‘മേഘങ്ങളിൽ തൊട്ടുനിൽക്കുന്ന ഒണ്ടൻ പുളിമരത്തിന്‍റെ ഇലപ്പടർപ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി’എന്ന വാചകത്തലൂടെയാണ് കെ.എൻ.പ്രശാന്തിൻറെ കഥാസമാഹാരം തുടങ്ങുന്നത്. തെളിഞ്ഞു നിൽക്കുന്ന വെളിച്ചത്തിൽ അത് നാട്ടിലെ കഥകളും പേറിനടക്കുന്ന മനുഷ്യരെ നോക്കുകയാണ്. ‘വെളിച്ചത്തിന്‍റെ അവസാനത്തെ തുള്ളിയും അണച്ച് ഇരുട്ട് അതിനെ മൂടി’ എന്ന വാചകമാണ് സമാഹാരത്തിൻറെ അവസാനം നമ്മൾ കാണുക. ഈ രണ്ട് വാക്യങ്ങളുടെയും ഇടയ്ക്കുള്ള ദൂരം വളരെ അകലമുള്ളതാണെന്ന നമ്മുടെ ധാരണ തിരുത്തുന്നതാണ് പ്രശാന്തിൻറെ കഥകൾ. അല്ലെങ്കിൽ ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിൻറെ ഭൂപ്രകൃതി പോലെ ഇരുളും വെളിച്ചവും ഇടകലർന്നതാണ്. അതുകൊണ്ട് തന്നെ ഭിന്നിച്ചു നിൽക്കുന്ന സംഭവങ്ങളായല്ല ഒരു വായനക്കാരന് ഇതിലെ സംഭവങ്ങൾ വായിക്കാനാവുക.

മൂന്നാല് ലഘുസിനിമകൾ ഒരു വലിയ സിനിമയുടെ കഥകൾക്കിടയിൽ ഒരു നേർത്തനൂൽ നമ്മൾ കണ്ടു പിടിക്കാൻ ശ്രമിക്കാറുണ്ട്. അതു പോലെ പ്രശാന്തിൻറെ ഓരോ കഥയും ഓരോ അർത്ഥമുണ്ടാക്കുന്നതു പോലെ മൊത്തം സമാഹാരവും വായനക്കാരനോട് ഒന്നായ് സംവദിക്കുന്നുണ്ട്. പ്രശാന്തിൻറെ മിക്കവാറും കഥാപാത്രങ്ങൾ ഒരു യാത്രക്കിടയിലാണ്. അതിരു കടക്കാനും വേറൊരു ഭാഷയും പ്രകൃതിയും ജീവിതവുമുള്ളിടത്തേക്ക് രക്ഷപ്പെടാനും അവർ ആഗ്രഹിക്കുന്നു. കരിങ്കുരങ്ങിനു പോലും ബർമ്മയോളം നീണ്ട ചരിത്രമുള്ളതാണ്.

പ്രശാന്തിൻറെ കഥാഗ്രാമത്തിന് തൊട്ടപ്പുറത്തായി കന്നട പറയുന്ന നാടുണ്ട്. രണ്ടോ അതിലധികമോ ഭാഷകൾ ഒത്തുചേരുന്നിടത്താണ് മഹത്തായ എഴുത്തുണ്ടാകുന്നതെന്ന് ജയമോഹൻ പറഞ്ഞതോർക്കുന്നു. മനുഷ്യവംശം ഉണ്ടായ കാലം മുതൽ യാത്രയിലാണ്. പരാജയബോധമാണ് അല്ലെങ്കിൽ കുറ്റബോധമാണ് യാത്രകളുടെ പിന്നിലുള്ള അബോധപ്രേരണ എന്നു പറയാറുണ്ട്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്താറുള്ള തെക്കുവടക്ക് യാത്രകൾ ഓർമ്മിക്കാം. ‘എല്ലാരും എങ്ങോട്ടെങ്കിലും പോകേണ്ടോരാണ്’ എന്ന് ‘കോട’ എന്ന കഥയിലെ ബിന്ദു പറയുന്നുണ്ട്. മലയാളത്തിലെ മികച്ച രാഷ്ട്രീയ കഥകളിലോന്നായി അതുമാറുന്നത് അതുകൊണ്ടുകൂടിയാണ്.

‘കോട’യിൽ ഇരയും വേട്ടക്കാരനുമൊക്കെ പരസ്പരം മാറിപ്പോകുന്നുണ്ട്. അവരെല്ലാവരും രക്ഷപ്പെടാനും പിടികൂടാനുമുള്ള യാത്രകളിലാണുതാനും. തൻറെ ജീവിത പരിസരത്തിലെ രാഷ്ട്രീയം പ്രശാന്ത് സമർത്ഥമായി ഇതിൽ ഒളിച്ചു കടത്തുന്നു. കഥയെഴുത്തുകാരൻ കണ്ണുമൂടി ഒളച്ചുകടത്തുന്ന വിമർശനം ശരിയായി മനസിലാക്കാനുള്ള വിവേകബുദ്ധി നമ്മുടെ രാഷ്ട്രീയ കോമരങ്ങൾക്കില്ല. ഭാഗ്യം അതു കൊണ്ട് അന്നാട്ടിൽ എഴുത്തുകാരനു ജീവിച്ചുപോകാം.aaran ,book, k n prasanth,dc books, iemalayalam

പുതിയ കാലത്തെ ജാതി ജീവിതത്തെ നേരിടുന്ന കഥകൾ അപൂർവ്വമായേ മലയാളത്തിലുണ്ടാകുന്നുള്ളൂ. ജാതി നമ്മുടെ മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ഒന്നാണെന്ന് നവോത്ഥാന കേരളം സമ്മതിച്ചുതരില്ല. അത് ഭൂതകാലത്തിൽ പരിഹരിക്കപ്പെട്ടു പോയതാണെന്ന് നമ്മൾ വിശ്വസിക്കുന്നു. അതുമല്ലെങ്കിൽ ജാതിയെ ഒളിപ്പിക്കാനുള്ള സ്ഥലമായി നമ്മുടെ പുരോഗമന മുഖങ്ങൾ മാറുന്നു. ഏതു കാലത്തേയും അപൂർവ്വം മലയാള കഥകളിലേ കഥാപാത്രത്തിനു ജാതിയുള്ളൂ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഓരോ മലയാളിയും ജാതി നന്നായി വെളുപ്പിച്ചെടുക്കുന്നുമുണ്ട്. ‘ഗുണം വരണം,’ ‘തൊണ്ടച്ചൻ’ എന്നീ കഥകളിലൂടെയാണ് പ്രശാന്ത് ഇക്കാര്യത്തിൽ വ്യത്യസ്തനാകുന്നത്. സി.അയ്യപ്പനെപ്പോലെ ആഴത്തിലാഴത്തിൽ ഈ കഥകൾ, ജാതിയില്ലെന്നു നടിക്കുന്ന കാലത്തെ ജാതിയെകുറച്ചു സംസാരിക്കുന്നു.

‘ഗുണം വരണം’ ഇക്കാര്യത്തിൽ വളരെ അപൂർവ്വത ഉണ്ടാക്കുന്നു. രഹസ്യത്തിലും പരസ്യത്തിലും പറയുന്ന സംവരണ വിരുദ്ധതയും ജാതിക്കുശുമ്പും പച്ചയ്ക്കു പറയുന്ന വേറൊരു കഥയും മലയാളത്തിലില്ല. ചെവികളിൽ നിന്നും ചെവികളിലേക്ക് കൈമാറുന്ന ജാതിയെക്കുറിച്ച് ഉച്ചത്തിൽ വിളിച്ചു പറയുന്ന എഴുത്തുകാരൻറെ മുന്നിൽ പുരോഗമന മലയാളി ചൂളിപ്പോകുന്നു. ‘തൊണ്ടച്ചൻ’ ജാതി വേട്ടയുടെ കഥയാണ്. മധുവിൻറെ കൊലപാതകത്തിനു മുൻപായിരുന്നെങ്കിൽ നമ്മളതിൽ അതിശയോക്തി വിചാരിച്ചേനെ. ഈ രണ്ടു കഥകളിലും പൊതുവായ കാര്യം പേഗൻ വിശ്വാസങ്ങളെ കഥ പറച്ചിലിനോടു ലയിപ്പിക്കുന്നതാണ്. ഒന്നിൽ അധസ്ഥിതൻറെ വീടിന് കാവൽ നിൽക്കുന്നത് നാട്ടുദേവതയാണ്. മറ്റേതിൽ തൊണ്ടച്ചൻറെ അദൃശ്യസാന്നിദ്ധ്യമുണ്ട്. ഇത് ഉത്പതിഷ്ണു കാപട്യങ്ങളോടുള്ള പരിഹാസം കൂടിയാണ്. ജാതി പരിഹരിക്കേണ്ടത് സവർണ്ണീകരണത്തിലൂടെയാണെന്ന വാദത്തിൻറെ പുറത്തു നില്ക്കുന്നു ഈ കഥകൾ.k n prasanth , book, aaran, dc books, iemalayalam

കുറച്ചു വർഷങ്ങൾക്കിടെ പുതിയ എഴുത്തുകാർ ചെറുതല്ലാത്ത അട്ടിമറി കഥപറച്ചിലിൽ നടത്തിയിട്ടുണ്ട്. സാഹിത്യത്തിലേക്ക് അധികമൊന്നും കടന്നു വരാത്ത സ്ഥലങ്ങളേയും ഭാഷയേയും പ്രമേയങ്ങളെയും അവർ കൂസലില്ലാതെ തെരഞ്ഞെടുക്കുന്നു. വിനോയ് തോമസ് മലബാർ കുടിയേറ്റ ജീവിതത്തേയും ലാസർഷൈൻ ആലപ്പുഴയുടേയും കൊച്ചിയുടേയും വരേണ്യമല്ലാത്ത ജീവിതത്തേയും എഴുതുന്നു. എഴുത്തിലെ പ്രാദേശികത കഥയിലേക്ക് ജീവിതം തിരിച്ചു വരുന്നതിൻറെ ലക്ഷണമാണ്.

ഒരു ആഗോളീകരിക്കപ്പെട്ട ഗ്രാമവാസിയോ ചെറുപട്ടണവാസിയോ മാത്രമായ സാധാരണ മലയാളി ഇത്രനാളും സൈബര്‍ ലോകത്ത് എത്തിയെന്നോ നാഗരികദുഖങ്ങളുള്ളവനെന്നോ അഭിനയിക്കുക മാത്രമായിരുന്നു. വൈവിധ്യം കൊണ്ട് ചെറുപ്പക്കാർ അതിനെ മറികടക്കുന്നു. പ്രശാന്തിൻറെ ‘ഗാളിമുഖ’ ഏത് നാട്ടിൻപുറത്തുമുള്ള കഥകളും മിത്തുകളുമായി മാറുന്ന മരണത്തിൻറെ കഥയാണ്. അതിൽ ഭർത്താവിൻറെതാണെന്ന് സംശയമുള്ള ശവം മറിച്ചിട്ടു നോക്കുന്ന സ്ത്രീയുടെ കൂസലില്ലായ്മയും വരത്തൻമാരോടുള്ള കലിപ്പും മദ്യാസക്തിയും കാമവും മഴയും നാടിൻറെ ഇരുണ്ട പച്ചപ്പിനോട് ചേർന്നു നിൽക്കുന്നു.

‘പ്രണയവാരിധിനടു’വിലും ‘ബന്ദറും’ പ്രണയത്തെ മരണം കീഴടക്കുന്ന തരം കഥകളാണ്. ആദ്യത്തേത് ഉത്തരേന്ത്യൻ നഗരത്തിലാണെങ്കിൽ മറ്റേത് ഉദിനൂരോ ഗാളിമുഖയോ പോലുള്ള സ്ഥലമാണ്. പ്രണയവാരിധി നടുവിൽ നിറഞ്ഞു നിൽക്കുന്ന ജീവിതം കൊണ്ടും ഉള്ളിനെ കീറിമുറിക്കുന്ന ആശങ്കകൾ കൊണ്ടും അടുത്തകാലത്ത് വായിച്ച മികച്ച കഥയാണ്.

നക്സലൈറ്റ് വേട്ടയൊക്കെ പറയുന്ന കഥകൾ ഇനിയുമെഴുതിയാൽ മലയാളി വായനക്കാരൻ തിരിഞ്ഞു നോക്കിയെന്നു വരില്ല. പക്ഷേ ‘കനു സന്യാൽ എന്ന പോലീസുകാരനി’ലൂടെ പ്രശാന്ത് പരിചിതമായ പ്രമേയത്തെ ഒന്നു മാറ്റിപ്പിടിക്കുന്നു. അനീതിയും വേട്ടയും സാത്വിക ഹിന്ദുവിൻറെയും രാജ്യസ്നേഹത്തിൻറെയും വേഷത്തിലാണ് ഇക്കാലത്ത് വരുന്നതെന്ന് ഈ കഥ പറയുന്നു. എങ്കിലും ഈ സമാഹാരത്തിൽ എൻറെ ഭാവുകത്വത്തിനു പിടിക്കാതെ പോയ കഥ അതുതന്നെയാണ്.

തെളിമയും മൗലികതയുമുള്ള കഥ പറച്ചിലാണ് പ്രശാന്തിൻറെ പ്രത്യേകത. പറയാനുള്ളതിനെക്കുറിച്ചുള്ള തെളിഞ്ഞ ധാരണയും പറഞ്ഞാൽ തീർന്നു പോകാത്ത കഥകളും അകത്തേക്ക് നേരെ കേറുന്ന വിവരണ കലയുമാണ് മികച്ച എഴുത്തുകാരൻറെ ലക്ഷണം. അതിൻറെ സൂചനകൾ തരുന്ന മുകച്ച സമാഹാരമാണിത്. കാലം അത് വിളിച്ചു പറയും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കെ എന്‍ പ്രശാന്തിന്റെ പുതിയ പുസ്തകം ‘ആരാന്‍’ന്റെ അവതാരിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook