മാന്‍ ബുക്കര്‍ ലോങ് ലിസ്റ്റില്‍ ആദ്യമായി ഒരു ഗ്രാഫിക് നോവല്‍ ഇടം കണ്ടെത്തിയ വര്‍ഷമാണിത്. നിക്ക് ഡെര്‍നാസോയുടെ ‘സബ്രീന’ ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹമായതിന് പല കാരണങ്ങളുണ്ട്.

ഗ്രാഫിക് നോവലുകളില്‍ പ്രധാനകഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥകളും സമ്മര്‍ദ്ദങ്ങളും പ്രതികരണങ്ങളും ഒക്കെ പുറമേ നിന്ന് നിറങ്ങളിലൂടെയോ രേഖാചിത്രങ്ങളിലൂടെയോ മുഖഭാവങ്ങളിലൂടെ യോ സംഭാഷണ/ചിന്താ-ശകലങ്ങളിലൂടെയോ സമര്‍ത്ഥമായി പ്രകടിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കഥാപാത്രങ്ങളെ ദ്വിമാന രൂപങ്ങളോ രൂപകങ്ങളോ മാത്രമായി ഒതുക്കുന്ന പല ഗ്രാഫിക് നോവലുകളും കുട്ടികളെയോ കൗമാരക്കാരെയോ മാത്രം ആകര്‍ഷിച്ചേക്കാവുന്ന കോമിക്സ്ട്രിപ്പുകളായി മാറുന്നു എന്ന പരാതി പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ഇതുകൂടാതെ മറ്റു പല അവിഭാജ്യ ഘടകങ്ങളും ലക്ഷണമൊത്ത സാഹിത്യകൃതികള്‍ക്ക് ഉണ്ടാകണമെന്ന് അക്കമിട്ട് പറയുന്ന പിടിവാശിക്കാരായ നിരൂപകരെയും ആസ്വാദകരെ യും തൃപ്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സബ്രീനയിലുണ്ട്.

മാന്‍ ബുക്കര്‍ ജഡ്ജുമാരുടെ തിരഞ്ഞെടുപ്പ് മുതല്‍ഈ വര്‍ഷത്തെ ലോങ്ങ്‌ലിസ്റ്റില്‍ ഉണ്ടായേക്കാവുന്ന വൈവിധ്യം പ്രകടമായിരുന്നു. ജഡ്ജിങ് പാനലുകളില്‍ എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന അറിയപ്പെടുന്ന എഴുത്തുകാര്‍, സാഹിത്യവിമര്‍ശകര്‍, സൈദ്ധാന്തികര്‍, ന്യൂനപക്ഷപ്രതിനിധികള്‍ എന്നിവര്‍ക്കപ്പുറം പരമ്പരാഗത സാഹിത്യത്തിന് പുറത്തെന്ന് പലപ്പോഴും കരുതപ്പെട്ടിരുന്ന സാഹിത്യവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരും ഇത്തവണ ഉണ്ടായിരുന്നു. വാല്‍ മക്ഡെര്‍മിഡ് എന്ന സ്കോട്ടിഷ് കുറ്റാന്വേഷണ സാഹിത്യകാരിയും ലിയാന്‍ ഷാപ്ട്ടന്‍ എന്ന കനേഡിയന്‍ ഗ്രാഫിക് നോവലിസ്റ്റും പാനലില്‍ ഉണ്ടായത് ഒരുവിധത്തില്‍ സബ്രീനയുടെയും ‘സ്നാപ്’ എന്ന ക്രൈം നോവലിന്‍റെയും ഉള്‍പ്പെടുത്തലിലേയ്ക്കുള്ള വഴി തന്നെയായിരുന്നു. വെല്‍ഷ് എഴുത്തുകാ രിയായ ബെലിന്‍ഡ ബവറാണ് സ്നാപ്പിന്‍റെ രചയിതാവ്. അടുത്തയിടെ സ്നാപ്പിന്‍റെ ഉള്‍പ്പെടുത്തലിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ ബവര്‍ ശക്തമായി പ്രതികരിച്ചിരുന്നു.

ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയായ ഡെര്‍നാസോയുടെ അതിസൂക്ഷ്മമായ നിരീക്ഷണങ്ങളാണ് സബ്രീനയുടെ വലിയ പ്രത്യേകത. സദാ പത്രവാര്‍ത്തകളിലേയ്ക്കും, ഓഡിയോ-വിഷ്വല്‍, ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയകളിലേയ്ക്കും, ഒപ്പം ചുറ്റും നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളിലേയ്ക്കും തുറന്നുവെച്ചിരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ തീക്ഷ്ണദൃഷ്ടികള്‍ക്ക് ഒപ്പിയെടുക്കാനും വിശകലനത്തിനും ലഭിക്കുന്നത് ദൈനംദിന ജീവിതസന്ദര്‍ഭങ്ങളുടെ മിടിക്കുന്ന ഛേദങ്ങളാണ്. ട്രംപ് ഭരണകൂടത്തിന്‍റെ കീഴിലെ അമേരിക്കന്‍ യാഥാര്‍ത്ഥ്യമായി മാറുന്ന ഭീതിയും മ്ലാനതയും ഇച്ഛാഭംഗവും മനോവിഭ്രാന്തിയും രേഖപ്പെടുത്താന്‍ ഒരുപക്ഷെ പരമ്പരാഗത സാഹിത്യാഖ്യാനങ്ങളുടെ അതേ അളവില്‍ ഈ നോവലിനുമാകുന്നു. കാര്‍ട്ടൂണുകളുടെ മുഖലക്ഷണമായ മിതത്വം സമര്‍ത്ഥമായും മികവോടെയും ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഓരോ പേജിലൂടെയും ലഭിക്കുന്ന പുതിയ അറിവുകളിലൂടെ വായനക്കാര്‍ക്ക് അതിവേഗം കഥാകൃത്തിനൊപ്പം സഞ്ചരിക്കാനാവും.

nick drnaso ,comics,graphic novel,sabrina,jose varghese,beverly novel

നിക്ക് നിക്ക് ഡെര്‍നാസോയുടെ ബെവർലി എന്ന ഗ്രാഫിക്  ചെറുകഥാ സമാഹാരത്തിൽ  നിന്ന്

ഡെര്‍നാസോ ഇതിനു മുന്‍പ് ‘ബെവര്‍ലി’ (2016) എന്നൊരു ഗ്രാഫിക് ചെറുകഥാ സമാഹാരവും രചിച്ചിട്ടുണ്ട്. പരസ്പരബന്ധിതമായ ഈ കഥകളുടെയും ലോകം അനിശ്ചിതവും ഇരുളടഞ്ഞതും ഭീതിദവുമാണ്. ഡെര്‍നാസോയുടെ മുന്‍ഗാമിയായി ചൂണ്ടിക്കാണിക്കപെടുന്നത് അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ ക്രിസ് വെയറാണ്‌. ഇവരുടെ ശൈലിയില്‍ ചില സാമ്യങ്ങളുണ്ട്. അടഞ്ഞ നിറങ്ങളും, വരകളില്‍ പൊതുവേയുള്ള സ്പഷ്ടതയും മിതത്വവുമാണ് അതില്‍ പ്രധാനം. ഡെര്‍നാസോയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് മുഖഭാവങ്ങളിലൂടെയല്ല എന്ന് പറയാം. വെറും കുത്തുകളും വരകളുമാണ് കണ്ണുകളും മൂക്കും വായയുമൊക്കെ. അതെ സമയം അവരുടെ ശരീരഭാഷയും പശ്ചാത്തലദൃശ്യങ്ങളും സംവേദനത്തിന്‍റെ അപൂര്‍വ്വമായ സര്‍ഗാത്മക മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നുണ്ട്‌. എന്നാല്‍ ഇതിലൊക്കെ പ്രധാനം കഥാസന്ദര്‍ഭങ്ങള്‍ വളരെ പതിയെ, എന്നാല്‍ ശക്തമായി, വായനക്കാരിലേയ്ക്ക് പടിപടിയായി എത്തിക്കാന്‍ അദ്ദേഹത്തിനാവുന്നു എന്നതാണ്.

‘സബ്രീന’യിലെ സംഭവങ്ങള്‍ ഷിക്കാഗോയിലും കൊളറാഡോയിലുമായാ ണ് അരങ്ങേറുന്നത്. സബ്രീന, സാന്ദ്ര എന്നീ സഹോദരിമാരുടെ ബന്ധം കാട്ടിത്തരുന്ന ചുരുക്കം ചില പേജുകളാണ് ഇതിന്‍റെ തുടക്കം. ഷിക്കാഗോയില്‍ നടക്കുന്ന ഈ ഭാഗം നമുക്ക് കാട്ടിത്തരുന്നത് വീട്ടിനുള്ളില്‍ ഒരു പൂച്ചയുമായി ഒതുങ്ങിക്കൂടുന്ന, ബോയ്ഫ്രണ്ടിനെ കുറിച്ച് വസ്തുനിഷ്ഠമായി മാത്രം സംസാരിക്കുന്ന, സഹോദരിയുടെ വര്‍ത്തമാനങ്ങള്‍ക്ക്‌ കൗതുകത്തോടെ കാതോര്‍ക്കുന്ന, അത്യാവശ്യം ലോകവിവരമുള്ള സബ്രീന എന്ന സ്ത്രീയെയാണ്. സാന്ദ്രയുടെ ജീവിതത്തില്‍ പണ്ട് നടന്ന ഒരു അസുഖകരമായ അനുഭവം അവള്‍ ആദ്യമായി സബ്രീനയോടു തുറന്നുപറയുന്നു. ഏകരായി സഞ്ചരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലോകത്തില്‍ എന്തൊക്കെ ഭയപ്പെടാനുണ്ട് എന്ന തിരിച്ചറിവാണ് അന്ന് ഒരു പത്തൊന്‍പതുകാരിയായിരുന്ന സാന്ദ്രയ്ക്ക് ആ അനുഭവം നല്‍കിയത്. ഒരു പക്ഷേ, ഇതാണ് കഥയുടെ പ്രമേയപരമായ തുടക്കം. സബ്രീനയുമായി ഒരുമിച്ച് ഒരു ബൈസിക്കിള്‍ വെക്കേഷന്‍ പദ്ധതിയിട്ട് പിരിയുമ്പോള്‍ സാന്ദ്ര മനസ്സിലാക്കുന്നില്ല താന്‍ ഇനിയൊരിക്കലും അവളെ കാണില്ല എന്ന്. പിന്നീട് നമ്മള്‍ കേള്‍ക്കുന്നത് സബ്രീനയുടെ തിരോധാനത്തെ പറ്റിയാണ്. അതിന് ശേഷം അതിക്രൂരമായ കൊലപാതകത്തിന് അവള്‍ ഇരയാവുന്നു എന്ന് കണ്ടെത്തപ്പെടുന്നു.

nick drnaso ,comics,graphic novel,sabrina,jose varghese

നിക്ക് ഡെര്‍നാസോയുടെ  സബ്രീന എന്ന ഗ്രാഫിക് നോവലിൽ നിന്ന്

ഈ ആമുഖവും പിന്നെ അടുത്ത ഭാഗത്തിലെ സ്ഥലത്തിലേയ്ക്കും സമയത്തിലേയ്ക്കുമുള്ള വ്യതിയാനവും നമ്മെ ഓര്‍മിപ്പിക്കുന്നത്‌ നോവലുകളെക്കാളും ക്രൈം ത്രില്ലര്‍ സിനിമകളെയാവും. പക്ഷെ ‘സബ്രീന’ ക്രൈം ത്രില്ലര്‍ അല്ല എന്ന തിരിച്ചറിവ് കുറെ പേജുകള്‍ വായിച്ച ശേഷമാവും വായനക്കാര്‍ക്കുണ്ടാവുക.

കൊളറാഡോയില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് പിന്നീട് നമ്മള്‍ സബ്രീനയെപ്പറ്റി അറിയുന്നത്. എത്രമാത്രം അറിയുന്നു, എത്രമാത്രം അറിയുന്നില്ല എന്നതാണ് ഈ നോവലിന്‍റെ നിഗൂഢതലം. കാല്‍വിന്‍ എന്ന എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ ടെഡി എന്ന ഒരു പഴയ സുഹൃത്ത്‌ താമസത്തിനെത്തുന്നു. ഒരുമിച്ചു പഠിച്ചവരാണ് ഇവരെങ്കിലും രൂപത്തിലും ശരീരഭാഷയിലും ഇവര്‍ തമ്മില്‍ വലിയ പ്രായവ്യത്യാസം തോന്നും. കാല്‍വിന്‍ മുതിര്‍ന്ന് പക്വതയുള്ള ഒരു വ്യക്തിയായും ടെഡി പ്രായപൂര്‍ത്തിയാവാത്ത ഒരു സ്കൂള്‍കുട്ടിയെപ്പോലെയുമാണ് ഡെര്‍നാസോയുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത പലതും കഥാപാത്രസൃഷ്ടിയില്‍ ഉപയോഗിക്കാന്‍ ഡെര്‍നാസോയ്ക്ക് സാധിക്കുന്നത് ഈ ചിത്രങ്ങളിലൂടെയാണ്.

സബ്രീനയുടെ ആണ്‍സുഹൃത്തായിരുന്നു ടെഡി. ഭാര്യയുമായി താല്‍ക്കാലികമായി അകന്നു കഴിയുന്ന കാല്‍വിന്‍ വിഷാദത്തിനും നിഷ്‌ക്രിയത്വത്തിനും അടിപ്പെട്ട ടെഡിക്ക് അഭയം നല്‍കുകയാണ്. കാല്‍വിന്‍റെ മകള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ കളിപ്പാട്ടങ്ങളൊക്കെ പെട്ടെന്നൊതുക്കി ടെഡിക്ക് കിടക്കാന്‍ ഒരു സ്ഥലം നല്‍കുന്നു. അവനാകട്ടെ ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും കയ്യിലില്ല. ദിവസം മുഴുവന്‍ വെറുതെ കിടന്നും ഭക്ഷണം പോലും ശരിക്ക് കഴിക്കാതെയും അവന്‍ അവിടെ കഴിച്ചു കൂട്ടുന്ന ദിവസങ്ങളില്‍ കാല്‍വിന്‍റെ സ്വകാര്യ ജീവിതത്തിലും ജോലിയിലും ഒക്കെ പല പ്രശ്നങ്ങളും തലപൊക്കുന്നു. ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന സബ്രീനയുടെ കൊലപാതക വീഡിയോയും കുറ്റവാളിയെ പറ്റിയുള്ള അഭ്യൂഹങ്ങളും അവളോട് അടുപ്പമുണ്ടായിരുന്ന എല്ലാവരെയും പ്രതിക്കൂട്ടിലാക്കുന്ന ഓണ്‍ലൈന്‍ കോണ്‍സ്പിറസി തിയറികളും ഒക്കെ കാല്‍വിന്‍റെ ജീവിതത്തെയും ബാധിക്കുന്നു. ഇതിനിടയിലൂടെ, സംഭാഷണത്തിനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെടുമ്പോഴും, കാല്‍വിന്‍ ടെഡിയെ സംരക്ഷിക്കുമോ എന്ന് നമുക്ക് ആശങ്ക തോന്നും. വായനയിലൂടെ മാത്രം കണ്ടെത്തേണ്ട വിഷയമാണിത്. ഒരര്‍ത്ഥത്തില്‍ കഥയുടെ അസാധാരണമായ പരിസമാപ്തിയും അതിനെ ആശ്രയിച്ചിരിക്കുന്നു. കഥാപാത്രങ്ങള്‍ സ്വയം കണ്ടെത്തലുകളിലൂടെ വികസിക്കുകയും ജീവിതത്തെ നേരിടുകയും ചെയ്യുമ്പോഴും പല ചോദ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടും അതോടൊപ്പം ചില വിഷമങ്ങളും വിങ്ങലുകളും ബാക്കിയാക്കിയുമാണ് ‘സബ്രീന’ അവസാനിക്കുന്നത്. ഒരു സന്ദര്‍ഭത്തില്‍ തുടങ്ങി മറ്റൊന്നില്‍ അവസാനിക്കുന്ന നോവലല്ല ഇത്. മറിച്ച് പല സന്ദര്‍ഭങ്ങളിലൂടെയുള്ള വര്‍ത്തുളമായ യാത്രയാണ്.

‘സബ്രീന’യിലെ ഒരു പ്രധാന ഘടകം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളുടെ അധികാരവ്യവസ്ഥയാണ്. അമേരിക്കന്‍ സമൂഹത്തില്‍ മാത്രമല്ല ലോകമെമ്പാടും വലിയ തോതില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന തരത്തിലുള്ള പല രാഷ്ട്രീയ/സാംസ്കാരിക ഇടപെടലുകളേയും ഇതോര്‍മ്മിപ്പിക്കും. വ്യക്തികളോ സംഘടനകളോ രാജ്യങ്ങളോ തന്നെ നടത്തുന്ന അതിക്രൂരമായ കുറ്റകൃത്യങ്ങളെയും അതിക്രമങ്ങളെയും അന്യായങ്ങളെ യുമൊക്കെ ദുര്‍വ്യാഖ്യാനങ്ങളിലൂടെ സാമാന്യവല്‍ക്കരിച്ച് അവരെ കുറ്റവിമുക്തരാക്കുകയും നിരപരാധികളെ വീണ്ടും ക്രൂശിക്കുന്ന തലത്തിലേയ്ക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന പ്രവണത തുറന്നു കാട്ടാന്‍ ശക്തമായ ഈ കഥാസന്ദര്‍ഭം ഉപയോഗിച്ചിരിക്കുന്നു ഡെര്‍നാസോ.nick drnaso ,comics,graphic novel,sabrina,jose varghese

സബ്രീനയുടെ തിരോധാനത്തിനും കൊലപാതകത്തിനും ശേഷം കുറേ അപരിചിതരില്‍ നിന്ന് തനിക്കു ലഭിച്ച എഴുത്തുകള്‍ ഒരു കഫേയിലെ കുറച്ചു കേള്‍വിക്കാരുടെ മുന്നില്‍ വായിക്കുന്നുണ്ട് സാന്ദ്ര. ഈ എഴുത്തുകളിലെ സഹതാപപ്രകടനങ്ങളും സഹായ വാഗ്ദാനങ്ങളും പെട്ടെന്ന് അടിസ്ഥാനരഹിതമായ സംശയങ്ങള്‍ക്കും വെറുപ്പിനും വഴിമാറുന്നത്‌ നമ്മെ അസ്വസ്ഥരാക്കും. വാര്‍ത്താമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ഫോറങ്ങളിലൂടെയും മനുഷ്യര്‍ നിര്‍മ്മിക്കുന്ന സമാന്തര സത്യങ്ങള്‍ക്ക് ഇത്രയും ശക്തിയുണ്ടെന്ന് പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. സാന്ദ്ര വായിക്കുന്ന എഴുത്തുകളില്‍ ഒന്ന് എഴുതിയ ആള്‍ താന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണെന്നും സാന്ദ്രയുടെ ദുഃഖം അത്യാകര്‍ഷകമായി തനിക്ക് തോന്നുന്നു എന്നും താന്‍ചെയ്തു കൊണ്ടിരിക്കുന്ന ഒരു സീരീസിന് വേണ്ടി അടുത്തയാഴ്ച ഒരു ഷൂട്ടിങ്ങിനായി കാണാന്‍ സാധിക്കുമോ എന്നും ചോദിക്കുന്നു. ഇത്തരം ചിന്താശൂന്യമായ അതിലംഘനങ്ങള്‍ എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നത് എന്ന് തിരിച്ചറിയാന്‍ നമുക്കും അധികം കാത്തിരിക്കേണ്ടി വരില്ല.

പല സമയത്തും കഥാപാത്രങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും അനാവശ്യമായി അവരില്‍ കുറ്റങ്ങള്‍കണ്ടെത്തുകയും ഒക്കെ ചെയ്തുപോവും വായനക്കാര്‍. കുറ്റാന്വേഷണ ത്വരയല്ല, വെറും കാഴ്ചകളിലൂടെയും കേള്‍വികളിലൂടെയും സ്വാധീനിക്കപ്പെടുക എന്നത് ശീലമാക്കിയതും ചിന്താരാഹിത്യവും മുന്‍വിധികളും നമ്മെ ഭരിക്കാന്‍ വിടുന്നതുമാണ്‌ നമ്മെ വിഡ്ഢികളാക്കുന്നതെന്ന കുറ്റബോധം വായനക്കാരില്‍ നിറയ്ക്കാനും ഡെര്‍നാസോയ്ക്ക് സാധിക്കുന്നുണ്ട്. ഇവിടെയാണ്‌ ‘സബ്രീന’യിലെ ഗ്രാഫിക്സ് ശക്തമായ സാന്നിധ്യമാകുന്നത്‌. അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും വായനക്കാരിലെത്തിക്കാന്‍ ദുഷ്ക്കരമായ പലതും കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കാന്‍ വെറും വരകള്‍മാത്രമല്ലാത്ത, അര്‍ത്ഥഗര്‍ഭമായ ചിത്രങ്ങള്‍ക്കാവുന്നു. അതോടൊപ്പം എത്രത്തോളം ഈ ചിത്രങ്ങള്‍ വായനക്കാരില്‍ ‘കാഴ്ചകള്‍’ എത്തിക്കണം, എത്രത്തോളം അവരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കണം എന്നതിലും ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങളെടുക്കാന്‍ ഡെര്‍നാസോയ്ക്ക് സാധിച്ചിട്ടുണ്ട്.

ആഖ്യാനത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മറ്റു പല പുസ്തകങ്ങളുമുണ്ട് ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ ലോങ്ങ്‌ലിസ്റ്റില്‍. സെപ്റ്റംബര്‍ 20 ന് പ്രഖ്യാപിക്കുന്ന ഷോര്‍ട്ട് ലിസ്റ്റില്‍ എത്താനോ സമ്മാനം നേടാനോ ആയാലും ഇല്ലെങ്കിലും ‘സബ്രീന’ ഇപ്പോള്‍ തന്നെ ചരിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു എന്നതാണ് സത്യം.

Read More: ജോസ് വർഗീസിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook