവന്നത്, ഒന്നിനുമല്ലാതെ ഒരു കാരണത്തിനുമല്ലാതെ ഭൂമി പിളര്‍ന്ന് അന്തര്‍ധാനം ചെയ്യേണ്ടുന്ന നിമിഷങ്ങളുണ്ട്.

കടവായില്‍ ഒരു തരം വെളുത്ത നുര കൊഴുത്തുകിടക്കുന്ന അന്നാമ്മചേടത്തിയുടെ പ്രേതം രണ്ടുദിവസത്തില്‍ കൂടുതല്‍ സീമയുടെ ഉറക്കം കെടുത്തിയിട്ടില്ല. മരിച്ചുപോയതിന് ശേഷമാവുമോ അത് ഒഴുകിപ്പരന്നതെന്ന സ്വാഭാവികമായ കൌതുകമല്ലാതെ മറ്റൊന്നും അവരെ പറ്റി പിന്നീട് ഓര്‍ക്കുമ്പോള്‍ അവള്‍ക്ക് തോന്നിയിട്ടുമില്ല. എന്നിട്ടും പല പല സ്വപ്നങ്ങള്‍ക്ക് ആക്രമിക്കാവുന്ന അത്രയും നേരമുണ്ടായിരുന്ന ഒരു ഞായറാഴ്ച്ചയുടെ പകലുറക്കത്തില്‍, മരിച്ചപ്പോള്‍ എങ്ങനെയായിരുന്നോ അതേ പോലെ കണ്ണ് തുറിച്ച് അവര്‍ മുന്നില്‍ വന്നു നിന്ന്, ഇഷ്ടമില്ലാത്ത എന്തോ കേട്ടതിനുള്ള മറുപടി പോലെ പറഞ്ഞു.
“കൊച്ചിനെന്തറിയാം!”
വായ തുറന്നപ്പോള്‍ ചോര കലര്‍ന്ന വെളുത്ത ദ്രാവകം സീമയുടെ മുഖത്തേക്ക് തെറിച്ചത്‌ ഗൌനിക്കാതെ അവര്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു,
“ഒരൊന്നൊന്നര മരണമായിരുന്നു.”
സ്വന്തം മരണത്തിലൂടെ ഒരുതവണ കൂടി കടന്നുപോയതുപോലെയുള്ള ഒരു കുളിരില്‍ അവര്‍ ഒരു ദീര്‍ഘനിശ്വാസമയച്ചു.
“അകത്തേക്ക് ചെന്നത് വിഷമാണെന്ന് ചാവുന്നതിനു തൊട്ടുമുന്‍പ് മാത്രമേ മനസിലാവുകയുള്ളൂ. അതുവരേക്കും നമ്മള്‍ പണ്ടെല്ലാം വന്നുപോയ പല വയറുവേദനകളെയും ഓര്‍മിച്ച് ഇതതാണോ എന്ന് നോക്കും. അപ്പോളേക്കും നേരം വൈകും. അകത്ത് ഉള്ളതെല്ലാം പുറത്തേക്ക് വലിച്ചിടുന്ന പോലെ തോന്നും. നമുക്ക് നമ്മുടെ തന്നെ നാറ്റം കൊണ്ട് മടുക്കും. വയറിന്റെ അകത്ത് വല്ലാതെ ചൊറിയും. ചൊറിയാന്‍ ഒക്കുകേലല്ലോ!
വയറിനു പുറത്ത് മാന്തിക്കാണിച്ച് ആ സ്ത്രീ വല്ലാതെ ചിരിച്ചു, ഇത്തവണ കവിളില്‍ വീണ ചുവപ്പ് കലര്‍ന്ന തുള്ളി ശ്രദ്ധിക്കാതെയിരുന്നത് സീമയാണ്. പേടി തോന്നുന്ന ഒരു വാല്‍സല്യഭാവത്തോടെ ചേടത്തി അത് തുടച്ചുകളഞ്ഞു. ചിരിച്ച് മടുത്തതുകൊണ്ടോ എന്തോ, മരുമകളോ മകനോ ആണ് കഞ്ഞിയില്‍ വിഷം കലര്‍ത്തിയതെന്നു പറയാന്‍ മെനക്കെടാതെ ഉടനെ അപ്രത്യക്ഷയാവുകയും ചെയ്തു.c reshma, short story
കൊഴുത്ത ഉമിനീര് കഴുത്തോളം ഒളിപ്പിച്ചാണ്‌ അവര്‍ വന്നതെന്ന് കേട്ടപ്പോള്‍ തന്നെ പീറ്ററിന് കലിയിളകി.
“ഒട്ടും കാല്പനികമല്ലാത്ത മരണം.”
സീമയ്ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു ഭാവം മുഖത്ത് വരുത്തി എങ്ങോട്ടോ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
“നീ വെറുപ്പിക്കാതെ, ഞാന്‍ എന്ത് ചെയ്യുമെന്ന് പറ.”
“ഇതിപ്പോള്‍ ഒരുപാട് തവണയായല്ലോ. നമുക്ക് ഒരു ഡോക്ടറെ കാണാം. കുട്ടിയായിരിക്കുമ്പോള്‍ ആരെങ്കിലും മരിച്ച ഓര്‍മ വല്ലതും ഉണ്ടോ നിനക്ക്? Any childhood trauma? ” ഇത്തവണ സീമയ്ക്ക് ശരിക്കും ദേഷ്യം വന്നു.
“നീ ഓരോ പടം കണ്ട് വന്നിട്ട്! അങ്ങനെ ഒരു കോപ്പും ഇല്ല. നിനക്ക് വല്ലോം പറയാന്‍ ഉണ്ടേല്‍ പറ. അല്ലെങ്കില്‍ ഞാന്‍ ഡീല്‍ ചെയ്തോളാം”
“എന്നാല്‍ നീ തന്നത്താന്‍ അങ്ങ് ഡീല്‍ ചെയ്” പീറ്ററും ദേഷ്യപ്പെട്ടു.
“ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല. അങ്ങനെ ഒരനുഭവം എനിക്കില്ല. മരണങ്ങളോട് പണ്ടേ എനിക്ക് ഒന്നുമില്ല. എന്റെ അടുത്ത ആള്‍ക്കാരൊന്നും ഇതുവരെ മരിച്ചിട്ടില്ല. പോരാത്തതിന് പണ്ട് അമ്മാവന്‍ മരിച്ചപ്പോള്‍ എല്ലാരും കരയുന്ന ആ മൂഡ്‌ ഇഷ്ടപ്പെട്ട് ഞാന്‍ കവിത പോലും എഴുതിയിട്ടുണ്ട്”
“എന്നാല്‍ പിന്നെ ഇതൊക്കെ അതിനു ഉപയോഗിക്കാന്‍ പാടില്ലേ?” പീറ്റര്‍ ഇപ്പോളും കലിപ്പില്‍ തന്നെയാണെന് മനസിലായപ്പോള്‍ സീമ ആ വിഷയത്തിലുള്ള സംസാരം മുഴുവനായും അവസാനിപ്പിച്ചു. അതുകൊണ്ടുതന്നെ ടിപ്പര്‍ ലോറി തട്ടി മരിച്ച ഗോവിന്ദേട്ടന്റെ പ്രേതം മുറിയിലേക്ക് വന്നപ്പോള്‍ ഇതിനെ പറ്റി ആരോട് ചര്‍ച്ച ചെയ്യുമെന്ന ആധിയാണ് അവള്‍ക്കാദ്യം ഉണ്ടായത്.
അയാള്‍ക്ക് ഒരു ചെവിയിലായിരുന്നു. ചെവിയുടെ സ്ഥാനത്തുള്ള ശൂന്യതയില്‍ കട്ടപിടിച്ചുകിടക്കുന്ന ചോരമേല്‍ ഒരീച്ച ഒട്ടിച്ചേര്‍ന്ന് കിടന്നിരുന്നു. അല്ലെങ്കില്‍ തന്നെ ജീവിച്ചിരുന്നപ്പോള്‍ പോലും കേള്‍വിയില്ലാതിരുന്ന അയാള്‍ക്കെന്തിനാണ് ചെവി.
മുറിഞ്ഞ ചെവി കണ്ടപ്പോള്‍ അവള്‍ക്ക് വാന്‍ഗോഗിനെ ഓര്മ വന്നു.
“അതൊന്നുമല്ല”
അവളുടെ മനസ് വായിച്ചപോലെ അയാള്‍ ചിരിച്ചു.
“ഇതും ലോറി കൊണ്ടുപോയതാണ്.”
സീമയുടെ ഇഞ്ചി കടിച്ചതുപോലെയുള്ള ഭാവം കണ്ട് അയാള്‍ തുടര്‍ന്നു.
“കവിത ഒക്കെ എഴുതുന്നവര്‍ക്ക് തോന്നേണ്ടത് തന്നെയാണ് സാരമില്ല.”
“ഞാന്‍ കവിതയൊന്നും എഴുതാറില്ല.” അപമാനിക്കപ്പെട്ടത് പോലെ സീമ ചോദിച്ചു.
“പീറ്ററിനെ കണ്ടിരുന്നോ?”
“ആരാണ് പീറ്റര്‍? ഞാന്‍ ആരെയും കണ്ടിട്ടില്ല.”
ലേശം ആലോചിച്ചു അയാള്‍ തുടര്‍ന്നു.
“മോള്‍ വിശ്വസിക്കില്ല. എന്നാലും പറയുകയാണ്‌. ഇപ്പോള്‍ എനിക്ക് എല്ലാം കേള്‍ക്കാം.”
“ഓ അത് മനസിലായി”
സീമയുടെ മറുപടി കേട്ടപ്പോള്‍ വൃദ്ധന്‍ അല്പം വല്ലാതായി. എന്നിട്ടും തുടര്‍ന്നു.
“ഞാന്‍ അത് പറയാനല്ല വന്നത്. ലോറിയുടെ അടിയില്‍ പെട്ട് ഒരു നായയെ പോലെ കിടക്കുമ്പോള്‍ അതെനിക്ക് മോളുടെ ജന്മരഹസ്യം പറഞ്ഞുതന്നു”
“എന്റെ ജന്മരഹസ്യമോ?” അവള്‍ ചാടിയെണീറ്റുപോയി.
അയാള്‍ ചുണ്ടുകോട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചാവുന്നെങ്കില്‍ അങ്ങനെ വേണം ചാവാന്‍. ഓരോ വിരലില്‍ നിന്നും രക്തം പൊടിഞ്ഞ്, അകത്തുനിന്ന് പുറത്തേക്ക് ഉതിര്‍ന്നുവീഴുന്ന ഓരോ അവയവത്തിലും രക്തംപുരണ്ട്. ഏറ്റവും അന്തസ്സുള്ള മരണം,”reshma c , story

പീറ്ററാണ് ഭേദം എന്ന തോന്നലില്‍പ്പെട്ട് തിരികെ വന്നപ്പോളേക്കും അയാള്‍ തിരികെ പോയിരുന്നു. എന്നിട്ടും ചെവിയുടെ സ്ഥാനത്ത് പതുങ്ങിയിരിക്കുന്ന ഈച്ചയുടെ ചിത്രം ചിന്തയില്‍ കുടുങ്ങി സീമ ഒരുപാട് നേരമിരുന്നു.
അയാളുടെ മരണം അവള്‍ നേരില്‍ കണ്ടിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന അയാളുടെ ശവം കുറെ നേരം നോക്കിനിന്നിട്ടുമുണ്ടാവാം.പീറ്ററിന്‍റെ സംഭാഷണങ്ങളിലെ പോലെ ഏതെങ്കിലും കച്ചവടസിനിമയില്‍ നിന്ന് ഒരീച്ച കയറിവന്നതാവാം. ഇതൊക്കെ വെറുതെയാണ്. പണ്ട് കവിതയെഴുതിയിരുന്നവളുടെ തുലഞ്ഞ ഫാന്റസിയാണ്‌.
ഇങ്ങനെയൊക്കെ സ്വയം പറഞ്ഞ് പഠിപ്പിച്ചിട്ടും അവളുടെ ഉറക്കങ്ങളില്‍ ശവങ്ങളുടെ പോക്കുവരവ് തുടര്‍ന്നു.
വെള്ളം കുടിച്ച്, വയറുന്തി,ചത്ത മീനുകള്‍ പോലെ കണ്ണുകള്‍ കൂമ്പി കവിളില്‍ മാംസത്തിന്റെ അലുക്കുകള്‍ പുറത്തേക്ക് തൂങ്ങുന്ന ദ്വാരവുമായി അനുമോള്‍ വന്നപ്പോളാണ് ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരിച്ചുകഴിഞ്ഞാലും കുഞ്ഞുങ്ങളെ കാണുന്നത് തനിക്ക് കരച്ചില്‍ വരുത്തുമെന്ന് സീമയ്ക്ക് ബോധ്യമായത്. മറ്റു മരണങ്ങളെ നിസ്സംഗമായി നേരിടുമെങ്കിലും മരിച്ച കുട്ടികളെ ഒരിക്കലും കാണാന്‍ പോകില്ല എന്നൊരു നിലപാട് അവള്‍ക്കുണ്ടായിരുന്നു. അവള്‍ പതുക്കെ വിതുമ്പുമ്പോള്‍ ജനലരികെ പോയിരുന്ന് പെണ്‍കുട്ടി പുറത്തേക്ക് നോക്കി.
“മഴ കാണാന്‍ നല്ല രസമാണ്, മാത്രമല്ല. ഏറ്റവും മൃദുലമായ അനുഭവമാണ് ജലം.”
അഴുകിയിട്ടും പിങ്ക് നിറം അവശേഷിച്ച അവളുടെ വിരലുകള്‍ നോക്കിയിരുന്നതുകൊണ്ട് കുഞ്ഞുങ്ങളുടെതല്ലാത്ത ഭാഷയിലാണ് അനുമോള്‍ മിണ്ടിയതെന്നു സീമയ്ക്ക് അപ്പോള്‍ മനസിലായില്ല. എല്ലാ മഴക്കാലത്തും പുഴക്കരയില്‍ ഒഴുക്കിനെ നോക്കിയിരുന്ന ഒരു പെണ്‍കുട്ടിയെ സീമ സങ്കല്‍പ്പിച്ചുണ്ടാക്കി. മുന്‍പ് വന്നുപോയ രണ്ട് വൃദ്ധര്‍ക്കും അനുഭവിപ്പിക്കാന്‍ പറ്റാതിരുന്ന ഒരു ഗന്ധം, മരണത്തിന്റെ അഴുകിയ ഗന്ധം മുറിയില്‍ പരത്തികൊണ്ട് അനുമോള്‍ അവളുടെ അരികെ വന്നിരുന്നു.
“അതൊന്നുമല്ല. പുഴയിലൊന്നുമല്ല. അഴുക്കുചാലുകള്‍ അടഞ്ഞുകിടന്ന ഒരു വേനല്‍ കഴിഞ്ഞ് പെട്ടെന്ന് മഴ പെയ്തതാണ്. വലിയ വെള്ളപ്പൊക്കം വന്നു. എന്റെ സ്കൂള്‍ ബസ്‌ മുങ്ങിപ്പോയി. ഞാന്‍ മാത്രം മരിച്ചുപോയി. പ്രാണന്‍ അഴിഞ്ഞുപോയി കിടക്കുമ്പോള്‍ ഈ കവിളിലുള്ള ദ്വാരത്തിലൂടെ ഒരു തുള്ളി ഇറങ്ങിവന്ന് എന്റെ നാവിനെ നനച്ചു. അന്നാണ് എന്റെ ദാഹം മാറിയത്.”
അനുമോള്‍ സംസാരിക്കുന്നത് ഒരു മുതിര്‍ന്ന സ്ത്രീയെ പോലെയാണെന്നും അവളുടെ വാക്കുകളില്‍ ശ്വാസം മുട്ടിക്കുന്ന, ഒച്ചയടക്കി കരയാന്‍ തോന്നിക്കുന്ന ഒരു നാടകീയതയുണ്ടെന്നും സീമ അപ്പോളാണ് തിരിച്ചറിഞ്ഞത്. പ്രായമറിയാന്‍ അവളെ ഒന്ന് സൂക്ഷിച്ചുനോക്കാന്‍ തുടങ്ങുമ്പോഴേക്കും അവളെയും കാണാതെയായി. അന്ന് പക്ഷേ നന്നായി ഉറങ്ങുകയും രാവിലേക്ക് തലേന്നത്തെ സംഭവങ്ങള്‍ മറന്നുപോവുകയും ചെയ്തിരുന്നു. എന്നാല്‍ എന്താണ് ഒരഴുകിയ മണം എന്ന് മൂക്കുവിടര്‍ത്തിക്കൊണ്ട് പീറ്റര്‍ രാവിലെ മുറിയില്‍ വന്നപ്പോളാണ് സ്വന്തം മണം മറന്നുവെച്ചാണ് പെണ്‍കുട്ടി പോയതെന്ന് അവള്‍ക്ക് ബോധ്യമായത്.
“പല തരം മരണങ്ങളുടെ ഓര്‍മകളില്‍ പെട്ട് നീ ജീവിക്കാന്‍ മറന്നുപോയേക്കരുത്.”
കഥ മുഴുവന്‍ കേട്ടപ്പോള്‍ വിദ്യ പാതി കളിയായും ബാക്കി പാതി കാര്യമാണെന്ന ഭാവത്തിലും പറഞ്ഞു.
“ഓര്‍മയൊന്നുമല്ല. എനിക്കിവരെ ആരെയും അറിയില്ല.” ഗോവിന്ദേട്ടന്റെ കാര്യം സീമ മനപൂര്‍വം മറച്ചുപിടിച്ചു.
ആ പ്രസ്താവന പിന്നെയും കള്ളമാക്കിക്കൊണ്ട്, കാമുകനാല്‍ കൊല ചെയ്യപ്പെട്ട, വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടിയാണ് പിന്നീട് അവളെ കാണാന്‍ വന്നത്.
“അവന്‍ എന്നെ കൊന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ.”
പെണ്‍കുട്ടി സുന്ദരമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ചാവുന്നത് തന്നെയായിരുന്നു”
“അതറിയാമായിരുന്നെങ്കില്‍ പിന്നെ എന്തിന് പ്രേമിച്ചു?”
“ഹോര്‍മോണ്‍!”
പെണ്‍കുട്ടി പുച്ഛത്തില്‍ എന്നാല്‍ നന്നായി വെളിവാകുന്ന ആത്മസംതൃപ്തിയില്‍ പറഞ്ഞു.
“എന്നെ എങ്ങനെയാണ് കൊന്നത് എന്നറിയാമോ”
അന്നേരം പെട്ടെന്ന് സീമയ്ക്ക് പീറ്ററിനെ ഓര്‍മ വന്നു.
“എനിക്കറിയണ്ട”
“ശരി. എങ്കില്‍ കേള്‍ക്കണ്ട. ഞാന്‍ പോവട്ടെ?”
അവളെ കുറച്ചുനേരം അടുത്തിരുത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സീമയുടെ ഈഗോ അതിനു സമ്മതിച്ചില്ല. പെണ്‍കുട്ടി അവള്‍ക്ക് സുഖനിദ്ര ആശംസിച്ച് പതുക്കെ ചിരിച്ചുകൊണ്ട്. എന്തിന്, വാതില്‍ക്കല്‍ എത്തി തിരിഞ്ഞുനോക്കിക്കൊണ്ട് മടങ്ങിപ്പോയി.

reshma c ,story

അതിനുശേഷം മരിച്ചവരുടെ സാന്നിധ്യം സീമയെ ആകമാനം വിഴുങ്ങാന്‍ തുടങ്ങി. പ്രേതങ്ങളെ കാണാതെ അവള്‍ക്ക് ഉറങ്ങാന്‍ പറ്റില്ലെന്നായി. മുങ്ങിമരിച്ചവരും തൂങ്ങിമരിച്ചവരും ഉയരത്തില്‍ നിന്നും വീണു മരിച്ചവരുമെല്ലാം ഒറ്റയ്ക്കും തെറ്റയ്ക്കും അവളെ വന്നുകാണാന്‍ തുടങ്ങി. ചിലരാകട്ടെ രണ്ടോ മൂന്നോ തവണ പോലും അവളെ കാണാന്‍ വന്നു. ഒരു പക്ഷേ ഒരു ക്ലിഷേ ഹൊറര്‍ ചിത്രത്തിലെ ബാധിക്കപ്പെട്ട നായികയാവാം താനെന്ന് അവള്‍ അക്സപ്റ്റ് ചെയ്യാന്‍ പോലും തുടങ്ങി.

പിന്നില്‍ ഒളിച്ചുപിടിച്ച കത്തികളുമായി അഭയനും ആല്‍ബിയും ഒരുമിച്ച് എത്തിയപ്പോള്‍ ഒരു കൊലപാതകത്തിന്റെ തല്സമയദൃശ്യം കാണേണ്ടിവരുമെന്നു സീമ കരുതിയതേയില്ല. ഇവരില്‍ ആരാണ് മരിച്ചത് എന്നോ, ഇനി രണ്ടു പേരും ജീവനുള്ളവര്‍ തന്നെയാണോ എന്നോ, ഇനി മുതല്‍ ജീവനുള്ളവരെ കൂടി കാണേണ്ടിവരുമോ എന്നോ, അവര്‍ തന്നെ ആക്രമിക്കുമോ എന്നോ ആയ പലതരം ആധികളില്‍ വീണുപോയ അവള്‍ ആ ഒരു സാധ്യത മാത്രം ആലോചിച്ചുകാണില്ല.
ആല്‍ബിയുടെ ഉള്ളംകയ്യില്‍ തന്റെ ഉള്ളംകൈ ചേര്‍ത്തുവെച്ച്, സീമയെ തീരെ അവഗണിച്ച്, അഭയന്‍ വളരെ സ്നേഹത്തോടെ ചോദിച്ചു.
“നിനക്ക് അറിയാമോ! നിന്റെ അച്ഛനെ കൊന്നത് എന്റെ അച്ഛനാണ്”
“എന്തിന്” സീമയാണോ ആല്‍ബിയാണോ ചോദിച്ചത് എന്ന് അവള്‍ക്ക് തന്നെ മനസിലായില്ല.
പൊടുന്നനെ അവളുടെ ഹൃദയവേഗം പിന്നെയും കൂട്ടിക്കൊണ്ട് ബാക്ക്ഗ്രൌണ്ടില്‍ ഒരു ഫ്ലാഷ്ബാക്ക് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. താന്‍ ഒരു തിയേറ്ററിലാണോ ഇരിക്കുന്നത് എന്ന് സംശയം തോന്നിയെങ്കിലും അതുറപ്പിക്കാന്‍ വഴിയൊന്നുമില്ലാത്തത് കൊണ്ട് അവള്‍ വീര്‍പ്പടക്കി അത് കണ്ടുനിന്നു.
ആരുടെയോ ശവമടക്ക് കഴിഞ്ഞു മടങ്ങുന്ന രണ്ടു മനുഷ്യര്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സ്ക്രീനില്‍ സംസാരിക്കുകയാണ്.
“ആരോ കൊന്നതാണ്” ഒന്നാമന്‍.
രണ്ടാമന്‍ നിശബ്ദം,
“നീയെന്താണ് ആലോചിക്കുന്നത്” വീണ്ടും ഒന്നാമന്‍
“കൊല്ലുമ്പോള്‍ എന്ത് തോന്നുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. നീയോ?
“മരിക്കുമ്പോള്‍ എന്ത് തോന്നുമെന്ന്”
രണ്ടു പേരുടെ മുഖങ്ങള്‍ രണ്ടു ഭാവങ്ങളിലേക്ക് വഴിതിരിയുന്നത് നോക്കാന്‍ മെനക്കെടാതെ സീമ അഭയനെയും ആല്‍ബിയെയും നോക്കി. സ്ക്രീനില്‍ നോക്കുന്നത് അവരും നിര്‍ത്തിയിരുന്നു. കൌശലം കലര്‍ന്ന ഒരു ചിരിയോടെ അഭയന്‍ ആല്‍ബിയോട് ചോദിച്ചു
“നീ എന്താണ് ആലോചിക്കുന്നത്”
“കൊല്ലുമ്പോള്‍ എന്ത് തോന്നും എന്ന്. നീയോ?”
“കൊല്ലുമ്പോള്‍ എന്ത് തോന്നുമെന്ന് തന്നെ”
ഒളിച്ചുവെച്ച ആയുധം പോലെ രണ്ടുപേരും ചിരിക്കുന്നതോ, ഒരേ ഭാവതിലേക്ക് അവര്‍ ഒരുമിച്ച് പുറപ്പെടുന്നതോ കാണുന്നതിനു മുന്‍പ്, അതുവരെയില്ലാത്ത പോലെ സീമ അലറിക്കരഞ്ഞു. ശേഷം തലയണയുടെ കീഴെ അവള്‍ ഒരിക്കലും കരുതിയിട്ടില്ലാത്ത ഒരായുധത്തിനു വേണ്ടി ആധിയോടെ തിരഞ്ഞു.

സീമയുടെ അലര്‍ച്ചയില്‍ ഭയന്ന്പോയ അല്‍ബിയും അഭയനും പിന്നെ ഒരിക്കലും തിരികെ വന്നില്ലെങ്കിലും പുഴുവരിച്ച, ചോരയൊലിക്കുന്ന, വീര്‍ത്ത ശവങ്ങള്‍ അവളെ തിരഞ്ഞു വരികയും ഒരു വാക്ക് മിണ്ടാന്‍ പോലും നില്‍ക്കാതെ പതുക്കെ ഇറങ്ങിപ്പോവുകയും ചെയ്തു.
വിരസമായ ഒരു ഞായറാഴ്ച്ചയുടെ ആലസ്യത്തിലേക്ക് കാലുകള്‍ നീട്ടിവെച്ചിരിക്കുമ്പോള്‍ അവള്‍ക്ക് ഒന്നിനുമല്ലാതെ, ഒരു ഉദ്ദേശവും ഇല്ലാതെ ഭൂമി പിളര്‍ന്ന് അകത്തേക്ക് പോകാന്‍ തോന്നി.
“അല്ല, അതെങ്ങനെയാവും?”
സ്വപ്നത്തിലേക്ക് അവള്‍ ആദ്യമായി ഏതോ പുരാണത്തിലെ നായികയെ ധ്യാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook